പൂമുഖം LITERATUREകവിത കുഴിയാന

കുഴിയാന

ഇന്നലെ,
ഒന്നാമുറക്കത്തിനിടയിലാണ്
ആഴമേറിയൊരു കുഴിയിലേക്ക്
വീണു പോയത്.
കയറിപ്പോരാൻ ആവത്
ശ്രമിച്ചെങ്കിലും
ചുവടുറയ്ക്കാതെ
മണൽത്തരികൾ
ചിതറിത്തെറിക്കയും വീണ്ടും
വീണ്ടും ആഴത്തിലേക്ക്
പതിയ്ക്കയും
ചെയ്തുകൊണ്ടേയിരുന്നു..
വാവട്ടം വീതിയേറിയ ആ കുഴി
ആഴത്തിലേയ്ക്കാഴത്തിലേയ്ക്ക്
കൂർത്തു കൂർത്തു വന്നു…
ഏറ്റവും ആഴത്തിൽ നിന്നും
രണ്ടു കണ്ണുകൾ വീഴ്ചയുടെ
ആഘാതമളന്നു ക്രൂരമായി
തിളങ്ങി…
ഉയർന്നു വന്ന രണ്ടു കൊമ്പുകൾ
ഒരു ചേർത്തു പിടിക്കലിൽ എന്നോണം
ചുറ്റി വരിഞ്ഞു,.
ഒരു ചുംബനത്തിൽ കൊമ്പുകൾ
ഉടലിൽ ആഴ്ന്നിറങ്ങി
സിരകളിൽ വിഷത്തുള്ളികൾ
പടർന്നു,
ഏതോ ലഹരിയിൽ
ബോധം മറഞ്ഞു,
ജീവൻ പൊലിഞ്ഞു..

ശേഷം:
പിൻ നടത്തം നടന്നാഴത്തിൽ
മറയും മുൻപായ് ആരോ
എടുത്തെറിഞ്ഞൊരു ജഡമായി
ഞാൻ എന്റെ കിടക്കയിൽ…
രണ്ടാമുറക്കത്തിനും
ഉണർവ്വിനുമിടയിൽ…

കവർ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like