പൂമുഖം EDITORIAL എന്താണ് ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ സംഭവിക്കുന്നത്?

എന്താണ് ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ സംഭവിക്കുന്നത്?

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ ജോയിന്റ് ആക്ഷന്‍ കമ്മിറ്റി ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് ഇന്നലെ പുറത്തിറക്കിയ പത്രക്കുറിപ്പ്


ൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ മാര്‍ച്ച് 22ന് പോലീസും, സി.ആര്‍.പി.എഫും, റാപ്പിഡ് ആക്ഷന്‍ ഫോഴ്സും, സെക്യൂരിറ്റി ജീവനക്കാരും ചേര്‍ന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ആജ്ഞപ്രകാരം വിദ്യാര്‍ത്ഥികളെ ശാരീരികമായും, ലൈംഗികമായും പീഢിപ്പിച്ചതിനെ ജോയിന്റ് ആക്ഷന്‍ കമ്മിറ്റി ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് ശക്തമായി അപലപിക്കുന്നു. പോലീസ് വിദ്യാര്‍ത്ഥികളെയും വിദ്യാര്‍ത്ഥിനികളെയും മര്‍ദ്ദിക്കുമ്പോള്‍ തന്നെ ക്യാമ്പസിലെ അദ്ധ്യാപകരും ഇതേ പീഢനങ്ങള്‍ നേരിട്ടിരുന്നു. ലാത്തി ചാര്‍ജ്ജ് നടക്കുന്ന സമയത്ത് സി.ആര്‍.പീ.എഫും, ആര്‍.എ.എഫും നൂറ് കണക്കിന് വരുന്ന വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചിരുന്നത് അവര്‍ ‘രാജ്യദ്രോഹികളാണ്’ എന്ന് വിളിച്ചു പറഞ്ഞുകൊണ്ടും, അവര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുമായിരുന്നു. ഡിപ്പാര്‍ട്ട്മെന്റിന് പുറത്തിറങ്ങിയവരെ പോലും അകത്ത് പോയിരുന്ന് പഠിക്കാന്‍ ആവശ്യപ്പെട്ട് പോലീസ് ക്രൂരമായി മര്‍ദ്ദിച്ചു. വിദ്യാര്‍ത്ഥിനികള്‍ ആണ്‍ പോലീസുകാരാല്‍ മര്‍ദ്ദിക്കപ്പെട്ടു. ഹോസ്റ്റല്‍ കോമ്പൗണ്ടില്‍ നിന്ന് വിദ്യാര്‍ത്ഥികളെ നിര്‍ബന്ധപൂര്‍വ്വം പുറത്തിറക്കുകയും അവരെ രണ്ട് കിലോമീറ്ററോളം ഓടിച്ചിട്ട് പിടിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. പല വിദ്യാര്‍ത്ഥികള്‍ക്കും മാരകമായി പരിക്കേല്‍ക്കുകയും, അവരെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പോലീസ് ആക്രമണത്തിന്റെ വീഡിയോ ചിത്രീകരിച്ച പല വിദ്യാര്‍ത്ഥികളുടേയും മൊബൈല്‍ ഫോണുകള്‍ പോലീസ് പിടിച്ചെടൂത്തു. ലാത്തിച്ചാര്‍ജ്ജ് കഴിഞ്ഞ സമയത്തും, ആള്‍ക്കൂട്ടം ഒഴിഞ്ഞ് പോയപ്പോഴും തനിച്ച് നിന്നിരുന്ന വിദ്യാര്‍ത്ഥികളെ വരെ പോലീസ് മൃഗീയമായി മര്‍ദ്ദിച്ചു. മുന്‍ കൂട്ടി തീരുമാനിക്കപ്പെട്ട ലിസ്റ്റ് പ്രകാരമുള്ള അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും പിടികൂടാന്‍ പോലീസ് ഹോസ്റ്റലുകള്‍ റെയ്ഡ് ചെയ്തു. ആ ലിസ്റ്റ് വൈസ് ചാന്‍സലര്‍ അപ്പാറാവു കൈമാറിയതാണെന്ന് മാധ്യമങ്ങള്‍ ഇതിനോടകം തന്നെ പറഞ്ഞിട്ടുണ്ട്.

ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ മൂന്ന് പ്രോഫസര്‍മാരടക്കം മുപ്പത്തിയറ് വിദ്യാര്‍ത്ഥികളെ ഇതിനോടകം ഇവിടെ നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. പോലീസ് വാനിനകത്ത് വച്ചു പോലും അവര്‍ മൃഗീയമായ മര്‍ദ്ദനനങ്ങള്‍ക്ക് ഇരയാകപ്പെട്ടിട്ടുണ്ട്. മിയാപൂരിലെയും നരസിങ്ങിലെയും പോലീസ് സ്റ്റേഷനിലാണ് അവരുള്ളതെന്ന വിവരം ഇതിനോടകം ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. പോലീസ് ഞങ്ങളോട് കളവ് പറഞ്ഞത്, അവര്‍ മിയപൂര്‍ സ്റ്റേഷനില്‍ പോയിരുന്നുവെന്നും അവിടെ ആരെയും പിടിച്ചുവെച്ചിട്ടുണ്ടായിരുന്നില്ല എന്നുമായിരുന്നു.

കാമ്പസിലെ സാഹചര്യം അടിയന്തിരാവസ്ഥയ്ക്ക് തുല്യം

വൈസ് ചാന്‍സലര്‍ അപ്പാ റാവു കാമ്പസിനകത്ത് പ്രവേശിച്ച നിമിഷം, ആദ്യം കാമ്പസിലെ ഇന്റര്‍നെറ്റ് കണക്ഷന്‍ പൂര്‍ണ്ണമായും വിച്ഛേദിക്കപ്പെടുകയാണ് ചെയ്തത്. അതിന് ശേഷം മെസ്സുകള്‍ അടച്ചുപൂട്ടി, വെള്ളവും, ശൗച്യാലയങ്ങളും അതിന് തൊട്ടുപുറകെ നിഷേധിക്കപ്പെട്ടു. ഒരു ദിവസത്തെ മൃഗീയമായ പോലീസ് ആക്രമണത്തിന് ശേഷം ഞങ്ങള്‍ ഭക്ഷണവും വെള്ളവും ശൗച്യാലയങ്ങളുമില്ലാത്തെ ഒരു രാത്രി കഴിച്ചു നീക്കി. ഇന്ന് ഞങ്ങള്‍ സ്വന്തമായി ഭക്ഷണം പാകം ചെയ്യുകയാണ്. തിങ്കളാഴ്ച വരെ അപ്പാറാവു ക്ലാസുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നു.

എന്തുകൊണ്ടാണ് അപ്പാറാവു 22ന് കാമ്പസിലേക്ക് വന്നത്?

വിപിന്‍ ശ്രീവാസ്തവ ലീവില്‍ പോയതിന് ശേഷം, പ്രൊഫ.പെരിയസ്വാമി വി.സിയായി അധികാരമേറ്റ ശേഷം യുണീവേഴ്സിറ്റി ശാന്തമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. 23ന് അക്കാഡമിക് കൗണ്‍സിലിന്റെ ഒരു മീറ്റിങ്ങ് ഉണ്ടായിരുന്നു. പെരിയസ്വാമിക്ക് മൂന്ന് അജണ്ടകളായിരുന്നു അതില്‍ നടപ്പാക്കാനുണ്ടായിരുന്നത്.

1. യൂണിവേഴ്സിറ്റിയില്‍ ഒരു ആന്റി ഡിസ്ക്രിമിനേഷന്‍ സെല്‍ സ്ഥാപിക്കുക.
2. എല്ലാ ഒഫീഷ്യല്‍ യൂണിവേഴ്സിറ്റി കമ്മിറ്റികളിലും എസ്.സി/എസ്.ടി-സ്ത്രീ പ്രാതിനിധ്യം നിര്‍ബന്ധിതമാക്കുക.
3. നെറ്റ് യോഗ്യത ഇല്ലാത്ത ഗവേഷണ വിദ്യാര്‍ത്ഥികളുടെ ഫെലോഷിപ്പ് പ്രതിമാസം എണ്ണായിരത്തില്‍ നിന്ന് ഇരുപത്തയ്യായിരമാക്കി വര്‍ദ്ധിപ്പിക്കുക.

മുന്‍കൂട്ടി അറിയിക്കാതെ അപ്പാ റാവു ചാര്‍ജ്ജെടുത്തത് ഇതോട് കൂടിയാണ്. അതോടെ വി.സിയുടെ ചാര്‍ജ്ജ് വഹിക്കുന്ന പ്രൊഫ. പെരിയസ്വാമിക്ക് ഹോളിയുടെ പേര് പറഞ്ഞ് ഈ മീറ്റിങ്ങ് മാറ്റി വയ്ക്കേണ്ടി വന്നു.

വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും മുന്‍കൂട്ടി ഒരു വിവരവും നല്‍കാതെ അദ്ദേഹം പല കാര്യങ്ങളും നടത്തി, അത് ക്യാമ്പസിനകത്തെ ക്രമസമാധാനം നഷ്ടപ്പെടുത്തി. അനദ്ധ്യാപകരുമായി സഹകരണത്തോടെയാണ് ഈ പ്രവര്‍ത്തനങ്ങളെല്ലാം അദ്ദേഹം നടപ്പിലാക്കിയിരിക്കുന്നതെന്ന് തെളിഞ്ഞിരിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും മേലുള്ള വി.സിയുടെ അധികാര ദുര്‍വ്വിനിയോഗമാണിത്.

എന്തുകൊണ്ടാണ് ഞങ്ങള്‍ അപ്പാ റാവുവിനെതിരെ പ്രതിഷേധിക്കുന്നത്?

രോഹിത് വെമുലയെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ച് അത്മഹത്യയിലേക്ക് നയിച്ച് ഇന്‍സ്റ്റിറ്റ്യൂഷണല്‍ കൊലപാതകത്തിന് കാരണക്കാരനായ അപ്പാ റാവുവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ത്യ മുഴുവന്‍ പ്രതിഷേധങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. എസ്.സി/എസ്.ടി ആക്ട് പ്രകാരം അദ്ദേഹത്തിനെതിരെ കേസെടുത്തിട്ടുണ്ട്. ഞങ്ങള്‍ അദ്ദേഹത്തിന്റെ രാജിയും, അറസ്റ്റുമാണ് ആവശ്യപ്പെടുന്നത്. അദ്ദേഹത്തിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജാമ്യാപേക്ഷ കോടതി തള്ളിയതുമാണ്. അതോടെയാണ് അപ്പാ റാവു നീണ്ട അവധിയില്‍ പ്രവേശിച്ചത്. ഒരു ജുഡീഷ്യല്‍ കമ്മിറ്റി രോഹിത് വെമുലയുടെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ കൊലപാതകത്തെ കുറിച്ച് അന്വേഷിക്കുന്നുമുണ്ട്. രോഹിത് വെമുലയ്ക്ക് നീതി ലഭിക്കണം. അതാണ് ഞങ്ങളുടെ ആവശ്യം.

അവസാനത്തെ രണ്ട് മാസക്കാലം, എച്ച്.ആര്‍.ഡി മന്ത്രിയില്‍ നിന്നും, മറ്റ് ബി.ജെ.പി മന്ത്രിമാരില്‍ നിന്നും, പോലീസില്‍ നിന്നും, മറ്റ് സംസ്ഥാനാധികാരികളില്‍ നിന്നും ഈ കേസുമായി ബന്ധപ്പെട്ട പലതും മറച്ച് വെയ്ക്കാനും, ചിലത് കൃത്രിമമായി ചിത്രീകരിക്കാനുമുള്ള ശ്രമങ്ങളുണ്ടായി. തെളിവുകള്‍ മറച്ച് വെയ്ക്കപ്പെട്ടു, രോഹിത്തിന്റെ ജാതിയെ കുറിച്ചും മറ്റും ആശയക്കുഴപ്പങ്ങളുണ്ടാക്കി.

രോഹിത്തിന്റെ മരണത്തിന് പ്രധാന കാരണക്കാരന്‍ അപ്പാ റാവുവാണ്. പോലീസ് കമ്മീഷണര്‍ സി.വി.ആനന്ദിന്റെ സാക്ഷ്യപത്രമടക്കം നിരവധി രേഖകളും തെളിവുകളും ഒളിച്ചുവച്ചതില്‍ കുറ്റക്കാരനാണ് അദ്ദേഹം. എങ്ങനെയാണ് അത്തരമൊരാള്‍ക്ക് അതേ കേസില്‍ അന്വേഷണം നടക്കുമ്പോള്‍ തിരിച്ച് വന്ന് ഈ സ്ഥാപനത്തിന്റെ ഭരണത്തിലിരിക്കാന്‍ സാധിക്കുക? അദ്ദേഹം തിരിച്ചുവന്നിരിക്കുന്നത് ജുഡീഷ്യല്‍ കമ്മീഷനെ സ്വാധീനിക്കാനാണ്, ചില വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും, ജീവനക്കാരെയും ഭീഷണിപ്പെടുത്താനാണ്, തെളിവുകള്‍ നശിപ്പിക്കാനാണ്.

എല്ലാ ദിവസവും അവര്‍ ഭരണകൂടത്തിന്റെയും രാഷ്ട്രീയപാര്‍ട്ടികളുടെയും ചങ്ങാത്തത്തിലൂടെ ഞങ്ങള്‍ക്ക് നേരെ ശക്തി കാണിക്കുന്നു. ഞങ്ങളെ ഭയപ്പെടുത്തി ഞങ്ങളുടെ പോരാട്ടം അവസാനിപ്പിക്കാന്‍ അവര്‍ അവരുടെ ലാത്തി കൊണ്ട് ഞങ്ങളെ ആക്രമിക്കുന്നു. ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആ ഭീഷണി തിരിച്ചറീയാനാവുന്നുണ്ടെങ്കിലും ഇനി എത്ര തന്നെ ആക്രമണങ്ങളുണ്ടായാല്‍ പോലും ഞങ്ങളുടെ നിശ്ചയദാര്‍ഢ്യം ഈ പോരാട്ടം അവസാനിപ്പിക്കാന്‍ അനുവദിക്കില്ല.

ഞങ്ങള്‍ നീതിക്ക് വേണ്ടി പൊരുതുക തന്നെ ചെയ്യും!!
ഞങ്ങള്‍ രോഹിത്തിന് വേണ്ടി പൊരുതിക്കൊണ്ടിരിക്കും!!
സാമൂഹ്യനീതിക്കും ജനാധിപത്യത്തിനും സമത്വത്തിനും വേണ്ടി പോരാടും!!


01

ക്യാമ്പസിന് പുറത്ത് വിന്യസിക്കപ്പെട്ടിരിക്കുന്ന പോലീസ്

റ്റൊരു എഫ്.ഐ.ആര്‍ കൂടി ഇന്ന് രാവിലെ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നു. ഐ.പി.സി സെക്ഷന്‍ 8 പ്രകാരവും, പി.ഡി.പി.പി ആക്ട് പ്രകാരവുമാണ് ഒമ്പത് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കൂന്നത്. ഈ വകുപ്പുകള്‍ ജാമ്യമില്ലാത്തവയാണ്. പ്രതിഷേധിച്ചു കൊണ്ടിരിക്കുന്ന മറ്റ് വിദ്യാര്‍ത്ഥികളോട് തിങ്കളാഴ്ച വരെ കാമ്പസിന് പുറത്ത് പോവണമെന്ന ഭീഷണി ഉയര്‍ത്തിയിട്ടുണ്ട്. അല്ലാത്ത പക്ഷം ഏത് നിമിഷവും അറസ്റ്റ് ഉണ്ടാവാം. അറസ്റ്റ് ചെയ്യപ്പെടുകയാണെങ്കില്‍ കോടതി അവധിയിലായതിനാല്‍ തിങ്കളാഴ്ച വരെ റിമാന്റ് ചെയ്യപ്പെടാനുമുള്ള സാധ്യതയാണ് ഇപ്പോള്‍ ക്യാമ്പസിനകത്ത് കാണുന്നത്.

02

വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ക്യാമ്പസിന് പുറത്ത് ഭക്ഷണം പാകം ചെയ്യാനെത്തിയ സാധനങ്ങള്‍

വൈഖരി ആര്യാട്ട്

േഡീസ് ഹോസ്റ്റലിന്റെ സൗത്ത് മെസ്സില്‍ ഇപ്പോള്‍ കുടിവെള്ളം ലഭ്യമായിട്ടുണ്ട്. വൈദ്യുതിയും വൈ ഫൈയും നീണ്ട് 48 മണിക്കൂറീന് ശേഷം പുനഃസ്ഥാപിക്കപ്പെട്ടിരിക്കുന്നു. ഇത് ഇങ്ങനെ തന്നെ തുടരുമോ എന്ന് ഞങ്ങള്‍ക്കറിയില്ല. മെസ്സും രണ്ട് ദിവസങ്ങള്‍ക്ക് ശേഷം തുറക്കപ്പെട്ടിരിക്കുന്നു. ലേഡീസ് ഹോസ്റ്റലിലെ സൗത്ത് മെസ്സ് പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. എന്തിനാണ് കഴിഞ്ഞ ദിവസം നിങ്ങള്‍ ഇവിടെ നിന്ന് പോയതെന്ന് അവരോട് ചോദിച്ചപ്പോള്‍ അവര്‍ക്ക് മറുപടി നല്‍കാനോ ഞങ്ങളുടെ കണ്ണുകളിലേക്ക് നോക്കാനോ കഴിഞ്ഞില്ല. അവര്‍ക്കെന്ത് ചെയ്യാന്‍ കഴിയും? അവരില്‍ പലരും ദിവസവേതനം കൈപ്പറ്റുന്നവരാണ്. അവരുടെ അന്നത്തിലാണ് സമ്മര്‍ദ്ദം. അവരും ഈ വ്യവസ്ഥിതിയുടെ ഇരകളാണ്, ഞങ്ങളെപ്പോലെ.

ലഭ്യമായ സാധനങ്ങളോടെ കഴിഞ്ഞ ദിവസം ലേഡീസ് ഹോസ്റ്റലിലുള്ളവര്‍ക്ക് വേണ്ടി ഞങ്ങള്‍ സൗത്ത് മെസ്സില്‍ ഭക്ഷണം പാക ംചെയ്തു. 7 ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ക്കും അത് തികയുമായിരുന്നില്ല. അതിനാല്‍ ഞങ്ങളില്‍ ചില കമ്മ്യൂണിറ്റി കിച്ചണിലേക്ക് പോയി. പോലീസ് ആ സമയത്തും അവിടെ കുടിവെള്ളം പങ്കു വയ്ക്കുന്നതും, വീട്ടുകാരെ ഫോണില്‍ വിളിക്കുന്നതും, പരസ്പരം ആശ്വസിപ്പിക്കുന്നതുമായ ദേശദ്രോഹപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതും നോക്കി കറങ്ങി നടപ്പുണ്ടായിരുന്നു. എനിക്കറീയില്ല, എന്തിനാണ് ഉദയഭാനുവിനെ മൃഗീയമായി അവര്‍ മര്‍ദ്ദിച്ചതെന്ന്. വിശക്കുന്നവര്‍ക്ക് ഭക്ഷനമുണ്ടാക്കി എന്നത് മാത്രമേ അവന്‍ ചെയ്തിരുന്നുള്ളൂ.

ചില വിദ്യാര്‍ത്ഥികളുറ്റെ ഭക്ഷണപ്പൊതികള്‍ വരെ പോലീസ് ഇന്നലെ പരിശോധിച്ചു. അവര്‍ക്ക് സംശയം ബീഫ് കൊണ്ടു പോകുന്നുണ്ടോ എന്നതായിരുന്നു. അതെ, അവര്‍ ഭയക്കുന്നുണ്ട്. ഇത് ഹൈദരാബാദ് യൂണിവേഴ്സിറ്റിയാണ്. ഞങ്ങള്‍ ബീഫ് രാഷ്ട്രീയം മറ്റിടങ്ങളിലേതിനേക്കാള്‍ ഉറക്കെ സംസാരിച്ചിട്ടുണ്ട്. അവര്‍ ഭയക്കുന്നതില്‍ എനിക്ക് അഭിമാനമുണ്ട്. അവര്‍ ഭയക്കണം.

ഉദയ് ഭാനു ഇപ്പോള്‍ ഐ.സി.യുവിലാണ്. ഞങ്ങള്‍ ഇതിനകത്തും. പുറത്തുള്ളവര്‍ക്ക് അകത്ത് പ്രവേശിക്കാണ്‍ അനുവാദമില്ല. ഇപ്പോഴിതൊരു ദ്വീപാണ്. പോലീസിനാല്‍ ഭരിക്കപ്പെടുന്ന ദ്വീപ്. വിദ്യാര്‍ത്ഥികളേക്കാള്‍ അധികം പോലീസ്. രോഹിതിന്റെ അമ്മയും സഹോദരനും ഇന്നലെ രാത്രി മുതല്‍ യൂണിവേഴ്സിറ്റിയുടെ പ്രധാനഗെയിറ്റിന് മുന്നില്‍ തന്റെ മകന്റെയും സഹോദരന്റെയും മരണത്തിന് കാരണക്കാരനായവന്റെ അറസ്റ്റിന് വേണ്ടി പ്രതിഷേധിക്കുകയാണ്. പോലീസ് വിദ്യാര്‍ത്ഥിനികളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നു. മുസ്ലീം വിദ്യാര്‍ത്ഥികലെ ഭീകരരെന്ന് ആര്‍ത്ത് വിളിക്കുന്നു. അവര്‍ക്ക് നീതി നടപ്പാക്കാനാവില്ല. എസ്.സി/എസ്.ടി നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത അപ്പാ റാവുവിനെ അവര്‍ക്ക് അറസ്റ്റ് ചെയ്യാന്‍ കഴിയില്ല. അയാല്‍ തന്റെ അധികാരം തന്റെ തന്നെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഉപയോഗിക്കുന്നു. തന്റെ തന്നെ സഹപ്രവര്‍ത്തകര്‍ക്ക് നേരെ ഉപയോഗിക്കുന്നു.

ഇല്ല ഈ ക്യാമ്പസ് പഴയത് പോലെ ആയില്ല്ല ഇതുവരെ.

06

കഴിഞ്ഞ ദിവസം മനുഷ്യാവകാശ കമ്മീഷനയച്ച പരാതി

05

ജിതിന്‍ ജി കൂതാളി

ക്ഷണവും വെള്ളവും ഇന്ന് രാവിലെ മുതല്‍ പുനഃസ്ഥാപിക്കപ്പെട്ടിരിക്കുന്നു. മനുഷ്യാവകാശ ലംഘനത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതോടെ മെസ്സും തുറന്ന് തരാന്‍ അധികൃതര്‍ തയ്യാറായി. ജയിലിനകത്ത് പോലും ഈ സൗകര്യങ്ങള്‍ നിഷേധിക്കപ്പെടാറില്ല. ഇനിയും ഉച്ചത്തില്‍ നമുക്ക് വിളിച്ചു പറഞ്ഞുകൊണ്ടിരിക്കാം. നിയമപരമായി ഭീഷണിപ്പെടുത്തിയതുകൊണ്ട് മാത്രമാണ് ഈ സൗകര്യങ്ങള്‍ ഇവര്‍ പുനഃസ്ഥാപിച്ചിരിക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ ഭക്ഷണത്തിനാവശ്യമായ സാധനങ്ങള്‍ കൊണ്ടു പോവുന്നു

വിദ്യാര്‍ത്ഥികള്‍ ഭക്ഷണത്തിനാവശ്യമായ സാധനങ്ങള്‍ കൊണ്ടു പോവുന്നു

അര്‍പ്പിത ജയ

പ്പാ റാവുവിനെ വി സിയായി ഞങ്ങള്‍ അംഗീകരിക്കില്ല

ഞങ്ങള്‍ക്ക് രോഹിത്തിനെ നഷ്ടപ്പെട്ടു. ഞങ്ങളുടെ ഭക്ഷണം പാകം ചെയ്യാനും, കഴിക്കാനുമുള്ള അവകാശം ഹനിക്കപ്പെട്ടു. വെള്ളവും വൈദ്യുതിയും വിച്ഛേദിച്ചു. ഞങ്ങളുടെ എ ടി എം കാര്‍ഡുകള്‍ ബ്ലോക്കായി. നിരവധി എഫ്.ഐ.ആരുകള്‍ ഞങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. എ.ബി.വിപിയു, സര്‍വ്വകലാശാലാ അധികൃതരും ലക്ഷ്യം വയ്ക്കേണ്ട വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഞങ്ങളുമായി ബന്ധപ്പെടാനുള്ള വിവരങ്ങള്‍ മുഴുവന്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ പോലീസിന് കൈമാറിയിരിക്കുന്നു. ക്യാമ്പസ് മുഴുവനും പോലീസാണ്. അറസ്റ്റ് ചെയ്യപ്പെടുന്നവരെ മുഴുവന്‍ ചെര്‍ലപ്പള്ളി ജയിലിലേയ്ക്കയക്കുന്നു. ഞങ്ങളുടെ വക്കീലിനെ പോലും ഒരു വിവരവും അറിയിക്കുന്നില്ല, ഏത് മജിസ്ട്രേറ്റിനടുത്താണെന്ന് പോലും. 51 പേര്‍ക്കെതിരെയുള്ള പുതിയ എഫ് ഐ ആര്‍ തയ്യാറായിക്കൊണ്ടിരിക്കുന്നതായി വിവരം ലഭിച്ചിരിക്കുന്നു. അവര്‍ ഞങ്ങളെ ഓരോരുത്തരെയും വേട്ടയാടിക്കൊണ്ടിരിക്കും. കാരണം ഞങ്ങള്‍ രോഹിത്തിന് നീതി ആവശ്യപ്പെടുകയാണ്.
കൂടുതല്‍ ജയിലുകള്‍ ഹിന്ദു ഇന്ത്യയില്‍ പണിതുയര്‍ത്താനുള്ള സമയമാണിത്. നിങ്ങള്‍ ഞങ്ങളെ അറസ്റ്റ് ചെയ്താലും ഞങ്ങള്‍ ഒരടി പോലും പിന്നോട്ടില്ല. നിങ്ങള്‍ക്ക് ഞങ്ങളെ മാത്രമെ കൊല്ലാന്‍ കഴിയൂ, ഞങ്ങളുടെ ആശയങ്ങളെ കൊല്ലാനാവില്ല. ഞങ്ങള്‍ ബ്രാഹ്മണിക്കല്‍ ഫാസിസത്തിനെതിരെയും അതിന്റെ പല്ലുകള്‍ക്കും നഖങ്ങള്‍ക്കുമെതിരെയും പൊരുതും.

04

അടഞ്ഞ് കിടന്നിരുന്ന മെസ്സ്


 

Comments
Print Friendly, PDF & Email

You may also like