പൂമുഖം Travel അസം ഓർമ്മകൾ – ഭാഗം 8

അസം ഓർമ്മകൾ – ഭാഗം 8

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

അസമിലെ ബി.എഡ് പഠനം ആ ഭൂപ്രദേശത്തിന്‍റെ ചരിത്രത്തിലേക്കുകൂടി എത്തിനോക്കാൻ അവസരം നൽകുന്നതായിരുന്നു. അസം, അരുണാചൽ പ്രദേശ്, നാഗാലാന്റ്, മണിപ്പൂർ , മിസോറാം, ത്രിപുര, മേഘാലയ എന്നീ സംസ്ഥാനങ്ങൾ വടക്കു കിഴക്കൻ ഇന്ത്യയിലെ സപ്ത സഹോദരിമാർ എന്നാണല്ലോ അറിയപ്പെടുന്നത്. അസം ഇവയുടെയെല്ലാം ഏകദേശം മധ്യഭാഗത്തായാണ് സ്ഥിതി ചെയ്യുന്നതെങ്കിലും ഭൂട്ടാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നുണ്ട്.

പ്രാഗ് ജ്യോതിഷ, കാംരൂപ എന്നിങ്ങനെയാണത്രെ പ്രാചീനകാല സംസ്കൃത കൃതികളിൽ അസം പ്രദേശത്തെക്കുറിച്ച് സൂചിപ്പിക്കുന്നത്. നൂറ്റാണ്ടുകളായി നാനാദിക്കിൽ നിന്നും എത്തിച്ചേർന്ന വിവിധ ജനവിഭാഗങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ നാടാണിത്. തൊഴിൽ തേടിയെത്തിയ ബംഗാളി, മാർവാഡി, ബീഹാറി, പഞ്ചാബി തുടങ്ങിയ ജനവിഭാഗങ്ങൾ ഞങ്ങൾ താമസിക്കുന്ന മംഗൽദായിയിലുമുണ്ട്. ഇവരിൽ ചിലരെല്ലാം നഗരത്തിലെ കച്ചവടക്കാരാണ്.

ഗോത്രവർഗ വിഭാഗങ്ങളായ ബോഡോ, മിഷിങ്, കർബി, റാഭ തുടങ്ങിയവ മാത്രമല്ല 1228 ൽ അഹോം രാജവംശം സ്ഥാപിച്ച സുകാഫയും അനുയായികളും വരെ പല കാലങ്ങളിലായി ഫലഭൂയിഷ്ടമായ മണ്ണു തേടിയുള്ള യാത്രയിൽ അസമിൽ കുടിയേറിപ്പാർത്തവരാണ്. ആദ്യ കാലങ്ങളിൽ ഇവിടേക്ക് കടന്നുവന്നവർ ഈ പ്രദേശത്തെ ഒരു സാമന്ത രാജ്യമോ കോളനിയോ ആക്കി മാറ്റാൻ ശ്രമിക്കുന്നതിനു പകരം തദ്ദേശീയരുമായി ചേർന്ന് പുതിയൊരു സംസ്കാരം പടുത്തുയർത്തുകയായിരുന്നുവെന്ന് അസമിന്‍റെ പ്രാചീന-മധ്യകാല ചരിത്രത്തിലൂടെ കടന്നു പോകുമ്പോൾ വ്യക്തമാകും. നൂറ്റാണ്ടുകളായുള്ള ഈ കുടിയേറ്റം യഥാര്‍ത്ഥത്തില്‍ അസമിനെ വിവിധ സംസ്കാരങ്ങളുടെ ഒരു സംഗമഭൂമിയാക്കിത്തീർത്തു. എന്നാൽ 1821 ലെ ബർമ്മക്കാരുടെ ആക്രമണത്തോടെ ആറ് നൂറ്റാണ്ടുകളോളം ഇവിടെ ഭരണം നടത്തിയ അഹോം രാജവംശത്തിന്‍റെ പതനം ആരംഭിച്ചു എന്നു മാത്രമല്ല 1824 ലെ ആംഗ്ലോ ബർമ്മീസ് യുദ്ധവും തുടർന്നുണ്ടായ യാന്താബോ ഉടമ്പടിയും അസം ബ്രട്ടീഷ് അധിനിവേശത്തിൻ കീഴിലാകുന്നതിനിടയാവുകയും ചെയ്തു. അസമിലെ ശിവ്സാഗർ, ടിൻസുക്യാ, ദിബ്രുഗഡ്, സോണിത്പൂർ തുടങ്ങിയ ജില്ലകളിൽ ഇന്നും അഹോം രാജവംശത്തിന്‍റെ പിൻമുറക്കാരുടെ സാന്നിധ്യമുണ്ട്. ഹിന്ദു, മുസ്ലിം മത വിശ്വാസികൾ മാത്രമല്ല ക്രിസ്ത്യൻ, ബുദ്ധ-ജൈന മതവിശ്വാസികൾ വരെ അസമിലെ വിവിധയിടങ്ങളിലായി അധിവസിക്കുന്നുണ്ട്. അസമിലെ ഔദ്യോഗിക ഭാഷ അസമീസ് ആണെങ്കിലും ഗോത്രവർഗങ്ങളെല്ലാം ഇന്നും അവരുടെതായ ഭാഷകൾ ഉപയോഗിച്ചു വരുന്നു. വിവിധ വർഗ്ഗ-മത വിഭാഗങ്ങളുടെ സാന്നിധ്യത്തിലൂടെ രൂപപ്പെട്ട സാസ്കാരിക സമ്പന്നതയെ അടിസ്ഥാനമാക്കി ഇന്ത്യയുടെ ഒരു ഹ്രസ്വരൂപം തന്നെയാണ് അസം എന്ന് പൊതുവെ പറയാറുണ്ട്. എന്നാൽ സ്വാതന്ത്ര്യാനന്തരമുണ്ടായ കൂടിയേറ്റങ്ങൾ വലിയ പ്രക്ഷോഭങ്ങൾക്കും നിരവധി കലാപങ്ങൾക്കും വരെ കാരണമായെന്നു മാത്രമല്ല ഇന്നും പരിഹരിക്കപ്പെടാത്ത പ്രശ്നമായി നിലനിൽക്കുകയും ചെയ്യുന്നു.

അഹോം ജനത (Photo credit: Wikipedia)

വിദ്യാഭ്യാസവും തൊഴിലും തേടിയെത്തിവർ

ജീവിത വിജയത്തിനായി പുതിയ മേച്ചിൽപ്പുറങ്ങൾ തേടിപ്പോകുന്നതിൽ നമ്മൾ മലയാളികളും ഒട്ടും പിറകിലല്ല. വർഷങ്ങൾക്ക് മുമ്പ് എത്രയോ പേർ ഇന്ത്യയുടെ മറ്റു പ്രദേശങ്ങ ളിലെന്നപോലെ അസമിലും തൊഴിൽ തേടിയെത്തിയിട്ടുണ്ട്. ഇടയ്ക്കിടെയുള്ള പ്രളയവും ഭൂകമ്പവും വംശീയകലാപവും നിമിത്തം അശാന്തിയുടെ പ്രതീകമായി മാറിയ ഈ ഭൂപ്രദേശത്തേക്ക് എൺപതുകളുടെ തുടക്കം മുതൽ നിർഭയരായെത്തി അധ്യാപന യോഗ്യത നേടുകയെന്ന സ്വപ്നം സാക്ഷാത്കരിച്ച് തിരിച്ചുപോയ മലയാളികളേറെയുണ്ട്. അവരെ പിൻതുടർന്നെത്തിയവരാണ് ഞങ്ങളും.

പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റങ്ങൾ ഉണ്ടായ ഒരു നാട്ടിൽ നിന്ന് ഒരു ബി.എഡ്. ബിരുദം നേടാൻ നിങ്ങളെന്തേ ഇത്രയേറെ ദൂരം താണ്ടിയെത്തുന്നതെന്ന ചോദ്യം ചില അസാമീസ് സുഹൃത്തുക്കൾ ഉന്നയിക്കുക പതിവാണ്. നീണ്ട യാത്രയും മറുനാടൻ പ്രവാസജീവിതവുമൊന്നും മലയാളികൾക്ക് ഒരു പുതുമയല്ലെന്നും വർഷങ്ങൾക്കപ്പുറം രണ്ടാം ലോകമഹാ യുദ്ധകാലത്ത് വിശപ്പാറ്റാനുള്ള വഴിതേടി മലയാളക്കരയിൽ നിന്ന് എത്രയോ പേർ ബ്രഹ്മപുത്രയുടെ തീരഭൂമിയിലെത്തിയ ചരിത്രമുണ്ടെന്നും ഒരു പക്ഷേ ഇവർക്കറിയില്ലായിരിക്കാം. പട്ടാള പാളയങ്ങളുടെ നിർമ്മാണത്തിനും മറ്റുമെത്തിയ അവരുടെ ആത്മസംഘർഷങ്ങളെല്ലാം നമ്മുടെ പ്രിയ കവി വൈലോപ്പിള്ളി എത്ര തീവ്രമായാണ് ‘ആസ്സാം പണിക്കാർ’ എന്ന കവിതയിൽ ആവിഷ്കരിച്ചത്. ആ കാലത്തെ കേരളത്തിലെ തൊഴിലില്ലായ്മയും ദാരിദ്ര്യവും ചൂഷണവുമെല്ലാം വെളിപ്പെടുത്തുന്നുമുണ്ട് ഈ കവിതയിൽ.

തേസ്പൂരിലെയും മംഗൽ ദായിയിലെയും മലയാളികളായ പൂർവ്വ വിദ്യാർഥികൾ ഇടയ്ക്ക് ഞങ്ങളുടെ അതിഥികളായെത്തുമായിരുന്നു. കോഴ്സ് പൂർത്തിയാക്കി ഒരു സർട്ടിഫിക്കറ്റുമായി മാത്രമേ നാട്ടിലേക്കുള്ളു എന്ന് തീരുമാനിച്ച് അരുണാചലിലും നാഗാലാന്റിലും നേപ്പാളിലുമെല്ലാം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അധ്യാപനവൃത്തിയിൽ ഏർപ്പെട്ടവർ. വിജയം പ്രതീക്ഷിച്ച് നിരാശരായി നാട്ടിലെ എയിഡഡ് സ്കൂളിൽ പറഞ്ഞുറപ്പിച്ച തസ്തിക നഷ്ടപ്പെട്ട് വീണ്ടും പരീക്ഷയെഴുതാനെത്തുന്നവർ. മൊത്തം ഉയർന്ന സ്കോർ നേടുകയും ഏതെങ്കിലും ഒരു പേപ്പറിന് കിട്ടേണ്ട മിനിമത്തിൽ ഒരു മാർക്ക് കുറഞ്ഞുപോയതിനാൽ പരാജയമേറ്റു വാങ്ങേണ്ടിവരികയും ചെയ്ത ഹതഭാഗ്യരുമുണ്ടായിരുന്നു ആ കൂട്ടത്തിൽ. അടുത്ത വാർഷിക പരീക്ഷയിൽ മുഴുവൻ പേപ്പറും വീണ്ടുമെഴുതി മാത്രമേ വിജയമുറപ്പിക്കാനാകൂ എന്നത് അവർക്കു മുമ്പിലെ വലിയൊരു കടമ്പയായിരുന്നു. യൂണിവേഴ്സിറ്റിയുമായി നിലനിന്ന ശീതസമരം മൂലം തേജ്പൂരിലെ കോളജിൽ 4th പേപ്പറിന് കൂട്ടത്തോൽവിയേറ്റുവാങ്ങേണ്ടിവന്ന മലയാളികളുടെ കഥയും ഞങ്ങളിൽ ആശങ്ക പടർത്തിയിരുന്നു. അതിഥികളായെത്തുന്നവരുടെ അനുഭവങ്ങൾക്ക് ചെവികൊടുക്കാനും അവരെയെല്ലാം ഊട്ടിയുറക്കാനും ഞങ്ങൾ ഒരിക്കലും മടി കാണിച്ചില്ല.

ശിശിരകാല വിശേഷങ്ങൾ

ഡിസംബറായതോടെ കാലാവസ്ഥയിലെ മാറ്റം പ്രകടമായിത്തുടങ്ങി. രാത്രിയുടെ ദൈർഘ്യവും കൂടും. പതിമൂന്നര മണിക്കൂർ. വൈകീട്ട് 4.30 കഴിയുമ്പോഴേക്കും സൂര്യനസ്തമിക്കും. അതോടെ തണുപ്പ് അരിച്ചരിച്ചെത്തും. അസമിലെ കാലാവസ്ഥയെക്കുറിച്ചൊന്നും കൃത്യമായി മനസ്സിലാക്കാതെയാണല്ലോ ഇറങ്ങിപ്പുറപ്പെട്ടത്. ഐസും സിപ്പപ്പുമെല്ലാം വാങ്ങി കഴിച്ചാൽ അലർജി കാരണം ചുണ്ടുകൾ ചൊറിഞ്ഞ് തുടുക്കുന്നതിനാൽ അസമിലെ ശൈത്യത്തെ അതിജീവിക്കാൻ കഴിയുമോ എന്ന് യാത്രയ്ക്കൊരുങ്ങുമ്പോൾ തന്നെ ഞാൻ ആശങ്കപ്പെട്ടിരുന്നു.

ഒരു ശിശിരകാല സായാഹ്നത്തില്‍ ലേഖകനും കൂട്ടുകാരും

അന്തരീക്ഷം ശൈത്യത്തിന്‍റെ വരവറിയിക്കുമ്പോഴേക്കും അസംകാർ സ്വെറ്ററണിയാൻ തുടങ്ങും. ഏയ്… ഇതൊന്നും പ്രശ്നമല്ലെന്ന മട്ടിൽ ആ ശിശിരത്തെ ആശ്ലേഷിച്ചും ആസ്വദിച്ചും കഴിഞ്ഞ ഞങ്ങൾക്ക് അധിക നാളിത് തുടരാനായില്ല. അസംകാരെപ്പോലെ സ്വെറ്ററിനൊപ്പം കഴുത്തിലൊരു സ്കാർഫ് കൂടിയണിഞ്ഞാണ് പിന്നീട് ഞങ്ങൾ കോളജിലെത്തിയിരുന്നത്. 2 മണി മുതൽ രാത്രി 7 മണി വരെയാണ് ക്ലാസ് സമയം. ജനുവരിയോടെ തണുപ്പ് അതിന്‍റെ ഉഗ്രാവസ്ഥയിലെത്തിയിരുന്നു. എങ്കിലും പൊതുവെ പൊരുത്തപ്പെട്ടു പോകാൻ പറ്റിയ കാലാവസ്ഥ തന്നെയാണ് അസമിന്‍റെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ദരാംഗ് ജില്ലയിലെ ഈ മംഗൽദായിയിൽ. ഉദൽഗുരിയിലെ കുന്നുകളുടെയും വനഭൂമിയുടെയുമെല്ലാം സാന്നിധ്യം കാരണം ജില്ലയുടെ വടക്കൻ ഭാഗങ്ങളിൽ തണുപ്പ് ഇത്തിരി കൂടുതലാണെന്ന് കേട്ടിട്ടുണ്ട്.

ഒരു മഞ്ഞുകാല സായാഹ്നയാത്രയിൽ ഞാനും പവിത്രനും മാത്രം. കഴുത്തിൽ സ്കാർഫ് ചുറ്റി, കൈകൾ പാന്റ്സിന്റെ പോക്കറ്റിലിട്ടാണ് നടപ്പ്. ഒരു പാർക്ക് കണ്ടപ്പോൾ അങ്ങോട്ട് കയറി. ആൾത്തിരക്കൊന്നുമില്ല. മുടി ക്രോപ്പ് ചെയ്ത് മാന്യമായി വസ്ത്രം ധരിച്ച ഒരാൾ തനിച്ചവിടെ ഉലാത്തുന്നതു കണ്ടപ്പോൾ പവിത്രൻ പറഞ്ഞു. “അത് മലയാളിയാണെന്നാ തോന്നുന്നത്. നമുക്കൊന്ന് മുട്ടി നോക്കിയാലോ ?” “ന്നാ…വാ… പോയി നോക്കാം” എന്ന് ഞാനും. അവിടെ വച്ച് മലയാളികളെ കണ്ടുമുട്ടുകയും സംസാരിക്കുകയും ചെയ്യുമ്പോൾ ഞങ്ങൾക്ക് വലിയൊരാഹ്ളാദമാണ്. പവിത്രൻ ചിരിച്ചു കൊണ്ടു ചോദിച്ചു. “ആപ്പ് മലയാളി ഹും ?” അല്ലെന്നായിരുന്നു മറുപടിയെങ്കിലും തന്‍റെ കൂടെ മലയാളമറിയുന്ന ഒരാളുണ്ടെന്ന് അദ്ദേഹം കൂട്ടി ച്ചേർത്തു. അവർ യാത്ര ചെയ്ത മിലിറ്ററി വാഹനം റിപ്പയർ ചെയ്തു കൊണ്ടിരിക്കുന്നിടത്തേക്ക് ഞങ്ങളെ കൂട്ടി കൊണ്ടുപോയി. അങ്ങനെ തമിഴ് കലർന്ന മലയാളം സംസാരിക്കുന്ന മതിയഴകനെയും ഞങ്ങൾ പരിചയപ്പെട്ടു. അന്നവർ ഞങ്ങളുടെ താമസസ്ഥലം സന്ദർശിച്ച് തിരിച്ചു പോയെങ്കിലും മറ്റൊരു ദിവസം അതിഥികളായെത്തി ഞങ്ങളോടൊപ്പം തമസിച്ചുവെന്നു മാത്രമല്ല,യാത്ര പറയുമ്പോൾ ഞങ്ങളെ ക്യാമ്പിലേക്ക് ക്ഷണിക്കാൻ മറന്നതുമില്ല. അവർ പോയിക്കഴിഞ്ഞപ്പോൾ ഞങ്ങളുടെ വീട്ടു മുറ്റത്ത് മിലിറ്ററി വാഹനം കണ്ടതെന്താണെന്ന് അന്വേഷിക്കാൻ ചില അയൽവാസികൾ എത്തുകയുമുണ്ടായി. അസമിൽ രാഷ്ട്രപതി ഭരണം നിലവിലുള്ള കാലമാണന്നോർക്കണം. മതിയഴകന്‍റെ ക്ഷണം സ്വീകരിച്ച് ക്യാമ്പ് സന്ദർശിച്ച ഞങ്ങൾക്ക് പരിസര പ്രദേശത്ത് താമസവും ഭക്ഷണവും ഒരുക്കിയിരുന്നു. പഠനാനുബന്ധ പ്രവർത്തനമെന്നനിലയിൽ യാത്രകൾക്കൊന്നും ഇവിടെ അവസരമില്ലാതിരുന്നതിനാൽ അപ്രതീക്ഷിതമായി രൂപപ്പെടുന്ന ഇത്തരം സൗഹൃദ കൂട്ടായ്മകളും യാത്രകളും പുതിയ അനുഭവങ്ങൾ പകർന്നു നൽകുന്ന വിനോദ യാത്രകളേക്കാൾ ആഹ്ളാദകരമായിരുന്നു.

ഒരു സേവനദിനത്തിന്‍റെ ഓർമ്മയും പുതുമയുള്ളതായിരുന്നു. വൃക്ഷത്തെകൾ നടലും കോളജ് പരിസരം വൃത്തിയാക്കലുമെല്ലാമായിരുന്നു ജോലി. ഉച്ചയൂണിന് മത്സ്യക്കറിയും എരിവില്ലാത്ത ചില വിഭവങ്ങളും ഒപ്പം വഴുതനങ്ങ മസാല ചേർത്ത മാവിൽ മുക്കി പഴംപൊരി പോലെ പൊരിച്ചെടുത്തതും. ഇടക്കാലാശ്വാസത്തിന് കിട്ടിയതോ അസ്സാമീസ് നീമു എന്നറിയപ്പെടുന്ന നീണ്ട ചെറു നാരങ്ങയും മറ്റും കഷണങ്ങളാക്കിയിട്ട, മുളപ്പിച്ച ചെറുപയറും കടലയും. പയറു വർഗങ്ങളൊന്നും പാകം ചെയ്യാതെ ഞങ്ങളാരും കഴിച്ചിട്ടില്ലല്ലോ. ആ പച്ചച്ചുവ ആദ്യം ആർക്കും അത്രയങ്ങു പിടിച്ചില്ല. എങ്കിലും പുതുരുചികൾ എല്ലാവരുമങ്ങാസ്വദിച്ചു.

കളിക്കളത്തിലിറങ്ങി കേരളക്കരയുടെ കരുത്തു കാണിക്കുന്നതിലും ഒട്ടും പിന്നിലായിരുന്നില്ല ഞങ്ങൾ. മിന്നൽപ്പിണറിനെ വെല്ലുന്ന ഉഗ്രൻ സ്മാഷുകൾ ഉതിർത്ത് വോളിബോൾ കളിയിൽ മജീദ് തിളങ്ങി നിന്നു. വിലാസൻ, അയൂബ് പവിത്രൻ, ശശി, അഗസ്റ്റിൻ, ഹരിദാസൻ, ഷംസുദ്ദീൻ, മനോഹരൻ പിന്നെ ഞാനും പിന്തുണയുമായി കളത്തിലിറങ്ങി. മറ്റുള്ളവർ ആഹ്ളാദാരവം മുഴക്കി കാണികൾക്കിടയിലിരുന്ന് ഞങ്ങൾക്ക് ഊർജ്ജം പകർന്നു. കായിക മേളക്കിടയിൽ നിമിഷനേരത്തെ പരിശീലനത്തിലൂടെ ജാവലിൻത്രോയിൽ മലയാളിയായ മേരിയെ വിജയപീഠത്തിലെത്തിച്ച പവിത്രൻ ഭായിയെ ഞങ്ങൾ ഒ.എം.നമ്പ്യാർ എന്ന പേരു നൽകി ആദരിച്ചു. ഒരിക്കൽ അയല്‍ഗ്രാമത്തില്‍ നടന്ന ഒരു വോളിബോൾ ടൂർണമെന്റിൽ മജീദിന്‍റെ നേതൃത്വത്തിലുള്ള കോളജ്‌ ടീം കളിക്കളത്തിലിറങ്ങിയപ്പോൾ എതിരാളികളായെത്തിയ BSF ടീമിലുണ്ടായിരുന്ന അത്തോളിയിലെ സി.വി. ഗംഗാധരൻ ഉൾപ്പെടെയുള്ള മലയാളികളുടെ സാന്നിധ്യം അപ്രതീക്ഷിതമായിരുന്നു. കളികഴിഞ്ഞ ശേഷം ഞങ്ങൾ അവരുമായി ഏറെ നേരം സൗഹൃദം പങ്കുവച്ചു. തിരിച്ചുള്ള ഞങ്ങളുടെ യാത്ര സ്വന്തം ഗ്രാമപ്രദേശങ്ങളിൽ അരങ്ങേറുന്ന വോളിബോൾ ടൂർണമെന്റുകളുടെ ആവേശങ്ങളും ആരവങ്ങളും അയവിറക്കി കൊണ്ടായിരുന്നു.

‘അസമിലെ ജാലിയൻവാലാബാഗ്’

പാഠ്യേതര പ്രവർത്തനങ്ങൾക്കൊപ്പം ടീച്ചിംഗ് പ്രാക്ടീസിനുള്ള ഒരുക്കങ്ങളും ചരിത്ര പുസ്തകവായനയും ചില അന്വേഷണങ്ങളും തുടർന്നു കൊണ്ടേയിരുന്നു. സിലബസ്സിന്‍റെ ഭാഗമായി ഞങ്ങൾക്ക് അസമിന്‍റെ ആദ്യകാല ചരിത്രം, ബ്രിട്ടീഷ് അധീശത്വത്തിനെതിരെ അവർ നടത്തിയ പോരാട്ടങ്ങൾ എന്നിവയിലൂടെയും കടന്നുപോകേണ്ടതുണ്ടായിരുന്നു. ഞങ്ങൾ താമസിക്കുന്ന മംഗൽദായിയിൽ നിന്നും കേവലം 15 കി.മീ. അകലെയാണ് പഥരുഘാട്ട് ഗ്രാമം. ഇവിടുത്തെ സംഘടിതരായ കർഷകർ 1894 ജനുവരി 28 ന് ബ്രിട്ടീഷുകാരാൽ കൂട്ടക്കൊല ചെയ്യപ്പെട്ടത് അസമിന്‍റെ സ്വാതന്ത്യസമരചരിത്രത്തിലെ അവിസ്മരണീയമായ ഒരേടാണ്. ജനദ്രോഹ നടപടികളിലൂടെ മുന്നേറുന്ന ബ്രിട്ടീഷ് ഭരണാധികാരികൾ നികുതി ഈടാക്കുന്നതിന്‍റെ രീതിയൊന്നു മാറ്റി. അതുവരെ കർഷകർ സേവനങ്ങളും സാധനങ്ങളുമായാണ് നികുതി നൽകി പോന്നത്. എന്നാൽ നികുതി 80ശതമാനത്തോളം വർദ്ധിപ്പിക്കുകയും അത് പണമായി നൽകണമെന്നു ഒരു പുതിയ ഉത്തരവിറക്കുകയും ചെയ്തപ്പോൾ കർഷകർ സംഘടിച്ച് സമരത്തിനിറങ്ങി. പഥരുഘാട്ടിൽ ഒത്തുകൂടിയ സമരഭടന്മാരെ ബിട്ടീഷ് പോലീസ് ലാത്തിച്ചാർജ്ജ് നടത്തി ഓടിക്കുകയും തുടർന്ന് വെടിയുതിർക്കുകയും ചെയ്തു. നിസ്സഹായരായ 140 കർഷകർ പിടഞ്ഞുവീണു മരിച്ചു എന്നാണ് അനൗദ്യോഗിക കണക്ക്. നൂറ്റിഅമ്പതിലേറെ പേർക്ക് പരിക്കേൽ ക്കുകയുമുണ്ടായി. ‘അസമിലെ ജാലിയൻ വാലാബാഗ്’ എന്നാണ് ഈ സംഭവം അറിയപ്പെടുന്നത്. അധികൃതരാൽ അവഗണിക്കപ്പെട്ടുകിടന്ന ഈ പ്രദേശത്ത് രണ്ടായിരാമാണ്ടിലാണ് ഇന്ത്യൻ ആർമി രക്തസാക്ഷികളുടെ ഓർമ്മയ്ക്കായി ഒരു സ്തൂപം സ്ഥാപിച്ചത്. തുടർന്ന് എല്ലാവർഷവും അവർക്ക് ആദരാഞ്ജലിയർപ്പിച്ചുകൊണ്ട് അനുസ്മരണ പരിപാടികളും നടന്നുവരുന്നു.

Martyrs column (Photo Credit: Uprising Patharughat 1894) 

സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ദരാംഗ് ജില്ലയെ അടയാളപ്പെടുത്തുന്ന സംഭവങ്ങൾ ഇനിയുമുണ്ട് ഏറെ. ഒരു പ്രാദേശിക ചരിത്രാന്വേഷണത്തിന് മുതിർന്നാൽ ചരിത്രത്താളുകളിൽ രേഖപ്പെടുത്താതെ പോയ രക്തച്ചൊരിച്ചിലുകളുടെ കൂടുതൽ കഥകളുണ്ടാകും ഈ മണ്ണിനു പറയാൻ.

കവര്‍ ഡിസൈന്‍: സി പി ജോണ്‍സണ്‍

Comments
Print Friendly, PDF & Email

You may also like