പൂമുഖം LITERATUREകവിത രണ്ടു ചെറുകിളികൾ

രണ്ടു ചെറുകിളികൾ


കവിത – ചന്ദ്രിക.പി. (കന്നഡ)
മൊഴിമാറ്റം – രാമൻ മുണ്ടനാട്

ഞാൻ കളിമണ്ണ് കുഴയ്ക്കുകയായിരുന്നു.
അതൊടുവിൽ ഒരു കിളിയുടെ രൂപമായി.
ഞാനതിന് വർണ്ണം പകർന്നു.
കളിമണ്ണുറച്ചു. ശില്പം പൂർണ്ണമായി.
പിന്നെ ഞാൻ സൂക്ഷ്മതയോടെ
അതിന് നേത്രോന്മീലനം നടത്തി.
അപ്പോളതിന്റെ ഇമയിളകാൻ തുടങ്ങി.
അത്ഭുതത്തോടെ ഞാനെന്റെ ആത്മാവ്
അതിന്റെ ഹൃദയത്തിലേയ്ക്ക് ചേർത്തു.
ആ കിളി ചിറകടിച്ചു പറന്നുയർന്നു.
എന്നെങ്കിലും അത് തിരിച്ചു വരുമോ ?
ആയുസ്സിലെ വിലയേറിയ ദിനങ്ങൾ
വെറുതെ വ്യര്ഥമാക്കിയതോർത്ത്
നിരാശയോടെ വീട്ടിലേയ്ക്കു നടന്നു.
ആശ്ചര്യം, പിറ്റേന്ന് പ്രഭാതത്തിൽ
കലപിലാ ചിലച്ചുകൊണ്ട് ആ കിളി
തിരിച്ചെത്തിയിരിയ്ക്കുന്നു.
സന്തോഷത്താൽ മനസ്സു നിറഞ്ഞു.
സ്‌നേഹത്തോടെ ഞാൻ കൊടുത്ത
ധാന്യമണികൾ കൊത്തിത്തിന്നുകൊണ്ട്
ആ കിളി വീടിനുചുറ്റും തത്തിക്കളിച്ചു.
അങ്ങനെ ഒരാഴ്ച കഴിഞ്ഞപ്പോൾ
അതേപോലെയുള്ളൊരു കിളി
എന്റെ കിളിയ്ക്ക് കൂട്ടായ് വന്നു.
എന്റെ ഭാവനയിൽ വിരിഞ്ഞ കിളിയുടെ
അതേരൂപത്തിൽ മറ്റൊരു കിളി.
ഇതൊരത്ഭുതം തന്നെയല്ലേ ?
എന്നെപ്പോലെ കളിമണ്ണുകുഴച്ച്
ഈ പക്ഷിയെത്തീർത്തതാര് ?
ഒന്നുരണ്ടു ദിവസങ്ങൾക്കകം
വളരെ ദൂരത്തുനിന്നും ഒരുവൻ
ആ കിളിയെത്തേടിയെത്തി.
കദനഭാരത്തോടെ അവൻ ചോദിച്ചു.
‘ എന്റെ കിളി ഇവിടെ വന്നുവോ ‘
ഞാൻ പറഞ്ഞു
‘ വന്നു. ഇവിടെയുണ്ട്. ദാ നോക്കൂ ‘
കളിച്ചുകൊണ്ടിരുന്ന കിളികളെച്ചൂണ്ടി
‘ നിന്റെ കിളിയെ നിനക്കെടുക്കാം’
എന്ന് ഞാൻ പറഞ്ഞു.
അവനവയെ സസൂക്ഷ്മം നിരീക്ഷിച്ചു.
വേണ്ട എന്ന് തലയാട്ടിക്കൊണ്ട്
മടങ്ങിപ്പോകാൻ തുനിഞ്ഞ അവനെ
തടഞ്ഞുകൊണ്ട് ഞാൻ ചോദിച്ചു.
‘ ഇത്രയും ദൂരം വന്നതല്ലേ. കുറച്ചുനേരം
നമുക്കു പരസ്പരം സംസാരിച്ചിരുന്നുകൂടെ’
ഞങ്ങൾ ഇതുവരെ സംസാരിച്ചു തീർന്നിട്ടില്ല.
ഇപ്പോളാ കിളികൾക്ക് നാലു കുഞ്ഞുങ്ങളുണ്ട്.

Comments
Print Friendly, PDF & Email

You may also like