പൂമുഖം 'ഒരു ചോദ്യം - ഒരുത്തരം' ശക്തി പ്രാപിക്കുന്ന ബൗദ്ധിക വിരുദ്ധത

ശക്തി പ്രാപിക്കുന്ന ബൗദ്ധിക വിരുദ്ധത


ചോദ്യം : ചരിത്രത്തെ വളച്ചൊടിക്കുകയും തിരുത്തിയെഴുതുകയും പാഠ പുസ്തകങ്ങളിൽ നിന്ന് തന്നെ ഒഴിവാക്കുകയും ചെയ്യുന്നൊരു കാലഘട്ടത്തിലാണല്ലോ നമ്മൾ ജീവിക്കുന്നത്. ചരിത്രം തന്നെ പഠിക്കേണ്ടതില്ലെന്നും അത് ജീവസന്ധാരണത്തിനു ഉതകില്ലെന്നും വരെ വാദങ്ങൾ ഉയരുന്നു. എങ്ങിനെ കാണുന്നു?

എൻ പി ആഷ്‌ലി

ഉത്തരം : ചോദ്യം പരാമർശിക്കുന്ന രണ്ടു വിഷയങ്ങളും തമ്മിൽ അടിസ്ഥാനപരമായി പൊരുത്തക്കേടുണ്ട്. അതിരിക്കട്ടെ. 1999-2004 കാലഘട്ടത്തിൽ വാജ്പെയ് സർക്കാറിൽ ചരിത്രം മാറ്റിയെഴുതു ന്നതിനായി ചിട്ടപ്പെടുത്തിയ ഒരു ഇക്കോസിസ്റ്റം ഉണ്ടായിരുന്നു. ഇപ്പോൾ അതുപോലൊന്നുമില്ല. അങ്ങനെ ഒരു ഘടനാരൂപമോ സ്ഥാപനമോ മെനയുവാനുള്ള പാടവം ഇന്നത്തെ സർക്കാരിനില്ല.അധ്യാപകരേയും അക്കാദമിക് കൌൺസിൽ അംഗങ്ങളെയും പേടിപ്പിച്ചുവെച്ചു കുറേ കാര്യങ്ങൾ ചെയ്യന്നുണ്ടെന്നല്ലാതെ സാർത്ഥ കമായ ഇടപെടലൊന്നും ഉണ്ടാവുന്നില്ല. അതിനവർക്ക് കഴിവില്ല. അതിനു വേണ്ട ആൾബലമോ ഒരു സ്ഥാപനം ഉണ്ടാക്കാനുള്ള വൈദഗ്ധ്യമോ ഇല്ല.
പൊതു വിജ്ഞാനകേന്ദ്രങ്ങളുടെ മൂല്യശോഷണം കുറെയൊക്കെ നടക്കുന്നുണ്ട്. ഒന്നിനും കൊള്ളാത്ത കോഴ്സുകൾ കൊണ്ട് വരികയാണ് ഒരു വഴി.

ചരിത്രം ആവശ്യമുണ്ടോ എന്ന ചോദ്യം. ഒരു ഡിസിപ്ലിൻ എന്ന നിലക്കാണ് ചരിത്രം ആവശ്യമാവുന്നത്. ഉദാഹരണമായി കോവിഡ് വന്നപ്പോൾ മഹാമാരികളുടെ ചരിത്രം അവലംബം എന്ന നിലക്ക് ആവശ്യം വന്നു. ഓരോ പഠനവിഷയവും അതിന്റെ ചരിത്രത്തെയാണ് പഠിപ്പിക്കുക. അങ്ങനെ നോക്കുമ്പോൾ ഇപ്പോൾ നടക്കുന്ന പല കാര്യങ്ങളും 18 ആം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിൽ നടന്നതാണെന്നു നമുക്ക് മനസ്സിലാവും. ആ നിലയ്ക്കാണ് ചരിത്രം വിദ്യാഭ്യാസത്തിൽ ഒരു വിഷയം ആവുന്നത്. അതേസമയം ഒരുപാട് പേർ തിരഞ്ഞെടുക്കുന്ന വിഷയമല്ല ചരിത്രം.

1960 നു ശേഷം ബൗദ്ധിക മുന്നേറ്റത്തിൽ ഒരു സ്തംഭനം ദൃശ്യമാണ്. ഇന്ത്യയിൽ മാത്രമല്ല, ലോകമൊട്ടുക്കും. പുതിയ കുറേ കാര്യങ്ങൾ വരുന്നുണ്ടെങ്കിലും അവക്ക് ഒരു വൈജ്ഞാനിക സ്വഭാവം കൈവന്നിട്ടില്ല. പഠിച്ചു ജോലി നേടി പണം കിട്ടുവാനുള്ള ഉപാധികൾ മാത്രമേ ആവുന്നുള്ളൂ.

ചരിത്രം പ്രധാനമല്ല എന്നവാദം മുൻപും ഉണ്ടായിട്ടുണ്ട്. ചരിത്രം ഒരു പ്രത്യേക രീതിയിലാണ് സക്രിയമാവുക. പരസ്പര ബന്ധവും തുടർച്ചയും ഇല്ലാതെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ എന്തെങ്കിലും കാട്ടി ക്കൂട്ടുന്നതിൽ കാര്യമില്ലല്ലോ. ഒരു വശത്ത് മാധ്യമ വിരുദ്ധതപോലെ ബൗദ്ധിക വിരുദ്ധതയും ശക്തി പ്രാപിക്കുന്നുണ്ട്. ഇതിന് തടയിടാൻ അക്കാദമിക്കുകളുടെ ഭാഗത്തുനിന്നും ഏകാഗ്രവും ഭാവിയിലൂന്നിയതും ആർജ്ജവമുള്ളതും ആയ ശ്രമങ്ങൾ ഉണ്ടാവാത്തതാണ് കാരണം. അതുണ്ടാവണം.

കവർ : ജ്യോത്സ്ന വിത്സൺ

Comments

You may also like