പൂമുഖം LITERATUREലേഖനം ഭൂമിക്കൊരു ശ്വാസകോശമുണ്ടെങ്കിൽ അത് വനം തന്നെയാണ്

ഭൂമിക്കൊരു ശ്വാസകോശമുണ്ടെങ്കിൽ അത് വനം തന്നെയാണ്

ഈയിടെയാണ് അറിഞ്ഞത്, മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച ഒരു കത്തിലൂടെയാണ് മലയാളികളിൽ പലരും ആമസോൺ കാടുകൾ അടക്കമുള്ള കാടുകളല്ല പകരം സമുദ്രങ്ങളാണ് നമുക്ക് ശ്വസിക്കാനുള്ള ഓക്സിജൻ ഉണ്ടാക്കുന്നത് എന്ന് “പഠിച്ചത്” എന്ന്. പ്രസിദ്ധീകരിച്ച ഒരു കത്തിന്റെ കോപ്പിയും ഷെയർ ചെയ്തു കണ്ടു. ഫെയ്‌സ്ബുക്കിൽ കണ്ട ഈ വാർത്ത ശരിയാണെങ്കിൽ, തീർത്തും നിരുത്തരവാദപരമായാണ് മാതൃഭൂമി പോലൊരു പ്രസിദ്ധീകരണം ഇങ്ങനെ ഒരു തെറ്റായ വാർത്ത പ്രസിദ്ധീകരിച്ചത്. കേരളത്തിൽ നടക്കുന്ന “വന-പരിസ്ഥിതി വിരുദ്ധ ശാസ്ത്ര വാദികളുടെ ” തെറ്റായ പ്രചാരണങ്ങളെ എത്ര അശ്രദ്ധമായാണ് അവർ അലക്കി വെളുപ്പിച്ചത്? ഫാക്റ്റ് ചെക്ക് നടത്താൻ പിന്നീട് ആ പോസ്റ്റ് കണ്ടെത്താനാവാത്തതുകൊണ്ട് സംശയത്തോടെയാണ് മാതൃഭൂമിയെ പരാമർശിക്കുന്നത് – തെറ്റായ വിവരമായിരുന്നു എങ്കിൽ നിർവ്യാജം ഖേദിക്കുന്നു. അത്രയ്ക്ക് പ്രാധാന്യമുള്ള കാര്യമായതുകൊണ്ടാണ് സാധ്യത പരിഗണിച്ചു പ്രായമർശിച്ചത്.

ഈ വിഷയത്തിൽ കൃത്യമായി ഒരു വിശകലന കുറിപ്പ് എഴുതേണ്ടതുണ്ട് എന്ന് നേരത്തെ കരുതിയിരുന്നതുകൊണ്ട്, മലയാളനാട് ഓൺലൈൻ പ്രസിദ്ധീകരണത്തിലൂടെ അത് ചെയ്യുന്നു. ഞാൻ എഴുതുന്ന ഈ വിവരങ്ങളിൽ പുതുതായി ഒന്നും തന്നെയില്ല, അന്താരാഷ്ട്ര തലത്തിലുള്ള ശാസ്ത്ര പ്രസിദ്ധീകരണങ്ങളിൽ വന്നിട്ടുള്ള അറിവുകളെ ക്രോഡീകരിച്ചു ഒരു കുറിപ്പ് തയ്യാറാക്കുന്നു എന്നെ ഉള്ളൂ.

ഓക്സിജൻ വാതകവും ഭൂമിയുടെ ശ്വാസകോശമെന്ന സങ്കല്പവും

ഭൂമിയിൽ ജീവന്റെയും, ജൈവ വൈവിധ്യങ്ങളുടെയും മനുഷ്യന്റെയും നിലനിൽപ്പിനു ഊർജ്ജം അത്യന്താപേക്ഷിതമാണ്; ഈ ഊർജ്ജം ലഭിക്കുന്നതാകട്ടെ (മുഖ്യമായി) സൂര്യനിൽ നിന്നും. ഈ ഊർജ്ജത്തിന്റെ വിനിമയം അടിസ്ഥാനപ്പെടുത്തി നോക്കിയാൽ ഭൂമിയിൽ പ്രധാനമായും രണ്ടു തരം ജീവിവർഗ്ഗങ്ങളാണ് ഉള്ളത്. സൂര്യപ്രകാശത്തിൽ നിന്നും തങ്ങളുടെ ജൈവ ആവശ്യങ്ങൾക്കുള്ള ഊർജ്‌ജം നേരിട്ട് ഉത്പാദിപ്പിക്കാൻ കഴിയുന്ന ഉത്പാദക ജീവികളും (producer organisms) രണ്ടാമത് തങ്ങളുടെ ജീവൽപ്രവർത്തനങ്ങൾക്കുള്ള ഊർജ്ജ ആവശ്യത്തിനായി ഉത്പ്പാദക ജീവികൾ സംശ്ലേഷിച്ചു സൂക്ഷിക്കുന്ന സൗരോർജത്തെ ഭക്ഷണ രൂപത്തിൽ ആശ്രയിക്കുന്ന അനുഭോക്താക്കളായ ജീവികളും (consumer organisms). ഉത്പാദകർ ഭക്ഷ്യ ശ്രുംഖലയുടെ ഏറ്റവും അടിയിലെ തട്ടിൽ കിടക്കുമ്പോൾ ഭക്ഷണ ശീലങ്ങൾക്ക് അനുസരിച്ചു അനുഭോക്തൃ ജീവികൾ അവയിൽ നിന്നും അകന്നും അടുത്തും ഒക്കെ ആയിരിക്കും. ചുരുക്കത്തിൽ സൂര്യനിൽ നിന്ന് ഭൂമിയിൽ എത്തുന്ന ഊർജ്ജം ഇങ്ങനെ ഉത്പാദകർക്കും അനുഭോക്താക്കൾക്കും ഒക്കെ ഇടയിൽ വിനിമയം ചെയ്യപ്പെടുമ്പോഴാണ് ഈ ലോകത്ത് ജീവനും ജൈവ വൈവിധ്യങ്ങളും നിലനിൽക്കുന്നത്.

ഈ ഊർജ്ജവിനിമയത്തിൽ പ്രധാന പങ്കു വഹിക്കുന്ന രണ്ടു മൂലകങ്ങളാണ് കാർബ്ബണും ഓക്സിജനും. ഹരിതസസ്യങ്ങളിൽ പ്രകാശ സംശ്ലേഷണം നടക്കുമ്പോൾ അന്തരീക്ഷത്തിൽ നിന്നും ആഗിരണം ചെയ്തു കോശങ്ങളിൽ എത്തുന്ന കാർബൺ ഡയോക്സൈസ് വാതക തന്മാത്രകളും, ജല തന്മാത്രകളും തമ്മിൽ സംയോജിക്കുകയും കാർബോ-ഹൈഡ്രേറ്റുകളും, ഓക്സിജൻ വാതക തന്മാത്രകളും ഉണ്ടാകുകയും ചെയ്യുന്നു. അതുപോലെ അനുഭോക്തൃ ജീവികളും, ഹരിത സസ്യങ്ങളും ഈ കാർബോ ഹൈഡ്രേറ്റുകളെ ഓക്സിജനുമായി ചേർത്തു കോശങ്ങൾക്ക് അകത്ത് ദഹിപ്പിക്കുമ്പോൾ ഊർജ്ജം പുനരുത്പാദിപ്പിക്കുകയും നേരത്തെ ഉപയോഗിക്കപ്പെട്ട കാർബൺ ഡയോക്സൈഡ് പുറത്തു വരുകയും ചെയ്യുന്നു. ഫലത്തിൽ ഓക്സിജനും കാർബണും സംയോജിക്കുകയും വിഘടിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു ചാക്രിക പ്രക്രിയ വഴിയാണ് ജീവനും ജൈവ വൈവിധ്യവും നിലനിൽക്കുന്നത് എന്നർത്ഥം.

ഈ സവിശേഷ സാഹചര്യംകൊണ്ടു അന്തരീക്ഷത്തിൽ ഈ രണ്ടു വാതകങ്ങളുടെയും സാന്നിധ്യവും, സൂര്യപ്രകാശവും, സൂര്യപ്രകാശത്തെയും ഈ രണ്ടു വാതകങ്ങളെയും ആഗിരണം ചെയ്യാനുള്ള സംവിധാനങ്ങളും ജീവന്റെയും ജീവി വർഗ്ഗങ്ങളുടെയും നിലനിൽപ്പിനു അത്യന്താപേക്ഷിതമാണ്. മനുഷ്യന്റെ നിലനിൽപ്പിനു വാതക രൂപത്തിലുള്ള കാർബൺ ഡയോക്സൈഡിനെക്കാൾ ഓക്സിജൻ ആവശ്യമാവുകയും അതാഗിരണം ചെയ്യുന്നത് ശ്വാസകോശങ്ങളും ആയതുകൊണ്ടാണ്, അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിന്റെ അനുപാതം വർദ്ധിക്കുകയും ഓക്സിജൻ കുറയുകയും ചെയ്യുന്ന കാലഘട്ടത്തിൽ – ഭൂമിയുടെ ശ്വാസകോശം എന്നൊരു സങ്കൽപ്പത്തിന് പ്രാധാന്യം വരുന്നത്. അതായത് അന്തരീക്ഷത്തിലേക്ക് നാം പുറത്തു വിടുന്ന കാർബ്ബൻ ഡയോക്സൈഡിനെ ആഗിരണം ചെയ്തു ഓക്സിജൻ തിരിച്ചു തരുന്ന പ്രധാന ആവാസ വ്യവസ്ഥയെ ആണ് ഭൂമിയുടെ ശ്വാസകോശം എന്ന് വിളിക്കുന്നത്. ഈ സങ്കൽപ്പത്തിന് അപ്പുറം ഭൂമിക്ക് ഒരു ശ്വാസകോശമില്ല. എന്നാൽ അന്തരീക്ഷത്തിൽ ഓക്സിജന്റെ അളവ് കുറയുകയും കാർബൺ ഡയോക്സൈഡ് കൂട്ടുകയും ചെയ്യുന്ന സാഹചര്യത്തിൽ ഭൂമിയുടെ ശ്വാസകോശം എന്താണ് എന്ന ചോദ്യത്തിന് വല്ലാത്ത കാലിക പ്രസക്തിയുണ്ട്. അവിടെ ആ സങ്കൽപ്പത്തിന് ശാസ്ത്രീയമായ പിൻബലവും ആവശ്യമുണ്ട്. ആ അന്വേഷണമാണ് ഈ കുറിപ്പ്.

എന്താണ് ഭൂമിയുടെ ശ്വാസകോശമെന്ന വിവാദം

മനുഷ്യനടക്കമുള്ള ജീവികളുടെ ശ്വസനത്തിനായി ഓക്സിജൻ ഉത്പാദിപ്പിക്കുന്ന ആമസോൺ കാടുകളെ കുറെ കാലമായി ഭൂമിയുടെ ശ്വാസകോശം എന്ന് വിളിക്കാറുണ്ട്. ആദ്യമായി ആരങ്ങിനെ വിളിച്ചു? എന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്. ഈ കഴിഞ്ഞ 2019ൽ ആമസോൺ മഴക്കാടുകൾക്ക് തീ പിടിച്ചപ്പോൾ ഫ്രഞ്ച് പ്രധാനമന്ത്രി Emmanuel Macron നടത്തിയ ഒരു ട്വീറ്റിലൂടെയാണ് ഈ സങ്കല്പം വീണ്ടും ചർച്ചാ വിഷയമാകുന്നത്. നാം മനുഷ്യർക്ക് ശ്വസിക്കാനുള്ള ഓസ്കിജന്റെ 20% ത്തോളം ഓക്സിജൻ ഉത്പാദിപ്പിക്കുന്ന ആമസോൺ കാടുകൾ കത്തുകയാണ് (“The Amazon rainforest—the lungs which produce 20% of our planet’s oxygen—is on fire.”) എന്നാണു അദ്ദേഹം ട്വീറ്റ് ചെയ്തത്. ഈ ട്വീറ്റിന് പിന്നാലെയാണ് ഈ വിഷയത്തിൽ ഊന്നിയുള്ള ചർച്ചകൾ സജീവമായത്.

ഇതിനോട് അനുബന്ധിച്ചാണ് അതുവരെയുള്ള സങ്കൽപ്പത്തെ തിരുത്താൻ കാടല്ല സമുദ്രങ്ങളാണ് ഭൂമിയുടെ ശ്വാസകോശം എന്നും, മനുഷ്യന് ശ്വസിക്കാനുള്ള ഓക്സിജൻ കാടിനേക്കാൾ നിർമ്മിക്കുന്നത് സമുദ്രങ്ങളാണ് എന്ന വാദവുമായി ചിലർ രംഗത്തിറങ്ങിയത്. സത്യത്തിൽ ആഗോള തലത്തിൽ നടന്ന തെറ്റിദ്ധരിപ്പിക്കൽ ശ്രമത്തിന്റെ കേരള വേഷൻ ആണ് നമ്മുടെ ചർച്ചാ വിഷയം. ഈ തെറ്റിദ്ധരിപ്പിക്കൽ എങ്ങിനെ നടന്നു എന്നറിയാൻ ഇത്തിരി അടിസ്ഥാന ശാസ്ത്ര വിവരങ്ങൾ പറഞ്ഞെ തീരൂ.

ഓക്സിജൻ പരിവർത്തന ചക്രവും (Oxygen Flux), ഓക്സിജൻ ബജറ്റും

എല്ലാ ജീവജാലങ്ങൾക്കും അവരുടെ ജൈവിക പ്രവർത്തനത്തിന് ഊർജ്ജം ആവശ്യമാണ് – ഈ ഊർജ്ജം ഉത്പാദിപ്പിക്കുന്നത് ഓക്സിജൻ ഉപയോഗിച്ച് കോശങ്ങൾക്ക് അകത്ത് പ്രധാനമായും ഗ്ലൂക്കോസ് പോലുള്ള കാർബോ-ഹൈഡ്രേറ്റുകളെ ദഹിപ്പിക്കുന്ന പ്രവർത്തനത്തിലൂടെയാണ്. ഉത്പാദക ജീവികളും, അനുഭോക്തൃ ജീവികളും തങ്ങളുടെ ജൈവിക ആവശ്യങ്ങൾക്ക് വേണ്ടി ഒരേപോലെ ഈ പ്രവർത്തനം നടത്തുന്നുണ്ട്. ഉത്പാദക ജീവികൾ പ്രധാനമായും പ്രകാശ സംശ്ലേഷണം വഴി പകൽ സമയത്ത് ഓക്സിജനും കാർബോ ഹൈഡ്രേറ്റും നിർമ്മിക്കുകയും അതേസമയത്തും പ്രകാശം ഇല്ലാത്ത സമയത്തും, മറ്റു ജീവൽപ്രവർത്തനങ്ങൾക്ക് ഓക്സിജൻ ഉപയോഗിക്കുകയും കാർബൺ ഡയോക്സൈഡ് പുറത്തു വിടുകയും ചെയ്യുന്നു. അതായത് ഉത്പാദക ജീവികൾ ഉത്പാദിപ്പിക്കുന്ന ഓക്സിജന്റെ വലിയ ഒരളവ് അവ തന്നെ ഊർജോത്പാദനത്തിനു ഉപയോഗിക്കുന്നു. എന്നാൽ വിവിധ ഉത്പാദക ജീവികൾ ദിനം പ്രതി മൊത്തത്തിൽ ഉത്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന ഓക്സിജന്റെ അളവ് വ്യത്യസ്‍തമാണ്- ചില ജീവികൾ ഈ പ്രവർത്തനത്തിനിടയിൽ കൂടുതൽ ഓക്സിജൻ മിച്ചം വെക്കുകയും ചിലവ കുറച്ചു മാത്രം മിച്ചം വെക്കുകയോ മിച്ചം വെക്കാതിരിക്കുകയോ ചെയ്യുന്നുണ്ട്. ഇത്തരം ജീവി വർഗ്ഗങ്ങളുടെ എണ്ണത്തിനനുസരിച്ചു പല ആവാസ വ്യവസ്ഥകളും മൊത്തത്തിൽ ഉണ്ടാക്കുകയും ആ ആവാസ വ്യവസ്ഥയിലെ ജീവിവർഗ്ഗങ്ങൾ മൊത്തം ഉപയോഗിക്കുകയും ചെയ്യുന്ന ഓക്സിജന്റെ അളവും വ്യത്യസ്തമായിരിക്കും. ആവാസവ്യവസ്ഥ ബാക്കിയാകുന്ന ഓക്സിജന്റെ അളവിനെ നമുക്ക് മിച്ച-ഓക്സിജൻ എന്ന് വിളിക്കാം (net oxygen produced). അതായത്, ചില ആവാസവ്യവസ്ഥകൾ തങ്ങളുടെ ആവാസവ്യവസ്ഥയിലെ മൊത്തം ഉത്പാദകജീവികളും ചേർന്ന് ദിനം പ്രതി ഉത്പാദിപ്പിക്കുന്ന മൊത്തം ഓസ്കിജനിൽ നിന്ന് ആ ആവാസവ്യവസ്ഥയിൽ (മനുഷ്യനും, മനുഷ്യൻ വളർത്തുന്ന കന്നുകാലികളും ഒഴിച്ചുള്ള) സർവ്വ ജീവികളുടെയും ജൈവ ആവശ്യങ്ങൾ കഴിഞ്ഞു മനുഷ്യനും വളർത്തു മൃഗങ്ങളും അടങ്ങുന്ന മനുഷ്യ ആവാസവ്യവസ്ഥകൾക്ക് ശ്വസിക്കാൻ ബാക്കി വെക്കുന്ന അങ്ങിനെ ഓരോ ആവാസ വ്യവസ്ഥകളും മിച്ചം വെക്കുന്ന ഓക്സിജന്റെ അളവ് വ്യത്യസ്തമായിരിക്കും.

ഇനി നമുക്ക് ഈ മിച്ച ഓക്സിജൻ നൽകുന്ന ആവാസവ്യവസ്ഥകൾ ഏതാണ് എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു, ഒപ്പം അതെങ്ങിനെ വിനിയോഗിക്കപ്പെടുന്നു എന്നും കണക്കുകൂട്ടേണ്ടിയിരിക്കുന്നു. ഓക്സിജൻ ബജറ്റ് എന്ന് വിളിക്കുന്ന ഈ കണക്കുകൂട്ടൽ മിച്ച ഓക്സിജൻ ഉത്പാദനവും, ഓക്സിജൻ ഉപഭോഗവും താരതമ്യം ചെയുന്നു. 2018-ൽ നടത്തിയ ബജറ്റിങ് പ്രകാരം ലഭ്യമായ കണക്കുകൾ ഒരു ഗ്രാഫിക് രൂപത്തിൽ ഇതോടൊപ്പം കൊടുത്തിരിക്കുന്നു. 2018ൽ ചൈനയിലെ Lanzhou Universityയിലെ ഒരു സംഘം ശാസ്ത്രജ്ഞരാണ് ഇത്തരമൊരു പഠനം നടത്തിയത്. പ്രസിദ്ധീകരിക്കുന്ന പഠനങ്ങളുടെ പ്രാധാന്യത്തിനു അനുസരിച്ചു ഓരോ പ്രസിദ്ധീകരണത്തിന്റെയും Impact Factor കണക്കാക്കാറുണ്ട്. ഇത്തരത്തിൽ 20.6 ഉള്ള Science Bulletin എന്ന ജേർണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇത് രണ്ടും പറഞ്ഞത് ജ്ഞാനോത്പാദന മേഖലയിൽ ഈ പഠനത്തിനുള്ള “ആധികാരികത” എന്താണ് എന്ന് മനസ്സിലാവാൻ മാത്രമാണ്. ഈ തരത്തിൽ ഓക്സിജന്റെ ഉത്പാദന-ഉപഭോഗങ്ങളെ പറ്റി നടക്കുന്ന ആദ്യത്തെ പഠനമായിരുന്നു ഇത്. ഈ പഠനത്തിൽ കണ്ടെത്തിയ, 1990 നും 2005 നുമിടയിൽ വർഷത്തിൽ കരയിലെ പ്രധാനമായും വനം അടങ്ങുന്ന ആവാസവ്യവസ്ഥകൾ ഓരോ വർഷവും മിച്ചം വച്ച ഓക്സിജന്റെ അളവും, മനുഷ്യമേധാവിത്തമുള്ള ആവാസവ്യവസ്ഥകൾ ഉപയോഗിച്ച ഓക്സിജന്റെ അളവുമാണ് ചിത്രത്തിൽ.

1990 നും 2005 നും ഇടയിൽ, കരയിലെ വനം അടങ്ങുന്ന ആവാസ വ്യവസ്ഥകൾ പ്രതിവർഷം ശരാശരി 10 X 109 ടൺ ഓക്സിജൻ മനുഷ്യനായി മിച്ചം ഉണ്ടാക്കുമ്പോൾ (മിച്ചം പിടിക്കുന്ന 16 X 109 ടൺ ഓക്സിജനിൽ കാട്ടുതീ 6 X 109 ടൺ ഓക്സിജൻ ജ്വലനത്തിനു ഉപയോഗിക്കുന്നതിന്റെ ബാക്കിയാണ് 10 X 109 ടൺ), ഇതേ കാലയളവിൽ സമുദ്രങ്ങൾ മിച്ചം വച്ചത് പ്രതിവർഷം ശരാശരി 1.74 X 109 ടൺ ഓക്സിജൻ മാത്രമാണ്. ഇത്തരത്തിൽ മിച്ചം വച്ച ഓക്സിജനിൽ മനുഷ്യനും, വളർത്തു മൃഗങ്ങളും മനുഷ്യരും ശ്വസിച്ചത് 5.33 X 109 ടൺ ഓക്സിജനാണ്, ഇന്ധനങ്ങളുടെ ദഹനത്തിന് ഉപയോഗിച്ചത് 25 X 109 ടൺ ഓക്സിജനും ആണ്. അന്തരീക്ഷത്തിലെ ഓക്സിജന്റെ അളവിൽ വർഷാവർഷം ഉണ്ടാകുന്ന വ്യതിയാനങ്ങൾ നേരിട്ടു അളക്കുന്ന Scripps O2 Program ഈ കാലഘട്ടത്തിൽ അന്തരീക്ഷത്തിൽ പ്രതിവർഷം ശരാശരി 21.23 X 109 ടൺ ഓക്സിജന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത് – അതായത് മേൽപ്പറഞ്ഞ കണക്കുകളിൽ പെടാത്ത ഒരു 2.69 X 109 ടൺ ഓക്സിജന്റെ കുറവുകൂടി പ്രതിവർഷം ഉണ്ടായിട്ടുണ്ട് എന്നർത്ഥം.

ചുരുക്കത്തിൽ ശാസ്ത്രീയമായി പരിശോധിച്ചാൽ മനുഷ്യന് പോയിട്ട് വളർത്തു മൃഗങ്ങൾക്ക് വർഷാവർഷം ശ്വസിക്കാനുള്ള ഓക്സിജൻ പോലും സമുദ്രങ്ങൾ മിച്ചം വെക്കുന്നില്ല – പകരം കരയിലെ വനങ്ങളാണ് ഈ മിച്ച ഓക്സിജന്റെ ഭൂരിഭാഗവും ഉത്പാദിപ്പിക്കുന്നത്. ഇനി പറയൂ, ഏതാണ് ഭൂമിയുടെ ശ്വാസകോശമായി സങ്കല്പിക്കപ്പെടേണ്ടത്? സമുദ്രങ്ങളോ അതോ വനമോ?

ഗൂഗിൾ സ്കോളറിൽ കയറി രണ്ടു മൂന്നു മണിക്കൂർ സർച്ച് ചെയ്തു പ്രസിദ്ധീകരിക്കപ്പെട്ട പേപ്പറുകളും പ്രബന്ധങ്ങളും വായിച്ചാൽ മനസ്സിലാക്കാവുന്ന ഈ സത്യം മറച്ചു പിടിച്ചാണ് യു ജി സി പ്രൊഫസർമാരും, മറ്റു അധ്യാപകരും അടക്കമുള്ള ഒരു വലിയ സംഘം ആളുകൾ മരങ്ങളല്ല, വനമല്ല, സമുദ്രമാണ് മനുഷ്യന് ശ്വസിക്കാനുള്ള ഓക്സിജൻ ഉത്പാദിപ്പിക്കുന്നത് എന്ന വാദത്തിനു പ്രചാരം കൊടുത്തതും, ആമസോൺ വനങ്ങൾ ആണ് ഭൂമിയുടെ ശ്വാസകോശമെന്ന ശാസ്ത്ര പിൻബലമുള്ള കാൽപ്പനിക സങ്കൽപ്പത്തെ സമഗ്രതയില്ലാത്ത യുക്തിഭദ്രതയില്ലാത്ത വാദങ്ങൾ കൊണ്ട് നേരിട്ട് അതിനെ അശാസ്ത്രീയമെന്നു വിശേഷിപ്പിച്ചതും, മരം വെട്ടാൻ നടക്കുന്നവരുടെ അസത്യ പ്രചാരങ്ങൾക്ക് സാധൂകരണം നൽകിയതും. ഇവരാണ് അടുത്ത തലമുറയ്ക്ക് ശാസ്ത്രീയ അറിവുകൾ പകർന്നു നൽകുന്നത് എന്നോർക്കുമ്പോളാണ് ഈ പ്രശ്നത്തിന്റെ ആഴം നമുക്ക് വ്യക്തമാവുക.

കവർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്

Comments
Print Friendly, PDF & Email

You may also like