പൂമുഖം ART “കുട്ടികളെ, നിങ്ങളറിയാന്‍…”

“കുട്ടികളെ, നിങ്ങളറിയാന്‍…”

ാരത് രംഗ് മഹോത്സവ് അന്താരാഷ്ട്ര നാടകോത്സവത്തിന്‍റെ രണ്ടാം നാളായ ഫെബ്രുവരി പത്തിനവതരിപ്പിച്ച ശ്രിലങ്കയില്‍ നിന്നുമുള്ള “Dear Children Sincerely’ എന്ന നാടകം പല കാരണങ്ങളാലും ഏറെ ശ്രദ്ധേയമായി. ഒരു Sri Lanka- Rwanda collaboration ആയ ഈ നാടകത്തിന്‍റെ അന്തര്‍ദേശിയ സ്വഭാവമാണ് ഇതിന്‍റെ ഏറ്റവും സവിശേഷമായ ഘടകം.വളരെ വ്യതസ്തമായ ഒരു വിഷയത്തെ, അതീവ ശ്രദ്ധയോടും കലാപരമായ മികവോടും ശ്രീലങ്കന്‍ നാടകകൃത്തായ രുവന്തി ദിചികേര അവതരിപ്പിച്ചിരിക്കുന്നു.

1930കളില്‍ ശ്രീലങ്കയിലും റുവണ്ടയിലുമായി പിറന്ന മുപ്പതിലേറെ വന്ദ്യ വയോധികരുമായി നടത്തിയ അഭിമുഖത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ നാടകം രചിച്ചിരിക്കുന്നത്. ഇവരുടെ ഓര്‍മകളിലൂടെയുള്ള  സഞ്ചാരത്തിന്‍റെ നാടകീയ പുനരാവിഷ്കരണമാണ്, മൂന്ന് ഖണ്ഡങ്ങളുള്ള ഈ നാടകം. അവരുടെ അനുഭവങ്ങളെ പുതിയ തലമുറയുമായി പങ്കിടുന്ന ഒരു നവീന മാധ്യമമാണിത്.

നാം  പൊതുവേ ചരിത്രം അറിയുന്നത്, ചരിത്രകാരന്മാരുടെ കണ്ണുകളിലൂടെയാണ്‌. എന്നാല്‍ ഈ നാടകമാകട്ടെ, ചരിത്രത്തെ അറിയാന്‍ ശ്രമിയ്ക്കുന്നത് ഒരു പ്രത്യേക കാലഘട്ടത്തില്‍ പിറന്ന തലമുറയുടെ കണ്ണുകളിലൂടെയാണ്‌. 1930 കളില്‍ പിറന്ന ഈ തലമുറയുടെ പ്രസക്തി എന്തെന്ന് ഈ ആധുനിക നാടകം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.  ഇവര്‍ കണ്ട ലോകം, കടന്നു പോയ വഴികള്‍, സാക്ഷ്യം വഹിച്ച ചരിത്ര സംഭവങ്ങള്‍ എന്നിവ നമ്മെ ഓര്‍മിപ്പിക്കുന്നത്‌ ഒരു തലമുറയുടെ സമ്പന്നതയാണ്; അവരുടെ നൊമ്പരവും നഷ്ടങ്ങളുമാണ്; അവരുടെ കാലഘട്ടം ചെയ്തു പോയ തെറ്റുകളും, അതിന്‍റെ കുറ്റബോധവും ആണ്; ഇതിനിടയിലും അവര്‍ക്കുണ്ടായിരുന്ന, നിഷ്കളങ്കതെയും ലാളിത്യവുമാണ്.

ചരിത്രപരമായി ചില പാരസ്പരികതകളുള്ള രണ്ടു രാജ്യങ്ങളാണ്‌ ശ്രീലങ്കയും റുവണ്ടയും. ചിരകാലവിളംബിയായ കലാപങ്ങള്‍ക്കും, വംശഹത്യയ്ക്കും സാക്ഷ്യം വഹിച്ച രണ്ടു ഭൂഖണ്ഡങ്ങളിലെ, ഒരേ കാലഘട്ടത്തില്‍ ജിവിച്ച തലമുറയുടെ ഓര്‍മകള്‍ക്ക് സമാനതകളെ ഉള്ളൂ. ഈ തലമുറയുടെ, ഒരു പക്ഷെ ആരും തന്നെ മനസ്സിലാക്കാത്ത പ്രസക്തിയെക്കുറിച്ചു വളരെ ആഴത്തില്‍ ഈ നാടകം നമ്മെ ചിന്തിപ്പിക്കുന്നു.

1455398295mashirika-india

മൂന്ന് ഖണ്ഡങ്ങളിലായി അനേകം കഥകളെ കോര്‍ത്തിണക്കിക്കൊണ്ടാണ് വിവരണ ശൈലി. പ്രത്യേകിച്ചു ശ്രീലങ്കയിലെ ഉപസംസ്കാരത്തെ ശ്രദ്ധാപൂര്‍വ്വം പ്രതിഫലിപ്പിച്ചിട്ടുമുണ്ട്. വെള്ളക്കാരന്‍റെ കോളനികള്‍ ആകേണ്ടി വന്ന ശ്രീലങ്കയുടെയും, റുവണ്ടയുടെയും 1930കളുടെ കഥ വളരെ ശ്രദ്ധേയമായി. വംശീയ ഭേദമില്ലാതിരുന്ന ഒരു ജനതയുടെ മനസ്സിലേക്ക്, വെള്ളക്കാരന്‍, കലഹത്തിന്‍റെയും, കലാപത്തിന്‍റെയും വിത്തു പാകി. നാടകത്തിന്‍റെ തുടക്കത്തിലുള്ള ഈ കഥ, വെള്ളക്കാരന്‍റെ കോളനികള്‍ ആകേണ്ടി വന്ന എല്ലാ രാജ്യങ്ങളിലെയും സാര്‍വലൌകികതയെ വെളിപ്പെടുത്തുന്നു. ഈ കഥ, അതുകൊണ്ട് തന്നെ നമുക്കോരോരുത്തര്‍ക്കും വ്യകിതിപരമായ തലത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്നു.

ഇതേ ശ്രേണിയിലാണ് ശ്രീലങ്ക സ്വതന്ത്രമാകുന്ന പശ്ചാത്തലം. ഒട്ടും തന്നെ ശ്രമിയ്ക്കാതെ കിട്ടിയ സമ്മാനമാണ് ശ്രീലങ്കന്‍ സ്വാതന്ത്ര്യം എന്ന് നാടകം വിമര്‍ശിക്കുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്‍റെ തീക്ഷണതയും ഒരുമയും, അതെ സമയും, ശ്രീലങ്കയുടെ സ്വാതന്ത്ര്യത്തോടുള്ള വിരുദ്ധമായ വൈകാരിക നിലപാടുകളും ഹാസ്യ രൂപത്തില്‍ അടുപ്പിച്ചു വെയ്ച്ചപ്പോള്‍ സദസ്സില്‍ കൈയ്യടി മുഴങ്ങി.

സ്വാതന്ത്ര്യാനന്തരം ‘ഭാഷ’ എങ്ങനെ ഒരു വംശത്തെ ഒറ്റപ്പെടുത്തി എന്ന് കാണിച്ച രംഗങ്ങള്‍ നര്‍മ്മത്തില്‍ പൊതിഞ്ഞതാണ്. ‘സിംഹള മാത്രം’ എന്നുച്ചരിച്ചുകൊണ്ട്‌, ഡ്രൈവര്‍ മാറി മാറി വരുന്ന ഒരു ബസ്സിനെ പ്രതീകമായി വെച്ചാണ്, തമിഴ് ഭാഷയ്ക്ക്, ഔദ്യോഗികമായ തുല്യ സ്ഥാനം എങ്ങനെ ലഭിയ്ക്കാതെ പോയതെന്ന് വളരെ ഫലപ്രദമായി, ഹാസ്യ രൂപേണ ആവിഷ്കരിച്ചിരിക്കുന്നത്‌.

പിന്നെ ശ്രദ്ധേയമായത് 70കളിലും, 80കളിലും ശ്രീലങ്കയില്‍ നടന്ന യുവാക്കളുടെ കലാപത്തെ ക്രൂരമായി അടിച്ചൊതുക്കിയ കഥയാണ്. വിദ്യാഭ്യാസം കഴിഞ്ഞു നിന്ന വിദ്യാര്‍ഥികളുടെ അസ്വാസ്ത്യങ്ങള്‍ക്ക് കാരണം അന്നത്തെ ജ്യേഷ്ഠ തലമുറയുടെ തെറ്റായ നടപടികളാണ്, എന്ന് ഒരുദ്ധാരണം ഈ കഥയ്ക്ക് മുമ്പ് നമുക്ക് കേള്‍ക്കാം. ജോലിയില്ലാതലയുന്ന ലക്ഷക്കണക്കിനു യുവാക്കളുടെ ഈ നൊമ്പരം, ഏതൊരു മലയാളിയ്ക്കും നന്നായി മനസ്സിലാകാതെ തരമില്ല.

വെള്ളക്കാരന്‍ തുടങ്ങി വെയ്ച്ച വര്‍ഗീയത, റുവണ്ടയെ ഒരു നിഴല്‍ പോലെ പിന്തുടര്‍ന്നു. തൊണ്ണൂറുകളില്‍ പത്തുലക്ഷത്തിലേറെ Tutsiകളെ കൊന്നൊടുക്കിയ പോര്‍ക്കളം ആയി ഈ വംശഹത്യ ലോകം മുഴുവന്‍ മിണ്ടാതെ നോക്കി നിന്നു. ഇന്നും, റുവണ്ടന്‍ ചരിത്രം ഒരു ദൃഷ്ടാന്തമായി ലോകം പഠിയ്ക്കുന്നു.   ഇത്തരം വന്‍ ദുരന്തങ്ങള്‍ ഒഴിവാക്കാനുള്ള ഒരു സന്ദേശമാണീ നാടകം.

നാടകത്തിന്‍റെ രണ്ടാം ഭാഗത്തില്‍, 1930കളിലെ തലമുറ സ്നേഹത്തെയും, വിവാഹത്തെയും, ലൈംഗികതയും എങ്ങനെ കണ്ടു എന്ന് വെളിപ്പെടുത്തുന്നു. രക്ഷിതാക്കള്‍ ബന്ധം ഉറപ്പിയ്ക്കുകയും, വിവാഹിതരാകാന്‍ പോകുന്നവര്‍ അത് നടപ്പിലാക്കുകയും ചെയ്തു. സ്നേഹം, അത് സംഭവിച്ചാല്‍ തന്നെ, വിവാഹ ശേഷം മാത്രം! അത് സംഭവിച്ചില്ലെങ്കിലും പ്രത്യേകിച്ചു പ്രശങ്ങള്‍ ഒന്നുമില്ല. വിവാഹമെന്ന സ്ഥാപനം തുടരും. ദമ്പതികള്‍ക്ക് സ്വകാര്യത ഇല്ല. പക്ഷെ ബന്ധം ഒരിയ്ക്കലും മുറിയാത, കുടുംബങ്ങളും, സമൂഹവും പിന്താങ്ങി. ഹാസ്യ രൂപേണ ചിട്ടപ്പെടുത്തിയ ഈ ഭാഗം, പ്രത്യേകിച്ചും പുതിയ തലമുറയ്ക്ക് തമാശയായി തോന്നിയേക്കാം.

മൂന്നാം ഭാഗമായ ‘തല്കീഴായ ഭൂമി,” സംക്ഷിപ്ത രൂപത്തില്‍, ഈ രണ്ടു രാജ്യങ്ങള്‍ക്കും, എങ്ങനെ മാനവികത, ക്രമേണ, സൂക്ഷ്മേണ, നഷ്ടപ്പെട്ടുവെന്നു കാണിയ്ക്കുന്നു. ഹൃദയഭേദകമായ രംഗങ്ങള്‍ കാഴ്ച വെയ്ച്ച ഈ ഭാഗം, ഈ ലോകത്തോട്‌ മുഴുവനുമുള്ള ഒരു താക്കീതായി മുഴങ്ങിക്കേട്ടു.

രചനയില്‍ വൈദഗ്ധ്യം തെളിയിക്കുന്ന രുവന്തി ഡി ചികെരയുടെ, കലാകാരന്മുടെ മികവിലൂടെയാണ് ഈ നാടകം ഒരു ദൃശ്യ മഹോതസവമാകുന്നത്. ശ്രീലങ്കയില്‍ നിന്നും, റുവണ്ടയില്‍ നിന്നുമുള്ള രണ്ടു നര്‍ത്തകരുടെ ചുവടുകള്‍ വളരെ ശ്രദ്ധേയമാണ്. എല്ലാ കലാകാരന്മാരുടെ മെയ് വഴക്കവും, ശരീരത്തിന്‍റെ ലാഘവവും പ്രത്യേകം പരാമര്‍ശിക്കേണ്ടിയിരിക്കുന്നു. മൃതശരീരങ്ങളായി ഏറെ നേരം വേദിയില്‍ കിടക്കുന്ന ഇവര്‍ക്ക് ശ്വസിക്കുന്നുവോ എന്ന് തന്നെ സംശയം തോന്നും. ഏറ്റവും മിതമായി വസ്തുക്കള്‍ ഉപയോഗിച്ച് കൊണ്ട് വേദിയെ മൊത്തം കൈയടക്കി ഈ പതിനഞ്ചു കലാകാരന്മാര്‍ ചരിത്രത്തെ ഓര്‍മിപ്പിയ്ക്കുന്ന ബിംബങ്ങളായി വിലസി. കഥകളുടെ ഭാവങ്ങള്‍ക്ക് അനുസൃതമായ lighting നാടകത്തിന്‍റെ മാറ്റ് കൂട്ടി. അങ്ങനെ, ഈ നാടകോത്സവത്തിന്‍റെ രണ്ടാം നാള്‍ കാണികള്‍ക്ക് ഏറെ പ്രീയപ്പെട്ട സായ്ഹ്നമായി.

ചോദ്യോത്തരവേളയില്‍ ചില  ചോദ്യങ്ങള്‍ വളരെ പ്രസക്തമായി.

ഏഴു പതിറ്റാണ്ടുകളില്‍ കലാപങ്ങള്‍ മാത്രമേ ഉണ്ടായുള്ലോ? ഈ കാലഘട്ടത്തിലെ നല്ല മാറ്റങ്ങള്‍ എന്ത് കൊണ്ട് പരാമര്‍ശിയ്ക്കപ്പെട്ടില്ല? ഈ ചോദ്യത്തിന് രുവന്തി ഉത്തരം നല്‍കി. ഓര്‍മ്മകള്‍ ഭാവത്മകമാണ്. ഓര്‍മ്മകളുടെ കൂമ്പാരത്തില്‍ നിന്നും നാം ഓര്‍ക്കുന്നത്, നാം തിരഞ്ഞെടുക്കുന്നത് മാത്രമാണ്. ഇത് വളരെ വ്യക്തിപരമായ അനുഭവമാണ്‌. അങ്ങനെയുള്ള ഓര്‍മ്മകളുടെ ഒരു സമ്മിശ്രമാണ്, Dear Children Sincerely.

dear-children-2

ബുദ്ധന്‍റെ രാജ്യമായ ലങ്കയില്‍ ഇത്രയേറെ, തുടര്‍ച്ചയായി രക്തച്ചൊരിച്ചില്‍ എങ്ങനെ ഉണ്ടായി? വ്യക്തിപരമായ തലത്തില്‍, എന്‍റെ അനുഭവത്തില്‍ നിന്നും, സ്നേഹ സമ്പന്നരാണ് ശ്രീലങ്കക്കാര്‍. പൊതുവേ ശാന്തരുമാണ്. അങ്ങനെയുള്ള രാജ്യം അങ്ങനെ ഇത്രയം ഹിംസാത്മകമായ ചരിത്രത്തിലൂടെ കടന്നുപോയി എന്ന് വീണ്ടും പഠിയ്ക്കേണ്ടിയിരിയ്ക്കുന്നു.

ഈ നാടകം കണ്ട്‌ എനിക്കുണ്ടായ വികാരങ്ങള്‍ സമ്മിശ്രമാണ്. തിരുവനന്തപുരം സ്വദേശിയായ ഞാന്‍ ഏതാണ്ട് രണ്ടു പതിറ്റാണ്ടായി ശ്രീലങ്കയില്‍ ജീവിയ്ക്കുന്നു. ശ്രീലങ്കന്‍ പൌരത്വമുള്ള എനിയ്ക്ക്, ഞാന്‍ ജനിച്ചു വളര്‍ന്ന നഗരത്തിലിരുന്ന്, ഞാന്‍ ഭാഗമായി തീര്‍ന്ന മറ്റൊരു രാജ്യത്തിന്‍റെ ചരിത്രം കലാരൂപത്തില്‍ കാണാനിടയായത് ഭാഗ്യമായി കരുതുന്നു.


 

Comments
Print Friendly, PDF & Email

You may also like