രാവിലെ ബാങ്കില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ അല്പം നേരത്തേ ഇറങ്ങിയതായിരുന്നു.
ലെഔട്ടിന്‍റെ ഗേറ്റിനടുത്തു വെച്ച് പഴയ ശിഷ്യ ആന്‍ എതിരെ വന്നു.
ആന്‍ ജോലിയുമായി വിദേശത്താണ്. മൂന്നാഴ്ചത്തെ ഒഴിവില്‍ വന്നിട്ടുണ്ടെന്ന് അറിഞ്ഞിരുന്നു. കോവിഡിന് മുന്‍പ് മുതലുള്ള വിശേഷങ്ങള്‍ പറയാനും കേള്‍ക്കാനുമുണ്ടായിരുന്നു.
പ്രിയശിഷ്യയായിരുന്നു ലണ്ടനിൽ ജനിച്ച് വളർന്ന – കണക്ക് ഇഷ്ടവിഷയമായിരുന്ന-
കണക്ക് ടെക്സ്റ്റ് പുസ്തകത്തിന്‍റെ ആദ്യപേജില്‍, ഭംഗിയുള്ള കൈപ്പടയില്‍,
‘The Sine Cosine and Multiple signs
oft at a tangent makes me go’
എന്നെഴുതിവെച്ചിരുന്ന ആന്‍.
ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കെ ദീര്‍ഘകായനായ ഒരു തേരട്ട പാതയോരത്തെ നനഞ്ഞ പുല്‍ത്തട്ടുകള്‍ വിട്ട് റോഡിലേയ്ക്ക് കയറാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. നിലാവ് പോലുള്ള ഇളവെയിലില്‍ അതിന്‍റെ ശരീരം തിളങ്ങി- ആപാദചൂഡം എന്നതുപോലെ ആപുച്ഛശീര്‍ഷം എന്നു പറയാമോ ?
നാട്ടില്‍ കണ്ടുവളര്‍ന്നവയെ അപേക്ഷിച്ച് ഇവിടത്തുകാർക്ക് നീളവും പുഷ്ടിപ്പും കൂടുതലാണ്. ആ അമിതമായ എണ്ണമിനുപ്പും കടുംകറുപ്പും മറുനാടന്‍ സ്വഭാവങ്ങളാണെന്ന് വേണം കരുതാൻ.
തേരട്ട റോഡിലേയ്ക്ക് അല്പം കയറിയും തിരിച്ചിറങ്ങിയും മുന്‍ഭാഗം തറയില്‍ നിന്നുയര്‍ത്തി ഏതോ തരത്തിലുള്ള പരിസരപഠനം നടത്തിയും കുറച്ചുനേരം സംശയിച്ചുനിന്നു. പിന്നെ പാതയ്ക്ക് കുറുകെ നീങ്ങി. പാതയിൽ രാത്രിമഴയുടെ നനവില്‍ ഒട്ടിക്കിടന്ന ഇലകളിൽ അത് അപ്പൊഴപ്പോൾ തടഞ്ഞുനിന്നു. അപ്പോഴൊക്കെ മുന്‍ഭാഗം തുമ്പിക്കൈ പോലെ ഉയര്‍ന്നു.
അടുത്തുള്ള തമിഴ്നാട്ടുകാരന്‍ സ്വാമിയുടെ വീട്ടില്‍ നിന്ന് പഴയ തമിഴ് പാട്ടിന്‍റെ വരികള്‍ ഒഴുകിവന്നു :
കണ്‍ തിറന്തതും
കാട്ചി വന്തതാ
കാട്ചി വന്തതും
കണ്‍ തിറന്തതാ
(കണ്ണ് തുറന്നതും
കാഴ്ച (മുന്നില്‍) വന്നതാണോ
കാഴ്ച (മുന്നില്‍) വന്നതും
കണ്ണ് തുറന്നതാണോ )
എന്‍റെ നോട്ടം കണ്ടിട്ടാവാം ആനിന്‍റെ കണ്ണുകളും ആ ജീവിയുടെ ചലനം പിന്തുടര്‍ന്നു. ഞങ്ങളുടെ സംസാരം തേരട്ടയെക്കുറിച്ചും കോളനിയില്‍ ഋതുഭേദങ്ങള്‍ക്കനുസരിച്ച് പ്രത്യക്ഷപ്പെടുന്ന മറ്റ് ജീവികളെ കുറിച്ചുമായി. ഒഴുകിപ്പരക്കുകയും വലിഞ്ഞുനീളുകയും ചുരുങ്ങുകയും ചെയ്യുന്ന അട്ട, പുറംതോടുള്ളതും ഇല്ലാത്തതുമായ ഒച്ച്, ഞങ്ങള്‍ പാലക്കാട്ടുകാരുടെ പാവം പച്ചപ്പയ്യ്, ക്രൂരനായ തൊഴുകുന്ന ജീവി, തേനീച്ച, ഈയാംപാറ്റ, ശല്യക്കാരായ കമ്പിളിപ്പുഴുവും കോട്ടെരുമയും ….
ഭൂമിയുടെ അവകാശികള്‍ ഒരുപാട് പേരുണ്ട് ലെഔട്ടില്‍.
സംസാരിച്ചുകൊണ്ടിരിക്കെത്തന്നെ ആന്‍ തേരട്ടയുടെ യാത്ര വീഡിയോവില്‍ പകര്‍ത്തുന്നുണ്ടായിരുന്നു വിദേശത്തെ സുഹൃത്തുകള്‍ക്കായി!
പാതയോരം വിട്ടതോടെ അതിന്‍റെ യാത്രയ്ക്ക് വേഗം കൈവന്നു. ഋജുരേഖയിൽ, ഇടംവലം നോക്കാതെ,
അസംഖ്യം കാലുകളില്‍, അതെന്തൊരു ചുറുചുറുക്കുള്ള പോക്ക് !
ഓടുന്നത് പോലെ ! –
വലിപ്പത്തിലും വേഗത്തിലും ഉള്ള സ്വന്തം പരിമിതികളെ പറ്റി, കോളനിക്കകത്തെ വാഹനഗതാഗതത്തെ പറ്റി, അപകടസാദ്ധ്യതകളെ പറ്റി, ശങ്കകളില്ലാതെ !
അഥവാ അത്തരം ശങ്കകളായിരുന്നിരിക്കുമോ ആ വേഗത്തിന് കാരണം ?
നിമിഷങ്ങൾക്കകം അത് പാതയുടെ പാതിയും കടന്നു.
ഗേറ്റ് കടന്നുവന്ന പത്രക്കാരന്‍ നാഗരാജിന്‍റെ ഇരുചക്രവാഹനം അതിനെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ കടന്നുപോയി. വണ്ടിയില്‍ നിന്നുള്ള കാറ്റിലോ ചൂടിലോ പുകയിലോ അസ്വസ്ഥനായി ആ ജീവി ചുരുണ്ടു.
നിശ്ചലനായി.
മിനിറ്റുകള്‍ക്ക് ശേഷം സാവധാനം ചുറ്റുകള്‍ അഴിച്ച് യാത്ര തുടരാനൊരുങ്ങവേ തേരട്ട വീണ്ടും പരുങ്ങി. സംശയനിവൃത്തിക്കായി ഒരു കൂട്ടം മുന്‍കാലുകളുപയോഗിച്ച് ഇടതും വലതും ഭൂമിയില്‍ തൊട്ട് നോക്കി, ശരീരത്തിന്‍റെ മുന്‍ഭാഗം ഉയര്‍ത്തി വീണ്ടും പരിസരനിരീക്ഷണം നടത്തി.
സംശയിച്ചുസംശയിച്ച് ഒടുവിൽ യാത്ര നേരെ എതിര്‍ദിശയിലാക്കി.
പുറപ്പെട്ട ഇടത്തേയ്ക്ക് തന്നെ !
ഇത്തവണ കോണോടുകോണായിട്ടാണെന്ന വ്യത്യാസം മാത്രം.
റോഡിനറ്റം വരെ പോയി അടുത്ത ക്രോസിലേയ്ക്ക് തിരിയുന്നതിന് പകരം അല്പനേരം നിന്ന് നാഗരാജിന്‍റെ വണ്ടിയും തിരിച്ചുവന്നു, കൈയില്‍ ബാഗില്‍ നിന്നെടുത്ത് മടക്കിപ്പിടിച്ച പത്രവുമായി.
നന്ദി പറഞ്ഞ എന്നോട് ക്ഷമാപണസ്വരത്തില്‍ അവന്‍ പറഞ്ഞു :
” കെട്ട് വരാന്‍ വൈകി, സര്‍ ! “
പത്രം കൈയില്‍ തന്ന് അവന്‍ വണ്ടി തിരിച്ചപ്പോള്‍ വാ പൊത്തി ആന്‍ ശബ്ദമുയര്‍ത്തി.
“അയ്യോ !”
തേരട്ട മുഴുവനായും വണ്ടിയുടെ മുന്‍ചക്രത്തിന് കീഴിലമര്‍ന്നിരുന്നു.
വണ്ടിയിൽ നിന്നുള്ള പുകയും മണവും അന്തരീക്ഷത്തിൽ ബാക്കിനിർത്തി നാഗരാജ് തിരിവിനപ്പുറം മറഞ്ഞു.
ഒരു ദ്വിമാന നിശ്ചലചിത്രമായി തേരട്ട റോഡില്‍ പതിഞ്ഞ് പരന്നു.
നിമിഷങ്ങള്‍ക്ക് മുന്‍പ് ആവേശത്തോടെ തുടിച്ചുകൊണ്ടിരുന്ന ഒരു ജീവന്‍ കണ്‍മുന്നില്‍ നിലവിളിക്കാതെ ഒന്ന് പിടയുക പോലും ചെയ്യാതെ അവസാനിച്ചു, ആ ദുർമ്മരണത്തിന് കാരണക്കാരനായവൻ പോലും അറിയാതെ ! സംഭവത്തിന് ദൃക്സാക്ഷികളായി ഞങ്ങള്‍ രണ്ടുപേര്‍.
അതൊരു വല്ലാത്ത കാഴ്ചയായിരുന്നു.
അതേല്‍പ്പിച്ച നടുക്കത്തിനപ്പുറം പിടിച്ചു നില്‍ക്കാന്‍ ഞങ്ങളുടെ കൂടിക്കാഴ്ചയ്ക്ക് അപ്പോള്‍ ശക്തിയുണ്ടായിരുന്നില്ല.
‘പിന്നെ വിളിക്കാം’ എന്ന് ഞങ്ങള്‍ അവസാനിപ്പിച്ചു.
കോളനിയിലെ പാതകളില്‍ ചതഞ്ഞരഞ്ഞ തേരട്ടകളും ഒച്ചുകളും നിത്യകാഴ്ചകളാണ്.
അതിന്‍റെ അവസാനനിമിഷങ്ങളില്‍ ഏതോ തരത്തില്‍ പങ്ക് ചേര്‍ന്നതിനാലാവാം- മരണം, നോക്കിനില്‍ക്കെ സംഭവിച്ചതു കൊണ്ടുമാവാം- ഇതെഴുതുമ്പോഴും മനസ്സില്‍ ആയിരം കാലുകളില്‍ ഒരു കുഞ്ഞുതീവണ്ടി അതിന്‍റെ ഒഴിവാക്കാനാവാത്ത ദുരന്തത്തിലേയ്ക്ക് ഓടിക്കൊണ്ടിരിക്കുന്നു.
അടുത്തൊന്നും മനസ്സിൽ നിന്ന് മാഞ്ഞുപോകാന്‍ സാദ്ധ്യതയില്ലാത്ത ചിത്രം .
ആ മരണത്തിന്‍റെ രംഗസംവിധാനത്തില്‍ ഞാനും ആനും നാഗരാജും എത്ര കൃത്യമായാണ് ഞങ്ങളുടെ പങ്ക് നിർവഹിച്ചത് ! ആരെങ്കിലും ഒരാള്‍ അല്പം നേരത്തേ അഥവാ അല്പം വൈകി പുറപ്പെട്ടിരുന്നെങ്കില്‍ കഥ ഇങ്ങനെ ആയിരുന്നിരിക്കില്ല അവസാനിച്ചിരിക്കുക.
ഇനി, ഒരുപക്ഷേ അതൊരാത്മഹത്യയായിരുന്നോ?
അറിയില്ല.
തേരട്ട എന്തിനാണ് തിരിച്ചുവന്നത്?
പോസ്റ്റ് ഓഫീസ് റോഡിലാണ് ബാങ്ക്.
ലെഔട്ടിന് മുന്നിലെ പാത മുറിച്ചുകടന്ന് അല്പം നടന്ന് വലത്തോട്ട് തിരിയണം. തിരക്കായിക്കഴിഞ്ഞാല്‍ ആ മുറിച്ചുകടക്കല്‍ ജീവന്‍ കൈയില്‍ വെച്ചുള്ള കളിയാണ്.
സിഗ്നല്‍ ലൈറ്റുകളില്ല. പോലീസില്ല. ട്രാഫിക് നിയമങ്ങള്‍ ഗൗനിക്കാത്ത വണ്ടികള്‍ എല്ലാ ദിശകളില്‍ നിന്നും വരും. പ്രത്യേകിച്ചും ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും.
ഞങ്ങള്‍ അഞ്ചെട്ടുപേര്‍ മറുകര പറ്റാന്‍ കാത്തുനില്‍ക്കുകയാണ്.
എന്‍റെ തൊട്ട് ഇടതുഭാഗത്ത്, ലെഔട്ടില്‍ എല്ലാവര്‍ക്കും പരിചിതനായ മൂന്ന് കാലുള്ള തെരുവ് നായ എവിടെനിന്നോ വന്ന് നില്‍പ്പുറപ്പിച്ചു. മുക്കാലനായിട്ടാണ് അത് ജനിച്ചിട്ടുണ്ടാവുക എന്ന് തോന്നാറുണ്ട്. കാരണം നാലാമത്തെ കാലിന്‍റെ ഒരു സൂചനയും ആ ശരീരത്തിൽ കണ്ടിട്ടില്ല. പാതയ്ക്ക് കുറുകെ ദൂരേയ്ക്ക് ദൃഷ്ടികള്‍ അയച്ച് ചെവികള്‍ കൂര്‍പ്പിച്ച് അത് നിന്നു.
തേരട്ടയെ പശ്ചാത്തലമാക്കി ഞാനതിന്‍റെ ശരീരഭാഷ മനസ്സിലാക്കാന്‍ ശ്രമിച്ചു.
ഈ തിരക്കില്‍ ഇവിടെയില്ലാത്ത എന്തന്വേഷിച്ചാണ് അത് അപകടകരമായ ദൗത്യത്തിന് മുതിരുന്നത്?
തൊട്ടുമുന്നിലുള്ളത് കാണാതെയും കേൾക്കാതെയും മറ്റെന്തിനോ കണ്ണോർത്തും കാതോർത്തും നിൽക്കുന്ന അതിന്‍റെ ഏകാഗ്രത അമ്പരപ്പിക്കുന്നതായിരുന്നു.
അടുത്ത നിമിഷം ഏതോ വണ്ടിയുടെ മുന്നിൽ അവസാനിക്കാൻ പോകുന്ന മറ്റൊരു ജീവിതമാണോ ഞാൻ കണ്ടുകൊണ്ടിരിക്കുന്നത് ?
അതിനെ കോളനിക്കകത്തേയ്ക്ക് തിരിച്ചോടിച്ചാലോ എന്നാലോചിച്ചു. കാര്യമില്ല. അത് മടങ്ങിവരും. ആദ്യമായിട്ടാവില്ല അത് ഈ വഴി മുറിച്ചുകടക്കുന്നത്.
വാഹനങ്ങളുടെ ഒഴുക്കിനിടെ ഒരു നായയ്ക്ക് മാത്രം കടന്നുപോകാവുന്ന വിടവുകൾ വരും എന്ന അദ്‌ഭുതകരമായ തിരിച്ചറിവ് എനിക്കുണ്ടായത് അപ്പോഴാണ്.
തൊട്ടുമുന്നിൽ കിട്ടിയ ഒരു വാഹനത്തിന്‍റെ ഒഴിവിലേയ്ക്ക് (!) അനായാസമായി നായ ഓടിക്കയറി. നടന്നുകയറി എന്ന് പറയാനാവാത്തത് കൊണ്ടുമാത്രം അങ്ങനെ എഴുതിയതാണ്. അതിന് ശേഷം, നില്‍ക്കാതെ, സംശയിക്കാതെ ഒരേ വേഗത്തില്‍ അത് മുന്നോട്ട് പോയി. തിരക്കിലൂടെ ഓടി അപ്പുറം ചേരാനുള്ള ഒരു ബദ്ധപ്പാടും അതിനുണ്ടായിരുന്നില്ല.
ഇടംവലം നോക്കാതെ, ചെവികള്‍ മടക്കിയും വാല്‍ കാലുകള്‍ക്കിടയിലേയ്ക്ക് താഴ്ത്തിയും (വേഗം കുറച്ച് സഹകരിച്ച) ചുറ്റുമുള്ളവരോട് നന്ദി പ്രകടിപ്പിച്ചായിരുന്നു ആ പോക്ക്.
വഴി പൂര്‍ണമായും മുറിച്ചുകടന്ന് നടവഴിയിലേയ്ക്ക് കയറി ഒന്ന് തിരിഞ്ഞുനോക്കാന്‍ പോലും മെനക്കെടാതെ അതതിന്‍റെ വഴിക്ക് പോയി. മടക്കിയ ചെവികള്‍ വീണ്ടും നിവര്‍ത്തിയോ എന്ന് അത്ര ദൂരെ നിന്ന് വ്യക്തമല്ലായിരുന്നു. പക്ഷേ താഴ്ത്തിയിട്ടിരുന്ന വാല്‍ ഉയര്‍ത്താന്‍ അത് മറന്നില്ല !
ഒടുവില്‍ ഞങ്ങളുടെ ഊഴമെത്തി. അച്ചടക്കമില്ലാത്ത ആള്‍ക്കൂട്ടം അച്ചടക്കമില്ലാത്ത തിടുക്കില്‍ റോഡ് മുഴുവനും കൈയടക്കി അപ്പുറം കടന്നു.
അല്പം നടന്ന് വലത്തോട്ട് തിരിഞ്ഞ് ഞാന്‍ പോസ്റ്റ് ഓഫീസ് റോഡിലേയ്ക്ക് കയറി.
പോസ്റ്റ് ഓഫീസ് റോഡില്‍ ഏറെക്കുറെ നടുവിലാണ് ബാങ്ക്. ഒരിക്കലും കണ്ടിട്ടില്ലാത്ത മട്ടില്‍ തിരിവ് മുതല്‍ റോഡിനറ്റം വരെ വാഹനങ്ങളുടെ നീണ്ട നിര-
ബാങ്ക് കെട്ടിടത്തിന് തൊട്ടടുത്ത് ഒരു ജനക്കൂട്ടവും !
എന്തോ അപകടം നടന്നിട്ടുണ്ടാവും എന്ന തോന്നലാണ് ആദ്യം ഉണ്ടായത്.
സ്ലാബുകള്‍ ഇളകിയും നീങ്ങിയും കിടന്ന നടപ്പാതയിലൂടെ, തുറന്നു കിടന്ന അഴുക്കുചാലില്‍ കെട്ടിനിന്ന കറുത്ത വെള്ളത്തില്‍ നിന്ന് മാറി, അതില്‍ നിന്നുയര്‍ന്ന ദുര്‍ഗന്ധത്തിന് നേരെ മൂക്കടച്ച്, ഞാന്‍ ബാങ്കിന് മുന്നിലെത്തി.
റോഡിന് നടുവില്‍ അതിന് സമാന്തരമായി ഒരു വലിയ സിന്ധിപ്പശു കിടക്കുന്നു ! ഏതെങ്കിലും വാഹനം ഇടിച്ചു വീഴ്ത്തിയതാണോ എന്ന എന്‍റെ സംശയം അടുത്ത് നിന്നിരുന്ന തുന്നൽക്കടക്കാരൻ തീർത്തുതന്നു.
“ഒരു വാഹനവും ഇടിച്ചില്ല സര്‍ ! അതിന് അവിടെ എത്തിയപ്പോള്‍ കിടക്കണമെന്ന് തോന്നി. അവരുടെ കാലമല്ലേ? കഴിഞ്ഞ അര-മുക്കാല്‍ മണിക്കൂറായി അതിനെ അവിടെ നിന്ന് എഴുന്നേല്‍പ്പിക്കാന്‍ ഉള്ള ശ്രമമാണ്! “
രണ്ട് വാക്കുകളിൽ, പൊതിഞ്ഞവതരിപ്പിപ്പിച്ച രാഷ്ട്രീയ പ്രസ്താവനയെ ഒരു ചിരികൊണ്ട് അഭിനന്ദിച്ച് ഞാൻ നീങ്ങി.
വാഹനങ്ങള്‍ പശുവിനെ ഒരു ട്രാഫിക് ഐലന്‍ഡ് ആയെടുത്ത്, രണ്ട് വശങ്ങളിലൂടെ തിരിഞ്ഞുപോകുകയാണ്.
വലിയ വാഹനങ്ങള്‍ വരുന്ന റോഡല്ല.
ഒരാൾ അടുത്തിരുന്ന് പശുവിന്‍റെ വശങ്ങളിൽ തട്ടിയും കഴുത്തിൽ ചൊറിഞ്ഞുകൊടുത്തും എഴുന്നേൽക്കാൻ അതിനെ പ്രേരിപ്പിക്കുന്നുണ്ട്. മറ്റൊരാൾ എവിടെനിന്നോ പഴത്തൊലികൾ കൊണ്ടുവന്ന് തിന്നാൻ കൊടുക്കുകയും അതല്പം അകലെ കാണിച്ച് പ്രലോഭിപ്പിക്കുകയും ചെയ്യുന്നുണ്ട്. അടുത്തുകിട്ടുമ്പോൾ തിന്നും ദൂരെ കൊണ്ടുപോകുമ്പോള്‍ താത്പര്യക്കുറവോടെ കണ്ണടച്ച് തുറന്ന്, മുഖം തിരിച്ചും അക്ഷോഭ്യയായി കിടന്നേയുള്ളൂ പശു. കടന്നുപോകുന്നവരില്‍ ചിലര്‍ അടുത്തുചെന്ന് അതിനെ തൊട്ട് തൊഴുകുന്നുമുണ്ട്. ഇഞ്ചിഞ്ചായി മുന്നോട്ട് നീങ്ങിയിരുന്ന വണ്ടികള്‍ ഓടിച്ചവരിലോ പരിസരത്ത് കൂടിനിന്നവരിലോ അക്ഷമയോ അസ്വസ്ഥതയോ ഉണ്ടായിരുന്നില്ല !
തിരക്കിലൂടെ വഴി കണ്ടെത്തി ഞാന്‍ ബാങ്കില്‍ കയറി. പത്തോ പതിനഞ്ചോ മിനിറ്റുകൾക്ക് ശേഷം കാര്യം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴും സ്ഥിതിഗതികള്‍ മാറിയിട്ടുണ്ടായിരുന്നില്ല .
പശുവിന്‍റെ നേരെ മുന്നില്‍ നിന്ന് ഞാനാ രംഗം ക്യാമറയില്‍ പകര്‍ത്തി. ചതഞ്ഞരഞ്ഞ് റോഡിനോട് ചേര്‍ന്ന തേരട്ടയേയും ലോകത്തോട് സന്ധി ചെയ്ത്, തിരക്കുള്ള റോഡ് മുറിച്ചുകടന്ന നായയേയും അതിന് ഇരുപുറവുമായി സങ്കല്‍പ്പിച്ച് ആ ശാന്തമായ മുഖത്തേയ്ക്ക് നോക്കി അല്പനേരം നിന്നു.
പിന്നെ മടങ്ങി.
കോളനിക്കകത്ത് തേരട്ടയുടെ ജൈവചിത്രത്തിന്മേല്‍ ഒരു ഉണങ്ങിയ ഇല വീണുകിടന്നിരുന്നു, മൃതശരീരത്തെ പുതപ്പിക്കുന്ന മട്ടില്‍ .
അടുത്ത അദ്ധ്യായവുമായി എട്ടുവയസ്സുകാരൻ ഉണ്ണി എന്നെ കാത്തിരിക്കുകയായിരുന്നു, വീട്ടിലെത്തിയപ്പോൾ.
അഞ്ചു വര്‍ഷം മുന്‍പ് ഞങ്ങളെ ദത്തച്ഛനും ദത്തമ്മയുമായി ഏറ്റെടുത്ത അയൽക്കാരനാണ് അക്ഷിത്ത് എന്ന ഉണ്ണി.
യു ട്യൂബില്‍ കബാലി എന്ന ആനയുടെ വീഡിയോ എടുത്തുവെച്ചായിരുന്നു കാത്തിരുപ്പ്. കൈയും കാലും മുഖവും കഴുകി വന്നിരുന്നപ്പോള്‍, താൻ പലതവണ കണ്ടുകഴിഞ്ഞ വീഡിയോ എന്നെ കാണിക്കാൻ അവന്‍ ടി വി ഓണ്‍ ചെയ്തു.
വാര്‍ത്ത വായിച്ചിരുന്നു.
ആതിരപ്പള്ളി – വാൽപ്പാറ റൂട്ടിൽ എവിടെയോ റോഡിന് നടുവില്‍ തലയെടുപ്പോടെ ആന നിന്നു. അഭിമുഖമായി നില്‍ക്കുന്ന ബസ്സിന്‍റെ സ്റ്റിയറിംഗ് വീലില്‍ ഡ്രൈവറുടെ കൈ കാണാം. ആന മുന്നിലേയ്ക്കും ബസ് പിന്നിലേയ്ക്കും നീങ്ങിത്തുടങ്ങി- മുന്‍കൂര്‍ പറഞ്ഞുറപ്പിച്ച ചടങ്ങിന്‍റെ ഭാഗമെന്ന പോലെ, ഒരേ വേഗത്തില്‍ !
കാര്യങ്ങൾ നിശ്ചയിക്കുന്നത് ആരാണെന്നത് പക്ഷേ വ്യക്തമായിരുന്നു. ഇരുവശവുമുള്ള സ്വന്തം പ്രകൃതിയിലേയ്ക്ക് എപ്പോൾ വേണമെങ്കിലും തിരിഞ്ഞുപോകാമായിരുന്നു കാട്ടിലെ പടയപ്പയ്ക്ക്.
ബസിന് അതിനാവുമായിരുന്നില്ല.
എന്നിട്ടും മനുഷ്യൻ മനുഷ്യന് വേണ്ടി നിർമ്മിച്ച പാതയിൽ നിന്ന് വശങ്ങളിലേയ്ക്ക് പോലും മാറാതെ ബസിനെ എട്ട് കിലോമീറ്റർ അത് പിന്നിലേയ്ക്ക് ഓടിപ്പിച്ചു. ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരുന്നുവെന്ന് സമനില വിടാതെ വണ്ടിയോടിച്ച് യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഡ്രൈവർ പറയുന്നു. വനപാതയിൽ റിവേഴ്‌സ് ഗിയറിലുള്ള ആ യാത്ര ജീവിതത്തിനും മരണത്തിനും ഇടയ്ക്കുള്ള നൂല്‍പ്പാലത്തിലൂടെ തന്നെ ആയിരുന്നിരിക്കണം .
തുമ്പിക്കൈ പോലെ ശരീരത്തിന്‍റെ മുന്‍ഭാഗം ഉയര്‍ത്തുകയും പരിസരവുമായി ഇടപെടുകയും ചെയ്ത തേരട്ടയില്‍ ആണ് ഇന്നത്തെ യാത്ര തുടങ്ങിയത്. ഒരു പടുകൂറ്റന്‍ തേരട്ടയെ പോലെ ചുരുളുകയും നിവരുകയും ചെയ്തുകൊണ്ടിരുന്ന കബാലിയുടെ തുമ്പിക്കൈയില്‍ എത്തിനിൽക്കുന്നു അത്.
രണ്ട് മണിക്കൂറോളം സമയം തുടര്‍ച്ചയായി മുന്നിലെത്തിയ വഴിക്കാഴ്ചകളുടെ നാനാര്‍ത്ഥങ്ങള്‍ അയവിറക്കിയും അപഗ്രഥിച്ചും ഉച്ചമയക്കത്തിന്‍റെ സമയം, ഉണർന്നിരുന്നുതന്നെ കഴിച്ചുകൂട്ടി.
സാന്ദ്രമായ ആ തുടരനുഭവങ്ങളെ നേര്‍പ്പിക്കുന്ന ഒന്നും ദിവസത്തിന്‍റെ ബാക്കി സമയത്ത് ഉണ്ടാവരുത് എന്ന് തോന്നി.
വൈകുന്നേരത്തിന് കാത്തുനില്‍ക്കാതെ ലേഔട്ടിലെ വിജനമായ പാര്‍ക്കിലെത്തി മൂലയിലെ ബെഞ്ചില്‍ മലര്‍ന്ന് കിടന്നു.
നോക്കിയിരിക്കെ മേഘത്തിന്‍റെ രണ്ട് നാടകള്‍ ആകാശത്ത്, വിടര്‍ന്ന ഒരു ഗുണനചിഹ്നം തീര്‍ത്തു. ഒരു നാല്‍ക്കവലയുടെ പ്രതീതി തോന്നിച്ച അതിന്‍റെ വ്യത്യസ്ത ശാഖകളിലേയ്ക്ക് പെട്ടെന്നുണ്ടായ പ്രേരണയില്‍ ഞാന്‍ ആ നാല് ജീവികളെ കയറ്റിവിട്ടു. എനിക്കവയെ അങ്ങനെ ഒരു ചിത്രത്തില്‍ കാണേണ്ടിയിരുന്നു. ചതഞ്ഞരയുന്നവരുടെ, ഒത്തുപോകുന്നവരുടെ, വഴിമുടക്കുന്നവരുടെ, എതിരെ വന്ന് നമ്മെ അടിയറവ് പറയിക്കുന്നവരുടെ, ആ പ്രതിനിധികളെ !
അഭൌമമായ ഒരു സാന്ധ്യപ്രകാശത്തില്‍ മുങ്ങിനിന്നു പരിസരം.
ഇമവെട്ടാതെ എന്നെ നോക്കിക്കൊണ്ടിരുന്ന രണ്ട് കണ്ണുകള്‍ അകലെ, ആകാശത്ത്, ആ ഗുണനചിഹ്നത്തിനുമപ്പുറം അപ്പോഴാണ് ഒരു ഞെട്ടലോടെ ഞാന്‍ ശ്രദ്ധിച്ചത്
വര : പ്രസാദ് കാനത്തുങ്കൽ
കവർ : വിത്സൺ ശാരദാ ആനന്ദ്