പൂമുഖം Travel അസം ഓർമ്മകൾ – ഭാഗം 11

അസം ഓർമ്മകൾ – ഭാഗം 11

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

സ്വത്വവാദം തീർത്ത ഭയപ്പാടുകൾ

ഒക്ടോബറിൽ പൂജയുടെ അവധിക്ക് നാട്ടിലെത്തിയപ്പോൾ ചില സുഹൃത്തുക്കൾ തമാശ രൂപേണ “എന്തൊക്കെയുണ്ട് ഉൾഫ വിശേഷങ്ങൾ ?” എന്നന്വേഷിച്ചുകൊണ്ടായിരുന്നു ഞങ്ങളോട് സൗഹൃദം പുതുക്കിയത്. കാരണം അസമിൽ നടക്കുന്ന ഭീകരാക്രമണ വാർത്തകൾ അന്ന് മലയാള പത്രങ്ങളിലും കാര്യമായ ഇടം നേടിയിരുന്നു. സ്വത്വബോധത്തിലധിഷ്ഠിതമായ പല സംഘടനകൾ പ്രവർത്തിക്കുന്ന അസം ഭീകരാക്രമണങ്ങളുടെ നിഴലിൽ കഴിയുന്ന 1990-91 കാലത്താണ് മംഗൽദായിയിലെ ഞങ്ങളുടെ ബി.എഡ്.പഠനം. അന്ന് ഏറെ സക്രിയമായിരുന്നത് യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം (ULFA) എന്ന സംഘടനയായിരുന്നു. സായുധ പോരാട്ടത്തിലൂടെ ഒരു സ്വതന്ത്രഅസം നേടുകയാണവരുടെ ലക്ഷ്യം. കുടിയേറ്റക്കാരായി മുദ്രകുത്തപ്പെട്ട നിരവധി ബംഗാളികളും ബീഹാറികളും മറ്റും വലിയതോതിൽ ഇവരുടെ ആക്രമണങ്ങൾക്ക് വിധേയരായിക്കൊണ്ടിരുന്നു. സ്ഫോടനങ്ങളും ഏറ്റമുട്ടലുകളും ഗറില്ല ആക്രമണങ്ങളുമെല്ലാമായിരുന്നു മിക്ക ദിവസങ്ങളിലും പ്രധാനവാർത്തകൾ. ജീവൻ നഷ്ടപ്പെടുന്നവരുടെ കൂട്ടത്തിൽ സാധാരണക്കാർ മാത്രമല്ല ഉൾഫ പ്രവർത്തകരും സുരക്ഷാഉദ്യോഗസ്ഥരും വരെ ഉണ്ടായിരുന്നു.

1990 നവമ്പർ 28 ന് അസമിൽ രാഷ്ട്രപതിഭരണം നിലവിൽ വന്നു. സംസ്ഥാനത്തെ ക്രമസമാധാനത്തകർച്ചയും മന്ത്രിമാർക്കെതിരെ ഉയർന്ന അഴിമതിയാരോപണങ്ങളുമായിരുന്നു നിയമസഭ പിരിച്ചുവിടുന്നതിന് കാരണമായിത്തീർന്നത്. ഈയവസരത്തിലാണ് ഞങ്ങളുടെ വാടകവീടിനു ചേർന്നുള്ള ഒറ്റമുറിഷെഡ്ഡിൽ ഒരു അസംകാരൻ താമസമാക്കുന്നത്. ഇടയ്ക്ക് കാണുമ്പോൾ ഞങ്ങളോടെല്ലാം സംസാരിക്കും. ആ ഒരു സൗഹൃദത്തിൽ ഒരു ദിവസം കുറച്ചകലെയുള്ള ഒരു സുഹൃത്തിന്‍റെ വിവാഹത്തിൽ പങ്കെടുക്കാൻ എന്നെയും പവിത്രനെയും ക്ഷണിച്ചു. യാത്രക്ക് ടാക്സി കാറുണ്ടെന്നും പറഞ്ഞു.

കുറെ നാളായി പഠനം മാത്രമായിട്ടങ്ങനെ കഴിയുകയല്ലേ. അസമിൽ ഇതുവരെ കാണാത്ത നാടുകളിലൂടെ ഒരു യാത്രക്കുള്ള അവസരം എന്തിന് വെറുതെ പാഴാക്കണം ? മാത്രമല്ല ഓരോ നാട്ടിലും വിവാഹത്തിന് അവിടുത്തെ സാംസ്കാരിക പാരമ്പര്യങ്ങളുമായി ബന്ധപ്പെട്ട പല ആചാരങ്ങളും ചടങ്ങുകളുമെല്ലാം ഉണ്ടാകുമല്ലോ. അതിൽ ചിലതെല്ലാം അടുത്തറിയാനുള്ള അപൂർവ്വ അവസരവുമാണല്ലോ. ഉച്ചക്കു ശേഷമാണ് യാത്ര. രാഷ്ട്രപതിഭരണം നിലവിലുള്ളതിനാൽ വഴിയിൽ പലയിടത്തും സൈനികരുടെയും പോലീസിന്‍റെയും പരിശോധനയുണ്ടാകുമെന്നന്നതുകൊണ്ട് കോളജിൽ നിന്നു ലഭിച്ച ഐഡന്റിറ്റികാർഡ് കൈയിൽ കരുതിയിരുന്നു.

വണ്ടിയിൽ കയറുമ്പോഴാണ് മറ്റ് രണ്ടുപേർ കൂടിയുണ്ടെന്നറിയുന്നത്. പരിചയപ്പെടലെല്ലാം കഴിഞ്ഞ ശേഷം അവരുടെ സംസാരം അസമീസിലായിരുന്നതിനാൽ ഞങ്ങൾക്കിടപെടാൻ കഴിയാത്ത അവസ്ഥ. എത്ര നേരം മൗനമായിരിക്കാൻ കഴിയും. ഞങ്ങൾ രണ്ടു പേരും അവർക്കിടയിൽ മലയാളത്തിന്‍റെ ഒരു ചെറുലോകം തന്നെ സൃഷ്ടിച്ചു. നാട്ടുവിശേഷങ്ങളും പുറം കാഴ്ചകളും മറ്റുമായിരുന്നു ഞങ്ങളുടെ വിഷയം. ഇടയ്ക്ക് അവർ ഹിന്ദിയിൽ എന്തെങ്കിലും ചോദിക്കുമ്പോൾ മാത്രം ഞങ്ങൾ പ്രതികരിക്കും കതിരിട്ടു നിൽക്കുന്ന നെൽപ്പാടങ്ങളും കവുങ്ങിൻതോപ്പുകളും അവിടവിടെയായി വളർന്നു നിൽക്കുന്ന തെങ്ങുകളുടെയുമെല്ലാം കാഴ്ച കേരളത്തിലെ ഏതോ നാട്ടിൻ പുറത്തേക്കുള്ള ഒരു യാത്രയുടെ അനുഭൂതി പകരുന്നതായിരുന്നു. നീലാകാശത്തിനു കീഴെ കണ്ണെത്താദൂരത്തോളം മഞ്ഞപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്ന കടുക് പാടം ഇളം കാറ്റിൽ ആടിയുലയുന്നത് മറക്കാൻ കഴിയാത്ത ഒരു കൗതുക കാഴ്ചയും. ശരിക്കും ആ ചെടിത്തലപ്പുകൾ കൂട്ടുകൂടാനായി ഞങ്ങളെ മാടിവിളിക്കുന്നുണ്ടായിരുന്നു. ഇങ്ങനെ ഒത്തിരി വഴിയോരക്കാഴ്ചകൾ ആസ്വദിച്ച് ഞങ്ങൾ യാത്ര തുടർന്നു.

A mustard field at Udalguri in Assam (Credit: Assam times)

കുറച്ചു ദൂരം പിന്നിട്ടതോടെ പെട്ടെന്ന് വെയിൽ മങ്ങി അന്തരീക്ഷം മേഘാവൃതമായി. ഇടിയോടുകൂടി ശക്തമായ കാറ്റും മഴയും തുടങ്ങി. ചരൽക്കല്ലുകൾ വാരിയെറിയും മട്ടിലാണ് വെള്ളത്തുള്ളികൾ ഞങ്ങളുടെ കാറിൽ പതിച്ചു കൊണ്ടിരുന്നത്. വൈപ്പറുകൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും ഡ്രൈവർക്ക് മുന്നോട്ടുള്ള കാഴ്ചക്ക് തെളിമ നൽകാൻ അവയ്ക്ക് സാധിക്കുന്നില്ലായിരുന്നു. യാത്ര ഏറെ ദുഷ്കരം. നേരമാണെങ്കിൽ ഇരുട്ടി ത്തുടങ്ങി. എങ്ങോട്ടാണീ പോക്ക്? ഞങ്ങൾ രണ്ടു പേരും ഉള്ളിലെ ആശങ്കകൾ പങ്കുവയ്ക്കാൻ തുടങ്ങി. കല്യാണവീട് എത്ര അകലെയാണെന്നോ എവിടെയാണെന്നോ ഒന്നും കൃത്യമായി അന്വേഷിക്കാതെയല്ലെ ഇറങ്ങിപ്പുറപ്പെട്ടത്?

ഒരു ഉൾനാട്ടിലുള്ള മിലിറ്ററി എയ്ഡ് പോസ്റ്റിനടുത്ത് വണ്ടി നിർത്തിയപ്പോൾ റോഡിലെ എന്തോ തടസം കാരണം വാഹനം പോകില്ലെന്നറിഞ്ഞതോടെ യാത്ര പ്രതിസന്ധിയിലായി. അവർക്ക് എന്തായാലും കല്യാണ വീട്ടിൽ എത്തണം. ഞങ്ങളാണെങ്കിൽ ഒരു മടക്കയാത്രക്ക് മനസ്സുകൊണ്ട് എപ്പോഴോ ഒരുങ്ങിയിരിക്കുകയും. അവസാനം ഞങ്ങൾ ആഗ്രഹിച്ച പോലെ തന്നെയായിരുന്നു അവരുടെ തീരുമാനവും. മഴ തൽക്കാലം കുറഞ്ഞെങ്കിലും പൂർണ്ണമായും പെയ്തൊഴിഞ്ഞ മട്ടില്ല. തിരിച്ചു പോരുന്ന ഞങ്ങൾക്ക് ഭക്ഷണം വാങ്ങി നൽകാനും കൃത്യസ്ഥലത്ത് ഇറക്കാനുമെല്ലാം അവർ ടാക്സിഡ്രൈവർക്ക് നിർദ്ദേശം നൽകിയിരുന്നു. ഡ്രൈവറുമായി കൂട്ടുകൂടിയ ഞങ്ങൾ തിരിച്ച് മംഗൽ ദായിയിലെ താമസസ്ഥലത്തെത്തുമ്പോൾ രാത്രി 12 മണി കഴിഞ്ഞിരുന്നു. അപ്പോഴേക്കും മഴക്കും ശമനമായി. അപ്രതീക്ഷിതമായെത്തിയ മഴയാണ് സത്യത്തിൽ ഞങ്ങളുടെ എല്ലാ മോഹങ്ങളും പൊലിഞ്ഞു പോകുന്നതിനിടയാക്കിയത്.

ഏറെ വൈകിയിട്ടും ഞങ്ങളെത്താതിരുന്നത് കൂട്ടുകാരെയും ഭയപ്പെടുത്തിയിരുന്നുവത്രെ. വീട്ടിൽ ചെന്ന്കയറിയപ്പോൾ അവരത് പ്രകടിപ്പിച്ചില്ലെന്നു മാത്രം. സത്യത്തിൽ എവിടേയ്ക്കാണ് പോയതെന്ന് ഞങ്ങൾക്കു മാത്രമല്ല അവർക്കും അറിയില്ലല്ലോ. കല്യാണം കൂടി രണ്ടു ദിവസം കഴിഞ്ഞാണ് ഞങ്ങളുടെ അസംകാരനായ അയൽവാസി റൂമിൽ തിരിച്ചെത്തിയത്. കുറച്ചു ദിവസങ്ങൾക്കുശേഷം ഉൾഫയുടെ പ്രവർത്തകനായ ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തെന്നുള്ള വാർത്ത ലൂയിസിൽ നിന്നും ഒരു ഞെട്ടലോടെയാണ് പവിത്രനും ഞാനും കേട്ടത്. ഉദ്യോഗസ്ഥരേയും സമ്പന്നരേയും തട്ടിക്കൊണ്ടുപോയി മോചനം ദ്രവ്യം ആവശ്യപ്പെടുകയും അനധികൃതമായി ആയുധങ്ങൾ ശേഖരിച്ച് പലവിധത്തിലുള്ള വിധ്വംസക പ്രവർത്തനങ്ങളിൽ ഏർപ്പെടുകയുമായിരുന്നു ‘ഉൾഫ’യുടെ അക്കാലത്തെ പ്രധാന പ്രവർത്തനങ്ങൾ. അതുകൊണ്ടുതന്നെ സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയതിനൊപ്പം കേന്ദ്രസർക്കാർ ഈ സംഘടന നിരോധിക്കുകയും ‘ഓപ്പറേഷൻ ബജ്‌റംഗ്’ എന്ന പേരിൽ അവർക്കെതിരെ സൈനിക നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു. ഏതായാലും അന്യദേശങ്ങളിലെത്തി ആളുകളുമായി സൗഹൃദം സ്ഥാപിക്കുന്നതും ഒരുമിച്ചുള്ള യാത്രയ്ക്കൊരുങ്ങുന്നതും ഏറെ സൂക്ഷ്മത പുലർത്തേണ്ട കാര്യമാണെന്ന് അതോടെ ഞങ്ങൾക്ക് ബോധ്യപ്പെട്ടു.

ഞങ്ങളുടെ കോളജ് പരിസരത്ത് നിന്ന് 1991 ജൂലായ് മാസത്തിൽ സോവിയറ്റ് യൂണിയൻ പൗരനായ ഒരു എഞ്ചിനിയറെ ഉൾഫയുടെ പ്രവർത്തകർ തട്ടിക്കൊണ്ടുപോകുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്തിരുന്നു. ഇത്തരം വാർത്തകൾ കേൾക്കുമ്പോഴെല്ലാം ഒന്നും ആലോചിക്കാതെ കല്യാണം കൂടാൻ മോഹിച്ചുള്ള ആ യാത്രയുടെ ഓർമ്മകൾ ഉണ്ടാക്കുന്ന ഉൾക്കിടിലം പവിത്രനും ഞാനും പങ്കു വയ്ക്കാറുണ്ടായിരുന്നു. 1991ലെ ലോകസഭ തിരഞ്ഞെടുപ്പിനൊപ്പം അസമിൽ നിയമസഭയിലേക്കും വോട്ടെടുപ്പ് പ്രഖ്യാപിച്ചിരുന്നു. ഇവിടത്തെ കാനേഷുമാരിയിൽ ഞങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകാനുള്ള അതിയായ മോഹം കൊണ്ട് വോട്ടർപ്പട്ടികയിൽ പേരു ചേർക്കാൻ ശ്രമിച്ചാൽ തീർച്ചയായും കുടിയേറ്റ വിരുദ്ധ പ്രസ്ഥാനക്കാർ ഞങ്ങൾക്കെതിരെ തിരിയും.

ലേഖകന്‍ കൂട്ടുകാരോടൊപ്പം

ബി.എഡ്. ക്ലാസ് തുടങ്ങിയ കാലത്ത് ഒരു അസം യുവാവ് സ്കൂട്ടറിൽ ഞങ്ങളുടെ വീടിനു മുമ്പിലെത്തി പരിഭ്രാന്തി സൃഷ്ടിക്കാൻ ശ്രമിച്ചിത് എങ്ങനെ മറക്കാൻ കഴിയും? ഇവിടെ വീട് വാടകക്കെടുത്ത് താമസിക്കുന്നതിന്‍റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെക്കറിച്ചും എങ്ങനെയാണ് അഡ്മിഷൻ നേടിയതെന്നല്ലാമായിരുന്നു ആഗതന്‍റെ ചോദ്യങ്ങൾ. ഹിന്ദി നന്നായി കൈകാര്യം ചെയ്യാനറിയുന്ന ഷംസു അയവാസിയായ ലൂയിസിന്‍റെ സാന്നിദ്ധ്യത്തിൽ കാര്യങ്ങൾ വിശദീകരിച്ചു. ആളുകൂടി രംഗം വഷളാക്കണ്ടെന്നു കരുതി ഞങ്ങൾ പുറത്തിറങ്ങിയിരുന്നില്ല. കോഴ്സ് കഴിഞ്ഞാൽ എല്ലാവരും സ്ഥലംവിടുമെന്ന് ബോധ്യമായതോടെ ആ മുഖത്തെ തീവ്രത സ്ഫുരിക്കുന്ന ഭാവങ്ങളും ഭീഷണി സ്വരവുമെല്ലാം മാറിത്തുടങ്ങുന്നതും സൗഹൃദത്തിന്‍റെ പൂക്കൾ വിരിയുന്നതും ജാലകത്തിലൂടെ ഞങ്ങൾ അഞ്ചു പേരും കാണുന്നുണ്ടായിരുന്നു. മുൻ വർഷങ്ങളിൽ കോഴ്സ് കഴിഞ്ഞ് ഇവിടെ തങ്ങിയ ചിലർ ഇത്തരം ഭീഷണികൾ നേരിടേണ്ടി വന്ന കഥയും ഇടയ്ക്ക് പറഞ്ഞു കേട്ടിരുന്നു. ഏതായാലും പുറത്തു നിന്ന് വന്ന് താമസിക്കുന്നവരെല്ലാം മണ്ണിന്‍റെ മക്കൾ വാദമുയർത്തുന്ന അസംകാരായ ചിലരുടെ നിരീക്ഷണത്തിലാണെന്ന കാര്യം നേരത്തെ തന്നെ ഞങ്ങൾ തിരിച്ചറിഞ്ഞിരുന്നു.

1979 ൽ മംഗൽദായ് മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതായിരുന്നല്ലോ സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും വലിയ അക്രമ പ്രക്ഷോഭങ്ങളിലൊന്നായ ‘അസം മൂവ്മെന്റിന് കാരണമായിത്തീർന്നത്. 1985 ൽ അധികാരത്തിൽ വന്ന അസം ഗണ പരിഷദ് എന്ന പ്രാദേശിക രാഷ്ട്രീയ പ്രസ്ഥാനം ഈ പ്രക്ഷോഭത്തിന്‍റെ സന്തതിയുമായിരുന്നു. ഞങ്ങൾക്ക് വോട്ടില്ലെങ്കിലും ഇവിടുത്തെ ജനാധിപത്യോ ത്സവക്കാഴ്ചകൾ ഒന്നാസ്വദിക്കണമെന്നുണ്ടായിരുന്നു. ടൗണിൽ ചിലയിടങ്ങളിൽ ചുമരെഴുത്തുകളും പോസ്റ്ററുകളും ദൃഷ്ടിയിൽപ്പെട്ടിരുന്നു. അല്ലാതെ കേരളത്തിൽ നഗര ഗ്രാമ വ്യത്യാസമില്ലാതെ പ്രത്യക്ഷപ്പെടാറുള്ള കൊടി തോരണങ്ങൾ കൊണ്ടുള്ള അലങ്കരങ്ങളോ ദിഗന്തം മുട്ടുമാറുച്ചത്തിലുള്ള മുദ്രാവാക്യം വിളികളോ പ്രചാരണ കലാശക്കൊട്ടുകളോ ഒന്നും ഞങ്ങൾ താമസിക്കുന്ന മംഗൽദായിയിലെങ്ങും കണ്ടതേയില്ല.

ഒന്നാം ഘട്ടത്തിൽ ചില സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് കഴിഞ്ഞു. മറ്റിടങ്ങളിൽ ശക്തമായ പ്രചാരണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടയിലാണ് മെയ് 21 ന് തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ എത്തിയ രാജീവ് ഗാന്ധി തമിഴ് പുലികളുടെ (ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം) ചാവേർ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. ഈ ദാരുണ സംഭവം ഞങ്ങൾ അറിയുന്നത് പിറ്റേന്ന് രാവിലെയാണ്. അധികം വൈകാതെ ഞങ്ങളുടെ മുഖ്യവാർത്താ ഏജൻസിയായ അയൽവാസി ലൂയീസിൽ നിന്ന് ഒരു മുന്നറിയിപ്പും വന്നു. “ഇന്ന് ഹർത്താലാണ്. ആരും ടൗണിലേക്കൊന്നും ഇറങ്ങേണ്ട. മംഗൽദായ് ടൗണിൽ ആളുകൾ സംഘടിച്ച് തമിഴ്നാട് സ്വദേശികൾക്കുനേരെ ആക്രമണത്തിന് മുതിർന്നിട്ടുണ്ട്.” ആ വാർത്ത അത്ര നിസാരമായി കാണാൻ കഴിയുന്നതല്ല. കാരണം അസംകാർക്ക് മലയാളികളായ ഞങ്ങളും മദിരാശിവാലകളാണല്ലോ. 1984 ൽ ഇന്ദിരാഗാന്ധി അംഗരക്ഷകരുടെ വെടിയേറ്റു മരിച്ചതിനെ തുടർന്ന് ഡൽഹിയിലും മറ്റും ഉണ്ടായ സംഭവങ്ങളാണ് ഓർമ്മയിൽ തെളിഞ്ഞത്. എത്രയെത്ര നിരപരാധികളായ സിഖുകാരാണ് അന്ന് നിഷ്കരുണം കൊലചെയ്യപ്പെട്ടത്! ഇത്തരം സംഭവങ്ങളുണ്ടാകുമ്പോൾ സംഘടിച്ചെത്തുന്ന ആക്രമണോത്സുകരായ ആൾക്കൂട്ടത്തിനു മുമ്പിൽ ഏതു ഭാഷയും തോറ്റു പോകും.

ചിലപ്പോൾ രാഷ്ട്രീയ നേതൃത്വങ്ങൾക്കുപോലും അവരെ നിയന്ത്രിക്കാൻ സാധിക്കില്ല. ഏതായാലും ആൾക്കൂട്ട മനശാസ്ത്രത്തിന്‍റെ സവിശേഷതകളെക്കുറിച്ചോർത്ത് വേവലാതിപ്പെടാതെ ലൂയിസിന്‍റെ നിർദ്ദേശം ശിരസാവഹിച്ച് മൂന്നു ദിവസം ഉള്ള അരി കൊണ്ട് കഞ്ഞി വെച്ച് അസാമീസ് ചരിത്രവും വിദ്യാഭ്യാസമനശാസ്‌ത്രവുമെല്ലാം ഹൃദിസ്ഥമാക്കി ഞങ്ങൾ വീട്ടിൽ തന്നെ കഴിഞ്ഞുകൂടി.

(തുടരും)Comments
Print Friendly, PDF & Email

You may also like