പൂമുഖം LITERATUREലേഖനം സാരംഗിയുണർത്തിയ സ്വർഗ്ഗീയ ഗാനങ്ങൾ

സാരംഗിയുണർത്തിയ സ്വർഗ്ഗീയ ഗാനങ്ങൾ

‘ഏക് പൈസാ ദേ ദോ ബാബു ‘ 1955 ൽ പുറത്തിറങ്ങിയ “വചൻ” എന്ന ചിത്രത്തിലെ ഈ ഗാനം ഭാരത ത്തിലുടനീളം ഒരു തേങ്ങലായി മാറി. അലഞ്ഞു തിരിഞ്ഞ്‌ നടന്നിരുന്ന യാചകർ ഈ ഗാനം അവരുടെ ആത്മ നൊമ്പരമായി ഏറ്റെടുത്ത് തെരുവീഥികളിൽ വയറ്റത്തടിച്ച് പാടി. മുഹമ്മദ് റഫി ആദ്യമായി രവി ശങ്കർ ശർമ്മക്ക്( രവി ) വേണ്ടി പാടിയ പാട്ടാണിത്. റഫിയുടെ ഓരോ ഗാനങ്ങളും കാലത്താടൊപ്പം ചേർത്തുവെക്കപ്പെട്ടതാണ്. സംഗീതത്തിൽ അടിസ്ഥാന പഠനം പോലുമില്ലാഞ്ഞിട്ടും ഇന്ത്യ കണ്ട പത്ത് പ്രധാന സംഗീതജ്ഞരിൽ ഒരാളായി മാറിയ രവിയിൽ സംഗീതാഭിരുചി നാമ്പിട്ടത് സ്വന്തം പിതാവിന്റെ ഭജൻ ആലാപനത്തിൽ നിന്നാണ്. കുട്ടി ക്കാലം മുതൽ തന്നെ അച്ഛനോടൊപ്പം ഭജൻ പാടി ശീലിച്ച രവി ഒരു പാട്ടുകാരനാവാൻ മോഹിച്ച് മുംബെയിൽ എത്തിയതായിരുന്നു. ആദ്യകാലത്ത് പട്ടിണികിടന്നും, തെരുവോരങ്ങളിലും, റെയിൽവേ പ്ളാറ്റ് ഫോമിലും അന്തിയുറങ്ങിയുമാണ് ജീവിതം കഴിച്ച് കൂട്ടിയത്. 1952 ൽ ഹേമന്ദ് കുമാറിനെ കണ്ടുമുട്ടിയത് സംഗീതത്തിലെ വഴിത്തിരിവായി മാറി. കുട്ടിക്കാലത്ത് കണ്ടും കേട്ടും പഠിച്ച ഹാർമോണിയം വായനയാണ് കൈമുതലായി ആകെയുള്ളത്. ഹേമന്ദ് കുമാറിന്റെ അസിസ്റ്റന്റായി നിൽക്കാൻ ഇത് സഹായകമായി. ഹേമന്ദ് കുമാറിനോടൊപ്പമുണ്ടായിരുന്ന മൂന്ന് വർഷക്കാലങ്ങളിൽ ഒട്ടേറെ സംഗീത ഉപകരണങ്ങൾ സ്വായത്തമാക്കുകയും 1955 ൽ സ്വതന്ത്രമായി സംഗീത സംവിധാന രംഗത്തേക്ക് പ്രവേശിക്കുകയും ചെയ്തു. റഫിയുടെ കടുത്ത ആരാധകനായിരുന്നു രവി.

ആദ്യഗാനം റഫിയിലൂടെ തുടങ്ങണമെന്ന് ആഗ്രഹിച്ചെങ്കിലും തികച്ചും അപ്രസക്തമായ യാചകകഥാ പാത്രത്തിന് വേണ്ടി ചിട്ടപ്പെടുത്തിയ ഗാനമായതിനാൽ റഫിയെ സമീപിക്കാൻ ഭയം തോന്നിയിരുന്നു. എന്നാൽ മുഹമ്മദ് റഫി മടികൂടാതെ സമ്മതിക്കുക യായിരുന്നു. ഒരു പക്ഷേ രവിയുടെ ജീവിത തിക്താനുഭവങ്ങളായിരിക്കാം ഈ ഗാനത്തിന് ആത്മാംശം പകർന്ന് ഈണമിട്ടത്. അതിനെ ശബ്ദം കൊണ്ട് ജീവസ്സുറ്റതാക്കിയത് റഫിയും. ഈ കൂട്ടുകെട്ടുകളുടെ ഒന്നര പതിറ്റാണ്ട് കാല സംഗീതസപര്യക്കിടയിൽ 79 ചിത്രങ്ങളിലൂടെ മനോഹരങ്ങളായ 235 ഗാനങ്ങൾ സംഗീതലോകത്തിന് ലഭിച്ചു. 1970 മുതൽ 1982 വരെയുള്ള കാല ങ്ങളിൽ രവി സംഗീത വനവാസ ത്തിലായിരുന്നു. സിനിമാ രംഗത്ത് നിന്നും പൂർണ്ണ മായും വിട്ടു നിൽക്കുകയുണ്ടായി. ഒരു പക്ഷേ റഫി ജീവിച്ചിരുന്ന എൺപതു കൾവരെ രവിയും സജീവ മായിരുന്നെങ്കിൽ ഏറ്റവും കൂടുതൽ റഫിയുടെ ശബ്ദം ഉപയോഗിച്ച സംഗീതജ്ഞൻ രവിയായിരുന്നേനെ . അത്രയും ഗാഢമായ ബന്ധമായിരുന്നു ഇവർ തമ്മിൽ. രവിയുടെ മാസ്റ്റർപീസ് ഗാനങ്ങളെല്ലാം തന്നെ റഫിയുടേതാണ്. അതിന് ശേഷം മഹേന്ദ്ര കപൂറിന്റേതും. ഓരോ ഈണവും ചിട്ടപ്പെടുത്തിയതും റഫിയെ മനസ്സിൽ കണ്ടുകൊണ്ടായി രുന്നുവെന്ന് രവി ഒരിക്കൽ പറഞ്ഞു. ഏത് ഭാവത്തിലും ,താളത്തിലും ഉള്ള ഗാനമായാലും റഫി സാഹിബിന് അത് വഴങ്ങു മെന്നതിനാൽ മറ്റൊരാൾ മനസ്സിൽ വരുമായിരുന്നില്ല. ബി.ആർ. പ്രൊഡക്ഷൻസിന്റെ ബാനറിലെ ഒട്ടുമിക്ക ചിത്രങ്ങൾക്കും സംഗീതം ഒരുക്കിയത് രവിയാണ്.

മുഹമ്മദ് റാഫി

ബി.ആർ ചോപ്ര ഇന്ത്യൻ സിനിമയിലെ ഒരു കാലത്തെ മുടിചൂടാമന്നനായിരുന്നു. അദ്ദേഹത്തിന്റെ ആജ്ഞാ വൃത്തങ്ങൾക്ക് ചുറ്റുമായിരുന്നു ഫിലിം ഇൻഡസ്ട്രി ചലിച്ചിരുന്നതെന്ന് പറയപ്പെടുന്നു. രവിയും ബി.ആർ പ്രൊഡക്ഷൻസുമായി ദീർഘകാല കരാറനുസരിച്ചാണ് പ്രവർത്തിച്ചിരുന്നത്. പല ഗാനങ്ങളും റഫി സാഹിബിന് വേണ്ടി ചിട്ടപ്പെടുത്തിയിട്ടുണ്ടെങ്കിലും ബി.ആറും റഫി സാഹിബുമായുള്ള ചില തെറ്റിദ്ധാര ണകൾ മൂലം നടക്കാതെ വന്നു. 1962 ൽ പുറത്തിറങ്ങിയ “ധർമ്മപുത്ര”എന്ന ചിത്രത്തിന് വേണ്ടി തയ്യാറാക്കിയ’ യേ മസ്ജിദ് ഹെ യെ ബുദ്ധ് ഖാന ‘ എന്ന ഖവ്വാലി പാടാനായി ബി.ആർ. ചോപ്ര നിർദ്ദേശിച്ചത് റഫിയേയും, മഹേന്ദ്ര കപൂറിനേയുമായിരുന്നു. റഫി സാഹിബിനോട് ഇക്കാര്യം സൂചിപ്പിച്ചപ്പോൾ അദ്ദേഹം വിസമ്മതിക്കുകയുണ്ടായി. അതിന് കാരണമായി അദ്ദേഹം പറഞ്ഞത് രണ്ട് പേരുടെയും ശബ്ദസാമ്യത പാട്ടിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്നതി നാലാണ്. റഫിയുടെ ദീർഘദൃഷ്ടിയോടുകൂടിയുള്ള ഈ നിർദ്ദേശം രവിക്ക് ബോധ്യമായെങ്കിലും ബി.ആറി ൽ തെറ്റിദ്ധാരണ ഉളവാക്കി. ഇതിന് മുമ്പും ബി.ആറി ന് റഫിയോട് കടുത്ത നീരസമുണ്ടായിട്ടുണ്ട്. റഫി പിന്നണി ഗാനരംഗത്ത് സജീവമാവുന്നതിന് മുമ്പ് ദീർഘകാല കരാർ അടിസ്ഥാനത്തിൽ ബി.ആർ. ഫിലിംസിന്റെ ബാനറിൽ മാത്രം പാടാനായി റഫിയെ സമീപിച്ചിരുന്നു. എന്നാൽ റഫി സ്നേഹപൂർവ്വം ഇത് നിരസിച്ചു. താൻ ഫിലിം ഇൻഡസ്ട്രി യുടെ ചെറിയൊരു ഭാഗമാണെന്നും ബി.ആർ. ഫിലിംസിനെന്നപോലെ ആർ വിളിച്ചാലും അവർക്ക് വേണ്ടിയും പാടേണ്ടി വരുംഎന്നുണ്ടായിരുന്നു മറുപടി. ഇത്‌ അദ്ദേഹത്തിൽ ആഴത്തിൽ മുറിവുണ്ടാക്കുകയും റഫിക്ക് പകരം മറ്റൊരു റഫിയെ സംഗീത ലോകത്ത് പ്രതിഷ്ഠിക്കുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുക്കുകയും ചെയ്തുവത്രെ. എന്നാൽ റഫിയിൽ നിന്നും യാതൊരുവിധ പ്രതികരണവും ഉണ്ടായിരുന്നില്ല. ഈ സമയത്ത് സംഗീതലോകത്ത് കടന്നുവന്ന ഗായകനാണ് മഹേന്ദ്ര കപൂർ . മാത്രമല്ല, അദ്ദേഹം റഫിയുടെ കടുത്ത ആരാധകനും അദ്ദേഹത്തെ ഗുരുതുല്യനായി കാണുന്ന വ്യക്തിയുമാണ്. ഈ ഒരു ശീതയുദ്ധം അവസാനിപ്പിക്കാൻ ഭഗീരഥ പ്രയത്നം നട ത്തിയ വ്യക്തിയാണ് രവി. താൻ ഇരുകൂട്ടർക്കുമിടയിൽ വലിയ സമ്മർദ്ദം അനുഭവിച്ചു എന്നു അദ്ദേഹം പറയാറുണ്ടായിരുന്നു. അതിന് ശേഷം 1963 ൽ ബി.ആർ ബാനറിൽ പുറത്തി റങ്ങിയ ‘ഹം റാസ്’ എന്ന ചിത്രത്തിലെ ‘തും മഗർ സാഥ് ജീനേ ക വാദാ കരോ ‘ മറ്റൊരു ഗാനമായ നീലേ ഗഗന് കെ തലേ എന്നീ ഗാനങ്ങൾ റഫിക്ക് വേണ്ടി ചിട്ടപ്പെടുത്തിയതായിരുന്നു. എന്നാൽ ബി. ആർ . അവ മഹേന്ദ്ര കപൂറിനെ കൊണ്ട് പാടിപ്പിക്കുവാനാണ് നിർദ്ദേശിച്ചത്. അത് മഹേന്ദ്ര കപൂറിനെ സംബന്ധിച്ചിടത്തോളം സംഗീതരംഗത്ത് വഴിത്തിരിവായി മാറുകയും ആ വർഷത്തെ മികച്ച ഗായകനുള്ള ഫിലിം ഫെയർ അവാർഡ് നേടിക്കൊടുക്കുകയും ചെയ്തു.

1965 ൽ ബി. ആർ. ഫിലിംസിന്റെ ബാനറിൽ പുറത്തി
റങ്ങിയ “വക്ത്” എന്ന ചിത്രത്തിന്റെ ടൈറ്റിൽ സോംഗ് രവി ചിട്ടപ്പെടുത്തിയത് റഫിയുടെ ആലാപനവൈഭവം മനസ്സിൽ കണ്ടു കൊണ്ടായിരുന്നു. ചിത്രത്തിന്റെ പേര് പോലെ തന്നെ അതിപ്രധാനമായ ഒരു രംഗാവിഷ്ക്കാരമായിരുന്നു ഈ ഗാനത്തിന്റെ വരികളിൽ നിക്ഷിപ്ത മായത്. വിധിയുടെ ക്രൂര വിനോദത്തിൽ എല്ലാം നഷ്ടപ്പെടുന്ന ഒരു കുടുംബത്തിന്റെ അവസ്ഥാന്തരങ്ങൾക്ക് ശബ്ദ ഭാവം നൽകാൻ റഫിക്കല്ലാതെ ആർക്കാണ് കഴിയുക!രവി ഉറച്ചുതന്നെ നിന്നുകൊണ്ട് ബി.ആറിനോട് റഫി ഈ ഗാനം ആലപിക്കണമെന്ന് ആവശ്യപ്പെട്ടു. ആദ്യം വിസമ്മതിച്ചെങ്കിലും രവിയുടെ നിലപാട് മനസ്സിലാക്കിയ ബി.ആർ അതിന് വഴങ്ങി. പിന്നീട് റഫിയെ കണ്ട് അദ്ദേഹം പടിയില്ലെങ്കിൽ ആ സംഗീത ദൗത്യം തനിക്ക് പിൻവലിക്കേണ്ടിവരും എന്ന് ബോദ്ധ്യപ്പെടുത്തി. റഫി ഒന്നും ഉരുവിടാതെ പതിവ് പോലെ സമ്മതം മൂളി ചിത്രം പുറത്തിറങ്ങുന്നതിനു മുമ്പു തന്നെ ഗാനങ്ങൾ ഹിറ്റായി. ‘വക്ത് സെ ദിൻ ഔർ രാത് ‘എന്ന ഗാനത്തോടെ ബി.ആർ. ചോപ്രയെന്ന അതികായന്റെ മനസ്സിൽ മഞ്ഞുരുക്കമുണ്ടായി. അദ്ദേഹം റഫിയെ വിളിച്ച് സന്തോഷം പങ്കിട്ട് പറഞ്ഞു.
“റഫി സാഹബ് , ഇന്ത്യൻ സംഗീത ലോകത്ത് ഒരേയൊരു റഫി മാത്രമേയുള്ളൂ. അത് താങ്കളാണ്. അതെ, ‘വക്ത് ‘എന്നാൽ സമയം.
ഏതൊരു സംഗതിയും സമയാധിഷ്ഠിതമായിരിക്കും.”

രവിക്ക് മുഹമ്മദ് റഫിയോടുള്ള അഗാധമായ ആരാധന കുട്ടിക്കാലം മുതൽ തന്നെ ഉണ്ടായിരുന്നു. അദ്ദേഹം ജനിച്ചതും വളർന്നതും ഡൽഹിയിലായിരുന്നു. 1947 ൽ ഡൽഹിയിലെ ലാൽ ഖിലയിൽ വച്ച് സ്വതന്ത്ര ഇന്ത്യയുടെ ആഘോഷ പരിപാടി നടക്കുന്നു. ഇതിന്റെ ഭാഗമായി മുഹമ്മദ് റഫി, മുകേഷ് എന്നിവരുടെ ലൈവ് ഷോയും ഉണ്ടായിരുന്നു. തന്റെ ആരാധനാ മൂർത്തിയായ റഫിയെ കണ്ട് പാട്ട് പാടാനുള്ള ആഗ്രഹം സുഹൃത്തിനെ അറിയിക്കുകയും, അദ്ദേഹത്തിന്റെ ശ്രമഫലമായി റഫി സാഹിബി നെ കോറൊണേഷൻ ഹോട്ടലിൽ വച്ച് നേരിട്ട് കാണാനുള്ള അവസരമുണ്ടാവുകയും ചെയ്തു. എന്നാൽ സുഹൃത്ത് തെറ്റാ യാണ് റഫി സാഹിബിന് രവിയെ പരിചയപ്പെടുത്തിയത്. രവിക്ക് സംഗീത സംവിധായകനാവാൻ മോഹമുണ്ടെന്നായിരുന്നു അദ്ദേഹം റഫിയോട് പറഞ്ഞത്. രവി അത് തിരുത്താനും നിന്നില്ല. മഹാ ഗായനായ റഫി സാഹിബെങ്ങാനും ഒരു പാട്ട് പാടാൻ പറഞ്ഞാലുള്ള അവസ്ഥയോർത്തായിരുന്നുമൗനം പാലിച്ചത് . റഫി നല്ല ഒരു സംഗീത സംവിധായകനാവാനുള്ള ഒട്ടേറെ മാർഗ്ഗനിർദ്ദേശങ്ങൾ രവിയോട് പറഞ്ഞാണ് പിരിഞ്ഞത്. അതിന് ശേഷം രവി , റഫിയെ കാണുന്നത് 1955 ൽ “വചൻ” എന്ന ചിത്രത്തിന്റെ സംഗീത സംവിധായകനായിട്ടായിരുന്നു. അദ്ദേഹം ഒരിക്കൽ പോലും ഡൽഹിയിൽ വച്ച് അന്ന് കണ്ട ആ യുവാവ് താനായിരുന്നുവെന്ന് ഓർമ്മപ്പെടുത്തിയില്ല .

ഇന്ത്യൻ സംഗീതത്തിലെ നാഴികക്കല്ലായി വിശേഷിപ്പിക്കുന്ന ഗാനമായിരുന്നു ഗുരുദത്ത് ചിത്രത്തിലെ “ചൗദ് വി കാ ചാന്ദ്” മുസ്ലിംസാമൂഹിക പാശ്ചാത്തല ത്തലത്തിലുള്ള കഥ .ഷകീൽ ബദായുനിയുടെ അതി മനോഹരമായ വരികൾ. ‘ ചൗദ് വി ക ചാന്ദ് ഹോ, യാഫ് താബ് ഹോ, ജോ ഭീ ഹെ തും , ഖുദാ കി ഖസം ലാ ജവാബ് ഹോ’ നാരീസൗന്ദര്യത്തെ വർണ്ണിക്കാൻ ഇതിലും മേലെ ഇനിയൊരു വരിയുണ്ടാവില്ല.
ഗസൽ ശൈലിയിൽ ചിട്ടപ്പെടുത്തിയതാണീ ഗാനം. റഫി അത് പ്രണയത്തിന്റെ തേൻ പുരട്ടിയാണ് പാടി യത്. ഈ പാട്ടിന്റെ പിന്നിൽ ഒരു അറിയാകഥയുണ്ട്.
മണിക്കൂറുകൾ നീണ്ട റിഹേഴ്സലിന് ശേഷമാണ് ഗാനത്തിന്റെ റിക്കോർഡിംഗ് കഴിഞ്ഞത്. റഫി
സ്റ്റുഡിയോയിൽ നിന്ന് മടങ്ങി. ഓർക്കസ്ട്രേഷൻ ടീമും വഴി പിരിഞ്ഞു. എന്നാൽ രവിയുടെ മനസ്സിൽ എവിടെയോ ഒരു അപൂർണ്ണത. പാട്ടിൽ അതിഭാവുകത്വം വന്നുവോയെന്നു സംശയം. രവി പിന്നീട് റഫി സാഹിബിനെ വിളിച്ച് മനസ്സ് പങ്കുവച്ചു. തെല്ലും നീരസം പ്രകടിപ്പിക്കാതെ ദിവസം അറിയിച്ചാൽ റീ റിക്കോർഡിംഗിന് എത്താമെന്നേറ്റു .എന്തുകൊണ്ടോ ദിവസങ്ങൾ കടന്നുപോയി. എല്ലാവരും തിരക്കിലായി രുന്നു. റിക്കോർഡ് ചെയ്ത പാട്ട് വെച്ച് തന്നെ ചിത്രീ കരണം നടന്നു. പടം റിലീസ് ചെയ്യുന്നതിന് മുമ്പേ തന്നെ പാട്ട് റേഡിയോ നിലയങ്ങൾ ആഘോഷിച്ചു. ഒരിക്കൽ പോലും മൂളി പാടാത്തവർ പോലും ചൗദ് വി ക ചാന്ദ് പാടി തുടങ്ങി. ഈ ചിത്രവും ഗാനങ്ങളും 1960 ലെ ഏറ്റവും വലിയ റിക്കോർഡ് വിജയം നേടി. റഫിക്ക് മികച്ച ഗായകനുള്ള ഫിലിം ഫെയർ അവാർഡും ലഭിച്ചു. കാലങ്ങൾക്കിപ്പുറം പ്രണയത്തിന്റെ നിലാ വെളിച്ചത്തിൽ ഓരോ കാമുക ഹൃദയങ്ങളും പാടി ക്കൊണ്ടിരിക്കുകയാണ്, “ചൗദ് വി ക ചാന്ദ് ഹോ “

രാജ് കുമാർ , രാജേന്ദ്ര കുമാർ എന്നിവർ അഭിനയിച്ച് 1961 ൽ റിലീസ് ചെയ്ത ചിത്രമാണ് ‘ഘറാന ‘ .ഇതിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചത് രവിയാണ്. റഫി യുടെ ആലാപന സൗകുമാര്യം വിളിച്ചോതുന്ന മനോഹരമായ ഗാനമാണ് ‘യേ ഹുസ്ന് തെരാ ജാഗ് തുഛെ ഇഷ്ഖ് ജഗാ പെ ‘ .ഗസൽ ശൈലിയിൽ ചിട്ടപ്പെടുത്തി യ ഗീതമാണിത്. ഷക്കീൽ ബദായുനിയുടെ കവിത തുളുമ്പും വരികളെ സമർത്ഥമായി സംഗീതത്തിൽ ചാലിച്ചെടുത്ത ഗീതം. ആ വർഷത്തെ മികച്ച സംഗീത സംവിധായകനും ഗാന രചയിതാവിനുമുള്ള ഫിലിം ഫെയർ അവാർഡുകൾ ഇവരെ തേടിയെത്തി. ഇതേ വർഷം തന്നെ രവിയുടെ ഈണത്തിൽ റഫി ലത, ആശ എന്നിവരിലൂടെ നിരവധി യുഗ്മഗാനങ്ങളും പുറത്ത് വന്നു. ‘ മുഛേ പ്യാർ കി സിന്ദഗി ( പ്യാർ കി സാഗർ ) ആർക്കാണ് മറക്കാനാവുക ? ഈ ഈണം രവി തന്നെ മലയാള ചിത്രമായ ‘ ഗസലി ‘ ൽ
‘ഇശൽ തേൻ കണം’എന്ന പാട്ടിന് വേണ്ടി ഉപയോഗി ച്ചിട്ടുണ്ട്. ചൈനാ ടൗൺ എന്ന ചിത്രത്തിന് വേണ്ടി (1962) റോക്ക് സംഗീതത്തിന്റെ ചുവട് പിടിച്ച് രവി ചിട്ടപ്പെടുത്തിയ’ ബാർ ബാർ ദേഖോ ,ഹസാർ ബാർ ദേഖോ ‘ എന്ന ഗാനം യുവാക്കളുടെ ഹരമായി മാറി. ഷമ്മി കപൂർ ചിത്രങ്ങളിലെ റഫിയൻ ജാലവിദ്യ പ്രകടമായ ഗാനമാണിത്. ‘ഖാന്ദാൻ’ എന്ന ചിത്രത്തിന് (1964 ) വേണ്ടി റഫി പാടിയ ഭക്തിസാന്ദ്രമായ ‘ബഡി ധേർ ഭയീ നന്ദ് ലാലേ ‘ എന്ന ശ്രീകൃഷ്ണ ഭജൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളിലും ഉത്സവ പറമ്പുകളിലും ആരവങ്ങൾ സൃഷ്ടിച്ചിരുന്നു. ഈ ചിത്രത്തിലെ സംഗീത സംവിധാനത്തിനാണ് രവിക്ക് രണ്ടാമതും മികച്ച സംഗീത സംവിധായകനുള്ള ഫിലിം ഫെയർ അവാർഡ് ലഭിച്ചത്.’ആജാ ആജാ ആജാ , തുജ് കോ പുകാരേ മേരാ പ്യാർ’ എന്ന ഗീതം കഴിഞ്ഞ ജന്മത്തിലെവിടെയോ പ്രേയസിയെ നഷ്ടപ്പെട്ട കാമുകന്റെ വിടപറയൽ നാദമായി കാലത്തെ വെല്ലുവിളിച്ചു കൊണ്ട് ഒഴുകിക്കൊണ്ടിരിക്കയാണ്. എത്ര വികാരഭദ്രമായാണ് രാജ്കുമാറിന്റെ ശബ്ദത്തിൽ റഫി പാടി ഫലിപ്പിച്ചത്. ഈ ഗാനത്തിന്റെ റിക്കോർ ഡിംഗ് വേളയിൽ റഫിയുടെ ആലാപന വൈഭവം കണ്ട് മതിമറന്ന് രവി റഫിയെ കെട്ടിപ്പിടിച്ച് ആശ്ലേഷി ക്കുകയുണ്ടായി. ഗാന പാശ്ചാത്തലവും പാട്ടിന് ചുണ്ട നക്കുന്ന അഭിനേതാവിന്റെ മാനറിസവും ഉൾക്കൊണ്ട് പാടാനുള്ള റഫിക്കുള്ള സിദ്ധി അപാരമായിരുന്നു.

രവി

സാരംഗിയെ പ്രണയിച്ച സംഗീതഞ്ജനാണ് രവി. അദ്ദേഹത്തിന്റെ മിക്ക ഗാനങ്ങളിലും ഈ ഒരു വാദ്യോപകര ണത്തിന്റെ തരളിത മീട്ടലുകൾ കാണാം. കാജൽ എന്ന ചിത്രത്തിലെ (1965) ‘ചൂ ലേനേ ദോ നാസുക് ഹോടോം സെ എന്ന’ഗാനത്തിൽ റഫിയുടെ ശബ്ദത്തി
നൊപ്പം അകമ്പടി സേവിക്കുന്ന സാരംഗിയുടെ മീട്ടൽ എത്ര ശ്രവണാനന്ദകരമാണെന്ന് പറയേണ്ടതില്ല. അതേ പോലെ ഈ ചിത്രത്തിൽ റഫി പാടിയ മറ്റൊരു ഗാനമാണ് ‘ യേ സുൽഫ് അഗർ ഖുൽ കേ ബിഖർ ജായെ തോ അച്ചാ’ ജീവിതം മുജ്‌ര ഖാനയിൽ തളച്ചിടപ്പെട്ട മദ്യപന്റെ ആത്മ നൊമ്പരങ്ങൾ പറയുന്ന വരികളാണിത്. സാഹിർ ലുധിയാൻവിയാണ് ഇതിന്റെ വരികൾ കുറിച്ചത്. ചിത്രത്തിൽ ഇടക്കിടെ വന്നു പോകുന്ന ഈ ഗാനശകലം പ്രേക്ഷക മനസ്സിൽ വാർന്നിറ്റുന്ന കണ്ണീർമഴപോലെയാവുന്നു. 1963 ൽ പുത്തിറങ്ങിയ “പ്യാർ കിയാ തൊ ഡർനാ ക്യാ”എന്ന ചിത്രത്തിലെ ‘സിന്ദഗീ ക്യാ ഹെ , ഗം ക ധരിയാ ഹെ ‘ എന്ന ഗാനത്തിന്റെ റിഹേർസൽ നടക്കുകയാണ്. ആറ് പ്രാവശ്യത്തോളം റിഹേഴ്സൽ നടന്നിട്ടും രവി യുടെ മനസ്സിൽ എന്തോ ഒരു അപൂർണ്ണത. ഒരിക്കൽ കൂടി റഫി സാഹിബിനോട് റിഹേഴ്സൽ ചെയ്യാൻ പറയാൻ മടിച്ച് നിൽക്കുമ്പോൾ പതിവ് പുഞ്ചിരി യോടെ രവിയെ നോക്കി പറഞ്ഞു. എത്ര പ്രാവശ്യം വേണമെങ്കിലും റിഹേഴ്സൽ ചെയ്യാൻ താൻ തയ്യാർ. അടുത്ത തവണ പാടിയപ്പോൾ ഉദ്ദേശിച്ച രീതിയിൽ പാട്ടിന് ജീവൻ വന്നു. അതായിരുന്നു റഫി സാഹിബ്.

വർഷങ്ങൾ കഴിഞ്ഞു. 1966 ൽ റഫി സാഹിബ് ലോകപര്യടനത്തിന് പുറപ്പെട്ടു. പ്രത്യേകിച്ചും കരീബിയൻ രാജ്യങ്ങളായ സൂരിനാം, ഗയാന, ട്രിഡിനാഡ് എന്നിവിട ങ്ങളിലേക്ക് . അവിടെയുള്ള ഇന്ത്യൻ വംശജരുടെ ഇഷ്ട ഗായകനാണ് റഫി. വേദികളിൽ നിന്നും വേദികൾ പങ്കിട്ടു. തന്റെ മാസ്റ്റർപീസ് ഗാനങ്ങൾ പലതും പാടി കൊണ്ടിരിക്കുന്നതിനിടയിൽ പ്രേക്ഷകർക്കിടയി ൽ നിന്നും “”സിന്ദഗി ക്യാ ഹെ , ഗം കാ ധരി യാ ഹെ” ( ഈ ജീവിതമെന്താണ് , ദുഃഖത്തിന്റെ നീരൊഴുക്കാണ്) പാടാനായി ആവശ്യമുയർന്നു. റഫി യാത്രയിലുടനീളം ഈ ഗാനം പാടിക്കൊണ്ടിരുന്നു. ദുഃഖഭാരവുമായി ജീവിതയാത്ര ആരംഭിച്ച കഴിഞ്ഞ കാല പ്രവാസികളുടെ പിൻ തലമുറക്കാരാണ് കരീബിയൻ രാജ്യ ങ്ങളിലെ ഇന്ന് കാണുന്ന ഇന്ത്യൻ വംശജർ. പര്യടനത്തിന് ശേഷം തിരിച്ചെത്തിയ റഫി ഈ ഗാനം പാടിയ വിവരം രവിയുമായി പങ്കിട്ടു. സ്റ്റേജ് ഷോകളിൽ റഫി ഒറിജനൽ ട്രാക്കിൽ നിന്നും വ്യത്യസ്തമായ രീതിയിൽ സ്വന്തം ട്രാക്ക് പിടിച്ചാണ് മിക്ക ഗാനങ്ങളും പാടുക. അങ്ങിനെ പാടിയ പല പാട്ടുകളും പിൽക്കാലങ്ങളിൽ ലോകോത്തര ഗാനങ്ങളായി മാറി. “ഓ ദുനിയാകെ രഖ് വാലെ “എന്ന ഗാനത്തിന്റെ ഹമ്മിംഗ് ഒറിജിനൽ ട്രാക്കി ൽ നിന്നും ഏറെ വ്യത്യസ്തമായി 1977 ൽ ലണ്ടൻ പ്രോ ഗ്രാമിൽ വച്ച് പാടിയതാണ്..

‘കോയി കാം നഹീ ഹെ മുശ്കിൽ, ജബ് കിയാ ഇറാദ പക്ക, മൈ ഹൂം ആദ്മി സടക് കാ ‘ ( ഉറച്ച ഉദ്ദേശ്യ ത്തോടെ ഇറങ്ങിപ്പുറപ്പെട്ടാൽ ഏത് ജോലിയും നിഷ് പ്രയാസം സാധ്യമാവും. ഞാൻ തെരുവിൽ നിന്നുമുള്ള മനുഷ്യ നാണ് )1977 ൽ റഫി, രവി കൂട്ടുകെട്ടിൽ പിറന്ന അവസാന ഗാനമാണിത്. (ചിത്രം : ആദ്മി സടക് കാ )
റഫിയും, രവിയും കഠിന പ്രയത്നത്തിലൂടെയാണ് തങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്ക് എത്തിയത്. അവസാനമായി അവർ ചേർന്നൊരുക്കിയ ഈ ഗാനത്തിന്റെ വരികൾ ഇവിടെ അന്വർത്ഥമാവുകയാണ്.

കവർ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like