പൂമുഖം Travelയാത്ര ഇസ്രായേൽ യാത്ര – ഭാഗം 4

ഇസ്രായേൽ യാത്ര – ഭാഗം 4

  • ഗോലാൻ ഹൈറ്റ്സും , ‘ഡെഡ് സീ സ്‌ക്രോളും, ഡെഡ് സീയും

‘ഗോലാൻ ഹൈറ്റ്സി’നെ പറ്റി നാം കേൾക്കാൻ തുടങ്ങുന്നത് അറബ് ഇസ്രായേൽ യുദ്ധം മുതൽക്കാണല്ലോ.

ചരിത്രാതീത കാലഘട്ടം മുതൽ ഗോലാൻ ഒരു പോർക്കളം ആയിരുന്നു. ഇസ്രായേലിലെ രാജാക്കന്മാരും ആധുനിക ഡമാസ്കസ്സിന്റെ പ്രാന്തപ്രദേശങ്ങളിൽ അധിവസിച്ചിരുന്ന അരാമിയൻസും തമ്മിൽ ഇവിടെ പലപ്രാവശ്യം ഏറ്റുമുട്ടിയിട്ടുണ്ട്. അതിനു ശേഷം അസ്സീറിയൻസും ബാബിലോണിയൻസും ഗോലാൻ കരസ്ഥമാക്കി . ബാബിലോണിയൻ ഭരണത്തിന് ശേഷം പേർഷ്യക്കാരുടെ അധീനത്തിലായി ഈ പ്രദേശം. പേർഷ്യക്കാരുടെ ഭരണത്തിലായിരുന്നപ്പോൾ ബാബിലോണിയൻസ് തടവിലാക്കിയിരുന്ന ഇസ്രേലിക്കാരെ മോചിപ്പിക്കുകയും അവർ ഗോലാനിൽ താമസം ഉറപ്പിക്കുകയും ചെയ്തു.

16ആം നൂറ്റാണ്ടിൽ ഓട്ടോമൻ സാമ്രാജ്യം ഗോലാൻ പിടിച്ചെടുക്കുകയും പുതുതായി രൂപവൽക്കരിക്കപ്പെട്ട സിറിയൻ റിപ്പബ്ളിക്കിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഒന്നാം ആഗോള യുദ്ധത്തിൽ ഓട്ടോമൻ സാമ്രാജ്യത്തെ പരാജയപ്പെടുത്തിയ ശേഷം ഗോലാൻ ആദ്യം ഫ്രഞ്ച് സംരക്ഷണയിലും പിന്നീട് ബ്രിട്ടീഷ് അധീനതയിലും ആയി.

1948 ൽ പുതുതായി ഉടലെടുത്ത ഇസ്രായേൽ ഗോലാൻ പിടിച്ചെടുത്തു. അന്ന് മുതൽ പലപ്രാവശ്യം അറബ് സേനയും ഇസ്രായേൽ സേനയും ഗോലാനുവേണ്ടി പോരാടിയിട്ടുണ്ട്.

1967 ൽ നടന്ന ‘ ആറ് ദിവസത്തെ യുദ്ധ’ത്തെ (സിക്സ് ഡേ വാർ )തുടർന്ന് 66 ശതമാനം ഗോലാൻ ഹൈറ്റ്സും ഇസ്രായേൽ പിടിച്ചെടുത്തു. ഇവിടെ ഇസ്രായേലിൽ നിന്നുള്ളവർ കുടിയേറിപ്പാർത്തു. 1981 ൽ ഇസ്രായേൽ പാർലമെൻറ് ഗോലാൻ ഇസ്രായേലിൽ ചേർത്തതായി നിയമം പാസ്സാക്കി. ഈ പ്രവൃത്തിയെ ഐക്യരാഷ്ട്ര സഭ അംഗീകരിക്കാൻ വിസമ്മതിച്ചു . നടപടി നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

1967 ൽ നടന്ന അറബ് ഇസ്രായേൽ യുദ്ധത്തിന് ശേഷം ഗോലാൻ ഹൈറ്റ്സ് ഇസ്രയേൽ ഭരണത്തിൽ ആയി. അന്ന് മുതൽ വമ്പിച്ച തോതിലുള്ള ജൂത അധിനിവാസം ആരംഭിച്ചു..

ഞങ്ങളുടെ ഇസ്രായേൽ യാത്ര വസന്തത്തിലായിരുന്നു എങ്കിലും പൂക്കൾ അധികം ഒന്നും കണ്ണിൽ പെട്ടിരുന്നില്ല. കാലാവസ്ഥയും ജലക്ഷാമവും ആകാം ഇതിനു കാരണം എന്നെനിക്ക് തോന്നി. ഗോലാൻ എത്തിയപ്പോൾ വഴിയുടെ ഇരുഭാഗങ്ങളിലുമായി നിറയെ കാട്ടുപൂക്കൾ.

ഗോലാൻ സിറിയയുടെ കൈവശം ആയിരുന്നപ്പോൾ സിറിയ ഈ ഉന്നത പ്രദേശത്തുനിന്നും ഇസ്രായേൽ ഗ്രാമങ്ങളും കിബുട്സ്കളും ആക്രമിച്ചുകൊണ്ടിരുന്നു. ഇന്ന് ഗോലാൻ ഇസ്രയേലിന്റെ കൈവശമായതുകൊണ്ട് സിറിയ, ജോർഡാൻ അതിർത്തികളെ നിരീക്ഷിക്കാൻ അവർക്കു എളുപ്പമാണ്.

ഇന്ന് ഗോലാൻ നിറച്ചും കായ്കനിത്തോട്ടങ്ങൾ ആണ്. ധാരാളം ആപ്പിൾ, ആപ്രികോട് , മാതളനാരകം , പീച്ച് മുതലായ പഴവർഗങ്ങൾ ഇവിടെ വളരുന്നു.

ഗോലാൻ ഹൈറ്റ്സിന്റെ മുകളിൽ ഒരാൾ ചൂണ്ടയിടുന്ന ഒരു പ്രതിമ പ്രദർശിപ്പിച്ചിട്ടുണ്ട്.

അൽ അസ്സദ് ഗലീലി കടലിൽ മീൻ പിടിക്കുന്ന പ്രതിമ

ഇസ്രായേൽകാരനായ ഞങ്ങളുടെ വഴികാട്ടി ഒരു പരിഹാസത്തോടെ പറഞ്ഞു. ആ കാണുന്നത് ഹാഫിസ് അൽ അസ്സാദ് ഗലീലിയിൽ മീൻ പിടിക്കുന്നതാണ്. സിറിയയും ഇസ്രയേലും തമ്മിൽ നടന്ന യുദ്ധത്തിന് ശേഷം ഇരുകക്ഷികളും ഗോലാൻ ഹൈറ്റ്സിന്റെ അവകാശത്തിനു വേണ്ടി തർക്കിക്കുകയായിരുന്നു. പ്രസിഡന്റ് ഹാഫിസ് അൽ അസ്സാദ് പറഞ്ഞു തന്റെ പാദങ്ങൾ ഗലീലിയിലെ വെള്ളത്തിൽ നനയ്ക്കാൻ തനിക്കവകാശം വേണമെന്ന്. അദ്ദേഹം പറഞ്ഞതിന്റെ സാരം ഗോലാൻ ഹൈറ്റ്സും അതിനു സമീപമുള്ള സീ ഓഫ് ഗലീലിയും സിറിയയുടെ അധീനതയിൽ ആയിരിക്കണം എന്നാണ് . ഗോലാൻ ആരുടെ കൈവശമാണോ അവർക്കു പല പ്രതിരോധപരമായ നേട്ടങ്ങളും ഉണ്ട്. ഗോലാൻ ഹൈറ്റ്സ് ഇസ്രയേലിന്റെ കൈവശമായപ്പോൾ ഹാഫിസ് അസ്സാദിനെ പരിഹസിച്ച് അവർ സ്ഥാപിച്ച ഒരു പ്രതിമയാണ് ഇപ്പോൾ അവിടെ കാണുന്നത്.

ഗോലാൻ ഹൈറ്റ്സ് ഭൂപടത്തിൽ 

ഗോലാൻ ഹൈറ്റ്സിനു സമീപമായി ധാരാളം കിബുറ്റ്സുകൾ ( kibbutz) ഉണ്ട്. കിബുറ്റ്സുകളുടെ ആരംഭം 1920 ൽ ആണ്. സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിൽ അധിഷ്ഠിതമായ ഒരു ഗ്രാമകാർഷിക സമുദായമായിരുന്നു ഇത്. പല നാടുകളിൽ നിന്നും ഇസ്രായേലിൽ എത്തിച്ചേർന്ന യഹൂദർ കൂട്ടമായി താമസിക്കാൻ തുടങ്ങി .

ഈ പ്രസ്ഥാനത്തിൽ വ്യക്തികൾക്കല്ലായിരുന്നു പ്രാധാന്യം. സമൂഹത്തിന്റെ ഇഷ്ടാനിഷ്ടങ്ങൾക്കായിരുന്നു മുൻഗണന.

എല്ലാവരും ഒരുപോലെ ആയിരുന്നു കിബുറ്റ്സുകളിൽ. കുട്ടികളെ നോക്കാൻ പ്രത്യേകമായി ഒരു സ്ഥലവും എല്ലാവർക്കുമായി ഭക്ഷണം പാകം ചെയ്യാൻ സ്ത്രീകളും പൊതുവായി ഒരു ഭക്ഷണമുറിയും ഉണ്ടായിരിക്കും. ഒന്നിച്ച് പ്രയത്നിക്കുക, ഒന്നിച്ച് ആഹാരം കഴിക്കുക , എല്ലാം തുല്യമായി പങ്കു വെയ്ക്കുക ഇതൊക്കെയായിരുന്നു ഇവരുടെ ആദ്യകാല ആശയം. അവരുടെ മേല്നോട്ടത്തിന്നായി കിബുറ്റ്സിൽ നിന്ന് തന്നെ നിയോഗിക്കപ്പെടുന്ന സ്ത്രീകളും ഉണ്ടായിരുന്നു. മാതാപിതാക്കൾ കാലത്ത് പാടത്തോ മറ്റു പണിസ്ഥലങ്ങളിലോ പോകും. വൈകുന്നേരം വന്നുകഴിഞ്ഞാൽ അവർക്ക് സ്വന്തം കുട്ടികളോടൊത്ത് സമയം ചെലവഴിക്കാം.

കിബുറ്റ്‌സുകൾ

കിബുറ്റ്സുകൾ പലയിടങ്ങളിലും സ്ഥാപിക്കപ്പെട്ടു. കാർഷികസമുദായമായി തുടങ്ങിയ ഈ പ്രസ്ഥാനം പിന്നീട് കൃഷികൂടാതെ വ്യവസായവും മറ്റു ജോലികളും തുടങ്ങി. പിന്നീട് ആയുധങ്ങൾ നിർമ്മിക്കാനും സംഭരിക്കാനും ആരംഭിച്ചു. ഇസ്രയേലിന്റെ ഉത്ഭവത്തിലും വളർച്ചയിലും ഈ പ്രസ്ഥാനം വഹിച്ച പങ്കു ചില്ലറയല്ല.

ഗോലാൻ സന്ദർശിച്ച ശേഷം ഞങ്ങൾ ഒരു കിബുറ്റ്സ് കാണാൻ പോയി. ഞങ്ങൾ ചെന്നപ്പോൾ അവിടെ കുട്ടികളുടെ മേൽനോട്ടം വഹിക്കുന്ന രണ്ട് സ്ത്രീകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. അവർ പലപ്രായക്കാരായ കുട്ടികളെ പഠിപ്പിക്കുകയായിരുന്നു. ഞങ്ങൾ എത്തിയപ്പോൾ കുട്ടികളെ കളിക്കാൻ വിട്ടതിനു ശേഷം അവർ ഞങ്ങൾക്ക് കാപ്പിയും ബിസ്‌ക്കറ്റ്സും തന്നു സ്വീകരിച്ചു. . കാപ്പിക്കും മറ്റുമായി ഒരു തുക അവർ കൈപ്പറ്റുകയും ചെയ്തു.

കുബുറ്റ്സിലെ തീറ്റമുറിയിൽ

കുട്ടികളും സ്ത്രീകളും ധരിച്ചിരുന്ന വസ്ത്രങ്ങൾ ഏതോ പുരാതനകാലത്തെ ഓർമ്മപ്പെടുത്തുന്നവയായിരുന്നു.

സ്ത്രീകൾ ഒരു സ്കാർഫ്കൊണ്ട് അവരുടെ തലമറച്ചിരുന്നു. തലമറയ്ക്കുക എന്നുള്ളത് യാഥാസ്ഥിതികമായ ഒരു ആചാരമാണ് യഹൂദരുടെ ഇടയിൽ . സ്ത്രീകളുടെ വസ്ത്രധാരണത്തിൽ നിന്നും ഒരു കാര്യം വ്യക്തമായി: ഫാഷൻ എന്ന വാക്ക് അവരുടെ അടുത്തുകൂടി പോയിട്ടില്ല എന്ന്.

എന്നാൽ കിബുറ്റ്സിന് പുറത്ത് സ്ത്രീകൾ ഇംഗ്ലണ്ടിലെ സ്ത്രീകളെപോലെയോ, അമേരിക്കയിലെ സ്ത്രീകളെപോലെയോ ആണ് വസ്ത്രധാരണം .

കിബുറ്റ്സിലെ സ്ത്രീകൾ പൊതുവെ സംസാരിക്കാൻ താത്പര്യമുള്ളവരായി തോന്നിയില്ല. പുറത്തുള്ളവരുമായി അധികം സഹവാസം ഇല്ലാത്തതുകൊണ്ടാകാം സംസാരിക്കാനുള്ള വിമുഖത എന്ന് അവിടെ ചെല്ലുന്നവർക്കു മനസ്സിലാകും .

പുരുഷന്മാരും മറ്റുള്ള സ്ത്രീകളും അവരുടെ ജോലിസ്ഥലങ്ങളിൽ ആയിരുന്നു.

അവരുടെ പ്രൈവസി മാനിച്ചുകൊണ്ട് ഞങ്ങൾ ആരും കിബുറ്റ്സിലെ അന്തേവാസികൾ ഉള്ള ഫോട്ടോ ഒന്നും തന്നെ എടുത്തില്ല. കെട്ടിടങ്ങളും മറ്റും ഓർമ്മയ്ക്കായി ഞാനെന്റെ മൊബൈലിൽ പകർത്തി.

കിബുറ്റ്സിൽ നിന്നും ഞങ്ങൾ പോയത് ചാവുകടൽ കടലാസു ചുരുളുകൾ ( Dead Sea Scrolls) കണ്ടുകിട്ടിയ പ്രദേശങ്ങളിലേയ്ക്കായിരുന്നു.

ആ പ്രദേശങ്ങളെ പറ്റി പറയുന്നതിന് മുൻപ് ഏറ്റവും പ്രധാനപ്പെട്ട ആ പുരാതനകടലാസു ചുരുളുകളെ പറ്റി പറയാം.

ഈ പുരാതനമായ ചുരുളുകൾ യഹൂദ ഹീബ്രൂ മതചര്യകൾ പ്രതിപാദിക്കുന്ന ഗ്രന്ഥമാണ് . ഇത് കൈയെഴുത്ത് കോപ്പിയാണ്. ഈ ഗ്രന്ഥത്തിന്റെ ഉത്ഭവം ക്രിസ്തുവിനു മുമ്പ് മുന്നൂറാം നൂറ്റാണ്ട് മുതൽ ക്രിസ്തു വർഷം ഒന്നാം നൂറ്റാണ്ട് വരെയാണെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.

ഇത് കണ്ടുകിട്ടിയതു തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു. ഏതാനും ബദുവിൻ ആട്ടിടയന്മാരാണ് ആദ്യമായി ഈ പുരാതന ലിഖിതങ്ങൾ എഴുതിയ ചുരുളുകൾ കണ്ടത്. തങ്ങളുടെ ആടുകളെ മേയാൻ ഗുംറോൺ മലകളിൽ വിട്ടതിൽ ഒരാട് ഗുംറോൺ മലയിലേക്കു കയറി അപ്രത്യക്ഷപ്പെട്ടു. അതിനെ അന്വേഷിച്ചു പോയ ഇടയന്മാർ കണ്ടത് ഒരു ഗുഹാമുഖമായിരുന്നു. ഈ ഗുഹയുടെ പ്രവേശനദ്വാരം തികച്ചും വിഭിന്നമായി അവർക്കു തോന്നി. എന്താണീ ഗുഹയിൽ എന്നറിയുവാൻ അവർ ഒന്നോ രണ്ടോ കല്ലുകൾ ആ ഗുഹയിലേക്ക് ഇട്ടു. അതിന്റെ പ്രതിധ്വനി തികച്ചും വിചിത്രമായി അവർക്കു അനുഭവപ്പെട്ടു . പ്രയാസപ്പെട്ട് അതിൽ ഒരുത്തൻ ഗുഹയിലേക്കിറങ്ങി. അവിടെ കണ്ട കാഴ്ച ആ ആട്ടിടയനെ അത്ഭുതപ്പെടുത്തി. ഏതാനും വലിയ കൂജകൾ ആ ഗുഹയുടെ തറയിൽ ഇരിക്കുന്നു. ഒന്നിന്റെ മൂടി മാറ്റി നോക്കിയപ്പോൾ മൃഗത്തോലിൽ എഴുതിയ എന്തോ രേഖകൾ അവനെ അത്ഭുതപ്പെടുത്തി . അവർ ആ ലിഖിതങ്ങൾ തമ്പിലേക്കു കൊണ്ടുപോയി. പലരെയും കാണിച്ചു അഭിപ്രായം ആരാഞ്ഞു . പലരും പല അഭിപ്രായങ്ങൾ നൽകി. ചിലർ ഈ ലിഖിതങ്ങൾ ഏതോ യഹൂദ ദേവാലയത്തിൽ നിന്നും മോഷ്ടിച്ചതാണെന്നും അതിനു യാതൊരു വിലയും ഇല്ലെന്നും അഭിപ്രായപ്പെട്ടു.

Dead Sea Scrolls കണ്ടെത്തിയ ഗുമ്രോൺ ഗുഹകൾ

അവസാനം ഈ പുരാതന ലിഖിതങ്ങളുടെ കഷ്ണങ്ങൾ ഹീബ്രൂ സർവകലാശാലയിലെ പുരാവസ്തുശാസ്ത്രത്തലവനായിരുന്ന പ്രൊഫസർ എലെസർ സുക്‌നിക് കാണാൻ ഇടയായി. അദ്ദേഹത്തിന് താൻ കണ്ട തൊലിക്കഷ്ണങ്ങളിൽ എഴുതിയ പുരാതന ലിഖിതങ്ങളുടെ അമൂല്യത മനസ്സിലായി. അന്ന് ഈ ലിഖിതങ്ങൾ ബെത്ലഹേമിൽ ആയിരുന്നു. ഇസ്രായേൽ എന്ന രാജ്യം അന്ന് നിലവിലില്ല . ബെത്ലഹേം അക്കാലത്ത് അറബികളുടെ അധീനതയിൽ ആയിരുന്നു. അങ്ങോട്ടുള്ള യാത്ര അപകടങ്ങൾ നിറഞ്ഞതും ആയിരുന്നു. സുക്‌നിക് തന്റെ മകനായ യിഗയേൽ യാദിനെ സമീപിച്ചു കാര്യങ്ങൾ ധരിപ്പിച്ചു. സുക്‌നികിനു ബെത്ലെഹേമിൽ പോകണമെന്നും ഈ അമൂല്യ ലിഖിതങ്ങൾ വാങ്ങണമെന്നുമുള്ള ആഗ്രഹം അറിയിച്ചു.

മരുഭൂമിയിൽ ഒളിപ്പിച്ചുവെച്ച പുരാതന കടലാസു ചുരുളുകൾ

സുക്‌നികിന്റെ പുത്രനും പുരാവസ്തു ശാസ്ത്രത്തിൽ അതീവ തല്പരനായിരുന്നു. അദ്ദേഹം അന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സിന്റെ തലവൻ ആയിരുന്നു.

അദ്ദേഹം പറഞ്ഞു :

” ഒരു പുരാവസ്തു ശാസ്ത്രജ്ഞൻ എന്ന നിലയിൽ ഞാൻ അങ്ങയോട് അഭ്യർത്ഥിക്കുന്നു ഉടൻ പോകുവാൻ.

ഒരു മകൻ എന്ന നിലയിൽ ഞാൻ അപേക്ഷിക്കുന്നു അങ്ങ് പോകരുതേ എന്ന് .

ഒരു ആർമി ഓഫിസർ എന്ന നിലയിൽ ഞാൻ താങ്കളുടെ യാത്ര നിരോധിക്കുന്നു “.

സുക്‌നിക് ബെത്ലഹേമിൽ പോകുകയും മൂന്ന് പുരാണ ചുരുളുകൾ വാങ്ങുകയും ചെയ്തു . ബാക്കിയുള്ള നാല് ചുരുളുകൾ അദ്ദേഹത്തിന് കരഗതമാക്കാൻ കഴിഞ്ഞില്ല. ആ ചുരുളുകൾ പിന്നീട് അമേരിക്കക്കാർ സ്വന്തമാക്കി . അവിടെ നിന്നും യാദിൻ ആ ചുരുളുകൾ ഇസ്രായേലിനു വേണ്ടി വാങ്ങുകയും ചെയ്തു.

ഇന്ന് ഈ ചുരുളുകൾ ടെൽഅവീവിലെ ഇസ്രായേൽ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നത്‌ കാണാൻ കഴിഞ്ഞു . ആ മ്യൂസിയത്തിനുള്ളിൽ ഫോട്ടോഗ്രാഫി നിരോധിച്ചിരിക്കുന്നതുകൊണ്ട് ഫോട്ടോകൾ എടുത്തിട്ടുള്ളത് ഗുംറോൺ ഇൻഫർമേഷൻ സെന്ററിൽ നിന്നും ആണ്.

Dead Sea Scrolls ൻറെ തുണ്ടുകൾ

ഡെഡ് സീ സ്ക്രോൾസ് എന്ന് ഈ ചുരുളുകൾക്കു പേര് കിട്ടാൻ കാരണം ഈ ചുരുളുകൾ കണ്ടുകിട്ടിയ ഗുഹകൾ ഡെഡ് സീയിൽ നിന്ന് ഏകദേശം 1.5 കിലോമീറ്റർ അകലെയാണ് എന്നതാണ് .

ഈ സ്ക്രോളുകളിൽ ഉപയോഗിച്ചിട്ടുള്ള ഭാഷ അരമൈക് , ഹീബ്രൂ , അറബിക് , ലാറ്റിൻ മുതലായവയാണ്. ഇത് എഴുതിയിട്ടുള്ളത് മൃഗങ്ങളുടെ ചർമം , പാപ്പിറസ് എന്ന് പറയുന്ന , പുഴയുടെ തീരത്ത് വളരുന്ന ഒരു തരം പുല്ലിൽ നിന്നും ലഭിക്കുന്ന നാരുകൊണ്ട് നെയ്ത കടലാസിന് തുല്യമായ ഒരു വസ്തു മുതലായവയിൽ ആണ്. .

ചില ‘ഡെഡ് സീ’ സ്ക്രോളുകൾ ജോർദാന്റെ കൈവശം ഉണ്ട്. അത് അമ്മാനിലെ മ്യൂസിയത്തിൽ പ്രദര്ശിപ്പിച്ചിട്ടുള്ളത് ഏതാനും വർഷങ്ങൾക്കു മുൻപ് കാണുകയും ചെയ്തു.

ജൂദായിൻ മരുഭുമിയിലുള്ള ഒരു ഗുഹയിൽ നിന്നുമാണല്ലോ ഈ സ്ക്രോളുകൾ കണ്ടുകിട്ടിയത്. ആ മരുഭൂമിയിൽ എത്തിയപ്പോൾ മനസ്സിലായി യാതൊരു സസ്യങ്ങളും വളരാത്ത ഒരിടം ആണിതെന്നു. ബദുവിന്റെആടുകൾ മേഞ്ഞിരുന്നത് അപൂർവമായ മാത്രം ഇവിടങ്ങളിൽ മുളച്ചുവരുന്ന ചില സസ്യങ്ങളായിരുന്നു.

ഗുർമോൺ കുന്നുകളിലെ വരയാടുകൾ

ഈ സ്ക്രോളുകൾ കണ്ടുകിട്ടിയ ഗുഹ ഞങ്ങൾക്ക് തികച്ചും അപ്രാപ്യമായിരുന്നു. ദുരെ നിന്നും കാണാനേ കഴിഞ്ഞുള്ളു.

‘ഡെഡ് സീ സ്ക്രോൾസ് ‘ കണ്ടുകഴിഞ്ഞശേഷം ഞങ്ങൾ ‘ഡെഡ് സീ’യിലേക്കു യാത്ര തിരിച്ചു.

ഡെഡ് സീ ( ചാവ് കടൽ ) എന്ന് അറിയപ്പെടുന്ന ഉപ്പു തടാകത്തിന് അറബിയിൽ ‘അൽ ബെഹ്റ അൽ മയ്യത് ‘ എന്ന് പറയുന്നു. ഭൂമിയാൽ ചുറ്റപ്പെട്ട കടലിനു അതിർത്തികളായി കിഴക്ക് ജോർദാനും പടിഞ്ഞാറ് ഇസ്രായേലും പാലസ്തീനും സ്ഥിതി ചെയ്യുന്നു.

ലോകത്ത് സമുദ്രനിരപ്പിൽ നിന്നും ഏറ്റവും താഴെ സ്ഥിതി ചെയ്യുന്ന സമുദ്രം ഇതാണ്.

ചാവ് കടൽ ഇന്നൊരു ടൂറിസ്റ്റ് കേന്ദ്രമാണ്. രണ്ട് രാജ്യങ്ങളിൽ നിന്നും ചാവുകടലിൽ പോകാം. ചാവുകടലിന്റെ അതിർത്തികളായി ഇസ്രയേലും ജോർദാനും ഉണ്ടെന്നു സൂചിപ്പിച്ചിരുന്നല്ലോ.

ഞങ്ങൾ ഏതാനും വർഷങ്ങൾക്ക് മുമ്പ് ജോർദാനിൽ പോയപ്പോൾ ചാവുകടലിൽ നീന്തി. നീന്തി എന്നു പറഞ്ഞാൽ ശരിയല്ല. ജലത്തിന്റെ സാന്ദ്രത വളരെ കൂടുതൽ ആയതുകൊണ്ട് വെള്ളത്തിൽ പൊങ്ങികിടക്കാം. താഴ്ന്നു പോകില്ല. നീന്താൻ കഴിയില്ല. കാരണം വെള്ളത്തിന്റെ സാന്ദ്രത തന്നെ.

ഇസ്രായേലിൽപോയ സന്ദർഭത്തിലും ചാവുകടലിൽ പോയി. വെള്ളത്തിൽ പൊങ്ങിക്കിടന്നു. ഞങ്ങൾക്ക് തോന്നിയത് ചാവുകടലിൽ ഇറങ്ങാൻ എളുപ്പം ജോർദാനിൽ കൂടിയാണ് എന്ന് .

ജോർദാനിലെ ഇസ്രയേലിലും ഡെഡ് സീഒരു ടൂറിസ്റ്റ് കേന്ദ്രമാണ്. ഡെഡ് സീയിൽ ഇറങ്ങുന്നത് തന്നെ ആരോഗ്യത്തന് നല്ലതാണെന്നുള്ള അവരുടെ പരസ്യവും ഇന്ന് ഫലിക്കുന്നുണ്ട് !

ഇതിനൊപ്പം തന്നെ ഡെഡ് സീയിലെ ചെളി ദേഹത്തിൽ പൊതിഞ്ഞ് കുറച്ചു സമയം കഴിഞ്ഞു കഴുകിക്കളയുന്നത് പല തരത്തിലുള്ള ചർമ്മ രോഗങ്ങൾക്കും നല്ലതാണെന്നുള്ള പരസ്യവും നല്ലപോലെ ഫലിക്കുന്നുണ്ട്. ഡെഡ് സീ ഉപ്പ് , ഡെഡ് സീ സോപ്പ് ഇങ്ങനെ പല ഉത്പന്നങ്ങളും ടൂറിസ്റ്റുകളുടെ കൈവശം ഉള്ള കാശ് കൈമാറാൻ ഉതകുന്നുമുണ്ട്.

ഡെഡ് സീയിൽ ഇറങ്ങുമ്പോൾ ഒരു കാര്യം നമ്മുടെ കണ്ണിൽ പെടും. ജലത്തിന്റെ ഉപരിതലത്തിൽ ഒരു തരം മീനെണ്ണയുടെ മണമുള്ള എണ്ണയുടെ പാട പൊങ്ങിക്കിടക്കുന്നതാണ് . വളരെ കാലങ്ങൾക്കു മുൻപ് ഈ കടലിൽ മത്സ്യങ്ങളും മറ്റും ഉണ്ടായിരുന്നു. ഈ കടൽ മറ്റുള്ള കടലുകളുമായി കൂടിച്ചേർന്നിരുന്നു . കാലക്രമേണ ഡെഡ് സീ കരകളാൽ ചുറ്റപ്പെട്ട ഒരു കടൽ ആയി മാറി. കൂടാതെ ജോർദാൻ പുഴയിൽ അണകെട്ടി വെള്ളം ജോർദാനും ഇസ്രയേലും കൂടുതലായി ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ ഡെഡ് സീയിലെ ഉപ്പു കൂടി . ഇന്ന് ഡെഡ് സീ വ്യാപ്തി കുറഞ്ഞുകൊണ്ടിരിക്കുന്നു.

ഉസ്ബെക്കിസ്ഥാനിൽ ഉണ്ടായിരുന്ന’ അറൽ സീ ‘യുടെ ഗതി തന്നെ ഡെഡ് സീയ്ക്കും ഉണ്ടാകും എന്ന് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു.

ഡെഡ് സീയിൽ ഇറങ്ങുന്നവർ ഒരു കാര്യം ശ്രദ്ധിക്കണം . ദേഹത്ത് ചെറിയ മുറിവുകളോ അല്ലെങ്കിൽ വളരെ സൂക്ഷ്മമായ പോറലുകളോ ഉണ്ടെങ്കിൽ , ഡെഡ് സീയിലെ ജലം ആ മുറിവുകളിൽ ഉണ്ടാക്കുന്ന നീറ്റൽ അസഹനീയമായി അനുഭവപ്പെടും .

ജോർദാനിൽ പോയപ്പോൾ ഡെഡ്സീയിലെ ചെളി പുരട്ടി ഒരു ‘മഡ് ബാത്ത് ‘ എടുത്തതുകൊണ്ട് ആ സാഹസത്തിനു വീണ്ടും ഒരുങ്ങിയില്ല.

ഡെഡ് സീയുടെ ഉത്പത്തിയെ പറ്റി ബൈബിളിലും ഖുർആനിലും പ്രതിപാദിക്കുന്നുണ്ട് .

കവർ : വിൽസൺ ശാരദ ആനന്ദ്

Photos Courtesy : Google Photos etc.

Comments
Print Friendly, PDF & Email

You may also like