പൂമുഖം Travelയാത്ര ഇസ്രായേൽ യാത്ര

ഇസ്രായേൽ യാത്ര

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

ഭാഗം 2


ഒരാഴ്ച നീണ്ടു നിന്നു ഞങ്ങളുടെ ഇസ്രായേൽ യാത്രാപരിപാടി.
ലണ്ടനിൽ നിന്നും ടെൽ അവീവ് പട്ടണത്തിലേക്കുള്ള ദുരം 3602 കിലോമീറ്റർ ആണ്. അഞ്ച് മണിക്കൂർ നേരത്തെ വിമാനയാത്ര കഴിഞ്ഞ് ഞങ്ങൾ ടെൽ അവീവിലുള്ള ബെൻഗുറിയോൺ വിമാനത്താവളത്തിൽ ഇറങ്ങി . ഇമ്മിഗ്രേഷനും മറ്റുള്ള ഫോർമാലിറ്റികളും നിഷ്പ്രയാസം കഴിഞ്ഞു. ബെൻഗുറിയോൺ വിമാനത്താവളത്തിലെ ഇമ്മിഗ്രേഷൻ ഓഫീസർക്കറിയാം സെക്യൂരിറ്റി ചെക്ക് കഴിഞ്ഞാണ് ഞങ്ങളെ വിമാനത്തിൽ കയറ്റിയിട്ടുള്ളത് എന്ന് !
ആദ്യദിവസം ടെൽഅവീവിൽ ഒരു മിന്നൽ പര്യടനം നടത്തി. ഇസ്രായേലിലെ പ്രധാനപ്പെട്ട പട്ടണങ്ങളിൽ ഒന്നാണിത്.
താമസിച്ച ഹോട്ടലിന് തൊട്ടടുത്തായിരുന്നു കടപ്പുറം. സൗമ്യമായ വസന്തകാലഅന്തരീക്ഷത്തിൽ വൈകുന്നേരം അവിടെ നടക്കാൻ സുഖമായിരുന്നു..

ആ നടത്തത്തിനിടെ മദ്ധ്യധരണ്യാഴിയുടെ കരയിലായി മനോഹരമായ ഒരു ഉദ്യാനം കണ്ടു . ചാൾസ് ക്ലോർ ( Charles Clor ) പാർക്ക് എന്നാണതിന്റെ പേര്. പുരാതനമായ ഒരു പലസ്തീൻ ഗ്രാമം നിലനിന്നിരുന്നിടത്താണ് അത് പണികഴിച്ചിട്ടുള്ളത്. മൻഷ്യ എന്നായിരുന്നു ആ പാലസ്തീൻ ഗ്രാമത്തിന്റെ പേര്. 1948 ൽ ജൂതന്മാർ പാലസ്തീനിന്റെ പല ഭാഗങ്ങളും പിടിച്ചെടുക്കുകയും അവിടങ്ങളിലെ ജനതയെ അഭയാർത്ഥികളാക്കുകയും ചെയ്തു. അങ്ങനെ എത്രയെത്ര ഗ്രാമങ്ങൾ നശിപ്പിച്ച ശ്‌മശാനത്തിൽ നിന്നുമാണ് ഇസ്രായേൽ ഉടലെടുത്തത് !

ചാൾസ് ക്ളോർ പാർക്ക്

ചാൾസ് ക്ലോർ പാർക്കിലൂടെ നടന്നാൽ ടെൽ അവീവിലെ ഒരു പുരാതന തെരുവിലാണ് എത്തിച്ചേരുക. പുരാതനമായ ഒരു പള്ളി കണ്ടു അവിടെ . സാധാരണയായി അല്പം ചരിത്രം വഴികാട്ടികൾ പറഞ്ഞു തരും. ഞങ്ങളുടെ വഴികാട്ടി നിർബന്ധിതമായ പട്ടാളസേവനം കഴിഞ്ഞശേഷം ടൂറിസ്റ്റ് കമ്പനികൾക്ക് വേണ്ടി ജോലിചെയ്യുന്ന ഒരു വ്യക്തി ആയിരുന്നു. പൊതുവെ ഒരു പാലസ്തീൻ വിരോധം അയാളുടെ വിവരണങ്ങളിൽ മുഴച്ചു നിന്നു .

18 വയസ്സ് പൂർത്തിയാക്കിയ ഓരോ പൗരനും നിർബന്ധമായും ഇസ്രായേൽ പട്ടാളത്തിൽ സേവനം അനുഷ്ഠിക്കേണ്ടതുണ്ട്. പുരുഷന്മാർക്ക് ഒരു വർഷം 8 മാസവും സ്ത്രീകൾക്ക് രണ്ടുകൊല്ലവും ആണ് നിർബന്ധ പട്ടാളസേവനം. ചില സന്ദർഭങ്ങളിൽ പുരുഷന്മാർക്ക് അത് രണ്ടുകൊല്ലത്തേയ്ക്കായെന്നും വരാം . അറബ് മുസ്ലിമിനും അറബ് ക്രിസ്ത്യൻസിനും ഇത് ബാധകമല്ല. അവർക്കു വേണമെങ്കിൽ പട്ടാളസേവനത്തിൽ പങ്കെടുക്കാം .

അൽ നക്ബ ( മഹാവിപത്ത്‌)

1917 ൽ ഒന്നാം ലോകമഹായുദ്ധത്തിൽ ഓട്ടോമാൻ സാമ്രാജ്യത്തെ തോൽപ്പിച്ച് പാലസ്തീന്റെ സംരക്ഷണ ചുമതല ബ്രിട്ടൻ ഏറ്റെടുത്തു. 1948ൽ ഒന്നാമത്തെ ഇസ്റായേൽ പാലസ്തീൻ യുദ്ധം ആരംഭിച്ചു. അക്കൊല്ലം ബ്രിട്ടീഷ്‌സർക്കാർ രാജ്യത്തിന്റെ സംരക്ഷണച്ചുമതല സ്വമേധയാ
ഉപേക്ഷിക്കുകയും ചെയ്തു ! ഇസ്രായേൽ 78 ശതമാനം പാലസ്തീൻ സ്ഥലങ്ങളും കീഴടക്കി. 700,000 പാലസ്തീൻ ജനത ഇതോടെ അഭയാർത്ഥികളായി. അവരുടെ ഗ്രാമങ്ങൾ മിക്കവാറും ഇസ്രായേൽ സ്വന്തമാക്കി. മറ്റുള്ള നാടുകളിൽ അഭയാർഥികളായി കഴിയാൻ ഉള്ള നിർഭാഗ്യം ആണ് അവർക്കു കിട്ടിയത്. ഈ സംഭവത്തെ ‘അൽ -നക്ബ ‘ ( ഒരു മഹാവിപത്ത്‌ ) എന്ന് പാലസ്തീൻ ജനത നാമകരണം ചെയ്തു .

1948 ലെ ഇസ്രായേൽ പാലസ്തീൻ യുദ്ധത്തിൽ ഇങ്ങനെ പിടിച്ചെടുത്തവയിൽ മദ്ധ്യധരണ്യാഴിയുടെ തീരത്തുള്ള മൻഷ്യ എന്ന ഗ്രാമവും ഉണ്ടായിരുന്നു. അവിടെ ആണ് ഇസ്രായേൽ ചാൾസ് ക്ലോർ പാർക്കും ആകാശചുംബികളായ സൗധങ്ങളും പണികഴിപ്പിച്ചത്.
ചുറ്റുമുള്ള മുസ്ലിം ജനത അഭയാർത്ഥികളായി ഭൂഗോളത്തിന്റെ നാനാഭാഗങ്ങളിലേക്കും ചിതറിയപ്പോൾ പള്ളി അനാഥമായി. വീടില്ലാതെ അലഞ്ഞു നടന്നിരുന്ന ഒരു വിഭാഗം മനുഷ്യരും മയക്കുമരുന്നിന്റെ പിടിയിലകപ്പെട്ട കുറെ പേരും പള്ളിയിലെ അഭയാർത്ഥികൾ ആയി .
1916 ൽ ആണ് അന്നത്തെ ഓട്ടോമാൻ ഗവർണർ ആയിരുന്ന ഹസ്സൻ ബെക്ക് ഈ പള്ളി പണിയിച്ചത്. 1948 ലെ ഇസ്രായേൽ പലസ്തീൻ യുദ്ധത്തിന് ശേഷം പള്ളിയുടെ സ്ഥിതി ദയനീയമായിരുന്നു.

ഹസ്സൻ ബെക്ക് മോസ്‌ക്

പുതുക്കി പണികഴിപ്പിച്ച പള്ളി

1979 ൽ റിയൽ എസ്റ്റേറ്റുകാരനായ ഗർഷോൻ പെരേസ് ( ഇദ്ദേഹം ഇസ്രായേൽ ലേബർ പാർട്ടിയുടെ ലീഡർ ആയിരുന്ന ഷിമോൺ പെരേസിന്റെ സഹോദരനാണ്.)പള്ളിയും അതിനോട് അടുത്ത സ്ഥലങ്ങളും ‘ജഫാ ഇസ്ലാമിക പ്രോപ്പർട്ടി ട്രസ്റ്റി’യുടെ കൈയിൽ നിന്ന് വിലയ്ക്ക് വാങ്ങി എന്ന് ജനങ്ങൾ അറിഞ്ഞു. ‘ജഫാ ഇസ്ലാമിക പ്രോപ്പർട്ടി ട്രസ്റ്റി’ എന്ന സംഘടന ഇസ്രായേൽ ഗവൺമെന്റും റിയൽ എസ്റ്റേറ്റ് ഡെവലപേഴ്സും ചേർന്ന് ചമച്ചെടുത്ത ഒന്നാണ്. മാനുഷിക മൗലികാവകാശങ്ങൾ മാനിക്കുന്ന കുറച്ചു യഹൂദരുടേയും അറബ് ജനതയുടേയും ഒപ്പം നിന്ന് പോരാടി പള്ളിയും പ്രാന്തപ്രദേശങ്ങളും ജഫാ പാലസ്തീൻ ജനതയ്ക്കായി തിരിച്ചെടുത്തു . ഇസ്രായേൽ സർക്കാർ പള്ളിയുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ അനുമതി നൽകി. സൗദി അറേബ്യയും ജോർദാനും അതിനുള്ള ധനസഹായം നൽകി. ഇന്ന് പള്ളിയിൽ പ്രാർത്ഥനകൾ നടക്കുന്നുണ്ടെങ്കിലും പള്ളിയുടെ സമീപം പാലസ്തീൻ അറബ്‌സ് ആരും തന്നെ താമസിക്കുന്നില്ല. എങ്കിലും ജഫയിലെ പാലസ്തീൻ ജനത പള്ളിയിൽ കാവലിരിക്കുന്നു .

അടുത്തതായി ഞങ്ങൾ സന്ദർശിച്ച സ്ഥലം ജാഫ ആണ്. ടെൽ അവീവിന്റെ അടുത്തായി രൂപം പ്രാപിച്ചതാണ് ജാഫ. ജാഫ ജൂതർക്കും കൃസ്ത്യാനികൾക്കും മുസ്ലിമിനും പ്രധാനപ്പെട്ട ഒരു സ്ഥലം ആണ്. ജാഫയുടെ കടൽപ്പുറത്ത് നിന്നുമാണ് ജോനാ ( Jonah ) യൂനുസ് നബി കപ്പൽയാത്ര ആരംഭിച്ചതെന്നും , കടൽമദ്ധ്യത്തിൽ വെച്ച് കപ്പൽ ഒരു കൊടുംകാറ്റിൽ അകപ്പെട്ടുവെന്നും കൃസ്ത്യാനികളും മുസ്ലീമിങ്ങളും വിശ്വസിക്കുന്നു. കൊടുങ്കാറ്റിന്റെ കാരണം ദൈവകോപമാണെന്നും ജോനയെ കടലിൽ എറിഞ്ഞാൽ മാത്രമേ കൊടുങ്കാറ്റ് ശമിക്കു എന്നും കപ്പലിലുള്ളവർക്ക്‌ മനസ്സിലായി. ആദ്യം മറ്റ് യാത്രക്കാർ, ജോനയെ കടലിൽ എറിയുന്നതിനോട് വിസമ്മതം പ്രകടിപ്പിച്ചു . അവസാനം മറ്റു പോംവഴികളില്ലാതെ വന്നപ്പോൾ ജോനയെ കടലിലേയ്ക്കെറിഞ്ഞു. ഒരു വന്മത്സ്യം ജോനയെ വിഴുങ്ങി. മുന്ന് പകലും മുന്ന് രാവും ജോന മത്സ്യത്തിന്റെ വയറ്റിൽ കഴിഞ്ഞു. ജോനയുടെ പ്രായശ്ചിത്തതിന്റെ പ്രതിഫലമായി ദൈവം ജോനയെ മത്സ്യത്തിന്റെ വയറ്റിൽ നിന്നും രക്ഷപ്പെടുത്തുന്നു.

ജാഫയിലെ ക്ളോക്ക് ടവർ

സോളമനും സെയിന്റ് പീറ്ററും ജാഫയുമായി ബന്ധമുള്ളവരായിരുന്നു.

ഇന്ന് പുരാതന ജാഫ യാത്രക്കാരെ ആകർഷിക്കുന്ന ഒരു സ്ഥലമാണ്. നല്ല റെസ്റ്റോറന്റുകളും തിയറ്ററുകളും ഇവിടെ ധാരാളം ഉണ്ട്. വളരെ അധികം മത്സരങ്ങൾ നടന്ന ഒരു സ്ഥലമാണത് .

തോല്‍ ഊറയ്ക്കിടുന്ന സൈമൺ

പുരാതന ജാഫയുടെ ഒരു തെരുവിൽ ഒരു പഴയവീട് കാണാം. ഇവിടെയായിരുന്നു തോല്‍ ഊറയ്ക്കിടുന്ന സൈമൺ താമസിച്ചിരുന്നതെന്നു വിശ്വസിക്കപ്പെടുന്നു.

ഹൗസ് ഓഫ്‌ സൈമൺ

ഈ വീട്ടിലാണ് സെയ്ൻറ് പീറ്റർ ഒരു ദിവസം താമസിച്ചതെന്നും ടാബിത എന്ന മനുഷ്യനെ പുനരുജ്ജീവിപ്പിച്ചതെന്നും പറയപ്പെടുന്നു. ഈ വീട്ടിൽ വെച്ച് പീറ്റർ ഒരു സ്വപ്നം കാണുന്നു . സ്വപ്നത്തിൽ ദൈവം പീറ്ററിനോട് കൽപ്പിക്കുന്നു : ‘ജൂതന്മാർ അശുദ്ധം എന്ന് കരുതുന്ന മാംസം തിന്നാൻ നിന്നെ ഞാൻ അനുവദിക്കുന്നു.’ അന്ന് മുതൽ കൃസ്ത്യാനികൾക്കു ഘോഷയല്ലാത്ത മാംസം കഴിക്കാമെന്നു പീറ്റർ തീരുമാനിച്ചു.

പഴയ ജാഫയിലെ ഒരു തെരുവ്


ജഫായിലെ തെരുവിലൂടെ നടക്കുമ്പോൾ പലപല കാഴ്ചകൾ യാത്രക്കാരനെ ആകർഷിക്കും. ചിലർക്ക് അവ ആകാശചുംബികളായ സൗധങ്ങളാവും – മറ്റുചിലർക്ക്, വളരെകാലം മുമ്പ് പണിത തെരുവുകളും കെട്ടിടങ്ങളുമാവും .
സമയച്ചുരുക്കംകൊണ്ട് പല കാഴ്ചകളും അനുഭവിക്കാൻ നമുക്ക് കഴിഞ്ഞെന്ന് വരില്ല. ഇസ്രായേൽ യാത്ര അധികവും നേരത്തെ നിശ്ചയിച്ച വഴികളിലൂടെയായിരുന്നു. അതിന്നിടയ്ക്ക്, ഞങ്ങൾക്ക് അല്പം അലഞ്ഞുതിരിയാൻ സമയം കിട്ടിയിരുന്നു.

പുരാതനമായ ഒരു തെരുവിൽ കണ്ട ക്ലോക്ക് ടവർ എന്നെ ഏറെ ആകർഷിച്ചു. ഓൾഡ് യാഫോയിൽ സ്ഥാപിച്ചിരിക്കുന്ന ഇത് പണികഴിപ്പിച്ചത് ഓട്ടോമൻ സാമ്രാജ്യം നിലനിൽക്കുന്ന കാലത്തായിരുന്നു. പണി പൂർത്തിയായത് 1906 ൽ ആണ്. യാഫോയിൽ എത്തുന്ന യാത്രക്കാരെ സ്വാഗതം ചെയ്ത്, സമയം അറിയിച്ചുകൊണ്ട് ഇന്നും അതിവിടെ സ്ഥിതിചെയ്യുന്നു.
കാലം തൊട്ടുതീണ്ടിയിട്ടില്ലാത്ത തെരുവുകൾ പഴയകാലത്തിന്റെ കുളിർമ്മയും സൗഹാർദ്ദവും യാത്രക്കാരുമായി പങ്കിട്ട് നിലക്കൊള്ളുന്നു.

പഴയ ജാഫയിൽ ലേഖകൻ

ടെൽ അവീവിൽ നിന്നും പിറ്റേ ദിവസം ഞങ്ങൾ നസറേത്തിലേക്കും ‘സീ ഓഫ് ഗലീലി’യിലേക്കും യാത്ര തുടർന്നു .
നസ്രേത്തിലാണ് പ്രാധാനപ്പെട്ട പള്ളികളിൽ ഒന്നായ ചർച് ഓഫ് അനൻസിയേഷൻ ( വിളംബരത്തിന്റെ പള്ളി ) സ്ഥിതി ചെയ്യുന്നത്. ഇവിടെ വെച്ചാണ് ദൈവദൂതന്‍ ഗബ്രിയേൽ മറിയത്തിനോട് അവൾക്കുണ്ടാകാൻ പോകുന്ന ദിവ്യഗർഭത്തെ പറ്റി പറയുന്നത് . മറിയത്തിന്റെ വീടിരുന്ന സ്ഥലത്താണ് ഈ പള്ളി പണികഴിപ്പിച്ചതെന്നും പറയുന്നു. ഇന്ന് നിലനിൽക്കുന്ന പള്ളിയുടെ പണി തീർത്തത് 1969ൽ .ഇതേ സ്ഥലത്ത് ഒരു ബൈസാന്റൈൻ പള്ളി ഉണ്ടായിരുന്നു എന്ന് ചില രേഖകൾ കാണിക്കുന്നു.

മേരിയുടെ ദിവ്യഗർഭത്തെ ആസ്പദമാക്കി ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും മനോഹരമായ ചുവര്‍ച്ചിത്രങ്ങൾ ഈ പള്ളിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. തായ്‌ലന്റിലേതടക്കം പലതരത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞ മേരിയെ ഇവിടെ കാണാം- മേരി ആഗോളതലത്തിൽ സ്വീകാര്യയായതിന്റെ തെളിവെന്ന പോലെ .

നസറേത് അന്നും ഇന്നും .

“എന്തെങ്കിലും നന്മ നസ്രേത്തിൽ നിന്നും ഉൽഭൂതമാകുമോ ? “
അല്പം പുച്ഛത്തോടെ നഥാനിയേൽ ചോദിക്കുന്നു. ഈ നഥാനിയേൽ തന്നെയാണ് കൃസ്തുവിന്റെ ഉയർന്നെഴുന്നേല്പ് കാണുകയും നസ്രേത്തിൽ നിന്നും ഉത്ഭവിച്ച നന്മ തിരിച്ചറിയുകയും ചെയ്തതെന്ന് ക്രിസ്തുമത അനുയായികൾ വിശ്വസിക്കുന്നു.
അറിയപ്പെടാത്ത ഒരു കുഞ്ഞുഗ്രാമമായിരുന്നു നസറേത്. ഇന്ന് അതൊരു ലോകപ്രസിദ്ധമായ നഗരമായി പരിണമിച്ചിരിക്കുന്നു.
ഇന്ന് ഭൂരിഭാഗവും പലസ്തീൻ മുസ്ലിമുകളാണ് ഇവിടെ ഉള്ളത്.

നസറേത്തിൽ നിന്നും ഞങ്ങൾ ‘സീ ഓഫ് ഗലീലി ‘എന്ന തടാകത്തിലേക്കു പുറപ്പെട്ടു. ഏകദേശം 30 കിലോമീറ്റർ ദുരം ഉണ്ട് സീ ഓഫ് ഗലീലിയിലേ യ്ക്ക് .
സമുദ്രവിതാനത്തിൽ നിന്ന് ഏറ്റവും താഴെ നിലകൊള്ളുന്ന ഒന്നാമത്തെ ശുദ്ധജല തടാകം ഇതാണ്. എന്നാൽ തടാകങ്ങളിൽ സമുദ്രവിതാനത്തിൽ നിന്നും ഏറ്റവും താഴെ സ്ഥിതി ചെയ്യുന്ന രണ്ടാമത്തെ തടാകവുമാണിത്. ഒന്നാം സ്ഥാനം ഡെഡ് സീ ക്കാണ്. അതിൽ പക്ഷേ, ഉപ്പുവെള്ളമാണുള്ളത്.

ഗലീലി കടൽ

കൃസ്ത്യാനികൾക്കു വളരെ പ്രധാനപെട്ട ഒരു സ്ഥലം കൂടിയാണ് ഇത്. ക്രിസ്തു പല അത്ഭുതങ്ങളും ഇവിടെയാണല്ലോ പ്രകടിപ്പിച്ചത് . കൂടാതെ സീ ഓഫ് ഗലീലിയുടെ തീരത്താണ് ക്രിസ്തു ശിഷ്യന്മാർക്കു ആദ്യമായി വേദോപദേശം നൽകിയത്. ഈ തടാകതീരത്ത് വെച്ചാണ് പീറ്റർ എന്ന മുക്കുവനെ ക്രിസ്‌തു ശിഷ്യനാക്കി മാറ്റിയത്. സെയ്ന്റ് പീറ്ററിന്റെ പള്ളി ഇന്നും ഇവിടെയുണ്ട് .

പീറ്ററിന്റെ പള്ളി


ഞങ്ങൾ കാലത്ത് 9 മണിക്ക് ഇവിടെ എത്തിച്ചേർന്നു. തടാകം സ്‌ഫടികം പോലെ പ്രഭാതസൂര്യനിൽ മിന്നിത്തിളങ്ങി. ഞങ്ങളെ കാത്ത് ഒരു ബോട്ട് അവിടെ നില്പുണ്ടായിരുന്നു. ഞങ്ങൾ ബോട്ടിൽ കയറി തടാകത്തിലൂടെ യാത്ര ചെയ്തു. ഇവിടെയാണ് പീറ്റർ മീൻ പിടിച്ചിരുന്നതെന്നും ഞങ്ങൾക്കും മീൻ പിടിക്കാമെന്നും വഞ്ചിക്കാരൻ പറഞ്ഞു. ഞങ്ങളിൽ പലരും ഞങ്ങളുടെ ഭാഗ്യം പരീക്ഷിച്ചു. മൽസ്യം ഞങ്ങളുടെ ചുണ്ടയിൽ കൊത്താൻ വിസമ്മതിച്ചു.
ഞങ്ങൾ തടാകത്തിന്റെ വടക്കു കിഴക്കായി സ്ഥിതികൊള്ളുന്ന ഒരു പ്രദേശത്ത് എത്തി. ഇവിടെയാണ് ക്രിസ്‌തു കുറച്ച് ശിഷ്യന്മാരെ കൂട്ടി പ്രശാന്തമായ സ്ഥലംതേടി പോയത്. അന്ന് ആ പ്രദേശം അജ്ഞാതമായ ഒരു സ്ഥലമായിരുന്നു. ക്രിസ്‌തു അവിടെ എത്തിയപ്പോൾ 5000 പേര് അവിടെ കൂടിയിരുന്നു. ക്രിസ്തുവിന്റെ കൈവശം ഉണ്ടായിരുന്നത് അഞ്ചപ്പവും രണ്ട് മത്സ്യവുമായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹം അവിടെ കൂടിയിരുന്ന ജനങ്ങളെ മുഴുവൻ ഊട്ടി .

അതിനുശേഷം ക്രിസ്തു ശിഷ്യന്മാരോട് വഞ്ചിയിൽ പൊയ്ക്കൊള്ളാൻ പറഞ്ഞു. വഞ്ചി തടാകത്തിന്റെ പകുതിഭാഗം കടന്നപ്പോൾ ക്രിസ്തു വെള്ളത്തിന്റെ മുകളിലൂടെ നടന്നുവരുന്നത് ശിഷ്യന്മാർ കണ്ടു. അങ്ങനെ പല അത്ഭുതങ്ങളും നടന്ന ആ സ്ഥലം അറിയപ്പെടുന്നത് ടാബ്‌ഖ എന്നാണു. ഇവിടെയും ഒരു പള്ളി ഉണ്ട്. ഈ അത്ഭുതങ്ങളുടെ പള്ളി എന്നാണതറിയപ്പെടുന്നത്.
പുറപ്പെട്ട സ്ഥലത്ത് തിരിച്ചെത്തിയപ്പോൾ ഉച്ചഭക്ഷണത്തിന്റെ സമയം. ഞങ്ങൾക്കെല്ലാവർക്കും നല്ല വിശപ്പും.
സീ ഓഫ് ഗലീലിയിൽ നിന്നും പിടിക്കുന്ന മത്സ്യത്തിന്റെ പേര് പീറ്ററുടെ മൽസ്യം ( Peter’s fish ) എന്നാണു . ഉപ്പു മാത്രം ചേർത്ത് എണ്ണയിൽ വറുത്തെടുത്ത മീനും അതിന്റെ കൂടെ ഉരുളക്കിഴങ്ങിന്റെ എണ്ണയിൽ വറുത്തെടുത്ത ചിപ്സും ആയിരുന്നു ഞങ്ങളുടെ ഭക്ഷണം .

സെയ്ന്റ് പീറ്ററിന്റെ കാലത്തിനു മുൻപ് മുതൽ ഈ തടാകത്തിൽ നിന്നും കിട്ടിയിരുന്ന മത്സ്യം ഇതുതന്നെയാണ്. തീ പിടിച്ച വിലയായിരുന്നു ആ ഭക്ഷണത്തിന്. വാങ്ങാൻ ധാരാളം ആളുകൾ ഉള്ളപ്പോൾ സാധനങ്ങളുടെ വില കൂടിക്കൊണ്ടിരിക്കുമല്ലോ !
ഈ മത്സ്യം തിലോപ്പിയയുടെ വർഗ്ഗത്തിൽ പെട്ടതാണ്. ഇതുകൂടാതെ ചാള, കൂരി , കാർപ് മുതലായ മത്സ്യങ്ങളെയും ഈ തടാകത്തിൽ നിന്നും കിട്ടുന്നുണ്ട്.

തുടരും

കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like