പൂമുഖം LITERATUREലേഖനം കേരളത്തെ തെറ്റിദ്ധരിപ്പിക്കുന്ന ശാസ്ത്ര – യുക്തിവാദ ബഹളങ്ങൾ!

കേരളത്തെ തെറ്റിദ്ധരിപ്പിക്കുന്ന ശാസ്ത്ര – യുക്തിവാദ ബഹളങ്ങൾ!

ഒരു സമാന്തര മാധ്യമത്തിൽ, കേരളത്തിൽ വളരെ പ്രസക്തമായ എൻഡോസൾഫാൻ വിഷയത്തെ അധികരിച്ചു ജ്ഞാന-മാർഗ്ഗത്തിന്റെ സുനിശ്ചിതത (epistemological certainty) എന്നത് തെറ്റായ പ്രതീക്ഷയാണ് എന്ന് പരാമർശിച്ചു കൊണ്ട് ഒരു പോസ്റ്റ് ഇട്ടിരുന്നു. ആ പോസ്റ്റിന്റെ ഉദ്ദേശം അതായിരുന്നില്ല. ജ്ഞാനോത്പാദന പ്രക്രിയകളിൽ പരിശീലനം നേടുകയും പ്രാവീണ്യം നേടുകയും ചെയ്യാത്തവർ ഗവേഷണ ഫലങ്ങളെ വിലയിരുത്തി മുന്നോട്ടുള്ള നയരൂപീകരണം എങ്ങനെയാവണം എന്ന് പറയാൻ തുടങ്ങിയാൽ അതിൽ വലിയ തെറ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ട് എന്നതായിരുന്നു എന്റെ എഴുത്തിന്റെ പിന്നിലുള്ള ആശയം. ഒന്നുകൂടി ചുരുക്കി പറഞ്ഞാൽ നയരൂപീകരണങ്ങൾക്ക് ഏതു ഡാറ്റ സ്വീകരിക്കണം, എത്രമാത്രം സ്വീകരിക്കണം, അതിനെ എങ്ങിനെ മനസിലാക്കണം എന്നൊക്കെ കൃത്യമായി പരിശീലനം നേടാത്തവർ അത് ചെയ്യാൻ തുടങ്ങിയാൽ കേരളത്തിലെ 190 പുലികളേയും സ്കാന്ഡിനേവിയൻ രാജ്യങ്ങളിലെ ഹിമക്കരടികളെ പോലെ പിടിച്ചു റേഡിയോ ടാഗ് ചെയ്യണം എന്നൊക്കെ പറഞ്ഞു കളയും. അതിനാൽ സമൂഹത്തിലെ ശാസ്ത്ര ചർച്ചകൾ ശാസ്ത്രത്തിലും, ജ്ഞാനോത്പാദന സങ്കേതങ്ങളിലും പ്രാവീണ്യം ഉള്ളവർ തമ്മിലാവണം എന്നും, മറ്റുള്ളവരുടെ സംശയങ്ങൾ അത്തരം സംവാദങ്ങളിലൂടെ പരിഹരിക്കപ്പെടണം എന്നും ഉദ്ദേശിച്ചു എഴുതിയതാണ് ആ കുറിപ്പ്. കാരണം വളരെ സങ്കീർണ്ണമായ വിഷയങ്ങളിൽ സാമാന്യമായ നിഗമനങ്ങൾ സാധ്യമല്ല എന്നത് തന്നെ. പക്ഷെ അത് നീണ്ടത് മറ്റൊരു ചർച്ചയിലേക്കായിരുന്നു.

ഈ പ്രസ്താവന രണ്ടുതരം ആൾക്കാരെയാണ് പ്രകോപിപ്പിച്ചത്. ഒന്ന് മനുഷ്യന് താൽക്കാലികമായി ശല്യമാകുന്നു എങ്കിൽ അപ്പോഴത്തെ ആവശ്യത്തിന് കാടും, മൃഗങ്ങളും, തണ്ണീർത്തടങ്ങളും ഒക്കെ മുൻ-പിൻ നോക്കാതെ നശിപ്പിക്കണം എന്ന വാദവുമായി എത്തുന്ന പരിസ്ഥിതി വിരുദ്ധരെ . രണ്ടാമത്തെ വിഭാഗം കേരളത്തിലെ എണ്ണം പറഞ്ഞ യുക്തിവാദികളെ. രണ്ടുപേരും പ്രതികരിക്കുകയും ചെയ്തു. ഈ രണ്ടുപേരും ഇല്ല, എന്ന് വാദിക്കുന്നത് “സങ്കീർണ്ണത” എന്ന സംഭവമാണ്. സങ്കീർണ്ണത ഒരു “ഉടായിപ്പാണ്‌” എന്നാണ് ഇവരുടെ നയം തന്നെ. ഹൈഡ്രജൻ കത്തിച്ചാൽ വെള്ളമുണ്ടാവും എന്നപോലെ, സോഡിയവും ക്ളോറിനും ചേർന്നാൽ ഉപ്പുണ്ടാകും എന്നപോലെ എല്ലാ ശാസ്ത്രാന്വേഷണങ്ങൾക്കും ഒരു ഉത്തരം മാത്രമേ ഉള്ളൂ അല്ലെങ്കിൽ പാടുള്ളൂ എന്നാണു അവരുടെ വാദം. അതോടൊപ്പം ശാസ്ത്രമെന്നത് ഇന്ന് വിവിധ-വിജ്ഞാനശാഖകൾ ചേർന്ന് നടത്തുന്ന അന്വേഷണമാണ് എന്നത് സമ്മതിക്കാൻ അവർ തയ്യാറല്ല. നിർഭാഗ്യമെന്നു പറയട്ടെ കേരള സമൂഹത്തിൽ ശാസ്ത്രബോധം വളർത്താൻ ശ്രമിക്കുന്ന പലരും ഈ മിഥ്യാബോധത്തിന്റെ അല്ലെങ്കിൽ അറിവില്ലായ്മയുടെ പിടിയിലാണ്. അതുകൊണ്ടു തന്നെ ഫലത്തിൽ അവരുടെ ശ്രമങ്ങൾ ശരിയായ ശാസ്ത്രബോധത്തിലേക്കല്ല ആളുകളെ നയിക്കുന്നത് പകരം തർക്കങ്ങളിലെ താൽക്കാലികമായ വിജയാഹ്ലാദങ്ങളിലേക്കാണ്. ഇത് തുറന്നു കാണിക്കാനാണ് ഈ കുറിപ്പെഴുതുന്നത്.

Liv 52 എന്ന ആയുർവേദ മരുന്ന് സാധാരണമായി കരളിന്റെ ആരോഗ്യത്തിനു ഉപയോഗിക്കുന്ന ഒന്നാണ്. ഈ മരുന്ന് കരൾ രോഗങ്ങൾ ഉള്ളവരിലും, മദ്യപിക്കുന്നവരുടെ കരളിന്റെ ആരോഗ്യ സാഹചര്യങ്ങളിലും ഉണ്ടാക്കാവുന്ന മാറ്റങ്ങൾ പല ആധുനിക വൈദ്യശാസ്ത്ര ഗവേഷണങ്ങൾക്ക് വിഷയമായിട്ടുണ്ട്. ഒരു ഗൂഗിൾ സ്കോളർ സെർച്ചിൽ നിങ്ങൾക്ക് ആധികാരികമായ പഠനങ്ങൾ ലഭ്യമാകും. എന്നാൽ ഈ പഠനങ്ങളിൽ ചിലത് ഈ മരുന്നിനു സ്വാധീനം ഉണ്ടെന്നും, ചിലതു ഇല്ലെന്നും ആണ് കണ്ടെത്തിയിട്ടുള്ളത്. പരസ്പര വിരുദ്ധമായ ഈ കണ്ടെത്തലുകൾ നടത്തിയ പഠനങ്ങൾ എല്ലാം തന്നെ കൃത്യമായ നൂതന-ശാസ്ത്ര സങ്കേതങ്ങൾ ഉപയോഗിച്ചുള്ളവയായിരുന്നു. ഈ പരസ്പര വിരുദ്ധതയിൽ എത്താനുള്ള കാരണം മനുഷ്യ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നത് ഏകരൂപത്തിൽ അല്ല എന്നതുകൊണ്ടാണ്. സങ്കീർണ്ണത കടന്നു വരുന്ന ചെറിയ ഒരുദാഹരണമാണിത്.

ഇതുപോലെ അനേകം ശാസ്ത്രീയ പഠനങ്ങൾ പലപ്പോഴും പരസ്പര വിരുദ്ധമായതോ വ്യത്യസ്തങ്ങളായതോ ആയ നിഗമനങ്ങളിൽ എത്തുമ്പോഴാണ് ഈ രണ്ടുകൂട്ടർ പരിഹസിക്കുന്ന അല്ലെങ്കിൽ അവഗണിക്കുന്ന സങ്കീർണ്ണത (complexity) എന്നത് വലിയ ഘടകമായി കടന്നു വരുന്നത്. പരിസ്ഥിതി ശാസ്ത്രത്തിന്റെ കാര്യത്തിൽ ഈ സങ്കീർണ്ണത അതിന്റെ പാരമ്യത്തിലാണ്. അതിനു കാരണം ആവാസവ്യവസ്ഥകളിലെ ജൈവ-അജൈവ ഘടകങ്ങൾ തമ്മിലുള്ള ബന്ധങ്ങളിൽ നമുക്ക് ചിന്തിക്കാൻ കഴിയാത്തത്രയും വൈവിധ്യമുണ്ട് എന്നത് തന്നെയാണ്. മനുഷ്യ ശരീരത്തിൽ രോഗാവസ്ഥകളെ നിയന്ത്രിക്കാൻ കണ്ടെത്തിയ രാസവസ്തുക്കളുടെ പാർശ്വഫലങ്ങൾ പലപ്പോഴും കണ്ടെത്തുന്നതും, അത് നിരോധിക്കേണ്ടി വരുന്നതും മനുഷ്യശരീര പ്രവർത്തനത്തിനുള്ള ഈ സങ്കീർണ്ണത ഒന്നുകൊണ്ടു തന്നെയാണ് – അല്ലെങ്കിൽ പാർശ്വ ഫലങ്ങളും അതിന്റെ ഫലങ്ങൾക്കൊപ്പം ആദ്യമേ കണ്ടെത്തേണ്ടതായിരുന്നല്ലോ? ഇത്തരം സങ്കീർണ്ണതകൾ കണക്കിലെടുക്കാത്തതുകാരണം വൈദ്യ ശാസ്ത്രത്തിലും, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലുമൊക്കെ നാം നടത്തിയ ഇടപെടലുകൾക്ക് തിരിച്ചടി ലഭിച്ച നൂറുകണക്കിന് ഉദാഹരണങ്ങൾ നമുക്ക് കണ്ടെത്താൻ കഴിയും.

താലിഡോമൈഡ് എന്നൊരു മരുന്നുണ്ടായിരുന്നു. സ്ത്രീകളിൽ ഗർഭകാലത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധാരണയായി ഉപയോഗിച്ചുകൊണ്ടിരുന്ന ആ മരുന്ന് കുറച്ചധികം വർഷങ്ങളുടെ ഉപയോഗത്തിന് ശേഷമാണ് Thalidomide embryopathy അഥവാ താലിഡോമൈഡ് സിൻഡ്രോം എന്ന ഗുരുതരമായ അനാരോഗ്യാവസ്ഥ കുട്ടികളിൽ ഉണ്ടാക്കുന്നു എന്ന് കണ്ടെത്തിയത്. അതോടെ അത് നിരോധിക്കുകയും ചെയ്തു. പക്ഷെ ആയിരക്കണക്കിന് കുട്ടികൾ ആ അനാരോഗ്യാവസ്ഥയുടെ ഇരകളായി മാറിയ ശേഷമായിരുന്നു നിരോധനം. പ്രോസോപ്പിസ് ജൂലൈഫ്‌ളോറ എന്ന, ഹിന്ദിയിൽ ഗാണ്ടബാവൽ എന്ന് വിളിക്കുന്ന, കുഞ്ഞു മരങ്ങൾ കച്ചിലെ പുൽമേടുകളിലേക്ക് ഉപ്പു മരുഭൂമി കടന്നു കയറുന്നത് ഇല്ലാതാക്കാൻ സഹായിക്കുന്നതിനായി വച്ച് പിടിപ്പിച്ചതാണ്. ഉദ്ദേശം നടന്നു, പക്ഷെ ഏഷ്യയിലെ ഏറ്റവും വലിയ പുൽമേട് തന്നെ തന്നെ ഇല്ലാതാക്കുന്ന രീതിയിൽ ആ മരം ആ ആവാസവ്യവസ്ഥയിൽ പടരുകയുണ്ടായി. അവസാനം കച്ചിലെ പശുക്കൾക്ക് ട്രെയിനിൽ പുല്ല് എത്തിക്കേണ്ടി വന്നു ഗുജറാത്ത് സർക്കാരിന്. നമ്മുടെ നാട്ടിൽ മനുഷ്യന്റെ വ്യാവസായിക ഉപയോഗത്തിന് വച്ച് പിടിപ്പിച്ച പൈൻ, യൂക്കാലി, മഞ്ഞക്കൊന്ന തുടങ്ങിയ മരങ്ങൾ ഇന് നാം കാണുന്ന വന്യമൃഗ ശല്യത്തിന് പോലും വലിയ കാരണമായിട്ടുണ്ട്. നാം ഇന്നവ നീക്കാൻ കോടികൾ ചിലവാക്കുകയാണ്. കീട നിയന്ത്രണത്തിന് ഒരു കാലത്ത് നാം ഉപയോഗിച്ച DDT, കാർഷിക ഉത്പാദനം ഉയർത്തുന്നതിൽ വലിയ പങ്കു വഹിച്ചു എന്നത് തർക്കമില്ലാത്ത കാര്യമാണ്. എന്നിട്ടും വർഷങ്ങൾക്ക് ഇപ്പുറം നാമത് തൊടാൻ പാടില്ലാത്ത വസ്തുവായി നിരോധിച്ചു നിർത്തിയിരിക്കുന്നു. ഇതുപോലുള്ള അനേകം പാഠങ്ങളിൽ നിന്നും, പ്രകൃതിയുടെ, ആവാസ വ്യവസ്ഥകളുടെ സങ്കീർണ്ണത എത്രമാത്രം പ്രസക്തമാണെന്നും ഇത് വേണ്ടവിധത്തിൽ കണക്കിലെടുക്കാതെയാണ് നാം പല ശാസ്ത്രീയ ഇടപെടലുകളും നടത്തിയിരിക്കുന്നത് എന്നും കാണാം. അതാവർത്തിക്കാതിരിക്കലാണ് ശരിയായ ശാസ്ത്രീയ സമീപനം.

പറഞ്ഞു വന്നത് സങ്കീർണ്ണമായ വിഷയങ്ങളിൽ ആത്യന്തികമായ ഏക സത്യത്തിലേക്കുള്ള യാത്ര വളരെ ബുദ്ധിമുട്ടുള്ളതും ചിലപ്പോൾ അസാധ്യവുമാണ് എന്നാണ്.നൂതന ശാസ്ത്രത്തിനു മാത്രമായി ആത്യന്തികമായ ഉത്തരങ്ങൾ അല്ലെങ്കിൽ നിഗമനങ്ങൾ കണ്ടെത്താൻ സാധിക്കില്ല എന്ന തിരിച്ചറിവിൽ, സങ്കീർണമായ സാഹചര്യങ്ങളിൽ അത് സാമൂഹ്യശാസ്ത്രസങ്കേതങ്ങളോട് ഒപ്പം ചേർന്ന് പ്രായോഗികമായ നിലപാടുകൾ എടുക്കാൻ തുടങ്ങിയിരിക്കുന്നു. പുതിയ കാലത്ത് കംപ്യുട്ടേഷനും, നിർമിത ബുദ്ധിയുമൊക്കെ ഉപയോഗിക്കുന്ന രീതിശാസ്ത്രങ്ങളിൽ അധിഷ്ടിതമാണ് സാമൂഹ്യ ശാസ്ത്ര പഠനങ്ങളും എന്നത് ഈ പരിണാമക്രമത്തെ എളുപ്പമാക്കുന്നു. ഈ സമകാലിക ശാസ്ത്രസത്യത്തെ അവഗണിച്ചുകൊണ്ട്, ഹൈഡ്രജൻ കത്തിച്ചാൽ ഏപ്പോഴും ജലം ലഭിക്കുമെന്നത് ഉയർത്തി കാണിച്ചു epistomological certainity ഉണ്ടെന്നും അതുകൊണ്ടു ഇക്കോളജിക്കൽ പഠനങ്ങൾ ഉയർത്തിക്കാട്ടുന്ന സങ്കീർണ്ണത വെറും വിഡ്ഢിത്തമാണെന്നും പറയുന്നവർ മനസ്സുകൊണ്ടും അറിവുകൊണ്ടും ജീവിക്കുന്നത് ഒരു പത്തറുപതു കൊല്ലം പിന്നിലാണ്. ഈ രീതിയിൽ പെരുമാറാൻ അവർക്ക് അവരുടെ ഉദ്ദേശങ്ങൾ കാണും പക്ഷെ ലോകം അവർക്കൊപ്പം തൊള്ളായിരത്തി അമ്പതുകളിൽ ഇരിക്കുകയില്ല. അത് നൂറ്റാണ്ടുകളുടെ അതിർത്തികൾ കടന്ന് മുന്നോട്ടു പോകുക തന്നെ ചെയ്യും.

അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുടെ സങ്കീർണ്ണതകൾ കാരണം നൂതന ശാസ്ത്രത്തിന്റെ (മോഡേൺ സയൻസ്) അന്വേഷണ സങ്കേതങ്ങളുടെ വളർച്ചയിൽ അത് സാമൂഹ്യ ശാസ്ത്രമടക്കമുള്ള മറ്റു ശാസ്ത്ര മേഖലയുമായി കൈകോർത്തു കഴിഞ്ഞു. ന്യുറോ സയൻസും, സൈക്കോളജിയും, സോഷ്യൽ സയൻസും പല ഇടങ്ങളിലും ഇന്ന് ഒപ്പമാണ് പ്രവർത്തിക്കുന്നത്. ലോകം സ്വീകരിച്ച ഈ വിവിധാനുശാസന സമീപനങ്ങൾ (മൾട്ടി-ഡിസിപ്ലിനറി അപ്പ്രോച്ച്) ഒക്കെയും ഗൗളിശാസ്ത്രത്തെ ന്യായീകരിക്കലോ, ഉത്തരാധുനികതയുടെ അതിപ്രസരമോ ആയി കാണാനാണ് കേരളത്തിലെ പല ശാസ്ത്രവാദികൾക്കും താല്പര്യം.

ലോകം മുന്നോട്ടു നടക്കുമ്പോഴുള്ള ഈ തിരിച്ചറിവ് പൊതുവെ നിരാകരിക്കുന്നതുവഴിയുണ്ടാകുന്ന പല പ്രശ്നങ്ങൾ നമുക്ക് ചുറ്റും പല തരത്തിൽ പ്രകടമാവുന്നുണ്ട്കാ.കാര്യങ്ങൾ മനസ്സിലാക്കാതെ പെരുമാറുന്ന സമൂഹം അതിനെ എങ്ങിനെ സ്വീകരിക്കണം എന്നറിയാതെ കുഴങ്ങുന്നുമുണ്ട്. ഒരുദാഹരണമാണ് ഇന്ത്യയിലെ പുതിയ വിദ്യാഭ്യാസനയത്തിലെ (National Education Policy) പല ഘടകങ്ങളും. ഈയിടെ പ്ലസ് ടു അധ്യാപകരെ പരിശീലിപ്പിക്കാൻ പോയ സുഹൃത്തിനോട് അധ്യാപകർ ചോദിച്ചത് എന്തിനാണ് ഫിസിക്‌സും, എക്കണോമിക്‌സും പോലുള്ള ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര വിഷയങ്ങൾ കൂട്ടി കുഴച്ചു കോഴ്സുകൾ ഉണ്ടാക്കുന്നത് എന്നാണ്. ആ ചോദ്യം വരുന്നത് ശാസ്ത്രത്തിന്റെ ഈ സമീപനത്തിലെ മാറ്റത്തെ പറ്റിയുള്ള അറിവില്ലായ്മയിൽ നിന്നാണ്. ഇനി മുന്നോട്ടുള്ള കാലത്ത് ഈ ലോകം വിവിധാനുശാസന സങ്കേതങ്ങൾ വല്ലാതെ ഉപയോഗിക്കുമെന്നും, അതിനൊപ്പം നടക്കുവാനും വളരുവാനും തൊഴിൽ സാധ്യതകൾ ഉപയോഗപ്പെടുത്താനും ഇത്തരം ജ്ഞാന മിശ്രണങ്ങൾ പഠനകാലത്ത് തന്നെ ഉണ്ടാക്കേണ്ടതാണ് എന്നുമുള്ള തിരിച്ചറിവുകൾ അധ്യാപകർക്ക് മുൻകൂട്ടി പകർന്നു നൽകാൻ പറ്റാതെ പോയതുകൊണ്ടാണ് ഇത്തരം ചോദ്യങ്ങൾ അവരിൽ നിന്നും ഉയരുന്നത്. ഇത്രയും പറയുമ്പോൾ ഞാൻ ആ നയത്തെ പൂർണ്ണമായി അംഗീകരിക്കുകയല്ല, oപകരം ചില മാറ്റങ്ങളെ ഉൾക്കൊള്ളാൻ സാധിക്കാതെ പോകുന്നത് ചൂണ്ടിക്കാണിക്കുക മാത്രമാണ് .

ചുരുക്കത്തിൽ ശാസ്ത്രമെന്നാൽ മെറ്റീരിയൽ സയൻസ് മാത്രമാണെന്നും, ആത്യന്തികമായ സത്യങ്ങൾ മാത്രമാണ് ശാസ്ത്ര പഠനങ്ങൾ പുറത്തുകൊണ്ടു വരുന്നത് എന്നും അതുകൊണ്ട് പ്രകൃതിയുടെ സങ്കീർണ്ണതകൾ ഒന്നും പരിഗണിക്കേണ്ട കാര്യമില്ല എന്നും പരിസ്ഥിതി വിരുദ്ധരും യുക്തിവാദികളും നമ്മെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു എങ്കിൽ അതവരുടെ അറിവില്ലായ്മയാണ് എന്ന് കേരളം തിരിച്ചറിയേണ്ടതുണ്ട്. കാരണം ഈ തിരിച്ചറിവ് ഇനിയങ്ങോട്ടുള്ള മനുഷ്യന്റെ പുരോഗതിയിൽ അതീവ പ്രാധാന്യമുള്ളതാണ്. ഈ തിരിച്ചറിവില്ലാത്ത സമൂഹങ്ങൾ കാലത്തിനൊപ്പമല്ല പിന്നോട്ടാണ് നടക്കുക.

കവർ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like