ചോദ്യം: ചരിത്രത്തെ വളച്ചൊടിക്കുകയും തിരുത്തിയെഴുതുകയും പാഠ പുസ്തകങ്ങളിൽ നിന്ന് തന്നെ ഒഴിവാക്കുകയും ചെയ്യുന്നൊരു കാലഘട്ടത്തിലാണല്ലോ നമ്മൾ ജീവിക്കുന്നത്. ചരിത്രം തന്നെ പഠിക്കേണ്ടതില്ലെന്നും അത് ജീവസന്ധാരണത്തിനു ഉതകില്ലെന്നും വരെ വാദങ്ങൾ ഉയരുന്നു. എങ്ങിനെ കാണുന്നു?

ഉത്തരം: പുതുതലമുറയിൽ ചരിത്രവായന ഇല്ലാതായോ ? എങ്കിൽ , മനു എസ് പിള്ള എന്ന ഇരുപത്തിയാറുകാരൻ മലയാളി എന്തുകൊണ്ട് തിരുവിതാംകൂർ ചരിത്രം പഠിക്കാൻ ബ്രിടീഷ് മ്യൂസിയത്തിൽ പോയി ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ രേഖകൾ പരിശോധിച്ച് സേതുലക്ഷ്മിഭായ് എന്ന റീജന്റ് മഹാറാണിയെക്കുറിച്ചു നീണ്ട പുസ്തക മെഴുതി ദേശീയപ്രശസ്തി നേടി? എന്നാൽ മനു എസ് പിള്ളക്കതീതമായി, ചരിത്രപുസ്തകങ്ങളിൽ താൽപ്പര്യ മില്ലാത്ത അരാഷ്ട്രീയ ടെക് സമൂഹം നല്ലരീതിയിൽ ഇവി ടെ ആഡംബരത്തിൽ ജീവിക്കുന്നുണ്ട് എന്ന് നമ്മുടെയൊക്കെ കുടുംബബന്ധങ്ങളിൽ ഒന്നുനോക്കിയാൽ അറിയാം. അന്നന്നത്തെ പത്രങ്ങൾ പോലും അവർ വായിക്കുന്നില്ല എന്നവർ സ്വാഭിമാനത്തോടെ പറയുന്നു . പെൻഷൻ പറ്റിയവരുടെ ഒഴിവുകാലവിനോദമാണ് ചരിത്രവായന എന്നവർ നിന്ദ ഒളിപ്പിച്ച പുഞ്ചിരിയോടെ പറയുന്നു.
” എന്തുചെയ്യുന്നു ?”എന്ന് ഒരു കുടുംബയോഗത്തിൽ ആദ്യമായി കാണുന്ന യുവാവിനോട് ചോദിക്കുമ്പോൾ ”ഞാൻ മധ്യകാല ഭാരതചരിത്രത്തിൽ ഗവേഷണം ചെയ്യു ന്നു” എന്നയാൾ പറയുമ്പോൾ, മുന്തിയ മാസശമ്പളമുള്ള, ടെക് രംഗത്ത് പ്രവർത്തിക്കുന്ന ബന്ധുക്കളുടെ മുഖം ഒളിനോക്കുക – താടി വളർത്തിയ, മോശം വസ്ത്രങ്ങൾ ധരിച്ച, ചരിത്ര വിദ്യാർത്ഥി ഒറ്റപ്പെടുന്നു. പഠിക്കാനോ വായിക്കാനോ താൽപ്പര്യമില്ലാത്ത, ഉണക്ക വിഷയമായി മാറിയോ ചരിത്രം?. പണത്തിനു ഞെരുക്കമുണ്ടായിരുന്ന കാലത്തു വാങ്ങിച്ച ചരിത്ര പുസ്തകങ്ങൾ ആരും തൊട്ടുനോക്കാൻ ഇല്ലാതായോ? ഞാൻ എക്കാലവും ചെലവഴിച്ച നീണ്ടൊരു ചരിത്ര വായനാകാലം ഇനിയൊരിക്കലും പുറത്തുപറയാൻ പറ്റാത്തതായോ?
കവർ : ജ്യോത്സ്ന വിത്സൺ