പൂമുഖം LITERATUREകഥ ഉയിർക്കാതം

ഉയിർക്കാതം

പുറത്തേക്കൊഴുകാൻ തയ്യാറായി നിൽക്കുന്ന കണ്ണീർ, മേശപ്പുറത്ത് നിന്നും ചുരുട്ടിയെടുത്ത ടിഷ്യൂ പേപ്പർ കൊണ്ട് ഒപ്പിയെടുത്ത്, വിതുമ്പാനോങ്ങിയ ചുണ്ടുകൾ ബലമായി അമർത്തി വെച്ച് സ്മൃതി ഒരിക്കൽ കൂടി പറഞ്ഞു.

“ദയവ് ചെയ്ത് കേസ് പിൻവലിച്ചു തരണം.”

അവളുടെ കണ്ണുകളെ അധിക നേരം നോക്കാനാവാതെ , കറുത്ത ഫ്രെയിമുള്ള കണ്ണട വലത് കൈകൊണ്ട് ഒതുക്കി വെച്ച്, ധനേഷ് കമ്പ്യൂട്ടറിലെ അക്കങ്ങളെ പലപല കളങ്ങളിലേക്ക് മാറ്റിയിട്ടു. കണ്ണ് കൊണ്ട് ഒന്ന് പാളി നോക്കിയപ്പോഴാണ് അവളുടെ നെറ്റിയിൽ വിയർപ്പ് തുള്ളികൾ പൊടിഞ്ഞു തുടങ്ങിയിരിക്കുന്നത് ശ്രദ്ധയിൽ പെട്ടത്. ഒരാഴ്ചയായി വൈദ്യുതി വിച്ഛേദിച്ചിട്ട്. ജൂലായ് മാസത്തിലെ അത്യുഷ്ണത്തിൽ എയർ കണ്ടീഷനില്ലാതെ അവരെങ്ങനെ ഉറങ്ങുന്നു എന്നത് അയാളെ അതിശയപ്പെടുത്താതിരുന്നിട്ടില്ല. കറണ്ടില്ലാത്തതിന്റെ വേവലാതികൾ അവൾ ഒന്നും തന്നെ നിരത്തി വെക്കുന്നില്ലല്ലോ എന്ന് , കണ്ണുകൾ മോണിറ്ററിൽ ഒതുക്കി വെച്ച് അയാൾ ആലോചിച്ചു. സഹായിക്കാൻ ആഗ്രഹിക്കാഞ്ഞിട്ടല്ല. ശ്രമിക്കാഞ്ഞിട്ടുമല്ല. ബോസിന്‍റെ കൽപനകളെ മറന്ന്, സ്വയം തീരുമാനമെടുക്കാനുള്ള ആർജ്ജവമില്ല എന്നതാണ് ഒരു തൊഴിലിടത്തെ, ഏറ്റവും വലിയ പോരായ്മ എന്ന് തോന്നി.

“ചികിത്സയ്ക്ക് പോകാനാണ്”

മറുപടിയൊന്നും പറയാതെയാണ് ധനേഷ് കസേരയിൽ നിന്നെഴുന്നേറ്റത്. പുറത്തേക്കുള്ള വാതിൽ കടക്കുമ്പോഴാണ് അയാൾ വിളിച്ചു പറഞ്ഞത്.

“പൈസ തരാതെ ഒന്നും നടക്കൂല. നിങ്ങൾ കാശ് കൊണ്ട് വരൂ..അപ്പം നോക്കാം”

കസേരയിൽ നിന്നും ചാടിയെണീറ്റ് ഒരു മിന്നലായി വാതിൽക്കലേക്ക് പാഞ്ഞെത്തി.

“കൈയിൽ ഇല്ലാത്തോണ്ടാ, എവിടുന്നെങ്കിലും വാങ്ങിച്ച് ഞാൻ ഉള്ളത് കൊണ്ട് വരും.”

“കേസ് പിൻവലിച്ചിട്ട് നാട്ടിലേക്ക് മുങ്ങാനല്ലേ ? നടക്കൂല.”

മറുപടി പറയാൻ അവളോ കേൾക്കാൻ അയാളോ തയ്യാറായിരുന്നില്ല. ആവർത്തിച്ച് പറയുന്ന മറുപടികൾക്ക് പ്രസക്തിയില്ലെന്ന് മനസ്സിൽ വാക്കുകൾ കലപില കൂട്ടി. നാട് ഒരു സങ്കൽപമായി മാറിയതിന്‍റെ ഏഴാം വാർഷികത്തിലാണ് തങ്ങളെന്ന് വെറുമൊരു റിയൽ എസ്റ്റേറ്റ് ജീവനക്കാരനോട് പറയേണ്ടതില്ലെന്ന് മനസ്സ് കണ്ണ് മിഴിച്ചു. വാടകക്കുടിശ്ശിക തീരുമ്പോൾ, ഉയർത്തിപ്പിടിക്കേണ്ട ജീവിത രഹസ്യങ്ങൾ തുറന്ന് വെച്ച് എന്തിന് അറുത്തുമാറ്റണം ?

ഇന്നലത്തെ പത്രത്തിലും കണ്ടതാണ്, മിശ്രവിവാഹത്തിന്‍റെ കോലാഹലങ്ങൾ. ലവ് ജിഹാദ്, ഘർ വാപസി….എന്തൊക്കെയോ പറഞ്ഞു കൊണ്ടിരിക്കുന്നു. പുതിയ നിയമവും വരുന്നുണ്ടത്രേ ! പത്ത് വർഷത്തെ തടവ് . തടവറ ഒരു നിഴലായി ഇല്യാസിന് മുമ്പിൽ തൂങ്ങിയാടുന്നത് പോലെ അവൾക്ക് തോന്നി. നാട്ടിൽ പോയാൽ ലവ് ജിഹാദിന്‍റെ പേരിൽ. ഇവിടെയാണെങ്കിൽ വാടകക്കുടിശ്ശികയുടെ പേരിൽ. പ്രണയമെങ്ങനെയാണ് യുദ്ധത്തിന്‍റെ മേൽക്കുപ്പായമണിയുന്നതെന്ന് എത്ര ചികഞ്ഞാലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ഇന്നലെ സോഷ്യൽ മീഡിയകളിൽ പരന്നൊഴുകിയ ദൃശ്യങ്ങൾ ഇല്യാസിനെ കാണിച്ചില്ല. കാൽ വേദനയുടേയും വാടകക്കുടിശ്ശികയുടെയും ആവലാതികൾക്കിടയിൽ വെറുപ്പിന്‍റെ വികൃതക്കാഴ്ചകൾ എന്തിന് നൽകണം?

ഇല്യാസിന്‍റെ അനിയത്തിക്കുട്ടിയാണ്. പന്ത്രണ്ടാം ക്ലാസ്സുകാരി. തലയിൽ ചുറ്റിക്കെട്ടിയ തട്ടം ഊരിയെടുത്ത്, ബാഗിൽ തിരുകി, സ്‌കൂൾ ഗേറ്റ് കടന്നു പോകുന്ന ദൃശ്യമാണ് മൊബൈലുകളിൽ നിന്നും മൊബൈലുകളിലേക്ക് ചാടിച്ചാടിപ്പോകുന്നത്. ഗവണ്മെന്റ് എന്തിനാണ് ഇങ്ങനെ തട്ടം ഊരിപ്പിക്കുന്നത് എന്ന് ചോദിക്കണമെന്നുണ്ട് .. ആരോട് ? ചായ്‌വുകളില്ലാതെ ചോദ്യങ്ങൾ കേൾക്കാനുള്ള ഇടം ഇല്ലാതായിപ്പോകുന്നു എന്നതാണ് ഒരു രാജ്യത്തിന്‍റെ ഏറ്റവും വലിയ ദുരന്തം. അയൽക്കാരി ഷബാനയോടൊന്നിച്ച്, സ്‌കൂളിലും കോളേജിലും പോയ നാളുകൾ ഓർമ്മകളിൽ കിതച്ച് നിന്നു. തട്ടം ചിലപ്പോൾ ദുപ്പട്ടയായും ദുപ്പട്ട ചിലപ്പോൾ ഹിജാബായും ഒക്കെ ചുറ്റിക്കെട്ടി , അവൾ പെൺ രൂപത്തിന്‍റെ പല ഭാവങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ പലപ്പോഴും കുശുമ്പ് തോന്നിയിട്ടുണ്ട് .

“നീ ഇതുവരെ എന്താണോ അത് പോലെ നടന്നാൽ മതി. ചന്ദനക്കുറിയുമിട്ട് കാച്ചിയ എണ്ണയുടെ മണമുള്ള മുടിയുമായി”

രജിസ്റ്റർ വിവാഹത്തിന്‍റെ പിറ്റേന്നാൾ, അനിയത്തിമാരും ഉമ്മയും ധരിച്ചത് കണ്ടിട്ട്, തലയിൽ ഹിജാബ് ചുറ്റിയപ്പോൾ ഇല്യാസ് ദേഷ്യപ്പെട്ടതങ്ങനെയാണ്.

“ഉമ്മയും പെങ്ങൾമാരും ചെറുപ്പം മുതലേ അങ്ങനെയാണ്. അതവരുടെ സംസ്കാരമാണ്. നിന്‍റെ സംസ്കാരം ഇങ്ങനെയാണ് “

പിന്നീട് ദുബായിൽ വന്നിട്ടും തലയിൽ അങ്ങനെയൊന്ന് ചുറ്റിക്കെട്ടാൻ തോന്നിയിട്ടില്ല. സംസ്കാരത്തിന് മേലുള്ള അധിനിവേശമാണ് ഈ തട്ടം അഴിപ്പിക്കലെന്ന് സ്‌മൃതിയുടെ മനസ്സ് ചൂരൽ കാണിച്ചു പേടിപ്പിച്ചു. ദന്ത ഗോപുരത്തിന്‍റെ പടിവാതുക്കലിരുന്നു നിയമങ്ങൾ നിർമ്മിക്കുന്നവർക്ക് പെണ്മനസ്സിന്‍റെ സൗന്ദര്യ ബോധം എവിടുന്നറിയാൻ!

വിവാഹത്തിന്‍റെ രണ്ടാം നാളിലാണ് ഇല്യാസിന്‍റെ വീട്ടു പടിക്കലേയ്ക്ക് ഒരു കൂട്ടം ആളുകൾ കരി പുരണ്ട മുദ്രാവാക്യങ്ങളുമായി തിമർത്തു കൂടിയത്. തങ്ങളുടേത് ലവ് ജിഹാദ് ആണത്രേ. ‘മണ്ണാങ്കട്ട’. അങ്ങനെയാണ് അപ്പോൾ മനസ്സിൽ തോന്നിയത്. ആറ് വർഷത്തെ പ്രണയത്തിന്‍റെ പരിണാമ ഗുപ്തിയാണ് ഉഡുപ്പി രജിസ്ട്രാഫീസിലെ റെക്കോർഡ് ബുക്കിൽ പെയ്തിറങ്ങിയത്.

“ഓംകാരേശ്വര ക്ഷേത്രത്തിൽ പോകണോ ?”

ഭൗതിക വാദിയാണെങ്കിലും ഇല്യാസ് അങ്ങനെ ചോദിച്ചത് ഓംകാരേശ്വര ക്ഷേത്രത്തിലുള്ളത്, തന്‍റെ ഇഷ്ട ദേവിയാണെന്ന് അറിയാവുന്നത് കൊണ്ടാണ്. ആറ് വർഷത്തെ പ്രണയത്തിനിടയിൽ ഒരിക്കലും തന്‍റെ ഇഷ്ടദേവിയെ ഉപേക്ഷിക്കാൻ പറഞ്ഞിട്ടില്ല. വിവാഹത്തിന്‍റെ അധികാരം ഉറപ്പിച്ചിട്ടും. എന്നിട്ടാണിപ്പോൾ ലവ് ജിഹാദ് എന്ന് പറഞ്ഞു ചിലർ ആക്രോശിക്കുന്നത് സംരക്ഷണം തരാൻ വേറെ ചിലരും. സംരക്ഷണത്തിന്‍റെ മറവിൽ ജീവിതത്തിന്‍റെ പുതിയ വഴി അടിച്ചേല്പിക്കപ്പെടുമോ എന്ന് ഭയന്നതിനാലാണ്, ഇല്യാസ് പറഞ്ഞത്.

“കെട്ടാൻ അറിയാമെങ്കിൽ നോക്കാനുമറിയാം”

ഭൗതികവാദ സൗഹൃദങ്ങളിൽ ആരോ ആണ് ഒറ്റ ദിവസം കൊണ്ട് ദുബായിയിലേക്കുള്ള വിസിറ്റ് വിസ അയച്ചത്. എല്ലാ ഭയങ്ങളിൽ നിന്നുമുള്ള മുക്തിയായിരുന്നു ഈ അഭയ കേന്ദ്രം. വെറുപ്പിന്‍റെ പ്രത്യയ ശാസ്ത്രങ്ങൾ ചിതയിലെരിയുന്ന നേരത്ത് തിരികെ പോകാമെന്നു കരുതിയതാണ്. അത് പക്ഷേ നാശമില്ലാതെ ആകാശം നോക്കി വളരുകയാണ്. ആദ്യം തുടങ്ങിയത് ഭക്ഷണത്തിലാണ്. ഇപ്പോഴത് വേഷത്തിലെത്തി നിൽക്കുന്നു. സ്വന്തം പ്രത്യയ ശാസ്‌ത്രപരമായി, അനിവാര്യമായ വേഷങ്ങൾ ധരിക്കാൻ കഴിയാതെ വരുമ്പോഴാണ്, അവർ വിദ്യാഭ്യാസങ്ങളിൽ നിന്നും അകന്നു പോവുക. പെൺ വിദ്യാഭ്യാസം ആരെയൊക്കെയോ അലോസരപ്പെടുത്തുന്നുണ്ട് .. ആലോചനകൾ വിരാമമില്ലാതെ നീണ്ടു നിവർന്നിരിക്കുകയാണ്.

“അവരെന്താ പറഞ്ഞത്? റിയൽ എസ്റ്റേറ്റിൽ നിന്ന് ?” വേദന നിറഞ്ഞ കാൽ പതുക്കെ നീക്കി വെച്ച് കൊണ്ടാണ് ഇല്യാസ് ചോദിച്ചത്.

“മുഴുവൻ പണവും കൊടുത്താലേ കേസ് പിൻ വലിക്കുകയുള്ളത്രെ !”

കൈയിൽ വെറുതെ കൊണ്ട് നടക്കുന്ന ബാഗ് സ്‌മൃതി മേശപ്പുറത്തേക്ക് നീക്കി വെച്ചു. ഹൈപ്പർ മാർക്കറ്റിലെ സെയിൽസ് വുമണിന്‍റെ ശമ്പളം കൊണ്ട് എങ്ങനെ വീട്ടാനാണ് ഈ കടം. ഒരിക്കലും തീരാത്ത കടം തടിച്ചു കൊഴുത്തു കൊണ്ടിരിക്കുകയേയുള്ളൂ എന്ന് മനസ്സിൽ വാക്കുകൾ പതഞ്ഞു പൊന്തി. ഒരു ഫോൺ വിളിക്കിടയിൽ ഇല്യാസിന്‍റെ ഉമ്മയാണ് പറഞ്ഞത് ‘അല്ലാഹുവിന്‍റെ പരീക്ഷണമാണ്. ദൈവ നിഷേധിയായത് കൊണ്ട്.’

തന്‍റെ അസ്തിത്വത്തെക്കുറിച്ച് ഉത്തമ ബോധ്യമുള്ള ദൈവം തന്നെ നിഷേധിക്കുന്നവരോട് എന്തിന് കോപിക്കണം ? ഇല്യാസിന്‍റെ മറുപടിയിൽ പ്രകോപിതയായ ഉമ്മ മറുപടിയായി ഒന്നും പറഞ്ഞിരുന്നില്ല.

“ഒന്ന് പ്രാർത്ഥിച്ചു കൂടെ ? “പഴുത്ത് വികൃതമായി ചോരയൊലിക്കുന്ന കാലിൽ മരുന്ന് പുരട്ടുന്നതിനിടയിൽ സ്‌മൃതി ചോദിച്ചു.

“നിന്‍റെ കണ്ണീർ നേരിട്ട് കണ്ടിട്ട് മനുഷ്യർ കരുണ കാണിക്കുന്നില്ല. പിന്നെയാണോ ദൈവം ?”

തോൽവി അംഗീകരിക്കാനാവാത്ത മനസ്സാന്നിധ്യം. സ്‌മൃതി തല ഉയർത്തി നോക്കി.

“മോൾടെ സ്‌കൂൾ ഫീസും ഡ്യൂ ആയിട്ടുണ്ട്” തന്നോട് തന്നെ പറഞ്ഞ വാക്കുകൾ ഉച്ചത്തിലായിപ്പോയതാണ്. അതിൽ സ്‌മൃതിക്ക് സങ്കടം തോന്നി വേദനിപ്പിക്കേണ്ടിയിരുന്നില്ല.

“കാലിന്‍റെ ഈ വേദനയും പഴുപ്പും ഒന്ന് മാറിക്കോട്ടെ. എന്തെങ്കിലും ജോലിക്ക് പോയാൽ തീരുന്നതേയുള്ളൂ ഈ പ്രശ്നങ്ങളൊക്കെ”. മരിച്ചു പോയ പ്രതീക്ഷകളൊക്കെ അവളുടെ കണ്ണുകളിൽ തന്നെ കുഴി കുത്തി.

രണ്ടര വർഷമായി കാൽ വേദന തുടങ്ങിയിട്ട്. എച്ച് ആറിൽ നിന്നും കൊടുത്തയച്ച പിരിച്ചു വിടൽ നോട്ടീസ്, കൈയിലിരുന്ന് വികൃതമായി ചിരിച്ചു. ക്യാൻസൽ ചെയ്ത എംപ്ലോയ്മെന്റ് വിസ, വിസിറ്റ് വിസയായും പിന്നീടത് കാലാവധി കഴിഞ്ഞ വിസിറ്റ് വിസയായും രൂപാന്തരപ്പെട്ടു. കാലൊന്ന് നിലത്ത് വെക്കാൻ കഴിഞ്ഞിരുന്നെങ്കിൽ. മനസ്സ് ആഗ്രഹങ്ങളുടെ തിണ്ണപ്പുറത്ത് കയറിയിരുന്നു. വേദനയും പഴുപ്പുമെല്ലാം ചേർന്ന് കാൽ നിലത്ത് വെക്കാൻ കഴിയുന്നില്ല. പഴയ ഐഡി കാർഡ് കാണിച്ചിട്ടാണ് ആദ്യമൊക്കെ ചികിത്സ നടത്തിയിരുന്നത്. ആദ്യത്തെ വേദന കാലിന്‍റെ തള്ള വിരലിൽ ആയിരുന്നു. പിന്നീടത് ചെറു വിരലിലേക്കും, ഉപ്പൂറ്റിയിലേക്കുമെല്ലാം പടർന്നപ്പോഴാണ് റോളയിലെ ക്ലിനിക്കിൽ, ഡോക്ടറെ കണ്ടത്.

വര: പ്രസാദ്‌ കാനത്തുങ്കല്‍

“യൂറിക് ആസിഡ് ആയിരിക്കും. ഒന്ന് പരിശോധിച്ചു നോക്കാം ” രണ്ടാം നാളിലെ റിസൾട്ട് യൂറിക് ആസിഡിന്‍റെ വ്യതിയാനമൊന്നും കാണിച്ചില്ല . “ആർത്രൈറ്റിസും ഒന്ന് പരിശോധിച്ചാലോ”

പരിശോധനകൾ അങ്ങനെ പലതായി നീണ്ടു നിന്നു. ഗുളികകൾ മാസങ്ങളെ പിറകോട്ട് മാറ്റിയിട്ടും വേദന ഒഴിഞ്ഞു പോകാൻ കൂട്ടാക്കിയില്ല. നാട്ടിൽ പോയി ചികിൽസിക്കാം, വരുന്നത് വരട്ടെ എന്ന് കരുതിയതാണ്. അപ്പോഴാണ് റിയൽ എസ്റ്റേറ്റിൽ നിന്നും ജീവിതത്തിനു ആമം കെട്ടിയ ഫോൺ കോൾ.

“റിട്ടേൺ ആയ ചെക്ക് കേസ് ആക്കിയിട്ടുണ്ട്. പിന്നെ മുനിസിപ്പാലിറ്റി കോടതിയിലും. യാത്രക്ക് നിരോധനമുണ്ട്. മുഴുവൻ പൈസയും അടച്ച് ക്ലിയർ ചെയ്തോളൂ” ധനേഷിന്റേതാണ്.

പ്രതീക്ഷകളും സ്വപ്നങ്ങളും ആ ഫോൺ വിളിയിൽ എരിഞ്ഞമർന്നു പോയി. അതിന് ശേഷമുള്ള ഒരു വർഷം, ഒരു നൂറ്റാണ്ടായി കണ്മുൻപിൽ താണ്ഡവ നൃത്തം ചെയ്തു.

കേസ് ഒന്നിൽ നിന്ന് രണ്ടും രണ്ടിൽ നിന്ന് മൂന്നുമായി വീർത്തു. ജോലി തേടിയുള്ള സ്‌മൃതിയുടെ പരക്കം പാച്ചിൽ, വിശപ്പ് അവസാന മുന്നറിയിപ്പും തന്നപ്പോഴാണ്, ഹൈപ്പർമാർക്കെറ്റിൽ സെയിൽസ് വുമൺ ആയി യൂണിഫോം ധരിച്ച് നിന്നത്.

“മോളൂ”

ഒരലർച്ചയാണ് കേട്ടത് ഇല്യാസിന്‍റെതാണ്. ഗ്ലാസ്സിലേക്ക് ഒഴിക്കാൻ വെച്ച ചായ കിച്ചൻ സ്ളാബിന് മേൽ തന്നെ വെച്ച്, സ്‌മൃതി ഓടിക്കിതച്ചെത്തി. ഇല്യാസ് നിലത്ത് വീണിരിക്കുന്നു. കാൽ മുട്ടിന് താഴെ രണ്ട് കൈകൾ കൊണ്ടും മുറുകെ പിടിച്ച്, സ്‌മൃതിയെ നോക്കി. ചോര നിറഞ്ഞ കണ്ണുകൾ.

“ഈ കാലൊന്ന് മുറിച്ചു തരുമോ ..? പ്ലീസ് .. സഹിക്കാൻ പറ്റണില്ല”

ഇനിയുമൊഴുക്കിവിടാൻ കണ്ണീർ ഇല്ലാത്തതിനാലാകാം അവൾ അയാളെ ഇറുകെ പിടിക്കുക മാത്രം ചെയ്തു. ഒന്നും മിണ്ടാതെ. വാതിലിൽ ശക്തമായ മുട്ട്. നിശബ്ദതയിൽ പ്രതിധ്വനിച്ച ആ ഒച്ച രണ്ട് പേരുടെയും ഉടലാകെ കുടഞ്ഞിട്ടു.

അവൾ വാതിൽ തുറന്നു. രണ്ട് പോലീസുകാർ.

കവര്‍: വില്‍സണ്‍ ശാരദ ആനന്ദ്‌

Comments
Print Friendly, PDF & Email

You may also like