പൂമുഖം നോവൽ പത്ത് പെൺമരണങ്ങൾ, അതിലൊന്ന് ഒരാണും!

പത്ത് പെൺമരണങ്ങൾ, അതിലൊന്ന് ഒരാണും!

ഇതൾ 15

എത്ര ദിവസമായി ഈ മഴ… തോരാതെ പെയ്യുന്ന മഴക്കാലം ഓർമ്മകളുടെ പെയ്ത്തുകാലം കൂടിയാണ് മാഞ്ഞുപോയ ഓർമ്മകൾപോലും മഴനൂലുകളിൽക്കയറി ഊഞ്ഞാലാടിയെത്തും.
ശേഷം, ഓർമ്മമഴ നനഞ്ഞുകൊണ്ടൊരു തിരിഞ്ഞു നടത്തം. ബാല്യകൌമാരങ്ങളും, സ്വപ്നങ്ങളും, കൈകളിൽ നിന്നും ഊർന്നുപോയ മഞ്ചാടിമണികളും വിദൂരതയിലിരുന്നുകൊണ്ട് വിരലിൽ തൊടാതെതൊട്ട് പരിചയം പുതുക്കും.
ചിരിപ്പിച്ചും , കരയിപ്പിച്ചും , മോഹിപ്പിച്ചും, നിരാശപ്പെടുത്തിയും, വെറുപ്പിച്ചും , അവയിങ്ങനെ പിന്നാലെ….

രണ്ട് ദിവസമായി നന്നായി ഉറങ്ങുന്നുണ്ട്. പ്രസവത്തിന് നാട്ടിലേക്ക് വരുന്നില്ലെന്നും, പ്രസവം ഇവിടെയുള്ള ഡോക്ടറുടെ പക്കലാകുന്നതാണ് നല്ലതെന്നും ജീവൻ വീട്ടിലറിയിച്ചിട്ടുണ്ട്. അതാവാം ഉള്ളിലൊരു സ്വാസ്ഥ്യത്തിന്റെ കാറ്റ്.
ഇന്നലെ ഉച്ചനേരത്ത് ചെറുമയക്കത്തിൽ ഒരു സ്വപ്നംകണ്ടു. സുന്ദരിയയൊരു പെൺകുഞ്ഞ് എന്റടുക്കൽ ഉറങ്ങിക്കിടക്കുന്നു എന്ന്. ആ നേരം മുതൽ മനസ്സിലൊരു തോന്നൽ, ഇതൊരു പെൺകുഞ്ഞാവുമെന്ന്. ആകട്ടെ. ഞാനവൾക്ക് ജ്ഞാനശങ്കരിയെന്ന് പേരിടും. ജ്ഞാനം എന്ന് വിളിക്കും. ആ പേരുവിളിച്ച് അവളെ എല്ലാവരും എങ്ങനെ കൊഞ്ചിക്കുന്നുവെന്നും, സ്നേഹിക്കുന്നുവെന്നും, താലോലിക്കുന്നുവെന്നും എനിക്ക് കാണണം. ഒരു പ്രായശ്ചിത്തം പോലെ അവളെ ഞാൻ വളർത്തും.നോക്കിക്കോ.
” പാർക്കും മരങ്കളെല്ലാം – നന്ദലാലാ –
നിന്റൻ പച്ചൈ നിറം
തോൻട്രുതയേ നന്ദലാലാ…
കേൾക്കും ഒലിയിലെല്ലാം – നന്ദലാലാ –
നിന്റൻ ഗീതം ഇസൈക്കുതടാ
നന്ദലാലാ…
തീക്കുൾ വിരലെ വെയ്ത്താൽ

  • നന്ദലാലാ –
    നിന്നെ തീണ്ടും ഇമ്പം
    തോൻട്രുതടാ നന്ദലാലാ…’

ആഹാ! ഭാരതിയാർ കവിതയോ..
കൊള്ളാലോ.. സ്മാർട്ട് ആയല്ലോ
എത്ര നാളായി നീ ഇങ്ങനെയൊന്ന് മൂളിയിട്ട്!

ഇത്രനാളും പോലെയാകില്ല ഇനിമുതൽ.. ജീവൻ കണ്ടോളൂ..

ങ്ങേ, അതെന്താ? പെട്ടെന്ന്.. വെളിപാട് വല്ലോം ഉണ്ടായോ?

ഉവ്വ്. വെളിപാട് തന്നെ. ഇത്രനാളും ഇല്ലാതിരുന്ന ഒരു വെളിപാട്. ജീവൻ കണ്ടോളൂ ഇനിയൊരിക്കലും ഞാൻ മനസ്സുതളർന്ന് നിൽക്കില്ല. എനിക്കൊരു ലക്ഷ്യമുണ്ട്.

ഇന്നലെവരെയില്ലാതിരുന്ന ലക്ഷ്യമോ? അതെന്ത് ലക്ഷ്യം?

അതൊക്കെ പറയാം. അല്ലേലും എനിക്കൊക്കെയും പറയേണ്ടതുണ്ട്. അതിന് മുൻപൊന്ന് ചോദിക്കട്ടെ? നമ്മുടെ മകൾക്ക് ” ജ്ഞാനശങ്കരി” എന്ന പേരിടുമോ? ജീവൻ അവളെ ജ്ഞാനം എന്ന് വിളിക്കുമോ? അവൾക്ക് നിറയെ ഭാരതിയാർ കവിതകൾ പാടിക്കൊടുക്കുമോ?

കൊള്ളാമല്ലോ…. മകളാണെന്ന് സ്വയം ഉറപ്പിച്ചു, പേരും കണ്ടുപിടിച്ചു, താരാട്ടിനുള്ള പാട്ടുകളും കിട്ടി.. തീർന്നോ ആഗ്രഹങ്ങൾ?

ഇല്ല… ഒന്നുകൂടിയുണ്ട്.
ജീവനവളെ നെഞ്ചിൽക്കിടത്തി ഉറക്കണം. എവിടെയും, എവിടെയും കളഞ്ഞുപോകാതെ
എന്നെന്നും നെഞ്ചോട്ചേർത്ത് വയ്ക്കണം.
എന്റെ… എന്റെ ജ്ഞാനശങ്കരിയെ!


സിൽവിയാപ്ളാത്താണ് വായനയിൽ. ഇവിടെയീ ശീതീകരിച്ച മുറിയിൽ, അകംപുറം ആകെ തണുത്തുകിടക്കുന്നവൾക്ക്
“കളക്റ്റഡ് പോയംസ്” ഉത്തമമാണ്. ആകെയൊരുതരം ഉന്മാദമാണ് അതിനിടയിൽ ആ ഉന്മാദത്തെ കൂട്ടുവാൻ അടുപ്പിനുള്ളിൽ തലയിട്ട് വെന്തൊടുങ്ങിപ്പോയവളുടെ കൂട്ട്.
സത്യത്തിൽ വായിക്കുകയല്ല, ഒരുതരം ഐക്യപ്പെടലാണ്.
കണ്ണുകൾക്കാണെങ്കിൽ വല്ലാത്ത ഭാരം. ഒരുതരം കഞ്ചാവടിച്ച ഫീൽ. ദിവസങ്ങളായുള്ള മരുന്നുകളുടെ മയക്കം.അതാണിങ്ങനെ തൂങ്ങിത്തൂങ്ങി.

മകളുടെ മെഡിക്കൽ അഡ്മിഷൻ ശരിയാക്കാൻ വന്ന നാത്തൂനും, മൂത്ത ജേഷ്ഠന്റെ ഭാര്യയുംകൂടി കുറേ നേരമായ് പൂച്ചംമിണ്ടുന്നു.

മനസിൽ ഒന്നു ചിരിച്ചു, അവരുടെ വിഷയമാണല്ലോ സിൽവിയപ്ളാത്തുമായ് ഇവിടെയിങ്ങനെ ഒളിച്ചുകളിക്കുന്നത്.
ഈ ബുക്കൊന്ന് താഴ്ത്തുകയേ വേണ്ടൂ അപ്പോഴേക്കും വരും നൂറുനൂറു ചോദ്യങ്ങൾ. പരിഹാരം കണ്ടെത്തി പ്രശ്നങ്ങളെ നാടുകടത്തുവാനുള്ളതല്ലല്ലോ ആ ചോദ്യങ്ങൾ. രണ്ടാണ് ലക്ഷ്യം, ഒന്ന് ക്യൂറിയോസിറ്റി .. ഒരു സിനിമാക്കഥയെ വെല്ലുന്ന സംഭവകഥയുടെ നേരിട്ടുള്ള വിവരണം, അതും “ഇര”യിൽ നിന്നുംതന്നെ എല്ലാ വൈകാരികതയോടെയും കേൾക്കുക, മറ്റൊന്ന് ആ മുറിവിൽ ഒരല്പം മുളകുപൊടി വിതറുക.
അമ്മയെയാണ് ഓർമ്മ വരുന്നത് അച്ഛൻ പോയശേഷം ഒരു പുഞ്ചിരികൊണ്ട് ഏതൊരു സങ്കടത്തെയും തരണംചെയ്തിരുന്ന അമ്മ.. ഈ കിടപ്പിലും മനസ്സിലൊരു പ്രാർത്ഥനയേയുള്ളു മകളുടെ മഹാഭാഗ്യങ്ങൾ അമ്മയറിയരുത്.

ദീദി…
ചാരപരിചിതമായ വിളി. എന്റെ കഥയിലെ ആ പ്രത്യേക കഥാപാത്രം. അവരാണിത്. എന്നെ ദീദീ എന്ന് വിളിക്കുന്നത്. ശിശിർ!

ആളെകണ്ടതും നാത്തൂന്റെയും ചേട്ടത്തിയുടെയും മുഖങ്ങൾ പെട്ടെന്നുമാറുന്നത് ഊഹിക്കാം. നാത്തൂൻ സഭ്യമല്ലാത്ത ഭാഷയിൽ കഥാപാത്രത്തെ വഴക്കുപറയാൻ തുടങ്ങി.

ഏയ് അവൻ അകത്തുണ്ട് ,ഇനി ഇതുമതി അടുത്ത യുദ്ധത്തിന്. നീ ഒന്ന് മിണ്ടാതിരിക്ക് ലീലാ..
ചേടത്തി നാത്തൂനെയും കൂട്ടി താഴോട്ട് പോയി.
ഇപ്പോൾ സീനിൽ ഞാനും ശിശിർ എന്ന ഈ കഥാപാത്രവും മാത്രം .
ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ !

ഞാൻ ദീദിയെ കാണാനാണ് വന്നത് . ആർ വേണേലും എന്നെ ചീത്ത പറഞ്ഞോട്ടെ, എനക്ക് പ്രശ്നമില്ല , ബട്ട് ദീദി .. ദീദി ഇങ്ങനെ ചെയ്യർതാരുന്നു , ദീദി മർച്ചാൽ ഞാനും മർക്കും.
പരിസരം മറന്ന് അനവസരത്തിലൊരു ചിരി എന്നിൽനിന്നും കേട്ടാവണം ശിശിർ എന്നെ പകച്ചു നോക്കി.
ദീദി are you ok?
പാവം എനിക്കു വട്ടായോന്നാവും
:ഏയ്‌ nothing , പറയാൻ വന്നത് പറഞ്ഞോളു ..

ഏച്ചുകെട്ടലുള്ള മലയാളത്തിൽ ശിശിർ പറഞ്ഞതിതായിരുന്നു.

ദീദിയുടെ വയറ്റിൽ അവരുടെ കുട്ടിയാണ്. ദീദിക്ക് അതോർക്കാമായിരുന്നു. ഞാൻ ദീദിയെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന് അറിയാമോ ? ദീദിക്ക് എന്തെങ്കിലും സംഭവിച്ചാൽ എന്റെ അവസ്ഥ ആലോചിച്ചുനോക്കു. ഞാനും പിന്നെ മരിക്കുകയേ ഉള്ളൂ..

ശിശിറിന്റെ ഓരോ വാക്കിലും എനിക്ക് മുന്നിലെ ശൂന്യതയുടെ ആഴം കൂടിക്കൂടി വന്നു. ആ ഇരുളിന്റെ താഴ്ചയിൽ ശ്വാസംകിട്ടാതെ ഞാൻ വീണ്ടും പിടഞ്ഞു.

പാതിയോളം പിന്നിട്ടൊരു കഥയിൽ കഥയറിയാതെ വന്നുകയറിയത് ഞാനായിരുന്നല്ലോ.. യഥാർത്ഥത്തിൽ അവരുടെ കഥയിലെ ആ കഥാപാത്രം ഞാനല്ലേ?

പുരുഷന്റെ ശരീരവും സ്ത്രീയുടെ മനസ്സുംപേറി ,പുറംലോകമറിയാതെ ജീവിക്കുന്ന ഒരു മനുഷ്യൻ. എന്റെ ഭർത്താവിന്റെ രഹസ്യ ജീവിതപങ്കാളി! കഴിഞ്ഞ ഒന്നരവർഷക്കാലം എനിക്കും എന്റെ ഭർത്താവിനുമൊപ്പം, ഞാൻ വച്ചുണ്ടാക്കിക്കൊടുത്ത ഭക്ഷണം കഴിച്ച്, എന്റെ സഹോദരനെന്ന സ്ഥാനത്ത്
ഞങ്ങളുടെ ഫ്ളാറ്റിൽ കഴിഞ്ഞ വ്യക്തി.

ഏതൊന്നിനും രണ്ട് വശങ്ങളുണ്ട് അല്ലേ ?
ഞാൻ ഈ പറയുന്നതൊക്കെയും എന്റെ വശം മാത്രമാണ്.

ഒരു സ്ത്രീയെന്നോണം എന്റെ മുന്നിൽ നിന്നും കരയുകയാണ് ശിശിർ. എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല. പക്ഷേ, ഒന്നെനിക്കറിയാം എന്നെക്കാൾ കൂടുതൽ ഈ വിഷയത്തിൽ ആൾക്ക് നോവുന്നുണ്ട്.

കവർ : സി പി ജോൺസൺ

Comments
Print Friendly, PDF & Email

You may also like