പൂമുഖം LITERATUREകവിത ദൈനംദിനാരവങ്ങൾ

ദൈനംദിനാരവങ്ങൾ

നിലാവിന്റെ രണ്ടാം നിലയിൽ,
തുറന്ന ജാലകത്തിലൂടെ
ഓടിവന്ന
തണുത്ത കാറ്റേറ്റു കുളിർന്ന്,
ചന്ദന ഗന്ധത്തിലമർന്ന്,
കവിതയെ സ്നേഹിച്ചു പ്രാപിച്ച്
കവിതയിലേക്ക് മുങ്ങിപ്പോകാനൊരുങ്ങുകയായിരുന്നു,
ഒരുവൾ.

കവിതയവളെ, ചിരപുരാതന
കാമിനിയെയെന്ന പോലെ,
തെരുതെരെ ചുംബിച്ചു കൊണ്ട്,
ഉടൽ വടിവുകളിലേക്ക്
സ്വർഗത്തെ ആവാഹിച്ച്,
അവളുടെ ശ്വാസ
വിതാനത്തിന്റെ ആഴത്തിലേക്ക്
പതിയെ
ഒഴുകിയിറങ്ങിത്തുടങ്ങി..

പല്ലി ചിലക്കും പോലെയൊരു
ടെലിപ്പതിക് സന്ദേശം,
പെട്ടെന്നവളിലേക്കാരോ
വലിച്ചെറിഞ്ഞു…

“രാവിലെ ഉണർന്നിരുന്ന് സ്വപ്നം
കാണുകയാണോടീ ബ്ലഡി ബിച്ച്?”..
എന്നോ മറ്റോ ആയിരുന്നു
അതെന്ന് തോന്നിക്കും വിധം,
അവളൊരു റൈഡിലൂടെന്നപോൽ
ഇരിക്കക്കുത്തെ ഭൂമിയിലേക്ക്
വഴുതിവീണു..

ഭൂമിയിൽ നിന്ന് അവളുടെ
ലായത്തിലേക്ക് ഒരു ഇരുപുറ
നിരത്തായിരുന്നു
നീണ്ടു കിടന്നിരുന്നത്.
അതിനിരുവശത്തും
കച്ചവടക്കൂട്ടങ്ങൾ,
അന്നത്തേക്കുളള
ഇരതേടിക്കൊണ്ടിരുന്നു.
അവരവളെ ശൈശവസഹജ കൗതുകത്തോടെയെന്നവണ്ണം
വെറുതെയൊന്ന് തെന്നി നോക്കി.

രാവിലത്തെ അടുക്കള,
വരാന്തയിലേക്കുള്ള
ചായക്കോപ്പകൾ,
തീൻമേശയിലെ
പലഹാരപ്പാത്രങ്ങൾ,
ഒമ്പത് മണിക്കലത്തെ സ്കൂൾ ബസ്,
ചേട്ടനുള്ള ലഞ്ച് ബോക്സ്,
നെല്ലിക്കാ ജ്യൂസ്..
കുളി, തേവാരം..
പഴയ അതേ നിരത്ത്…
നിരത്തിൽ,
നിരതെറ്റിയ ഉറുമ്പുകളെ പോൽ
ചിതറിയ,
പരിചയമില്ലാത്ത, പല പല
വലിയ ചെറിയ മനുഷ്യർ..

അവളാ നിരത്തിലൂടെ ഓടി,
നീല, നീളൻ മുത്തുകൾ
കോർത്ത മാല പോലെ,
നിരങ്ങി നീങ്ങുന്ന ബസുകളിൽ
നിന്ന് ബസുകളിലേക്ക്
കയറിയിറങ്ങിപ്പറന്ന്
ഓഫീസിലെത്തി..
കവിതയെ അപ്പാടെ മറന്നുപോയി..

കവിത,
പിന്നെയും, ഒഴുകിയിറങ്ങാൻ
ഇടമില്ലാതെ മോഹനിദ്രയുടെ
തീപ്പൊള്ളലേറ്റുറങ്ങി..
ഉണരുമ്പോഴുണരുമ്പോൾ
അവളെയോർത്ത്
കരഞ്ഞുതീർത്ത്
പിന്നെയുമുറങ്ങി..

കവർ ഡിസൈൻ : മനു പുതുമന

Comments
Print Friendly, PDF & Email

You may also like