പൂമുഖം നോവൽ പത്ത് പെൺമരണങ്ങൾ, അതിലൊന്ന് ഒരാണും!

പത്ത് പെൺമരണങ്ങൾ, അതിലൊന്ന് ഒരാണും!

ഇതൾ 13

നഗരത്തിലെ തെരുവുകൾ സദാ വായിട്ടലയ്ക്കുന്ന ഒരുവളെപ്പോലെ കലപില ശബ്ദങ്ങളിൽ മുങ്ങിക്കിടന്നു. തന്റെ മുൻജന്മത്തിൽ അപ്പായുടെ വിരലറ്റത്തെ പിടിവിടാതെ തമിഴ്മണമുള്ള തെരുവിന്റെ തിരക്കിൽ തിരുവിഴാ കണ്ട് നടന്നതാണ് യാത്രയിൽ ഓർമ്മവന്നത്. മാക്കായുടെ അപ്പച്ചിയെ പോലെയല്ല അപ്പച്ചിയുടെ ഭർത്താവ്. ഒരു സാധു മനുഷ്യൻ. മാക്കായോടെന്നപോലെ തന്നോടും സ്നേഹവും കരുതലുമൊക്കെയുണ്ട്. യാത്രയിലുടനീളം തെരുവിലെ കാഴ്ചകൾ ചൂണ്ടിക്കാട്ടി ഓരോന്നിന് പിന്നിലെയും കഥകൾ പറഞ്ഞുതന്നു. ചിലതൊക്കെ മനസ്സിലായി, ചിലതൊന്നും തനിക്ക് മനസ്സിലായതുമില്ല..
വളരെ സന്തോഷകരമായ ഒരു യാത്രയായിരുന്നു അത്. അന്നോളം അനുഭവിച്ചിട്ടില്ലാത്തതും. അപ്പച്ചി തന്നു വിട്ട ലിസ്റ്റ് പ്രകാരമുള്ള സാധനങ്ങളെല്ലാം വാങ്ങിയതിന് ശേഷമാണ് തന്നെയും കൂട്ടി അദ്ദേഹം ആ ഭക്ഷണശാലയിലേക്ക് കയറിയത്. തലപ്പാവ് വെച്ച ജോലിക്കാർ, അന്തരീക്ഷത്തിലെ കാപ്പിയുടെ മണം.. അന്നോളം വിശപ്പിന് ഭക്ഷണം കഴിച്ചായിരുന്നു ശീലം, ഇതിപ്പോൾ ആദ്യമായ് മുന്നിലെത്തിയ ഭക്ഷണത്തോട് കൊതി തോന്നി കഴിക്കുന്നു. മസാലദോശ, കാപ്പി, കട്‌ലറ്റ് വയറും മനസ്സും ധാരാളമായ് നിറഞ്ഞു.
“ജ്ഞാനത്തിന് ഇനിയെന്തെങ്കിലും വേണോ?”

സുന്ദരമായ ഒരു പുഞ്ചിരിയോടെ തന്റെ മുഖത്തേക്ക് നോക്കിയുള്ള ലേശം കുസൃതി കലർത്തിയ ആ ചോദ്യത്തിന് മുന്നിൽ അന്നോളം വരാത്ത ഒരു നാണിച്ച ചിരിയായിരുന്നു തന്റെ മറുപടി.

” ശോ! ഇതെന്തൊരു നാണമാണ്.. കാണട്ടെ കാണട്ടെ.. ഹമ്പടി ജ്ഞാനമേ”

ഞങ്ങൾ രണ്ടാളും സ്വയം മറന്ന്, പരിസരം മറന്ന് നിറഞ്ഞുചിരിച്ചു. ഇടത് കൈകൊണ്ട് അദ്ദേഹം തന്നെ ചേർത്തുപിടിച്ച് നെറുകയിൽ ചുംബിച്ചു. അദ്ദേഹത്തിന്റെ കണ്ണുകൾ അപ്പോൾ നിറഞ്ഞിരുന്നു…
ഇന്നുവരെ ശ്രദ്ധിച്ചിട്ടില്ലാത്ത ഒരു കാര്യം അന്നേരമാണ് ശ്രദ്ധിച്ചത്, അദ്ദേഹത്തിന് അപ്പാ യുടെ അതേ ചിരി.. അതേ കുസൃതിച്ചിരി..

തിരികെ വീടെത്തുമ്പോൾ നേരം ഏറെ വൈകി ഇരുട്ടിയിരുന്നു. ഞങ്ങളെ കണ്ടതും അപ്പച്ചി ഒച്ചയെടുത്തു….

“എവിടായിരുന്നു ഇത്രനേരം?
ഇപ്പോഴെന്തിനാ വന്നേ? ആടിപ്പാടിയൊക്കെ കഴിഞ്ഞോ? കുറച്ച് ദിവസം ഇവളുടെ കൂടെ പൊറുത്തിട്ട് വന്നാൽ മതിയാരുന്നല്ലോ…
ഞാനാ മണ്ടി. കൺമുമ്പില് ഇത്രേം ദിവസം ഇതൊക്കെ നടന്നിട്ടും തിരിച്ചറിവില്ലാതെ പോയി…”

” നീ എന്തൊക്കെയാണ് ഈ പറയുന്നത് ?
നീ പറഞ്ഞിട്ടല്ലേ ഞാനും ശങ്കരിയും കടയിലേക്ക് പോയത് ? “

” അതേല്ലോ… ഞാൻ പറഞ്ഞിട്ട് തന്നെയാ പോയത്… അതുകൊണ്ട് ഞാനിത് ഇപ്പോഴെങ്കിലും അറിഞ്ഞു. ഈശ്വരൻ എന്റെ മുന്നിൽ ഇത് കാണിച്ചുതന്നു”

” എന്ത് കാണിച്ച് തന്നെന്ന് ? നിനക്കെന്താ ഭ്രാന്ത് പിടിച്ചോ? “

” അതേ, ഇനി നിങ്ങൾക്കെന്നെ ഭ്രാന്തിയാക്കണം. അതും കൂടി നടന്നാൽ എളുപ്പമായല്ലോ… എന്നെ നോക്കാൻ ആജീവനാന്തം ഇവളെ ഇവിടെ നിർത്തി കൂടെക്കിടത്താമല്ലോ…. “

കരഞ്ഞും നിലവിളിച്ചും ഒച്ചവെച്ചുമുള്ള അപ്പച്ചിയുടെ ബഹളത്തിന് മുന്നിൽ താൻ പകച്ചു നിൽക്കുകയായിരുന്നു. പെട്ടെന്നാണ് അപ്പച്ചി തന്റെയടുക്കലേക്ക് പാഞ്ഞടുത്തത്.. തലമുടിയിൽ കുത്തിപ്പിടിച്ച് മുഖം ഭിത്തിയിൽ ഇടിപ്പിച്ചു. പെട്ടെന്നുള്ള കയ്യേറ്റത്തിൽ പതറി താൻ നിലത്തു വീണതും അപ്പച്ചി തന്നെ ചവിട്ടുകയും അടിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇടയിൽക്കയറി അപ്പച്ചിയെ പിടിച്ചുമാറ്റാൻ ശ്രമിച്ച് പരാജയപ്പെട്ട അദ്ദേഹം അപ്പച്ചിയുടെ തോളിലടിച്ചു.

” ആഹാ.. ഇവൾക്ക് വേണ്ടി നിങ്ങളെന്നെ തല്ലി അല്ലേ ? എനിക്കറിയാം നിങ്ങളും ഇവളും കൂടി എന്നെ കൊല്ലും. നിങ്ങൾക്കിനി എന്റെ ആവശ്യമില്ലല്ലോ… ഗർഭപാത്രോം എടുത്തുകളഞ്ഞ് ഈ കോലത്തിലായ പത്ത് നാൽപ്പത്തഞ്ച് വയസായ ഞാൻ നിങ്ങൾക്കിനി ശല്യമാ…
മൂടും മുലേം കാണിച്ച് മുമ്പില് വന്ന് ശൃംഗരിക്കാൻ ഇവളൊണ്ടല്ലോ…
എന്നെ ഒഴിവാക്കി ഇവളുടെ കൂടെ പൊറുക്കാംന്ന് നിങ്ങള് കരുതണ്ട…”

ഒച്ചയും, അടിയും, ആകെക്കൂടി പരിചിതമല്ലാത്തൊരു അന്തരീക്ഷം. അപ്പച്ചി എന്തൊക്കെയാണ് പറയുന്നത് .. അതുപോലും കൃത്യമായ് മനസ്സിലാകുന്നില്ല.. തന്നെയും അദ്ദേഹത്തെയും ചേർത്തുവെച്ച് എന്തൊക്കെയോ വൃത്തിക്കേടുകൾ പറയുകയാണ് അത് മനസ്സിലാകുന്നുണ്ട്. പക്ഷെ അതിനുള്ള കാരണമെന്ത്?

ഒച്ചയും ബഹളവുംകേട്ട് അയൽപക്കത്തെ വീടുകളിലെ ആളുകളൊക്കെ വീടിന് മുന്നിൽ തടിച്ചുകൂടി. ചിലർ വീടിനകത്തേക്ക് കയറിവന്നു കാര്യങ്ങൾ തിരക്കി.. അവരോടൊക്കെ കരഞ്ഞും നിലവിളിച്ചും അപ്പച്ചി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അദ്ദേഹം തല്ലിയെന്നും അതിന്റെ കാരണക്കാരി താനാണെന്നുമൊക്കെ കേട്ട് ആളുകൾ ഒരു പ്രത്യേകഭാവത്തിൽ തന്നെയും അദ്ദേഹത്തിനെയും നോക്കുന്നു..

ചിലർ അപ്പച്ചിയുടെ ഭാഗംചേർന്ന്

” അല്ലേലും കാട്ട്യത് മണ്ടത്തരമല്ലേ ? പ്രായമായ ഒരു സ്ത്രീയെ സഹായത്തിന് വയ്ക്കാതെ ഈ പ്രായത്തിലെ ഒരു പെങ്കൊച്ചിനെ അതും മറ്റാരുമില്ലാതെ ഒരു പുരുഷനൊള്ള വീട്ടില് ….. അല്ലേല് നമ്മൾക്ക് ന്ന് ഒരു കുഞ്ഞെങ്കിലും വേണം.. “

” കൊച്ചുപെണ്ണിനെ ഇങ്ങനെ കൈവാക്കിന് കിട്ട്യാല് ആണുങ്ങളല്ലേ…”

” എന്നാലും ഇതൊരു ചെറ്യ പെങ്കൊച്ചല്ലേ… തന്തേടെ പ്രായമൊള്ള ഒരു പുരുഷനെ …”

” ഇവളുമ്മാർക്കൊക്കെ എന്ത് തന്ത.. എന്ത് പ്രായം.. ഇങ്ങനെയങ്ങ് വിട്ടേക്കുവല്ലേ.. “

” അല്ലേലും കാശിനുവേണ്ടി മക്കളെ വിക്കുന്നോരല്ലേ… എങ്ങനേലുമൊക്കെ ഉണ്ടാകുന്നതാന്നേ….”

“പിന്നല്ലേ… തെരുവില് പട്ടി പെറുംപോലെ പെറും…”

” പാവം. ഇത്രകാലം അയ്യാൾക്ക് വെച്ചുവിളമ്പിക്കൊടുത്തു… അല്ലേലും പ്രസവിക്കാത്ത ഭാര്യയെ സ്നേഹിക്കുന്നൂന്നൊക്കെ ആണുങ്ങൾക്ക് അഭിനയിക്കാനേ പറ്റൂ… “

” കൂടുതല് സ്നേഹം കാണിക്കുമ്പോൾ തന്നെ അറിയാലോ… “

ആളുകൾ അവർക്ക് തോന്നുംപോലെ കഥകളുണ്ടാക്കിക്കൊണ്ടിരുന്നു… അതിനുള്ള ഇന്ധനമായി അപ്പച്ചിയുടെ വകയായുള്ള ഓരോ കണ്ടെത്തലുകളും..

അപമാനവും വിഷമവും നിസ്സഹായതയും ആവാം അദ്ദേഹം എങ്ങോട്ടേക്കോ ഇറങ്ങിപ്പോയി..
ആണിന് അങ്ങനെയൊരു ഒളിച്ചോട്ടമെങ്കിലും സാധിക്കും, പെണ്ണിനോ?
കൗരവസഭയിൽ ഒറ്റപ്പുടവയുടുത്ത് അപമാനിതയായ് നിന്ന കൃഷ്ണയെ രക്ഷിക്കാൻ, എത്ര അഴിച്ചാലും അഴിയാത്ത ഉടുപുടവയായ് ആ കൃഷ്ണനുണ്ടായിരുന്നു.. ഇവിടെ അസംഖ്യം കണ്ണുകളാൽ, വാക്കുകളാൽ നഗ്നയാക്കപ്പെട്ട് അപമാനിതയായ ഇവളെ രക്ഷിക്കാൻ ഒരു മറുവാക്ക്…….!

ആൾക്കൂട്ടം എന്നും എവിടെയും ഇങ്ങനെ തന്നെയാണ്. സംശയമുണ്ടെങ്കിൽ ശരീരത്തിലെമ്പാടും നിസ്സഹായതയുടെ അഴുക്ക് ചിഹ്നങ്ങൾ ധരിച്ച് നിങ്ങൾ നിന്ന് നോക്കൂ…
നിമിഷനേരം കൊണ്ട് നിങ്ങൾ മോഷ്ടാവും, അക്രമിയും, പിടിച്ചുപറിക്കാരനും, തേവിടിശ്ശി യും ആയി മാറുന്നത് കണ്ട് നിങ്ങൾ തന്നെ അമ്പരക്കും.
നിങ്ങളോട് ഒരാൾ പോലും സത്യാവസ്ഥയെന്തെന്ന് ചോദിക്കുകയില്ല….
നീതി, നിയമം, സ്നേഹം, കരുതൽ .. എന്തിനേറെ ഒരു മനുഷ്യന് ലഭിക്കേണ്ടതായ യാതൊന്നും നിങ്ങളിലേക്ക് എത്തുകയില്ല…. ഇനി അഥവാ എത്തണമെങ്കിൽ … കരുണയുടെ ഒരു നോട്ടമെങ്കിലും നിങ്ങളിലേക്ക് എത്തണമെങ്കിൽ, നിങ്ങളുടെ ശരീരത്തിൽനിന്ന് ജീവന്റെ അവസാനത്തെ തുടിപ്പും യാത്രയായിട്ടുണ്ടാവണം.

ഇവിടെ സമ്പത്ത്, രോഗി, സ്ത്രീ, എന്നീ പരിഗണനകൾ ഒരു നീച മനസ്സിന് എങ്ങനെ സംരക്ഷണവലയം തീർക്കുന്നു എന്നത് കണ്ടില്ലേ?

ഇത്ര നാളും അപ്പച്ചിയെ സ്നേഹിച്ച് പരിചരിച്ച അദ്ദേഹം എത്ര പെട്ടെന്നാണ് ഒരു ചതിയനും, വഞ്ചകനും,
കൊള്ളരുതാത്തവനും ആയി മാറിയത്.

തനിക്ക് പിന്നെ അത്തരം മേലുടുപ്പുകൾ ……….

വിലയിരുത്തലുകളും വിധിവാക്യങ്ങളും പിന്നത്തേക്ക് വെച്ച് ആൾക്കൂട്ടം സദ്യയുണ്ട തൃപ്തിയോടെ പിരിഞ്ഞുപോയ്…

അപ്പച്ചി എന്തൊക്കെയോ നേടിയ, വിജയിച്ചവളുടെ സംതൃപ്തിയോടെ നിലത്ത് ഭിത്തിയിൽ ചാരിയിരുന്ന തന്റെ മുന്നിലേക്കെത്തി..
” നിന്നെക്കൊണ്ട് ഞാൻ വാഴിക്കില്ലെടീ” എന്ന് ഒട്ടുമേ മനസ്സിലാകാത്ത ഒരു ഭാവത്തിൽ പറഞ്ഞുകൊണ്ട് തിരികെ മുറിയിലേക്ക് കയറിപ്പോയി..

പുലരാറായപ്പോഴാണെന്ന് തോന്നുന്നു അപ്പാ തന്റെ തോളിൽ കൈവെച്ചത് പോലെ.. ഞെട്ടി ഉണർന്നു … അതൊരു സ്വപ്നമായിരുന്നു…

അകത്ത് ഊണ് മുറിയിൽ എന്തോ അനക്കം… പൂച്ചയാവും. ഭക്ഷണമൊക്കെ ആരും കഴിക്കാതെ അവിടെയിരിക്കുകയല്ലേ…
മെല്ലെ എഴുന്നേറ്റ് അങ്ങോട്ട് ചെന്നു.
കണ്ടത് മറ്റൊന്നായിരുന്നു!
ഊണ് മേശയ്ക്ക് മുകളിൽ കസേരയിട്ട് കഴുത്തിൽ കുരുക്കിട്ട് അദ്ദേഹം കസേര ചവിട്ടി മാറ്റാൻ ശ്രമിക്കുന്നു..

” ഇല്ല ജ്ഞാനം. നീ കരുതും പോലെയല്ല… നിനക്ക് ഈ സമൂഹത്തെക്കുറിച്ച് ഒന്നും അറിയില്ല.. നാളെ നേരം പുലരുമ്പോൾ
ആരൊക്കെ ഈ വീട്ടിലേക്ക് എത്തുമെന്ന് നിനക്കറിയില്ല… അവരുടെ മുന്നിൽ ഇനി ഞാൻ എന്ത് പറഞ്ഞിട്ടും കാര്യമില്ല…
ഇത്ര കാലം ഞാൻ ജീവിച്ച ജീവിതം, എന്റെ സ്വാഭിമാനം , എല്ലാം… എല്ലാം ഇന്നത്തോടെ റദ്ദുചെയ്യപ്പെട്ടിരിക്കുകയാണ്….
പ്രസവിക്കാത്ത, ഗർഭപാത്രം എടുത്തുമാറ്റിയ , രോഗിയായ ഭാര്യയെ വഞ്ചിച്ച് മകളുടെ പ്രായമുള്ള ഒരുവൾ ക്കൊപ്പം കഴിയുന്ന വൃത്തികെട്ട ഒരുവൻ .. അതാണ് ഇനിയെന്റെ മേൽവിലാസം..
ആരും ഞാൻ പറയുന്നത് കേൾക്കാനോ മനസ്സിലാക്കാനോ തയ്യാറാകില്ല…. “

” അതെന്തേ അങ്ങനെ ? ആർക്കെങ്കിലുമൊക്കെ മനസ്സിലാകില്ലേ?”

“മനസ്സിലാക്കും. സത്യം മനസ്സിലാകുന്ന പലരുമുണ്ടാവും കൂട്ടത്തിൽ.. പക്ഷെ, തന്റേടത്തോടെ ജീവിക്കുന്ന ഒരുവൻ വീഴുന്നത് കാണാൻ അതീവ രഹസ്യമായെങ്കിലും ആഗ്രഹിക്കുന്നവരാണ് അന്നോളം തോളിൽ കയ്യിട്ട് നടക്കുന്ന പലരും… അല്ലാത്തവർ ചുരുക്കമാണ്”

“ഞാൻ മാക്കാടെ വീട്ടിലേക്ക് പോയിക്കഴിയുമ്പോൾ ഈ വിഷയം അവസാനിക്കില്ലേ” എന്ന തന്റെ ചോദ്യത്തിന് കൈകൾകൊണ്ട് തന്റെ കയ്യെടുത്ത് പൊതിഞ്ഞുപിടിച്ച് അദ്ദേഹം നിസ്സഹായതയോടെ ചിരിച്ചൂ…

” കുഞ്ഞേ…. നിനക്ക് ഈ ലോകത്തെക്കുറിച്ചും മനുഷ്യരെ ക്കുറിച്ചും ഒന്നും അറിയില്ലാത്തതുകൊണ്ടാണ്…. നാളെ നീ എന്ത് ചെയ്യുമെന്ന് .. എന്തൊക്കെയാണ് നിനക്ക് അനുഭവിക്കേണ്ടി വരിക…. നിന്നെ അവർ ഇനി കൂട്ടിക്കൊണ്ട് പോകുമെന്ന് നീ കരുതുന്നോ? അഥവാ കൊണ്ട് പോയാലും ഇനിയുള്ള നിന്റെ ജീവിതം കഴിഞ്ഞകാലത്തിലേത് പോലെ ആയിരിക്കുമോ?
എന്റെ തല പെരുക്കുന്നു”

” മാക്കാടെ അച്ഛൻ എന്നെ കൂട്ടിക്കൊണ്ട് പോകില്ലേ? മാക്കാക്ക് സത്യം മനസ്സിലാകില്ലേ, ഈ പ്രശ്നം ഇനി തീരില്ലേ?”

അദ്ദേഹം ഒന്നും മിണ്ടാതെ തലതാഴ്ത്തി പുറത്തേക്കിറങ്ങി. ഇറങ്ങുമ്പോൾ തിരിഞ്ഞുനോക്കാതെ ഇങ്ങനെ പറഞ്ഞു ” ഞാനോ നീയോ ആത്മഹത്യ ചെയ്താൽ ഒരുപക്ഷേ ഈ പ്രശ്നം തീരുമായിരിക്കും.. എന്നാലേ ഇവർക്കൊക്കെ മനസ്സിലാകൂ…. “
അദ്ദേഹം പോയതിന് ശേഷവും ആ ശബ്ദം തനിക്ക് ചുറ്റും മുഴങ്ങിക്കൊണ്ടിരുന്നു.

താനെന്ന മനുഷ്യക്കുഞ്ഞ് ;
എന്തിനാണ് ജനിച്ചത് ?
എന്തിനാണ് വളർന്നത്?
എന്തിനാണ് ജീവിച്ചത്?
നാളെ ഇനി എന്താണ്? നാളെ അവസാനിച്ചാൽ മറ്റൊരു നാളെ ?
അനിശ്ചിതത്വത്തിന്റെ ചോദ്യചിഹ്നങ്ങൾ തൂക്കിയിടാൻ മാത്രമായ്
എന്തിനായാണ് ജീവിക്കുന്നത്!

വര : പ്രസാദ് കാനത്തുങ്കൽ

കവർ ഡിസൈൻ : സി പി ജോൺസൺ

Comments
Print Friendly, PDF & Email

You may also like