പൂമുഖം LITERATUREലേഖനം സുരേഷ് ഗോപി ഒരു രോഗലക്ഷണമാണ്

സുരേഷ് ഗോപി ഒരു രോഗലക്ഷണമാണ്

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

സുരേഷ് ഗോപിയുടെ പുതിയ പ്രസ്താവന മലയാളികൾക്ക് ഇടയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട് .

” അവിശ്വാസികളെ എവിടെ കണ്ടാലും വെറുക്കണം ” എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. മലയാളികൾ ഇങ്ങനെ സംസാരിക്കാറില്ല. വാചകം തെറ്റാണ്. വ്യാകരണം തെറ്റാണ് . അവിശ്വാസികളെ എവിടെ കണ്ടാലും ആക്രമിക്കണം എന്ന് തുറന്ന് പറയാൻ കഴിയാത്തത് കൊണ്ട് അൽപം മയപ്പെടുത്തി പറയാൻ ശ്രമിച്ചതാണ്. പക്ഷെ ക്രോധത്തിൽ വ്യാകരണം തെറ്റി എന്ന് മാത്രം !

സുരേഷ് ഗോപിയുടെ പല പ്രസ്താവനകളും വിവാദമാകാറുണ്ട് . അതൊന്നും യാദൃച്ഛികമായി സുരേഷ് ഗോപി പറയുന്നതല്ല. വലിയ ഒരു പ്രചരണത്തിന്റെ ഭാഗമാണ് . Social Engineering എന്ന വലിയ ഒരു കാര്യപരിപാടിയുടെ ഭാഗമാണ്. ഒരു കൂട്ടം ആളുകൾ അവരുടെ ലക്ഷ്യത്തിനായി സമൂഹത്തെ പാകപ്പെടുത്തി എടുക്കുക എന്ന ഫാസിസ്റ്റ് അജണ്ടയാണ് . ലോകത്ത് മുഴുവനുമുള്ള ജനാധിപത്യസമൂഹങ്ങൾ അഭിമുഖീകരിക്കുന്ന വലിയ ഭീഷണി ആണ്.

വിവേക് അഗ്നി ഹോത്രി
അനുപം ഖേർ
കങ്കണ റാണത്
അക്ഷയ് കുമാർ
പ്രിയദർശൻ
സുരേഷ് ഗോപി

ഇനിയും ധാരാളം സിനിമാക്കാർ ഉണ്ട് . എന്ത് കൊണ്ട് സിനിമാക്കാർ ?

സിനിമാക്കാർ മാത്രമല്ല ധാരാളം പേർ ശ്രദ്ധിക്കുന്ന, ആരാധകവൃന്ദം പിന്തുടരുന്ന , താരപരിവേഷമുള്ളവരും വ്യവസായികളും, ക്രിക്കറ്റ് കളിക്കാരും , കായിക താരങ്ങളും ഉണ്ട് ഈ ലിസ്റ്റിൽ !

ഇവരെ വച്ച് ആര് എന്താണ് ലക്ഷ്യമിടുന്നത് ?

Sapian എന്ന പുസ്തകത്തിലൂടെ പ്രശസ്തനായ യുവാൻ ഹരാരി (Yuvan Harari) മനുഷ്യന്റെ ഒരു പ്രത്യേക കഴിവിനെ കുറിച്ച് പറയുന്നുണ്ട്. ആദിമ കാലത്ത് തന്നെ മനുഷ്യർക്ക്‌ പരസ്പരം ബന്ധപ്പെട്ട് കൂട്ടായി ഒരു ലക്ഷ്യത്തിന് വേണ്ടി പ്രവർത്തിക്കാനുള്ള കഴിവുണ്ട്. ഇത് കൂട്ടായി ജീവിക്കുന്ന ഇര തേടുന്ന ജീവികളിൽ ഒക്കെ കാണാമെങ്കിലും ഏകദേശം 70,000 കൊല്ലം മുമ്പ് ഹോമോ സാപിയൻസിൽ ഒരു ജനിതകമാറ്റത്തിന്റെ ഫലമായി ബുദ്ധി വിപ്ലവം തന്നെ സംഭവിച്ചുവത്രെ! ഇത് മനുഷ്യന് ഭാവന നൽകി.സാമൂഹിക ജീവിതത്തിന്റെ മാനങ്ങൾ വലുതായി.ആഫ്രിക്ക വിട്ട് ഹോമോ സാപിയൻസ് പ്രയാണം തുടങ്ങി. കലാപവും. മറ്റ് മനുഷ്യ വർഗങ്ങൾക്കും ഇതര ജീവികൾക്കും പ്രകൃതിക്കും മേലെ ആധിപത്യം സ്ഥാപിച്ചു . നമ്മൾ ഇന്ന് കാണുന്ന സംസ്കാരം ഹോമോ സാപിയൻസ് രൂപപ്പെടുത്തി എടുത്തത് ഒരൊറ്റ ഗുണം കൊണ്ടാണ്.ഭാവന! ഒരു ആശയം അവരുടെ മനസ്സിൽ വളർത്തിയെടുത്താൽ ഒരു കൂട്ടത്തിലെ എല്ലാ മനുഷ്യരും അതിനായി പ്രവർത്തിക്കാൻ തുടങ്ങും . ആ ആശയം സാമൂഹിക മനസ്സിൽ (Social mass mind) പ്രവർത്തിച്ച് കൊണ്ടിരിക്കും.അങ്ങനെയാണ് കേരളത്തിൽ കമ്യൂണിസവും ഇടത് പക്ഷവും ഉണ്ടായത് . ജനാധിപത്യം ഉണ്ടായത് ! മനുഷ്യന്റെ ഇത് വരെയുളള സാമൂഹിക പരിണാമത്തിലെ ഏറ്റവും വലിയ ഘട്ടമാണ് ജനാധിപത്യം .

അപ്പോൾ സുരേഷ് ഗോപി എന്താണ് ചെയ്യുന്നത് ? അയാൾക്ക് ഇത്തരം അറിവുകൾ ഉണ്ടോ ?

അയാൾക്ക് ഇത്തരം സൂക്ഷ്മമായ അറിവില്ല .പക്ഷെ അയാളുടെ പിന്നിൽ പ്രവർത്തിക്കുന്നവർക്ക് ഉണ്ട് . അവർ സോഷ്യൽ എഞ്ചിനീയറിങ് ഉപയോഗിച്ച് മുകളിൽ പറഞ്ഞ
ആശയങ്ങൾ സമൂഹ മനസ്സിൽ വളർത്തിയെടുക്കാൻ ശ്രമിക്കുകയാണ്.

എന്താണ് ആ ആശയങ്ങൾ ? എന്തിന് വേണ്ടി ?

പാരമ്പര്യവിശ്വാസങ്ങളും ആത്മീയതയും സമൂഹത്തിൽ മുകളിൽ പ്രതിഷ്ഠിക്കണം . ഇന്ന് നിലനിൽക്കുന്ന അല്ലെങ്കിൽ മേൽക്കൈ ഉള്ള ആശയങ്ങളായ തുല്യത , സ്വാതന്ത്ര്യം , ശാസ്ത്ര ബോധം ,ജനാധിപത്യം എന്നിവയെ മറികടന്ന് ഭക്തി , പാരമ്പര്യം , ആത്മീയത തുടങ്ങിയ ആശയങ്ങൾ സമൂഹ മനസ്സിൽ ആധിപത്യം നേടണം.ഇത് അത്ര എളുപ്പമല്ല . ദീർഘകാലപദ്ധതിയാണ്.

ഇതിനാണ് മേൽ പറഞ്ഞ പ്രമുഖ വ്യക്തികളെ ഉപയോഗിക്കുന്നത്. അവർ ഇത്തരം ആശയങ്ങൾ പറഞ്ഞ് കൊണ്ടിരിക്കും. പലതും ഏശും പലതും ഏശില്ല. സമാന്തരമായി ഇതിന്റെ ഫലം, സ്വാധീനം എന്നിവ പലരീതിയിൽ പരിശോധിക്കപ്പെടും. നേരിട്ടും സോഷ്യൽ മീഡിയയിൽ നിന്ന് വിവര ശേഖരണം നടത്തിയും. അതിന് അനുസരിച്ച് പ്രചാരണത്തിൽ മാറ്റങ്ങൾ വരുത്തി ക്കൊണ്ടിരിക്കും.

ഇത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഫലം കണ്ട ഒരു രീതിയാണ്. പക്ഷെ കേരളത്തിൽ അത്ര പെട്ടെന്ന് സാധ്യമല്ല. അല്ലെങ്കിൽ അതേ അളവിൽ ഏശുന്നില്ല. ശബരിമല , ആചാരം ,വിശ്വാസം , പാരമ്പര്യം ഒക്കെവെച്ചു ശ്രമിച്ചിട്ടും പ്രതീക്ഷിച്ച ഫലം ഇല്ല .

അവിശ്വാസികളെ വെറുക്കണം എന്ന പുത്തൻ പ്രചാരണം കമ്യൂണിസ്റ്റ്കാരെ ലക്ഷ്യം വച്ചാണ് . അത് വിശ്വാസി യും അവിശ്വാസിയും തമ്മിൽ എന്നല്ല. നിരീശ്വരവാദികൾ ചെറിയവിഭാഗമാണ് . അതായത് സുരേഷ് ഗോപി ഉന്നം വെക്കുന്നത് വിശ്വാസിയും കമ്യൂണിസ്റ്റും തമ്മിൽ എന്നാണ് . ഈ ആശയം വളർത്തിയെടുക്കാനുള്ള ശ്രമമാണ്. ഇത് താൽക്കാലികമായി ഏശുന്നില്ലെങ്കിലും എതിരാളികൾ , പ്രതിരോധിക്കുന്നവർ ശക്തരല്ലെങ്കിൽ,ശ്രദ്ധിച്ചില്ലെങ്കിൽ ആ ആശയം സമൂഹ മനസ്സിൽ പ്രവർത്തിച്ച് തുടങ്ങും !

ആനന്ദ് മഹീന്ദ്രയുടെ ഓരോ ട്വീറ്റും ലക്ഷക്കണക്കിന് പേർ ഷെയർ ചെയ്യുകയും വാട്സ് അപ്പ്‌ ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുകയും ചെയ്യുന്നു. മാധ്യമങ്ങൾ ചർച്ചക്ക് എടുക്കുന്നു. അത് പോലെ കങ്കണ , പ്രിയദർശൻ മുതലായവരും . പ്രത്യക്ഷത്തിൽ ബി ജെ പി അനുഭാവികളോ വർഗ്ഗീയ വാദികളോ അല്ലാത്ത സുഹൃത്തുക്കൾ പോലും ആനന്ദ് മഹീന്ദ്രയുടെ വെളിപാടുകൾ പങ്കുവെക്കുന്നു. പ്രത്യക്ഷത്തിൽ പ്രചോദിപ്പിക്കുന്നതും നൂതനവും ശുഭ കാംക്ഷ വളർത്തുന്നതും എന്നു തോന്നുന്ന ആ ട്വീറ്റുകൾ സൂക്ഷ്മതലത്തിൽ നിരീക്ഷിച്ചാൽ അവയിലെ രാഷ്ട്രീയം വ്യക്തമാകും.

വെറുതെ അഭിപ്രായങ്ങൾ തട്ടിവിടാതെ ആ ആശയങ്ങൾ പ്രവർത്തിക്കുന്നത് തത്സമയം കാണിച്ച് കൊടുക്കുകയും ചെയ്താലോ ? അതാണ് ബീഫ് കൊലകൾ പോലെ ഉത്തരേന്ത്യയിൽ നമ്മൾ കാണുന്ന ഹേറ്റ് ക്രൈമുകൾ ! ഷാരൂഖ് ഖാൻ , ഉമർ ഖാലിദ് തുടങ്ങി മുസ്ലിം ശത്രു ബിംബങ്ങളെ സൃഷ്ടിക്കൽ. കേരളത്തിൽ മമ്മൂട്ടിയെ പലതവണ ആക്രമിക്കാൻ ശ്രമിച്ചു. പക്ഷെ ഏറ്റില്ല. മമ്മുട്ടിയെ ആ രീതിയിൽ ശത്രുബിംബമാക്കൽ അസാധ്യമാണ് എന്ന് ബോധ്യമായി എന്ന് തോന്നുന്നു .കുറേ കാലമായി മമ്മുട്ടിയെ ലക്ഷ്യം വച്ചുള്ള പ്രചരണങ്ങൾ കാണാനില്ല !

സുരേഷ് ഗോപി പെട്ടെന്ന് ഉണ്ടായ ആവേശത്തിൽ വിളിച്ച് പറഞ്ഞ ഒന്നല്ല ഇത്. വലിയ ഒരു പ്രചാരണ വേലയുടെ ഭാഗമായി തീവ്രഹിന്ദുത്വ ആശയങ്ങളെ സമൂഹ മനസ്സിൽ പ്രതിഷ്ഠിക്കാനുള്ള ശ്രമമാണ് കൊണ്ടുപിടിച്ച് നടക്കുന്നത് എന്ന് തിരിച്ചറിയുന്നത് അത്തരം ശ്രമങ്ങളെ തടയാൻ സഹായിക്കും .എന്നാൽ അതിനെ അവഗണിക്കുകയോ അതിനോട് നിശബ്ദരാവുകയോ ചെയ്താൽ അത് പതുക്കെ സമൂഹ മനസ്സിൽ പ്രവർത്തിക്കാൻ തുടങ്ങും !

കവർ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like