പൂമുഖം LITERATUREവായന പച്ചയായ ജീവിതത്തിലേക്ക് തുറന്നു വെച്ച കഥകൾ

പച്ചയായ ജീവിതത്തിലേക്ക് തുറന്നു വെച്ച കഥകൾ

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

എം. പ്രശാന്തിന്റെ ‘മൂന്നു ബീഡി ദൂരം’ എന്ന കഥാസമാഹാരത്തിലൂടെ


യുവ കഥാകൃത്തുക്കളിൽ ശ്രദ്ധേയനാണ് എം. പ്രശാന്ത്.
“മൂന്നു ബീഡി ദൂരം” എന്ന സമാഹാരത്തിലൂടെ മലയാള ചെറുകഥാരംഗത്ത് തന്റേതായ ഒരിടം കണ്ടെത്തിയിരിക്കുന്നു എം പ്രശാന്ത് .
“അറിവുകൊണ്ട് വലിയ പ്രയോജനമൊന്നുമില്ല. ജീവിതത്തിലെ ഏത് അനുഭവങ്ങളിൽനിന്നും ആർജ്ജിച്ചെടുത്ത അറിവുകളിൽ നിന്നു മോചനം നേടിയാലേ യഥാർത്ഥമായ അറിവിൻറെയും അനുഭൂതിയുടെയും ആനന്ദത്തിൻറെയും ലോകത്തേക്കു പ്രവേശിക്കാനാവൂ എന്ന് ദാർശനികർ വ്യാഖ്യാനിച്ചിട്ടുണ്ട്. നേടാത്തത് ഞാൻ തേടുന്നു. തേടാത്തത് ഞാൻ നേടുന്നു. ഇത് ടാഗോറിന്റെ വരിയാണ്. അറിവിനപ്പുറത്തുള്ള സൗന്ദര്യാന്വേഷണമാണത്. ‘പുല്ലാണ് പുസ്തകജ്ഞാനം പുലരിതൻ പുല്ലാങ്കുഴൽ വിളി വന്നു പുണരവേ’ എന്ന് ഇടപ്പള്ളി, വാക്കുകൾക്കതീതമായ അനുഭവമായി അതു മാറുന്നു. പാതി ഉപേക്ഷിക്കപ്പെട്ട സ്വപ്നവും മുഴുമിപ്പിക്കാനാവാത്ത ചിത്രവും അവശേഷിപ്പിക്കുന്ന സൗന്ദര്യമുണ്ട്. സൗന്ദര്യത്തിലേക്കുള്ള യാത്രയാണ് സർഗ്ഗാത്മകത ആ യാത്രയുടെ ഒപ്പംചേരുന്ന ഒരുപിടി കഥകളുടെ സമാഹാരമാണ് എം പ്രശാന്തിൻറെ മൂന്ന് ബീഡി ദൂരം”. ഈ സമാഹാരത്തിന് ടിപി വേണുഗോപാലൻ എഴുതിയ അവതാരിക തുടങ്ങുന്നത് ഇങ്ങനെയാണ്. ഏറ്റവും അനുയോജ്യമായ കുറിപ്പ്.
ആനകളി, വേട്ട, മൂന്നു ബീഡിദൂരം, ഡബിൾ ബാരൽ, കോപ്പ അമേരിക്ക, വെള്ളത്താൻ, ആംഫീബിയൻസ്, കുരിശ്, ഒന്നായ നിന്നെയിഹ, കങ്കാണി, തഞ്ചാവൂരിലെ ശില്പങ്ങൾ, കുടമാറ്റം തുടങ്ങിയ 12 കഥകളാണ് സമാഹാരത്തിൽ ഉള്ളത്.
ആഖ്യാനത്തിലും തിരഞ്ഞെടുത്ത വിഷയങ്ങളിലും അത്യന്തം വ്യത്യസ്തത പുലർത്തുക വഴി രചനകൾ പുതിയകാല മലയാള കഥകളുടെ അടയാളമാകാൻ പ്രശാന്ത് ശ്രമിക്കുന്നുണ്ട്,ആ കാര്യത്തിൽ വിജയിക്കുന്നുമുണ്ട്.


” ആനകളി” എന്ന കഥയിൽ മലയോര മേഖലകളിലെ ജീവിതപശ്ചാത്തലത്തിൽ ആനവേട്ടക്കാരന്റെ ചിത്രീകരണത്തിൽ നിന്ന് സമകാലിക മലയോര രാഷ്ട്രീയത്തെ കൂടി നമുക്ക് ചേർത്ത് വായിച്ചെടുക്കാൻ ആകുന്നുണ്ട്. പ്രകൃതിക്കോ മനുഷ്യനോ പ്രാധാന്യം എന്ന ചോദ്യം അന്തരീക്ഷത്തിൽ മുഴങ്ങിക്കൊണ്ടിരിക്കുന്ന കാലത്ത്, കാടിന്റെ വിസ്തൃതി കൂടുന്നുഎന്നും അവിടെ മൃഗങ്ങൾ കൂടുന്നുഎന്നും ആകുലത പേറി മുറവിളി കൂടുമ്പോൾ കാട് കയ്യേറി നാടാക്കി മാറ്റിയ പീലാത്തോസിലൂടെയും, അയാളുടെ ആനവേട്ടയിലൂടെയുമാണ് കഥ പുരോഗമിക്കുന്നത് .അതിൽ തന്നെയാണ് അന്ത്യവും . ആഖ്യാനത്തിന്റെ ഭംഗിയും ഒപ്പം കഥക്കായി രൂപപ്പെടുത്തിയ ഭാഷയും വായനക്കാരിൽ ആകാംക്ഷ വർധിപ്പിക്കുന്നുണ്ട്.


“മ യും ങ്ങി യും ചേർന്ന് പഴയ പാട്ടുകാരുടെ ഒരു ടോണാണ് അയാൾക്ക്. അതു മനസ്സിലാക്കിയപാടെ ബുദ്ധിമതിയായ ത്രേസ്യ നേരം വെളുത്തിട്ടേ ഉള്ളുവെന്നും ഒരുപാട് ജോലികൾ ബാക്കിയുണ്ടെന്നും ഓർത്തു. യാഥാസ്ഥിതികത വന്ന് കർമ്മത്തെ ഉണർത്തുമ്പോൾ കാല്പനികത ഒഴിഞ്ഞുപോയേ പറ്റു എന്ന മട്ടിൽ ത്രേസ്യ അടുക്കളയിലേക്കു നടന്നു.കണ്ണുകളിൽ നിന്നും വെളിച്ചം ഇറങ്ങിപ്പോയപ്പോൾ പിലാത്തോസ് അവളിൽ നിന്നും കണ്ണെടുത്തു. സായിപ്പ് അപ്പന്റെ അപ്പൻ അന്തോണിക്ക് മാർഗ്ഗം കൂടിയതിന്റെ പേരിൽ സമ്മാനിച്ച തോക്കിലേക്ക് മൂന്ന് ഉണ്ട, ടോർച്ചിലേക്ക് ബാറ്ററിയിടുന്ന ലാഘവത്തിൽ ഇട്ട് ചായം പിടിച്ച വിരലുകൾകൊണ്ട് മൃദുവായൊന്ന് തലോടി കുറച്ചുനേരം ജനലിലൂടെ പുറത്തേക്കു നോക്കി ധ്യാനം പോലെ നിന്നു അയാൾ.”
പീലാത്തോസിന്റെ ചിത്രം ഇങ്ങനെ രസകരമായമാണ് വരച്ചിരിക്കുന്നത്. കാട് കയ്യേറി നാടാക്കി താമസിക്കുന്ന പീലാത്തോസിന് പാരമ്പരാഗതമായി കിട്ടിയ ജോലി നാട്ടിലിറങ്ങുന്ന ആനകളെ തളക്കൽ.പീലാത്തോസിലൂടെ മലയോര കർഷകരിലേക്കും അവരുടെ ജീവിതത്തിലേക്കും കാടിന്റെ പ്രധാന്യത്തിലേക്കുമൊക്കെ വിരൽ ചൂണ്ടുന്ന ഈ കഥ സമകാലിക യാഥാർഥ്യങ്ങളിലൂടെയും സഞ്ചരിക്കുന്നു.
സമാഹാരത്തിലെ മറ്റൊരു മികച്ച കഥയാണ് ‘ഡബിൾ ബാരൽ’ ഇവിടെയും കാട് തന്നെയാണ് പശ്ചാത്തലം,
വേട്ടയാണ് വിഷയം എങ്കിലും വേട്ടയാടുന്നത് മൃഗങ്ങളെയല്ല പെണ്ണിനെയാണ്. വർക്കിച്ചായാന്റെ ഡബിൾ ബാരൽ തോക്ക് ചൂണ്ടുന്നിടത്ത് പെടുന്ന മൃഗങ്ങളും പെണ്ണും ഇരകളാണ്. ആണധികാരം ചവിട്ടി മെതിച്ച പെണ്ണിന്റെ പക്ഷത്താണ് ഈ കഥ നിലയുറപ്പിക്കുന്നത് . കുറഞ്ഞ വാക്കുകളിൽ കുറിച്ചിട്ട ചില പറച്ചിലുകൾക്കിടയിൽ ആൺകോയ്മയെ തുറന്നു കാട്ടുന്നു. “ആണുങ്ങളൊക്കെ റേഡിയോ ആന്നോ? അവരുടെ ഹൃദയവും തലയുമൊക്കെ ട്രാൻസിസ്റ്റർ കൊണ്ട് ഒണ്ടാക്കിയതാണോ? അറിയാൻ മേലന്റെ കർത്താവേ!
അല്ലേൽ പാട്ടിന്റെ സമയമായാൽ പിന്നിൽ വന്ന് അനുരാഗിണിയെന്നു കുറുക്കി മൂളാനും വാർത്ത വായിക്കുന്ന പോലെ കലപില കൂട്ടാനും രാത്രി കുഞ്ഞുറങ്ങിക്കഴിഞ്ഞാൽ റെസ്സിലിങ് കൂട്ട് സ്നേഹമറ്റ് ഉഴുതുമറിക്കാനും സ്റ്റേഷൻ നഷ്ടപ്പെട്ട പോലെ കൂർക്കം വലിക്കാനും ഈ ആണുങ്ങൾക്കെങ്ങനെ ഇത്ര കൃത്യമായി കഴിയുന്നു”
ജോസിനെ കുറിച്ചുള്ള റോസിയുടെ ഈ പറച്ചിൽ തന്നെ പലതും തുറന്നു വെക്കുന്നു. റോസിയെ വേട്ടയാടുന്ന വർക്കിച്ചായൻ, കൂടെനടന്ന് സ്വന്തം സുഹൃത്തിനെ ചതിക്കുന്നവരുടെ പ്രതീകമാണ്.ഇരുട്ട് നിറച്ച കാടും കാടിന്റെ നടുവിലുള്ള ബംഗ്ലാവും വേട്ടമനസ്സുള്ള വർക്കിച്ചായനും ഡബിൾ ബാരൽ എന്ന പേരും ചേർന്നു നിൽക്കുന്നു. കാട്ടിൽ ഗൈഡായി വരുന്ന ആദിവാസി മരുതയ്ക്കും വർക്കിച്ചായന്റെ രീതികൾ ഇഷ്ടപ്പെടുന്നില്ല. കാട്ടുപന്നിക്കു നേരെ തോക്ക് ചൂണ്ടി കുതിക്കുമ്പോൾ മരുത പിറകെ ഓടി പറയുന്നുണ്ട്
“കെടയ്ക്കലെ സാർ, അത്‌ കാട്ടിൽ പിറന്തവൾ” പെൺ പന്നിയാണ് എന്നറിഞ്ഞപ്പോൾ അയാൾക്ക് ആവേശം കൂടി.
“ഓഹോ പെണ്ണാന്നോ ആ പന്നി! അപ്പൊ വെയ്ക്കാതെങ്ങനാടാ മരുതേ വെടി” വർക്കിച്ചന്റെ ഇത്തരത്തിലുള്ള ദ്വയാർത്ഥമുള്ള പ്രയോഗങ്ങൾ പലവട്ടം കഥയിൽ റോസിയും സൂചിപ്പിക്കുന്നുണ്ട് . പെണ്ണിന് നേരെയുള്ള ആൺകോയ്മയുടെ ആക്രമണത്തിന്റെ നേർചിത്രം കൂടിയാണീ കഥ.
മണ്ണ്, വെള്ളം, പ്രകൃതി എന്നിവ മനുഷ്യന് എത്രമാത്രം പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് എന്നും ഇവയെല്ലാം പണത്തിന്റെ കണ്ണുകളിലൂടെ മാത്രം കാണുന്നവർക്ക് ചരക്ക് മാത്രമാണ് എന്നും ധ്വനിപ്പിക്കുന്ന വ്യത്യസ്തവും എക്കാലത്തും പ്രസക്തവുമായ കഥയാണ് ‘വെള്ളത്താൻ’ മോനായിയുടെയും കുഞ്ഞന്നാമ്മയുടെയും പറമ്പിൽ കണ്ണുപോലെ രണ്ടു കിണർ കുഴിച്ചിട്ടും വെള്ളം കാണാതെയായപ്പോൾ നാട്ടുകാർ ആ മണ്ണിനെ മച്ചിമണ്ണെന്നു വിളിച്ചു പ്രസവിക്കാത്ത പെണ്ണിനോട് ഉപമിച്ചു. എല്ലാ അന്ധവിശ്വാസങ്ങളും ശാസ്ത്രീയ രീതികളും പരീക്ഷിച്ചിട്ടും പറമ്പിൽ വെള്ളം കണ്ടെത്താനായില്ല.വെള്ളമില്ല എന്നതിനാൽ പറമ്പിനു വില കിട്ടില്ല എന്ന മോനായിയുടെ തോന്നലുകൾ ശരിയാകുന്ന തരത്തിൽ എല്ലാ വിദ്യകളും പരാജയപ്പെട്ട് വെള്ളമില്ലാമണ്ണായി പറമ്പ് പരന്നു കിടന്നു. മണ്ണ് വെള്ളം പ്രകൃതി എന്നൊക്കെ പറയാനും എഴുതാനും പേടിക്കേണ്ട കാലമാണ്. വെള്ളത്താൻ തരുന്ന മുന്നറിയിപ്പ് ചെറുതല്ല. മനുഷ്യന്റെ നിലനിൽപ്പിന്റെ ഇടമായ ഭൂമി ഒരു ചരക്ക് മാത്രമല്ല എന്ന ഓർമപ്പെടുത്തലാണ് കഥ.
സമാഹാരത്തിന്റെ ശീർഷകം,വെന്ത ഓർമ്മകളിലൂടെ പറഞ്ഞ ‘മൂന്നു ബീഡി ദൂരം’ എന്ന കഥയുടേതാണ്.നമുക്ക് ചുറ്റും കാണുന്ന ഉള്ള് വെന്തു നീറുന്ന മനുഷ്യരുടെ കഥ “എത്ര ഉരച്ചാലും വടിച്ചാലും വെന്ത മനുഷ്യരുടെ നാറ്റം പോവില്ല. സ്പ്രേയടിച്ചാൽക്കൂടി അരമണിക്കൂറിനുള്ളിൽ പൊന്തിവരും വെന്ത ഓർമ്മകൾ.ദൃക് സാക്ഷികളിലൂടെ ജീവിതം ആധിയോടെ അങ്ങനെ നിലനിൽക്കും ” ഈ കഥയുടെ ആഖ്യാനരീതിയും വ്യത്യസ്തമാണ്. ഇതിലെ നായകൻ പലകുറി തന്റെ കൂടെയുള്ളവളോട് ചോദിച്ച ചോദ്യം പ്രസക്തമാണ്. ജീവിതത്തിന്റെ ഈ വാട നിനക്ക് സഹിക്കാനാകുമോ” . ചിതയുടെ മാറ്റം കാലത്തിന്റെ മാറ്റമാണ് എന്ന് പലരും തിരിച്ചറിഞ്ഞു കഴിഞ്ഞു. “ഇനി അധികനാളൊന്നും ഉണ്ടാവില്ല ഈ വിറകോണ്ടുള്ള അഭ്യാസം. കറന്റിന്റെ സാധനം എത്തിക്കഴിഞ്ഞു. സ്വിച്ചിട്ടാൽ തീർന്നു. എല്ലുപൊട്ടി ഞരങ്ങുന്ന ശബ്ദം പുറത്തേക്കു കേട്ടാൽ ഭാഗ്യം!’ ഇങ്ങനെ വേവിൻറെ നിനവുകൾ പൊന്തിവരുന്ന കഥയാണ് മൂന്നു ബീഡി ദൂരം

‘തോറ്റ പടയാളികൾക്കൊപ്പവും ആരെങ്കിലുമൊക്കെ വേണ്ടേ അതിനാൽ ഞാൻ തോറ്റവർക്കൊപ്പമാണ്’ എന്ന് സുഗതകുമാരിടീച്ചർ മുമ്പ് പറഞ്ഞിട്ടുണ്ട്. അത്തരത്തിൽ തോറ്റെന്നു ഉറപ്പായ ടീമിന്റെ ക്യാപ്റ്റന്റെ കഥ പറയുന്നു “കോപ്പ അമേരിക്ക”. മണ്ണിൽ നിന്ന് തുടങ്ങണം ആകാശത്തിലേക്കുള്ള യാത്രകൾ എന്ന് ഓർമ്മപ്പെടുത്തുന്ന ” ആംഫിബിയൻസ്” തുടങ്ങി മണ്ണും, പെണ്ണും, അശണരും അരികുവത്കരിക്കപ്പെട്ടവരും, ആണധികാര അഹങ്കാരം തുറന്നുകാണിക്കുന്നവരുമൊക്കെ ഓരോ കഥാപാത്രങ്ങളായി വന്നു പോകുമ്പോൾ മലയാളി ജീവിതത്തിൻറെ കാഴ്ചകൾ മികച്ച ആഖ്യാനത്തിലൂടെ , അതിനനുസരിച്ച ഭാഷയിലൂടെ മികച്ച കഥകളായി മാറുന്നു

കവർ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like