പൂമുഖം LITERATUREലേഖനം തറവാടിത്ത പ്രഘോഷണങ്ങളും ചരിത്ര വസ്തുതകളും

തറവാടിത്ത പ്രഘോഷണങ്ങളും ചരിത്ര വസ്തുതകളും

സിവില്‍ സര്‍വീസ് പരിശീലക ക്ലാസില്‍ എസ്. ശ്രീജീത്ത്, ഐ പി എസ് നടത്തിയ പരമാര്‍ശം ഏറെ ചര്‍ച്ച ചെയ്യുപ്പെടുകയുണ്ടായല്ലോ. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ കേരളത്തില്‍ മരുമക്കത്തായം പുലര്‍ത്തിയിരുന്ന നായര്‍ തറവാടുകള്‍ മാതൃകാപരമായ ഒരു ജീവിതരീതി വെച്ചു പുലര്‍ത്തിയവരാണ്. മാത്രമല്ല തറവാട്ട് ജീവിതക്രമം മഹത്തരമായ ഒന്നാണെന്നുള്ള ആത്മഹർഷവും കൂടി അദ്ദേഹം പങ്കു വെക്കുന്നുണ്ട്. ഈ ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ മരുമക്കത്തായക്രമം പിന്തുടരുകയും, നമ്പൂതിരി സമുദായങ്ങളുമായ് ബന്ധപ്പെട്ട് ആശ്രിത ജീവിതം നയിക്കുകയും ചെയ്ത നായര്‍ തറവാടുകളുടെയും നമ്പൂതിരി ഇതര മേൽജാതി സമൂഹത്തിന്റെയും ആത്മസംഘര്‍ഷങ്ങള്‍ പരിശോധിക്കാനുള്ള ശ്രമമാണ് ഇവിടെ നടത്തുന്നത്. അതിനു ഏറ്റവും അനുയോജ്യമായത് കേരളത്തിലെ നായര്‍ തറവാടുകള്‍ കേന്ദ്രീകരിച്ച് ഭൂരിഭാഗം കഥകള്‍ എഴുതിയ എംടിയുടെ സാഹിത്യലോകം തന്നെയായിരിക്കും. കേവല കഥകൾ എന്നതിനപ്പുറം കേരളീയമായ ബഹുജാതി സാമൂഹ്യ ജീവിതത്തിന്റെ ചരിത്ര രേഖകൾ കൂടിയാണത്.

എംടിയുടെ രചനാലോകം മുന്നോട്ട് വച്ച ഭാവുകത്വവും, സൗന്ദര്യ ജീവിത പരിസരങ്ങളും നായര്‍ തറവാടിനെ കേന്ദ്രീകരിച്ച ഒന്നായിരുന്നുവല്ലോ . അതു കൊണ്ട് കേരളീയ സാമൂഹ്യഘടനയില്‍ ഉണ്ടായിരുന്ന മേല്‍-കീഴ് ജാതി ബന്ധങ്ങളില്‍ ഊട്ടിയുറപ്പിച്ച മലയാളിയുടെ സാമൂഹ്യ ജീവിത ചിത്രങ്ങളും എംടിയുടെ കൃതികളില്‍ വായിച്ചെടുക്കാന്‍ കഴിയും. കേരളീയ സമൂഹത്തിൽ പുലർന്ന ബന്ധങ്ങളും പെരുമാറ്റങ്ങളും എത്ര മാത്രം ജാതികേന്ദീകൃതമായിരുന്നുവെന്നതിന്റെ ചരിത്ര സാക്ഷ്യമാണ് അദ്ദേഹത്തിന്‍റെ പ്രധാനപ്പെട്ട കൃതികളായ നാലുകെട്ട്, അസുരവിത്ത് എന്നീ നോവലുകളും കരിയിലമൂടിയ വഴിത്താരകള്‍ എന്ന ചെറുകഥയും.

1958 ല്‍ പുറത്തിറങ്ങിയ എംടിയുടെ ആദ്യ നോവലാണ് നാലുകെട്ട്. ഒരു പക്ഷെ ആവര്‍ത്തിച്ചു വായിക്കപ്പെട്ട അദ്ദേഹത്തിന്‍റെ ജനപ്രിയ നോവലും ‘നാലുകെട്ടാ’യിരിക്കും. അതിലെ ഒരു കഥാസന്ദര്‍ഭം പരിശോധിച്ചാല്‍ മലയാളി സമൂഹം എങ്ങനെയാണ് ജാതിക്രമം നിലനിര്‍ത്തിയതെന്നു ബോധ്യപ്പെടും. പലപ്പോഴും ജാതിവിവേചനം ഏറ്റവും കീഴ്ത്തട്ട് വിഭാഗത്തിന്റെ അനുഭവങ്ങളായാണ് പൊതുവിൽ മനസിലാക്കപ്പെടുന്നത്. എന്നാല്‍ ജാതിയെന്ന സാമൂഹ്യ വിവേചന ക്രമം സമൂഹത്തിലെ ഏറ്റവും കീഴ്ത്തട്ടിനെതിരെ മറ്റു ജാതികള്‍ ഒറ്റക്കെട്ടായ് നടത്തിയ അതിക്രമമായിരുന്നില്ല. ജാതി വിവേചന പെരുമാറ്റത്തെ വിധേയത്വത്തോടെ സ്വീകരിച്ചിരുന്നവര്‍ തന്നെയാണ് ശ്രേണിയിൽ തൊട്ടുതാഴെയുള്ള ജാതി വിഭാഗങ്ങളോട് അവഹേളനപരമായി പെരുമാറിയിരുന്നത്. ജാതിയുടെ ശ്രേണീബദ്ധഘടന വളരെ സ്വാഭാവികമായി പുലര്‍ത്തി പോന്ന മലയാളിജീവിതത്തെ നാലുകെട്ടിൽ എംടി ആവിഷ്ക്കരിക്കുന്നത് കാണുക:

കോന്തുണ്ണി നായരെ പ്രണയിച്ച് വിവാഹം കഴിച്ചതോടെയാണ് തറവാട്ടിൽ നിന്നും പാറുക്കുട്ടിയെ കാരണവന്മാർ പുറത്താക്കുന്നത്. കോന്തുണ്ണി നായരുടെ മരണത്തോടെ ജീവിതത്തില്‍ മറ്റ് ആശ്രയങ്ങള്‍ ഇല്ലാതാവുന്ന പാറുക്കുട്ടി മനയ്ക്കലെ പണിക്കാരിയായി തീരുകയാണ്. സ്‌കൂളില്ലാത്ത ദിവസം മനയ്ക്കൽ പണിക്കുപോകുന്ന അമ്മയ്ക്കൊപ്പം അപ്പുണ്ണിയും പോകുന്നു. അന്നത്തെ ഉച്ചയൂണിന്റെ അനുഭവം നോവലിൽ ഇങ്ങനെ വിവരിച്ചിരിക്കുന്നു

‘ഉച്ചക്ക് നമ്പൂരാരുടെ ഊണു കഴിഞ്ഞു. വലിയ കുഞ്ഞാത്തോലും ചെറിയ കുഞ്ഞാത്തോലും ഉണ്ണികളും ഉണ്ണി ക്കിടാങ്ങളും ഉണ്ട ശേഷം, ഉറക്കെ അകത്ത് നിന്ന് കുഞ്ഞാത്തോല് വിളിച്ചു. ‘പെണ്ണേ .. ‘അത് അവന്‍റെ അമ്മയേയാണ്. വാതില്‍ക്കല്‍ ഒന്നിന് മീതെ ഒന്നായ് രണ്ട് എച്ചിലിലകള്‍ വച്ചിരുന്നു. അമ്മയത് കൂട്ടിപ്പിടിച്ച് ഉരല്‍ പുരയുടെ തിണ്ടില്‍ കൊണ്ട് വച്ചു. രണ്ടിലും എച്ചില്‍ ചോറുണ്ട്. ഈമ്പിയ മാങ്ങായണ്ടിയും കറികളുമുണ്ട്‌ അവന് ഓക്കാനും വന്നു.’

അന്ന് നമ്പൂതിരി ഇല്ലങ്ങളിലെ പണിക്കാരായ നായര്‍ സമൂഹം വിധേയപൂര്‍വ്വം ഏറ്റുവാങ്ങിയ ജാതി അപമാനത്തിന്‍റെ അടയാളങ്ങളാണ് അടുക്കളപ്പുറത്തുള്ള എച്ചിലിലകളും ഈമ്പിയ മാങ്ങയണ്ടിയുമെന്ന് ‘നാലുകെട്ടി’ൽ എംടി രേഖപ്പെടുത്തുന്നു. നായരായി പിറന്ന മനുഷ്യരോട് എന്തെങ്കിലും വെെരാഗ്യബുദ്ധിയോ വിദേഷമോ ഉള്ളത് കൊണ്ടല്ല നമ്പൂതിരിമാര്‍ തങ്ങൾ ഈമ്പിയ മാങ്ങയണ്ടി എച്ചിലിലയില്‍ കഴിക്കാന്‍ കൊടുത്തത് . നമ്പൂതിരിമാര്‍ ധാര്‍മ്മികമായി പിന്തുടരുന്ന ജാതി സമ്പ്രദായം പാലിക്കുക മാത്രമായിരുന്നു എന്ന് നമ്മള്‍ മനസിലാക്കണം.

കേരളത്തിലെ കീഴ്ത്തട്ട് സമൂഹങ്ങള്‍ക്ക് മുറ്റത്ത് കുത്തിയ കുഴിയിലെ ഇലവെച്ച് കഞ്ഞി കൊടുത്തവര്‍ക്ക്, നമ്പൂതിരി ഇല്ലങ്ങളിലെ അടുക്കളയുടെ പിന്നാമ്പുറ ങ്ങളിലെ എച്ചിലിലകള്‍ സ്വീകരിക്കുന്നതിൽ അസ്വാഭാവികത തോന്നിയിരുന്നില്ല. കാരണം തങ്ങളും ജാതിയെന്ന സാമൂഹ്യക്രമത്തെ ധാര്‍മ്മികമായി പാലിക്കാന്‍ വിധിക്കപ്പെട്ടതായി അവർക്കും ബോധ്യപ്പെട്ടിരുന്നു .ഒന്നിന് മുകളില്‍ മറ്റൊന്നായ് അടുക്കിവച്ച ജാതിയുടെ ശ്രേണികൃത വിവേചന പെരുമാറ്റ സ്വഭാവമാണ് എംടി നോവലിൽ രേഖപ്പെടുത്തുന്നത്.

മലയാളി സമൂഹത്തില്‍ ഭക്ഷണ ക്രമത്തില്‍ ഓരോ ജാതികളും പരസ്പരം പുലര്‍ത്തിയ അപമാനകരായ അകലങ്ങളും കീഴ് വഴക്കങ്ങളും മാത്രമല്ല വസ്ത്രം ധരിക്കുന്നതില്‍ ഉണ്ടായിരുന്ന ജാതി വിലക്കുകളും എംടി രേഖപ്പെടുത്തുന്നുണ്ട്. നായര്‍ സ്ത്രികള്‍ നമ്പൂതിരി ഇല്ലങ്ങളില്‍ ചെല്ലുമ്പോള്‍ മേല്‍വസ്ത്രം ഊരിമാറ്റാന്‍ ജാതിയ പരമായി നിര്‍ബന്ധിക്കപ്പെട്ടിരുന്നു. അസുരവിത്ത് എന്ന നോവലില്‍ മാധവിയിലൂടെ എംടി അത് പറയുന്നുണ്ട്. ഇല്ലത്ത് തിരുവാതിര കളിക്കാന്‍ ചെല്ലാന്‍ പറയുമ്പോള്‍ മാധവി പറയുന്നത് നോക്കുക. ‘ഞാന്‍ വരുന്നില്ല പടിപ്പുര കടന്നാല്‍ ബ്ലൗസ് ഊരിവേണം ഇല്ലത്തെ മുറ്റത്ത് ചെല്ലാൻ ‘ ജാതിയും വസ്ത്രവും ബന്ധപ്പെടുത്തി കേരളീയ പൊതുസമൂഹം സാമാന്യേന മനസിലാക്കുന്നത് കീഴ്ത്തട്ട് സാമൂഹ്യ വിഭാഗങ്ങളിലെ സ്ത്രികള്‍ക്കാണ് മേല്‍വസ്ത്രം ധരിക്കാന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നത് എന്നാണ്. എന്നാല്‍ നായര്‍ സമൂഹം പൊതുവില്‍ ഇല്ലങ്ങളുടെ ആശ്രിതരും വിധേയരുമായി, ജാതിയ വിവേചനങ്ങള്‍ക്ക് കീഴടങ്ങി നിന്നു പോന്നപ്പോൾ കീഴ്ത്തട്ട് സമൂഹത്തിലെ സ്ത്രികളാണ് ആദ്യമായ് പൊതുയിടത്തില്‍ മേല്‍വസത്രം ധരിച്ച് വരുന്നുത് . ചാന്നാര്‍ സ്ത്രീകൾ മേല്‍വസ്ത്രം ധരിച്ച് പൊതുയിടത്തിൽ കടന്ന് വരുമ്പോള്‍ അവരെ ആക്രമിക്കുന്നതും മേല്‍വസ്ത്രം അറുത്ത് മാറ്റുന്നതും നായര്‍ തറവാടികളാണെന്ന് മനസിലാക്കണം. മേല്‍വസ്ത്രം ധരിച്ച ചാന്നാര്‍ സ്ത്രികളെ നായന്‍മാര്‍ ആക്രമിക്കുമ്പോള്‍ അവരുടെ തറവാട്ടിലെ നായര്‍ സ്ത്രികള്‍ മേല്‍വസ്ത്രം അഴിച്ച് മാറ്റിയാണ് നമ്പൂതിരിമാര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. ‘ഭഗവത്ഗീതയും കുറെ മുലകളും’ എന്ന കഥയില്‍ ദേശമംഗലം മനയ്ക്കൽ ഇരിക്കുമ്പോള്‍ മനയ്ക്കലിലേക്ക് വിറകുമായ് വരുന്ന നായര്‍ സ്ത്രികള്‍ ബ്ലൗസ് അഴിച്ച് മാറ്റി വരുന്നതിനെ കുറിച്ച് വെെക്കം മുഹമ്മദ് ബഷീറും എഴുതുന്നുണ്ട്. തൃശൂര്‍ ജില്ലയിലെ വേലൂര്‍ പഞ്ചായത്തിലെ മണിമലര്‍ക്കാവില്‍ മാറ് മറക്കാത്ത നായര്‍ യുവതികളെ കൊണ്ട് താലം എടുപ്പിക്കുന്ന ആചാരം നിലനിന്നിരുന്നു. കമ്മൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന സമരത്തിലൂടെയാണ് അത്തരം ആചാരം നിര്‍ത്തലാക്കിയത്. സമരത്തിന് നേതൃത്വം കൊടുത്തതാവട്ടെ ഈഴവ സമുദായാംഗമായിരുന്ന ലക്ഷ്മിക്കു ട്ടിയും, പുലയ സമുദായാംഗമായിരുന്ന കാളിയുമായിരുന്നു. അതായത് ഇന്ന് തറവാട്ടു മേല്‍കോയമയും ,ജാതി അന്തസ്സും പറഞ്ഞ് നടക്കുന്ന ശൂദ്ര നായര്‍ സമുദായത്തിന് മാന്യമായി വസ്ത്രം ധരിക്കാന്‍ വേണ്ടി സമരം നടത്തിയത് പുലയ /ഈഴവ സ്ത്രികള്‍ കൂടി ആയിരുന്നു എന്നത് പുരോഗമന കേരളം അംഗീകരിക്കണം.

കേരളീയ സ്ത്രീകള്‍ക്ക് മാന്യമായ വസ്ത്രം ധരിക്കാനുള്ള വിലക്കിനെ കേവല ലൈംഗികകൗതുകമോ, സദാചാര പ്രശ്നമായോ അല്ല നമ്മള്‍ മനസിലാക്കേണ്ടത്. മറിച്ച് ജാതീയമായ ആചാരമായാണ്. സ്ത്രികള്‍ മേൽവസ്ത്രം ധരിക്കുന്നത് ജാതി ക്രമത്തെ മാറ്റി മറിക്കലാണ്. മേൽവസ്ത്രം ധരിച്ച ചാന്നാര്‍ സ്ത്രികളെ നായന്മാർ ആക്രമിക്കുന്നത് കാഴ്ച കൗതുകം നഷ്ടപ്പെടുന്നതുകൊണ്ടല്ല, ജാതി നിയമത്തെ തെറ്റിക്കുന്നതു കൊണ്ടാണ്. അതുമനസിലാക്കാന്‍ ആക്രമിക്കുന്ന നായന്മാരുടെ തറവാട്ടിലെ സ്ത്രികളും നമ്പൂതിരിമാര്‍ക്ക് മുന്നില്‍ മേല്‍വസ്ത്രമില്ലാതെ പ്രത്യക്ഷപ്പെട്ടത് എന്തുകൊണ്ടായിരുന്നു എന്നു ആലോചിച്ചാൽ മതി. അതു കേവലസദാചാര പ്രശ്നമല്ല കൃത്യമായ ജാതി നിയമം പാലിക്കല്‍ ആയിരുന്നു. കേരളത്തിലെ നായര്‍ സ്ത്രികള്‍ അനുഭവിച്ച ജാതീയ അപമാനത്തിന്‍റെ നേര്‍സാക്ഷ്യമായാണ് എംടി അസുരവിത്തിലെ മാധവിയെ അടയാളപ്പെടുത്തുന്നത്.

“കരിയില മൂടിയ വഴിത്താരകള്‍ “എന്ന ഒരു ചെറുകഥ എംടി എഴുതിയിട്ടുണ്ട്. നായര്‍ തറവാടുകളില്‍ നിലനിന്ന നമ്പൂതിരി സംബന്ധത്തിന്റെ കഥയാണ് എംടി ഇതില്‍ പറയുന്നത്. മൈലുകൾ താണ്ടി ഇടവഴികളും പാടങ്ങളും കടന്ന് ഇരുപത്തഞ്ച് വയസുള്ള ഒരു ചെറുപ്പക്കാരന്‍ തന്റെ അച്ഛനായ അഫന്‍ നമ്പൂരിയെ അന്യേഷിച്ച് ചെല്ലുന്നതാണ് കഥ. അമ്പലത്തില്‍ പൂജക്ക് വരുന്ന അഫന്‍ നമ്പൂതിരി തൊഴാന്‍ വരുന്ന പെണ്‍കുട്ടിയെ കാണുതോടെ അവളുമായ് സംബന്ധത്തി ലേര്‍പ്പെടാനുള്ള താല്പര്യം തറവാട്ടിലെ കാരണവരെ അറിയിക്കുന്നു. ആ സന്ദര്‍ഭം എംടി എഴുതുന്നത് ഇങ്ങിനെയാണ്.
‘നിറച്ച് കുടുമ്മയുള്ള കാരണവർ മെതിയടി അമര്‍ത്തി ചവിട്ടി ഒച്ചയുണ്ടാക്കി പൂമുഖത്തേക്ക് കയറി പെങ്ങളെ വിളിക്കുന്നു.
‘ലക്ഷ്മൃട്ട്യേ .. ‘
പെങ്ങള്‍ വിനയപൂര്‍വം വാതില്‍ക്കല്‍ വന്നു.
‘ഒരു കാര്യണ്ട് ‘.
‘ഓപ്പ എന്താച്ചാ പറഞ്ഞോളു’ എന്ന മട്ടില്‍ ആ സ്ത്രി തലകുനിച്ച് നിന്നു.
‘താഴത്തെ കാവിലെ ശാന്തിക്കാരന്‍ തിരുമേനിയില്ലേ, അദ്ദേഹത്തിന് മീനൂനോട് ഒരു ബന്ധം വേണം. അദ്ദേഹം വരുത്തിക്കര അഫപ്നാണ്. എവിടെത്തേ ആയാലും ബ്രാഹ്മണനാണ്. തറവാട്ടിലേക്ക് അതൊരു സുകൃതാവും’
അടുത്ത വര്‍ഷം ഒരു സന്ധ്യക്ക് ഉമ്മറത്ത് നിന്ന് മെതിയടികള്‍ ശബ്ദിച്ചു. ‘ലക്ഷമൃട്ട്യേ…’
വാതില്‍ക്കല്‍ പെങ്ങള്‍ വന്നു. ‘ഓപ്പ വിളിച്ചോ ?’
‘ഒരു കാര്യം പറയാണേ.. അദ്ദേഹം പോയ്’ ‘ആര് ? ‘
‘തിരുമേനി.’
പെങ്ങള്‍ ശബ്ദിച്ചില്ല.
‘വല്യ തീരുമേനി തീപ്പെട്ടുത്രെ .ശാന്തി മതിയാക്കി.’
പെങ്ങള്‍ വാതിലിന്‍റെ മറവിലേക്ക് മാറി നിന്ന് കോന്തല കൊണ്ട് കണ്ണു തുടച്ചു. പതിനാറു കൊല്ലങ്ങള്‍ക്ക് മുമ്പുള്ള ഒരു സന്ധ്യ അവര്‍ക്ക് ഓര്‍മ്മ വന്നു. അകത്ത് അന്ധകാരത്തില്‍ എവിടെയൊ ഒരു തേങ്ങല്‍ അലിഞ്ഞു ചേരുന്നു. മുകമായ ആ ഗൃഹത്തിന്‍റെ അന്തരീക്ഷത്തെ അസ്വസ്ഥമാക്കി കൊണ്ട് വടക്കെ അകത്ത് നിന്ന് ഒരു ചോര കുഞ്ഞ് ഉണര്‍ന്ന് കരയുന്നു.ആ ചോരകുഞ്ഞ് വലുതായ് ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അഛനെ കാണാന്‍ വന്നതാണ്. പിതാവിന്‍റെ പാദങ്ങളില്‍ വീണ് പൊട്ടിക്കരയാനല്ല , വാല്‍സല്യത്തിന്റെ കണ്ണൂനീര്‍ വീണ് പുളകം കൊള്ളാനല്ല. ഒന്ന് കാണാന്‍. അച്ഛന്‍ ഒരു അനുഭവമല്ല ഒരു അറിവ് മാത്രമായിരുന്ന നായര്‍ തറവാടുകളുടെ സാമൂഹികമായ ദുരനുഭവത്തെയാണ് എംടി ഈ ചെറുകഥയില്‍ പറയുന്നത്.

സാഹിത്യ കൃതികള്‍ കേവല ആസ്വാദന വായനകള്‍ക്ക് ഉപരി, പോയ കാലത്തിന്‍റെ ചരിത്രപരമായ അടയാളപ്പെടുത്തലുകള്‍ കൂടിയാണ്. മനുഷ്യര്‍ പരസ്പരം പുലര്‍ത്തി പോന്ന ബന്ധങ്ങളുടെ സ്വഭാവവും, സാമൂഹ്യമായ കൊടുക്കല്‍ വാങ്ങലുകളുടെ യഥാര്‍ത്ഥ ചിത്രങ്ങളും മനസിലാക്കാൻ അവയുടെ സൂക്ഷ്മ വായനകള്‍ നമ്മെ സഹായിക്കും.

സിവില്‍ സര്‍വീസ് പരീശന ക്ലാസില്‍ ‘നായന്മാർ ഒരു ഡോമിനന്റ് കാസ്റ്റാണ് ‘എന്ന എസ് ശ്രീജിത്തിന്‍റെ അഭിപ്രായം അക്ഷരാര്‍ത്ഥത്തില്‍ സത്യമാണ്. കേരളത്തിലെ രാഷ്ട്രിയ അധികാരം നിയന്ത്രിക്കാന്‍ ശേഷിയുള്ള ,സംസ്ക്കാരിക /സാമൂഹിക വിഭവ മൂലധനങ്ങള്‍ കെെയ്യടക്കിയ പ്രബല വിഭാഗമാണ് നായര്‍ സമുദായം. പക്ഷെ ശ്രീജിത്ത് ഐ.പി.എസിന്റെ ഊന്നൽ ജാതിക്കെതിരെയുള്ള പുരോഗമന നിലപാടില്‍ നിന്നുകൊണ്ടുള്ള സാമൂഹിക വിമര്‍ശനമല്ല,മറിച്ച് തറവാടിത്ത പ്രഘോഷണത്തിന്റെ കേവലമായ സംതൃപ്തിയും ആത്മഹർഷവുമാണ്. എന്നാൽ ഇത്തരം തറവാടിത്ത പ്രഘോഷണങ്ങൾക്കുമുൻപ് കേരളീയ സാമൂഹ്യ ജീവിതത്തിൽ ‘തറവാടിന്റെ’ സാമൂഹ്യ സ്ഥാനം മേൽജാതി ശ്രേണിയിൽ തന്നെ അടിമുടി വിവേചനപരമായിരുന്നു എന്ന് തിരിച്ചറിയേണ്ടതുണ്ട്. അത് ചരിത്രപരമായി മനസിലാക്കാൻ ഏതെങ്കിലുമൊരു എം.ടി കൃതി എങ്കിലും വായിച്ചാൽ മാത്രം മതി.

കവർ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like