പൂമുഖം LITERATUREനിരൂപണം കഥാവാരം – 34

കഥാവാരം – 34

ഒ വി വിജയനോ ആനന്ദോ എന്ന വായനക്കാരന്റെ ചോദ്യത്തിന് കൃഷ്ണൻ നായർ നൽകിയ മറുപടി ഇങ്ങനെയായിരുന്നു.

“വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിന് വൈകാരികമായ സത്യസന്ധതയുണ്ട്. ആനന്ദിന്റെ ആൾക്കൂട്ടത്തിന് ധൈഷണികമായ സത്യസന്ധതയേ ഉള്ളൂ. വൈകാരികമായ സത്യസന്ധതയുള്ളതാണ് സാഹിത്യം. മറ്റേത് സാഹിത്യമല്ല.”

ഈ ഒരു അഭിപ്രായത്തെ മുന്നിൽ വച്ചുകൊണ്ട് സൃഷ്ടികളെ അപഗ്രഥനം ചെയ്യുമ്പോൾ ചില കാര്യങ്ങളിലേക്ക് നമ്മുടെ ശ്രദ്ധ പതിയുന്നു. സാഹിത്യം അനുഭൂതി ദായകമായിരിക്കണം. ആ അനുഭൂതി നൽകണമെങ്കിൽ എഴുത്ത് വികാരങ്ങളെ സംക്രമിപ്പിക്കുന്നതായേ തീരൂ. നേരത്തെ പറഞ്ഞ ധൈഷണികമായ സത്യസന്ധതയിൽ നിന്നുമാണ് സാഹിത്യത്തിന്റെ ‘രാഷ്ട്രീയം’ വ്യക്തമാകുന്നത്. പക്ഷേ ആ ഒരു വ്യക്തമാക്കൽ ഉയർന്ന ശബ്ദത്തോടു കൂടി ആകുമ്പോൾ അതിലെ വൈകാരികാംശം വളരെ ശുഷ്‌കമാകുന്നു. പഠിപ്പിക്കുക എന്ന നിലയിലേക്ക് സാഹിത്യസൃഷ്ടി താഴുകയും ചെയ്യുന്നു. അത്തരമൊരു എഴുത്തിൽ കല അന്വേഷിക്കുന്നത് വ്യർത്ഥം. അതേ സമയം, ധൈഷണികമായ സത്യസന്ധതയും വൈകാരികമായ സത്യസന്ധതയും ഒരുപോലെ സൃഷ്ടിയിൽ സന്നിവേശിപ്പിക്കുമ്പോൾ അത് ഉദാത്തമാകുന്നു. ഉയർന്ന ഉൾക്കാഴ്ചയും അതിനൊത്ത പ്രതിഭയും ഉള്ള എഴുത്തുകാർ ചിരകാലം അതിന്റെ പേരിൽ ജീവിക്കുകയും ചെയ്യുന്നു. ഈ രണ്ടു കൃതികളിലും – ഖസാക്കിന്റെ ഇതിഹാസം, ആൾക്കൂട്ടം എന്നിവയിൽ – ധൈഷണികതയും വൈകാരികതയും നമുക്ക് കാണാം. സാഹിത്യരൂപം എന്ന നിലയിൽ വൈകാരികത വിജയന്റെ കൃതികളിൽ ഉജ്ജ്വലമാണ് എന്ന് കൃഷ്ണൻ നായർ അഭിപ്രായപ്പെട്ടതായി മേൽ പ്രസ്താവനയിൽ നിന്നും വ്യക്തമാണല്ലോ.

എഴുത്തിലെ ദർശനം, അതുപോലെ എഴുത്തിലെ അനുഭൂതി രണ്ടും ഒരുപോലെ സമ്മേളിപ്പിച്ച് എഴുതപ്പെടുന്ന സൃഷ്ടികൾ ചിലപ്പോൾ വായനക്കാർ അറിയാതെയാകും അവരിലേക്ക് എത്തുക. സൃഷ്ടിയിലെ ദാർശനിക തലം ജീവിതത്തിൽ സ്വാഭാവികമായത് എന്നപോലെ അവരിൽ പ്രവർത്തിക്കുന്നു, ചില വാചകങ്ങൾ.
‘മതിലുകളുടെ’ അവസാനം ‘ഹു ഈസ് ഫ്രീ? ഹു വാൺട്സ് ഫ്രീഡം?’ എന്ന ചോദ്യവും, ‘ഒരു മനുഷ്യനിലെ’ പേര് ചോദിക്കുമ്പോൾ ഒരു മനുഷ്യൻ എന്ന ഉത്തരം പറയുന്നതും, വൈകാരികമായ സത്യസന്ധതയിൽ നിന്നുമുള്ള ദർശനങ്ങളാണ്.

സാറാ ജോസഫ്

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ സാറാ ജോസഫിന്റെ ‘അൽഗൊരിതം’ എന്ന കഥയാണ് കഴിഞ്ഞ വാരം. വൃദ്ധ ദമ്പതികളെപ്പറ്റി പറഞ്ഞു കൊണ്ടാണ് തുടക്കം ഭർത്താവിന്റെ നിർത്താതെയുള്ള ചുമ കാരണം രാത്രി രണ്ടു മണിക്ക് ഉണരുന്നു ഭാര്യ. എന്നിട്ട് വീട് തുറന്നു പതുക്കെ നടന്നു പോകുന്നു, സമീപത്തുള്ള സഹോദരന്റെ വീട്ടിലേക്ക്. മുപ്പതു വർഷങ്ങൾക്ക് മുൻപ് തന്നിൽ നിന്നും തട്ടിയെടുത്ത റൂബിക്സ് ക്യൂബ് ബലമായി തിരിച്ചു വാങ്ങി സ്ത്രീ തിരിച്ചു പോകുന്നു.

ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്ന ഭർത്താവ് വീടിനുള്ളിൽ സകല സ്ഥലത്ത് തിരഞ്ഞിട്ടും ഭാര്യയെ കണ്ടെത്താൻ കഴിയുന്നില്ല. അവസാനം സ്റ്റോർ മുറിയിൽ ഒരു റൂബിക്സ് ക്യൂബ് തിരിച്ചുകൊണ്ടിരിക്കുന്ന നിലയിൽ അവർ കാണപ്പെടുന്നു. “എനിക്ക് ഈ പ്രശ്നം പരിഹരിക്കണം” എന്ന് സ്ത്രീ പറയുന്നതോടെ ‘അൽഗൊരിതം’ അവസാനിക്കുന്നു.

കഷ്ടിച്ച് നാലു പേജുകളെയുള്ളൂ ഈ കഥ. ഒരു സ്ത്രീയുടെ അനുഭവത്തെക്കുറിച്ചാവാം സാറാ ജോസഫ് പറയുന്നത്. അല്ലെങ്കിൽ സ്ത്രീ എന്ന സ്വത്വത്തിന്റെ നിയതമായ ചില നിയന്ത്രണങ്ങളേയും നിയമങ്ങളെയും കുറിച്ച്. സ്ത്രീയുടെ സ്വത്വബോധത്തെക്കുറിച്ച്, സ്വയം പ്രശ്ന പരിഹാരികൾ ആകുന്ന സ്വാതന്ത്ര്യത്തെക്കുറിച്ച് ഒക്കെ ആവാം. കഥ വായിക്കുമ്പോഴും ചില കാര്യങ്ങൾ മനപൂർവ്വമോ അല്ലാതെയോ വഴിതെറ്റിപ്പിക്കുന്നുണ്ട്. അത്യാവശ്യം നല്ല വാർദ്ധക്യത്തിലാണ് ദമ്പതികൾ ഉള്ളത് എന്ന സൂചനയാണ് തുടക്കത്തിൽ വായനക്കാർക്കു നൽകിയിട്ടുള്ളത്. എന്നാലോ, മുപ്പത് വർഷങ്ങൾക്ക് മുൻപ് ചെറിയ കുട്ടിയായിരിക്കുമ്പോൾ സഹോദരൻ കൈക്കലാക്കിയ റൂബിക്സ് ക്യൂബ് ആണിത് എന്നും പറയുന്നു. കഥാപാത്രങ്ങളുടെ പ്രായത്തെക്കുറിച്ച് ആശയക്കുഴപ്പം. കഥ മുന്നോട്ട് വയ്ക്കുന്ന ആശയത്തെക്കുറിച്ച് വിശ്വാസമില്ലായ്മ. ഭർത്താവിന്റെ ചുമയും ഉൽക്കണ്ഠയും. അങ്ങേയറ്റത്തെ ഗവേഷണം കൊണ്ട് ചിലപ്പോൾ കിട്ടുമായിരിക്കും ഇതിന്റെ അർത്ഥം.

പുതുമ സൃഷ്ടിക്കുക എന്നത് കഥാകൃത്തുക്കൾക്ക് വെല്ലുവിളിയാണ്. ആ വെല്ലുവിളിയെ തരണം ചെയ്യാൻ വേണ്ടി പറഞ്ഞ കാര്യങ്ങൾ ആരും പറയാത്ത വിധത്തിൽ തന്ത്രപരമായി പറയുന്നു ചില എഴുത്തുകാർ. പുതിയ ഭാഷയിൽ, പുതിയ അവതരണത്തിൽ, പുതിയ ആശയം പറയുന്ന പ്രതിഭാധനർക്ക് ഇപ്പോഴും കുറവൊന്നുമില്ല. അവർ സ്വാഭാവികമായ ഒഴുക്കിൽ പൊയ്ക്കൊണ്ടിരിക്കുന്നവരല്ല.

മധു തൃപ്പെരുന്തുറ

മധു തൃപ്പെരുംതുറ മാധ്യമത്തിൽ (ലക്കം 1289) എഴുതിയ ‘കാന്നബിസ്’ എന്ന കഥയെ കുറിച്ച് ഒന്നും പറയുന്നില്ല. ഒന്നും, ഒന്നും പറയുന്നില്ല. കഥ, കഥാപാത്രങ്ങൾ, കഥാപാത്രങ്ങളുടെ പേരുകൾ, അവരുടെ ശാരീരിക പ്രത്യേകതകൾ, എന്തിന്, ചേഷ്ടകൾ പോലും എത്രത്തോളം സ്റ്റീരിയോ ടൈപ്പ് ആണെന്ന് പറയേണ്ട കാര്യമില്ലല്ലോ. ഇതിനെക്കാൾ സാഹിത്യപരമായി എത്രയോ ഉയർന്നുനിൽക്കുന്ന കഥകളും നോവലുകളും മുഖ്യധാരയിൽ നിന്നും മാറ്റിനിർത്തപ്പെട്ട കാലഘട്ടം ആയിരുന്നു 80 കളും 90 കളും. മാത്യു മറ്റവും സുധാകർ മംഗളോദയവും കേവലം മ പ്രസിദ്ധീകരണങ്ങളിൽ ഒതുക്കപ്പെട്ടു. ഇക്കഥ മാധ്യമം വാരികയിൽ അച്ചടിക്കപ്പെട്ടു എന്നതിൽ എനിക്ക് അത്ഭുതം.

കെ എസ് രതീഷ്

ഈയാഴ്ചത്തെ മാധ്യമം (ലക്കം 1290) വാരികയിൽ കെഎസ് രതീഷ് എഴുതിയ ‘മാരുതീയം’ എന്ന കഥയാണുള്ളത്. അമ്പോറ്റി സാറിന്റെ ഫോൺ വിളിയിൽ ആരംഭിക്കുന്നു ‘മാരുതീയം’. അദ്ദേഹത്തിന്റെ പ്രിയ ശിഷ്യനും മകനെപ്പോലെ കാണുന്നവനുമായ പവനൻ ഇന്ന് അയാളുടെ കൈകാര്യകർത്താവാണ്. കോളേജ് അധ്യാപകനായിരിക്കെ, ഫിലിപ്പ് മുതലാളിയുടെ മകൾ നാൻസിയെ പ്രണയിച്ച് വിവാഹം കഴിച്ച അമ്പോറ്റി സാർ പക്ഷേ, നാൻസിയുടെ ആഗ്രഹങ്ങൾക്ക് മുന്നിൽ പരാജയമായിരുന്നു. ഒരിക്കൽ പവനനെ നാൻസി പ്രാപിക്കുന്നു. അവനും സാറിനെപ്പോലെ തന്റെ ആഗ്രഹങ്ങൾക്ക് മുന്നിൽ പരാജയമാണെന്ന് പുച്ഛത്തോടെ മനസ്സിലാക്കുന്നു. നാൻസിയുടെ കാവൽ പട്ടി എന്ന പോലെ അവളെ സംരക്ഷിക്കുന്ന കൈത, സംശയകരമായ സാഹചര്യത്തിൽ പവനനെ കണ്ടത് മുതൽ അയാൾക്ക് ഇവനോട് കോപം. കഥ വികസിക്കുമ്പോൾ നമ്മൾ അറിയുന്നത് നാൻസി കൊലചെയ്യപ്പെട്ടിരിക്കുന്നു എന്നാണ്.

പൊതുവേ, സ്വയം നവീകരിക്കാൻ ശ്രമിക്കുന്ന കഥാകൃത്ത് ആയിട്ടാണ് കെ എസ് രതീഷിനെ എനിക്ക് തോന്നിയിട്ടുള്ളത്. പക്ഷേ മാധ്യമത്തിലെ കഥയിലുള്ളത് കൃത്രിമത്വമാണ്. കഴിഞ്ഞതവണ പറഞ്ഞതുപോലെ, ഇതിലെ അവതരണത്തിലും രംഗങ്ങളിലും സ്വാഭാവികത ഇല്ല.

‘വിറയമർത്താൻ ഞാൻ സ്റ്റിയറിങ്ങിൽ മുറുക്കെ പിടിച്ചു. നെറ്റിയതിനെ ചാരി. എണ്ണൂറു കരഞ്ഞു. ഞെട്ടലോടെ നെറ്റിയുയർത്തി. നാൻസിയുടെ മരണത്തിലെന്റെ ഓഹരി? സാറിന്റെ മുഖത്തേക്ക് നോക്കാൻ കഴിയുന്നില്ല. എണ്ണൂറിന്റെ മടിയിലൂടെ ഞാൻ ഭയന്നതിന്റെ വിയർപ്പൊഴുകി.’
നേരത്തെ പറഞ്ഞ കൃത്രിമത്വം ഉള്ള അവതരണത്തിന് ഉദാഹരണമായിട്ടാണ് ഇത് നമുക്ക് തോന്നുക.

എഴുത്തുകാർ പുതിയ ഭാവതലങ്ങളും നൂതനങ്ങളായ അവതരണങ്ങളും സൃഷ്ടികളിൽ സ്വീകരിക്കുന്നത് വളരെ നല്ലത്. പക്ഷേ ചേർച്ചയില്ലാത്തതിനെ ചേർത്തുവച്ചാൽ വായന വിരസമാവുക മാത്രം.

വി പ്രവീണ

എൺപതുകാരനും തികഞ്ഞ ആരോഗ്യവാനുമായ ഔസേപ്പ് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ചെയ്ത രംഗത്തുനിന്നും ആണ് സമകാലിക മലയാളം വാരികയിൽ വി പ്രവീണ എഴുതിയ ‘ഒസ്യത്ത്’ എന്ന കഥ ആരംഭിക്കുന്നത്. നാല് ഭാഗങ്ങളിലായാണ് അവതരണം. രണ്ടെണ്ണം പരേതാഖ്യാനമാണ്. ഔസേപ്പിന്റെ മകൻ റോയിയാണ് രണ്ടാം ഭാഗത്തിലെ ആഖ്യാതാവ്. ആത്മഹത്യയുടെ ഒരേയൊരു ദൃക്സാക്ഷിയായ പൗലോസ് എന്ന കള്ളനാണ് മൂന്നാമത്തെ ഭാഗം വായനക്കാർക്ക് മുമ്പിൽ അവതരിപ്പിക്കുന്നത്.

ഒന്നുമില്ലായ്മയിൽ നിന്നും കഠിനാധ്വാനം കൊണ്ട് സമ്പന്നനായിത്തീർന്ന ഔസേപ്പ്. ദാരിദ്ര്യത്തിന്റെ അങ്ങേത്തല കണ്ടവനാണ് ഇയാൾ. പക്ഷേ അവസാനമാകുമ്പോഴേക്കും നാട്ടുകാർക്ക് മുഴുവൻ അസൂയ ഉണ്ടാക്കുന്ന വിധത്തിൽ ധനാഢ്യൻ. ആക്രിക്കച്ചവടം ചെയ്താണ് പോലും ഇദ്ദേഹത്തിന് ഇത്രയധികം സാമ്പത്തുണ്ടായത്. നമുക്ക് ചെറുതായി അത്ഭുതമൊക്കെ തോന്നിയേക്കാം. എങ്കിലും തൽക്കാലം വിശ്വസിക്കുക. കഥയുടെ പ്ലസ് ആയി പറയാൻ പറ്റുന്നത് ഒഴുക്കാണ്. അതിഭാഷണമില്ലാത്ത പറച്ചിലുകൾ കൊണ്ട് കഥയിൽ വായനക്കാരെ പിടിച്ചുനിർത്താൻ കഴിയുന്നു എന്ന് വേണമെങ്കിൽ പറയാം.

താൻ ഒഴികെ മറ്റു കുടുംബാംഗങ്ങൾ എല്ലാവരും മലയടിപ്പള്ളിയിൽ ആണ്ട് നേർച്ച കൂടാൻ പോയപ്പോൾ, പേരത്തൈ നടാൻ വേണ്ടി പറമ്പിലിറങ്ങുന്നു ഔസേപ്പ്. അതിനുള്ള കുഴിയെടുക്കുമ്പോൾ കൂന്താലിത്തുമ്പ് എന്തിലോ തട്ടി. നോക്കുമ്പോൾ ഒരു ചെമ്പുകുടം. ഉറപ്പല്ലേ ചെമ്പു കുടത്തിനുള്ളിൽ നിധി. കഥയല്ലേ വായനക്കാർ വിശ്വസിച്ചേ തീരൂ. ഇക്കാര്യം വിശ്വസിച്ചില്ലെങ്കിൽ, നിധി കിട്ടിയ ഔസേപ്പ് തനിക്കുള്ള എല്ലാ സമ്പാദ്യവും ഉൾപ്പെടെ മണ്ണെണ്ണയിൽ കുളിപ്പിച്ച് തീ കൊളുത്തി തീർത്തു കളയുന്നത് എങ്ങനെ വിശ്വസിക്കാൻ! സ്വാഭാവികമായി പറഞ്ഞു പോകുന്ന കഥയ്ക്ക് അസ്വാഭാവികമായ ഒരു ഒടുക്കം നൽകിയിരിക്കുന്നു എഴുത്തുകാരി.
വായനക്കാർക്ക് കഥാപാത്രത്തെക്കുറിച്ച് ഇത്തരമൊരു ഊഹം ഉണ്ടാക്കാനുള്ള, യുക്തിഭദ്രമായ ഒരു സ്വഭാവ സവിശേഷതയും കഥയിലൊരിക്കലും കാണിക്കുന്നുമില്ല. അതിനാൽ കഥാന്ത്യം കഥയ്ക്ക് ബാക്കിയുള്ള എല്ലാ ഗുണങ്ങളെയും ഇല്ലായ്മ ചെയ്യുന്നു. കഥയുടെ കേന്ദ്ര ആശയം തന്നെ വായനക്കാരുടെ സംവേദന ക്ഷമതയെ ചോദ്യം ചെയ്യുന്ന തരത്തിലാകുന്നു.

ഹക്കീം ചോലയിൽ

‘കേണലിന് ആരും എഴുതുന്നില്ല’ എന്ന മാർകേസ് നോവല്ലായെ അടിസ്ഥാനപ്പെടുത്തി ഭാഷാപോഷിണിയിൽ ഹക്കീം ചോലയിൽ എഴുതിയ കഥ ആശയപ്രകാശനത്തിന്റെ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമാണെന്ന് പറയാം. മാർകേസ് നീന്തിയ രാത്രിയുടെ കടൽ, കഥാപാത്രങ്ങളുടെ വികാരങ്ങളെ ന്യൂനോക്തിയിൽ ഒതുക്കുന്നതിൽ സൂക്ഷ്മത പുലർത്തിയിട്ടുണ്ട്. വൈകാരിക പരിസരം ഉണ്ടാക്കുന്നുണ്ട് കഥ. അതൊട്ട് അതിഭാവുകത്വം ആകുന്നുമില്ല.

എഡിറ്റിങ്ങിലും അനുയോജ്യമായ വാക്കുകളുടെ തിരഞ്ഞെടുപ്പിലും ഒന്നുകൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ ഈ കഥയുടെ റേഞ്ച് വ്യത്യസ്തമാകുമായിരുന്നു. ( പോലെ എന്ന പദം ഉപയോഗിച്ചുകൊണ്ടുള്ള ഉപമകൾ കുറച്ചെണ്ണം കാണാം ഈ കഥയിൽ).
“പോയിനെടാ നാറികളേ…’
വൃദ്ധമായ അയാളുടെ ചുണ്ടുകൾ ശബ്ദിച്ചു.
ഈ വാക്കുകളുടെ ഉപയോഗം നന്നായി എന്ന് പറയുക വയ്യ. അപ്പോഴും മുൻപ് പറഞ്ഞത് ആവർത്തിക്കുന്നു, ഭേദപ്പെട്ട കഥ തന്നെയാണ് ഇത്.

അശോകൻ ചെരുവിൽ

ഈ വാരം ദേശാഭിമാനി വാരികയിൽ രണ്ടു കഥകളുണ്ട്. ‘ഒരുഭാഗത്ത് അത്യാനന്ദത്തിന്റെ പൂന്തോട്ടം’ ആണ് ആദ്യത്തേത്. കഥാകൃത്ത് അശോകൻ ചെരുവിൽ. ജീവിത സായന്തനത്തിലെത്തിയ ദാമ്പതികളാണ് തുടക്കത്തിൽ നമ്മുടെ മുന്നിൽ. ‘ദേവദാരു’ എന്ന പുതിയൊരു ഓൾഡ് ഏജ് ഹോം പട്ടണത്തിൽ ആരംഭിച്ചതിനെ കുറിച്ച് ദേവസ്സി മാഷ് കഥാനായകനോട് പറയുന്നതാണ് തുടക്കം.
“ഇന്നലെ കണ്ടപ്പോഴും ദേവസ്സി മാഷ് ദേവദാരുവിനെ കുറിച്ച് പറഞ്ഞു.” അയാൾ ഭാര്യയോട് പറഞ്ഞു.

ഈ വാചകം കൊണ്ട് ആരംഭിക്കുന്ന ഒരു സൃഷ്ടിയെ വായനക്കാർ എങ്ങനെയായിരിക്കും വിലയിരുത്തുക? വളരെ വളരെ സീനിയർ ആയിട്ടുള്ള ഒരു എഴുത്തുകാരന്റെ കഥാരചനയോടുള്ള സമീപനം ഇത്രക്ക് അലസമാകുന്നത് എന്തു കൊണ്ടാണെന്ന് മനസ്സിലാവുന്നില്ല. അടുത്തടുത്ത് ആവർത്തിച്ചു വരുന്ന വാക്കുകൾ അവിദഗ്ധസൃഷ്ടിക്കുള്ള ഉദാഹരണമാണെന്ന് ആരും പറയേണ്ടതില്ലല്ലോ. ആവർത്തനങ്ങളുടെ സൗന്ദര്യം ഇവിടെ കാണാൻ കഴിയില്ല. ബോറിങ് എന്ന് പറഞ്ഞുകൊണ്ട് വായനക്കാർ വായന തുടരുന്നു.

കഥ വികസിക്കുമ്പോൾ, പറഞ്ഞുവരുന്നത് വാർധക്യത്തിലെ ഏകാന്തതയാണോ, അവരുടെ മരണ ഭയം ആണോ, അവരിൽ ചിലരുടെ ജീവിതത്തോടുള്ള ആസക്തിയാണോ, ഭാര്യയുടെ നിസ്സംഗതയാണോ, സുഹൃത്തിന്റെ ബൈപോളാർ ഡിസോഡർ ആണോ എന്ന ആശയക്കുഴപ്പം. ആ ആശയക്കുഴപ്പത്തിന്റെ തലയിലേക്ക്, കഥാനായകന്റെ ബാല്യത്തിലെ ഒരു ഏടു കൂടി വെക്കുന്നു. ഇയാളുടെ സഹോദരനായിരുന്നു മാധവൻ. മാധവന്റെ ഹോസ്റ്റൽ ഫീസ് കൊടുക്കുവാൻ വേണ്ടി അയാളുടെ അച്ഛന് പണ്ട് പൈക്കിടാവിനെ വിൽക്കേണ്ടി വന്നിരുന്നു!! വൈകാരിക തീവ്രത!! ‘ഒരുഭാഗത്ത് അത്യാനന്ദത്തിന്റെ പൂന്തോട്ടം’ എന്ന ഈ കഥ അശോകൻ ചെരുവിൽ രചിച്ചില്ലായിരുന്നുവെങ്കിൽ മലയാള സാഹിത്യത്തിന് ഒരു നഷ്ടവും സംഭവിക്കുമായിരുന്നില്ല എന്ന് എനിക്ക് തോന്നുന്നു.

ദേശാഭിമാനിയിലെ രണ്ടാമത്തെ കഥയാണ് സി ഗണേഷ് എഴുതിയ ‘തീണ്ടാരി മാപ്പ്.’ ബിസിനസിന്റെ അവസാന സമ്മേളനത്തിന് രണ്ടുദിവസങ്ങൾ ചെലവഴിക്കാനായി ഷിംലയിൽ എത്തുന്ന കഥാനായകൻ. അവിടെ കാണുന്ന ചെറിയ ഹോട്ടലിലെ ജോലിക്കാർ എന്ന് തോന്നിച്ച കൗമാരപ്രായത്തിലുള്ള രണ്ടു കുട്ടികൾ. പിന്നീട് മനസ്സിലാകുന്നു അവരുടെ തന്നെയാണ് ആ ഹോട്ടൽ എന്ന്. കൈകോർത്ത് പിടിച്ചു പോകുന്ന ഇവരെ കണ്ടപ്പോൾ അവർക്കിടയിൽ പ്രണയമാകും എന്ന് ആഖ്യാതാവ് ആദ്യം കരുതുന്നു. പിന്നീട് മനസ്സിലാക്കുന്നു ഒരിക്കലും കൈവിട്ടു പോകാത്തവണ്ണം ചേർത്തുപിടിക്കുന്ന സഹോദരനാണ് ജ്യോതി എന്ന ആ പയ്യൻ എന്ന്. പെൺകുട്ടി – ഷിംല – പറയുന്ന കഥകൾ കേട്ട് നമുക്ക് അത്ഭുതം.

പൂർവ്വകാല കഥകൾ ഇങ്ങനെ പറഞ്ഞു പോകുന്നുണ്ട്. ഹിംസ മനസ്സിൽ ഉള്ള പയ്യനാണ് ജ്യോതി. അമ്മയെയും അച്ഛനെയും തന്ത്രപരമായി കൊന്നു കളഞ്ഞവൻ. അടുത്ത തീണ്ടാരി സമയത്ത് തന്നെയും കൊല്ലുമെന്ന് പെൺകുട്ടിക്ക് അറിയാം. രക്ഷപെടാൻ വേണ്ടി സദാ അവളുടെ അരയിലോ തലയണക്കടിയിലോ മൂർച്ചയേറിയ ആയുധം സൂക്ഷിക്കുന്നുണ്ട് ഇവൾ. ആചാരമനുസരിച്ച് തീണ്ടാരി മാപ്പ് എന്ന ഈയൊരു കാര്യത്തിന് പോകുന്ന ഋതുമതി ഒൻപതിനായിരം അടി താഴ്ചയുള്ള ഗുഹാ കവാടത്തിൽ ആണ് നിൽക്കേണ്ടത്. ആ സമയത്ത് പിറകിൽ നിന്നുമുള്ള ചെറിയൊരു തൊടൽ മതിയാകും താഴ്ചയിലേക്ക് വീണു ഒടുങ്ങാൻ. ഈയൊരു പ്രതിസന്ധിയിലാണ് പെൺകുട്ടി. ഇനി വീണ്ടും നമ്മൾ കാണില്ല നിനക്ക് നല്ലതേ വരൂ എന്ന് ആശീർവദിച്ച് ആഖ്യാതാവ് കഥ നിർത്തുന്നു.

കൊള്ളാവുന്ന ആശയത്തെ, അനുബന്ധകാര്യങ്ങളുടെ വിരസമായ വിവരണത്താൽ അനുഭൂതിദായകമല്ലാത്ത സൃഷ്ടിയാക്കി മാറ്റിയിരിക്കുന്നു എഴുത്തുകാരൻ. കഥയിൽ ഉപയോഗിക്കുന്ന വാചകങ്ങൾ, അന്തരീക്ഷ നിർമ്മിതി തുടങ്ങിയവയൊന്നും പരിപൂർണ്ണമായി അനുവാചകരിൽ വൈകാരികത ഉണ്ടാക്കുന്നതിൽ വിജയിച്ചതായി തോന്നിയിട്ടില്ല. അതുകൊണ്ടാണ് വായന പൂർത്തിയാകുമ്പോൾ ഷിംല എന്ന പെൺകുട്ടി ആരോ ഒരാൾ എന്ന തോന്നൽ നമുക്കുണ്ടാകുന്നത്.

കവർ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like