പൂമുഖം Travelയാത്ര ഇസ്രയേൽ യാത്ര

ഇസ്രയേൽ യാത്ര

ഭാഗം ഒന്ന്

യാത്രകൾ എന്നെ എന്നും ത്രസിപ്പിക്കാറുണ്ട്. ഒരു കുട്ടിയുടെ ജിജ്ഞാസയോടെ ഓരോ കാഴ്ചയും കണ്ട് നിൽക്കാറുണ്ട്….. ഈ യാത്ര പല കാരണങ്ങൾ കൊണ്ടും വ്യത്യസ്‌തമായിരുന്നു.

ബ്രിട്ടീഷ് പൗരത്വം കിട്ടിയതിന് ശേഷമുള്ള യാത്രകൾ തുലോം നിഷ്പ്രയാസം ആയിരുന്നു. വിസ ലഭിക്കുന്നതിന് പ്രയാസങ്ങൾ യാതൊന്നും തന്നെ നേരിടാറുമില്ല. മിക്ക നാടുകളും സന്ദർശിക്കുമ്പോൾ ഇമ്മിഗ്രേഷനിൽ ബ്രിട്ടീഷ് പാസ്പോര്ട്ട് കൊടുത്താൽ യാതൊരു ചോദ്യവും ഇല്ലാതെ സ്റ്റാമ്പ് അടിച്ചു ആ നാട്ടിലേക്ക് സ്വാഗതം എന്ന് പറയും. ചില നാടുകൾ സന്ദർശിക്കുന്നതിന് മുൻപ് ഓൺലൈനിൽ വിസയ്ക്ക് അപേക്ഷിച്ചാൽ നിഷ്പ്രയാസം വിസ കിട്ടും.

എന്നാൽ ഈ യാത്രയ്ക്ക് ബ്രിട്ടീഷ് പാസ്പോർട്ട് ഉള്ളവർക്ക് വിസ വേണ്ട എങ്കിലും വിമാനത്തിൽ കയറുന്നതിനു മുൻപ് അല്പം കടുത്ത ചോദ്യോത്തരങ്ങൾക്കു തയ്യാറാകണം.
സാധാരണകാണുന്ന സെക്യൂരിറ്റി അല്ല അവിടെ കണ്ടത്.സെക്യൂരിറ്റിയിൽ സാധാരണയായി കൈയ്യിൽ കൊണ്ടുപോകുന്ന ബാഗും മറ്റു സാധങ്ങളും ആണ് പരിശോധിക്കുക. ആയുധധാരികളായ പൊലീസുകാരെ ആദ്യമായി കണ്ടത് ഇസ്രായേൽ ചെക്ക് ഇൻ സ്ഥലത്താണ്. ഹൈ വെലോസിറ്റി റൈഫിളുമായി നിൽക്കുന്ന പൊലീസുകാരെ കണ്ടപ്പോൾ ഉള്ളിൽ ഒരു ഭയം തലപൊക്കി. ഒരാശ്വാസം ഞങ്ങൾ ബ്രിട്ടീഷ് മണ്ണിൽ തന്നെയാണെന്ന് ഉള്ളതായിരുന്നു. എങ്കിലും ഒരു ആശങ്ക തോന്നി: ഞാൻ , ഞാൻ അറിയാതെ ഒരു ടെററിസ്റ് ആയോ !

പലയിടങ്ങളിലായി പ്രസംഗപീഠം പോലെ പൊക്കമുള്ള സ്റ്റാൻഡും അതിനു സമീപമായി സ്ത്രീകളും. പുരുഷന്മാരുമായി യാത്രക്കാരെ എതിരേൽക്കാനെന്നു തോന്നും വിധം നിൽക്കുന്ന ചിലർ ഞങ്ങളെ നേരിട്ടു . ഞാനും ഭാര്യയും ചെന്നെത്തിയ കൗണ്ടറിൽ ഉണ്ടായിരുന്നത് സുന്ദരിയായ ഒരു യുവതി. പ്രായം വളരെ കുറവുള്ള ഒരു യുവതി. എനിക്ക് പേരക്കുട്ടികൾ ഉണ്ടായിരുന്നെങ്കിൽ ആ യുവതിക്ക് എന്റെ പേരക്കുട്ടിയുടെ പ്രായം വരും.

അവർ ഞങ്ങളെ ഒരു പുഞ്ചിരിയോടെ സ്വാഗതം ചെയ്തു.

ഞങ്ങളോട് പേര് ചോദിച്ചു. ( പാസ്പോര്ട്ട് കയ്യിൽ എടുത്ത് കൊണ്ടാണ് പേര് ചോദിക്കുന്നത്.) ഞാൻ പേര് പറഞ്ഞു. ഒരു ചോദ്യം ‘ പ്ളായിപ്പറമ്പിൽ ‘ എന്ന പേരിന്റെ അർഥം എന്താണ്.( പ്ളായിപ്പറമ്പ് എന്ന് ഉച്ഛരിക്കാൻ ആ സ്ത്രീ കുറെ പാട് പെട്ടു ! ) ഞാൻ അല്പം പരുങ്ങി. എന്താപറയുക. ഞാൻ പറഞ്ഞു അതു ഞങ്ങളുടെ വീട്ടുപേരാണ്.

അവർക്കു അത് മനസ്സിലായില്ല. വീണ്ടും അതെ ചോദ്യം. ഞാൻ അവരോട് പറഞ്ഞു : ‘സർനെയിം ‘ എന്ന് ഇംഗ്ലീഷിൽ പറയുന്നത്‌ തന്നെ . പിന്നെ അവർ ചോദിച്ചു. മതം ഏതാണ് . ഞാൻ പറഞ്ഞു എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു. ഒരു മതവും പിന്തുടരാറില്ല.

അപ്പോൾ അവർ ചോദ്യം മാറ്റി . “എന്തിനാണ് ഇസ്രായേലിൽ പോകുന്നത് ?”.

ഞാൻ : ലോകത്തുള്ള പലപല നാടുകളും കണ്ടിട്ടുണ്ട്. എന്റെയും എന്റെ ഭാര്യയുടെയും ഹോബി നാട് ചുറ്റലാണ്.”

അവർ: ഇത് ഒരു ക്രിസ്ത്യൻ തീര്‍ത്ഥയാത്രയാണ് . നിങ്ങൾ എന്തുകൊണ്ട് ഈ തീര്‍ത്ഥയാത്ര പോകുന്നു?

ഞാൻ : ഈ യാത്ര ഒരു ഹോളിഡേ ആയിട്ടാണ് ഇംഗ്ലണ്ടിൽ പരസ്യം ചെയ്തത് . പിന്നെ ക്രിസ്തു ജനിച്ച സ്ഥലവും മറ്റും കാണുക ചരിത്രത്തിലൂടെയുള്ള ഒരു യാത്രയാണല്ലോ.

അവർ : ഇസ്രേയിലിലോ പാലസ്തീനിലോ കൂട്ടുകാരോ ബന്ധുക്കളോ ഉണ്ടോ?.

ഞാൻ: ഇല്ല.

പാലസ്തീനിലുള്ള ഒരു പ്രശസ്ത കവി ഒരിക്കൽ കണ്ടുമുട്ടിയപ്പോൾ പാലസ്തീനിൽ ചെല്ലണമെന്നും അദ്ദേഹത്തെ കാണണമെന്നും പറഞ്ഞിരുന്നു. അത് അവരോട് പറഞ്ഞാൽ അതോടെ എന്റെ യാത്ര അവസാനിക്കും. ഞാൻ ചിലവഴിച്ച തുകയും നഷ്ടപ്പെടും. ഇസ്രായേലിൽ പോകണമെന്നു ഏറ്റവും കൂടുതൽ ആഗ്രഹിച്ച എന്റെ ഭാര്യ നിരാശപ്പെടുകയും ചെയ്യും. കൂടാതെ ഇതിനു മുൻപ് പ്ലാൻ ചെയ്തിരുന്ന രണ്ട് ഇസ്രായേൽ യാത്രകൾ പലകാരണങ്ങളാൽ മുടങ്ങുകയും ചെയ്തിരുന്നു.

ഒരിക്കൽ കപ്പൽ യാത്രയിൽ ഈജിപ്തിലുള്ള അലക്സാണ്ഡ്രിയയിൽ ചെന്ന് , അവിടെ നിന്നും ടെൽഅവീവിലേക്കും മറ്റുള്ള സ്ഥലങ്ങളിലേക്കും ഉള്ള യാത്ര പ്ലാൻ ചെയ്തു പുറപ്പെട്ടതും ആണ്. വഴിമദ്ധ്യേ മദ്ധ്യധരണ്യാഴിയിൽ ഒരു കൊടുങ്കാറ്റിൽ കപ്പൽ അകപ്പെട്ടു. കപ്പലിലുള്ള മേശ- കസേരകൾ ഒക്കെ ചിറകു മുളച്ചതുപോലെ പറക്കാൻ തുടങ്ങി. ഞാൻ അറിഞ്ഞുകൊണ്ട് സമുദ്രദേവനായ പോസിഡോനെ ( Posiedon ) ദേഷ്യപ്പെടുത്തിയതായി ഓർമ്മയില്ല. പണ്ടൊരിക്കൽ ഈ കടലിലൂടെ യുദ്ധാനന്തര യാത്രയിലാണല്ലോ ഒഡീസിയസിനെ ( Odeisseus ) പോസിഡോന്റെ കോപം അപകടത്തിൽ ആക്കിയത് . ഏതാനും ആഴ്ച്ചകൾകൊണ്ട് ‌ വീട്ടിൽ എത്തേണ്ടിയിരുന്ന അദ്ദേഹം ഇരുപതു സംവത്സരങ്ങൾ എടുത്തു വീട്ടിൽ എത്താൻ. അതിനു കാരണം ഹോമർ പറയുന്നുണ്ടല്ലോ.

ഒഡീസിയസ്സിനെ രക്ഷിച്ചത് യുദ്ധങ്ങളുടെ ദേവിയായ അഥീനയാണ്. രക്ഷിച്ചു എന്ന് മാത്രമല്ല ഒഡീസിയസ്സിനെയും അദ്ദേഹത്തിന്റെ സുന്ദരിയായ ഭാര്യയേയും അവരുടെ യൗവനം നഷ്ടപ്പെടാതെ സംരക്ഷിച്ചതും ഈ ദേവി തന്നെ. എനിക്ക് ഒരു സംശയം തോന്നിയിരുന്നു. ഒഡീസിയസ്സിനോട് ദേവതയായ അഥീനയ്ക്കു ഒരു രഹസ്യ പ്രേമം ഉണ്ടായിരുന്നോ. ഹോമർ ഇതിനെ പറ്റി ഒരു സൂചനപോലും നൽകുന്നില്ല ഓടെസി എന്ന യവനപുരാണത്തിൽ .

അവരുടെ അടുത്ത ചോദ്യം ഞങ്ങൾ ഏതു പുണ്യദിനങ്ങൾ ആണ് ആഘോഷിക്കുക എന്നുള്ളതായിരുന്നു. എന്റെ മനസ്സിൽ പൊന്തിവന്ന മറുചോദ്യം ഇതായിരുന്നു.’ ഞങ്ങളുടെ പാസ്സ്പോർട്ടിൽ ഒരു എൻട്രി വിസ അടിക്കാൻ ഞങ്ങൾ ഇതൊക്കെ പറയണം എന്നുണ്ടോ’ ഞാൻ അത് അവരോട് പറഞ്ഞില്ല. ക്രിസ്മസ് , ഈദ് , ഓണം എന്നുള്ള പട്ടിക ഞാൻ അവരുടെ മുൻപിൽ നിരത്തി. ഓണം അവർ കേട്ടിട്ടില്ല. ഓണം എന്താണ് എന്ന അവരുടെ ചോദ്യത്തിന് കേരളത്തിലെ വിളവെടുപ്പ് ഫെസ്റ്റിവൽ എന്ന് മാത്രം പറഞ്ഞു ഞാൻ തലയൂരി. ഭാഗ്യത്തിന് എല്ലാ ജൂതന്മാർക്കും കൊച്ചി എന്നും കേരളം എന്നും കേട്ടാൽ മനസ്സിലാകും. കൊച്ചിയിൽ നിന്നും കുടിയേറിപ്പാർത്ത ജൂതരെ അവർ ഒരു മരുഭൂമിയിൽ വീടുകൾ നൽകി സൽക്കരിച്ചു! അവർ ആ മരുഭൂമിയിൽ പനിനീർപ്പൂക്കൾ വിളയിച്ചു ഹോളന്റിലേക്കു കയറ്റുമതി ചെയ്തു എന്നുള്ള സത്യം പലർക്കും അറിയാവുന്നതാണല്ലോ.

അവസാനം അവർ ഒരു യെൽല്ലോ സ്റ്റിക്കറിൽ എന്തോ ഹീബ്രു ഭാഷയിൽ കുറിച്ച് ഞങ്ങളുടെ പാസ്സ്പോർട്ടിന്റെ പുറത്ത് ഒട്ടിച്ചു. “ഈ സ്റ്റിക്കർ എടുത്തുകളയരുത്. ഗേറ്റിൽ ചെല്ലുമ്പോൾ അവിടെയുള്ള സെക്യൂരിറ്റി സ്റ്റാഫ് കൂടുതൽ ചോദ്യം ചോദിക്കും.”

അത് ഒരു താക്കീതുപോലെ ആയിരുന്നു അവർ പറഞ്ഞത്. കയ്യിലെ കാശുകൊടുത്തിട്ടു ഈ യാതന അനുഭവിക്കേണ്ടിവന്നല്ലോ എന്ന് ഞാൻ തന്നെ എന്നോട് പറഞ്ഞു.

ഗേറ്റിൽ എത്തിയപ്പോൽ ഒരു സീനിയർ ഉദ്യോഗസ്ഥൻ ഞങ്ങളോട് കസേരയിൽ ഇരിക്കാൻ ആവശ്യപ്പെട്ടു. ഞങ്ങൾ അവിടെ ഇരുന്നു. അയാൾ ഉടൻ പാസ്സ്പോർട്ടുകളുമായി ഫോൺ വിളിക്കാൻ തുടങ്ങി. ഞാൻ ഓർത്തു മൊസാദിനെ വിളിക്കുകയായിരിക്കും എന്ന്. അവർക്കു ഞങ്ങളുടെ എല്ലാ വിവരങ്ങളും കിട്ടിക്കാണുമല്ലോ. കുറച്ചു സമയം കഴിഞ്ഞപ്പോൾ അയാൾ വീണ്ടും പ്രത്യക്ഷപ്പെട്ടു.’ വെൽക്കം ടു ഇസ്രായേൽ’ എന്ന് പറഞ്ഞു.
അങ്ങനെ ഞങ്ങൾ ഇസ്രായേൽ വിമാനത്തിൽ കയറി.

ടെൽ അവീവിൽ എത്തിയപ്പോൾ അവിടെയുള്ള ഇമ്മിഗ്രേഷൻ ഓഫിസറും ഒരു സുന്ദരിയായ യുവതി ആയിരുന്നു. ഒരക്ഷരം ചോദിക്കാതെ ഞങ്ങളുടെ പാസ്സ്പോർട്ടിൽ മുദ്രകുത്തിക്കൊണ്ട് പറഞ്ഞു: Welcome to Israel . Enjoy your holiday.

അങ്ങനെ ഞങ്ങളുടെ ഇസ്രായേൽ ഹോളിഡേയുടെ ആരംഭം കുറിച്ചു.

കവർ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like