പൂമുഖം LITERATUREകഥ കെ. എച്ച്. ഹുസൈൻ കഥകൾ

കെ. എച്ച്. ഹുസൈൻ കഥകൾ

1 – അയഥാർത്ഥങ്ങൾ

രാത്രി കുട്ടു കരയുന്നതു് കേട്ടു. മുറ്റത്തു് ഇരുട്ടിലിറങ്ങി ഞാനവനെ വിളിച്ചു. മഞ്ഞുപെയ്യുന്നു. കാട്ടിൽ നിലാവു് നിഴലുപോലെ.

നേരം വെളുത്തിട്ടും അവൻ വന്നില്ല. പകലും കണ്ടില്ല, രാത്രിയും വന്നില്ല. അവനങ്ങനെയാണ്. ഒരുനാൾ അപ്രത്യക്ഷനായി രണ്ടുമൂന്നാഴ്ച കഴിയുമ്പോൾ, പ്രതീക്ഷകൾ മങ്ങവേ അവനെത്തും.

ഭാര്യ വല്ലാതെ ഉൽക്കണ്ഠപ്പെട്ടു. അവർ ഇതിലേ നടപ്പുണ്ട്, അവൾ ഭയത്തോടെ പറഞ്ഞു. ഞാൻ ആശ്വസിപ്പിച്ചു, പകൽ നാമില്ലാത്തപ്പോൾ അവൻ പതുങ്ങിവരുന്നുണ്ടാകും, രാത്രി നാമുറങ്ങുമ്പോഴും. കുട്ടു ഒരു പാവത്താൻ, അവൾ നെടുവീർപ്പിട്ടു. അർദ്ധരാത്രിയിൽ ഞാനെഴുന്നേറ്റ് കാട്ടിൽ നിഴലനങ്ങുന്നുണ്ടോ എന്നു് നോക്കി. നേർത്ത മഞ്ഞിൽ കരിയിലകളുടെ ശബ്ദത്തിനായി കാതോർത്തു. പ്രപഞ്ചം നിശ്ശബ്ദമായി ഉറങ്ങുന്നു.

ആരോടും ഒന്നും മിണ്ടാതെ പകൽ മുഴുവൻ മകൾ നടന്നു. പിന്നാമ്പുറത്തെ കുറ്റിക്കാട്ടിൽ അവളുടെ കണ്ണുകൾ പരതുന്നതു് നിശ്ശബ്ദം ഞാൻ വീക്ഷിച്ചു. ഇടയ്ക്കു് അവൾ ചൂളം കുത്തി. അതുകേട്ടു് കുട്ടൂ, കുട്ടൂ എന്നു് ഭാര്യ ഉറക്കെ വിളിക്കാൻ തുടങ്ങി.

അവൻ ഇനി വരില്ലെന്നു് എന്റെ മനസ്സു് മന്ത്രിച്ചു.

കുറ്റിക്കാടുകൾ അനങ്ങി, മിന്നായംപോലെ ചാടിവന്നു്, നമ്മെ വിളിച്ചുണർത്തി, നമ്മോടൊപ്പം കഥകൾ പറഞ്ഞും കേട്ടും, ഒരു നേരത്തെ ആഹാരം കഴിച്ചു്, ആഹ്ലാദത്തോടെ വീണ്ടും കാട്ടിലേയ്ക്കു്….. എന്നൊക്കെയാണു് നമ്മുടെ ആഗ്രഹങ്ങൾ. അവർ കാട്ടിൽ പതുങ്ങിയിരിക്കുന്നു എന്നത് നമ്മുടെ സങ്കല്പങ്ങളാകാം. കാട്ടിലെ നിലാവു് പലപ്പോഴും മായികമായി തോന്നുന്നു. മഞ്ഞിൽ കുതിർന്ന കരിയിലകളുടെ ശബ്ദവും തോന്നലുകളാകാം.

കുട്ടു പിന്നീടു് വന്നില്ല.

2 – മരണപ്പാട്ടുകാർ

ജയിലിന്റെ വന്മതിലിന്നപ്പുറം സ്കൂൾ വിട്ടു് വീട്ടിലേക്ക് മടങ്ങുന്ന കുട്ടികളുടെ ആരവം കേൾക്കാം. സെല്ലിൽ കയറാൻ നേരമായി എന്നു് അതു് ഓർമിപ്പിക്കുന്നു. വൈകാതെ വാർഡർമാർ വന്നു് നിരത്തിനിറുത്തും. ജയിലർ എണ്ണിതിട്ടപ്പെടുത്തും.

ചില ദിവസങ്ങളിൽ കുട്ടികളുടെ ആഹ്ലാദം രാത്രിവരെ നീണ്ടുപോകും. വീട്ടിലേക്കു മടങ്ങാതെ അവർ കൂവുന്നതും കെട്ടിമറിയുന്നതും ആക്രോശിക്കുന്നതും, ഇരുട്ടുപരക്കുമ്പോൾ നിശ്ശബ്ദം വീട്ടിലേയ്ക്കു മടങ്ങുന്നതും സെല്ലിലിരുന്നു് സങ്കല്പിക്കാം. പൊൻകുഞ്ഞുങ്ങളെ ഞാൻ കാണുന്നു എന്നു് മുഹമ്മദലി കണ്ണടച്ചിരുന്നു് പറയുന്നു. അകന്നുപോകുന്ന ആരവങ്ങളിൽ മുഴുകി അയാൾ ചിലപ്പോൾ കരഞ്ഞിരുന്നു.

രാത്രിയിൽ അയാൾ വിപ്ലവപ്പാട്ടുകൾ പാടി. യുദ്ധത്തിനിടയിൽ കുതിരപ്പുറത്തിരുന്നു് മൂളിയ പാട്ടുകൾ. പാട്ടു കേൾക്കാനായി വാർഡർമാർ സെല്ലിന്നടുത്തു വന്നിരിക്കും. അടുത്ത സെല്ലുകളിലെ കൂട്ടുകാരത് ഏറ്റുപാടും. അകലെയൊരു സെല്ലിൽ പീതാംബരൻ ചോറ്റുപാത്രത്തിൽ തബല മുട്ടും. മുഹമ്മദലി നിറുത്തുമ്പോൾ പൂർവ്വാധികം ഭംഗിയിൽ അകലെ മറ്റൊരു സെല്ലിലിരുന്നു് വേണു പാടിപ്പാടി നേരംവെളുപ്പിക്കും.

ജയിൽവിട്ടിറങ്ങി നാലുവർഷം കഴിഞ്ഞപ്പോൾ വേണു ആത്മഹത്യചെയ്തു. മുഹമ്മദലി പറഞ്ഞാണറിഞ്ഞതു്. പഴയ തടവുകാർ സെല്ലുകളിലെ സന്ധ്യകൾ മറന്നുകഴിഞ്ഞിരുന്നു. മുഹമ്മദലി മാത്രം വൈകുന്നേരം സെല്ലുകളിലേയ്ക്കു് മടങ്ങിപ്പോയി അവരോടൊപ്പം കുട്ടികളുടെ ആരവം കാതോർത്തിരിക്കും. ജയിലിൽവെച്ചു് അയാൾ പറഞ്ഞിരുന്നതു് സ്വാതന്ത്ര്യം എന്നതു് തടവറയിൽ കിടക്കുമ്പോഴുള്ള കാതോർക്കൽ എന്നാണു്. നാട്ടിൽ കലുങ്കിൻപുറത്തു് സന്ധ്യയ്ക്കിരിക്കുമ്പോൾ അയാൾ പറഞ്ഞതു് സ്വാതന്ത്ര്യം എന്നതു് തടവറയിലെ കലഹിക്കുന്ന ഓർമ്മകൾ എന്നാണു്.
സ്വാതന്ത്ര്യത്തിന്റെ ചില രാത്രികൾ ഇടയ്ക്കിടെ വന്നുചേരുകയും മാവോയുടെ പാട്ടുകൾ മുഹമ്മദലി പാടുകയും ചെയ്തുകൊണ്ടിരുന്നു. വഴിപോക്കരിൽ ചിലർ അതു കേട്ടുനിന്നു. ചെറുപ്പക്കാരുടെ ഒരു സംഘം ഗംഭീരമായിരിക്കുന്നു എന്നു പറഞ്ഞു് ചിരിച്ച് കടന്നുപോയി.

ജയിലിൽനിന്ന് ഇറങ്ങിയതിനുശേഷം ആത്മഹത്യ ചെയ്ത സഖാക്കൾ ഓരോരോ സെല്ലുകളിലേയ്ക്കു് ചേക്കേറി. പല രാത്രികളിലും പാട്ടുപാടി സെല്ലിലുള്ള കൂട്ടുകാരെ മുഹമ്മദലി ഉണർത്തി. കുളത്തിൽ മുങ്ങിമരിച്ചതിനുശേഷം മുഹമ്മദലി ഈ സെല്ലുകളിലെ നിത്യസന്ദർശകനായി. ആദ്യം പുറപ്പെട്ടുപോയ വേണുവോടൊപ്പമിരുന്നു് പാടാൻ അവസരം കിട്ടിയതിൽ അദ്ദേഹം അത്യധികം സന്തോഷിച്ചു.

3 – കായൽ നക്ഷത്രങ്ങൾ

മൂക്കിൽ ഉറുമ്പ് അരിച്ചുനടക്കുന്നതായി സ്വപ്നം കണ്ടു എന്നവൾ പറഞ്ഞു.

ആകാശത്തേക്ക് പറന്നുപോകുന്നതായി എപ്പോഴും കാണാറുണ്ടായിരുന്ന സ്വപ്നം ഇപ്പോളവൾ കാണാറില്ല. കാൽമുട്ടിന് വേദന കൂടിവരുന്നു. നീരും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

കായൽതീരത്തെ പറമ്പിൽ പോയി ദിവസം മുഴുവൻ വെള്ളത്തേയും വള്ളങ്ങളേയും നോക്കിയിരിക്കണമെന്ന് അവൾ പറയുമായിരുന്നു. വള്ളം കരയ്ക്കടുക്കുമ്പോൾ ഫ്രെഷ് ആയ മത്സ്യം കിട്ടും. അതുവാങ്ങി കറിവെച്ച് എല്ലാവർക്കും വിളമ്പണം. അമ്മാവനേയും കുടുംബത്തേയും വിളിക്കണം. ഒരു ചെറിയ കഷണം അവൾക്കും തിന്നാൻ മോഹമുണ്ട്. കടുത്ത പ്രമേഹം അതിനെതിരാണ്. കരയിൽ, കാറ്റേറ്റ് അന്തിയാവോളം കായലിനെ നോക്കിയിരുന്നാൽ മതി, മറ്റൊന്നും വേണ്ട – അവൾ പറയുന്നു.

പറമ്പിൽനിന്ന് തിരികെപോരുമ്പോൾ അവൾ നിശ്ശബ്ദയായി. അവൾ ചോദിച്ചത് മരിച്ചാൽ എവിടെ കുഴിച്ചിടും എന്നാണ്. കായലിന്നരികെ, കുഴിമാടത്തിൽ എന്ന് അയാൾ ഝടുതിയിൽ മറുപടി പറഞ്ഞു.

നഗരത്തിലെത്തി അയാൾ അവൾക്കെഴുതി. ആത്മമിത്രം എന്ന് വരുമെന്ന് നമുക്കാർക്കും അറിയില്ല. ആരെയാണവൻ ആദ്യം ആശ്ലേഷിക്കുക? നമ്മുടെ കുഴിമാടങ്ങൾ കായലിന്നരികെത്തന്നെയാകട്ടെ. നമ്മിൽ ശേഷിക്കുന്നവർ ദിവസവും വിളക്കുതെളിയിക്കണം. ചരമദിനത്തിൽ മെഴുകുതിരികൾ കത്തിച്ച് കായലിൽ ഒഴുക്കണം. നക്ഷത്രങ്ങൾ ചാഞ്ചാടുന്നതും നോക്കി ഞാൻ, അല്ലെങ്കിൽ നീ രാത്രി മുഴുവൻ ഇരിക്കണം. സ്മൃതികൾ വന്നു് നമ്മെ പൊതിയുമ്പോൾ കരയണം.

മക്കളില്ലാത്തവരുടെ ജന്മം അങ്ങനെയാണ്. കായൽപ്പരപ്പിലെ നക്ഷത്രങ്ങൾ കെട്ടടങ്ങിപ്പോകുന്നു. നാസാരന്ധ്രങ്ങളിൽ ഉറുമ്പരിക്കാൻ തുടങ്ങുന്നു.

4 – മുഹമ്മദലിപ്പക്ഷി

താഴ്‌വരയിൽ പച്ചപ്പാടം. മലയുരുമ്മി കാർമേഘങ്ങൾ. മേഘത്തിനുള്ളിൽ വെളുത്ത കൊറ്റി.

ബസ്സിലിരുന്ന് മുഹമ്മദലി അതുതന്നെ നോക്കിയിരുന്നു. ഇവിടമാണ് നിന്റെ ജീവിതം പച്ചപിടിപ്പിക്കേണ്ടതെന്ന് എന്നെ ഓർമ്മിപ്പിച്ചു. എന്റേതു മാത്രമോ എന്നു ഞാൻ കലഹിച്ചു. വെള്ളകൊറ്റികൾ പറക്കുന്നതിലേക്കു് മുഹമ്മദലി മടങ്ങിപ്പോയി.

വളവുതിരിഞ്ഞപ്പോൾ എല്ലാം അപ്രത്യക്ഷമായി. ഇരുപത്തഞ്ച് വർഷങ്ങൾക്കുശേഷം എല്ലാവളവുകളും തിരിച്ചുവരുന്നു. താഴ്‌വരയിൽ മേഘങ്ങൾ താണുപറക്കാതായി. പാടങ്ങൾ നികന്നപ്പോൾ കൊറ്റികൾ വരാതായി.

മുഹമ്മദലി മാത്രം എപ്പോഴും എത്തുന്നു. അയാൾ വെള്ളക്കൊറ്റിയെപോലെ താഴ്‌വരയാകെപറക്കുന്നു. എവിടെയാണ് ചേക്കേറുന്നത് എന്ന് ചോദിക്കുമ്പോൾ മലമുകളിലേക്ക് തലതിരിച്ച് കള്ളക്കണ്ണിറുക്കുന്നു. ഞാനും വരട്ടേ എന്ന് വൃഥാ ചോദിക്കുമ്പോൾ ചിറകുവിരുത്തി അത് അപ്രത്യക്ഷനാകുന്നു. ഏത് മലയുടെയപ്പുറത്തേക്ക്? ഏത് ഇടുക്കിലേക്ക്?

പച്ചപിടിച്ച ജീവിതത്തിലേക്ക് അരിയും പച്ചക്കറിയുമായി ഞാൻ എന്നും മടങ്ങിപ്പോയി.

മലമടക്കുകളിലേക്കുപോയ മുഹമ്മദലി തീയടങ്ങിയ കണ്ണുകളുമായി നക്ഷത്രങ്ങൾ പരതി. അവൻ കണ്ടത് പകലിന്റെയൊടുവിൽ കൺചിമ്മാൻ തുടങ്ങിയ ആദ്യനക്ഷത്രത്തെയായിരുന്നു. പൂർവ്വജന്മത്തിലെ ഒടുങ്ങാത്ത ഓർമ്മകൾ പക്ഷിയെ അകലെ നാട്ടിലേക്ക് പറത്തിക്കൊണ്ടുപോയി. ദുഃഖകരമാംവണ്ണം മൈതാനം നിർജ്ജനമായിരുന്നു. സിനിമാകൊട്ടക മാസങ്ങൾക്കുമുമ്പേ അടച്ചുപൂട്ടിയിരുന്നു. രാത്രിയേറെ ഇരുട്ടിയിട്ടും കടത്തിണ്ണയിൽ രണ്ട് കൂട്ടുകാർ മാത്രം മുഹമ്മദലിയുടെ ഓർമ്മകളിൽ നിശ്ശബ്ദരാകുന്നത് പക്ഷി അറിഞ്ഞു.

മലമടക്കിലേക്കവൻ തിരിച്ചുപോന്നു. നേർത്ത മഞ്ഞിൽ ജീവന്റെ സങ്കടം അവനെ പൊതിഞ്ഞു. അന്നുരാത്രി പക്ഷി പരുന്തിന്റെ വസ്ത്രവും തീക്ഷ്ണമായ കണ്ണുകളും എടുത്തണിഞ്ഞില്ല. വെള്ളക്കൊറ്റിയുടെ ശൂഭ്രത ധരിച്ച് ആകാശവിസ്തൃതിയിൽ പരിഹാസികളെ തിരഞ്ഞു. പണ്ട് മൈതാനത്തിന്റെ സന്ധ്യകളിലുണർന്ന അതേ കുഞ്ഞുനക്ഷത്രങ്ങൾ ഇന്ന് അറുതിയില്ലാത്ത ഏകാന്തതകളേയും നൊമ്പരങ്ങളേയും സഹനീയമാക്കിത്തീർക്കുന്നു.

ചുറ്റും പൊതിയുന്ന തണുപ്പിൽ പക്ഷി ഉറങ്ങാനായി തലചായ്‌ച്ചു.

വര : ശിവ

കവർ : സി പി ജോൺസൻ

Comments
Print Friendly, PDF & Email

You may also like