പൂമുഖം Travel അസം ഓർമ്മകൾ – 7

അസം ഓർമ്മകൾ – 7

വെള്ളം വെള്ളം സർവ്വത്ര…

1990 ജൂലായ് അവസാനം ഞങ്ങൾ മംഗൽദായിൽ എത്തിച്ചേരുമ്പോൾ അസം ഒരു മൺസൂൺകാല പ്രളയാഘാതം കൂടി ഏറ്റുവാങ്ങിയിരിക്കുകയായിരുന്നു. ഹിമാലയൻ നദികളിലൊന്നായ ബ്രഹ്മപുത്രയും നിരവധി പോഷക നദികളും ചേർന്നാണല്ലോ വർഷാവർഷവും ഇവിടെ പ്രളയം തീർക്കുന്നത്. ഇത്രയും കാലം ഭൂപടത്തിൽ പല ദിക്കിലേക്കും വളഞ്ഞും തിരിഞ്ഞും കിടക്കുന്ന നേർത്ത നീല വരകളായിരുന്ന ബ്രഹ്മപുത്രയുടെ നേർകാഴ്ച ഗോഹട്ടിയിൽ നിന്ന് മംഗൽദായിയിലേക്കുള്ള ബസ് യാത്രക്കിടയിലായിരുന്നു. ഒന്നുമറിയാത്ത പോലെ ശാന്തഭാവത്തിലുള്ള സ്വച്ഛന്ദമായ ഒഴുക്ക്. നദികൾ അങ്ങനെയാണ്. കാടിനെ കടലിനോട് കണ്ണിചേർക്കാനുള്ള അനുസ്യൂതമായ യാത്രയിൽ ഭൂപ്രകൃതിക്കും കാലത്തിനുമനുസരിച്ച് പല ഭാവങ്ങളും പ്രദർശിപ്പിക്കും. ഹിമാലയൻ നദികളിൽ ഏറ്റവും ജലവാഹക ശേഷിയുള്ള ബ്രഹ്മപുത്ര ഇടയ്ക്ക് വേനൽക്കാലത്തും ഇവിടെ പ്രളയം സൃഷ്ടിച്ചു കൊണ്ട് പരന്നൊഴുകാറുണ്ട്. നഗര ഗ്രാമ വ്യത്യാസമില്ലാതെയാണ് അതിന്‍റെ കെടുതികൾ അനുഭവിച്ചു പോരുന്നത്. എക്കാലവും പ്രളയഭീഷണി നേരിടുന്ന എത്രയെത്ര ഗ്രാമങ്ങളാണെന്നോ ഈ ദരാംഗ് ജില്ലയിൽ തന്നെയുള്ളത്. കൃഷി, മത്സ്യ ബന്ധനം, നഗരങ്ങളിലെ കുടിവെള്ള വിതരണം എന്നിവയ്ക്കായി ബ്രഹ്മപുത്രയെ വലിയ തോതിൽ ആശ്രയിക്കുന്ന അസം ജനത വെള്ളപ്പൊക്കം മൂലമുണ്ടാകുന്ന പ്രയാസങ്ങളെല്ലാം തങ്ങളുടെ ജീവിതചര്യയുടെ ഭാഗമായി കാണുന്നവരാണ്.

നദികളും തടാകങ്ങളുമെല്ലാം ഏറെയുണ്ടെങ്കിലും പൊതുവെ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന ഒരു സംസ്ഥാനമാണ് അസം. പ്രളയകാലത്തെ കാര്യമാണെങ്കിൽ പറയേണ്ടതുമില്ല. ‘വെള്ളം വെള്ളം സർവ്വത്ര തുള്ളി കുടിപ്പാനില്ലത്രേ’ എന്നതു തന്നെ. കേരളത്തിലുള്ളതു പോലെ വിസ്താരമുള്ള കിണറുകൾ ഞങ്ങൾ താമസിച്ച മംഗൽദായിയിലൊന്നും കണ്ടിരുന്നില്ല. കുഴൽക്കിണറുകളുണ്ട്. അവയിൽ നിന്നെടുക്കുന്ന വെള്ളത്തിന് മുകളിൽ ചുവപ്പ് കലർന്ന തവിട്ടു നിറത്തിൽ എണ്ണ വീണതു പോലെയുള്ള ഒരാവരണമുണ്ടാകും. ഫിൽറ്റർ ചെയ്യാതെ അതുപയോഗിക്കാനേ പറ്റില്ല. കാരീയം, ഇരുമ്പ് ഓക്സൈഡ് പോലുള്ള ലോഹാംശവും ഫ്ലൂറൈഡ്, ആർസനിക് തുടങ്ങിയ ലവണങ്ങളുമെല്ലാം അടങ്ങിയതാണത്രേ ഈ വെള്ളം. ഇവിടെ ജനങ്ങൾ ഏറെയും ആശ്രയിക്കുന്നത് മുനിസിപ്പാലിറ്റി ഏർപ്പെടുത്തിയ ടാപ്പ് കണക്ഷനുകളെയാണ്.

ഒരു പരമ്പരാഗത കുഴല്‍ക്കിണര്‍ നിര്‍മാണം Photo Credit: Chandran Puthiyottil

ഞങ്ങൾക്ക് രാവിലെയും വൈകുന്നേരവും ഒരു മണിക്കൂർ വീതമാണ് പൈപ്പ് വെള്ളം കിട്ടിക്കൊണ്ടിരുന്നത്. മെസ്സ് ചുമതലക്കാർ പാചകത്തിനുള്ളത് ശേഖരിക്കുമ്പോൾ മറ്റുള്ളവർ ഊഴമിട്ടിരിക്കുകയാവും അലക്കിനും കുളിക്കും. അടുക്കളയ്ക്ക് പിൻഭാഗത്ത് പൊളിച്ചു മാറ്റിയ ഒരു വീടിന്‍റെ തറയുണ്ട്. അത് മിക്കപ്പോഴും ഞങ്ങൾക്കൊരു സ്നാന ഘട്ടവും സ്ഥിരം അലക്കുതറയുമായിരുന്നു. ശൈത്യകാലത്തെ ഞങ്ങളുടെ നിത്യക്കുളി കണ്ട് അയൽക്കാർ മൂക്കത്ത് വിരല്‍ വയ്ക്കും. എപ്പോഴും സ്വെറ്ററിട്ട് നടക്കുന്ന അവർക്ക് ആ പതിവില്ലല്ലോ…

പൈപ്പ് വെള്ളം മുടങ്ങുമ്പോൾ അത്യാവശ്യത്തിന് കുഴൽക്കിണർ വെളളം ഫിൽറ്റർ ചെയ്യാനായി ഒരു മുച്ചട്ടി അരിപ്പ സംവിധാനം ഞങ്ങൾ തന്നെ ഒരുക്കിയിരുന്നു. ഒരു ബക്കറ്റ് നിറയാൻ നേരം ഒത്തിരി വേണം. ആവശ്യത്തിലേറെ വെള്ളമുപയോഗിച്ച് ശീലിച്ച മലയാളികൾക്ക് ഇതെല്ലാം പുതിയ അനുഭവപാഠങ്ങളായിരുന്നു. നല്ല മഴ ലഭിക്കുന്ന പ്രദേശമാണെങ്കിലും മേൽക്കൂരയിൽ നിന്നു വീഴുന്ന മഴ വെള്ളം ശേഖരിച്ചുപയോഗിക്കുന്ന രീതിയോ മറ്റു ജല സംരക്ഷണ പരിപാടികളോ അവിടെയെങ്ങും കണ്ടതേയില്ല….

മംഗൽദായിയും ഒജാപാലിയും

ഇവിടെ ഓരോ മത വിഭാഗവും പ്രത്യേകം പ്രത്യേകം മേഖലകളിലാണ് താമസിക്കുന്നത്. ഞങ്ങളുടെ ചുറ്റുപാടുമുള്ളവരെല്ലാം മുസ്ലിം സമുദായത്തിൽ പെട്ടവരായിരുന്നു. ഞങ്ങൾ പരസ്പരം സൗഹൃദവും സ്നേഹവും കാത്തു സൂക്ഷിച്ചു. പരിചയപ്പെട്ട വിദ്യാസമ്പന്നരിൽ ഏറെയും കേരളജനതയോട്‌ വലിയ മതിപ്പുള്ളവരായിരുന്നു. സംസാരത്തിനിടയിൽ നമ്മുടെ നാട്ടിലെ നവോത്ഥാന പ്രസ്ഥാനം വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റം എന്നിവയെക്കുറിച്ചെല്ലാം പലരും പ്രതിപാദിക്കുമായിരുന്നു. മംഗൽദായിൽ പ്രവർത്തിക്കുന്ന ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ പുറത്തിറക്കിയ നോട്ടീസിൽ അവിടെ അധ്യാപകരായി കേരളത്തിൽ നിന്നുള്ളവരുണ്ടെന്ന് പ്രത്യേകം സൂചിപ്പിച്ചത് കണ്ടിരുന്നു. ഞങ്ങളുടെ സൗഹൃദത്തിൽ മംഗൽദായ് ടൗണിലെ കച്ചവടക്കാരനായ ഒരു ശർമ്മാജിയും ഉണ്ടായിരുന്നു. ഷംസുവാണ് അദ്ദേഹത്തെ ആദ്യം പരിചയപ്പെട്ടത്. ദീപാവലി, ബിഹു തുടങ്ങിയ ആഘോഷങ്ങളിലും മറ്റുമായി ഞങ്ങൾ പലതവണ ആ കുടുംബത്തിന്‍റെ ആതിഥേയത്വം സ്വീകരിച്ചിരുന്നു. കളങ്കമില്ലാത്ത സ്നേഹപ്രകടനത്തിനൊപ്പം മധുരമൂറുന്ന പലഹാരങ്ങൾ വിളമ്പൽ ഇവരുടെ ഒരു പ്രത്യേകത തന്നെയായിരുന്നു…ഞങ്ങൾക്ക് നാട്ടുവിശേഷങ്ങളറിയാനുള്ള വലിയൊരു സ്രോതസായിരുന്നു ഇടയ്ക്കിടെ സ്നേഹാന്വേഷണത്തിനെത്തുന്ന ഞങ്ങളുടെ സഹപാഠിയും അസമിലെ ഒരു മുൻ എം.പി. യുടെ മകനുമായ റിച്ചന്ദ് അഹമ്മദ്.

കോഴിക്കോട് ആർട്സ് കോളജിൽ ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് റേഡിയോയിൽ രാവിലെയുള്ള ലളിത സംഗീതപാഠം കേട്ട ശേഷമാണ് വീട്ടിൽ നിന്നിറങ്ങുക. അന്ന് കേട്ട ഓർമ്മയിൽ ‘ഹേ മാത്തി രേ മോ രോ മോത്തി’ എന്ന ഗാനം അയൽവാസിയായ വാസിം രാജയുടെ മുമ്പിൽ വച്ച് ഒരിക്കൽ അറിയാതെ മൂളിപ്പോയി. അന്നാണറിയുന്നത് അസമീസ് കവി സതീഷ് ദാസ് എഴുതിയ ഗാനമാണിതെന്ന്.

മംഗൽദായ് സാഹിത്യ നഗറിലായിരുന്നു ഞങ്ങളുടെ താമസം. അസമീസ് സാഹിത്യരംഗത്ത് പ്രതിഭകളെ വളർത്തി കൊണ്ടുവരുന്നതിനായി 1918 ൽ രൂപീകരിച്ച മംഗൽദായ് സാഹിത്യ സഭയുടെ ആസ്ഥാനം ഇവിടെയാണ്. അതാണ് സാഹിത്യ നഗർ എന്ന പേരിന് നിദാനമായത്. അസം സാഹിത്യ സഭയുടെ ഒരു ഘടകമായാണിത് പ്രവർത്തിക്കുന്നത്. 2018 ഡിസംബർ 23 മുതൽ മൂന്നു ദിവസമായി മംഗൽദായ് സാഹിത്യ സഭയുടെ ശതാബ്ദി ആഘോഷം നടന്നിരുന്നു. ജില്ലാ ലൈബ്രറി പരിസരത്ത് മംഗൽദായ് ടൗണിലെ നൂറ് പ്രമുഖവ്യക്തികൾ അസം സാഹിത്യസഭയുടെ നൂറ് പതാകകൾ ഉയർത്തിക്കൊണ്ടായിരുന്നു പരിപാടിക്ക് തുടക്കം കുറിച്ചത്. നിരവധി സാഹിത്യ സാംസ്കാരിക പരിപാടികൾക്കൊപ്പം 100 വൃക്ഷത്തൈകളും നടുകയുണ്ടായി.

ഒജാപാലി – Photo credit: Wikipedia

ജനങ്ങളുടെ വിശ്വാസങ്ങളും ആചാരങ്ങളുമെല്ലാം പ്രതിഫലിപ്പിക്കുന്ന ഗോത്ര സംസ്കാരം നിലനിൽക്കുന്ന ഒരിടമാണ് ദരാംഗ്. ‘ഒജാപാലി’ പോലെ വൈവിധ്യങ്ങളായ കലാരൂപങ്ങൾക്ക് കേളികേട്ട നാടും. പാട്ടും നൃത്തവും നാടകീയ സംഭാഷണങ്ങളും സമന്വയിക്കുന്ന ഒരു പരമ്പരാഗത കലാരൂപമാണ് ‘ഒജാപാലി’. ‘ബ്യാഷ് ഒജാപാലി’ അവതരണത്തിലൂടെ ഏറെ ജനപ്രീതി നേടിയ ഒരു സംഘം ബാലറാം കൻവർ എന്ന കലാകാരന്‍റെ നേതൃത്വത്തിൽ മംഗൽദായിയിലുണ്ട്. ക്ലാസ് തുടങ്ങിയ കാലത്ത് ഇടയ്ക്ക് രാത്രിയിൽ ഞങ്ങൾ പാട്ടരങ്ങ് ഒരുക്കുമായിരുന്നു. എന്തെങ്കിലും ഒരു വിനോദം വേണ്ടേ… അന്ന് ഷംസുക്കയുടെ മാസ്റ്റർ പീസായിരുന്നു ‘പാവാട പ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ താമര മൊട്ടായിരുന്നു ‘ എന്ന ഗാനം. യേശുദാസ് പാടിയ ‘രാധതൻ പ്രേമത്തോടാണോ കൃഷ്ണാ ഞാൻ പാടും ഗീതത്തോടാണോ’ എന്ന ലളിതഗാനവുമായി ഹരിദാസനുണ്ടാകും. ജയചന്ദ്രനും വേണുഗോപാലുമെല്ലാം ഹരിദാസന്‍റെ ഇഷ്ട ഗായകരായിരുന്നു. പരിഷത്ത് ഗാനങ്ങളുമായി ഞാൻ തൊണ്ടകീറും. കൂട്ടത്തിൽ പാട്ടുകൾ മൂളിയും മേശയിൽ താളം പിടിച്ചും മനോഹരനും ശശിയും. പാട്ടിനൊപ്പം ചില മലയാള നടന്മാരെ അനുകരിച്ച് പവിത്രൻ ഭായ് പരിപാടി കൊഴുപ്പിക്കും.

പൂജയുടെ അവധിക്ക് നാട്ടിൽ പോയി തിരിച്ചെത്തിയതിൽ പിന്നെ വിശ്രമമില്ലാത്ത നാളുകളായിരുന്നു. ഒട്ടേറെ അസൈൻമെന്റുകൾ തയ്യാറാക്കി സമർപ്പിക്കണം. ഓരോ വിഷയവും കൂട്ടായ ചർച്ചകൾക്കും തിരുത്തലുകൾക്കും വിധേയമാക്കി എഴുതി ബൈൻഡ് ചെയ്ത് കഴിഞ്ഞാൽ കവർ പേജ് ഡിസൈൻ ചെയ്യാനായി എല്ലാം എന്‍റെ മേശപ്പുറത്തെത്തും. ആ ചുമതല ഞാൻ ഭംഗിയായി നിർവ്വഹിച്ചിരുന്നു.

മറുനാട്ടിൽ കഴിയുമ്പോൾ നാട്ടോർമ്മകളുടെ തിരുമുറ്റത്ത് എന്നും ഇത്തിരി നേരം ചുവടുവയ്ക്കാത്തവരുണ്ടാകില്ല. ലാന്റ് ഫോൺ തന്നെ അപൂർവ്വമായ ആ കാലത്ത് സ്വന്തം നാട്ടുവാർത്തകളും വീട്ടുവിശേഷങ്ങളുമറിയാൻ ഏക ആശ്രയം ഇടയ്ക്കിടെയെത്തുന്ന കത്തുകൾ മാത്രമായിരുന്നു. ബി.എഡ്. ക്ലാസ് ഉച്ചക്ക് ശേഷമായതിനാൽ തുടക്കത്തിൽ രാവിലെ കൂട്ടമായി തന്നെയായിരുന്നു പോസ്റ്റ് ഓഫീസിലേക്കുള്ള യാത്ര. പഠനം സജീവമായതോടെ ഓരോരുത്തർക്കായി പോസ്റ്റ് ഓഫീസിൽ പോകാനുള്ള ചുമതല. അങ്ങനെ ഒരു ദിവസം എനിക്കൊരബദ്ധവും പറ്റി. രാവിലെ കുളിച്ച് കുപ്പായമിട്ടിറങ്ങി. തിരിഞ്ഞു നോക്കുമ്പോൾ എല്ലാവരും ചിരിക്കുന്നു. അപ്പോഴാണ് മനസ്സിൽ ലഡു പൊട്ടിയത്… അതൊരു ഞായറാഴ്ചയായിരുന്നു ! ഇടയ്ക്കിടെ ചന്ദ്രശേഖരൻ, വിലാസൻ , മജീദ്, ശ്രീധരൻ, അയൂബ്, മോഹൻദാസ്, ജോർജ്കുട്ടി അഗസ്റ്റിൻ തുടങ്ങിയവർ മാർക്കറ്റിലേക്കുള്ള യാത്രക്കിടയിൽ ഞങ്ങളുടെ വീട്ടിലെത്തുന്നത് നാട്ടുവിശേഷങ്ങളും ഒപ്പം ഒത്തിരി തമാശകളും പങ്കു വയ്ക്കാനുള്ള അവസരമായിരുന്നു.

ഡിസംബറിൽ മോഡൽ പരീക്ഷയുണ്ടെന്ന അറിയിപ്പ് എല്ലാവരും കേട്ടത് ഒരു ഞെട്ടലോടെയായിരുന്നു. കാരണം ആരും ഗൗരവമായ പഠനത്തിലേക്ക് കടന്നിട്ടില്ല എന്നതു തന്നെ. കുറച്ചു ദിവസങ്ങൾ മാത്രമാണ് മുമ്പിലുള്ളത്. ഏതായാലും പരീക്ഷയെഴുതിയതോടെ ഒരു കാര്യം മനസ്സിലായി. പഠനരീതികളൊക്കെ ഒന്ന് മാറ്റണം. അല്ലെങ്കിൽ പണി പാളും. പിന്നെ സമയം വെറുതെ കളഞ്ഞിട്ടില്ല. പവിത്രൻ ഭായിയും ഞാനും ഒരു കട്ടിലിലാണ് ഉറക്കം. മേൽഭാഗത്തും കീഴ്ഭാഗത്തുമായാണ് ഓരോ പഠനമേശകൾ. പവിത്രൻ ഭായിക്ക് രാത്രിയിൽ 2 മണി വരെയെല്ലാം ഇരിക്കാൻ കഴിയും. എനിക്കതു പറ്റില്ല. ഞാൻ രാവിലെ 5 മണിക്ക് മുമ്പ് ഉണരും. അപ്പോൾ പവിത്രൻ നല്ല ഉറക്കമാവും. വേനൽക്കാലത്ത് ചില ദിവസങ്ങളിൽ ഞാനുണരുമ്പോൾ കാണുന്ന കാഴ്ച അതിശയിപ്പിക്കുന്നതായിരുന്നു. ഉറക്കത്തിൽ അറിയാതെ കൊതുകുവലയ്ക്കടുത്തേക്ക് വച്ച പവിത്രന്‍റെ കൈ നിറയെ കൊതുകൾ പൊതിഞ്ഞിരിക്കും. വർഷങ്ങൾക്ക് മുമ്പ് വൈലോപ്പിള്ളി ‘അസം പണിക്കാർ’ എന്ന കവിതയിൽ മലമ്പനിയെക്കുറിച്ച് പ്രതിപാദിച്ച വരികൾ ഓർത്തുകൊണ്ട് കൊതുകുകളെ ആട്ടിയോടിച്ച് വല നേരെയാക്കി വച്ചാണ് ഞാൻ പഠിക്കാനിരിക്കുക. കൊതുകുകളുടെ ചുംബനമേറ്റതിന്‍റെ പ്രത്യാഘാതങ്ങൾ ആയിടയ്ക്കും അവിടങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

പഠനം സജീവമായതോടെ ഞങ്ങൾ അവധി ദിവസങ്ങളിൽ 2 പേർ വീതമുള്ള ഗ്രൂപ്പുകളായി ഒരു സായാഹ്നയാത്ര പതിവാക്കി. ഞാനും ഹരിദാസനുമായിരുന്നു കൂട്ട്. ഞങ്ങളുടെ യാത്ര ഏറെയും ഉൾഗ്രാമങ്ങളിലേക്കായിരുന്നു. ഇത് ശരിക്കും ‘പഠനയാത്രകൾ ‘ തന്നെയായിരുന്നു. വഴി നീളെ പാഠഭാഗങ്ങൾ ചർച്ച ചെയ്ത് ഹൃദിസ്ഥമാക്കും; ഒപ്പം ഗ്രാമജീവിതത്തിന്‍റെ ഒത്തിരി നേർകാഴ്ചകളും..

(തുടരും…)

കവര്‍ ഡിസൈന്‍: മനു പുതുമന

Comments
Print Friendly, PDF & Email

You may also like