പൂമുഖം LITERATUREകവിത കാത്തിരിപ്പ്

കാത്തിരിപ്പ്

ഒരിക്കലും കിട്ടില്ലെന്നറിയാമെങ്കിലും
വെറുതെ കാത്തിരിക്കാൻ ഒരു
സുഖമാണ്.
നടക്കാത്തതൊക്കെ നടക്കുമെന്ന്
വെറുതെ കിനാവ് കാണാൻ
ഒരു കുളിരാണ്.

കിട്ടാത്തതെല്ലാം കിട്ടിയതായി
കണ്ടങ്ങനെ
പുഴ പോലെയൊഴുകുന്നത് സംഗീതമാണ്.
ആരെയുമറിയാതെ
ആർക്കുമറിയാതെ ഒളിച്ചിരിക്കൽ
ഒരു കൗതുകമാണ്.

നിൻ മിഴിപൂക്കളുടെ സൗരഭ്യത്തിൽ
നീയറിയാതെ മതിമറക്കുമ്പോൾ
അനുഭൂതിയാണ്.

നീണ്ട നീണ്ട കാത്തിരിപ്പിൽ
സമയമറിയാതെ, വേച്ചു പോകാതെ
പിച്ച വയ്ക്കുമ്പോൾ കരുത്താണ്.
സ്വന്തമായതെല്ലാം
ഉപേക്ഷിക്കപ്പെടുമ്പോൾ
നുറുങ്ങുന്ന ഹൃദയ വേദനയ്ക്ക്
തന്ത്രികൾ മീട്ടുന്ന
ഇമ്പമാണ്.

ഇനിയെത്ര ദൂരമുണ്ടെന്നോർക്കുവാൻ
നിൽക്കാതെ ഓടുന്നത്
ഒരു വാശിയാണ്.
ഒടുവിൽ തളർന്ന് മയങ്ങുമ്പോൾ
നെഞ്ചിലെ താളം ഒരു നിർവൃതിയാണ്..

കവർ : വിത്സൺ ശാരദാ ആനന്ദ്

Comments

You may also like