പൂമുഖം LITERATUREകഥ ആരംഭം

അയാൾ : എന്നാണ് നീ ഏറ്റവുമധികം സന്തോഷത്താൽ അട്ടഹസിച്ചു ചിരിച്ചത്? ചാരനിറത്തിലുള്ള ഷർട്ടിട്ട അയാൾ കണ്ണാടി ശരിയാക്കിക്കൊണ്ട് അവനെത്തന്നെ തുറിച്ചു നോക്കിക്കൊണ്ടാണ് അത് ചോദിച്ചത്.

അവൻ : എൻ്റെ അമ്മ മരിച്ച ദിവസം. ഒരു നൂറ് ഇടവപ്പാതി മഴ ഒരുമിച്ചു നനഞ്ഞ നിറവിൽ ഞാനുറക്കെ ചിരിച്ചു കൊണ്ടേയിരുന്നു. ഇനിയും അവർക്ക് തീവ്രവാദിയുടെ ഭാര്യയായും, അമ്മയായും ജീവിക്കേണ്ടതില്ലല്ലോ. ഒരു പുഴുവിൻ്റെ ജീവിതം പോലും അവൻ്റെ അമ്മയുടേതിനേക്കാൾ ഭേദമായിരിക്കും. മിക്ക പുഴുക്കളും ഒന്നല്ലെങ്കിൽ രണ്ട് ചവിട്ടിന് ചാകും. ഇങ്ങനെ ഇഞ്ചിഞ്ചായി മരിക്കാൻ അമ്മയ്ക്ക് മാത്രമെ സാധിക്കു. പട്ടിണി കിടന്നാണോ, ചിതലരിച്ചാണോ മരിച്ചതെന്ന് അവനിപ്പോഴും കൃത്യമായി അറിയില്ല.

അയാൾ : നീയിങ്ങനെ ഭൂതകാലത്തിൽ ജീവിച്ചാൽ, ഭാവി നിനക്ക് അന്യമായിത്തീരും. അവസാനങ്ങളിൽ വിശ്വസിക്കാതെ ആരംഭങ്ങളിൽ വിശ്വസിക്കാൻ ശ്രമിക്കു. അന്യമാക്കപ്പെട്ടതെല്ലാം നിന്നെത്തേടി ഇനിയും വന്നുകൂടായ്കയില്ലല്ലോ?

അവൻ : പെയിൻ്റുരിഞ്ഞുപോയ, മൂത്രത്തിൻ്റെ മണമുള്ള ഭിത്തികൾ തകരും പോലെ ഉറക്കെ ചിരിച്ചു. തൂക്കുമരം കാത്തു കിടക്കുന്നവന് എന്ത് ഭാവി? ഓരോ നിമിഷവും ഞാൻ ഭൂതകാലത്തിൽ മുങ്ങി ശ്വാസം മുട്ടി മരിക്കാൻ ആഗ്രഹിക്കുന്നു. അമ്മയുണ്ടാക്കിത്തന്ന കഞ്ഞിയിൽ പച്ചമുളകും, തൈരും ചേർത്ത് കഴിച്ച രാത്രികളായിരുന്നു ഏറ്റവും സന്തോഷമുള്ളവ. പലപ്പോഴും അന്യമാകുംവരെ നമ്മുടെ സന്തോഷങ്ങൾ നമ്മൾ തിരിച്ചറിയാതെ പോകുന്നു. നോക്കിനിൽക്കെ ജീവിതം തകർന്ന് പോയവൻ്റെ അവസ്‌ഥ ആർക്കാണ് മനസ്സിലാകുന്നത്? ചാരത്തിനുള്ളിൽ കനലുണ്ടോയെന്ന് ആരും കൈകൊണ്ട് തപ്പി നോക്കാറില്ല. നിങ്ങൾ എന്തിന് എനിക്ക് വേണ്ടി കഷ്ടപ്പെടുന്നു?

അയാൾ : നമ്മൾ ജീവിതത്തിൽ പരാജയപ്പെട്ടു എന്നുറച്ച്‌ വിശ്വസിക്കുമ്പോഴും രക്ഷിക്കപ്പെടില്ല എന്ന് പൂർണ്ണമായും ഉറപ്പ് പറയാൻ സാധിക്കില്ലല്ലോ? പൊളിറ്റിക്കലി കറക്റ്റായ ജീവിതത്തിനു വേണ്ടിയല്ലല്ലോ നമ്മുടെയൊക്കെ ആയുസ്സ്. നമ്മുടെ സിസ്റ്റമാണ് നിന്നെ ഇങ്ങനെയാക്കിയത്. അത് നീ ഇതിനകം മനസ്സിലാക്കി കാണുമല്ലോ? ഇര വേട്ടക്കാരനെ തിരിച്ചറിയാതിരിക്കാൻ വകുപ്പില്ലല്ലോ? സമാന്തര രേഖകൾ ഇല്ലാത്ത ഒന്നാണ് ജീവിതം. അതിങ്ങനെ ആർക്കെങ്കിലും വിധിയെഴുതാനുള്ളതല്ല. തിരിച്ചറിയുന്ന വർഗ്ഗബോധം ആണല്ലോ എല്ലാ വിപ്ലവങ്ങളുടെയും അടിസ്ഥാനം. ഒന്നുമില്ലെങ്കിലും നീയൊരു നിയമ വിദ്യാർത്ഥി ആയിരുന്നില്ലേ? അതുകൊണ്ട് തന്നെ ഇതെല്ലം ഞാനിനി പ്രത്യേകം പറഞ്ഞുതരേണ്ടതായിട്ടുണ്ടോ? മഴത്തുള്ളികൾ കണ്ണിലേക്കടിച്ചു കയറുമ്പോൾ കാഴ്ച മങ്ങുന്നതായി തോന്നാം. അതിനർത്ഥം കാഴ്ച നഷ്ടപ്പെട്ടുവെന്നല്ല. അങ്ങനെ കരുതിയാൽ മതി നീ ഇവിടെ അനുഭവിച്ചത്‌. കൊളോണിയൽ ഭരണത്തിൽ നിന്നും സ്വാതന്ത്ര്യം നേടിയത് വീണ്ടും കൊളോണിയലിസം ഉള്ളിൽ സൂക്ഷിക്കുന്ന ആൾക്കാരുടെ അടിമകളാകാനല്ല. ഏതെങ്കിലുമൊരു ലക്ഷ്യത്തിന് വേണ്ടി പ്രവർത്തിക്കുമ്പോൾ മാത്രമാണ് ഞാൻ ജീവിക്കുന്നു എന്ന തോന്നൽ എന്നിലുണ്ടാകുന്നത്. ഇപ്പോൾ എൻ്റെ മുന്നിലുള്ള ലക്ഷ്യമാണ് നിരപരാധിയായ നിൻ്റെ രക്ഷ. അതാണ് നിൻ്റെ ചോദ്യത്തിന് ഉത്തരം എന്ന് നീ കരുതിക്കൊള്ളു. രണ്ട് ബാറ്ററി മേടിച്ച കുറ്റത്തിന് പേരറിവാളൻ മുപ്പത്തിയൊന്ന് കൊല്ലം അകത്തു കിടന്നു. അയാൾക്ക്‌ വേണ്ടി ഓടി നടക്കാൻ ഒരമ്മയുണ്ടായിരുന്നു. ആരും ഇല്ലാത്ത നിന്നെ തൂക്കിക്കൊന്നിട്ട് യഥാർത്ഥ പ്രതികളെ രക്ഷിക്കാൻ എളുപ്പമാണ്. പക്ഷെ ഞങ്ങളുടെ സംഘടന അതിനൊരിക്കലും സമ്മതിക്കില്ല.

അവൻ ഇതെല്ലാം കേട്ട് മുള്ളാണികൊണ്ട് പോലീസ് അടിച്ച പാടിൽ തടവിക്കൊണ്ട് എന്തോ ഓർത്തുകൊണ്ടിരുന്നു. അവൻ ഒരിക്കലുമിടാത്ത വക്കീൽകോട്ട്‌ അവൻ്റെ തലയ്ക്കു മുകളിലപ്പോഴും വവ്വാലിനെപ്പോലെ ശബ്ദമുണ്ടാക്കിക്കൊണ്ട് പറന്നുകൊണ്ടിരുന്നു. തേനെടുക്കാൻ മരത്തിന്മേൽ കയറിയ അമ്മാവനെ അവന് ഓർമ്മ വന്നു. കടന്നൽ കുത്തേറ്റ് വെട്ടിയിട്ട ചക്ക പോലെ താഴോട്ട് വീഴുമ്പോൾ, ദേഹമാസകലം വീർത്തു ചാകുന്നതിന് മുൻപ് അമ്മാവൻ്റെ മുഖത്ത്‌ ഒരു ചിരിയുണ്ടായിരുന്നു. ഇഷ്ടമുള്ള കാര്യം ചെയ്യാൻ ശ്രമിക്കുന്നതിൻ്റെ ഇടയിലാണല്ലോ വീണു പോയത് എന്നതിൻ്റെ ഒരു സന്തോഷം. ആ ശ്രമം അയാൾക്ക്‌ വല്ലാത്ത ഹരം കൊടുത്തിരുന്നു. ശ്രമം ആണല്ലോ എല്ലാ ജീവിതങ്ങളേയും വേറിട്ടതാക്കുന്നത്. തൂക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ അവനിങ്ങനെയുള്ള ആൾക്കാരുടെ ശ്രമങ്ങളും, ശുഭാപ്തിവിശ്വാസവും ഓർത്തു വല്ലാതെ ചിരി വരുമായിരുന്നു. അവന് ജീവിക്കണമെന്നോ, രക്ഷപ്പെടണമെന്നോ ഒരു തോന്നലുണ്ടായില്ല. ഒരു സമയത്ത് നമ്മൾ ജീവൻ കൊടുക്കാൻ വരെ തയ്യാറാകുന്ന ബന്ധങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകും. പിന്നെ… പിന്നെ… അവർ നമ്മുടെ മുന്നിൽ മരിച്ചു കിടന്നാലും നമുക്ക് ആകെ ഒരു മരവിച്ച അവസ്ഥയെ ഉണ്ടാകു. ശരിക്കും അതാരുടെ പരാജയമാണ്? നമ്മുടെയോ? അവരുടെയോ? അതോ കാലത്തിൻ്റെയോ, അവസ്ഥകളുടെയോ? അത് പോലെ തന്നെ അവൻ സ്വന്തം ജീവിതം പണ്ടേ വെറുത്തു തുടങ്ങിയിരുന്നു.

അവസാനമായി അവൻ അച്ഛനെ കണ്ടത് കോടമഞ്ഞിൻ്റെയിടയിലൂടെ കാട് കയറിപ്പോകുന്നതാണ്. ശക്‌തമായ കാറ്റത്ത് മരങ്ങളുടെ ഇല ചരിഞ്ഞു വീശുന്നുണ്ടായിരുന്നു. ചാറ്റൽമഴ കാറ്റിനൊപ്പം ദിശതെറ്റി അങ്ങുമിങ്ങും തെറിച്ചു വീണുകൊണ്ടിരുന്നു. ആരോ ദാനം കൊടുത്ത വലിപ്പം കൂടിയ ഷർട്ടും പാൻ്റും ആയതിനാൽ കാറ്റത്തു ഷർട്ട് ഊതിവീർത്തു ഒരു ബലൂൺ പോലെ തോന്നിച്ചിരുന്നു. മരിച്ചു കിടക്കുന്ന അച്ഛനെ അവൻ നേരിൽ കണ്ടിട്ടില്ല. ഗ്രാമത്തിലെ വായനശാലയിലെ ടി. വി.യിൽ, കാടിൽ അങ്ങുമിങ്ങുമായി ആറ് മാവോ തീവ്രവാദികളെ സായുധസേന വെടിവെച്ചു കൊന്നുവെന്ന വാർത്ത കണ്ടതായി ചിലർ പറഞ്ഞു. അതിൽ ഒരാളുടെ മുഖച്ഛായ അവൻ്റെ അച്ഛൻ്റെ പോലെയാണെന്നും ഒരു വാർത്ത പരന്നു. പക്ഷെ മൃതദേഹം അവനോ, അവൻ്റെ അമ്മയോ കണ്ടിട്ടില്ല . അച്ഛന്റെയാണെന്ന് പറഞ്ഞു കൊണ്ടുവന്ന ശവം വേറെ ആരുടെയോ ആയിരുന്നു. പക്ഷെ ടി.വി.യിൽ കാണിച്ചത് മുഴുവൻ അച്ഛൻ്റെ പടവും. ശവം കിട്ടാൻ അമ്മ ഒരുപാട് ഇടത്തു ഓടിനടന്നു. ‘ഒരാൾ ചത്ത് കഴിഞ്ഞാൽ അയാളുടെ പെമ്പറന്നോത്തി അസ്ഥിയുമായി കുറവൻകുത്തി മലയുടെ കീഴിൽ ഗുഹയുടെ ഉള്ളിൽ ഒരു നേർത്ത തോർത്ത് മാത്രമുടുത്തു ഏഴ് ദിവസം പുളിച്ച പനങ്കള്ളും, ചുട്ട കോഴിയുമായി ചാത്തനെ സേവിക്കണം. ആ സമയത്തു ഗുഹ ചുറ്റി പോകുന്ന അരുവിയിൽ മൃഗങ്ങൾ പോലും വെള്ളം കുടിക്കാൻ വരാറില്ലത്രെ. അവിടമാകെ ചാത്തൻ്റെ സാന്നിദ്ധ്യം ഉണ്ടാകുമത്രെ. രാത്രി നിലാവ് പോലും നീല നിറത്തിൽ അവിടെ മാറി പോകാറുണ്ടുപോലുo. അങ്ങനെ ഏഴു ദിവസം ചാത്തനെ സേവിച്ചാൽ മാത്രമെ ചത്തയാളുടെ ആത്മാവ് കണ്ട പട്ടിയിലും, പൂച്ചയിലും കയറാതെ വല്ല പനയിലും, പാലയിലും കയറിപ്പോവുകയുള്ളു. വരും തലമുറ നേരെചൊവ്വെയാണോ ജീവിക്കുന്നത് എന്നറിയാനാണത്രെ അവര് പനയുടെ മുകളിലിരുന്ന് നമ്മളെ നോക്കിക്കൊണ്ടിരിക്കുന്നത്”

ഇങ്ങനെ കുടിയിരിക്കേണ്ട അമ്മ ശവവും കാത്തു പോലീസ് സ്റ്റേഷനിൽ ആഴ്ചകളോളം കുത്തിയിരുന്നു. ശവം അച്ഛൻ്റെ തന്നെയാണെന്നും വെടിവെച്ചപ്പോൾ മുഖമടച്ചു വീണതിനാൽ രൂപം മാറിപ്പോയതാണെന്നും പോലീസ് എല്ലാവരെയും പറഞ്ഞു വിശ്വസിപ്പിച്ചു. വിശ്വസിപ്പിക്കുന്നതിൻ്റെ ഭാഗമായി ചില പോലീസുകാർ അമ്മയുടെ മുലയിൽ പിടിച്ചമർത്തി. വേറെ ചിലരാകട്ടെ അമ്മയുടെ തുടയുടെ ശക്തിയറിയാൻ വെറുതെയാഞ്ഞടിച്ചു നോക്കി. കുടിച്ചു കൂത്താടി വന്നു അച്ഛൻ അമ്മയുടെ മുഖം നിലത്തിട്ട് ഉരയ്ക്കുമ്പോൾ പോലും അമ്മയിത്രയും വേദന അനുഭവിച്ചിട്ടില്ല. ആത്മാഭിമാനം നശിപ്പിച്ചുള്ള പീഡനത്തിന് വേദനയും, നീറ്റലും കൂടുമല്ലോ?

കുടിലിൽ തിരിച്ചെത്തിയ അമ്മ മൂന്ന് നാൾ നിർത്താതെ നിലവിളിച്ചു. അയലത്തുകാർ എല്ലാം തന്നെ അവരുടെ ജനലുകളും, വാതിലുകളും കൊട്ടിയടച്ചു. ‘മാവോയുടെ കൂര ‘നാട്ടുകാർ ഊരു വിലക്കാക്കി. കണ്ണീർ കുടിച്ചു മതിയായ അമ്മ, കുടിൽ മേഞ്ഞ പനയോല നോക്കി മലർന്ന് ഒറ്റകിടപ്പ്. വക്കീലാകാൻ പഠിച്ചുകൊണ്ടിരുന്ന അവൻ അമ്മയെ നോക്കാൻ പഠിപ്പ് നിർത്തി. പറ്റുമ്പോഴൊക്കെ പണിക്കു പോയും, കാട്ടിൽ പോയി ചേമ്പ് പറിച്ചുമെല്ലാം അവൻ അമ്മയെ നോക്കി. അങ്ങനെയിരിക്കെ അങ്ങ് വയനാട് അതിർത്തിയിൽ എം.ൽ .എ. പങ്കെടുത്ത പരപാടിയിൽ ബോംബ് പൊട്ടി പിള്ളേരടക്കം പത്ത്‌ പേര് മരിച്ചു.എം .ൽ .എ യുടെ മോഹന വാഗ്ദാനങ്ങൾ കേട്ട് മടുത്തു വെറിപിടിച്ച ആരെങ്കിലും ചെയ്ത കടുംകൈയായിരിക്കുമതെന്ന് നാട്ടുകാർ വെറുതെ പരിഹസിച്ചു പറഞ്ഞു.

ഒരു സുപ്രഭാതത്തിൽ പോലീസ് അവൻ്റെ കുടിലിൽ ഇരച്ചുകയറി എന്തെല്ലാമോ തപ്പാൻ തുടങ്ങി. ബോംബ് സ്ഫോടനത്തിൻ്റെ ഗൂഢാലോചനാ തെളിവുകൾ അവർ പെട്ടെന്ന് തന്നെ കുടിലിൽ നിന്ന് കണ്ടെത്തി. കൂടാതെ ചില സ്‌ഫോടകവസ്തുക്കളും.അതിലൊരു പോലീസ്‌കാരൻ പല്ലു കുത്തിക്കൊണ്ട് പറഞ്ഞു “സാധാരണ ഇവളുമാരുടെ കെട്ടിയോന്മാരുടെ തന്നെ ആയിരിക്കില്ല മക്കൾ. പക്ഷെ ഇത് തന്തയുടെ വിത്ത് തന്നെയാണെന്ന് തോന്നുന്നു”. അത്രയും നാൾ തണുത്തു ഉറഞ്ഞു കിടന്ന അവൻ്റെ രക്തം നെഞ്ചിലേക്കും തിരിച്ചു അവൻ്റെ കൈകാലുകളിലേക്കും അതിവേഗം ഇരച്ചു കയറിയതിനാൽ. “തന്തയില്ലാത്തത് നിനക്കാടാ പട്ടി” എന്ന് പറഞ്ഞു അയാളെ പിടിച്ചു തള്ളി. പെട്ടെന്ന് ചുറ്റും നിന്ന പോലീസുകാർ അവനെ ചളിമണ്ണു കുഴയ്ക്കുന്നത് പോലെ ബൂട്സ് ഇട്ട് കുഴച്ചു. വിലങ്ങിട്ട് കുനിച്ചുനിർത്തി അവർ അവനെക്കൊണ്ട് ലഖുരേഖകൾ വായിപ്പിച്ചു വീഡിയോ എടുത്തു. അവൻ്റെ അപ്പൻ ചത്തപ്പോഴും, അമ്മ തളർന്നു കിടപ്പായപ്പോഴും ആ കുടിലിൻ്റെ മുറ്റം ഒഴിഞ്ഞു കിടന്നിരുന്നു. പക്ഷെ അന്നിതൊക്കെ കാണാൻ കണ്ണെത്താദൂരത്തോളം ആളുകൾ തിങ്ങിനിറഞ്ഞിരുന്നു. ഒരാളുടെ തീരാത്ത വേദനകൾ കാഴ്ചയായി കണ്ടാസ്വദിക്കുന്ന ആൾക്കാരെ അവനെക്കാൾ ദുരിതാവസ്‌ഥയിൽ മാത്രമെ അവന് കാണാൻ സാധിച്ചുള്ളൂ. അറുക്കപ്പെടാൻ പോകുന്ന മാടിന് അറവുകാരനോട് സഹതാപം തോന്നുന്നതായി കേട്ടിട്ടുണ്ടോ? എങ്കിൽ അങ്ങനെയും ഒരവസ്‌ഥ ഉണ്ട്. അതിനെക്കുറിച്ചു അറിയണമെങ്കിൽ നിങ്ങൾ ഒരുപാട് ജീവിതാവസ്‌ഥകളെ കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു. ആകെ അവനെക്കുറിച്ചു ആധി ഉണ്ടായിരുന്നത് അവൻ കാട്ടിൽ നിന്ന് കൊണ്ടുവന്ന് വളർത്തിയ പാണ്ടൻ പട്ടിക്ക് മാത്രമായിരുന്നു. അത് ഒരു പോലീസ്‌കാരൻ്റെ കാലിൽ കടിച്ചു തൂങ്ങി. അയാൾ കാല് ശക്‌തമായി കുടഞ്ഞു. നിലത്തു തെറിച്ചു വീണ പാണ്ടൻ്റെ മുതുകിൽ ആഞ്ഞു ചവിട്ടും കൊടുത്തു. അതോടെ അവൻ്റെ ജീവിതത്തിൽ അവന് വേണ്ടി ശബ്ദം ഉയർത്തിയ ഏക ജന്മവും മോങ്ങിക്കൊണ്ടു ഉരുണ്ടുപെരണ്ടു. അവനെ അവർ വലിച്ചിഴച്ചുകൊണ്ട് പോയപ്പോൾ മുറ്റമാകെ വാകപ്പൂക്കൾ പൂത്തുകിടന്നിരുന്നു.

പക്ഷെ കുറ്റസമ്മതത്തിനായി അവൻ്റെ കണ്ണിൽ മുളകുപൊടി തേച്ചപ്പോഴും, ബൂട്സ് കൊണ്ട് ചവിട്ടി തേച്ചപ്പോഴും, ഉരുട്ടിയപ്പോഴും, മൂത്രം കുടിപ്പിച്ചപ്പോഴുo, തുണിയില്ലാതെ ദിവസങ്ങൾ കിടത്തിയപ്പോഴും ഒന്നും അവൻ മനുഷ്യജീവിതത്തെ കുറിച്ച് ചിന്തിച്ചതേയില്ല. അവനിടാൻ ആഗ്രഹിച്ചിരുന്ന വക്കീൽക്കോട്ട് ഒരു വവ്വാലിന്റെ രൂപത്തിൽ പറന്നു വന്നു അവൻ്റെ തലയിലിരിക്കുന്നത് പോലെ മാത്രം അവന് തോന്നിച്ചു. തൂക്കുകയർ വിധിച്ചപ്പോൾ അവൻ ചിരിച്ചു. ഇരുപത് കൊല്ലം കുടുംബത്തിലും, പത്തു കൊല്ലം അഴിക്കുള്ളിലും അനുഭവിച്ച നരകയാതന തീരാൻ പോവുകയാണല്ലോ എന്ന് സമാധാനിച്ചു.

അയാൾ : നീയെന്താണ് ചിന്തിച്ചുകൊണ്ടിരിക്കുന്നത്? എത്ര കഷ്ടപ്പെട്ടാണെന്നറിയുമോ നിന്നെ കാണാൻ ഒരു അവസരം ഒപ്പിച്ചെടുത്തത്. ആരെയൊക്കെ സ്വാധീനിക്കേണ്ടി വന്നു എന്ന് നിനക്ക് വല്ല വിചാരവും ഉണ്ടോ? നീ കഴുമരം ഒരു സുഖമേറിയ അനുഭവമായിട്ടാണോ കരുതുന്നത്? ശരിക്കല്ല കയർ മുറുകുന്നതെങ്കിൽ തൂറിയും, മൂത്രമൊഴിച്ചും കിടന്ന് പിടഞ്ഞു നരകിക്കുകയെയുള്ളൂ. അനുഭവിച്ച നരകത്തെക്കാൾ ചെറുതാണ് ഇനി വരാനിരിക്കുന്ന നരകയാതനകൾ എന്ന് നീ കരുതരുത്. ഞങ്ങൾ എല്ലാം ഏർപ്പാടാക്കിയിട്ടുണ്ട്. നീ കിടക്കുന്ന സെല്ലിൻ്റെ താഴെ ഒരു തട്ട് കേൾക്കും ഇന്ന് രാത്രി. മാസങ്ങളായി ഞങ്ങൾ അങ്ങോട്ടേക്കുള്ള തുരങ്കം കുഴിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ നമുക്ക് കാവൽ നിൽക്കുന്ന കാവൽക്കാരൻ തന്നെ ആയിരിക്കും ഇന്ന് നിൻ്റെ സെല്ലിൻ്റെ കാവൽക്കാരൻ. അയാൾ നിന്നെ സഹായിക്കും. അയാൾക്ക്‌ ജോലി പോയാലും തലമുറകൾ കഴിയാനായുള്ള വകുപ്പ് ഞങ്ങൾ ഉണ്ടാക്കി കൊടുത്തിട്ടുണ്ട്. ഇത്രയും കാശുള്ള സംഘടനയാണ് ഞങ്ങളുടെയെന്ന് നീ തെറ്റിദ്ധരിക്കരുത്. പക്ഷെ ഒരുപാട് ആവശ്യക്കാർ ഞങ്ങളെ പലകാര്യത്തിനായി സമീപിക്കുമ്പോൾ ഇതൊക്കെയങ്ങ് നടന്ന് പോകുന്നു. അത്ര തന്നെ. നിലപാടുകളിൽ ഉറച്ചു നിൽക്കുന്നവരെ ആൾക്കാർക്ക് ഇന്നും ഇഷ്ടമാണ്. ഇവിടുന്ന് നിനക്ക് ശ്രീലങ്കയിലേക്ക് പോകാനുള്ള എല്ലാ ഏർപ്പാടുകളും ഞങ്ങൾ നടത്തിത്തരും. അവിടുത്ത അവസ്ഥകൾ നീ അറിഞ്ഞുകാണുമല്ലോ ? ഫാസിസവും, കുടുംബവാഴ്ചകളും, തെറ്റായ നയങ്ങളും എല്ലാം സാധാരണ ജനങ്ങളെപ്പോലും പോരാളികളാക്കി. ഈ അവസ്ഥ ഇവിടെയും വരാൻ അധികനാളില്ല . ലഹളകൾ കെട്ടടങ്ങിയെന്ന് നമ്മൾ വിശ്വസിക്കുന്നു. പക്ഷെ, ശരിക്കുള്ള തീ ഇനിയാണോ കത്താനിരിക്കുന്നത് എന്ന് ആർക്കറിയാം? ഒരു മാസത്തിനു ശേഷം അവിടെ നിന്ന് നിന്നെ ഞങ്ങൾ ഏതെങ്കിലും യൂറോപ്യൻ ചെറുഗ്രാമങ്ങളിലേക്ക് കടത്തും. അവിടെ നീ സമാധാനമായി ജീവിക്കു.

അവൻ പിന്നെയും ചിന്തയിലാണ്ടു പോയി. ഒരുപാട് നാൾ ഏകാന്ത തടവ് അനുഭവിച്ചതിനാൽ അവനവനിലേക്ക് തന്നെയെപ്പോഴും ഊളിയിട്ട് അറിയാതെ പൊയ് ക്കൊണ്ടിരുന്നു . രാത്രി പനയിൽ കയറി ആദ്യമായി പനങ്കള്ള് കട്ടുകുടിച്ചപ്പോളുണ്ടായ ആ നിർവൃതി. കാട്ടിലെ മുയലിനോടും, മാനുകളോടും മത്സരിച്ചോടുന്നത്, മലകൾ കടന്നുവരുന്ന ഇളം തണുത്തകാറ്റ് മുഖത്തടിക്കുമ്പോഴുണ്ടാകുന്ന ആ ഉന്മേഷം. പുൽക്കൊടികളിലെ മഞ്ഞിൻതുള്ളികൾ ചവിട്ടിയോടുമ്പോൾ ഉണ്ടാകുന്ന ഉള്ളിലെ കുളിര്. ഒരു നിമിഷമെങ്കിലും അവൻ അറിയാതെ സ്വാതന്ത്ര്യം ആഗ്രഹിച്ചു പോയി.ജീവിക്കാനുള്ള ത്വര അവനറിയാതെ അവൻ്റെയുള്ളിൽ മുളപൊട്ടി. അവൻ അയാൾ പറഞ്ഞതിനോട് തലയാട്ടി. വാകപ്പൂക്കൾ പൂത്തു നിൽക്കുന്ന ഒരു കുടിൽ അവൻ്റെ കണ്ണിൽ മിന്നിമറഞ്ഞു.

അനുവാദം മേടിച്ച സമയം തീർന്നതിനാൽ അയാൾ തിരക്കിട്ട് ആ ചെറിയമുറിയിൽ നിന്ന് പുറത്തേക്ക് കടന്നു. ഇതിനോടകം തന്നെ മുടി പറ്റെവെട്ടിയ അവൻ്റെ തലയിൽ നിന്ന് വിയർപ്പുതുള്ളികൾ ശക്തമായി ഇരച്ചിറങ്ങാൻ തുടങ്ങി. തിരിഞ്ഞു നടന്നപ്പോൾ തളർന്ന് തുടങ്ങിയ അവൻ്റെ കാലുകൾ ശക്തിയാർജ്ജിച്ചു. ഇരുണ്ട ഇടനാഴികളിലൂടെ അവനെ തൂക്കാൻ വെച്ചിരിക്കുന്ന പുതിയ കയർ സൂക്ഷിച്ചിരിക്കുന്ന മുറിയുടെ മുന്നിലൂടെ അവൻ വെപ്രാളമില്ലാതെ നടന്നു. അവനെ ഇടിച്ചു രക്തം തുപ്പിച്ച സെല്ലിൻ്റെ മുന്നിൽക്കൂടി നടന്നപ്പോൾ അവൻ്റെ ഹൃദയം വല്ലാതെ തേങ്ങി.അവസാന പ്രതീക്ഷയും നശിച്ചു ചാകാൻകിടക്കുമ്പോൾ മുന്നിൽ തെളിയുന്ന തിരിനാളത്തിന്, അത് തരുന്ന ആശ്വാസത്തിന് ഈ ലോകത്ത്‌ മറ്റൊന്നും തന്നെ പകരംവെയ്ക്കാനില്ലെന്ന് അവന് തോന്നി. അപ്പനമ്മമാരുടെ ശവങ്ങൾ അവൻ കണ്ടിട്ടില്ല. അവനെ ഒരു മനുഷ്യനായി സമൂഹം ഇന്നുവരെ പരിഗണിച്ചിട്ടില്ല. പക്ഷെ അവനെത്തേടിയും രക്ഷയെത്തിയിരിക്കുന്നു.

അവൻ്റെ കണ്ണുകളിൽ ഒരു ചെറിയ പ്രകാശം വന്നു തുടങ്ങിയിരുന്നു. അപ്പോൾ അയാളുടെ കണ്ണുകളിലാകട്ടെ ഒരു വിപ്ലവം ജയിച്ചവൻ്റെ അഹന്തയും. വൃശ്ചികക്കാറ്റിൽ അപ്പോൾ അപ്പനമ്മമാരുടെ ആത്മാക്കൾ കയറിവസിച്ച കാട്ടുപന വസന്തകാലത്തെ വരവേൽക്കാനായി ചരിഞ്ഞു വീശുന്നുണ്ടായിരുന്നു.

വര : പ്രസാദ് കാനത്തുങ്കൽ

Comments
Print Friendly, PDF & Email

You may also like