പൂമുഖം LITERATUREലേഖനം കർണാടക : മോദി മാജിക്കിന് താങ്ങാൻ കഴിയുന്നതിനുമപ്പുറം?

കർണാടക : മോദി മാജിക്കിന് താങ്ങാൻ കഴിയുന്നതിനുമപ്പുറം?

മെയ് 10 ന് നടക്കുന്ന കർണാടക നിയമസഭ തിരഞ്ഞെടുപ്പ് ഭാരതീയ ജനതാ പാർട്ടിക്കും കോൺഗ്രസിനും ഒരുപോലെ നിർണായകമാണ്. കാരണം ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യം എങ്ങനെ മാറുമെന്ന് കർണാടക ഫലങ്ങൾ സൂചിപ്പിക്കും
രാജസ്ഥാൻ, മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ് ഗഡ്‌ എന്നീ സംസ്ഥാനങ്ങളിൽ ഈ വർഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. മാത്രമല്ല, അടുത്ത വർഷം നടക്കാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിനു മുൻപ് ദക്ഷിണേന്ത്യയിൽ നടക്കുന്ന പ്രമുഖ തിരഞ്ഞെടുപ്പാണ് കർണാടകത്തിലേത്. ദക്ഷിണേന്ത്യയിൽ പാർട്ടി ഭരിക്കുന്ന ഏക സംസ്ഥാനമായതിനാൽ കർണാടകയിൽ എങ്ങനെയും വിജയിക്കണമെന്ന് ബിജെപിക്ക് നന്നായിട്ട് അറിയാം. വിജയം തെക്ക് അവരുടെ സ്വാധീനം വ്യാപിക്കുന്നത് എളുപ്പമാക്കുകയും തങ്ങൾ പ്രാഥമികമായി ഒരു ഉത്തരേന്ത്യൻ പാർട്ടിയാണെന്ന ലേബൽ തിരുത്തുകയും ചെയ്യും.
സർക്കാരിന് ചൂണ്ടിക്കാണിക്കുവാൻ പ്രത്യേക മികവൊന്നുമില്ലാതിരുന്നതിനാൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും ഭരണം കൈവിട്ടു പോയ സംസ്ഥാനമായിരുന്നു അവർക്കു കർണാടക. പിന്നീട് നാണം കെട്ട കുതികാൽ വെട്ടിലൂടെ പണവും പദവിയും നൽകി കുമാരസ്വാമിയുടെ ഭരണത്തെ അട്ടിമറിച്ചു നേടിയ ഭരണത്തിൽ അഭിമാനിക്കാൻ കഴിയില്ലെന്ന് അവർക്ക് അറിയാം.
സംസ്ഥാനത്തിലെ അടിസ്ഥാനസൗകര്യവികസന പദ്ധതികൾ നടപ്പിലാക്കാൻ തങ്ങൾക്ക് നൽകിയ പ്രതിഫലത്തിന്റെ 40 ശതമാനം തിരിച്ചു നൽകേണ്ടിവരുമെന്ന പ്രാദേശിക കരാറുകാരുടെ ആരോപണങ്ങൾ ഇല്ലാതാക്കുക എളുപ്പമല്ല. പ്രതിപക്ഷം “പേ സി എം” എന്ന പേരിൽ ബി ജെ പി ഭരണത്തിനെതിരെ അഴിമതി ആരോപണം ശക്തമായി ഉന്നയിച്ചത് ഇന്നും ജനമനസ്സുകളിൽ ഉണ്ട്.
ഭരണം മോശമായതിനാൽ ബി.ജെ.പിക്ക് അത് നിലനിർത്തുവാൻ പൊരുതേണ്ടി വരുമെന്നത് യാഥാർഥ്യമാണ്. മോശം അടിസ്ഥാന സൗകര്യങ്ങൾ, വർദ്ധിച്ചുവരുന്ന അഴിമതി, വർഗീയ സംഭവങ്ങൾ, ലവ് ജിഹാദ്, ഹിജാബ് നിരോധനം തുടങ്ങിയ അർത്ഥശൂന്യമായ വിവാദങ്ങൾ, തുടങ്ങി നിരവധി കാരണങ്ങളാൽ വോട്ടർമാർ അസന്തുഷ്ടരാണ്.


കഴിഞ്ഞ 20 വർഷത്തിനിടെ സംസ്ഥാനത്ത് ഒരു പാർട്ടിയും തുടർച്ചയായി ജയിച്ചിട്ടില്ലെന്നതും ബിജെപിയെ ആശങ്കയിലാക്കുന്നു. 224 അംഗ നിയമസഭയിൽ ഭൂരിപക്ഷത്തിന് 125 സീറ്റുകളാണ് ബിജെപിക്ക് വേണ്ടത്. നിലവിൽ 119 എംഎൽഎമാരാണുള്ളത്.
പാർട്ടിയിലെ ആഭ്യന്തരകുഴപ്പങ്ങളും സീറ്റുമോഹികളുടെ കൊഴിഞ്ഞുപോക്കും സ്ഥാനാർഥിപ്രഖ്യാപനവും ബിജെപിയെ വല്ലാതെ അസ്വസ്ഥമാക്കുന്നുണ്ട്. മുൻ മുഖ്യമന്ത്രിയും ബി ജെ പിയെ കർണാടകത്തിൽ വളർത്തിയതിൽ വലിയ പങ്കു വഹിച്ചയാളും ആയ യെദിയൂരപ്പക്ക് പിന്നിൽ പാർട്ടിയിലെ രണ്ടാമത്തെ നേതാവാണ് ലിംഗായത്ത
വിഭാഗത്തിലെ ജഗദീഷ് ഷെട്ടാർ. 100 സീറ്റുകളിൽ ഫലങ്ങൾ മാറ്റിമറിക്കുവാൻ ശക്തിയുള്ള , ബി ജെ പിയുടെ വോട്ടുബാങ്കായ ലിംഗയാത്ത സമുദായത്തിൽ വലിയ സ്വാധീനമുള്ള നേതാവ്. ഈയിടെയാണ് ഉപമുഖ്യമന്ത്രിയും മറ്റൊരു പ്രമുഖ ലിംഗായത്ത നേതാവുമായ ലക്ഷ്മൺ സാവാദി, അത്താണി സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് രാജി വച്ച് കോൺഗ്രസിൽ ചേർന്നത്. സ്വന്തം തട്ടകമായ ഹൂബ്ലി- ദർവാഡ് സെൻട്രൽ മണ്ഡലത്തിൽ ജഗദീഷ് ഷെട്ടാറിനും അത്താണിയിൽ ലക്ഷ്മൺ സവാദിക്കും കോൺഗ്രസ് സീറ്റു നൽകി. മറ്റൊരു ഉപ മുഖ്യമന്ത്രിയായ ഈശ്വരപ്പക്കും സീറ്റു നിക്ഷേധിച്ചു. പാർട്ടിയിൽ സീറ്റു ലഭിക്കാതെ പോയ മന്ത്രിമാരും എം എൽ എ മാരും ഉൾപ്പെടെയുള്ളഎല്ലാവരും കട്ട കലിപ്പിലാണ്.
തങ്ങളുടെ മണ്ഡലത്തിൽ കാറ്റ് മാറി വീശിത്തുടങ്ങി എന്നറിഞ്ഞ പല ബി ജെ പി നേതാക്കളും ജെ ഡി എസ് നേതാക്കളും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുന്നേ തന്നെ രാജിവെച്ച് കോൺഗ്രസ്സിൽ എത്തിയിരുന്നു. വിവാദങ്ങൾക്കൊടുവിൽ യെദിയൂരപ്പക്ക് മുഖ്യമന്ത്രി സ്ഥാനം നഷ്ടമായതു മുതൽ അദ്ദേഹവും പാർട്ടിയോട് ഇടഞ്ഞ് നിൽക്കുകയായിരുന്നു. പക്ഷെ മോദിയുടെയും അമിത് ഷായുടെയും ഇടപെടലുകൾ കൊണ്ടും മകൻ വിജയേന്ദ്രക്കു സീറ്റു നല്കിയതിനാലും ഒട്ടൊന്നടങ്ങി നിൽക്കുകയാണ് യെദിയൂരപ്പ. യെദിയൂരപ്പയോടും, ഷെട്ടാറിനോടും സവാദിയോടും അനീതി കാണിച്ചത് ലിംഗായത്ത് വിഭാഗത്തെ അപമാനിച്ചതിന് തുല്യമാണെന്നും അതിനാൽ ഇക്കുറി ലിംഗായത്ത് വോട്ടുകൾ കോൺഗ്രസിന് അനുകൂലമാകുമെന്നും കോൺഗ്രസ് പ്രചരിപ്പിക്കുന്നു.
ഭരണ വിരുദ്ധ വികാരവും, മുഖ്യമന്ത്രി ബാസവരാജ്‌ ബൊമ്മയുടെ പ്രതിച്ഛായ നാൾക്കുനാൾ താഴേക്കു പോകുന്നതും അഴിമതിയും, വികസനമില്ലായ്മയും പാർട്ടിയിലെ ആഭ്യന്തര കലഹങ്ങളും നേതാക്കളുടെ കൊഴിഞ്ഞു പോക്കും ബി ജെ പിയുടെ ഉറക്കം കെടുത്തുകയാണ്. മുഖ്യമന്ത്രിയായി ആരെയും ഉയർത്തിക്കാട്ടാതെയാണ് ഇക്കുറി ബി ജെ പി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. കാരണം പ്രതിച്ഛായ ഉള്ള നേതാക്കൾ ബി ജെ പിയിൽ കുറവാണ്.


അതിനാൽ, കേന്ദ്രത്തിലും സംസ്ഥാനത്തിലും ഒരേ പാർട്ടി തന്നെ അധികാരത്തിൽ വരുന്നത് എത്ര പ്രധാനമാണെന്ന് ആവർത്തിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രൊജക്റ്റ് ചെയ്യുക എന്നതാണ് ബി ജെ പിയുടെ ഗെയിം പ്ലാൻ.
മോദി ഒരു അവസരവും നഷ്ടപ്പെടുത്തുന്നില്ല. ഈ വർഷം , തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനു മുമ്പ് അദ്ദേഹം ഏഴ് തവണ സംസ്ഥാനം സന്ദർശിച്ചു. ഒരു ലക്ഷം കോടിയിലധികം രൂപ ചെലവ് വരുന്ന 50 വികസന പദ്ധതികളാണ് ഈ വർഷം മോദി ഉദ്ഘാടനം ചെയ്തത്.
ഗുജറാത്തിലേത് പോലെ കർണാടകയിലും തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മോദി പാർട്ടിയുടെ മുഖമാകുമെന്ന് പ്രവചിക്കാം. ബിജെപി തങ്ങളുടെ പണബലം ഉപയോഗിച്ച് പ്രചാരണം ശക്തമാക്കുമെന്നും വോട്ടർമാരെ വശീകരിക്കാനുള്ള പതിവ് ധ്രുവീകരണ തന്ത്രത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു.
കർഷകർ, ന്യൂനപക്ഷങ്ങൾ, ദലിതുകൾ, മതേതര സംഘടനകൾ, ജനാധിപത്യപരമായി ചായ്‌വുള്ള സ്ഥാപനങ്ങൾ, സ്വരാജ് ഇന്ത്യ അനുഭാവികൾ, ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ടവർ എന്നിവരടങ്ങുന്ന ‘യെഡ്ഡേലു കർണാടക’ (വേക്ക് അപ്പ്, കർണാടക) എന്ന പുതിയ ഗ്രൂപ്പുമായും ബി.ജെ.പിക്ക് മത്സരിക്കേണ്ടതുണ്ട്. ഈ പുതിയ ഗ്രൂപ്പിന് കോൺഗ്രസ്സിനോടാണ് ചായ്‌വ് എന്നത് പരസ്യമായ രഹസ്യമാണ്.
യെഡ്ഡേലു കർണാടക ഒരു പ്രധാന സമ്മർദ ഗ്രൂപ്പായി ഉയർന്നുവരാൻ സാധ്യതയുള്ളതിനാൽ, സർക്കാരിനും ബി ജെപിക്കും എതിരായി വരുന്ന വാർത്തകളേയും പ്രചാരണങ്ങളേയും നിർവീര്യമാക്കാൻ എല്ലാ മണ്ഡലങ്ങളിലും തങ്ങളുടെ കാലാളുകളെ ആസൂത്രിതമായി പ്രവർത്തനസജ്ജമാക്കാൻ ബി.ജെ.പി. കിണഞ്ഞു ശ്രമിക്കുന്നുണ്ട്. കൂടാതെ എതിരാളികളെ സംബന്ധിച്ച് വ്യാജവാർത്തകളും എതിർ പ്രചാരണങ്ങളും നടത്തുന്നതിന് സോഷ്യൽ മീഡിയയെ പരമാവധി ദുരുപയോഗം ചെയ്യുവാനും അവർ മടിക്കുന്നില്ല.
പാർട്ടിയുടെ ഉന്നതതല യോഗത്തിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള എല്ലാ ഉന്നത നേതാക്കളെയും പ്രചാരണത്തിനായി അണിനിരത്താൻ നേതൃത്വം തീരുമാനിച്ചു.ഗുജറാത്തിൽ ചെയ്തത് പോലെ. കേന്ദ്ര-സംസ്ഥാന മന്ത്രിമാർ, അറിയപ്പെടുന്ന എംപിമാർ, എംഎൽഎമാർ എന്നിവരെ പങ്കെടുപ്പിക്കും. വിജയിക്കുമെന്ന് അവർ കണ്ടെത്തിയ 115 മണ്ഡലങ്ങളിൽ കേന്ദ്രീകരിക്കാനാണ് പാർട്ടിയുടെ തന്ത്രം.
റോഡുകളും മലിനജലവും പോലുള്ള വിഷയങ്ങൾ ചർച്ച ചെയ്യരുതെന്നും പകരം വർഷങ്ങളായി പാർട്ടി പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന സാങ്കൽപ്പിക പ്രതിഭാസമായ ലൗ ജിഹാദിന്റെ അപകടങ്ങളെക്കുറിച്ച് സംസാരിക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ നവീൻ കുമാർ കട്ടീൽ മംഗലാപുരത്ത് പാർട്ടി പ്രവർത്തകരോട് പറഞ്ഞപ്പോൾ വോട്ടർമാരെ ധ്രുവീകരിക്കാനുള്ള വ്യഗ്രത പ്രകടമായിരുന്നു. മുസ്ലീം ആൺകുട്ടികൾ എങ്ങനെയാണ് ഹിന്ദു പെൺകുട്ടികളെ വിവാഹശേഷം മതംമാറ്റാൻ വശീകരിക്കുന്നത് എന്നു പഠിക്കണമെന്നും രാമക്ഷേത്രം നിർമ്മിച്ച പാർട്ടിക്കാണോ ടിപ്പു സുൽത്താനെ പിന്തുണച്ചവർക്കാണോ വോട്ട് ചെയ്യേണ്ടതെന്ന് വോട്ടർമാർ തീരുമാനിക്കണമെന്നും ആഭ്യന്തരമന്ത്രി അമിത് ഷായും തിരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു.
സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളിലെ 2B വിഭാഗത്തിലുള്ള മുസ്ലീങ്ങൾക്കുള്ള 4% സംവരണം ബൊമ്മൈ അടുത്തിടെ എടുത്തുകളഞ്ഞു. 2C, 2D വിഭാഗങ്ങൾക്ക് കീഴിലുള്ള ശക്തരും സ്വാധീനമുള്ളവരുമായ വൊക്കലിംഗ , ലിംഗായത്ത് വിഭാഗങ്ങളുടെ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിൽ ആ ക്വോട്ട അവർക്ക് അനുവദിച്ചു.


ആഭ്യന്തര പ്രശ്‌നങ്ങളും ഭരണരംഗത്തെ തിരിച്ചടികളും കൊണ്ട് ദുർബലമായ ബി.ജെ.പി.യെ നേരിടുമ്പോൾ ഏറ്റവും വലിയ കക്ഷിയായി ഉയർന്നുവരാമെന്നാണ് കോൺഗ്രസ് പ്രതീക്ഷിച്ചിരുന്നത്. പക്ഷെ ബി ജെ പിയുടെ സ്ഥാനാർഥി നിർണ്ണയം പൂർത്തിയായതിനെത്തുടർന്ന് പ്രമുഖ നേതാക്കൾ കൂറുമാറി കോൺഗ്രസിൽ ചേർന്ന് മത്സരിക്കുന്നതോടെ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാമെന്ന മോഹത്തിലാണ് കോൺഗ്രസ്. ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധി സമാഹരിച്ച പിന്തുണയും സാധാരണക്കാരുടെ സുമനസ്സും സഹായിക്കുമെന്നും പാർട്ടി പ്രതീക്ഷിക്കുന്നു.
മോദി – അദാനി സൗഹൃദവിവാദവും , പുൽവാമ ഭീകരാക്രമണത്തിനു ഉത്തരവാദി മോദി ഭരണകൂട മാണെന്ന മുൻ ജമ്മു കാശ്മീർ ഗവർണർ സത്യപാൽ മാലിക്കിൻറെ പ്രസ്താവനയും ബി ജെ പിക്ക് വിനയാകുമെന്ന കാര്യത്തിൽ സംശയമില്ല.
മുൻപ് രാഷ്ട്രീയസൗകര്യം ലാക്കാക്കി ജെഡി-എസ് കോൺഗ്രസുമായും ബിജെപിയുമായും സഖ്യത്തിലായിരുന്നു. അതിനാൽ ആർക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയില്ലെങ്കിൽ ജെഡി-എസ് ഇരുപതോളം സീറ്റുകൾ നേടിയാൽപോലും കിംഗ് മേക്കർ ആകുമെന്നതായിരുന്നു അവസ്ഥ .
സംസ്ഥാനത്തെ ജനസംഖ്യയുടെ 12 ശതമാനത്തോളം മുസ്‌ലിങ്ങളാണ് . എന്നാൽ അവരുടെ വോട്ട് കോൺഗ്രസും മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജനതാദൾ-സെക്യുലറും ഭിന്നിക്കും. നൂറോളം സീറ്റുകളിൽ സ്വാധീനമുള്ളതിനാൽ മുസ്‌ലിങ്ങൾക്കു നിർണായക പങ്കുണ്ട്. അത് കോൺഗ്രസിനോ ജെഡി-എസിനോ നേട്ടമുണ്ടാക്കുമോ എന്ന് കണ്ടറിയണം.
200 യൂണിറ്റ് സൗജന്യ വൈദ്യുതി, ബിപിഎൽ കാർഡ് ഉടമകൾക്ക് 10 കിലോ അരി , കുടുംബം നയിക്കുന്ന സ്ത്രീകൾക്ക് പ്രതിമാസം 2,000 രൂപ വേതനം തൊഴിൽരഹിതരായ ബിരുദധാരികൾക്ക് 3,000 രൂപ എന്നിവയാണ് കോൺഗ്രസ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇക്കുറി പ്രചാരണത്തിന് വളരെ മുന്നേ തന്നെ കോൺഗ്രസ് അവരുടെ വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചു എന്നത് ശ്രദ്ധേയമാണ്.
കോൺഗ്രസും വിഭാഗീയത കൊണ്ട് കലുഷിതമാണ്. കോൺഗ്രസ് വിജയിച്ചാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിദ്ധരാമയ്യയും കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡി കെ ശിവകുമാറുമാണ് മത്സരിക്കുന്നത് . സിദ്ധരാമയ്യയുടെയും ശിവകുമാറിൻ്റെയും അനുയായികൾ തമ്മിൽ തർക്കത്തിലാണെന്നത് രഹസ്യമല്ല. ഇരുവരും ഇപ്പോൾ പരസ്യമായി യുദ്ധം ചെയ്യാത്തത് കോ ൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഒരു താൽക്കാലിക സമാധാനം ഉണ്ടാക്കിയതിനാലാണ്. ഖാർഗെ കർണാടകയിൽ നിന്നുള്ള ശക്തനായ നേതാവാണെന്നതിൻ്റെ ഗുണവും കോൺഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്.
ബി.ജെ.പിക്കും കോൺഗ്രസിനും ഇക്കുറി ജീവന്മരണ പോരാട്ടമാണ്. അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിൻ്റെ സ്പന്ദനങ്ങൾ ഈ തെരഞ്ഞെടുപ്പിലൂടെ അറിയാം. അത് രാഷ്ട്രീയ ചക്രവാളത്തിലെ ദിശാസൂചികയായി മാറും.

Comments
Print Friendly, PDF & Email

You may also like