പൂമുഖം LITERATUREകഥ ജാലകം

“മേരിക്കുട്ടിയുടെ ഒറ്റപ്പാളി ജനൽ” എന്ന പ്രയോഗം എന്നും ഗ്രാമത്തിൻ്റെ ഉൾത്തടങ്ങളിൽ ഉയർത്തുക ആകാംക്ഷയാണ്.പണ്ട് അതൊരു സത്യവും, ഇന്ന്, വഴി വീതികൂട്ടിക്കൊണ്ടുള്ള പട്ട ണവത്കരണം മേരിക്കുട്ടിയുടെ വീടുതന്നെ ഒരു ഗതകാല സ്മൃതിയാക്കി മാറ്റിയപ്പോൾ, അതൊരു സജീവമായ മിത്തും.ഗ്രാമത്തിലെ കവലയിൽ സംഭവങ്ങൾക്ക് കാലങ്ങളായുള്ള ഏക ദൃക് സാക്ഷിയായിരുന്നു മേരിക്കുട്ടി.എപ്പോഴും തൻ്റെ വീടിൻ്റെ മുകളിലെ നിലയുടെ അടച്ചുകെട്ടിയ വരാന്തയിലെ ഒറ്റപ്പാളി ജനലിൽ, കപ്പലിലെ കപ്പിത്താനെപ്പോലെ ഇമചിമ്മാതെ, സാകൂതം വീക്ഷിച്ചുകൊണ്ട് ഇരുന്നിരുന്ന, മേരിക്കുട്ടിയുടെ മുഖം ഗ്രാമീണർക്ക് സംതൃപ്തിയേകുന്ന ഒരു വഴിയോരക്കാഴ്ച തന്നെയായിരുന്നു.ഭർത്താവും, മോളും അടങ്ങിയ സംതൃപ്ത കുടുംബം.വീട്ടു ജോലിക്ക് ഒരാളുണ്ട്. ഇഷ്ടം പോലെ സമയം.എന്നും രാവിലെ പുഴമീനുമായി കൂകി വിളിച്ചെത്തുന്ന മീൻ കാരി ചേടത്തിയാണ് മേരിക്കുട്ടിയുടെ നിഗമനങ്ങളും കണ്ടെത്തലുകളും ആദ്യം ശ്രവിക്കുന്ന ശ്രോതാവ്.അവരുമായുള്ള രാവിലത്തെ സരസ സംഭാഷണസമയത്ത് മാത്രം മേരിക്കുട്ടി ജാലകത്തിനടുത്ത് ഉണ്ടായിരിക്കില്ല.കേട്ട രഹസ്യങ്ങൾ ചേടത്തി ഗ്രാമത്തിലെ അടുക്കളകളിൽ പിടക്കുന്ന പുഴമീനിനോടൊപ്പം ചൂടോടെ എത്തിക്കും.ചേടത്തിയുടെ ഈ വൈഭവം മേരിക്കുട്ടി നല്ലവണ്ണം മനസ്സിലാക്കിയിരുന്നു. മേരിക്കുട്ടി സമ്മാനിച്ച ചൂടൻ വാർത്തകളുമായി പടികടന്നെത്തുന്ന ചേടത്തിക്ക് എല്ലാ വീടുകളിലും മീൻ കച്ചോടം തകൃതി.എന്തായാലും മേരിക്കുട്ടി സംഭവങ്ങൾക്ക് പുറകെ പോയില്ല, സംഭവങ്ങൾ മേരിക്കുട്ടിയുടെ കണ്മുൻപിൽ ഒന്നിന് പുറകെ ഒന്നായി എത്തുകയായിരുന്നു.

വഴി വീതികൂട്ടാൻ ചങ്ങല പിടിച്ചപ്പോഴാണ് മേരിക്കുട്ടിയുടെ വീടിൻ്റെ ഭൂരിഭാഗവും റോഡിനായി പൊളിക്കണം എന്നുള്ള കണ്ടെത്തലും, പിന്നീടുണ്ടായ പൊളിക്കൽ നടപടികളും.അങ്ങിനെ മേരിക്കുട്ടിയുടെ മുകളിലെ നിലയിലെ ഒറ്റപ്പാളി ജനൽ ഗ്രാമത്തിലെ ഒരു സ്പന്ദിക്കുന്ന മിത്തായി.രാമൻ്റെ ചായപ്പീടികയിൽ രാത്രിക്ക് രാത്രി ഓടിളക്കി ഇറങ്ങിയ കള്ളനെ പോലീസിന് പിടിക്കാനായത് മേരിക്കുട്ടിയുടെ പിറ്റേന്നത്തെ ദൃക്സാക്ഷി വിവരണത്തോടെയാണ്. അതോടെ, എല്ലാത്തിനും ദൃക് സാക്ഷിയായി ഒരാൾ മുകളിലുണ്ടെന്ന് നാട്ടുകാർ കൗതുകത്തോടെ അടക്കം പറഞ്ഞു.വാപ്പയുടെ ചീത്തവിളിയും തല്ലും സഹിക്കാതെയാണ് മക്കാരിൻ്റെ മകൻ അന്ത്രു നാട് വിട്ടത്. അവൻ മക്കാരിൻ്റെ അദ്യകുടിയിലെ അഞ്ച് മക്കളിൽ മൂത്തവൻ. മക്കാരിൻ്റെ ചായക്കടയിലെ ചായ അടിക്കലിനും മറ്റു പണികൾക്കും ഇടയിൽ അവന് സമാധാനത്തോടെ പഠിക്കാനായില്ല. നരക സമാനമായ അന്തരീക്ഷത്തിൽ നിന്നും രക്ഷപ്പെടാൻ അവൻ തിരഞ്ഞെടുത്ത് ഒളിച്ചൊട്ടമാ യിരുന്നു. രാവിലത്തെ ആദ്യ ബസ്സ് കാത്തുള്ള അവൻ്റെ നിൽപ്പിനും ദൃക് സാക്ഷിയായത് മേരിക്കുട്ടി.പത്ത് വർഷങ്ങൾക്ക് ശേഷം ടൂറിസ്റ്റ് ടാക്സിയിൽ ഭാര്യാസമേതനായി അവൻ കവലയിൽ ആർഭാടമായി തിരിച്ചെത്തുമ്പോഴും അതിന് സാക്ഷ്യം വഹിക്കുന്നത് മേരിക്കുട്ടി തന്നെ.പഠിത്തം ഉഴപ്പി,കഞ്ചാവ് വലിച്ച്, രാഷ്ട്രീയം കളിച്ച് നടന്ന ഗ്രാമത്തിലെ പ്രധാന പയ്യൻസ് കവലയിലെ രാഷ്ട്രീയ യോഗത്തിൽ സ്വാഗതം പറയാൻ തുടങ്ങുമ്പോഴേക്കും ഗ്രാമത്തിലെ ഹൈ സ്കൂളിലെ പ്രധാന അദ്ധ്യാപികയായ അവൻ്റെ വല്ല്യമ്മ കയ്യിൽ ഒളിപ്പിച്ച വള്ളിച്ചൂരൽ പുറത്തെടുത്ത് അവനെ പൊതിരെ തല്ലി എന്നുമാത്രമല്ല അവൻ്റെ കയ്യിലെ മൈക്ക് തട്ടിപ്പറിച്ച് കുട്ടികൾ രാഷ്ട്രീയപാർട്ടികളുടെ ചട്ടുകം ആകരുത് എന്നുറക്കെ പറഞ്ഞ് ഉറഞ്ഞു തുള്ളി. ഇത് മേരിക്കുട്ടി സാക്ഷ്യം വഹിച്ച മറ്റൊരു രസകരമായ സംഭവം. ഇതെല്ലാം ഗ്രാമമനസ്സിലെ മായാത്ത ഓർമ്മകൾ…കൃഷ്ണൻ നായരുടെ മകൾ തിലോത്തമയുടെ റഹമാനോടുള്ള കൊച്ചുവർത്തമാനവും, ചിരിയും ഒരു ഒളിച്ചോട്ടത്തിലെ കലാശിക്കൂ എന്ന മേരിക്കുട്ടിയുടെ മുൻകൂർ പ്രവചനം നിജമായപ്പോൾ വാവിട്ടുകരഞ്ഞ തിലോത്തമയുടെ അമ്മ സൂചിപ്പിച്ചത് ദൈവത്തെക്കുറിച്ചല്ല, എല്ലാം കാണുന്ന, അറിയുന്ന, മേരിക്കുട്ടിയെക്കുറിച്ചായിരുന്നു

.കവലയിൽ അരങ്ങേറിയ പോലീസ് ലാത്തിച്ചാർജ്ജ് സസന്തോഷം വീക്ഷിക്കുമ്പോൾ സമരക്കാർ ഓടി രക്ഷപ്പെട്ടതും, പോലീസിനെ ഫോൺ ചെയ്ത് വരുത്തിയ പഞ്ചായത്ത് പ്രസിഡൻ്റിന് ആളറിയാതെ അടികൊണ്ടതും, ഓട്ടത്തിനിടയിൽ ഊരിപ്പറന്ന അയാളുടെ ഉടുമുണ്ട് ഒരാൾ താഴ്ചയുള്ള കാനയിൽ വീണതും, മാനം കാക്കാൻ അയാളും കാനയിൽ ചാടിയതും മറ്റും തലമുറകൾ കൈമാറുന്ന വാമൊഴിക്കവിതയായി മാറിയതും, മേരിക്കുട്ടിയുടെ ദൃക് സാക്ഷി വിവരണം ഒന്നുകൊണ്ടുതന്നെയായിരുന്നു.

ഗ്രാമത്തിലെ കൗതുക ക്കാഴ്ചയായിരുന്നു വിദേശ സഹായത്തോടെ സർക്കാർ സ്ഥാപിച്ച പാൽ ശുദ്ധീകരണ ശാല. ഇതിൻ്റെ തലപ്പത്തെത്തിയ ഡാനിഷ് സായിപ്പ്, ഗ്രാമ വഴികളിലൂടെ അതിരാവിലെ നടത്തിയിരുന്ന സൈക്ലിങ്, ഗ്രാമത്തിലെ ഒരു വലിയ സംസാര വിഷയം തന്നെയായിരുന്നു.എന്നാൽ സായിപ്പിൻ്റെ സൈക്കിൾ സവാരിക്കുപുറകിലെ രഹസ്യം നാണിയമ്മയുടെ സുന്ദരിയായ മകളുമായുള്ള രഹസ്യസന്ധിക്കലായിരുന്നു എന്ന് മേരിക്കുട്ടി അടിവരയിട്ട് പറഞ്ഞപ്പോൾ അതിനെ ആരും വേണ്ടപോലെ ഗൗനിച്ചില്ല. പക്ഷേ, നാണിയമ്മയുടെ മകൾ കല്ല്യാണം കഴിക്കാതെ ഒരു കുഞ്ഞിന് ജന്മം നൽകിയപ്പോൾ, മേരിക്കുട്ടിയുടെ പ്രവചന രഹസ്യം അറിയാൻ നാട്ടുകാ ർക്കുൽസാഹമായി.അവരുടെ ആകാംക്ഷ ശമിച്ചത്, സയിപ്പിനെപ്പോലെ വെളുത്ത നിറവും, പൂച്ച ക്കണ്ണുകളും കുഞ്ഞിനുണ്ട് എന്ന് തിരിച്ചറിഞ്ഞപ്പോൾ മാത്രമാണ്.

കാർഗ്ഗിൽ യുദ്ധഭടൻ നാട്ടിൽ എത്തിയത് പട്ടാള വേഷത്തിൽ.ഇതിനെ കളിയാക്കിയ അയാളുടെ പഴയ സഹപാഠിയായ ഭ്രാന്തൻ വേലുവിനെ ഭടൻ തൻ്റെ ഷൂസിട്ട കാലുകൊണ്ട് ചവിട്ടി വീഴ്ത്തിയത് നാട്ടിലെ പാട്ടായി.വലിയ തറവാട്ടുകാരനായ ഭടന് വീണുകിടന്ന ഭ്രാന്തൻ നൽകിയ വിളിപ്പേര് “പേട്ടു നായർ” എന്നായിരുന്നു.ഇതിൻ്റെ രംഗങ്ങൾ ഒളി മങ്ങാതെ നാട്ടിലെ വീടുകളിലേക്ക് കാതോട് കാതോരം സംപ്രേക്ഷണം ചെയ്തതും മേരിക്കുട്ടിയുടെ ദൗത്യം. എന്തിന് പറയുന്നു, ഭടൻ്റെ വീട്ടിലെ അടുത്ത തലമുറയിലെ ആൺ തരികൾക്കും ഗ്രാമം “പേട്ടു നായർ” എന്ന് വിളിപ്പേര് നൽകി ആദരിച്ചു എന്ന് ചരിത്രം.

കവലയിൽ നടന്ന ഒരു കൊലപാതകം പാനായിക്കാടൻ ഗോപിയുടെതായിരുന്നു. ഗോപി കടം മേടിക്കാത്തവരാ യി ഗ്രാമത്തിലാരും ഇല്ല.അവസാനം പൈസ കിട്ടാനുള്ളവർ സഹികെട്ട് ഒത്തുകൂടി. അവരെ ഭീഷണിപ്പെടുത്താൻ ഗോപി അരയിൽ തിരുകിയിരുന്ന പേനാക്കത്തി പുറത്തെടുത്തു.നാട്ടുകാരുടെ വളഞ്ഞുള്ള തല്ലിൽ ഗോപി മരിച്ചു.ആ ആൾക്കൂട്ട കൊലപാതകത്തിനും ദൃക് സാക്ഷി മേരിക്കുട്ടി തന്നെയായിരുന്നു. മേരിക്കുട്ടി യുടെ ഭാഷയിൽ “അവൻ തല്ല് ചോദിച്ച് വാങ്ങുകയായിരുന്നു.”

അവസാനം മേരിക്കുട്ടിയുടെ ജാലകം എന്നന്നേക്കുമായി മേരിക്കുട്ടി തന്നെ അടച്ച് പൂട്ടിയതും ഗ്രാമീണർക്ക് കഥയായി.അതിങ്ങനെ…രാത്രി അത്താഴം കഴിഞ്ഞു മേരിക്കുട്ടി വീണ്ടും തൻ്റെ ജാ ലകത്തിന് മുൻപിലുള്ള കസേരയിൽ ഇരുപ്പുറപ്പിച്ചു.പട്ടണത്തിലേക്ക് പോകുന്ന അവസാന ബസ്സ് രാത്രി ഒമ്പതിന്. തോളിലും കയ്യിലും ബാഗുകളുമായി നിഴൽ പറ്റി നടക്കുന്ന ചുരിദാറുകാരി പുറകോട്ടു തിരിഞ്ഞ് നോക്കാതെ വേഗത കൂട്ടി കൂട്ടി നടക്കുകയാണ്.ആരായിരിക്കും അവൾ എന്ന ആകാംക്ഷ മേരിക്കുട്ടിയെ അക്ഷമയാക്കി.ബസ്സ് വന്നു നിന്നു. അവൾ അതിൽ ഒരു സർക്കസ്സുകാ രിയെപ്പോലെ ചാടിക്കയറി. ബസ്സ് വിട്ടു.അന്നത്തെ ജാലകക്കാഴ്ചകൾക്ക് വിരാമം കുറിച്ചുകൊണ്ട് ആരായിരിക്കും അവൾ എന്ന ജിജ്ഞാസയും ബാക്കിയാക്കി മുൻ വാതിൽ തഴുതിട്ട് ഭർത്താവിനോടു ചേർന്ന് മേരിക്കുട്ടി കിടന്നു.പിറ്റേന്ന് രാവിലെ, കോളേജിൽ പോകേണ്ട മകളെ വിളിക്കാൻ മേരിക്കുട്ടി അവളുടെ വാതിലിൽ മുട്ടി.ഉത്തരം കിട്ടാതെ വന്നപ്പോൾ വാതിൽ തളളി.വെറുതെ ചാരിയിരുന്ന വാതിൽ മലർക്കെ തുറന്നു.കട്ടിലിൽ മകളില്ല.

മേശക്കുമുകളിൽ എഴുതിവച്ച എഴുത്തിൽ സവിനയം സൂചിപ്പിച്ചിരുന്നത് അവൾ തൻ്റെ കാമുകനോടൊപ്പം രാത്രി ഒൻപതിൻ്റെ വണ്ടിക്ക് നാടുവിടുന്ന കാര്യം.

വര : പ്രസാദ് കാനത്തുങ്കൽ

കവർ : വിത്സൺ ശാരദാ ആനന്ദ്

Comments

You may also like