പൂമുഖം LITERATUREകഥ കുന്ത

കുന്ത

ഉദയത്തിന് മുൻപേതന്നെ കുന്ത പാറപ്പുറത്തുണ്ടാകും. കുളത്തിന് ചുറ്റും കാണുന്ന പൊന്തകൾക്കപ്പുറം പരന്നുകിടക്കുന്ന പാടം. അതിനുമപ്പുറം അവ്യക്തമായി തെങ്ങിൻ തോപ്പുകൾ. അവിടെയാണ് അവസാനമായി സൂര്യനെ കാണുക! കടൽക്കരയിലെ അസ്തമയം കുന്തക്കു പരിചിതമല്ല. അയാളുടെ കടലും കരയുമെല്ലാം കുളമാണ്. ചെങ്കല്ലും കരിമ്പാറയും തിങ്ങിയ ഉറപ്പുള്ള കരയിൽ നിന്നും പാടത്തേക്ക് ഇറങ്ങുന്നിടത്താണ് കുളം. ചുറ്റും ചിതറിപ്പരന്നു കിടക്കുന്ന പാറകൾ. അവിടെ കിടന്നാൽ രാത്രി നിലാവിനെയും നക്ഷത്രങ്ങളെയും കണ്ടുറങ്ങാം. ഇരുട്ടിയാൽ പലരും അവിടെ വന്നിരിക്കും. അത്യാവശ്യം രണ്ടെണ്ണമടിച്ചു സൊറപറയും. ഇവിടെ ടിപ്പുവും സൈന്യവും തമ്പടിച്ചിരുന്നത്രെ. നൂറ്റാണ്ടുകൾക്ക്‌ മുൻപ്, ഏതോ നാട്ടിൽ നിന്നും വന്ന ആരുടെയൊക്കെയോ അധ്വാനത്തിന്റെ വിയർപ്പുതുള്ളികൾ നിറഞ്ഞ കുളം. കാലങ്ങളായി പെയ്ത മഴയും ചൂടും എല്ലാം പാറക്കെട്ടുകൾക്ക് പല മുഖങ്ങൾ നൽകിയിരുന്നു. അതിൽ ഏറെക്കുറെ ആനയുടെ മസ്‌തകം എന്നുതോന്നുന്ന പാറയിലാണ് കുന്തയുടെ ഇരിപ്പ്.

വരമ്പിൽ നിന്നും ഇടവഴി കയറുന്നിടത്താണ് കാഞ്ഞിരക്കാവ്. അതും കഴിഞ്ഞു പോയാൽ പൊളിഞ്ഞു കിടക്കുന്ന ഒരു പഴയ മൺവീടാണ്. അതിന്റെ ഒരു ഭാഗത്ത് പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ചിട്ടുണ്ട്. അതിനകത്താണ് കുന്തയുടെ താമസം. ജീവിതത്തിന്റെ വലിയൊരു ഭാഗവും കുളത്തിനോട് ചുറ്റിപ്പറ്റി കഴിഞ്ഞു കൂടുന്ന അയാൾക്ക് വർഷത്തിൽ മഴയേൽക്കാതെ കിടക്കാനുള്ള ഒരിടമാണത്. തുരുതുരാ ബീഡി വലിച്ചിരുന്ന കുന്തയുടെ പല്ലുകൾക്കു പുകയുടെ നിറമാണ്. മണം പുകലയുടെയും. ചിലപ്പോഴൊക്കെ പുകലയുടെ മണത്തിനൊരു മാറ്റം വരും. അന്നെല്ലാം കണ്ണുകൾ പകുതിയിലധികം വിടർന്ന് ഓണവെയിലിലെ മാനത്ത് കണ്ണികളെപ്പോലെ തിളങ്ങിപ്പാറും. ശാന്തമായ ഒരു പുഞ്ചിരി ചുണ്ടുകളിൽ ഓളം വെട്ടും. ചില നേരങ്ങളിൽ കുന്ത കുളത്തെ നോക്കുകയാണോ അതോ കുളം കുന്തയെ നോക്കുകയാണോ എന്ന മട്ടിൽ കണ്ണുകളും കുളവും നിശ്ചലമാകും. ആ സമയം കാറ്റടിക്കില്ല. ഇലയനങ്ങില്ല. മീനുകൾ ഒരു മന്ത്രവാദിയുടെ വശീകരണത്തിൽ പെട്ട കണക്കെ സ്വയം മറന്നു നിൽക്കും. അല്ലാത്ത സമയങ്ങളിലെല്ലാം ഏറെക്കുറെ ഒരു പോലെ തന്നെ. ഒരേ ശാന്തത, ഒരേ ധ്യാനം.

കുളത്തിന് ചുറ്റും കാട്ടപ്പ, കരിം തെച്ചി, കോളാമ്പി ച്ചെടി, മുള്ളൻപഴം തുടങ്ങിയ പലവിധം കുറ്റിച്ചെടികൾ പൊന്ത കെട്ടി നിൽക്കുന്നു. ഓരോ കാലത്തും ഓരോ ഭാവമാണ്. വേനലിൽ വെള്ളം കുറയും. ഏറെക്കുറെ പച്ച നിറമാകും. വർഷത്തിൽ മലവെള്ളം വരും. പാടവും തോടും കുളവുമെല്ലാം ഒന്നാകും.അകമേയും പുറമെയുമുള്ള ഒഴുക്കുകൾ ഒന്നിക്കും. കുത്തൊഴുക്കിന്റെ ശക്തിയിൽ എല്ലാത്തിനും മണ്ണിന്റെ നിറം. സ്വച്ഛന്ദമായി നടന്നിരുന്ന വരമ്പുകളിൽ വെള്ളം മൂടും. നടക്കാൻ പറ്റാതാകും. എന്നാൽ വെള്ളത്തിൽ കുടുങ്ങിക്കിടന്നിരുന്ന മീനുകൾക്ക് അത് ശരിക്കുമൊരു ആഘോഷമാണ്. അതുവരെ കാത്ത് വെച്ചിരുന്ന കുഞ്ഞുങ്ങളെ കുളത്തിലേക്കു പാറ്റിയിടും. ഒരു കൂട്ടരുടെ സ്വാതന്ത്ര്യം മറ്റൊരു കൂട്ടർക്ക് തടവറയാണ്. സ്വാന്ത്ര്യത്തിനു എല്ലായ്പ്പോഴും സമത്വം കൊണ്ട് വരാൻ കഴിയില്ലെന്ന് തോന്നുന്നു.

മഴ ശമിക്കുമ്പോൾ വെള്ളത്തിനു മാറ്റം വരും. ഓണക്കാലത്ത് നീലനിറമാണ്. അപ്പോൾ കുളത്തിന്റെ അടിത്തട്ട് വരെ കാണാം. രാത്രി ആകാശവും നക്ഷത്രങ്ങളും കുളത്തിലേക്കിറങ്ങി വരും. പകൽ ചുകപ്പും മഞ്ഞയും നീലയുമായി ചുറ്റും വളർന്നു നിൽക്കുന്ന കുറ്റിച്ചെടികൾക്കു മേൽ വർണ്ണങ്ങൾ വിരിയും. ദൂരെയെവിടെയോ നിന്നായി വർണ്ണ ശലഭങ്ങൾ പാറിയെത്തും. വെള്ളയിൽ കറുത്ത പുള്ളിയുള്ളവ, വയലറ്റ് നിറത്തിലുള്ളവ, വെള്ളിക്കസവണിഞ്ഞവ, ചിറകുകളിൽ വിലക്ഷണവൃത്തങ്ങൾ കൊണ്ട് ചുഴികൾ തീർത്തവ, അങ്ങനെ കൂട്ടത്തോടെ ഇണകളായി മുട്ടിയുരുമ്മി പറന്നിറങ്ങും. പച്ചയുടെ കടുപ്പവും ഇളമയും തിങ്ങിയ കുറ്റിച്ചെടികൾക്കു മേൽ വർണ്ണങ്ങൾ മേളിക്കും. അപ്പോഴും അതിലൊന്നും ശ്രദ്ധിക്കാതെ കുന്തയുടെ കണ്ണുകൾ കുളത്തിനടിയിലേക്ക് തന്നെ ആഴ്ന്നിറങ്ങിയിട്ടുണ്ടാകും. വസന്തവും വർഷവും വേനലുമൊന്നും ബാധിക്കാതെ ഇര കാത്തിരിക്കുന്ന മുതല കണക്കേ പാറക്കു മുകളിൽ നിശ്ചലമായി ഒരു തോർത്തു മാത്രമുടുത്തു കുന്തയിരുന്നു.

“ഓൻക്കിപ്പോ എത്ര വയസ്സായിക്കാണും കദ്യാത്താ?”

“നിക്കറിയൂല്ല കല്യാണ്യേ, ന്റെ ചെറ്പ്പത്തിലും ആ പഹേനിങ്ങനെ തന്നെ.
അന്നൂണ്ട് ഓൻക്കാ ആട്ടും താടി.
തന്തീം തള്ളയുമൊക്കെ പണ്ടേ പോയതാ”

പോവേ എങ്ങട്ട്?

പോയീന്ന് പറഞ്ഞാ ചത്ത് പോയീന്ന്.

അപ്പോ ഓന്റെ പെണ്ണുങ്ങളൊക്കെ?

“ഓൻ കെട്ടീല്ല്യടീ,
ഓന്റെ സ്വന്തക്കാരും ബന്ധുക്കാരുമെല്ലാം അക്കൊളത്തിലെ മീനോളാ.
ഓനാകപ്പാടെ കാണുന്ന മൻഷ്യൻമാർ അയില് കുളിക്കാൻ പോണ ഞമ്മള് പെണ്ണുങ്ങളാ”

കിഴക്ക് ഭാഗത്തുള്ള കുന്നിൻമുകളിൽ നിന്ന് വെളിച്ചത്തിൻ്റെ നേരിയ അരികുകൾ കണ്ടു തുടങ്ങിയിട്ടുണ്ട്. പെണ്ണുങ്ങൾ ഇടവഴിയിലൂടെ കുളത്തിലേക്കുള്ള വരവാണ്. വർഷത്തിനു തൊട്ടുമുമ്പെ ധൃതിപ്പെട്ട് കല്യാണങ്ങൾ നടക്കും. അങ്ങനെ ഓരോ പെണ്ണുങ്ങളും പുതിയ വീട്ടിലെ ചൂടും, കുളത്തിലെ തണുപ്പുമറിയും. കല്യാണിയെ അടുത്തിടെയാണ് ദാസൻ കെട്ടിയത്.അങ്ങനെ കല്യാണിയും കുളത്തിലെ അന്തേവാസിയായി. പരിസരത്തെ പെണ്ണുങ്ങളെല്ലാം അലക്കാനും കുളിക്കാനും വരുന്നത് അവിടെയാണ്. പല പെൺകുട്ടികളും അവിടെ വെച്ചാണ് വലിയകുട്ടികളായത് . മാസമുറയും കുളി തെറ്റലും ഗർഭവും ഗര്ഭച്ഛിദ്രവുമെല്ലാം കുളമറിഞ്ഞു.

അടുക്കളയിലുള്ള ചൂടിനെയും കുളത്തിലെ തണുപ്പിനെയും ബന്ധിപ്പിക്കുന്ന പൊക്കിൾക്കൊടിയാണ് ഇടവഴി. ഇടവഴിക്ക് ഇരുവശങ്ങളിലും മുളയും കാട്ട് ചെടികളും. അത് വഴിയാണ് പെണ്ണുങ്ങളുടെ വരവ്. മീനുകളെ പോലെ തന്നെ പല ശരീര ശാസ്ത്രങ്ങളും സ്വഭാവങ്ങളുമുള്ളവർ. മത്സ്യങ്ങൾക്ക് പെണ്ണുങ്ങളോട് കൂടുതൽ സാമ്യമുണ്ടെന്നു തോന്നുന്നു. അതുകൊണ്ടായിരിക്കാം മൽസ്യ കന്യകമാർ ഉണ്ടായത്. ഒത്ത അരക്കെട്ടുള്ള ഒരുത്തി കൈകൾ കൂമ്പിപ്പിടിച്ചു വെള്ളത്തിലേക്ക് കൂപ്പുകുത്തുമ്പോൾ അവളൊരു മൽസ്യമല്ലെന്നു ആർക്കാണ് പറയാനാവുക. നീന്തിത്തുടിക്കുമ്പോൾ കൈകൾ ചിറകുകളെ പോലെ തന്നെ. രണ്ടു കൂട്ടരുടെയും ചുണ്ടുകളിൽ എപ്പോഴും കൂർത്ത ഒരുമ്മ കാത്തു വെച്ചിട്ടുണ്ടാകും.

കുളത്തിലെ മീനുകൾ പലതരമാണ്. അതിൽ തന്നെ പെറ്റു വളർന്നവ. വർഷത്തിൽ വന്നു കൂടിയവ. പുറത്തേക്കെങ്ങോട്ടും പോകാൻ പറ്റാതെ അകപ്പെട്ടു പോയവ. കുളിക്കാൻ വരുന്ന പെണ്ണുങ്ങളും ഏറെക്കുറെ അങ്ങനെയൊക്കെ തന്നെ. അന്നാട്ടിൽ ജനിച്ചു വളർന്നവർ. മറുനാട്ടിൽ നിന്നും കെട്ടിനാൽ നിഷ്കാസിതരായവർ. അങ്ങനെ പലരും രാവിലെ മുതൽ വന്നു കൊണ്ടിരിക്കും. ആദ്യം വരുന്നത് കത്യാത്തയാണ്. വെളുപ്പിന് മുൻപേ എത്തും. മിക്ക പുതു പെണ്ണുങ്ങളും കത്യാത്തയെയാണ് കൂട്ട് പിടിക്കുക. പുതുമോടിയുടെ നാണം. ആളുകൾ കൂടുന്നതിന് മുൻപ് കുളിച്ചു വീട്ടിലെത്താമല്ലോ. ഇല്ലെങ്കിൽ പലരുടെയും പല ചോദ്യങ്ങളും കേൾക്കേണ്ടി വരും. എന്തായാലും കുളം പെണ്ണുങ്ങൾക്കൊരു പറുദീസയാണ്.

പണ്ട് ആണുങ്ങളും കുളത്തിൽ വന്നിരുന്നു. രണ്ടു നേരങ്ങളിലായി രണ്ടിടങ്ങളിലായി ആണും പെണ്ണും വന്നു. വാല്യേക്കാർ ചെക്കൻമാർ പാറയിൽ കയറി കൂക്കി. കുളത്തിലേക്ക് കൂപ്പുകുത്തി. കുളത്തിനടിയിൽ അവ്യക്തമായി പലതും കണ്ടു. കുളം കലക്കിയതിന് പെണ്ണുങ്ങൾ പ്രാകി. ചെക്കൻമാർ വീണ്ടും കലക്കി. നിസ്സഹായരുടെ ഹാലിളക്കങ്ങളും പ്രാക്കുകളും ശക്തിയും ബലവുമുള്ളവർക്ക് ഒരു വിനോദം മാത്രമാണല്ലോ. വരിവരിയായി പോകുന്ന ഉറുമ്പിൻ കൂട്ടങ്ങളുടെ വരിമുറിച്ചും വഴിതെറ്റിച്ചും പരക്കം പാഞ്ഞു നടക്കുന്ന അവറ്റകളെ നോക്കി രസിക്കുമ്പോൾ പലരും ദൈവമാകാറുള്ളത് പോലെ ചെക്കന്മാരും ഒരു തരം ആനന്ദം കണ്ടെത്തി.

മൊബൈൽ ഫോണും ക്യാമറകളും വന്നതിന് ശേഷമാണ് വാസുവിന്റെ ഭാര്യ മീനാക്ഷിയുടെയും മൂസക്കുട്ടിക്കായുടെ മകൾ സുബൈദയുടെയും കുളിക്കാഴ്ചകൾ നാട്ടിലും വിദേശത്തുമുള്ള പലരും കാണുന്നത്. ശേഷം ചില കശപിശകളും ഉന്തും തള്ളും ലഹളയുമൊക്കെയുണ്ടായി. ഒന്ന് രണ്ടു ചെക്കന്മാർ നാടുവിട്ടു. പല പെണ്ണുങ്ങളും കുളി നിർത്തി. രണ്ട് അത്യാഗ്രഹികൾ ഒപ്പിച്ച പണിമൂലം മുഴുവൻ ആണുങ്ങൾക്കും ചീത്തപ്പേരായി. അങ്ങനെ മാന്യന്മാരായ ആണുങ്ങളൊന്നും അവിടെ വരാതായി. പലരും മാന്യരുടെ ലിസ്റ്റിൽ പെടാൻ വേണ്ടിയും വരവ് നിർത്തി. കുളം പായലും ചവറും വന്ന് മൂടി. അപ്പോഴും മസ്തകപ്പാറയിൽ ഒരു ചൂണ്ടലുമായി പുതിയ മീനുകളെയും കാത്ത് കുന്ത അവിടെ തന്നെ ഇരുന്നു.

കുളത്തിന്റെ പുനരുദ്ധാരണത്തിന് പഞ്ചായത്തുകാർ മുന്നിട്ടിറങ്ങി. കുളം വൃത്തിയാക്കി. എന്നിട്ടും ആണുങ്ങൾ ആരും വന്നില്ല. അങ്ങനെയാണ് കുളം പൂർണ്ണമായും പെണ്ണുങ്ങളുടേതാകുന്നത്. അപ്പോഴും കുന്തയോട് മാത്രം ആരും ഒന്നും പറഞ്ഞില്ല. കുന്തക്കു എന്തുമാവാം! ചില അസൂയ മൂത്ത വാല്യക്കാരൻമാരാണ് ആദ്യം അത് പറഞ്ഞു തുടങ്ങിയത്. ആ കുളത്തിന്റെയും മസ്തകപ്പാറയുടെയും അവകാശം കുന്തക്കു കാരണവന്മാരായി അംഗീകരിച്ചു കൊടുത്തിരുന്നല്ലോ! കുളത്തിന്റെയും മീനുകളുടെയും പെണ്ണുങ്ങളുടെയും ഇടയിൽ പാറകളും കുന്തയും മാത്രം.

ആദ്യത്തെ വരവിൽ പെണ്ണുങ്ങൾക്കൊക്കെ കുന്ത ഒരു അസ്വസ്ഥതയായിരുന്നു. ഇട്ടു വന്ന വസ്ത്രങ്ങളിൽ തന്നെ കുളിക്കും. ഈറൻ മാറാൻ പൊന്തകൾക്കിടയിലേക്ക് മറയും. എന്നാൽ പ്രായമായവരും മധ്യവയസ്കരും കുന്തയെ പ്രശ്നമാക്കാതെ അർദ്ധനഗ്നരും പൂർണ്ണ നഗ്നരുമൊക്കെയായി കുളത്തിൽ മുങ്ങി നീന്തി നിവർന്നു തോർന്നു. അതുവരെ വീട്ടിൽ അടക്കത്തിലും പേടിച്ചും നടന്ന പെണ്ണുങ്ങൾ കുളത്തിലെത്തിയാൽ ചിരിക്കാനും കളി പറയാനും തുടങ്ങി. പലരും കുന്തയോടും കളിപറയും. അവരുടെ കളിവാക്കുകൾ കേട്ട് ചിലപ്പോളൊക്കെ കണ്ണുകൾ ആഴങ്ങളിൽ നിന്നും പിൻവലിക്കും. ഇടക്ക് പുകക്കറ നിറഞ്ഞ പല്ലുകൾ കാട്ടി നിഷ്കളങ്കമായി ചിരിക്കും. ചിലപ്പോൾ ഒന്ന് ചൂളും. കണ്ണുകൾ വീണ്ടും കുളത്തിലേക്ക് ഊളിയിടും

അച്ചുണ്യായരുടെ കെട്ടിയോള് ദേവു സാധാരണ പെണ്ണുങ്ങളെ പോലെയല്ല. വായ അടച്ചു വയ്ക്കില്ല. നായരും ദേവയാനി എന്ന ദേവുവും തമ്മിൽ ഒരു പത്തിരുപത് വയസിന്റെ വ്യത്യാസമുണ്ട്. മൂപ്പര് അങ്ങാടിയിൽ ഒരു പലചരക്ക് കട നടത്തുകയാണ്. മൂന്നുനേരവും വയറു നിറയെ തിന്നു കൂർക്കം വലിച്ചുറങ്ങും. കാര്യങ്ങളൊന്നും നടക്കാതെ വന്നപ്പോൾ ആദ്ധ്യാത്മികതയിലേക്ക് തിരിഞ്ഞു. അമ്പലവും പൂജയും ഉറക്കവുമായി നായരങ്ങനെ ജീവിക്കുമ്പോൾ കരയിലിരുന്ന് ശ്വാസം മുട്ടി പിടഞ്ഞ ദേവയാനി കുളത്തിലേക്കു ചാടി പുളച്ചു.

അല്ല കത്യാത്താ ഇവനൊരു ആണല്ലേ?

കുളത്തിൽ ഒരു ചുറ്റ് നീന്തി വന്ന കിതപ്പിൽ ഒന്നാക്കിയ ചിരി ചിരിച്ചാണ് ഒരു ഭാവവ്യതാസവുമില്ലാതെ ഇരിക്കുന്ന കുന്തയെ നോക്കി ദേവു അങ്ങനെ ചോദിച്ചത്

ചോദ്യം കേട്ട കുന്ത ഒന്ന് നോക്കി

പരപ്പും തടിപ്പും ഉള്ള കല്ലുത്തി ഏത് ചൂണ്ടയിലും കുടുങ്ങും. ഏറെക്കുറെ മുകൾ പരപ്പിൽ ആണ് വാസം അധികം ആഴങ്ങളിലേക്കൊന്നും അവ പോകില്ല. കുന്ത ആലോചിച്ചു ഒരു പൊട്ടൻ ചിരിയും ചിരിച്ചു. അതുവരെ അനങ്ങാതെ കിടന്ന ചൂണ്ടക്കു ഒരൊറ്റ വലി. ഒരു വലിയ കല്ലുത്തി ചൂണ്ടയിൽ കിടന്നു പിടക്കുന്നു.

ദേവുവിന്റെ അടിവയറ്റിൽ നിന്നെന്തോ കൊളുത്തി വലിച്ച പോലെ അവൾ ഒന്നു ഞെട്ടി.

“ഇയ്യെന്തിനാണ് ദേവോ ആ പാവത്തിനെ പറയാൻ പോണത്. അനക്കന്റെ നായര്ടെ കാര്യം നോക്കിയാൽ പോരെ”

പറഞ്ഞത് കദീസുമ്മയാണ്.

ദേവു ഒന്നും പറയാതെ എല്ലാം വാരി കെട്ടി കുളത്തിൽ നിന്നും കയറി നടന്നുപോയി.

കുന്തക്ക് ചരിത്രവും ശാസ്ത്രവും വേദാന്തവും എല്ലാം കുളവും മീനുകളുമാണ്. ഓരോ പെണ്ണുങ്ങളെയും അയാൾ ഓരോ മീനുകളായി മനസ്സിൽ കണ്ടു. വർഷക്കാലത്ത് കുളവും പാടവും തൊടുമെല്ലാം ഒന്നായി നിൽക്കുമ്പോഴാണ് ആറ്റുവാളകൾ വിരുന്നു വരിക. അവക്ക് പ്രസവിക്കണമെങ്കിൽ ശരീരം പുല്ലിലുരക്കണം. ചില പെണ്ണുങ്ങൾ ആറ്റു വാളകളെപ്പോലെയാണ്. അന്നാട്ടിലേക്കു വിരുന്നുകാരായി വരുന്നവരാണ്. അവരുടെ നടപ്പും ചിരിയുമെല്ലാം അന്നാട്ടുകാർക്കു ഉത്സവമാണ്. യാതൊരു സങ്കോചവും കൂടാതെ നോട്ടമെറിയാനും ആംഗ്യവിക്ഷേപം നടത്താനും ആത്മവിശ്വാസം വരും. അഥവാ ഇടഞ്ഞാൽ തന്നെ സ്ഥിരം കാണേണ്ടവരല്ലല്ലോ. ആറ്റു വാളകളെ കിട്ടാൻ നല്ല പാടാണ്. എണ്ണത്തിൽ പരിമിതമാണ്. അങ്ങനെ കുളത്തിലെ പലതരം ജനിതകത്തുടിപ്പുകൾ. വർണ്ണച്ചിറകുകളുള്ളവർ, അടിത്തട്ടിൽ നിന്നും വല്ലപ്പോൾ മാത്രം പുറത്തേക്കു വരുന്നവർ. പരപ്പിൽ ജീവിക്കുന്ന മാനത്തു കണ്ണികൾ. പടച്ചട്ട പോലുള്ള ചെതുമ്പലുള്ളവർ. ഒരിണ മാത്രമായി ജീവിക്കുന്ന അപൂർവ്വം ചിലർ. മുശി, കടുങ്ങാലിപ്പരലുകൾ, വെളുമ്പാട്ടിപരലുകൾ തൊണ്ണി അങ്ങനെ വരുന്ന പെണ്ണുങ്ങളെയെല്ലാം കുന്തക്കു മീനുകളെ പോലെ തന്നെ പരിചിതമായിരുന്നു.

പുതിയതായി വന്ന കല്യാണി ഒരു പരൽ മീനാണ്. വളരെ അരുമയോടെ നിഷ്കളങ്കമായി മെലിഞ്ഞ് കൊലുന്നനെയുള്ള ഒരു പരൽമീൻ. രാവിലെ കദീസുമ്മയുടെ കൂടെ സൂര്യനോടൊപ്പം തന്നെ കുളത്തിലേക്ക് വരും വെള്ളത്തെ പോലും അറിയിക്കാത്ത വിധം വെള്ളത്തിൽ അലിഞ്ഞു ലയിച്ചാണ് കുളിയും അലക്കും. കല്യാണിക്ക് കുന്തയെ ആദ്യം പേടിയായിരുന്നു. പിന്നീടത് നാണമായി. പിന്നെ മറ്റെല്ലാ പെണ്ണുങ്ങളെയും പോലെ നാണവും പോയി. കുന്ത പരൽ മീനുകളുടെ കണ്ണുകളിലേക്ക് ഇടക്കിടെ നോക്കി ഓമനത്തത്തോടെ ചിരിക്കും. പരൽ മീനുകളെ പിടിക്കാറില്ല. അഥവാ വല്ല പരലുകളും കുടുങ്ങിയാൽ തന്നെ അവയെ കൊളുത്തിൽ നിന്ന് ഒഴിവാക്കി കുളത്തിലേക്ക് വീണ്ടും വീണ്ടും വിട്ടയച്ചു. കല്യാണി കുന്തയെ ഇടക്കിടക്ക് നോക്കിയെങ്കിലും ഒരു പൊട്ടൻ ചിരിയോടെ കുന്ത തന്റെ കണ്ണുകളെ കുളത്തിലേക്കാഴ്ത്തി.

കരിവാൻ അച്ചുവിന്റെ ലീലയെ കണ്ടപ്പോൾ കുന്തക്ക് ആദ്യം ഓർമ്മ വന്നത് വരാലിനെയാണ്. ലീല പല നേരങ്ങളിൽ പലതാണ്. ഇടക്ക് പെണ്ണുങ്ങളോട് സൗമ്യമായി സംസാരിക്കും. ചിലപ്പോൾ തട്ടിക്കയറും. ചിലപ്പോൾ ആരോടും ഒന്നും മിണ്ടാതെ കുളത്തിൽ നിന്നും കയറി പോകും. അവളുടെ എണ്ണ കറുപ്പുള്ള വെടിവൊത്ത ശരീരത്തെ സൂര്യരശ്മികൾ പോലും ശ്രദ്ധയോടെയാണ് തഴുകിയത്. വരാലുകളെ പിടിക്കാൻ അല്പം പാടാണ്. സാധാരണ ചൂണ്ടക്ക് കുരുങ്ങില്ല. കുരുത്തി വച്ചാൽ എളുപ്പമാണ് ചിലപ്പോഴൊക്കെ വരാലുകളെ കിട്ടിയാൽ പോലും വീണ്ടും കുളത്തിലേക്ക് വിടാറുണ്ട്. അതങ്ങനെയാണ്, കയ്യിൽ കിട്ടിയാൽ അതിനു വേണ്ടി കഷ്ടപ്പെട്ടതെല്ലാം കഥയോ ഉറക്കത്തിൽ കണ്ട ഒരു സ്വപ്നമോ ആയി മാറും. കൗതുകമാണ് ജീവിതത്തിന്റെ ആനന്ദം. കൗതുകം തീർന്നാൽ ജീവിതം മടുക്കും. കുന്തയുടെ ചൂണ്ടലിൽ ഏതാണ്ടെല്ലാ മീനുകളും പെടാറുണ്ടായിരുന്നു. എന്നിട്ടും കുന്തക്ക് കൗതുകം തീർന്നില്ല. കൗതുകം ഒരു പക്ഷേ കുളത്തിനോടായിരുന്നിരിക്കണം. ആത്യന്തികമായി കുളമുള്ളതു കൊണ്ട് മാത്രമാണല്ലോ മീനുകൾ. അവ കുളത്തിന്റെ ജൈവ സ്പന്ദനങ്ങൾ മാത്രം.

കരുവാനച്ചു ആലയിൽ നിന്നും വരുമ്പോൾ ഏറെക്കുറെ അയാളുടെ കണ്ണുകൾ ആലയിലെ കനലുകൾ പോലെ ചുവന്നിരിക്കും. അയാളുടെ ഇരുമ്പിനെ അടിച്ചു പരത്തിയ കൈകൾ മിക്ക ദിവസവും അവളുടെ കവിളിലും ദേഹത്തും പാടുകൾ തീർത്തു. അടികൊണ്ട് കൊണ്ട് കൊണ്ട് വേദന പോലും അറിയാതായി. ആലയിൽ ലോഹം അടിച്ചു പരത്താൻ എടുക്കുന്ന ഒരു കല്ലിനെപ്പോലെയായി ലീല. ഒരു ദിവസം ഉച്ചനേരത്താണ് അവൾ കുളത്തിലേക്ക് വന്നത്. കനത്തവെയിലിൽ കുളം ഒരു കണ്ണാടി കണക്കെ നിശ്ചലമായിരിക്കുകയാണ്. പെണ്ണുങ്ങളെല്ലാം കുളിയും കഴിഞ്ഞു പോയിരിക്കുന്നു. പലതരം തുമ്പികൾ വെള്ളത്തിനു മുകളിൽ വെള്ളിവെളിച്ചത്തിൽ പാറിക്കളിക്കുന്നുണ്ട്. കുന്ത ചൂണ്ടലുമായി മുട്ടുകാലുകൾ കൂട്ടിപ്പിടിച്ച് പതിവ് സ്ഥലത്ത് ഇരിക്കുന്നുണ്ട്. ചുട്ടെടുത്ത കപ്പക്കിഴങ്ങു ചെറിയ കൊളുത്തിൽ കോർത്തെടുക്കുകയാണ്. ഓരോ മീനുകൾക്കുമുള്ള കൊളുത്തും അതിൽ കോരുക്കേണ്ട തീറ്റയും വ്യത്യസ്തമാണ്. ചുട്ടെടുത്ത കപ്പകിഴങ്ങു കുളത്തിന്റെ അടിയിലുള്ള കടുങ്ങാലിപ്പരലുകൾക്കാണ്. മുഷിക്കാണെങ്കിൽ മണ്ണിര വേണം.

ലീല വസ്ത്രം പതിയെ ഊരി മാറ്റി. കറുത്ത ശരീരമായിട്ട് കൂടി ചതഞ്ഞ പാടുകൾ കാണാം. ലീല കുന്തയെ നോക്കിയൊന്നു ചിരിക്കാൻ ശ്രമിച്ചു. വെള്ളത്തിന്റെ തണുപ്പ് തട്ടിയതോടെ അടക്കിപ്പിടിച്ച വേദനകൾ അവളുടെ തലക്കുള്ളിൽ നിന്നും സർപ്പങ്ങളെ പോലെ അരിച്ചിറങ്ങാൻ തുടങ്ങി. കനത്ത ചൂടിൽ കോളാമ്പിപ്പൂക്കൾ വാടിയിട്ടുണ്ട്‍. ഒരായുഷ്‌ക്കാലം മുഴുവൻ ഉള്ളിലൊളിപ്പിച്ചുവെച്ച ലീലയുടെ തേങ്ങൽ ഒരു വലിയ കരച്ചിലായി പുറത്തേക്കു വന്നു. കുളവും കുന്തയും ഒന്നുലഞ്ഞു. ആദ്യമായായിരുന്നു അങ്ങനെ ഒരനുഭവം. കുന്ത മസ്തകപ്പാറയിൽ നിന്നും ഇറങ്ങി. അവളുടെ നീര് വെച്ചു നീലിച്ച മാംസങ്ങളെ പരൽമീനുകൾ അരുമയോടെ തലോടി. വെയിലിന്റെ കാഠിന്യം പതിയെ കുറഞ്ഞു. തണുത്ത കാറ്റടിച്ചു. വർഷാരംഭത്തിന്റെ വരവറിയിച്ചു ആകാശം മുരണ്ടു. സൂര്യനു താഴെ മേഘങ്ങൾ മറ തീർത്തു. വെയിലൊന്നു മങ്ങിയപ്പോൾ വാടിയ കോളാമ്പിപ്പൂക്കൾ ഒന്നുകൂടെ വിടർന്നു. ഒരു കാട്ടുചെടിയിൽ പടർന്നു കയറിയ ശംഘുപുഷ്പത്തിന്റെ ഇതളിൽ ഓണത്തുമ്പി പറന്നിറങ്ങി. കുന്ത അന്ന് കുറെ വരാലുകളെ പിടിച്ചു.

അപ്പോൾ ചാറിത്തുടങ്ങിയ മഴ വൈകുന്നേരത്തേക്ക് കനത്തു. രാത്രി കുളത്തിന്റെ പടവുകളിലേക്ക് വെള്ളം കയറി. തിരിമുറിയാത്ത മഴ. കുളവും പാടവും വെള്ളത്തിൽ ഒന്നായി. മസ്തകപ്പാറയ്ക്കും മുകളിൽ വെള്ളം കയറി അതുവരെ കുളത്തെ തേടിപ്പോയ പെണ്ണുങ്ങളെ തേടി ആദ്യമായി കുളവും മീനുകളും അവരുടെ വീട്ടുപടിക്കൽ എത്തി. പല സ്ഥലങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. പെണ്ണുങ്ങൾ ക്യാമ്പുകളിൽ വച്ച് വീണ്ടും കണ്ടുമുട്ടി പക്ഷേ കുളത്തിലെ പോലെ ആരും ചിരിച്ചില്ല. മേഘവിസ്ഫോടനം ആണ് പോലും

പലരുടെയും വീടുകളുടെ മട്ടുപ്പാവുകളിലും തട്ടിൻപുറങ്ങളിലും വെള്ളമെത്തി. പാത്രങ്ങളും ചെരുപ്പുകളും ഒഴുകി നടന്നു. ഒരാഴ്ച കഴിഞ്ഞു മഴ കുറഞ്ഞു. വെയിലിന്റെ ചൂട് മേഘങ്ങളിലൂടെ ഇറങ്ങിത്തുടങ്ങി. മഹാപ്രളയം തീർന്നിരിക്കുന്നു

കരുവാനച്ചുവിനെ മഴ തുടങ്ങിയ രണ്ടാം ദിവസം മുതൽ ആണ് കാണാതായത്. സന്നദ്ധ പ്രവർത്തകർ ലീലയെ നിർബന്ധപൂർവ്വം വീട്ടിൽ നിന്നും ക്യാമ്പിലേക്ക് മാറ്റുകയായിരുന്നു .വെള്ളം ഇറങ്ങിയിട്ടും ക്യാമ്പുകൾ കാലിയായിട്ടും അച്ചുവിൻറെ വിവരം ഒന്നും കിട്ടിയില്ല. നിർബന്ധിച്ചു തന്നെയാണ് ലീലയെ വീട്ടിലേക്ക് മടക്കിയതും. കാലങ്ങളായി കനൽച്ചൂടിൽ പതച്ചു കിടന്നിരുന്ന ആല വെറും ഒരാഴ്ച നീണ്ട മഴ കൊണ്ട് തണുത്തുറഞ്ഞിരിക്കുന്നു.

പിറ്റേന്ന് രാവിലെ തന്നെ അവൾ ഇടവഴിയിലൂടെ നടന്നു. അവളുടെ ശ്വാസഗതി കൂടിക്കൊണ്ടിരുന്നു. പൊന്തയിൽ അടിഞ്ഞുകൂടിയ കുറെ ചപ്പുചവറുകൾ. ആരുടെയൊക്കെയോ കാലുകളിൽ എവിടെയൊക്കെയോ പോയി വന്ന ചെരുപ്പുകൾ. ചളി പിടിച്ച് കീറി മുഷിഞ്ഞ വസ്ത്രങ്ങൾ. മദ്യത്തിന്റെയും മറ്റും പ്ലാസ്റ്റിക് ബോട്ടിലുകൾ. വെയിലിൽ ഓളം വെട്ടിയിരുന്ന ഇലകളിൽ എല്ലാം ചെളി കട്ട പിടിച്ചിരിക്കുന്നു. ലക്ഷ്യം മസ്തകപ്പാറ മാത്രമായിരുന്നു. അടക്കിപ്പിടിച്ച ശ്വാസത്തോടെ അവിടേക്കു നോക്കി. ഇല്ല കാലിയാണ് വീണ്ടും വീണ്ടും നോക്കി ഉറപ്പുവരുത്തി. ഇല്ല! കുന്ത അവിടെങ്ങുമില്ല! പാറയിൽ നിന്നുള്ള നോട്ടം പതിയെ ചണ്ടി മൂടി കിടന്ന വെള്ളത്തിനു മുകളിൽ എത്തി. അസഹ്യമായ ഒരു ഗന്ധം അവളുടെ മൂക്കിലേക്ക് അടിച്ചു.

പകുതി കരയിലും പകുതി പൊന്തയിലുമായി കിടക്കുന്ന ഒരഴുകിയ ശരീരം!

വര : പ്രസാദ് കാനത്തുങ്കൽ

Comments

You may also like