പൂമുഖം LITERATUREലേഖനം ദാവോസ് എന്ന ആരോഗ്യ താഴ്‌വര

ദാവോസ് എന്ന ആരോഗ്യ താഴ്‌വര

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

ഒരു പ്രദേശത്ത് താമസിച്ചാൽ ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും, ത്വക്ക് രോഗങ്ങളിൽ നിന്നും വിമുഖമാകാൻ കഴിയുക. ലോകം അറിയുന്ന ഒരു ടൂറിസ്ററ് കേന്ദ്രത്തിൽ ഗ്രാമീണനായി ജീവിക്കുവാൻ കഴിയുക. ഒരേ സമയം മഞ്ഞും വെയിലും അനുഭവിക്കാൻ കഴിയുക. അത്തരമൊരു ദേശത്തെക്കുറിച്ചാണ് പറയാനുള്ളത്. ആ ദേശത്തിന്റെ പേര് ദാവോസ് എന്നാണ്. ലോകത്തിൻറെ “മെഡിക്കൽ താഴ്വര” എന്നറിയപ്പെടുന്ന ദാവോസ് തന്നെ.

സ്വിറ്റ്‌സർലാൻഡിലെ ഗ്രൗബുൻഡൺ സംസ്ഥാനത്തെ, ആൽപ്സ് പർവതനിരയുടെ താഴ്വാരത്തുള്ള ഒരു ഗ്രാമീണ പട്ടണമാണ് ദാവോസ് എന്ന് പറയാം. ദാവോസ് എന്ന് കേൾക്കുമ്പോൾ, മലയാളികളുടെ ഓർമ്മയിൽ വരുന്നത്, എല്ലാ വർഷങ്ങളിലും വേൾഡ് എക്കൊണോമിക്ക് ഫോറം നടക്കുന്ന സ്വിറ്റ്‌സർലാൻഡിലെ ഒരു പ്രദേശമായും, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മഞ്ഞിൽ തെന്നി വീണു പരിക്കേറ്റ് ശാസ്ത്രകിയക്ക് വിധേയമായ സ്ഥലമായിട്ടുമായും ആകും.

ദാവോസ് സന്ദർശകരെ ആകർഷിക്കാനുള്ള പ്രധാനകാരണം ദാവോസിലെ ശുദ്ധവായുവാണ്. അണുബാധയില്ലാത്ത, പ്രതിരോധ ശക്തിയുള്ള, സൗഖ്യമാക്കാൻ ശക്തിയുള്ള, അന്തരീക്ഷവായുവാണ്,1500 അടിയിലേറെ സമുദ്രനിരപ്പിൽ നിന്നും ഉയരമുള്ള ഇവിടെയുള്ളതെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടീട്ടുള്ളതാണ്. ഇവിടെ ജീവിക്കുന്നവരിൽ ലൈംഗീക ഹോർമോണുകളുടെ (Testosterone) ഉൽപ്പാദനം വർധിക്കുന്നതായും, അഡ്രിനാൽ ഗ്രന്ഥിയിലെ ഹോർമോണുകളുടെ (cortisone)അളവ് കൂടുന്നതായും കണ്ടെത്തിയിട്ടുണ്ട്. ദാവോസിൽ താമസിക്കുന്നതിന്റെ കാലമനുസരിച്ച് അത് ശക്തിപ്പെടും. ജർമ്മനിയിലെ ഡ്യൂസെൽഡോർഫ് (Düsseldorf) യൂണിവേഴ്സിറ്റിയിലെ പ്രൊ. ഇന്നേ ഫ്രയെയാണ് ഇക്കാര്യത്തിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്തി സ്ഥിരീകരിച്ചത്. ദാവോസിലെ കാലാവസ്ഥയുടെ പ്രധാന പ്രത്യേകത മഞ്ഞും വെയിലും മിക്കവാറും ഉണ്ടാകുമെന്നതാണ്. സാധാരണ മഞ്ഞുവീഴുന്ന സ്ഥലങ്ങളിൽ വെയിൽ ഉണ്ടാകുക അപൂർവമാകും. വെയിൽ കിട്ടുമെന്നതിനാൽ മറ്റുള്ള തണുപ്പ് പ്രദേശങ്ങളെ അപേക്ഷിച്ച് വൈറ്റമിൻ ഡിയുടെ അപര്യാപ്തത ദാവോസിൽ ഉണ്ടാകുന്നുമില്ല.

High attittude climate സുഖപ്പെടുത്താൻ സഹായിക്കുന്ന പ്രധാന ശാരീരിക പ്രശ്നങ്ങളായ അലർജി, ശ്വാസകോശത്തിനും, ത്വക്കിനും കണ്ണിനുമുണ്ടാകാവുന്ന അണുബാധ മൂലമുള്ള രോഗങ്ങൾ, ആസ്ത്‌മ, ട്യൂമറുകൾ, സിലിക്കോസിസ് , സോറിയാസിസ് അടക്കമുള്ള ത്വക്ക് രോഗങ്ങൾ, തുടങ്ങി നിരവധിയായ അസുഖങ്ങൾക്ക് പ്രതിരോധം തീർക്കുന്ന കാലാവസ്ഥയും അന്തരീക്ഷവുമാണ് ദാവോസിലേത്. അതുകൊണ്ടാണ് ദാവോസ് ” Medical Valley ” എന്നറിയപ്പെടുന്നത്.

ദാവോസ് 284 ചതുരശ്ര കിലോമീറ്റെർ വിസ്തീർണ്ണം മാത്രമുള്ള, ആൽപ്‌സ് മലനിരകളുടെ മടിത്തട്ടിലുള്ള, ലോകത്തെ ഏറ്റവും ആധുനികവും, ജനകീയവുമായ ഒഴിവുകാല ആഘോഷങ്ങൾക്കുള്ള ഇടമാണ്. ഇവിടുത്തെ ജനസംഖ്യ കേവലം പതിനൊന്നായിരം മാത്രമാണ്. സ്വിറ്റ്‌സർലാൻഡിലെ ഏറ്റവും വലിയ മഞ്ഞുകായിക വിനോദങ്ങളുടെ സ്കീ റിസോർട്ടുകളും സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. ഇപ്പോഴും ഒരു വികസിത ഗ്രാമത്തിന്റെ അന്തരീക്ഷത്തിലുള്ള ദാവോസ് പ്രദേശം മേൽപ്പറഞ്ഞ നിലയിൽ സന്ദർശകരുടെ ഉത്സവകാലതാവളമായിട്ട് ഒന്നര നൂറ്റാണ്ട് കാലം കഴിഞ്ഞിരിക്കുന്നു.

മഞ്ഞുകാല സമയം മാത്രമല്ല, ഏതാണ്ട് ഭൂരിഭാഗം സമയത്തും ദാവോസ് മഞ്ഞിലാണ്. അതിന്റെ സാധ്യത മനസിലാക്കി തന്നെ അവിടെ 1932 ൽ “സ്വിസ് സ്കീ സ്‌കൂൾ ദാവോസ്” സ്ഥാപിതമായി. ബോൾഗെൻ മലയിൽ ലോകത്തെ ആദ്യത്തെ ടി ബാർ ലിഫ്റ്റ് അതേ വർഷം ഉദ്ഘാടനം നടത്തി. സ്കീയിങ്, സ്നോബോർഡിങ്, ക്രോസ് കൺട്രി സ്കീയിങ് തുടങ്ങി, കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം എല്ലാത്തരം സ്നോ സ്പോർട്സിലും ഇവിടെ പരിശീലനം ലഭിക്കും. ഇപ്പോൾ 35 പ്രൊഫഷണൽ പരിശീലകർ ഇവിടെയുണ്ട്. വിദഗ്ദരായ 200 പരിശീലകർ വേറെയും. 27 കൊല്ലം മുമ്പേ സ്‌കൂളിന്റെ വെബ്സൈറ്റ് നിലവിൽ വന്നിരുന്നു.

ഐസ് ഹോക്കിയിൽ ദാവോസിന്റെ പ്രാധാന്യം എടുത്ത് പറയേണ്ട ഒന്നാണ്, Hockey Club Davos (HCD) 1918 ൽ നിലവിൽ വന്നു. 1923 ൽ സ്‌പെൻഗ്ലർ കപ്പ് ഐസ് ഹോക്കി ആരംഭിച്ചു.യൂറോപ്യൻ കപ്പും, സ്വിസ് ദേശീയ കപ്പിനും വേണ്ടിയുള്ള മത്സരങ്ങളും, പരിശീലനങ്ങളും ഇവിടെ നടക്കുന്നു. എഴുപതുകളുടെ അവസാനത്തോടെ ആധുനിക ഐസ് സ്റ്റേഡിയം റെക്കോർഡ് വേഗത്തിൽ ദാവോസിൽ പൂർത്തിയാക്കി കളിക്കാർക്കും ആരാധകർക്കുമായി തുറന്നു നൽകി.

ദാവോസിലെ മറ്റൊരു ശ്രദ്ധേയമായ സ്ഥാപനം “വനം – മഞ്ഞു – ഭൂപ്രകൃതി : മഞ്ഞു-മഞ്ഞുവീഴ്ച്ച ഇൻസ്റ്റിറ്റ്യൂട്ട്” (WSL – Institute für Schnee und Lawinenforschung SLF) ആണ്. ലോകത്തെ പ്രധാന പത്ത് യൂണിവേഴ്സിറ്റികളിൽ ഒന്നായ സൂറിച്ചിലെ ETH യൂണിവേഴ്‌സിറ്റിയുമായി ചേർന്നാണ് ഈ ഗവേഷണ സ്ഥാപനം രൂപപ്പെടുത്തിയിരിക്കുന്നത്. 130 തോളം ജോലിക്കാരുള്ള ഈ സ്ഥാപനം ആൽപ്സിലെയടക്കം മഞ്ഞിനെക്കുറിച്ചും മഞ്ഞുവീഴ്ചകളെയും അതിന്റെ സർവരീതികളിലുമുള്ള വ്യതിയാനങ്ങളെയും അടക്കം പഠന, ഗവേഷണ, പരീക്ഷണ വിധേയമാക്കുകയാണ് ചെയ്യുന്നത്. 1936 ൽ ആദ്യത്തെ ലബോറട്ടറി ദാവോസിൽ സ്ഥാപിച്ചു. 1931 ൽ ചെറിയ രീതിയിൽ ആരംഭം കുറിച്ച ഗവേഷണ സ്ഥാപനമാണ് ഇപ്പോൾ ഈ രംഗത്തെ അറിയപ്പെടുന്ന മികച്ച സ്ഥാപനമായി മാറിയത്.

വേൾഡ് എക്കൊണോമിക്ക് ഫോറത്തിന്റെ ഈറ്റില്ലമാണല്ലോ ദാവോസ്. ഒരു സ്വകാര്യ സംഘടനയാണ് വേൾഡ് എക്കൊണോമിക്ക് ഫോറം. രാഷ്ട്രീയ, വ്യവസായ, സാമ്പത്തീക വിദഗ്ദർ കൂടിച്ചേരുന്ന സംവിധാനമാണത്. ആയിരം ലീഡിങ് കമ്പനികളുടെ ഭാവിയെ രൂപപ്പെടുത്തുന്നതിലുള്ള ചർച്ചകളാണ് അജണ്ടയിൽ മുഖ്യമായത്. ദാവോസിൽ വച്ച് ജർമ്മൻ പ്രൊഫസർ ക്ലൗസ് ഷ്വാബിന്റെ നേതൃത്വത്തിൽ യൂറോപ്യൻ മാനേജ്‌മെന്റ് ഫോറം 1971 മുതൽ എല്ലാ വർഷവും ജനുവരിയിൽ സമ്മേളിക്കുമായിരുന്നു. അറബ് ഇസ്രായേൽ യുദ്ധത്തിന് ശേഷം 1974 ൽ രാഷ്ട്രീയ നേതാക്കളെയും പ്രസ്തുത സമ്മേളനത്തിന് ക്ഷണിച്ചു വരുത്തി. 1987 ൽ യൂറോപ്യൻ മാനേജ്‌മെന്റ് ഫോറം, വേൾഡ് എക്കൊണോമിക്ക് ഫോറമായി മാറി. `92 ൽ നെൽസൺ മണ്ടേല പങ്കെടുത്തതോടെ ഫോറം ലോകം മുഴുവനും ശ്രദ്ധേയമായി മാറി. 2015 ൽ WEF അന്താരാഷ്‌ട്ര സംഘടനയായി, പബ്ലിക്, പ്രൈവറ്റ് സഹകരണത്തിന്റെ ലോക വേദിയായി മാറി.

കോവിഡിന് മുമ്പ് നടന്ന ഫോറത്തിൽ 3000 ഡെലഗേറ്റുകൾ പങ്കെടുത്തു. അതിൽ ഇന്ത്യയിൽ നിന്നും നൂറിലധികം പേർ പങ്കെടുത്തു. ഇവരെ ഉൾക്കൊള്ളാൻ ആകുംവിധം ദാവോസിൽ തൊണ്ണൂറ് നക്ഷത്ര ഹോട്ടലുകളുണ്ട്. (90 നക്ഷത്ര ഹോട്ടലുകളുള്ള ദാവോസ്, ഇപ്പോഴും ഒരു ഗ്രാമമായി മാത്രമേ അനുഭവപ്പെടുകയുള്ളൂ എന്നതാണ് ദാവോസിന്റെ പ്രത്യേകത.) WEF സംഘാടനത്തിലും സൗകര്യങ്ങളിലും ഒരു സ്വിസ് ക്വളിറ്റി ദൃശ്യമാകും. ദാവോസിന്റെ മനോഹാരിതയും ഒപ്പം മഞ്ഞുകായിക വിനോദങ്ങളിലും ഏർപ്പെടുന്ന ഡെലഗേറ്റുകളുണ്ട്. ഹിലരി ക്ലിന്റൺ ദാവോസിൽ സ്കീയിങ് നടത്തിയിട്ടുണ്ട്. 12000 സ്‌ക്വയർ മീറ്റർ ചുറ്റളവുള്ള കെട്ടിടമാണ് ഫോറത്തിന്റെ കോൺഗ്രസ്സ് സെന്റർ.

അയ്യായിരം പേരെ ഉൾകൊള്ളാൻ വിധം വലുപ്പമുണ്ടതിന്. ആൽപ്സിന്റെ താഴ്വാരത്തിലെ ഏറ്റവും ആധുനികമായ സംവിധാനമാണ് അവിടെ ഒരുക്കിയിരിക്കുന്നത്. 1200 പേർക്ക് ഒരേസമയം WiFi ഉപയോഗിക്കാനുള്ള സംവിധാനം ഇവിടെയുണ്ട്. 5000 പേർക്കും മിനിറ്റുകൾക്കുള്ളിൽ ഭക്ഷണം നൽകാനുള്ള ഗ്യാസ്‌ട്രോണോമി സൗകര്യത്തെ കുറിച്ചും, അതിന്റെ ക്വളിറ്റിയെ പറ്റിയും ലോകത്തെ പ്രധാന ഡെലിഗേറ്റുകൾ “very good” അഭിപ്രായമാണ് രേഖപ്പെടുത്താറുള്ളത്. 2023 ലെ WEF നടക്കുന്നത് ജനുവരി16 മുതൽ 20 വരെയാണ്.

ദാവോസിന്റെ ചിത്രങ്ങൾ വരച്ച ലുഡ്വിഗ് കിർഹ്നറുടെ പേരിലുള്ള ചിത്രകലാ മ്യൂസിയം ആകർഷകമാണ്. 1880 ൽ ജർമ്മനിയിൽ ജനിച്ച ലുഡ്വിഗ് 1918 ലാണ് ദാവോസിലെത്തി താമസിച്ചു ചിത്രരചനാ നടത്തിയത്. 1938 ൽ മരണം വരെ അദ്ദേഹത്തിൻറെ ചിത്രരചനാ ദാവോസിൽ തുടർന്നു. അദ്ദേഹത്തിന്റെ പേരിലുള്ള മ്യുസിയം ദാവോസിന്റെ സാംസ്ക്കാരിക കേന്ദ്രം കൂടിയാണ്.

തോമസ് മാൻ

ദി മാജിക്ക് മൗണ്ടൈൻ”, “സൗബർബെർഗ്” എന്നീ പ്രശസ്തമായ നോവലുകളെഴുതിയ തോമസ് മാനിന്റെ പേരിൽ ഒരു മലകയറ്റമുണ്ട് ദാവോസിൽ. സൗബർബെർഗിലോട്ടുള്ള മലകയറാനുള്ള വഴിയുടെ പേര് തോമസ് മാനിന്റേതാണ്. ജർമ്മനിയിൽ ജനിച്ച തോമസ് മാൻ ഈ നോവലുകൾ എഴുതാൻ വേണ്ടിയാണ് 1912 ൽ ദാവോസിലെത്തിയത്. അദ്ദേഹം സ്ഥിരമായി നടന്നിരുന്ന വഴിയായിരുന്നു ഇത്. മൂന്നര കിലോമീറ്റർ ചരിഞ്ഞ കയറ്റമുള്ള മല. മുകളിൽ ഒരു ഹോട്ടലുമുണ്ട്. താഴെയുള്ള ദാവോസ് പ്രദേശം കണ്ടുകൊണ്ട് തണുത്ത അന്തരീക്ഷത്തിൽ മരങ്ങൾക്കിടയിലൂടെയുള്ള നടപ്പാതയിലൂടെ മലകയറുന്നത് ഒരപൂർവ അനുഭവമാണ്.

ദാവോസിൽ ഇന്ത്യക്കാർ തീരെ കുറവാണ്. അപൂർവം മലയാളികളുണ്ട്‍. ഏകദേശം നാല് പതിറ്റാണ്ട് മുമ്പ് അവിടെയെത്തിയ ശ്രീ. ജോസ് പാറേത്താഴം, “ദാവോസിലെ ഇന്ത്യൻ സ്ഥാനപതി” എന്ന വിശേഷണത്താലാണ് അറിയപ്പെടുന്നത്. മൂന്നര പതിറ്റാണ്ട് ദാവോസിൽ സ്വന്തമായൊരു ഇന്ത്യൻ റെസ്റ്റോറന്റ് നടത്തിയ ശ്രീ. ജോസ്, ദാവോസ് ഗ്രാമത്തിലെ ഓരോ സ്‌പന്ദനവും, അതിന്റെ വളർച്ചയും അറിഞ്ഞാണ് ജീവിച്ചത്. കേരളത്തിലെ ഒരു ഗ്രാമപഞ്ചായത്ത് അംഗം, സ്വന്തം വാർഡിലൂടെ നടക്കുമ്പോൾ നാട്ടുകാർ ആ വ്യക്തിയെ പരിഗണിക്കുന്ന വിധമാണ് ജോസ് പാറേത്താഴത്തെ ദാവോസ് ജനത അംഗീകരിക്കുന്നത്. ഇപ്പോൾ വിശ്രമമില്ലാതെ വിശ്രമജീവിതം നയിക്കുന്ന ജോസ് പാറേത്താഴം, ദാവോസിൽ വച്ച് വീണു പരിക്കേറ്റു ശസ്ത്രക്രിയ നടത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ, വീട്ടിൽ കൊണ്ടുവന്നു പരിചാരിച്ചാണ് തിരിച്ചയത്. ബിസിനസ് ഐക്കണായ എം എ യൂസഫലി വേൾഡ് എക്കണോമിക് ഫോറത്തിൽ പങ്കെടുക്കാൻ ദാവോസിലെത്തിയാലും ദാവോസിലെ ഈ സ്ഥാനപതിയുമായി സൗഹൃദം പങ്കിട്ടെ മടങ്ങാറുള്ളൂ. ദാവോസിലെത്തുന്ന ഏതു മലയാളിക്കും ഹൃദ്യമായ ആതിഥ്യമരാദ്യയോടെ, പരിചരിച്ചും, ചുറുചുറുക്കാർന്ന ഒരു ടൂറിസ്റ്റു ഗൈഡിനെപ്പോലെ ദാവോസ് ചുറ്റിക്കാണിച്ചും, അതിന്റെ ചരിത്രവും സാംഗത്യവും വിവരിച്ചും, വീട്ടിൽ താമസമൊരുക്കിയും ശ്രീ. ജോസ് പാറേത്താഴവും അദ്ദേഹത്തിൻറെ ഭാര്യ മറിയാമ്മയും നടത്തുന്ന സേവനവും സ്നേഹവും ഒരു പരമമായ യാഥാർഥ്യമാണ്.

മാറിയാമ്മ, യൂസഫ് അലി, ജോസ് പാറേത്താഴം

യൂറോപ്പ് സന്ദർശിക്കുന്നവർക്ക് സ്വിറ്റ്സർലാൻഡ് പോലെയാണ് സ്വിസ് സന്ദർശിക്കുന്നവർക്ക് ദാവോസ്. യൂറോപ്പിൽ ജീവിക്കുന്നവർക്ക്, മേൽ പരാമർശിച്ച ശാരീരിക പ്രശ്നങ്ങളും രോഗങ്ങളുമുണ്ടെങ്കിൽ ദാവോസിലെ ഒഴിവുകാല ജീവിതം നിങ്ങളെ ശാരീരികമായും മാനസികമായും ശക്തിപ്പെടുത്തും. ദാവോസിന്റെ അതിർത്തിയിൽ നിന്ന് ഓസ്ട്രിയക്കും, ഇറ്റലിയിലേക്കും, ജർമ്മനിയിലേക്കും, ലിഹ്‌റ്റെൻസ്റ്റൈൻ എന്ന കൊച്ചുരാജ്യത്തേയ്ക്കും കടക്കുവാൻ നൂറു മിനിറ്റുകൾക്കുള്ളിൽ കഴിയും.

കവർ ഡിസൈൻ : വിത്സൺ ശാരദ ആനന്ദ്

Comments
Print Friendly, PDF & Email

You may also like