പൂമുഖം LITERATUREകഥ പഞ്ചാബ് ടു ടെക്സസ്

പഞ്ചാബ് ടു ടെക്സസ്

1975. രാഷ്ട്രീയ കലാപങ്ങളുടെ കാലം. അടിയന്തരാവസ്ഥയുടെ രൂക്ഷത രാജ്യം മുഴുവന്‍ പടര്‍ന്നുകൊണ്ടിരിക്കുന്നു. നിര്‍ബന്ധിത വാസക്റ്റമിയും കലാപങ്ങളും സാമ്പത്തികമായും സാമൂഹികമായും രാജ്യത്തെ തകര്‍ത്തുകൊണ്ടിരുന്ന കാലം. കോളേജില്‍ വിദ്യാര്‍ഥിപ്രസ്ഥാനത്തിന്റെ മുന്‍നിരക്കാരായ ഞങ്ങള്‍ ഒമ്പത് പേരും പട്ടണത്തില്‍ നിന്നും അകലെയുള്ള ഒരു ഗ്രാമത്തില്‍ ഒളിവിലായിരുന്നു. കൂടുതല്‍ കാലം അങ്ങനെ ജീവിക്കുക ഞങ്ങളെ സംബന്ധിച്ചിടത്തോളം സാധ്യമല്ലായിരുന്നു. അന്ന് വൈകുന്നേരം, ജയദീപ് ഞങ്ങളെ തേടിയെത്തി. കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ നിന്നുമല്ലാത്ത എല്ലാവരും അനധികൃതമായി അറസ്റ്റ് ചെയ്യപ്പെടുകയാണെന്നും യാതൊരുവിധ മനുഷ്യാവകാശങ്ങള്‍ക്കും വില കല്‍പ്പിക്കുന്നില്ല ഗവൺമെൻറ് എന്നുമായിരുന്നു അറിയാന്‍ കഴിഞ്ഞത്. കഴിയുമെങ്കില്‍ രക്ഷപ്പെടുക എന്നതായിരുന്നു മുകളില്‍ നിന്നുള്ള സന്ദേശം.

ഞങ്ങളുടെ കൂടെയുള്ള അമോലിന്റെ ഒരു ബന്ധു പഞ്ചാബ് വിമാനത്താവളത്തില്‍ ജോലി നോക്കുന്നുണ്ടായിരുന്നു. അയാളുമായി സംസാരിച്ചതിന്‍പ്രകാരം രാജ്യം വിടാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു. പാസ്പോര്‍ട്ടുമായി അവിടെയെത്താനാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ ഞങ്ങള്‍ക്കാർക്കും പാസ്പോര്‍ട്ട് ഇല്ലായിരുന്നു. അതേക്കുറിച്ച് വിഷമിക്കേണ്ടതില്ലെന്നും എല്ലാം ശരിയാക്കിത്തരാമെന്നും ജയദീപ് ഏറ്റു. വീണ്ടും ആറ് ദിവസത്തെ ഒളിവുതാമസം. ഏഴാം ദിവസം ഞങ്ങള്‍ എല്ലാവരുടെയും പാസ്പോര്‍ട്ടുമായി ജയദീപ് രാവിലെത്തന്നെയെത്തി. ഒട്ടും വൈകാതെ അദ്ദേഹത്തോട് യാത്ര പറഞ്ഞ് ഞങ്ങള്‍ പഞ്ചാബ് വിമാനത്താവളത്തിലേയ്ക്ക് യാത്രയായി. ഒളിച്ചും പതുങ്ങിയും അവിടെ എത്തുമ്പോഴേയ്ക്കും നാലുദിവസം കഴിഞ്ഞിരുന്നു. അവിടെ ഞങ്ങളെയും കാത്ത് അമോലിന്റെ ബന്ധു പരംജിത് നില്‍പ്പുണ്ടായിരുന്നു. അയാള്‍ ഞങ്ങളെ ഒഴിഞ്ഞൊരു വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. അന്ന് അവിടെ വിശ്രമിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തുതന്നു. പിറ്റേന്ന് രാവിലെ അയാള്‍ വീണ്ടും വന്നു. ഞങ്ങള്‍ ഒമ്പത് പേര്‍ക്കുള്ള യാത്രാരേഖകൾ അയാളുടെ കയ്യിലുണ്ടായിരുന്നു. ലക്ഷ്യസ്ഥാനത്തേയ്ക്കുള്ള പേര് വായിച്ച് ഞങ്ങള്‍ പരസ്പരം നോക്കി. ജോര്‍ദാന്‍. പരിഭ്രാന്തിയില്‍ ഞങ്ങളെന്തൊക്കെയോ പറയാന്‍ തുടങ്ങിയതും പരംജിത് ഞങ്ങളെ തടഞ്ഞുകൊണ്ട് ഒട്ടും ഭയക്കേണ്ടതില്ലെന്നും ജോര്‍ദാനില്‍ വേണ്ടത് ചെയ്യാന്‍ ആളുണ്ടാകുമെന്നും പറഞ്ഞു. ആഗസ്ത് 28 നു ഞങ്ങള്‍ യാത്രയാരംഭിച്ചു. ജോര്‍ദാനിലേയ്ക്കുള്ള വിമാനം ഞങ്ങള്‍ ഒന്‍പത് പേരേയും കൊണ്ട് പറന്നു. കലാപരൂക്ഷമായ നാടിനെ സങ്കടത്തോടെ നെഞ്ചോട് ചേര്‍ത്തുകൊണ്ട് ഞങ്ങള്‍ ഇന്ത്യ വിട്ടകന്നു.”

“ ജനിച്ച മണ്ണില്‍ നിന്നും ഓടിപ്പോകാതിരിക്കാന്‍ നിങ്ങള്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു അല്ലേ?” എന്റെ ചോദ്യത്തിന് ഹര്‍ജിത് മറുപടി പറഞ്ഞില്ല. അയാള്‍ എയര്‍ കണ്ടീഷന്‍ റിപ്പയര്‍ ചെയ്യുന്നത് തുടര്‍ന്നു.

“ഫെറോണ്‍ ഗാസിന്റെ ലീക്കേജാണ്. നമുക്കത് ഒന്നു മാറ്റി നോക്കാം. ശരിയാവുകയാണെങ്കില്‍ വേറെ ഒന്നും ചെയ്യേണ്ടതില്ല.“ എന്റെ കയ്യില്‍ നിന്നും ചായ ഗ്ലാസ് വാങ്ങിക്കൊണ്ട് ഇനിയെത്ര സമയമെടുക്കുമെന്നും എത്ര രൂപ കൂലിയായി നല്‍കേണ്ടി വരുമെന്നുമൊക്കെ പറഞ്ഞുകൊണ്ടിരുന്നു.

“ ജോര്‍ദാനില്‍ എപ്പോഴാണെത്തിയത്? അവിടെ നിങ്ങളെ കാത്ത് ആരെങ്കിലും ഉണ്ടായിരുന്നോ?” എന്റെ കൌതുകം കണ്ട് ചെറുചിരിയോടെ അയാള്‍ തുടര്‍ന്നു

“ജോര്‍ദാനിലെത്തിയപ്പോഴേയ്ക്കും ഞങ്ങളെല്ലാവരും നന്നേ ക്ഷീണിച്ചിരുന്നു. അതുവരെയുള്ള ഓട്ടപ്പാച്ചിലുകള്‍ ഞങ്ങളുടെ ആരോഗ്യത്തെ ബാധിച്ചു തുടങ്ങിയിരുന്നു. വിമാനമിറങ്ങിയതും അവിടെ ഒരാള്‍ എല്ലാവരേയും പരിശോധിക്കാനായി നില്‍ക്കുന്നത് കണ്ടു. അങ്ങോട്ട് നടക്കുന്നതിനിടയിലാണ് തൊട്ടടുത്തുള്ള വാതിലിനരികില്‍ നിന്ന ഒരു ഉദ്യോഗസ്ഥന്‍ തളര്‍ന്നുവീണത്. ഞാന്‍ വേഗം അയാളെ താങ്ങിയെടുത്തു. അവിടെയുള്ള മറ്റുള്ളവര്‍ ഓടിയടുത്തു. ഹൃദ്രോഗിയായിരുന്ന ആ ഉദ്യോഗസ്ഥനെ എല്ലാവരും കൂടി ഓഫീസ് റൂമിലേയ്ക്ക് കൊണ്ടുപോയി. അതീവ തിരക്കുള്ള സമയമായതിനാല്‍ അവര്‍ ഡോക്ടറെ വിളിച്ചു വരുത്തി കാവലിന് എന്നെ ഏല്‍പ്പിച്ച് തിരികെ പരിശോധനാ മേഖലയിലേയ്ക്ക് പോയി. ഡോക്ടർ നല്‍കിയ മരുന്നില്‍ അയാള്‍ക്ക് ആശ്വാസം ലഭിച്ചു. ഞാന്‍ ആ മുറിയില്‍ തന്നെ അയാള്‍ക്ക് കാവലായി നിന്നു. എന്റെ സുഹൃത്തുക്കളുടെ പാസ്പോര്‍ട്ടുകള്‍ പരിശോധിക്കുന്നത് ജനലിലൂടെ എനിയ്ക്ക് കാണാമായിരുന്നു. ഉദ്യോഗസ്ഥര്‍ സംശയത്തോടെ അത് തിരിച്ചും മറിച്ചും നോക്കുന്നു. പിന്നീട് എല്ലവരേയും മറ്റൊരിടത്തേയ്ക്ക് കൊണ്ടുപോയി. അല്പനേരം കഴിഞ്ഞപ്പോള്‍ ബോധരഹിതനായ ആ ഉദ്യോഗസ്ഥന്‍ കണ്ണുകള്‍ തുറന്നു. എന്നോട് നന്ദി പറഞ്ഞു. അയാള്‍ക്കുള്ള ഭക്ഷണവുമായി ആരോ വന്നു. അതില്‍ നിന്നും കുറച്ച് ഭക്ഷണം അയാൾ എനിയ്ക്കും നല്‍കി. വൈകുന്നേരമായപ്പോഴേയ്ക്കും പലരും മുറിയില്‍ അദ്ദേഹത്തെ കാണാന്‍ വന്നിരുന്നു. താത്ക്കാലിക ജീവനക്കാരനായിരുന്നു എങ്കിലും എല്ലാവരും ബഹുമാനിക്കുന്ന ഒരു വ്യക്തിയാണ് അദ്ദേഹം എന്ന് ഞാന്‍ മനസ്സിലാക്കി. രാത്രിയില്‍ അദ്ദേഹത്തെ കാണനെത്തിയ പരിശോധനാ ഉദ്യോഗസ്ഥനില്‍ നിന്നും എന്റെ സുഹൃത്തുക്കളെ ഇന്ത്യയിലേയ്ക്ക് തന്നെ തിരികെ അയച്ചെന്ന് ഞാന്‍ മനസ്സിലാക്കി. ഞങ്ങള്‍ക്ക് ലഭിച്ച യാത്രാരേഖകൾ വ്യാജമായിരുന്നു. ഞാന്‍ എന്റെ കീശയിലെ പാസ്പോര്‍ട്ടില്‍ അമര്‍ത്തിപ്പിടിച്ചു.

അക്കീര്‍ അഹമ്മദ് എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. അയാള്‍ മനുഷ്യസ്നേഹിയായിരുന്നു. എന്റെ പാസ്പോര്‍ട്ടും രേഖകളും നിയമവിരുദ്ധമാണെന്നറിഞ്ഞുകൊണ്ടു
തന്നെ ജോര്‍ദാനില്‍ ജോലി ചെയ്യാനുള്ള ഇഖാമ അദ്ദേഹം തയ്യാറാക്കിത്തന്നു. അയാളുടെ പരിചയത്തിലുള്ള ഗോഡൌണില്‍ ഞാന്‍ ജോലിക്കാരനായി. രണ്ട് വര്‍ഷത്തോളം അവിടെ തുടര്‍ന്നു. ആഭ്യന്തരയുദ്ധങ്ങളും സാമ്പത്തിക മാന്ദ്യവും ജോര്‍ദാനെ പുകച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത്. എന്നാല്‍ ഇറ്റലിയിലേയ്ക്ക് ചരക്കുകള്‍ കയറ്റി അയക്കുന്നത് രാജ്യത്തിന്റെ പ്രധാന വ്യാപാരമായി തുടര്‍ന്നിരുന്നു. ജോര്‍ദാനില്‍ തുടരുക എന്നതായിരുന്നില്ല എന്റെ ലക്ഷ്യം എന്നതിനാല്‍ അവിടെ നിന്നും മറ്റേതെങ്കിലും രാജ്യത്തേയ്ക്ക് പോകുന്നതിനെക്കുറിച്ച് ഞാന്‍ ചിന്തിച്ചു തുടങ്ങി. ഞാനത് അക്കീറുമായി സംസാരിച്ചു. വഴിയുണ്ടാക്കാമെന്നയാള്‍ മറുപടി നല്‍കി. അത്രത്തോളം, ഒരു സഹോദരനു തുല്യം അയാള്‍ എന്നെ സ്നേഹിച്ചിരുന്നു. ചരക്കുകള്‍ കയറ്റി അയക്കുന്ന ഇടപാടുകാരുമായി അക്കീറിന് നല്ല ബന്ധമുണ്ടായിരുന്നു. അതിലൊരു കമ്പനിയുടെ ഇടപാടുകാരനാകാന്‍ അക്കീര്‍ എന്നെ നിര്‍ബന്ധിച്ചു. അതില്‍ നിയമിതനാകുന്നതിനു മുന്‍പേ എന്റെ ഇക്കാമ ഉപയോഗിച്ച് എംബസിയുമായി ബന്ധപെട്ട് പാസ്പോര്‍ട്ട് ലഭ്യമാക്കാന്‍ അക്കീര്‍ നന്നേ ബുദ്ധിമുട്ടി. നിയമപരമായി എങ്ങോട്ടും യാത്ര ചെയ്യാനുള്ള ഇന്ത്യന്‍ പാസ്പോര്‍ട്ട് അദ്ദേഹം എന്റെ കൈകളില്‍ വെച്ചുതന്നപ്പോള്‍ കരഞ്ഞുകൊണ്ട് ഞാനാ കാല്‍ക്കല്‍ വീണു. എന്നെ പിടിച്ചെഴുന്നേല്‍പ്പിച്ച് മുറുകെ കെട്ടിപ്പിടിച്ചു. വീണ്ടുമിനി കാണുകയുണ്ടാകില്ലെന്ന് ഞങ്ങള്‍ക്കിരുവര്‍ക്കും അറിയാമായിരുന്നു. അടുത്ത ദിവസം ഉച്ചയോടടുത്ത് ഇറ്റലിയിലേയ്ക്കുള്ള വിമാനത്തില്‍ ഞാന്‍ യാത്രയായി. അക്കീര്‍ എന്ന മനുഷ്യന്‍ എന്റെ ജീവിതത്തെ വ്യക്തമായ ഏതോ ലക്ഷ്യ ത്തിലേയ്ക്ക് നയിക്കുന്നതായി എനിയ്ക്ക് തോന്നി.

ജോര്‍ദാനില്‍ നിന്നും ഇറ്റലിയിലെത്തിയ ചരക്കുകളുടെ കണക്കെടുപ്പും അവയുടെ ഗുണനിലവാരം ബന്ധപ്പെട്ടവരെ അറിയിക്കലും ആയിരുന്നു ഇറ്റലിയിൽ എന്റെ ജോലി. ആംബ്ര എന്ന സ്ത്രീയായിരുന്നു അവിടെ എന്റെ മേലുദ്യോഗസ്ഥ. അവര്‍ക്ക് വിവരങ്ങളെല്ലാം കൈമാറി ഞാന്‍ എന്റെ താമസസ്ഥലത്തേയ്ക്ക് പുറപ്പെട്ടു. ഇറ്റലിയില്‍ രണ്ടുമാസമായിരുന്നു എന്റെ കാലാവധി. അതിനുള്ളില്‍ ഒന്നുകില്‍ അവിടെ തുടരാനുള്ള വഴിയോ മറ്റെവിടേയ്ക്കെങ്കിലും പോകാനുള്ള ഏര്‍പ്പാടുകളോ കണ്ടുപിടിച്ചിരിക്കണമെന്ന് അക്കീര്‍ എന്നോട് പറഞ്ഞിരുന്നു. ജോലിയുമായുള്ള സംസാരങ്ങള്‍ക്കിടയില്‍, ആംബ്രയുടെ സഹോദരന്‍ ഇറ്റലിയിലെ എംബസിയിലെ ഉദ്യോഗസ്ഥനാണെന്ന് ഞാന്‍ മനസ്സിലാക്കി.

എന്റെ അവസ്ഥയെക്കുറിച്ച് ഞാന്‍ ആംബ്രയോട് തുറന്ന് പറഞ്ഞു. വഴിയുണ്ടാക്കാമെന്ന് അവര്‍ എനിയ്ക്ക് ഉറപ്പ് നല്‍കി. തൊഴിലാളികളെ പലയിടങ്ങളിലേയ്ക്ക് പല ജോലികള്‍ക്കായി അവിടെ നിന്നും അയക്കുന്നുണ്ടായിരുന്നു അന്ന്. ആംബ്ര അതേക്കുറിച്ച് എന്നോട് സംസാരിച്ചു. സ്വതന്ത്രമായൊരു തൊഴിലില്‍ തുടരാന്‍ ഇപ്പൊഴുള്ളയിടത്ത് സാധ്യമല്ലെന്ന് എനിക്കറിയാമായിരുന്നു. പിന്നെ രണ്ടും കല്‍പ്പിച്ച് ആംബ്രയൊട് ഞാന്‍ ചോദിച്ചു,
“ അമേരിക്കയിലേയ്ക് ജോലിയ്ക്ക് ആളെ അയക്കുന്നുണ്ടൊ?”എന്റെ ചോദ്യം കേട്ട് ആ സ്ത്രീ പൊട്ടിച്ചിരിച്ചു. പിന്നെ എന്റെ തോളില്‍ കൈവെച്ചുകൊണ്ട് പറഞ്ഞു, “ മെക്സിക്കൊ വരെ എത്താം. അവിടുന്നങ്ങോട്ട് നിങ്ങള്‍ സ്വയം വഴി കണ്ടു പിടിക്കണം”. ഞാന്‍ സമ്മതിച്ചു. മെക്സിക്കൊയിലേയ്ക്കുള്ള വിസ അവരെനിക്ക് ശരിയാക്കിത്തന്നു. പോകുന്നതിന് മുന്‍പ് ഞാന്‍ ആംബ്രയെ കെട്ടിപ്പിടിച്ച് സന്തോഷത്തോടെ കരഞ്ഞു. സൂക്ഷിക്കണമെന്ന് അവരെനിയ്ക്ക് മുന്നറിയിപ്പ് നല്‍കി. വൈകാതെ ഇറ്റലിയില്‍ നിന്നും ഞാൻ മെക്സിക്കോയിലേയ്ക്ക് പുറപ്പെട്ടു. അതിര്‍ത്തികള്‍ എനിയ്ക്ക് പിറകില്‍ കൂടിക്കൂടി വരികയായിരുന്നു. ഭയം ഒരു മരവിപ്പായി തീർന്നിരുന്നു.

ടിവാനയിലായിരുന്നു ഞാനെത്തിയത്. ഹോട്ടല്‍ പണികളും റോഡുപണികളുമൊക്കെയായി കുറച്ചു മാസം അവിടെ തുടര്‍ന്നു. അതിനിടയില്‍ അമേരിക്കയിലേയ്ക്കുള്ള അതിര്‍ത്തി കടത്തിവിടുന്ന സംഘത്തെ ഞാന്‍ കണ്ടെത്തിയിരുന്നു. ജോര്‍ദാന്‍ മുതല്‍ ഇതുവരെ പണിയെടുത്ത എല്ലാ പണവും അവര്‍ക്ക് നല്‍കി. എന്നോടൊപ്പം മൂന്നുപേര്‍ കൂടിയുണ്ടായിരുന്നു. ആ നഗരത്തില്‍ നിന്നും ഞങ്ങളേയും കയറ്റി, ഒരു കച്ചവടക്കാരന്റെ പച്ചക്കറി വണ്ടി പുറപ്പെട്ടു. ഒരു രാത്രി കഴിഞ്ഞ് ആ വണ്ടി നിന്നു. ഞങ്ങളെല്ലാവരും പുറത്തിറങ്ങി. നന്നേ ഉയരമുള്ള, വെളുത്ത വര്‍ഗ്ഗക്കാരനായ ഒരാളായിരുന്നു അവിടെ കാത്തുനിന്നിരുന്നത്. അയാളുടെ അരികില്‍ ഒരു കുതിരവണ്ടി ഉണ്ടായിരുന്നു. അതിന്റെ പിറകിലെ ഇരിപ്പിടത്തിനു താഴെ ചെറിയൊരു അറയിലേക്ക് ഞങ്ങൾ കയറി തിക്കിത്തിരക്കി ഇരുന്നു. ശ്വാസം ലഭിക്കാനായി അരികുകളില്‍ ദ്വാരങ്ങള്‍ ഉണ്ടായിരുന്നു. കല്ലുകളും പൊടിമണ്ണും നിറഞ്ഞ വഴിയായിരിക്കുമെന്ന് അയാള്‍ ഞങ്ങളോട് ആദ്യമേ പറഞ്ഞു. ലക്ഷ്യസ്ഥാനത്തെത്താതെ വണ്ടി നില്‍ക്കുകയില്ലെന്നും ഇടയ്ക്കെവിടെയെങ്കിലും വണ്ടി നിന്നാല്‍പ്പോലും ശബ്ദിക്കാതെ ഇരിക്കണമെന്നും അയാള്‍ കടുത്ത സ്വരത്തില്‍ പറഞ്ഞു. കുറച്ച് മണിക്കൂര്‍ യാത്ര കഴിഞ്ഞപ്പോള്‍ തന്നെ രണ്ട് പേര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി.

ഞാനും വേറെ ആളും കൂടി അവരെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു. എന്നാല്‍ അവര്‍ രണ്ടുപേര്‍ക്കും ശ്വാസം മുട്ടിത്തുടങ്ങിയിരുന്നു. പൊടുന്നന്നെ വണ്ടി നിന്നു. യാത്രയുടെ സമയം നോക്കിയാല്‍ എത്തേണ്ട സ്ഥലം ആയിട്ടില്ല. പുറത്ത് ആരോ കയര്‍ത്ത് സംസാരിക്കുന്നു. പോലീസ് ആകുമെന്ന് ഞങ്ങളുറപ്പിച്ചു. അസുഖബാധിതരായ മറ്റ് രണ്ട് പേര്‍ ചുമയ്ക്കാനൊരുങ്ങിയതോടെ ഞങ്ങള്‍ അവരുടെ വായ മുറുകെ പൊത്തിപ്പിടിച്ചു. ഏതാണ്ട് ഇരുപത് മിനുറ്റ് ആയിക്കാണും പുറത്തെ സംസാരം കേൾക്കാന്‍ തുടങ്ങിയിട്ട്. ഒരു വാഹനം പോകുന്ന ശബ്ദം കേട്ടു. ഞങ്ങളിരിക്കുന്ന അറയുടെ വാതിൽ തുറന്ന് ആജാനുബാഹുവായ ആ വണ്ടിക്കാരന്‍ ഞങ്ങളോട് പേടിക്കേണ്ടെന്ന് പറഞ്ഞു. ഭയം ഞങ്ങളുടെ ശരീരത്തെ തണുപ്പിച്ചിരുന്നു. വണ്ടിക്കാരന്റെ കണ്ണുകളില്‍ ആശങ്ക പടര്‍ന്നു. പിന്നെ അയാള്‍ ഞങ്ങളോട് പുറത്തേയ്ക്കിറങ്ങാന്‍ പറഞ്ഞു. സമയം രാത്രിയായിട്ടുണ്ടായിരുന്നു. ഞങ്ങള്‍ രണ്ടുപേരും പുറത്തേയ്ക്കിറങ്ങി. മറ്റ് രണ്ട് പേരുടേയും ശരീരം പുറത്തേയ്ക്ക് വലിച്ചിട്ടു അയാള്‍. അവര്‍ മരിച്ചിരുന്നു എന്ന് അപ്പോൾ മാത്രമാണ് ഞങ്ങളറിഞ്ഞത്. അരികിലുള്ള കാട്ടിലേയ്ക്ക് ആ രണ്ട് ശരീരങ്ങളും വലിച്ചെറിഞ്ഞതിനു ശേഷം വീണ്ടും യാത്ര തുടര്‍ന്നു. എന്റെ ശരീരം ആകെ വിറച്ചുതുടങ്ങിയിരുന്നു. കാട്ടിലേയ്ക്ക് വലിച്ചെറിയപ്പെട്ട ആ ശരീരങ്ങളിലും എന്തൊക്കെയോ സ്വപ്നങ്ങളുണ്ടായിരിക്കണം. ഞാന്‍ കണ്ണുകള്‍ ഇറുകെയടച്ചു കിടന്നു.

നാലുദിവസത്തെ യാത്രയ്ക്ക് ശേഷം ഞങ്ങളുടെ വണ്ടി നിന്നു. ലക്ഷ്യമെത്തിയിരിക്കുന്നു. കുടിക്കാനുള്ള വെള്ളം നല്‍കി ആ വെള്ളക്കാരന്‍ ഞങ്ങളോട് പൊയ്‌ക്കോളാന്‍ പറഞ്ഞു. ഏത് സ്ഥലമെന്നറിയാതെ ഞങ്ങള്‍ കണ്ണുകള്‍ തുറിച്ച് നോക്കിക്കൊണ്ടിരുന്നു. നിറം മങ്ങിയ ഒരു മരപ്പലകയില്‍ കറുത്ത അക്ഷരങ്ങള്‍ വിളറിനിന്നു. ഒട്ടായ മലനിരകൾ!

മുന്നിലെ കൂറ്റന്‍ മല കയറാന്‍ ഞങ്ങള്‍ തുടങ്ങി. വൈകുന്നേരമായതുകൊണ്ട് വെയിലിന്റെ ചൂട് നന്നേ കുറവായിരുന്നു. ക്ഷീണവും ശരീരവേദനയും ഞങ്ങളെ കൂടുതല്‍ വിഷമിപ്പിച്ചു. വലിയ മരങ്ങള്‍ പോലും അവിടെയെങ്ങും ഇല്ല. ഇരുട്ടിത്തുടങ്ങിയതോടെ ഒരു കുറ്റിച്ചെടിയുടെ ചുവട്ടില്‍ ഞങ്ങള്‍ കിടന്നുറങ്ങി, വിശപ്പും ദാഹവും എല്ലാം മറന്നുകൊണ്ട്.

നേരം വെളുത്തതും വീണ്ടും ഞങ്ങൾ നടത്തം തുടർന്നു. ചെകുത്തായ പാതകൾ. വലുതും ചെറുതുമായ ഉരുണ്ട പാറക്കല്ലുകൾ. പലതവണ ഞങ്ങൾ അടിതെറ്റി വീണു. കാലും കയ്യുമെല്ലാം മുറിഞ്ഞ് ചോര പൊടിഞ്ഞു. പലയിടത്തും വിഷപ്പാമ്പുകളിൽ നിന്നും എന്തോ ഭാഗ്യം കൊണ്ടുമാത്രമാണ് ഞങ്ങൾ രക്ഷപ്പെട്ടത്. പോലീസ് കാണുമോ എന്ന പേടിയിൽ പലപ്പോഴും ഇഴഞ്ഞായിരുന്നു മല കയറിയിരുന്നത്. ആറ് ദിവസത്തിനുശേഷം ഞങ്ങള്‍ സാന്റിയാഗോ അതിർത്തി കടന്നു. അത്രയും ദിവസം തണുത്ത ബ്രഡും വെള്ളവും മാത്രമായിരുന്നു ഞങ്ങളുടെ ഭക്ഷണം. സാന്റിയാഗോയില്‍ പലതരം പണികള്‍ക്കായി വരിവരിയായി നില്‍ക്കുന്ന ഒരുപാട് തൊഴിലാളികളില്‍ ഒരാളായി ഞങ്ങളും കൂടി. ഹ്യൂസ്റ്റണിലേയ്ക്കുള്ള, എതോ ഓയില്‍ കമ്പനിയിലേയ്ക്കുള്ള കെട്ടിടം പണിയ്ക്കായുള്ള സംഘത്തില്‍ ഞാനും ചേര്‍ന്നു.

എന്നാല്‍ ഹ്യൂസ്റ്റണില്‍ എത്തിയതോടെ, അവിടെയുള്ള കരാറുകാരനുമായുള്ള തര്‍ക്കത്തില്‍ ഞങ്ങള്‍ പത്തുപേരെ അവര്‍ ഉപേക്ഷിച്ചു. വീടില്ലാത്തവർക്കും അനധികൃതമായി എത്തുന്നവര്‍ക്കുമൊക്കെവേണ്ടിയുള്ള ഒരു കേന്ദ്രത്തിലേയ്ക്ക് ഞാന്‍ പോയി. ഇനിയും അലഞ്ഞുനടക്കാനുള്ള ആരോഗ്യം എനിക്കില്ലായിരുന്നു. ഞാന്‍ എത്തിയ സമയത്ത് അവിടെയാകെ ആളുകള്‍ തര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. അവിടെയുള്ളവര്‍ക്കുള്ള തണുത്ത പാനീയങ്ങള്‍ വിതരണം ചെയ്യുന്ന യന്ത്രത്തിന് എന്തോ തകരാര്‍. ആ ജോലികളൊക്കെ നന്നായി അറിയാവുന്നത് കൊണ്ട് ഞാനതിന്റെ പണി ഏറ്റെടുത്തു. ഒരു മണിക്കൂറിനുള്ളില്‍തന്നെ എല്ലാം ശരിയായി. അവിടെയുള്ളവരുടെ ചുമതലയുള്ള മിഷേലിന് അതൊരു വലിയ ആശ്വാസമായിരുന്നു. ഞങ്ങള്‍ വളരെ പെട്ടന്ന് സുഹൃത്തുക്കളായി. എന്റെ കഥകളെല്ലാം അവരോട് ഞാന്‍ പറഞ്ഞു. എന്റെ മുഖത്തേയ്ക്ക് നോക്കി പുഞ്ചിരിച്ചുകൊണ്ട് മിഷേല്‍ എന്നോട് ചോദിച്ചു “ ഞന്‍ നിങ്ങളെ വിവാഹം കഴിക്കാം. പൗരത്വം കിട്ടിയാല്‍ നിങ്ങള്‍ക്കെന്നെ ഉപേക്ഷിക്കാം”. അതിനുള്ള മറുപടി എങ്ങനെ പറയണം എന്നറിയാതെ ഞാന്‍ അന്തിച്ചിരുന്നു.

എന്റെ സേവനം അവിടെ ആവശ്യമുണ്ടായിരുന്നു മിഷേലിന്. എന്റെ കയ്യിൽ വ്യക്തമായ രേഖകൾ ഇല്ലെന്നും അവർ മനസ്സിലാക്കി. എല്ലാത്തിൽ നിന്നുമുള്ള രക്ഷപ്പെടൽ എന്ന നിലയ്ക്കായിരുന്നു ആ വിവാഹവാഗ്ദാനം.

“ നിങ്ങള്‍ മിഷേലിനെ വിവാഹം ചെയ്തോ?” ഞാന്‍ അത്യധികം ആഹ്ലാദത്തോടെ ഹര്‍ജിത്തിനെ നോക്കി

“ വേറെ എന്താണ് വഴി. ഞങ്ങള്‍ വിവാഹിതരായി”

എസിയുടെ ജോലി ഏതാണ്ട് തീര്‍ന്നിരിക്കുന്നു. വീടിനുള്ളില്‍ പോയി തണുപ്പ് കൂട്ടിവെയ്ക്കാന്‍ അയാള്‍ പറഞ്ഞു.
രണ്ട് ദിവസത്തെ ചൂടിനുശേഷം വീട് തണുത്ത് തുടങ്ങുന്നു.

“ഹര്‍ജിത്, തണുപ്പ് വന്നു. ശരിയായി എല്ലാം”

“ ഇത് എന്നെ വിളിക്കാനുള്ള വിവരങ്ങളാണ്, എന്തെങ്കിലും പ്രശ്നം ഇനിയും ഉണ്ടായാൽ “ ഹര്‍ജിത് പോകാനൊരുങ്ങി

“ ഹര്‍ജിത്, നിങ്ങളുടെ വിവാഹത്തിന് ശേഷം ജീവിതം മെച്ചപ്പെട്ടോ? മക്കള്‍? ബാക്കി കൂടി പറയൂ” ഞാന്‍ അയാളെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു.

വൈകുന്നേരം വേനൽചൂട് അല്പം കുറഞ്ഞിരിക്കുന്നു. വീടിന് മുന്നിലെ മരത്തണലിലേയ്ക്ക് മാറിനിന്നുകൊണ്ട് അയാള്‍ മിഷേലുമൊത്തുള്ള ദിവസങ്ങളെ ഓര്‍മ്മയില്‍ നിന്നും കുടഞ്ഞിട്ടു.

“അമേരിക്കൻ പൗരയായിരുന്നു അവർ ഞാനാകട്ടെ അനധികൃതമായെത്തിയ ഒരാളും. അതുകൊണ്ട് തന്നെ ഞങ്ങളുടെ വിവാഹത്തിന്റെ നിയമപരമായ കാര്യങ്ങളെല്ലാം കൂടുതൽ സങ്കീർണമായി. പൗരത്വത്തിനുവേണ്ടിയാണോ വിവാഹം ചെയ്തത് എന്നതുമായി ബന്ധപ്പെട്ട് ഒട്ടേറെ ചോദ്യം ചെയ്യലുകളുണ്ടായി. ഭാര്യ, ഭർത്താവ് എന്ന നിലയ്ക്കും മനുഷ്യർ എന്ന നിലയ്ക്കും ഞങ്ങളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്നതായിരുന്നു മിക്കതും. ഭാര്യയുടെ ശരീരാവയങ്ങളുടെ വലുപ്പത്തെക്കുറിച്ചും രതിമൂർച്ഛയെക്കുറിച്ചും ധരിക്കുന്ന അടിവസ്ത്രത്തെക്കുറിച്ചും വരെ ചോദ്യങ്ങളുണ്ടായി. അതിൽ കുറ്റം പറയാനും പറ്റില്ല. അമേരിക്കൻ പൗരത്വം ലഭിക്കുന്നതിനായി വിവാഹം ചെയ്യുകയും പിന്നീട് വേർപിരിയുകയും ചെയ്യുന്ന അനവധിയാളുകളുള്ളപ്പോൾ എല്ലാവരെയും ഒരേ കണ്ണിലൂടെ മാത്രമേ ഉദ്യോഗസ്ഥർക്ക് കാണാൻ കഴിയൂ. ഞങ്ങളെ നിരീക്ഷിക്കുന്നതിനായി ഏർപ്പെടുത്തിയവർ എപ്പോഴും ഞങ്ങളെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. മിഷേലിന്റെ ദൃഢനിശ്ചയം എന്നെ അദ്‌ഭുതപ്പെടുത്തിയിരുന്നു. അവളുടെ പ്രണയം ഞാൻ അർഹിക്കുന്നതിലും കൂടുതലായിരുന്നു.

സത്യം പറഞ്ഞാൽ അവൾക്ക് എന്നോടുള്ള ഇഷ്ടത്തിന്റെ ചെറിയൊരു ശതമാനം പോലും ആത്മാർത്ഥത എനിക്കങ്ങോട്ടില്ലായിരുന്നു. എന്റെ നിലനിൽപ്പിന് നിയമസാധുത നേടുക എന്നതായിരുന്നു ആദ്യം തോന്നിയിരുന്നതും. ദിവസങ്ങൾ കഴിഞ്ഞതോടെ മിഷേലുമായുള്ള എന്റെ ഇഷ്ടം പ്രണയത്തിന്റെ എല്ലാ തീക്ഷ്ണതയേയും ഉൾക്കൊണ്ടു. സ്വന്തം രാജ്യത്തേക്ക് തിരികെ അയക്കപ്പെട്ടാൽപ്പോലും അവളെ മറക്കുക എന്നത് എനിക്ക് കഴിയുമായിരുന്നില്ല. നീണ്ട എട്ടുവർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ എനിയ്ക്ക് അമേരിക്കൻ പൗരത്വം ലഭിച്ചു. ഭയം കൂടാതെ എവിടെയും ജീവിക്കാനും നടക്കാനും ജോലി ചെയ്യാനുമുള്ള സ്വാതന്ത്ര്യം വർഷങ്ങൾക്കുശേഷം ഞാൻ അനുഭവിക്കുകയായിരുന്നു. മുപ്പത്തഞ്ച് വർഷമായി ഞാനീ നാട്ടിലിപ്പോൾ”.

വലിയൊരു നെടുവീർപ്പോടുകൂടി അയാൾ പറഞ്ഞു നിർത്തി. എത്രയോ കാലമായി ഭൂതകാലത്തെക്കുറിച്ച് ഓർത്തിട്ടെന്ന് തോന്നുംവിധം അയാളത്രയും തളർന്നിരുന്നു.

“ഇന്ത്യയിലേയ്ക്ക് പിന്നീട് പോയിരുന്നോ?” എന്റെ ചോദ്യങ്ങളും തളർന്നു തുടങ്ങിയിരുന്നു.

“അമ്മ മരിച്ചപ്പോൾ പോയിരുന്നു. ഒരാഴ്ച അവിടെ ഉണ്ടായിരുന്നു.”

“പിന്നെയൊരിക്കലും പോകാൻ തോന്നിയില്ലേ?”

മറുപടി എന്ത് പറയണം എന്നറിയാതെ അയാൾ നിശ്ശബ്ദനായി. അയാളുടെ കണ്ണുകൾ നിറഞ്ഞുവോ?

“ഞാൻ പോകുന്നു. വർഷങ്ങളായി ഇത്രയുമൊക്കെ ആരോടെങ്കിലും സംസാരിച്ചിട്ട്. എന്റെ അമ്മ ഉണ്ടാക്കുന്ന അതേ സ്വാദുള്ള ചായയാണ് നിങ്ങളെനിയ്ക്ക് തന്നത്. അത് കുടിക്കുമ്പോൾ ഞാനെന്റെ അമ്മയെ ഓർത്തു. എല്ലാ നന്മകളും ഉണ്ടാകും നിങ്ങൾക്ക്.” അയാൾ വണ്ടി സ്റ്റാർട്ട് ചെയ്ത് പോകാനൊരുങ്ങി

“ഹർജിത്, ഇന്ത്യയിലേക്ക് പോകാനുള്ള പണം ഞാൻ നൽകാം. നിങ്ങൾ വളർന്ന നാട് ഒന്നുകൂടി കണ്ട് വരൂ. പിന്നീട് കഴിഞ്ഞെന്നു വരില്ലല്ലോ”

അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

“ശുഭദിനം നേരുന്നു. എപ്പോഴെങ്കിലും കാണാം” അയാൾക്കിനി പറയാനോ ഓർമ്മിക്കാനോ തീർത്തും ഒന്നുമില്ലാതായിരിക്കുന്നു.

അയാൾ ദൂരേയ്ക്ക് പോകുന്നതിനൊപ്പം എന്നെ മൂടി നിന്ന തണലും മാഞ്ഞുതുടങ്ങിയിരുന്നു. കനത്ത വെയിലിന്റെ ചൂടിൽ ഞാനെന്റെ കണ്ണുകൾ ഇറുക്കിയടച്ചു. ഏതൊക്കെയോ നിഴലുകൾ മാറി മറയുന്നു. പുഴ, ആൽമരച്ചുവട്, തേവരുടെ കൂവളമാല, ഉത്സവം, വയലുകൾ, ഉമ്മറത്തിണ്ണയിലെ മഴ, അകായിലെ നടുമുറ്റത്ത് നൃത്തം ചെയ്യുന്ന പെൺകുട്ടി.

ഹർജിത്തിന്റെ നിഴൽ എന്നോടൊപ്പം വീടിനുള്ളിലെ തണുപ്പിലേക്ക് കയറി.


വര : വർഷ മേനോൻ

കവർ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like