പൂമുഖം നോവൽ പത്ത് പെൺമരണങ്ങൾ അതിലൊന്ന് ഒരാണും

പത്ത് പെൺമരണങ്ങൾ അതിലൊന്ന് ഒരാണും

ഇതൾ 14

ഒരു അനാഥയുടെ ശവസംസ്കാരം എങ്ങനെയായിരിക്കുമെന്നാണ് നിങ്ങൾ കരുതുന്നത്? നിങ്ങളുടേതിൽ നിന്നും തികച്ചും വിഭിന്നമാണ്. ശ്മശാനത്തിലെ കാവൽക്കാരനെ ഒന്ന് സന്തോഷിപ്പിക്കുകയേ വേണ്ടു, അതിനാണെങ്കിൽ വളരെയെളുപ്പവും. വഴികൾ നിങ്ങൾക്ക് ഞാൻ പറഞ്ഞുതരേണ്ടതില്ലല്ലോ.. കാലങ്ങളായ് അനുവർത്തിച്ചു പോരുന്നത്!
ഇവിടെ, പാതിയും വെന്തുപോയ അനാഥ പെൺകുട്ടിയുടെ ഉടലിന് ചില്ലറ വിറകു കൊള്ളികളുടെ ആവശ്യം മാത്രമേ വരുന്നുള്ളു.
പക്ഷേ, ഉടലിനപ്പുറമുള്ള അവളെ ദഹിപ്പിക്കാൻ……..?

” മായാ നീ എന്താണ് ആലോചിച്ച് കൂട്ടുന്നത്?
നിന്റെ ഈ വേണ്ടാത്ത ചിന്തകളാണ് ആദ്യം മാറ്റേണ്ടത്. അവിടെ തീരും നിന്റെ വയ്യായ്കകൾ… വയറ്റിൽ കിടക്കുന്ന കുഞ്ഞിനെ കുറിച്ച് സന്തോഷമുള്ള കാര്യങ്ങൾ ചിന്തിക്കൂ… “

” ഞാനൊന്നും ചിന്തിക്കുന്നില്ല.. വെറുതെ കിടന്നതാണ്.”

“ഉവ്വ്.. നിന്നെ എനിക്ക് അറിയുകയേയില്ലല്ലോ.. മായാ ഞാൻ പറയുന്നത് മനസ്സിലാക്കു.നിനക്കിവിടെ ഒറ്റയ്ക്കിരുന്നിട്ട് ആവശ്യമില്ലാത്ത ആകുലതകളാണ്. കുറച്ചുനാൾ നീ നിന്റെ വീട്ടിൽപോയി അമ്മയുടെ കൂടെ നിൽക്കുമ്പോൾ ഈ പ്രശ്നങ്ങളൊക്കെ തീരും .മനസ്സിലാകുന്നുണ്ടോ? “

എനിക്കങ്ങോട്ട് പോകേണ്ട…എന്ന് അലറിക്കൂവാനാണ് തോന്നുന്നത് പക്ഷേ, കാരണമെന്ത് എന്ന് ചോദിച്ചാൽ എന്താണ് മറുപടി പറയേണ്ടത്? അവിടെ അവളുണ്ടെന്നോ? ആ വീടിനെ ഭയമാണെന്നോ? അവളെ .. എന്റെ ജ്ഞാനശങ്കരിയെ ഞാൻ ഭയക്കുന്നുവെന്നോ? അവളുടെ ശാപമേറ്റ് എന്റെ, വയറ്റിൽ കിടക്കുന്ന കുഞ്ഞ് ചാപിള്ളയായ് പിറക്കുമെന്നോ?
തല പൊട്ടിപ്പിളരുന്നതുപോലെ വേദനിക്കുന്നു.

ശങ്കരിയുടെ മരണത്തെ ഒരൊളിച്ചോട്ടമായ് മാറ്റിയെഴുതാൻ വീട്ടിൽ എല്ലാവർക്കും വളരെ എളുപ്പമായിരുന്നു. നഗരം കാണാൻ പോയവൾ അവിടെയുള്ള ഒരു ചെറുപ്പക്കാരനൊപ്പം ഒളിച്ചോടിയിരിക്കുന്നു. ശുഭം.
ഒന്നും ഒന്നുമത്ര ശുഭമായിരുന്നില്ല എന്ന് കാലം എന്നിലൂടെ ഇതാ ഇപ്പോഴും തെളിയിച്ചുകൊണ്ടേയിരിക്കുന്നു.

ഇന്നലെ കണ്ട ഒരുവനൊപ്പം എവിടേക്കോ മറഞ്ഞുപോയ ശങ്കരിയെ അതികഠിനമായ് വെറുത്ത്, അവളുടെ ഓർമ്മകളെപ്പോലും ആട്ടിയോടിച്ചിരുന്ന ഒരു കാലം. എന്നിട്ടും
ഒരു പോസ്റ്റ് കാർഡ് ‘മാക്കാ’ എന്ന് വിളിച്ച് കടന്നുവരുമെന്ന് രഹസ്യമായ് കാത്തിരുന്നു. താനാണവളെ മലയാളം എഴുതാൻ പഠിപ്പിച്ചത്.

ഇല്ലാതെയാകുമ്പോൾ മാത്രം തിരിച്ചറിയപ്പെടുന്ന ബന്ധങ്ങളുടെ ആഴമറിഞ്ഞ്, അവളിൽ നിന്നും എഴുന്നേൽക്കുവാനാകാതെ വീണുകിടന്ന ദിനരാത്രങ്ങൾ. ഒടുവിൽ അച്ഛന്റെ സുഹൃത്തിന്റെ പരിചയത്തിലുള്ള മാനസികരോഗവിദഗ്ധയുടെ ചികിത്സയിൽ, മരുന്നുകളിലൂടെ ലഭിച്ച സാന്ത്വനം. എത്രത്തോളം സ്നേഹിച്ചിരുന്നുവോ അതിന്റെ ഇരട്ടിയായ് തന്നെ മറന്ന, തന്നെ രോഗിയാക്കിയ, അവളോടുള്ള വെറുപ്പ്.. ശങ്കരിയുടെ ഒളിച്ചോട്ടവും (?) തന്റെ വയ്യായ്കയും, അച്ഛന്റെ മൗനവും .
അമ്മ ഏറെ മാറിപ്പോയിരുന്നു.

യുഗങ്ങളോളം നീണ്ട ആ രണ്ടര വർഷത്തിന് ശേഷം, ജീവന്റെ വിവാഹാലോചന. ഒരു മാറ്റം താനും ആഗ്രഹിച്ചിരുന്നു. വിവാഹം ഉറപ്പിക്കൽ ചടങ്ങിന്റെയന്നാണ് അപ്പച്ചിയും, മാമനും വീണ്ടും വീട്ടിലേക്ക് വരുന്നത്. ആരുമാരും പരസ്പരം സംസാരിക്കാതെ, ഒറ്റപ്പെട്ട തുരുത്തുകൾ പോലെ അവിടെയും ഇവിടെയും …..
അന്ന് രാത്രി കിടക്കാൻ കിടക്ക തട്ടിക്കുടയുകയായിരുന്നു. തലയിണയ്ക്കടിയിൽ ഒരു നോട്ട് പുസ്തകം കണ്ട് അമ്പരന്നു പോയി. അത്രമേൽ ചിരപരിചിതമായ പുറംചട്ടയുള്ള ആ പുസ്തകം.

” ഇത് നോക്കിക്കേ ശങ്കരീ, ഞാനീ നോട്ട്ബുക്കും രണ്ട് പേനയും നിന്റെ ബാഗിനുള്ളിൽ വെച്ചത് കണ്ടല്ലോ. “

” ഉം. കണ്ടൂ.എന്തിനേ അത് ? “

“കുന്തം! പറമ്പിലെറിയാൻ. എടി… എടീ.. പൊട്ടത്തീ.. “

” എന്തോ.. എന്തോ മാക്കാച്ചീ?”

” അവിടെ ചെന്നിട്ട് , ഓരോ ദിവസവും നിനക്ക് എന്നോട് പറയാനുള്ളത് മുഴുവൻ രാത്രി ഉറങ്ങുന്നതിനു മുമ്പ് ഇതിൽ എഴുതിവെയ്ക്കണം. നിന്നോട് പറയാനുള്ളതൊക്കെ ഇവിടെ ഞാനും അങ്ങനെ എഴുതിവയ്ക്കും.”

” എന്തിനേ മാക്കാ ?”

” അതൊരു രസമല്ലേ? നമ്മൾക്ക് എന്തൊക്കെയായിരുന്നു തമ്മിൽത്തമ്മിൽ പറയാനുണ്ടായിരുന്നതെന്ന് അറിയാലോ…”

ഇതിവിടെ എങ്ങനെ വന്നു ?
ശങ്കരി …
അവൾ വന്നിരുന്നെന്നോ? മറ്റാര് ?
ഏറെ ആശയക്കുഴപ്പങ്ങളോടെയാണ് താൻ ആ നോട്ട്ബുക്ക് തുറന്നത് .

“എന്നോടെ മാക്കാക്ക്…
അൻപുടൻ!”

അവസാനത്തേതൊഴിച്ച് അവളുടെ ഓരോ കുറിപ്പും അവസാനിച്ചിരുന്നത്
” മാക്കാ .. എന്നാണ് വരുന്നത് ? ഞാൻ കാത്തിരിക്കുന്നു” എന്നായിരുന്നു.

അവസാനത്തെ കുറിപ്പിൽ അവൾ വാരിയെറിഞ്ഞിരിക്കുന്ന മുള്ളുകൾ… അതിലൊന്നുപോലും പിഴയ്ക്കാതെ കൃത്യം എന്റെ ഹൃദയത്തിൽത്തന്നെ തറഞ്ഞുകയറിയിരിക്കുന്നു.
” ഇതായിരുന്നോ മാക്കാ…. മാക്കാ പറഞ്ഞ പുതിയ കാഴ്ചകൾ ?”

“ഇതായിരുന്നോ മാക്കാ… മാക്കാ പറഞ്ഞ സന്തോഷങ്ങൾ?”
ഇവിടെ ഞാനേ അവസാനിക്കുന്നുള്ളൂ..

മാക്കാ…
മരണത്തെ സ്വയം തിരഞ്ഞെടുക്കേണ്ടി വരുമ്പോൾ എന്തിനാണ് കാര്യകാരണങ്ങളെയും, കാരണക്കാരെയും ചൂണ്ടിക്കാട്ടി നിസ്സഹായതയും, പരാജയവും, ഭീതികളും കുത്തിനിറച്ച് ഒരു മരണമൊഴി?
ആർക്ക് വായിക്കാൻ?
ആരെ ബോധ്യപ്പെടുത്താൻ?
എല്ലാറ്റിനേയും കഴുകിയിറക്കി ഞാൻ കുളിച്ചു..

ഇത്രടം വരെ തുഴഞ്ഞു. ഇനി മതി.
ജീവിച്ച ജീവിതം എന്റേതായിരുന്നില്ല! ഞാനവളായിരുന്നില്ല!
ഞാനൊരു നിഴൽ.
എവിടൊക്കെ തിരഞ്ഞിട്ടും, എത്ര പരിശ്രമിച്ചിട്ടും അനേകർ കയ്യേറിയ എന്റെ ചെറു ജീവിതത്തെ സ്വതന്ത്രമാക്കാനോ ആ ജീവിതം ജീവിക്കാനോ എനിക്ക് സാധിച്ചില്ല..

കണ്ടില്ലേ ഉത്തരമില്ലാത്തൊരു നോവ് ചൂഴ്ന്നുപിടിക്കുന്നത്.. മരണത്തിലേക്ക് സ്വയം ഇറങ്ങിച്ചെല്ലേണ്ടി വരുന്നവളുടെ ചോദ്യങ്ങളാവാം ഈ നോവിന്റെ ഉടയോർ.

ഒരു താരാട്ട് കേൾക്കുവാൻ തോന്നുന്നു..
മെല്ലെ പതിഞ്ഞ ശബ്ദത്തിൽ ആരാണ് മാക്കാ എനിക്കുവേണ്ടിയൊന്ന് മൂളുക?

മാക്കാ…. ഞാൻ പോവുകയാണ്.. എന്നെങ്കിലും ഈ പുസ്തകം മാക്കായുടെ കയ്യിൽ കിട്ടുമായിരിക്കും അല്ലേ?
അന്ന് മാക്കാ എനിക്ക് വേണ്ടി ഇവരോട് പറയണം,
ഒരിക്കൽ പോലും പൂക്കാതെ, കായ്ക്കാതെ , നടത്തം തുടങ്ങും മുമ്പേ, ഉറ്റവരെ കാണാതെ യാത്ര അവസാനിപ്പിക്കേണ്ടി വന്ന എന്റെ നോവ് എന്തായിരുന്നെന്ന്.
ഇനി ഒരു പെൺകുട്ടിയോടും ഇങ്ങനെ ചെയ്യരുതെന്ന്.
എന്റെ അപ്പാവെ, നാടിനെ, വീടിനെ, അമ്മാവെ ആരേയും ഇനി ഒരിക്കലും ഞാൻ കാണുകില്ല അല്ലേ മാക്കാ ?
അകവും പുറവും പൊള്ളുന്നു മാക്കാ..
തീ മഴ പെയ്യുന്നു മാക്കാ…. ! “

“വേണ്ട എനിക്ക് വീട്ടിൽ പോകേണ്ട.. “

” മായാ.. എന്തുപറ്റി? നീ ആകെ വിയർത്തല്ലോ? സ്വപ്നം കണ്ടോ? “

” ഏയ്, ഒന്നുമില്ല. എന്തോ സ്വപ്നം . ജീവൻ , ഞാനൊരു കാര്യം പറഞ്ഞോട്ടെ?”

” പറയൂ”
” എനിക്ക്… എനിക്ക് നാട്ടിൽ പോകേണ്ട. ഞാൻ ഇവിടെ പ്രസവിച്ചോളാം..”

വര : പ്രസാദ് കാനത്തുങ്കൽ

കവർ : സി പി ജോൺസൺ

Comments
Print Friendly, PDF & Email

You may also like