ചോദ്യം : ചരിത്രത്തെ വളച്ചൊടിക്കുകയും തിരുത്തിയെഴുതുകയും പാഠ പുസ്തകങ്ങളിൽ നിന്ന് തന്നെ ഒഴിവാക്കുകയും ചെയ്യുന്നൊരു കാലഘട്ടത്തിലാണല്ലോ നമ്മൾ ജീവിക്കുന്നത്. ചരിത്രം തന്നെ പഠിക്കേണ്ടതില്ലെന്നും അത് ജീവസന്ധാരണത്തിനു ഉതകില്ലെന്നും വരെ വാദങ്ങൾ ഉയരുന്നു. എങ്ങിനെ കാണുന്നു?
ഉത്തരം: ചരിത്രം സവിശേഷമായി പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ട ജ്ഞാനരൂപമാണ്. തിരഞ്ഞെടുത്ത സംഭവങ്ങളുടെ വിവരണമല്ല ചരിത്രം.സംഭവങ്ങളുടെ വിശകലനവും വിമര്‍ശനവുമാണ്. ചരിത്രത്തെ നിര്‍മ്മിക്കുന്നത് ചരിത്ര രചയിതാക്കളുടെ പ്രത്യയശാസ്ത്രമാണ്.ഭരണകൂടത്തിന് അനുസൃതമായോ,പ്രത്യയശാസ്ത്ര സ്ഥാപനത്തിനു അനുസൃതമായോ ചരിത്രം നിര്‍മ്മിക്കപ്പെടാം.ചരിത്രം യാഥാര്‍ത്ഥ്യത്തിന്റെ പ്രതിനിധാനാത്മകമായ അടയാളപ്പെടുത്തലാണ്. അതിനു ശാസ്ത്രീയമായ രീതിശാസത്രമുണ്ട്.പുരാവസ്തുവിജ്ഞാനീയത്തിന്റെയും,നാണയവിജ്ഞാനീയത്തിന്റെയും, ലഭ്യമായ ഉപദാനസാമഗ്രികളുടെ വിശകലനത്തിലൂടെയുമാണ് ചരിത്രമെഴുത്ത് സാധ്യമാകുന്നത്. മിത്തും നാട്ടുമൊഴികളും വാമൊഴികഥനങ്ങളും ചരിത്രമെഴുത്തിന് സഹായകരമാകുമെങ്കിലും അവയെ കേന്ദ്രീകരിച്ചല്ല ചരിത്രമെഴുത്ത് മുന്നോട്ട് പോകുന്നത്.ഭരണവ്യവഹാരവുമൊയി ബന്ധപ്പെട്ട രേഖകള്‍,വ്യക്തികളുടെ ഓര്‍മ്മകുറിപ്പുകള്‍,കത്തുകള്‍,ഡയറിക്കുറിപ്പുകള്‍ തുടങ്ങി നിരവധി വഴികളെ സ്വരൂപിച്ചാണ് ചരിത്രം രചിക്കുന്നത്. ഭൂതകാലത്തെ വൈരുദ്ധ്യാത്മകമായി കാണുകയും സംഭവങ്ങളെ വിശകലനം ചെയ്ത് ഒരു രേഖ രൂപപ്പെടുത്തുകയുമാണ് ചരിത്രരചയിതാക്കള്‍ ചെയ്യുന്നത്. ഏതു തരത്തിലുള്ള ചരിത്രരചനയും വര്‍ത്തമാനത്തിന്റെ ആവശ്യങ്ങളെ ഭൂതകാലത്തില്‍ കാണാന്‍ ശ്രമിക്കുകയും ഭൂതകാലത്തിന്റെ ഛായ വര്‍ത്തമാനത്തില്‍ പതിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ടെന്ന റൊമിലാ ഥാപ്പറുടെ പ്രസ്താവന ഇവിടെ പ്രസക്തമാണ്. ഭാവിയിലേക്കുള്ള വഴിയാണ് ഏതൊരു ചരിത്രവും തുറക്കുന്നത്. സിദ്ധാന്തബദ്ധമായും രീതിശാസ്ത്രാനുസൃതമായും മാത്രമെ ചരിത്രം രചിക്കാന്‍ സാധിക്കുകയുളളൂ.
രാജ്യം ഭരിക്കുന്ന സംഘപരിവാര്‍ ഏതൊരു ഏകാധിപത്യഭരണകൂടത്തെയും പോലെ ഭൂതകാലത്തെ മായിച്ച് തങ്ങളുടെ ആശയധാരയെ സ്ഥാപിക്കാന്‍ ഉതകുന്ന ചരിത്രത്തെ നിര്‍മ്മിക്കാനാണ് ഒരുങ്ങുന്നത്. ഇത് എതിര്‍ക്കപ്പെടേണ്ടതാണ്. പല വിധ പരിണാമങ്ങളിലൂടെ രൂപപ്പെട്ട ഇന്ത്യന്‍സമൂഹത്തിന്റെ ചരിത്രത്തിലെ വൈവിധ്യങ്ങളെ,വ്യത്യസ്ത ആശയങ്ങളെ നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള പ്രക്രിയയുടെ ആദ്യപടിയാണ് പാഠപുസ്തകങ്ങളില്‍ നിന്ന് ചരിത്രഭാഗങ്ങള്‍ മാറ്റുന്നതിലൂടെ സംഭവിക്കുന്നത്.മുഗള്‍ ഭരണത്തിന്റെ രീതികൾ,അതുണ്ടാക്കിയ സാമൂഹികമാറ്റങ്ങള്‍,നിര്‍മ്മിച്ച എടുപ്പുകൾ എന്നിവയെ ചരിത്രപഠനത്തില്‍ നിന്ന് നീക്കുകവഴി ഭൂതകാലത്തെ സമൂഹമനസ്സില്‍ നിന്ന് മായ്ക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്.ഭരണകര്‍ത്താക്കളുടെ ചരിത്രം മാത്രമല്ല ചരിത്രപഠനത്തിന്റെ ഭാഗമായിട്ടുള്ളത്.മനുഷ്യവംശത്തിന്റെ ജീവിതവ്യവഹാരങ്ങളെല്ലാം ചരിത്രത്തിന്റെ ഭാഗമാണ്.ഭക്ഷണം,വസ്ത്രം ,പാര്‍പ്പിടം,ഭാഷ,മതം,ജീവിതരീതി തുടങ്ങി എല്ലാം ചരിത്രപഠനത്തില്‍ പ്രതിപാദിക്കുന്നു.ചരിത്രപഠനം ആവശ്യമില്ലെന്ന വാദമുയര്‍ത്തുന്നവരും ചരിത്രഭാഗങ്ങളെ ഭരണകൂടതാത്പര്യാനുസൃതം മുറിച്ചുമാറ്റുന്നവരും ഒരേ പ്രവൃത്തിയിലാണ് ഏര്‍പ്പെടുന്നത്.മാനവികവിഷയങ്ങളെ സര്‍വ്വകലാശാലകളില്‍ നിന്ന് ഇല്ലാതാക്കി ചോദ്യം ചോദിക്കാന്‍ പ്രാപ്തരല്ലാത്ത ജനതയെ നിര്‍മ്മിക്കാനുള്ള തന്ത്രമാണിത്.മതാത്മകവും മൂല്യധനതാത്പര്യത്തിന് അനുസൃതവുമായ ഈ രാഷ്ട്രീയത്തെ എതിര്‍ക്കേണ്ടത് ജനാധിപത്യബോധമുള്ള ഏതൊരാളുടെയും ഉത്തരവാദിത്വമാണ്. അറിയാനുള്ള അവകാശത്തെയാണ് ഭരണകൂടം റദ്ദ് ചെയ്യുന്നത്. ആപത്തിന്റെ നിമിഷത്തില്‍ കൈയ്യെത്തി പിടിക്കാനുള്ള ഓര്‍മ്മയാണ് ചരിത്രം എന്ന വാള്‍ട്ടര്‍ ബെഞ്ചമിന്റെ വിഖ്യാതവാക്യം ഈ വേളയില്‍ കൂടുതല്‍ പ്രസക്തമാകുന്നു. എത്ര മായ്ച്ചാലും മായാതെ ചരിത്രം സമൂഹജീവിതത്തില്‍ പ്രവര്‍ത്തിക്കുക തന്നെ ചെയ്യും.ഭൂതകാലത്തില്‍ നിന്ന് ഭാവിയിലേക്കുള്ള ഇന്ധനം സ്വീകരിക്കുന്ന ജനത ഭരണകൂടത്തെ ചോദ്യം ചെയ്യും.
കവർ : വിത്സൺ ശാരദാ ആനന്ദ്