മംഗൽദായിയിൽ എത്തി ബി.എഡ് അഡ്മിഷന്‍റെ സ്ഥിതിഗതികളെല്ലാം അറിഞ്ഞ ഞങ്ങൾ പിറ്റേന്ന് രാവിലെ ഗോഹട്ടിയിലേക്ക് ഒരു യാത്ര നടത്തി. എൽ. ഐ. സി. ഓഫീസാണ് ലക്ഷ്യം. അസം ഭീകര പ്രവർത്തനങ്ങൾ നടക്കുന്ന ഇടമായതിനാൽ ഒരു പോളിസിയെടുത്തുകളയാം എന്നു കരുതിയൊന്നുമല്ല കേട്ടോ ഈ യാത്ര. അവിടെ ബന്ധപ്പെടാൻ ദേവൻ സംഘടിപ്പിച്ചു തന്ന ഒരെഴുത്ത് കൈയ്യിലുണ്ട്. അഡ്മിഷൻ കാര്യത്തിൽ അവർക്ക് ഞങ്ങളെ സഹായിക്കാൻ കഴിയുമോ എന്നറിയണം. അത്രമാത്രം. എവിടെയും സീറ്റ് കിട്ടാതാകുമ്പോൾ അവരെ സമീപിച്ച് സാധ്യതകൾ ആരാഞ്ഞിട്ട് കാര്യമില്ലല്ലോ.
ബസ്സ് യാത്രക്കിടയിൽ കടകളുടെ ബോർഡുകളിലുള്ള കാംരൂപ് എന്ന സ്ഥലപ്പേര് ശ്രദ്ധയിൽപ്പെട്ടു. ഏറെ വർഷങ്ങൾക്ക് മുമ്പ് അസം കാംരൂപ് എന്നാണല്ലോ അറിയപ്പെട്ടിരുന്നത് ! കോതങ്കലിലെ രമേശൻ അവന്‍റെ അസം സുഹൃത്തായ മണ്ടുനാഥിനെ പരിചയപ്പെടുത്താനായി എഴുതിയ കത്തിലെ അഡ്രസ്സിൽ കണ്ട സ്ഥലമാണിതെന്ന കാര്യം ഞാൻ പവിത്രനുമായി പങ്കുവെച്ചു. അത്യാവശ്യം വന്നാൽ മാത്രം ആ സുഹൃത്തിനെ കാണാൻ പോകാമെന്നായിരുന്നു ഞങ്ങളുടെ തീരുമാനം.
ഇനി അധിക ദൂരമില്ല ബ്രഹ്മപുത്രയുടെ തെക്കേക്കരയിലുള്ള ഗോഹട്ടിയിലേക്ക്. കേരളത്തിനൊപ്പം തന്നെ പിറവിയെടുത്ത ഒരു സംസ്ഥാനമായ അസമിലെ പ്രധാന നഗരമാണ് ഗോഹട്ടി. കാംരൂപ് ജില്ലയിലാണിത്. ഇവിടെ നിന്നും അസമിന്‍റെ തലസ്ഥാനമായ ദിസ്പൂർ ഏകദേശം എട്ട് കി.മീ. അകലെയാണ്. 1972 ൽ മേഘാലയ സംസ്ഥാനം രൂപീകരിച്ചപ്പോഴാണ് ഷില്ലോങ്ങിൽ നിന്ന് തലസ്ഥാനം ദിസ്പൂരിലേക്ക് മാറ്റിയത്.
മൃഗങ്ങളെ ബലിയർപ്പിക്കുന്ന ഒരു ക്ഷേത്രമുണ്ട് ഗോഹട്ടിക്കടുത്ത്. നീലാചൽകുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന കാമാഖ്യ ക്ഷേത്രം. കല്ലിൽ കൊത്തിയ യോനിയാണ് ഇവിടുത്തെ പ്രതിഷ്ഠ. വർഷത്തിലൊരിക്കൽ ദേവിയുടെ ആർത്തവ ദിനങ്ങളിലാണ് ഇവിടെ പ്രശസ്തമായ ‘അംബുബാച്ചി’ ഉത്സവം നടക്കുന്നത്. ഇവിടെ നിന്നുള്ള ഗോഹട്ടി നഗരത്തിന്‍റെ കാഴ്ച അതിമനോഹരമാണ്. കാമാഖ്യ കൂടാതെ ഉഗ്രതാര, നവഗ്രഹ തുങ്ങി ഒട്ടേറെ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നതിനാൽ ക്ഷേത്രങ്ങളുടെ നഗരമെന്നും ഗോഹട്ടി അറിയ പ്പെടുന്നുണ്ട്.
ബസ്സിറങ്ങി നടന്ന് എൽ. ഐ. സി. ഓഫീസ് കണ്ടെത്തി. ഞങ്ങളെ അവർ വലിയ സന്തോഷത്തോടെ സ്വീകരിക്കുകയും കാര്യങ്ങൾ ചോദിച്ചറിയുകയുമെല്ലാം ചെയ്തിരുന്നു. അവിടുത്തെ ബി.എഡ് അഡ്മിഷനെക്കുറിച്ച് അവർക്ക് വ്യക്തമായ ധാരണയില്ലെന്നറിഞ്ഞതോടെ ആ വഴി ഞങ്ങൾ ഉപേക്ഷിച്ചു.
തിരിച്ചുവരുമ്പോൾ നല്ല ദാഹവും വിശപ്പും. ബസ് ഒരിടത്ത് അല്പനേരം നിർത്തിയിട്ടപ്പോൾ പുറത്തുള്ള ഒരു പയ്യനിൽ നിന്നും ഞങ്ങൾ രണ്ട് ഇളനീർ വാങ്ങി. അമ്പത് രൂപയും കൊടുത്തു. ബസ്സ് പുറപ്പെടുന്നത് കണ്ട് ബാക്കി ഇരുപത് രൂപ തിരിച്ചു തരാതെ ഞങ്ങളെ കബളിപ്പിക്കാൻ അവനൊരു ശ്രമം നടത്തി. പവിത്രൻ ഭായ് ബസ് നിർത്തിച്ച് പുറത്ത് ചാടി അവനെ പിടിച്ച് പൈസയും കൈക്കലാക്കി പോന്നത് മറക്കാൻ കഴിയാത്ത ഒരനുഭവം തന്നെയാണ്.
ഏറെക്കാലമായി വിഘടനവാദത്തിന്‍റെയും വംശവെറിയുടെയും പേരിലുള്ള പ്രക്ഷോഭങ്ങളുടെയും കൂട്ടക്കൊലകളുടെയും വിളനിലമായി മാറിയ ഒരിടമാണ് അസം. ഞങ്ങളിവിടേക്കുള്ള യാത്രയെക്കുറിച്ച് ആലോചിക്കുമ്പോഴും ഉൾഫയുടെ തീവ്രവാദ പ്രവർത്തനങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും മറ്റും വാർത്തകൾ മലയാള പത്രങ്ങളിലും ഇടം നേടാറുണ്ടായിരുന്നു.
ഈ മംഗൽദായിയുടെ മണ്ണിന് അസമിൽ ഉയർന്നു വന്ന മണ്ണിന്‍റെ മക്കൾവാദവുമായി വലിയ ബന്ധമുണ്ടല്ലോ. 1979 ൽ മംഗൽദായ് പാർലമെന്റ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന് വേണ്ടി തയ്യാറാക്കിയ വോട്ടർ പട്ടിക അനധികൃത കുടിയേറ്റക്കാർ കൂടി ഉൾപ്പെട്ടിരുന്നതിനാല്‍ അതിവിപുലമായിരുന്നു. ഇത് വിദ്യാര്‍ത്ഥി പ്രസ്ഥാനമായ ഓള്‍ അസം സ്റ്റുഡന്റ്സ് യൂണിയ(AASU)നെ പ്രകോപിപ്പിച്ചു. പ്രക്ഷോഭത്തിനൊരുങ്ങിയ ഇവർക്ക് ഓൾ അസം ഗണ സംഗ്രാം പരിഷത്തിന്‍റെ കൂടി പിന്തുണയുണ്ടായിരുന്നു. ഈ പ്രക്ഷോഭത്തിന്‍റെ ഭാഗമായി നടന്ന നെല്ലി കലാപം സ്വതന്ത്രഭാരതം കണ്ട ഏറ്റവും വലിയ മനുഷ്യത്വരഹിത കൂട്ടക്കുരുതിയായിരുന്നു.1985 ൽ അസം കരാർ നിലവിൽ വന്നതോടെയാണ് ആ പ്രക്ഷോഭം താത്ക്കാലികമായി കെട്ടടങ്ങിയത്
ഗൃഹാതുരത്വം ഉള്ളിലൊളിപ്പിച്ച് ഞങ്ങൾ വൈകുന്നേരങ്ങളിൽ പരിസരപ്രദേശങ്ങളിൽ ചുറ്റിക്കറങ്ങും. ആദ്യ ദിവസങ്ങളിൽ രാജനും പ്രേമനും ഉണ്ടായിരുന്നു കൂട്ടിന്. ഇടയ്ക്ക് ഞങ്ങൾ രണ്ടു പേർ മാത്രമാകും. ചില ദിവസങ്ങളിൽ വൈകുന്നേരത്തെ ചായ മംഗൽദായിയിലെ പ്രശസ്ത മായ റിപ്പോസ് ഹോട്ടലിൽ നിന്നാവും. തേയിലത്തോട്ടങ്ങളുടെ നാടായ അസമിലെ ചായ പൊതുവെ സ്വാദിഷ്ടവും പ്രസിദ്ധവുമാണ്. റോഡരികിലെ ചെറിയ ചായക്കടകളിലെ അലൂമിനിയം കെറ്റിലുകളിൽ നിന്ന് ഏലക്കായയും ടേസ്റ്റിപത്ത എന്ന പേരിൽ അസമിൽ ലഭിക്കുന്ന നമ്മുടെ ഇലവംഗത്തിന്‍റെ ഇലയുമെല്ലാം പൊടിച്ചു ചേർത്ത ചായയുടെ ആ സൗരഭ്യം ആരെയും ആകർഷിക്കുന്നതു തന്നെ. അസം തേയിലയുടെ ഗുണനിലവാരവും തോട്ടങ്ങളുടെ മനോഹാരിതയുമെല്ലാം ലോകപ്രശസ്തമാണല്ലോ. ഓരോ വർഷവും എത്രയെത്ര സഞ്ചാരികളാണ് ആ പ്രകൃതി രമണീയത കണ്ടാസ്വദിക്കാന്‍ ഇങ്ങോട്ടെത്തുന്നത് !
കേരളത്തിലെ പഴയ നാട്ടുചന്തകളെ ഓർമ്മപ്പെടുത്തുന്നതാണ് മംഗൽദായിയിലെ മാർക്കറ്റ്… നിത്യവൃത്തിക്കായി തങ്ങളുടെ കാർഷികോൽപ്പന്നങ്ങളുമായെത്തുന്ന ഗ്രാമീണ കർഷകരാണ് അതിലേറെയും. തെരുവോരങ്ങളിലിരുന്ന് ബാർബർ ജോലി ചെയ്ത് തുച്ഛമായ വരുമാനം കണ്ടെത്തുന്നവർ. കീഴ്ചുണ്ട് വിടർത്തി സാധാ എന്നറിയപ്പെടുന്ന തമ്പാക്കു തിരുകി വെച്ച് ലഹരി നുണയുന്നവരുടെ കൂട്ടത്തിൽ യുവാക്കൾ വരെയുണ്ട്. ചുറ്റിലും ഒരു പ്രത്യേക സുഗന്ധം പരത്തി തെരുവുകളിൽ അങ്ങിങ്ങായി മീഠാപാൻ വിൽപ്പനക്കാർ. തലങ്ങും വിലങ്ങും ഓടുന്ന ജനകീയ വാഹനങ്ങളായ
സൈക്കിളുകളും സൈക്കിൾ റിക്ഷകളും. മുളയും പുല്ലും ഉപയോഗിച്ചുണ്ടാക്കിയ സാധാരണക്കാരുടെ ചെറിയ വീടുകൾ. നെല്പാടങ്ങളിൽ അവിടവിടെയായി കാണുന്ന വലിയ ഒരിനം കൊറ്റികൾ. ആകാശത്ത് വട്ടമിട്ട് പറക്കുന്ന കഴുകന്മാർ. മൈതാനത്തും തരിശായിക്കിടക്കുന്ന വയൽപ്പരപ്പിലും ആത്യാവേശത്തോടെ പട്ടം പറത്തുന്ന കുട്ടിക്കൂട്ടങ്ങൾ. ഉള്ളിൽ ഇത്തരം പുതുകാഴ്ചകളുടെ ചിത്രമെഴുതിയും കാഴ്ചപ്പാടുകൾ പരസ്പരം പങ്കുവച്ചും സായാഹ്നങ്ങൾ ഓരോന്നും കടന്നുപോയി.
അസമിലെ വംശീയ കലാപങ്ങൾ, സ്ഫോടന പരമ്പരകൾ, അവയെത്തുടർന്ന് ജനജീവിതം ദുസ്സഹമാക്കുന്ന രണ്ടും മൂന്നും ദിവസം നീളുന്ന ബന്ദുകൾ എന്നിവയെക്കുറിച്ച് കോഴ്സ് കഴിഞ്ഞ് ഇവിടെ തങ്ങുന്ന ചില മലയാളി സുഹൃത്തുക്കളിൽ നിന്നും കേട്ടറിഞ്ഞ കഥകളെല്ലാം അതിശയിപ്പിക്കുന്നതായിരുന്നു.
ജൂലൈ 29 ന് ദിബ്രുഗഡിലെ എസ്. പി. ഉൾപ്പെടെ പോലീസ് സേനയിലെ 3 പേരെ ഉൾഫ വിഘടനവാദികൾ പതിയിരുന്നാക്രമിച്ച് കൊലപ്പെടുത്തിയതായിരുന്നു അവിടെ എത്തിയ ശേഷം കേട്ട ഭയപ്പെടുത്തുന്ന ആദ്യ വാർത്ത. ചിലപ്പോൾ തോന്നും ഇവിടെ ആർക്കെതിരെ ആര് എപ്പോഴാണ് തിരിയുകയെന്ന് ഒരു പിടിയും കിട്ടില്ലെന്ന്. ഞങ്ങളും താൽക്കാലികമായി ഇവിടെ കൂടിയേറിയ മദിരാശിവാലകളാണല്ലോ.
ഏറെപ്രതീക്ഷയോടെ, ജൂലായ് 31 നാണ് ഞങ്ങൾ രണ്ടു പേരും മംഗൽദായ് ബി.എഡ് കോളജിൽ അഡ്മിഷനുള്ള അപേക്ഷ നൽകുന്നത്. തുടർച്ചയായ മൂന്നു ദിവസത്തെ ബന്ദ് കാരണം അപേക്ഷ തിയ്യതി നീട്ടിയത് സത്യത്തിൽ വൈകിയെത്തിയ ഞങ്ങൾക്കൊരനുഗ്രഹമായി മാറി.
അതിനിടയിൽ ടി.വി.യിൽ ‘നീലക്കുയിൽ ‘ എന്ന മലയാള സിനിമയുണ്ടെന്നറിഞ്ഞപ്പോൾ വലിയ സന്തോഷം തോന്നി. ഏറെ താൽപര്യത്തോടെയായിരുന്നു വീട്ടുടമസ്ഥൻ ഈ വിവരം ഞങ്ങളെ അറിയിച്ചത്. ടി. വി. ബ്ലാക്ക് ആന്റ് വൈറ്റ്. അവിടെ സ്വകാര്യ ചാനലുകളാന്നും നിലവിൽ വന്നിട്ടുമില്ല. ആ കാലത്ത് ഞായറാഴ്ചകളിൽ 3 മണിക്ക് ദൂരദർശനിൽ വിവിധ ഭാഷകളിലെ ശ്രദ്ധേയമായ ക്ലാസിക് ചിത്രങ്ങൾ സംപ്രേഷണം ചെയ്യുന്ന പതിവുണ്ട്. കുട്ടിക്കാലത്തു തന്നെ മുതിർന്നവർ പറഞ്ഞു കേട്ട മികച്ച ചിത്രങ്ങളിൽ ഒന്ന്. മാത്രമല്ല നാടൻ പാട്ടിന്റെ ശീലുകൾ അവലംബിച്ചു കൊണ്ട് പി.ഭാസ്കരൻ, കെ.രാഘവൻ കൂട്ട് കെട്ട് ഒരുക്കിയ ‘കായലരികത്ത് വലയെറിഞ്ഞപ്പോൾ ‘, ‘എങ്ങനെ നീ മറക്കും കുയിലെ’ തുടങ്ങിയ നിരവധി ജനപ്രിയ ഗാനങ്ങളും… അതുകൊണ്ടു തന്നെ മിനി സ്ക്രീനിലാണെങ്കിലും കിട്ടിയ അവസരം പാഴാക്കിയില്ല.
അമ്പതുകളിലെ കേരളീയ സാമൂഹ്യ യാഥാർത്ഥ്യങ്ങൾ അവതരിപ്പിക്കുകയും വിശിഷ്യ ജാതിവ്യവസ്ഥയെ വെല്ലുവിളിക്കുകയും ചെയ്യുന്ന പ്രമേയം. പതിവിൽ നിന്ന് വ്യത്യസ്തമായി സെറ്റുകൾ വിട്ട് പുറത്തിറങ്ങി കേരളത്തിലെ ഗ്രാമീണാന്തരീക്ഷം പശ്ചാത്തലമാക്കിയുള്ള ചിത്രീകരണം. മലയാള സിനിമയിൽ ഒരു മാറ്റത്തിന് നാന്ദി കുറിച്ച റിയലിസ്റ്റിക് ചിത്രം. അങ്ങനെ ഒത്തിരി വിശേഷണങ്ങളുണ്ട്
1954 ൽ പുറത്തിറങ്ങിയ ‘നീലക്കുയിലി’ന്. ഇവിടെയെത്തിയിട്ട് ദിവസങ്ങൾ ഏറെയായിട്ടില്ല. എങ്കിലും ജീവിക്കുന്ന സാമൂഹിക പരിസരത്തിനു നേരെ ഉള്ളിലൊരു ക്യാമറ തിരിച്ചു പിടിച്ചിരിക്കുന്ന ഞങ്ങൾക്ക് ഒത്തിരി സ്നേഹത്തോടെ അസംകാർ ഒരുക്കിത്തന്ന നല്ലൊരു ദൃശ്യവിരുന്നായിത് മാറി. ഒപ്പം മൂന്നര പതിറ്റാണ്ട് കൊണ്ട് കേരളീയ സമൂഹത്തിലും മലയാള സിനിമാ രംഗത്തുമുണ്ടായ മാറ്റങ്ങൾ ചർച്ച ചെയ്യാനൊരവസരവും.
സീറ്റ് ലഭിക്കുമെന്നുറപ്പായതോടെ പുതിയൊരു താമസസ്ഥലം കണ്ടെത്താനുള്ള ശ്രമം തുടങ്ങി. കോഴ്സ്
കഴിഞ്ഞ് പരീക്ഷാഫലം കാത്തിരിക്കുന്ന രാജനും പ്രേമനും ഇന്ന് നമ്മളോടൊപ്പമില്ലാത്ത ബാലുശ്ശേരിക്കാരനായ മുഹമ്മദും നൽകിയ പിന്തുണ തന്നെയാണ് ഞങ്ങൾക്ക് മംഗൽദായ് കോളജിൽ അഡ്മിഷൻ ലഭിക്കുന്നതിനിടയായത്.
ഞങ്ങൾ അസമിൽ കൂടുകൂട്ടാനൊരുങ്ങുമ്പോൾ ഉള്ളിൽ ഏറെ സ്വപ്നങ്ങളു മായി ഗൾഫ് നാടായ കുവൈറ്റിൽ പ്രവാസ ജീവിതം നയിക്കുന്ന മലയാളികൾ കൂടുവിട്ടു പറക്കേണ്ടി വരുമോ എന്ന് ആശങ്കപ്പെട്ടു കഴിയുന്ന വാർത്തകൾ വന്നു തുടങ്ങിയിരുന്നു. ഇറാഖി പോർവിമാനങ്ങളുടെ ബോംബു വർഷത്തിൽ ചെറുരാജ്യമായ കുവൈറ്റിന് ചെറുത്തു നിൽക്കാൻ കഴിയാത്ത അവസ്ഥ. സൈനിക നീക്കം നടത്തി 24 മണിക്കൂറിനുള്ളിൽ തന്നെ അന്ന് സദ്ദാം ഹുസ്സൈൻ അവിടെ അധിനിവേശമുറപ്പിച്ചിരുന്നല്ലോ. തുടർന്നുണ്ടായ സംഭവവികാസങ്ങൾ വിലയിരുത്തുമ്പോഴെല്ലാം ലോകചരിത്രത്തിൽ ഒരു മൂന്നാം ലോക മഹായുദ്ധത്തിന്‍റെ കാരണങ്ങളും ഫലങ്ങളും കൂടി സാമൂഹ്യ ശാസ്ത്ര ക്ലാസിൽ പുതുതലമുറയെ നമ്മൾ പഠിപ്പിക്കേണ്ടിവരുന്ന അവസ്ഥയിലേക്കാണോ കാര്യങ്ങൾ നീങ്ങുന്നതെന്ന് അഭിപ്രായപ്പെട്ടവരുമുണ്ടായിരുന്നു അന്ന് ഞങ്ങളുടെ കൂട്ടത്തിൽ.
ഓഗസ്റ്റ് 16 നാണ് ക്ലാസ് ആരംഭിക്കുന്നത്. അതിന് മുമ്പ് തന്നെ സൗകര്യപ്രദമായ പുതിയൊരു വാടക വീട് ഞങ്ങൾ കണ്ടെത്തിയിരുന്നു. ഹരിദാസൻ, മനോഹരൻ, ശശീന്ദ്രൻ, ഷംസുദ്ദീൻ എന്നിവരും ഞങ്ങളുടെ കൂട്ടുകാരായെത്തി. അങ്ങനെ കോഴിക്കോട്, കണ്ണൂർ, മലപ്പുറം സ്വദേശികൾ ഒത്തുചേർന്ന ഒരു പഠനവീടായതു മാറി. ഞങ്ങൾ 6 പേർ കൂടാതെ മറ്റു 12 മലയാളികൾ കൂടി ഈ കോളജിൽ ചേർന്നിട്ടുണ്ട്. അവരും പരിസരപ്രദേശങ്ങളിൽ അന്തേവാസികളായി എത്തിയിട്ടുണ്ടായിരുന്നു
കവര്‍ ഡിസൈന്‍: സി പി ജോണ്‍സണ്‍
(തുടരും…)