ചോദ്യം :ചരിത്രത്തെ വളച്ചൊടിക്കുകയും തിരുത്തിയെഴുതുകയും പാഠ പുസ്തകങ്ങളിൽ നിന്ന് തന്നെ ഒഴിവാക്കുകയും ചെയ്യുന്നൊരു കാലഘട്ടത്തിലാണല്ലോ നമ്മൾ ജീവിക്കുന്നത്. ചരിത്രം തന്നെ പഠിക്കേണ്ടതില്ലെന്നും അത് ജീവസന്ധാരണത്തിനു ഉതകില്ലെന്നും വരെ വാദങ്ങൾ ഉയരുന്നു. എങ്ങിനെ കാണുന്നു?
ഉത്തരം : ഓർമ്മകളാണ് ചരിത്രബോധത്തിന്റെ അറകൾ എന്ന് സാമാന്യമായി പറയാം. ഓർമ്മകളിൽ വേരു പിടിച്ചുനിൽക്കുന്ന ഒരു സമൂഹത്തെയാണ് നമ്മൾ ചരിത്രബോധമുള്ള സമൂഹം എന്നു വിളിക്കുന്നത്. ഇങ്ങനെ ചരിത്രത്തിൽ ആഴത്തിൽ വേരൂന്നി നിൽക്കുന്ന ഒരു സമൂഹത്തെ വർഗ്ഗീയവൽക്കരിക്കാനും വിപണി മൂല്യത്തിനനുസരിച്ച് നടത്താനും അത്രയെളുപ്പത്തിൽ സാധ്യമല്ല. അതുകൊണ്ട് ഒരു സമൂഹത്തെ, പ്രത്യേകിച്ച് ഇന്ത്യൻ സമൂഹത്തെ വർഗ്ഗീയവൽക്കരിക്കാനും വിപണിവൽക്കരിക്കാനും പ്രധാനമായും രണ്ടു വഴിയാണുള്ളത്.
1. ബഹുസ്വരതയുടെ സമ്പന്നമായ അതിന്റെ ചരിത്രത്തെ തിരുത്തിയെഴുതുക.
2. മനുഷ്യരെ പരമാവധി ചരിത്രമുക്തമാക്കി വർത്തമാനത്തിൽ നിർത്തുക.
ഇതിൽ ആദ്യത്തേതാണ് ഇന്ത്യൻ ഭരണകൂടം ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്. വർഗ്ഗീയ അജണ്ട വേരോടാൻ തടസ്സമായി നിൽക്കുന്ന പ്രധാന ഘടകം ഇന്ത്യയുടെ സമ്പന്നമായ ബഹുസ്വര പാരമ്പര്യമാണ്. ഈ ബഹുസ്വര പാരമ്പര്യത്തിന്റെ ചരിത്രം ഇനി വരുന്ന ഒരു തലമുറയിൽ പ്രവർത്തിക്കാതിരിക്കലാണ് ഇപ്പോൾ പാഠപുസ്തകങ്ങൾ തിരുത്തിയെഴുതുന്നവരുടെ ലക്ഷ്യം. ഇന്ത്യ എന്നത് ഒരു ഹിന്ദുത്വ ദേശീയത നിലനിന്നിരുന്ന ഭൂമിയായിരുന്നെന്നും അവിടേയ്ക്ക് അതിക്രമിച്ചു വന്നവരാണ് മറ്റെല്ലാവരും എന്ന് സ്ഥാപിക്കുകയാണ് ചെയ്യുന്നത്. അതിന് പ്രധാന തടസ്സം ബഹുസ്വരതയെക്കുറിച്ച് പഠിക്കുന്ന തലമുറയും അവരെ അതു പഠിപ്പിക്കുന്ന മതേതര സ്ഥാപനങ്ങളുമാണ്. ഇത് രണ്ടും ഇല്ലാതാക്കുന്നതോടെ ഫലത്തിൽ സംഭവിക്കുന്നത്, ഇന്ത്യ ഒരു ഏക മതരാഷ്ട്രമായി രൂപാന്തരപ്പെടുക എന്നതാണ്.
വിപണി കേന്ദ്രീകൃതമായ ഒരു ലോകബോധം നിലനിൽക്കുന്ന കാലത്ത് ചരിത്രത്തിന്റെ നൈതിക മൂല്യം വല്ലാതെ കുറഞ്ഞു പോയിട്ടുണ്ട്. ഓരോ കാലത്തെയും ഭരണകൂട താൽപര്യങ്ങൾക്കനുസരിച്ച് മാറ്റാനും തിരുത്താനും കഴിയുന്ന ഒന്നാണ് ചരിത്രം എന്നുള്ള ഒരു ധാരണ ഇന്ന് പ്രബലമാണ്.
ചരിത്രം എന്നത് ഒരു പഠന വിഷയം മാത്രമാണെന്നു ധരിക്കുന്നതാണ് ചരിത്രത്തെക്കുറിച്ചുള്ള ധാരണയുടെ പ്രധാന പ്രശ്നം. ചരിത്രം നമ്മുടെ അവസാനിക്കാത്ത സ്മൃതിസഞ്ചയമാണെന്നും അതിന്റെ അഭാവത്തിൽ വിപണിക്ക് എവിടേയ്ക്കും നയിക്കാവുന്ന ഉൽപ്പന്നങ്ങൾ മാത്രമാണ് നമ്മളെന്നും തിരിച്ചറിയുകയും ചരിത്രത്തെ വളച്ചൊടിക്കുന്നതിനെതിരായ രാഷ്ട്രീയ ജാഗ്രത സൂക്ഷിക്കുകയുമാണ് ഏക പരിഹാരം. ജീവസന്ധാരണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് തൊഴിലാണെങ്കിൽ, നിരവധി തൊഴിൽ സാധ്യതകൾ അക്കാദമിക ചരിത്ര പഠനത്തിലൂടെ തുറക്കാൻ കഴിയും എന്നതാണ് വസ്തുത. ഖനന ഗവേഷണ മേഖലകളിലും ടൂറിസം മേഖലകളിലും ചരിത്ര വിദ്യാർത്ഥികൾക്ക് നിരവധി തൊഴിലവസരങ്ങൾ സാധ്യമാണ്. അതിനായി ചരിത്രത്തെ മറ്റ് ജ്ഞാനമേഖലകളുമായി ബന്ധിപ്പിച്ച് പുതിയ ഇന്റർ ഡിസിപ്ലിനറി കോഴ്സുകൾ ലോകത്തെങ്ങും ഇപ്പോൾ രൂപകല്പന ചെയ്യപ്പെടുന്നുമുണ്ട്. ഇതൊക്കെ പറയുമ്പൊഴും കേവലം ഉപകരണയുക്തിയിൽ നിന്നുകൊണ്ടാണ് നമ്മൾ ഇന്ന് അക്കാദമിക പഠനത്തെ സമീപിക്കുന്നത് എന്നു പറയാതെ വയ്യ. ഇത് ഒരു പരിഷ്കൃത സമൂഹത്തിലേക്കുള്ള വികാസത്തിൽ പ്രധാന തടസ്സമാണെന്നു നിസ്സംശയം പറയാം.
കവർ : വിത്സൺ ശാരദാ ആനന്ദ്