പ്രധാനപ്പെട്ട അച്ചടി മാധ്യമങ്ങളിൽ കഴിഞ്ഞവർഷം പ്രസിദ്ധീകരിക്കപ്പെട്ട കഥകൾ അഞ്ഞൂറോളം വരും. അവയിൽ നിന്നും ഏറ്റവും നല്ലതു ഏത് എന്ന തെരഞ്ഞെടുപ്പ് ശ്രമകരമാണ്. നല്ലത് എന്ന ആ ഗുണമേ ന്മയുടെ ഉരകല്ലിനെക്കുറിച്ച് വ്യക്തമായ നിർവചനം ഉണ്ടെങ്കിൽ മാത്രമേ ഇത് ഒരു പരിധിവരെ എങ്കിലും സാധ്യമാകൂ. ഒരു സാഹിത്യരൂപം എന്ന നിലയിൽ കഥയെ എന്റേത് മാത്രമായ ആസ്വാദന രീതി വച്ച് അവലോകനം ചെയ്യുമ്പോൾ ഏറ്റവും മുൻതൂക്കം കൊടുക്കുക അവയിലെ കലാംശത്തിന് തന്നെയാണ്. പ്രമേയത്തിലെ പുതുമ, ആവിഷ്കരണത്തിലെ മൗലികത, തെറ്റില്ലാത്ത ഭാഷ, ആവർത്തന വിരസതയുടെ അഭാവം,എഡിറ്റിംഗ്, രചനാകൗശലം, സർവ്വോപരി ആ കഥവഴി വായനക്കാരന് ആദ്യം ലഭ്യമാകുന്ന അനുഭൂതി ഇവയാണ് പ്രഥമമായും പരിഗണിക്കുക. ആ നിലക്ക്, പോയ വർഷം എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥകൾ ഇവയാണ്.
- താക്കോൽ – ആനന്ദ്
സാഹിത്യത്തിന്റെ ഭാവുകത്വവും ഭാഷയും അവതരണ ശൈലിയും മാറിക്കൊണ്ടേയിരിക്കുന്നു. ഏറെക്കുറെ വരണ്ട രീതിയിലുള്ള കഥ പറച്ചിലാണ് ആനന്ദിന്റേത്. മാതൃഭൂമിക്കഥയിലെ, തുടക്കത്തിലുള്ള ഈ ഒരു രീതിയോട് പൊരുത്തപ്പെട്ട് പോവുക ശ്രമകരമായിരിക്കുമെങ്കിലും, അതിനുശേഷം പറയുന്ന കഥ, അതിന്റെ വൈകാരിക പരിസരം, അതുവഴി വായനക്കാരനിൽ സംജാതമാകുന്ന സ്തോഭം, തുടങ്ങിയവയൊന്നും നിസ്സാരമല്ല. കാലവും സ്ഥലവും വളരെ വിഭ്രമാത്മകമായ രീതിയിലാണ് കഥയിൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്.
ഒരു സമൂഹം അല്ലെങ്കിൽ ഒരു സമുദായം ഇരയാക്കപ്പെടുമ്പോൾ, അവരുടെ കണ്ണും കാതും ചുണ്ടുകളും അദൃശ്യമായി മുദ്രവെക്കപ്പെടുകയാണ്. സ്ഥലകാലങ്ങൾ വ്യക്തമാക്കപ്പെടാതെ, മാധ്യമം വഴി ആരെയും കുറ്റവാളി ആക്കാം. ഇരകളെ വേട്ടക്കാരാക്കി ചിത്രീകരിക്കുവാൻ ഭരണകൂടത്തിന് പ്രയാസമില്ല. നമ്മൾ ജീവിക്കുന്നില്ല. അല്ലെങ്കിൽ നമ്മൾ ഭൂതകാലത്തിലോ ഭാവി കാലത്തിലോ ആണുള്ളത്. ചരിത്രത്തെയും വർത്തമാനത്തെയും പരസ്പരം മാറ്റി, ഭ്രമകൽപ്പനയുടെ അന്തരീക്ഷത്തിൽ വളരെ മൂർച്ചയുള്ള രാഷ്ട്രീയം കഥയിൽ സന്നിവേശിപ്പിക്കുന്നു ആനന്ദ്.
സാംസ്കാരിക പാരമ്പര്യവും പൈതൃകവും, പിന്നെ അതിൽ നിന്നും സമകാലിക ലോകത്തേക്ക് എത്തുമ്പോൾ നമ്മൾ സ്വായത്തമാക്കിയ മാനവികതയും വെറും തോന്നലുകൾ മാത്രമാണ് എന്ന ചിന്തയ്ക്കും താക്കോൽ ഇടം നൽകുന്നു. ധൈഷണികമായ സത്യസന്ധത മാത്രമല്ല വൈകാരികമായ സത്യസന്ധതയുമുണ്ട് ‘താക്കോലി’ൽ.
- വാടകച്ചീട്ട് – ഉണ്ണികൃഷ്ണൻ കളീക്കൽ ( സമകാലിക മലയാളം )
വളരെ സ്വാഭാവികമായ രീതിയിൽ പറഞ്ഞു പോകുന്ന കഥ. വാക്കുകൾ കൊണ്ട് നിർമ്മിക്കപ്പെടുന്ന പൂർണതയുള്ള കഥാപാത്രങ്ങൾ. ഏറ്റവും തെളിവാർന്ന രീതിയിലുള്ള സംഭവ സന്നിവേശം. വായനക്കാരനെ മുഴുവൻ സമയവും വ്യാപൃതനാക്കുന്ന കഥ പറച്ചിൽ. കഥയിലെ ആദ്യഭാഗത്ത് ഒളിപ്പിച്ചു വച്ച സൂചനകൾ. വായനക്കാരനെ അത്ഭുതപ്പെടുത്തുന്ന കഥാന്ത്യം . ഇതൊക്കെയാണ് ഉണ്ണികൃഷ്ണൻ കളീക്കൽ സമകാലിക മലയാളം വാരികയിൽ എഴുതിയ വാടകച്ചീട്ട് എന്ന കഥ. മനോഹരമാണത്.
- എഴുത്തുകാരന്റെ വീട് – അഷ്ടമൂർത്തി ( മാതൃഭൂമി )
അനുഭവസമ്പന്നനായ ഒരു എഴുത്തുകാരന്റെ, ഒഴുക്കൻ മട്ടിൽ വായിച്ചു പോകാവുന്ന, സുഖദായിയായി മാത്രം കാണാവുന്ന ഒരു രചനയെ ,അന്ത്യത്തിലെ രണ്ടു വാചകങ്ങൾ കൊണ്ട് മാത്രം അവിശ്വസനീയമാം വിധത്തിൽ പുനർനിർമ്മിക്കുന്നത് കാണാം ഈ കഥയിൽ. കഥയാകെ തലകീഴായി മറിഞ്ഞ് വായനക്കാരെ വേറെ വിധത്തിൽ ചുറ്റിയ പ്രതീതി.
പലപ്പോഴും ആഖ്യാതാവിലാണ് എഴുത്തുകാരനെ വായനക്കാർ കാണുക. ഈ കഥയിൽ ഒരു ശരാശരി വായനക്കാരനാണ് ആഖ്യാതാവ്. അയാളുടെ തൊട്ടടുത്ത് കഥാകൃത്തുണ്ട്. “നീയെത്ര കുഴിച്ചു നോക്കിയാലും യഥാർത്ഥ ശിലാവതിയെ നിനക്ക് കിട്ടില്ല. അതുറപ്പ്” എന്ന് നമ്മോട് പറയുന്നു മീരയാണ് കഥാകൃത്തിന്റെ നാക്ക്. കഥ നിർത്തിയതിനുശേഷം, ആ സവിശേഷ ബിന്ദുവിൽ നിന്നുകൊണ്ട് തുടക്കം മുതൽ ഒന്നുകൂടി വായിപ്പിക്കുകയും, വെറുതെ വായിച്ചു പോകാവുന്ന കഥയ്ക്ക് വിചിത്രങ്ങളായ പുതിയ അർത്ഥതലങ്ങൾ ചമയ്ക്കുകയും ചെയ്യുന്ന അസാധാരണമായ ഒരു കഥയാക്കി ഈ സൃഷ്ടിയെ മാറ്റുകയും ചെയ്തിരിക്കുന്നു അഷ്ടമൂർത്തി. “ഒറ്റ സ്നാപ്പിൽ വീടുകളുടെ ചിത്രമൊതുക്കി നീയ് ശീലാബതിയുടെ ജീവിതത്തിന് തെളിവ് ഉണ്ടാക്കി”. മീരയുടെ, കഥാകൃത്തിന്റെ, ഈ വാചകം വഴി നമ്മൾ മനസ്സിലാക്കുന്നു ആ പാർപ്പിട സമുച്ചയത്തിൽ ഒന്ന് ശീലാബതിയുയുടെതായിരുന്നു എന്ന്. തീർച്ചയായും അവയിൽ ഒന്നിൽ തന്നെയായിരുന്നല്ലോ ശീലാബതിയെക്കുറിച്ച് എല്ലാമെല്ലാമറിയുന്ന കൈമൾ സാറിന്റെയും താമസം!
കഥയുടെ ഏറ്റവും അവസാനത്തെ വാചകം, മുൻപ് പറഞ്ഞ എല്ലാ കാര്യങ്ങൾക്കും സാധൂകരണവും നൽകുന്നു. ഒരു സാധാരണ കഥയെ, ഒരൊറ്റ വാചകം മാത്രം കൊണ്ട് അസാധാരണ കഥയാക്കി മാറ്റിയ മായാജാലമാണ് എനിക്ക് കാണാനായത്.
- ഇസഹപുരാണം -അർജുൻ അരവിന്ദ്
താരതമ്യേന തുടക്കക്കാരനായ എഴുത്തുകാരന്റെ അത്ഭുതപ്പെടുത്തിയ കഥയാണ് മാധ്യമം വാരികയിൽ വന്ന ‘ഇസഹ പുരാണം’. കഥാകൃത്ത് അർജുൻ അരവിന്ദ്. തുടക്കം, ചലനം, ഒടുക്കം എല്ലാം നല്ലത്. നൂതനത്വമുള്ള ആശയം. യഥാതഥത്വവും, ഭ്രമകല്പനയും ഗംഭീരമായി ചേർത്ത് വെച്ച കഥ. ഒരു വേള, മാജിക്കൽ റിയലിസത്തിന്റെ സ്പർശം. യുക്തിയുടെ ചോദ്യങ്ങൾ വായനയെ തടസ്സപ്പെടുത്താൻ സമ്മതിക്കാതെ, ഭ്രമകല്പനയെ സത്യമെന്ന് തോന്നിപ്പിക്കുന്ന കഴിവുണ്ട്, കഥയിൽ സോഫിയയും പാമ്പും തമ്മിലെ ബന്ധം പറയുമ്പോൾ. മെലോഡ്രാമ ആകാതെ, വൈകാരികത എങ്ങനെ കഥയിൽ സന്നിവേശിപ്പിക്കാം എന്ന് കാണിച്ചു തരുന്നു കഥാകൃത്ത്. മനോഹരമാണിക്കഥ.
- കുളെ – മൃദുൽ വി എം ( സമകാലിക മലയാളം )
തുളുഭാഷയിൽ കുളെ എന്നാൽ പ്രേതം എന്നർത്ഥം. താരതമ്യേന അധികമാരും പറയാത്ത പ്രേതങ്ങളുടെ കല്യാണമാണ് കഥാവിഷയം. വടക്കൻ കാസറഗോഡ്, പ്രത്യേകിച്ചും തുളു സംസ്കൃതി പിന്തുടരുന്നവർക്കിടയിൽ നിലനിൽക്കുന്ന ആചാരമാണ് ഈ പ്രേതക്കല്യാണം. വ്യത്യസ്ത ഇല്ലങ്ങളിലും ഒരേ ജാതിയിലുമുള്ള ആത്മാക്കൾക്ക് മാത്രമേ വിവാഹം കഴിക്കാൻ പറ്റൂ എന്നാണ് ശാസ്ത്രം. കണിയാന്മാരാണ് ശാസ്ത്രജ്ഞർ. ജാതി തെറ്റിച്ചുള്ള ആത്മാക്കളുടെ കല്യാണക്കഥ പറയുമ്പോൾ, ഏതൊരു കല്യാണത്തിലും നടക്കുന്ന സ്വാഭാവികമായ ഒരു കാര്യം എന്ന് കരുതി വായനക്കാർ അതിന് പിന്നാലെ പോകുന്നു. രാഘവൻ നായരുടെ മകൻ രാജീവൻ നായരുടെയും താരതമ്യേന താഴ്ന്ന ജാതിയിലുള്ള മുന്ദന്റെ മകൾ ബീനയുടെയും – പ്രേതങ്ങളുടെ- കല്യാണം. മരിച്ചുപോയ മകന്റെ വധുവിന്റെ കഴുത്തിൽ താലി അണിയിക്കുന്ന അമ്മയെ വർണിച്ചിരിക്കുന്നത് നോക്കുക.
“സത്യഭാമ മുന്നോട്ട് വന്ന് ചേട്ടന്റെ കയ്യിൽ നിന്ന് മാല വാങ്ങി. കുനിഞ്ഞ് ബീനയുടെ കഴുത്തിൽ കെട്ടി. സ്വർണ്ണ നൂലിന്റെ അറ്റത്ത് ഒരു കക്കത്താലി കനമില്ലാതെ ഇളകിക്കിടന്നു. അന്നേരം ആൾരൂപത്തിൽ നിന്ന് ഒരാൾ സ്നേഹത്തോടെ തന്നെ തൊട്ടതായി അവർക്ക് തോന്നി. അവൾക്ക് കരച്ചിൽ വന്നു…. “
ഇതുപോലെ ഒരു പാരഗ്രാഫ് എഴുതുവാൻ ഏതൊരു കഥാകൃത്താവും ആഗ്രഹിക്കാതിരിക്കുക!
- മൂന്ന് വൃദ്ധന്മാരുടെ സായാഹ്നം – കെ വി പ്രവീൺ ( മാതൃഭൂമി )
അനുഭൂതിദായകമായ സൃഷ്ടികൾ രചിക്കുമ്പോൾ തങ്ങളുടെ കഥാപാത്രങ്ങൾക്ക് പേരുകൾപോലും ആവശ്യമില്ല എന്ന് കാണിച്ചുതരുന്നു പ്രതിഭാധനരായ എഴുത്തുകാർ. അത്തരത്തിലൊന്നാണ് ഈ കഥ. കഥാപാത്രങ്ങളുടെ പ്രായത്തിലേക്കാണ് വായനക്കാർ ചെന്നുചേരുന്നത്. അവരുടെ അതേ അവസ്ഥയിലേക്ക്. അപാരമായ വൈകാരിക്കാനുഭവമാണ് കഥ നൽകുന്നത്. നിസ്സംഗതയോടെ കഥാകൃത്ത് കൊണ്ടുവരുന്ന ചില ഉദാഹരണങ്ങൾ, ഉപമകൾ നിർത്തിയേടത്തുനിന്നും വീണ്ടും വീണ്ടും ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു വായനക്കാരെ.
- അഞ്ചാമത്തെ ദിക്ക് – ടി പി വേണുഗോപാലൻ (മാധ്യമം)
സ്വവർഗ്ഗ സ്നേഹിയായ പെൺകുട്ടിയുടെ ആത്മഹത്യയുടെ വിവര ശേഖരണത്തിനായി പോകുന്ന പത്രപ്രവർത്തകന് സംഭവിക്കുന്ന അപകടം. വധശ്രമത്തിൽ നിന്നും രക്ഷപ്പെടുമ്പോൾ, അവിചാരിതമായി കൊലയാളിയുടെ കൈ ഞരമ്പ് മുറിച്ചു പോകുന്നതും, തുടർന്ന് കഥാനായകൻ കടന്നു പോകുന്ന പിരിമുറുക്കവുമാണ് കഥ. രചനാചാതുരി , നാടകീയത, സ്വാഭാവികത, ഒഴുക്ക്, ഭാഷ ഇവയെല്ലാം സുന്ദരം. പക്ഷേ, ഒന്നും ഊഹിക്കാൻ പോലും സമ്മതിക്കാതെ, നിഗൂഢതയിലേക്ക് എടുത്തിടുന്ന കഥയാണിത് എന്ന് വായനക്കാരനറിയുന്നത് അവസാനമാണ്. വായിച്ച് പുസ്തകം മാറ്റി വെച്ച ശേഷവും നിങ്ങൾ ഓപ്പറേഷൻ തിയേറ്ററിന്റെ മുൻപിലെ ഇരുമ്പ് കസേരയിൽ തന്നെയാവും. അത്ഭുതത്തോടെ, പ്രതീക്ഷയോടെ, നിങ്ങളും റിച്ചിയെ കാത്തു നിൽക്കുകയാവും. കഴിവ്, പ്രതിഭ. അത് എന്താണെന്ന് കാണിച്ചു തരുന്ന മനോഹരമായ കഥ.
- നാലാമത്തെ യാത്ര – കരുണാകരൻ (ഭാഷാപോഷിണി)
പത്തു നാല്പത്തഞ്ച് വയസ്സായ ഒരാൾ കൗമാരകാലത്ത് തന്നെ വിട്ടുപോയ പിതാവ് ഒരിക്കൽ ജോലി ചെയ്തിരുന്ന സ്ഥലത്തേക്ക് അവിചാരിതമായി യാത്ര പോകുന്നതാണ് കഥ. അവിശ്വസനീയമാംവിധം പൂർണമായ രീതിയിലാണ് കഥയിലെ കേന്ദ്രകഥാപാത്രം രൂപപ്പെടുത്തപ്പെട്ടിരിക്കുന്നത്. കഥാപാത്രങ്ങളുടെ വികാരങ്ങൾ, ഭാവങ്ങൾ, മാനസികവ്യാപാരങ്ങൾ തുടങ്ങിയവയെ ഒക്കെയും വായനക്കാരിലേക്ക് സന്നിവേശിപ്പിക്കുന്നതിൽ വിജയിച്ച പല നല്ല കഥകളും ഇതിന് മുൻപും നമ്മൾ കണ്ടിട്ടുണ്ട്. പക്ഷേ കഥാപാത്രത്തിന്റെ കണ്ണുകൾ, ആ കണ്ണുകളിൽകൂടി കഥയെയും കഥാപാത്രങ്ങളെയും രംഗങ്ങളെയും കാണുക എന്നവിധത്തിൽ, വായനക്കാരനെ കഥാപാത്രമാക്കിമാറ്റിയ ഒരു കഥ വളരെ വിരളമായിരിക്കും.
കഥ തുടങ്ങുമ്പോൾ യാത്രക്കാരന്റെ കണ്ണുകളിൽ ഒരു കൗതുകമാണ്. പിന്നെ ആ കണ്ണുകളിൽ ഭീതിയും ജിജ്ഞാസയും നൈരാശ്യവും ഭൂതകാലത്തിലെ ഓർമ്മകളും ആ സമയത്തുള്ള സങ്കടവും നഷ്ടപ്പെടലുകളും തലോടലുകളും എല്ലാം കാണാം.
പല പല വികാരങ്ങൾ, ഒരു കഥാപാത്രത്തിന്റെ കണ്ണുകളിലൂടെ നമ്മെ കാണിക്കുന്നത്, സ്വാഭാവികമായ ഒഴുക്കോടെയാണ്. പരിപക്വമായ ഭാവുകത്വം. ഒരു വിധത്തിലും കൂടുതലോ കുറവോ ആകാത്ത നാടകീയത. ഇവകൊണ്ട് ഉണ്ടാക്കുന്നതോ, ഏറ്റവും ആഴത്തിലുള്ള വൈകാരികത.
കയറിൽ തൂങ്ങിക്കിടക്കുന്ന മൃതദേഹത്തെ കുറിച്ചുള്ള വിവരണം; ആ സമയത്തെ വീടിനെ കുറിച്ചുള്ള വിവരണം! വാക്കുകൾ കൊണ്ട് തീർത്തുവെക്കുന്ന അതിസുന്ദര ചിത്രം എന്നതിലുപരി, ദാർശനിക തലത്തിന്റെ, ഫിലോസഫിയുടെ വേറൊരു മാനവും കാണാം.
- ഇഫ്‌രീത്തെന്ന് പേരുള്ള പെൺജിന്നിന്റെ കഥ – ഫർസാന ( മാതൃഭൂമി )
നടന്ന സംഭവങ്ങളെ അതുപോലെ വിശദീകരിക്കുന്നത് ചെറുകഥയല്ല. കല്പിതകഥ എന്ന ഗണത്തിൽ പെടുത്താവുന്നതുമല്ല. അവ വസ്തുസ്ഥിതി കഥനം മാത്രമാണ്. സംഭവിക്കാത്ത ഒന്നിനെ യഥാർത്ഥം എന്ന രീതിയിൽ അവതരിപ്പിക്കുമ്പോഴും, യഥാർത്ഥമായി സംഭവിച്ചവയെ നുണയാക്കി മാറ്റുമ്പോഴും കല സാകല്യാവസ്ഥ പ്രാപിക്കുന്നു.
“അടുക്കളയോട് ചേർന്നുള്ള പുൽത്തകിടിയിലാണ് ഇപ്പോൾ കടൽ. അതിന്റെ ഏറ്റവും ആഴത്തിലൂടെ എന്റെ കൈകോർത്തുപിടിച്ചുകൊണ്ട് തിരക്കിട്ട് നീന്തുന്നുണ്ട് അപ്പാപ്പൻ. തെല്ലു മാറിയുള്ള ഭീമൻ കൊട്ടാരമാണ് ലക്ഷ്യം. ചുറ്റിലുമുള്ള വെൺ പവിഴക്കൂട്ടങ്ങൾ അനുസരണയോടെ വഴിമാറുന്നു. എന്നെ നോക്കിയെന്തോ അപ്പാപ്പൻ പറയാനാഞ്ഞതും ഷൗക്കത്തിന്റെ ഫോൺവിളിയെത്തി…
ഉടനടി കടൽ വറ്റി.. പുൽത്തകിടിയിൽ വെയിൽ കത്തിയാളി..!”
മാതൃഭൂമിയിൽ ഫർസാന എഴുതിയ ‘ഇഫ്‌രീത്ത് എന്ന് പേരുള്ള പെൺജിന്നിന്റെ കഥ’ ഇങ്ങനെയാണ് തുടങ്ങുന്നത്. കഥയിലുടനീളം വായനക്കാരൻ അനുഭവിക്കുന്ന അഭൗതിക അനുഭൂതിയുടെ ആരംഭമാണ് തുടക്കത്തിൽ നമ്മൾ കാണുന്നത്. അതീന്ദ്രിയമായ, സൂഫിസത്തിന്റെ ഛായയുള്ള, യുക്തിബോധത്തിൽ നിന്നും വായനക്കാരനെ സമർത്ഥമായി പാർശ്വസ്ഥിതരാക്കുന്ന, അവതരണം. തുടക്കത്തിൽ സൂചിപ്പിച്ച പോലെ, അസത്യത്തെ അതിസത്യമാക്കുന്ന കല.
യഥാതഥത്വവും ഭ്രമകല്പനയും ഒരുപോലെ സമ്മേളിക്കുന്ന മനോഹരമായ ആവിഷ്കാരമാണ് ഈ കഥ. ദുരൂഹതകളുടെ ദുർഗം. ആത്മാക്കളെ തേടിച്ചെന്ന് അവരോട് സംസാരിക്കാനുള്ള ദിവ്യശക്തി അപ്പാപ്പനിൽ നിന്നും നേടുന്നു കഥാനായിക. തികച്ചും ‘അസംബന്ധം ‘ എന്ന് വായനക്കാരന് ഉറപ്പുണ്ടായിരിക്കെത്തന്നെ, ഇത് സത്യം തന്നെ എന്ന് വിശ്വസിച്ചുപോകും വിധം മാന്ത്രികത്വം ഉള്ള അവതരണമാണിത്.
മികവുറ്റ ഒന്ന്!
- പൂച്ചകളുടെ തീവണ്ടി – എം നന്ദകുമാർ ( മാതൃഭൂമി )
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എം നന്ദകുമാർ എഴുതിയ ‘പൂച്ചകളുടെ തീവണ്ടി’ എന്ന കഥ അത്തരം മനോഹരമായ അനുഭൂതി പകർന്നു തന്ന ഒന്നാണ്. ഒരു കഥ എങ്ങനെ തുടങ്ങുന്നു, എങ്ങനെ വികസിക്കുന്നു, എങ്ങനെ പൂർണമാകുന്നു എന്നിവ ശ്രദ്ധിക്കുക. കഥയ്ക്കും കഥ പറയുന്ന രീതിക്കും ഒരേ താളം. ഒരേ വേഗം. മൂന്നു കഥാപാത്രങ്ങൾ കൊണ്ട് എഴുത്തുകാരൻ ജീവിതത്തെ വരയ്ക്കുന്നു. നിശ്ശബ്ദത എന്ന വാക്ക് കൊണ്ട് നിശ്ശ ബ്ദത അനുവാചകനെ അനുഭവിപ്പിക്കുന്നത് പ്രതിഭ ( Talent ) യാണ്. പക്ഷേ, ആ വാക്കിന്റെ സഹായമില്ലാതെ നിശ്ശബ്ദത അനുഭവിപ്പിക്കുന്നത് ധിഷണ(ജീനിയസ് )അല്ലാതെ വേറെന്ത്!
കഥാവസാനം, അമ്മയെവിടെ എന്ന ചോദ്യത്തിന്, ആ മുറിയിൽ ഊഞ്ഞാലാടുന്നു എന്ന് കുട്ടി പറയുമ്പോൾ, വായനക്കാർക്ക് സ്തോഭം. എങ്കിലും, കഥാകൃത്ത് ആ രംഗം ഒറ്റ വാചകത്തിൽ പറയുമ്പോൾ, ഇപ്പോൾ മാത്രമേ ഞങ്ങൾ ഇതറിയുന്നുള്ളൂ എന്ന മാനസികാവസ്ഥ.
കഥയുടെ ഒടുക്കം ഇങ്ങനെ.
“ചുവപ്പ്, നീല, പച്ച….. മൂന്ന് പെട്ടികൾ ഉള്ള തീവണ്ടി പൂച്ചകളെ കയറ്റി ഉരുണ്ടുവരുന്നു. മിന്നു ചിരിക്കുന്നു.”
കഥയിലെ മൂന്ന് കഥാപാത്രങ്ങളും കഥയാകെ തന്നെയും വായനക്കാരന്റെ മനസ്സിൽ ബാക്കിയാകുന്നു. കഥാകൃത്ത് എവിടെയോ പോയ്ക്കളഞ്ഞിരിക്കുന്നു…!
വീശിഷ്ടമായ ഒരു രചന!
ഓരോ കഥയുടെയും വായന എനിക്ക് തന്ന അനുഭൂതിയുടെ തോത് അനുസരിച്ചാണ് കഥകളെ ഇവിടെ പ്രസ്താവിച്ചിട്ടുള്ളത്. ഒരു വർഷത്തെ കണക്കെടുക്കുമ്പോൾ എനിക്ക് ഉൾക്കൊള്ളിക്കാൻ പറ്റിയ പത്തു കഥകൾ ഇത്ര മാത്രമാണ് എന്നതിന്, ഇവിടെ പറയാത്ത കഥകൾ എല്ലാം തീരെ ഇഷ്ടപ്പെടാത്തവയാണ് എന്നർത്ഥമില്ല. ഏറ്റവും മികച്ച പത്തെണ്ണം ഇവയാണ് എന്ന് മാത്രം പറയുന്നു. അപ്പോഴും, വ്യക്തിപരമായ ആസ്വാദനത്തിന്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടാണ് ഈ ഒരു അഭിപ്രായപ്രകടനം എന്നുള്ള കാര്യം വായനക്കാർ ശ്രദ്ധിക്കുക.
കവർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്