പൂമുഖം 'ഒരു ചോദ്യം - ഒരുത്തരം' മറവിക്കെതിരെയുള്ള സമരം

മറവിക്കെതിരെയുള്ള സമരം


ചോദ്യം : ചരിത്രത്തെ വളച്ചൊടിക്കുകയും തിരുത്തിയെഴുതുകയും പാഠ പുസ്തകങ്ങളിൽ നിന്ന് തന്നെ ഒഴിവാക്കുകയും ചെയ്യുന്നൊരു കാലഘട്ടത്തിലാണല്ലോ നമ്മൾ ജീവിക്കുന്നത്. ചരിത്രം തന്നെ പഠിക്കേണ്ടതില്ലെന്നും അത് ജീവസന്ധാരണത്തിനു ഉതകില്ലെന്നും വരെ വാദങ്ങൾ ഉയരുന്നു. എങ്ങിനെ കാണുന്നു?

എൻ ബി സുരേഷ്

ഉത്തരം : മൂലധന ശക്തികളുടെയും ഫാസിസ്റ്റ് ഭരണകൂടങ്ങളുടെയും കൂട്ടു തന്ത്രമാണിത്. ഒരു ജനത ചരിത്ര ഭാരമില്ലാതെ പാറി നടക്കുന്നവരാകുക, അല്ലെങ്കിൽ തങ്ങൾ പറയുന്ന ചരിത്രം മാത്രം വിഴുങ്ങുക എന്നത് ഒരു പദ്ധതിയാണ്. 1984 എന്ന നോവലിൽ എങ്ങനെയാണ് ചരിത്രത്തെ ഭരണകൂടങ്ങൾ തങ്ങളുടേതാക്കി മാറ്റുന്നത് എന്ന് പറയുന്നുണ്ടല്ലോ.

ഞാൻ ചിന്തിക്കുന്നു , അതിനാൽ ഞാനുണ്ട് എന്നതിൽനിന്ന് ഞാൻ വാങ്ങുന്നു അതിനാൽ ഞാനുണ്ട് എന്ന നിലയിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിച്ചു. നിരന്തരം ഉല്പന്നങ്ങളുടെ ധാരാളിത്തം കാട്ടി പ്രലോഭിപ്പിക്കുന്ന ഒരു ലോകക്രമം നിർമ്മിച്ചു. ഇനി ഒരു തലമുറയും ചരിത്രത്തിൽ നിന്ന് വീര്യം ഉൾക്കൊണ്ട് വർത്തമാനത്തെ മാറ്റാനോ ഭാവിയെ നിർമ്മിക്കാനോ ഇറങ്ങി പുറപ്പെടരുത്. അവർ പൊങ്ങുതടിപോലെ ഒഴുകണം. ഓട്ടോമാൻ ഭരണകൂടം ലിപിമാറ്റി തങ്ങളുടെ തലമുറയെ ചരിത്രത്തിൽ നിന്ന് അന്യവൽക്കരിച്ചതിനെക്കുറിച്ച് പാമുക്ക് പറയുന്നുണ്ടല്ലോ. മറവിക്കെതിരെയുള്ള ഓർമ്മയുടെ സമരം അധികാരത്തിനെതിരെയുള്ള ജനങ്ങളുടെ സമരമാണെന്ന കുന്ദേരയുടെ നിരീക്ഷണമൊക്കെ ഇനി ആരോർക്കാൻ. മൂലധന ശക്തികൾ അവർക്കാവശ്യമുള്ള അന്തരീക്ഷത്തെയും അവരെ അനുസരിക്കുന്ന ഭരണകൂടങ്ങളെയും നിർമ്മിക്കും. ഭരണകൂടങ്ങൾ അവരെ പിന്തുടരാൻ മാത്രം ബുദ്ധിയുള്ള ജനതയെയും.
ചരിത്രം ഒരു കുലടയാണ്, അവൾ ബലവാനോടൊപ്പം അന്തിയുറങ്ങും.
അത് പണമാകാം
സംഘ ശക്തിയാകാം
അധികാരമാകാം
സത്യത്തെ ഒരു കൂസലുമില്ലാതെ
നുണയുടെ ചമയങ്ങൾ ഉടുപ്പിക്കാനുള്ള സൂത്രവിദ്യയുമാകാം

Comments
Print Friendly, PDF & Email

You may also like