പൂമുഖം LITERATUREകവിത ആഗോളധൂമപാനം

ആഗോളധൂമപാനം

2 PM ന് ഒരാൾ കന്യാകുമാരി
മുനമ്പിൽ നിന്ന് ഒരു സിഗററ്റ്
കത്തിച്ച്
വലിക്കാനാരംഭിക്കുന്നു..
സമയത്തെ മാറ്റാതെ
പ്രദേശങ്ങളെ മാത്രം മാറ്റി മാറ്റി
അയാൾ അത് തുടരുന്നു ..
അടുത്ത പഫ് .. അതിനടുത്ത പഫ്
അങ്ങനെ അങ്ങനെ

2 PM നു തന്നെ
ഇന്തോനേഷ്യൻ തെരുവിൽ
പാമ്പിനേപ്പോൽ പുളഞ്ഞും
കൊണ്ടൊരു പഫ്
പപ്പാ ന്യൂ ഗിനിയയിലെ പബിൽ
കേറി
ഏതോ മദാലസ സംഗീതത്തിൽ
അടുത്ത പഫ്
കരീബിയൻ കടൽക്കരയിൽ
നഗ്നനായി മലർന്നു കിടന്ന്
അടുത്തടുത്ത പഫ്
കൊളംബിയയിലെ ഏതോ
ആളില്ലാത്ത ഗോൾ പോസ്റ്റിൽ
ചാരി ആഞ്ഞു വലിച്ചെടുത്ത
അവസാനത്തെ പഫ് ..
അറ്റ്ലാൻ്റിക് സമുദ്രത്തിനും
ആഫ്രിക്കൻ വൻകരക്കും മീതെ
മേഘം പോലെ

അയാൾ കുറ്റി വലിച്ചു തുടങ്ങിയ
അതേ മണ്ണിൽ തന്നെ
കുത്തിക്കെടുത്തുന്നു

അതേ 2 PM ന് അയാൾക്ക് ഒരു
ദിവസം നഷ്ടപ്പെട്ട ആധിയിൽ
പനിക്കുന്നു
ആയതിനാൽ
ഭൂമിയെ പരന്ന ഒരു
പാരാസെറ്റാമോൾ ആക്കി
മധ്യരേഖയിൽ വരഞ്ഞ്
പാതി
മൂന്നിൽ രണ്ടു വെള്ളത്തിൽ
വിഴുങ്ങുന്നു…
വിയർത്തുണരുന്നു ..

കവര്‍ ഡിസൈന്‍: വില്‍സണ്‍ ശാരദ ആനന്ദ്‌

Comments

You may also like