പൂമുഖം LITERATUREകവിത സമയസഞ്ചാരം

സമയസഞ്ചാരം

പനിക്കിടക്കയേതോ
മരുഭൂവെന്ന പോൽ
പുരാതനസമുദ്രത്തിന്നസ്ഥികൾ
കലമ്പിച്ചുരസിയുടലിൽ

മണൽത്തരികൾ
പൊള്ളിക്കും ശ്വാസത്തിനൊപ്പം
കലരുന്നു പ്രാചീനമാമുടലുരുക്കം

ഉയിർ ചോർന്നും പിന്നെയും തളിർത്തും
കാറ്റിൻചിത്രങ്ങളലയുമ്പോൾ
അകലെ
ഇരുതടാകങ്ങളിളകുന്നപോലെ
ആഴം
നാവിൽ
വരൾച്ചയേറ്റും
രസം

കാലങ്ങൾക്കു മുൻപേ
നടന്നു തുടങ്ങിയൊരാളെ
കാണുന്നതീവിധം
അപ്രതീക്ഷിതം

അനന്തമാം മേഘഛായയിൽ നിന്നും
അലഞ്ഞരികിലെത്തും തീക്ഷ്ണത
പതിയെ ചുവന്നാർദ്രമാകുമ്പോൾ
ഉള്ളിൽത്തുളുമ്പും ജലത്തിന്നോർമ്മയിൽ
കറുപ്പാർന്നു തെളിയും കല്ലുകളിലൊക്കെയും
പേരറിയാത്ത വേരുകൾ

കഠിനമെന്നു തോന്നും ചുണ്ടുകളുടെയരികിൽ നിന്നും ചോർന്നൊഴുകി
തടാകങ്ങൾക്കുള്ളിൽ
വിലയിക്കും വെളിച്ചം

അടയാളങ്ങൾ പോലും
പിറക്കാത്തിടത്തു
നിന്നുമേറെ
പറന്നിപ്പോൾ
ഊറിപ്പിടിക്കുന്ന
വേദനയിലും
ഒരേ
ലഹരി.

ഉരുകലിൻ ശേഷം
വരും തണുപ്പ്
അതിനുമപ്പുറം
മരുഭൂമികൾക്കുള്ളിലുണ്ട്
പനിച്ചൂടൊഴിയുമ്പോൾ
വസന്തം.

പ്രണയിതാവിൻ്റെ
പലകാലങ്ങളിൽ
ചെന്നെത്തിത്തൊടാനാകും വിധം
അതിൻ്റെ ഗന്ധം

ചിരിച്ചു തുടങ്ങുന്ന നിമിഷങ്ങളിൽ
പിന്നെ ചോരയിരമ്പുന്ന
വർഷങ്ങളിൽ
ഏറെക്കഴിയുമ്പോൾ മധുരമേറും
വീഞ്ഞുപോലെ
നുരയുന്ന
നേരങ്ങളിൽ
ഒപ്പം നിന്നു
രസിക്കാനാവുന്നത്രയും
ആനന്ദം.

കവർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്

Comments

You may also like