പൂമുഖം LITERATUREകവിത വഴി തെറ്റുമ്പോള്‍

വഴി തെറ്റുമ്പോള്‍

വഴി തെറ്റിപ്പോയ ഒരുവന്‍
വീട്ടിലേക്ക് നടക്കുന്നതു പോലെയല്ല
വഴി തെറ്റിയ ഒരുവള്‍
വീടു തേടുന്നത്.

അവന്‍ കണ്ണു കൊണ്ട് തേടും
വീടിനെ.
അവള്‍ ഇന്ദ്രിയങ്ങളഞ്ചു കൊണ്ടും.

അവന്‍ യാഥാര്‍ത്ഥ്യങ്ങള്‍ കൊണ്ടു തേടും
വീടിനെ.
അവള്‍ സ്വപ്നങ്ങള്‍ കൊണ്ടും.

അവന്‍ വീട്ടുമ്മറം തേടും
വീടിനെ.
അവള്‍ അടുക്കളപ്പുറവും.

അവന്‍ അതിരിലെ മരം തേടും
വീടിനെ.
അവള്‍ വേലിപ്പൂവും.

അവന്‍ മണ്ണില്‍പ്പതിഞ്ഞ കാല്പാട് തേടും
വീടിനെ.
അവള്‍ ആകാശത്തലിഞ്ഞു പോയ ചിറകുകളും.

അവന്‍ കുട്ടികളുടെ കലമ്പല്‍ തേടും
വീടിനെ.
അവള്‍ വിശന്നെരിഞ്ഞ കരച്ചിലും.

അവന്‍ മുറ്റത്തു വിരിഞ്ഞ മുല്ല മണം തേടും
വീടിനെ.
അവള്‍ ശയ്യയിലരഞ്ഞ ജീവിതവും.

വീടെത്തുമ്പോള്‍ ഒരുവന്‍
വീട്ടിലേക്ക് നടന്നു കയറുമ്പോലെയല്ല
വീട്ടിലേക്കിറങ്ങുന്ന ഒരുവള്‍.

അവന്‍ കവിതയെന്നതു വായിക്കും.
അവളോ ജീവിതമെന്നും.

കവർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്

Comments
Print Friendly, PDF & Email

You may also like