ഇതൾ പന്ത്രണ്ട്
അന്നോളം ആകെ കണ്ടിട്ടുണ്ടായിരുന്നത് ജനിച്ചനാടും, വീടും, പിന്നെ തന്നെ ഇന്നുകളിൽ പോറ്റുന്ന വീടും മാത്രമാണ്. അന്നൊരിക്കൽ മാക്കായുടെ അച്ഛൻ, കോമൂമാമാടെ കൂടെ വീട്ടിൽ വന്നതും, അപ്പായും അമ്മയും തന്നെ കെട്ടിപ്പിടിച്ച് കരഞ്ഞതും, കുറേ ദിവസങ്ങൾക്ക് ശേഷം അന്ന് രാത്രി അമ്മാ വീട്ടിൽ ചോറുണ്ടാക്കി തനിക്കും, ചിന്നിക്കും, ലല്ലിക്കും വയറുനിറയെ ഊട്ടിവിട്ടതും ഓർമ്മയുണ്ട്. പിറ്റേ ദിവസം, തന്നെ അമ്മ മാക്കായുടെ അപ്പായുടെ കൂടെ ഒരുക്കിവിട്ടു. അമ്മ അന്ന് കരഞ്ഞതേയില്ല… അമ്മായുടെ മുഖം വല്ലാതെ മുറുകിയിരുന്നു.
” നല്ല പാപ്പാവാ സമത്തായിരുക്കണം എന്നാ” എന്ന് മാത്രം പറഞ്ഞ് തന്റെ കവിളിൽ അമ്മ ഉമ്മവച്ചു. ആ നേരം പായയിൽ കമഴ്ന്ന് കിടന്നിരുന്ന അപ്പാ “തായേ, തായേ” എന്ന് പുലമ്പി ഒരേ കരച്ചിലായിരുന്നു

സംഭവിക്കുന്ന ഒന്നിന്റെയും അർത്ഥമറിയാതെ മാക്കായുടെ അപ്പാക്കൊപ്പം ആ വിരൽപിടിച്ച് നടന്നു. ഇന്ന് എല്ലാത്തിന്റെയും അർത്ഥം മനസ്സിലാകുന്നു.
അപ്പായും, അമ്മായും , ലല്ലിയും, ചിന്നിയും, ആ വീടും…. ഇപ്പോഴും അതേപോലെ അവിടെയുണ്ടാവുമോ…? അവരെയോർക്കാതെ, ആ നിനവിൽ കണ്ണുകൾ നീറിപ്പിടയാതെ ഒരു രാവും ഇന്നോളം താണ്ടിയിട്ടില്ല… അമ്മയുടെ കണ്ണീരുവറ്റി കനത്ത മുഖവും, കവിളിൽ പതിഞ്ഞ ആ ചൂടുമ്മയും ……… കവിളിൽ ഇപ്പോഴും അമ്മയുടെ ചൂട്!
അമ്മായെന്ന് മനസ്സ് ആർത്തലയ്ക്കുന്നു…
എത്ര വേദനിച്ച് കാണണം ആ മനസ്സ് … ശേഷം ഇന്നോളം അമ്മ സ്വസ്ഥതയോടെ ഉറങ്ങിയിട്ടുണ്ടാവുമോ ?
മാക്കാ ഉറപ്പ് തന്നിട്ടുണ്ട് പഠിച്ച് ജോലി നേടിയിട്ട് തന്നെ തന്റെ നാട്ടിലേക്കും ആ വീട്ടിലേക്കും കൂട്ടിക്കൊണ്ട് പോകാമെന്ന്…
മാക്കാ ഉറപ്പായും അത് ചെയ്തിരിക്കും. മാക്കാക്ക് തന്നെ അത്ര ഇഷ്ടമാണ്. തനിക്ക് മാക്കായേയും അതെ.
ഒന്നര മാസത്തേക്ക് എന്ന് പറഞ്ഞാണ് എറണാകുളത്തേക്ക് വന്നത്. ഇതിപ്പോൾ മാസം രണ്ട് കഴിഞ്ഞു. മാക്കായും , അച്ഛനും ഇതുവരെയും തന്നെ കൂട്ടിക്കൊണ്ട് പോകാൻ വന്നിട്ടില്ല. ഇവിടുത്തെ സാറിനോടും മാക്കായുടെ അപ്പച്ചിയോടും അതേക്കുറിച്ച് ഒന്നും ചോദിക്കാനും വയ്യ..
അപ്പച്ചിക്ക് എല്ലാവരോടും എപ്പോഴും ദേഷ്യവും പരാതിയുമാണ്. വയ്യായ്കയുടേതാണ് എന്നാണ് സാറ് പറയുന്നത്. തനിക്കങ്ങനെ തോന്നിയിട്ടില്ല, കാണാൻ തുടങ്ങിയ കാലം മുതൽ തന്നോട് അപ്പച്ചിയുടെ പെരുമാറ്റം ഇങ്ങനെതന്നെയാണ്. എപ്പോഴും എന്തെങ്കിലും പണി തന്നോണ്ടിരിക്കും. അതുമല്ലെങ്കിൽ തലനോക്കാൻ പറയും. മാക്കായാണ് സൂത്രത്തിൽ തന്നെ രക്ഷപ്പെടുത്തുക… ആ മാക്കായാണ് മാസം രണ്ട് കഴിഞ്ഞിട്ടും തന്നെ ഇവിടുന്ന് കൂട്ടിക്കൊണ്ട് പോകാൻ ഒരു സൂത്രവും പ്രയോഗിക്കാത്തത്…
ഇനി ഒരുപക്ഷെ തന്നെ തിരികെ കൊണ്ടുപോകേണ്ട എന്ന് അവിടെയുള്ളവർ തീരുമാനിച്ചിട്ടുണ്ടാകുമോ?. ആകെ പേടിയാവുന്നുണ്ട്…. കരച്ചിലും വരുന്നു..
തനിക്ക് മാത്രം എന്താണ് ഇങ്ങനെയൊക്കെ? മാതാപിതാക്കളിൽ നിന്നും അകന്ന് ഈ വിധം സങ്കടപ്പെടുന്ന ഒരു കുട്ടിയെപ്പോലും ഇത്രനാളത്തെ ജീവിതത്തിൽ കണ്ടിട്ടില്ല… എല്ലാ കുട്ടികളും എത്ര സന്തോഷത്തോടെയാണ് കഴിയുന്നത്….. തനിക്ക് മാത്രം…..
“ഒരു പതിനഞ്ച് ദിവസം കൂടി ആ പെണ്ണിനെ ഇവിടെ നിർത്തിക്കാൻ നാത്തൂന്റെ കാല് പിടിച്ച് പറഞ്ഞതാ… അല്ലെങ്കിൽത്തന്നെ അവളെ ഇങ്ങോട്ടയക്കാൻ നാത്തൂന് ഒരുതരി പോലും ഇഷ്ടമുണ്ടായിരുന്നില്ല… “
” സാരമില്ല.. നീ ഇപ്പോൾ ഒരുവിധം നേരെയായില്ലേ, സഹായത്തിന് ഇവിടെ അടുത്തൂന്ന് വല്ലോം ഒരാളെ നോക്കാം”
“ആ.. അതാ ഇപ്പോ നന്നായത്…. ദിവസം മുപ്പതെന്ന് എണ്ണുമ്പോ ഏറ്റവും കുറഞ്ഞത് നൂറ് രൂപയെങ്കിലും അവളുമ്മാരുടെയൊക്കെ കയ്യിൽവച്ച് കൊടുക്കേണ്ടിവരും. ഒരു വൃത്തിയും വെടിപ്പും കാണത്തുമില്ല.. ഇവളാവുമ്പോ വയറ്റിന് വല്ലോം കൊടുത്താൽ മതി, നല്ല വൃത്തീം. നാത്തൂന്റെ ശിക്ഷണത്തിന്റെയാ.. “
“അതൊക്കെയിനി പറഞ്ഞിട്ടെന്തിനാ? ഇത്രയും ദിവസം ഈ കൊച്ചിനെ നമ്മളുടെയടുത്ത് നിർത്തിയത് തന്നെ വലിയ കാര്യം. അളിയനെ മുഷിപ്പിക്കാതെ അവര് വരുമ്പോ അതിനെ കൂടെവിടുക.. അത്രേയുള്ളൂ”
തന്നെ തിരികെ കൂട്ടിക്കൊണ്ട്പോകാൻ മാക്കായുടെ അപ്പാ രണ്ട് ദീവസത്തിനുള്ളിൽ വരുന്നുണ്ടെന്ന് തന്നോട് ഇവിടുത്തെ സാറാണ് പറഞ്ഞത്.
“സന്തോഷമായില്ലേ ശങ്കരിക്ക് ? മായയെ കാണാഞ്ഞിട്ട് ഇത്രയും ദിവസം ഇവിടിരുന്ന് ശ്വാസം മുട്ടുകയല്ലാരുന്നോ?”
സന്തോഷംകൊണ്ട് തന്റെ കണ്ണുകൾ നിറഞ്ഞ് തൂകി.. സന്തോഷം? അനുഭവിച്ചിട്ടുള്ളവന് മാത്രം മനസ്സിലാകുന്ന ഒന്ന്…
നിസ്സഹായതയുടെ അങ്ങേയറ്റത്ത് നിൽക്കെ, തന്നിലേക്ക് നീട്ടപ്പെടുന്ന ഒരു ഒറ്റവിരൽ തുമ്പില്ലേ.. അത് കാൺകെ ഒരുവനിലുണ്ടാകുന്ന ആ വികാരമില്ലേ? അതിനെ സന്തോഷമെന്നാണോ പറയുക.. തനിക്കറിയില്ല..
തിരികെ കൂടണയാൻ ഈ കുഞ്ഞിക്കിളിക്ക് ഇനിയുള്ളത് രണ്ടേ രണ്ട് ദിവസങ്ങളുടെ ദൂരം മാത്രം..
” പോകുന്നതിനുള്ളില് ആ പെങ്കൊച്ചിനേം കൊണ്ട് പോയ് എനിക്ക് രണ്ട് നൈറ്റീം , അടുക്കളേല് തീരാറായ സാധനങ്ങളും വാങ്ങിച്ചോണ്ട് വാ.. അവൾക്കാകുമ്പോ എന്റെ അളവും, അടുക്കളേല് ആവശ്യമുള്ള സാധനങ്ങളും എല്ലാം കൃത്യമായിട്ടറിയാം, നിങ്ങള് തനിച്ച് പോയാ ഒരു കാര്യവും ശരിയായ് കിട്ടത്തില്ല”
“ഓ! അതിനിനി നീ അലയ്ക്കണ്ട… വൈകിട്ട് തന്നെ ഞാൻ അവളെയും കൊണ്ട് പൊയ്ക്കോളാം..”
വെറും രണ്ട് ദിവസത്തിന്റെ വട്ടത്തിനുള്ളിൽവച്ച്, സാധാരണയിലും സാധാരണക്കാരിയായ കൗമാരം കടക്കാത്ത ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ, ആകസ്മികമായ് എന്തൊക്കെ സംഭവിച്ചേക്കാം? ഒരുവേള അവളുടെ പ്രാണൻ തന്നെ നഷ്ടപ്പെട്ടേക്കാം… എന്നത് അവൾ അറിഞ്ഞിരുന്നെങ്കിൽ?
ആരറിയുന്നു പ്രിയതേ! കാലചക്രത്തിൻ ആത്മഗതങ്ങളെ…..
കവർ : സി പി ജോൺസൺ