പൂമുഖം LITERATUREനിരൂപണം കഥാവാരം – 33

കഥാവാരം – 33

ചിലപ്പോൾ സ്വന്തം അനുഭവമാകാം അല്ലെങ്കിൽ അപരന്റേത്. ചിലപ്പോൾ വായിച്ചറിഞ്ഞത്. ചിലപ്പോൾ പൂർണമായ ഒരു സങ്കല്പം. ഇവയിൽ ഏതിൽ നിന്നും ലഭ്യമാകുന്ന ഒരു ആശയത്തെ കഥയാക്കി പരിവർത്തിപ്പിക്കുന്നു നല്ല എഴുത്തുകാരൻ. റിയലിസമെന്നോ കാല്പനികമെന്നോ ഭ്രമകല്പനയെന്നോ മാജിക്കൽ റിയലിസമെന്നോ ഉള്ള ഇനത്തിൽ നിരൂപകർ അവയെ ഉൾപ്പെടുത്തുന്നു. ഏതു രൂപത്തിലാണെങ്കിലും, ആദ്യം കഥയുണ്ടാകുന്നു. അതിനു ശേഷം അനുയോജ്യമായ ഇനത്തിൽ അത് തരം തിരിക്കപ്പെടുന്നു എന്നതാണ് സാമാന്യേന സംഭവിക്കുന്നത്. സർഗ്ഗപരമായ ഏതൊരു സാഹിത്യ രൂപവും സൃഷ്ടിക്കപ്പെടുന്നവയാണ്. നിർമ്മിക്കപ്പെടുന്നവയല്ല. ഒരു പ്രത്യേക അളവിൽ, ആവശ്യമായ അസംസ്കൃത പദാർത്ഥങ്ങൾ സംയോജിപ്പിച്ച് ഒരു ഉൽപ്പന്നമാക്കി മാറ്റപ്പെടുന്നവ ഉത്തമ സാഹിത്യ സൃഷ്ടിയല്ല. ഇന്നൊരു റൊമാന്റിക് കഥ എഴുതിയേക്കാം എന്നോ, മാജിക്കൽ റിയലിസത്തിൽ കൈ വെച്ചു നോക്കാം എന്നോ ഉള്ള ഉദ്ദേശത്തിൽ എഴുതാനിരുന്നാൽ, ആ കഥയോട് കഥാകൃത്തിന് ആത്മബന്ധം – ഇന്റിമസി – ഇല്ലാതാവുന്നു. എഴുതിയ വ്യക്തി കഥയ്ക്ക് അന്യൻ മാത്രമാവുന്നു. അനുഭവത്തിന്റെയോ, ഭാവനയുടെയോ തീക്ഷ്ണത എഴുത്തിൽ കാണാൻ വയ്യാത്ത വിധം “നിർമ്മിക്കപ്പെട്ടത്” എന്ന അവസ്ഥയിലേക്ക് അത് വീഴുന്നു. ജൈവികത ഇല്ലാത്ത കഥ വായനക്കാർക്ക് അനുഭൂതി പകരുന്നതാവുകയുമില്ല.

ബിജു സി പി

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ബിജു സിപി എഴുതിയ ‘ചെറിയോർക്കുള്ള കരുതൽ’ എന്ന കഥ വ്യവസ്ഥിതിയുടെ നേർക്കുള്ള ചോദ്യമാണ്. കാട്ടിൽ ജീവിക്കുന്നവരും നാട്ടിലെ നിയമങ്ങളും തമ്മിലുള്ള സംഘർഷം ചിത്രീകരിച്ചു കൊണ്ട്, പാർശ്വവൽക്കരിക്കപ്പെട്ടവരോട് കഥാകൃത്തിനുള്ള സഹാനുഭൂതി കാണിച്ചുതരുന്നു. അവരുടെ നിസ്സഹായതയും നിഷ്കളങ്കതയും ആണ് കഥയിൽ.

നേരം വെളുക്കുന്നതിനു മുൻപ് തന്നെ തൊടിയിലെ വാഴയിൽ നിന്നും ഇല വെട്ടി അത് വാട്ടി, മൂന്നു പൊതിച്ചോറ് കെട്ടുകളാക്കി വെക്കുന്ന സുനിതയിൽ നിന്നും ‘ചെറിയോർക്കുള്ള കരുതൽ’ തുടങ്ങുന്നു. ഉൾക്കാട്ടിൽ താമസിക്കുന്ന കുടുംബം. കഥ വികസിക്കുമ്പോൾ നമ്മൾ അറിയുന്നു പതിനെട്ടു വയസ്സ് പൂർത്തിയാകാത്ത അമ്മയാണ് സുനിത എന്ന്. പതിനാറാം വയസ്സിൽ പ്രസവത്തിനായി നാട്ടിലെ ആശുപത്രിയിലേക്ക് എത്തിച്ച സമയത്ത്, പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ ആശുപത്രി അധികൃതർ വിവരം പോലീസിനെ അറിയിക്കുന്നതും പിന്നെ സുനിതയുടെ ഭർത്താവ് കണ്ണപ്പൻ പോക്സോ കേസിൽ ജയിലിലാകുന്നതുമൊക്കെ കഥയിൽ വ്യക്തമാകുന്നു. മാതാപിതാക്കൾ ഇടയ്ക്ക് കണ്ണപ്പനെ ജയിലിൽ കാണാൻ പോകും. കൂടെ സുനിതയും കുഞ്ഞും അച്ഛനമ്മമാരും. അത്തരമൊരു സന്ദർശനത്തിന്റെ ദിവസത്തെക്കുറിച്ചാണ് വായനക്കാരോട് ബിജു സിപി പറയുന്നത്.

പാർശ്വവൽക്കരിക്കപ്പെട്ടവർ, സ്ത്രീകൾ, ആദിവാസികൾ, രാഷ്ട്രീയ,മത ന്യൂനപക്ഷങ്ങൾ തുടങ്ങിയ ദുർബലരായവരെ കുറിച്ച് കഥ പറയുമ്പോൾ വായനക്കാരനിൽ വിഷാദം വരുത്താൻ വലിയ പ്രയാസമില്ല. അത്തരം കഥകളിൽ വൈകാരികത മുഴച്ചു കാണുകയും ചെയ്യും. ഒരുതരം സെന്റിമെൻസ് വായനക്കാരനിലേക്ക് സംക്രമിപ്പിക്കാൻ ശ്രമിക്കുന്നു എഴുത്തുകാരൻ. കുറച്ചു പേജുകളിൽ രണ്ടുമൂന്നു കഥാപാത്രങ്ങളുടെ ഒരു ദിവസം പറഞ്ഞിരിക്കുന്നു എന്നതിൽ കവിഞ്ഞ് അധികമൊന്നും മേന്മ പറയാനില്ലാത്ത ഒരു മെലോഡ്രാമ എന്ന് മാത്രമേ ഇക്കഥയെ കുറിച്ച് പറയാനുള്ളൂ.

മാധ്യമം ആഴ്ചപ്പതിപ്പിൽ ഇക്കുറി ടി എൻ വിപിൻ ബോസ് എഴുതിയ ‘ചെ’ എന്ന കഥയുണ്ട്. കുന്നിൻ മുകളിൽ താമസിക്കുന്ന മാർക്കോസും മകൾ എലീസയും. താഴ് വാരത്ത് ഉപേക്ഷിക്കപ്പെടുന്ന പൂച്ചകളെ ഇവർ എടുത്ത് വളർത്തും. ഇപ്പോൾ അഞ്ചാറു പൂച്ചകളുണ്ട്. അവയ്ക്കും മനുഷ്യരെപ്പോലെ നല്ല പേരുകളുണ്ട്. തണുപ്പ് മാറ്റാൻ വീട്ടുമുറ്റത്ത് തീക്കുണ്ഡമൊരുക്കുന്ന മാർക്കോസ് സദാ ചെഗുവേരയുടെ കഥ പറയും. പൂച്ചകളും എലീസയും അത് കേട്ടിരിക്കും.

വളരെ സ്വാഭാവികമായാണ് ‘ചെ’ യുടെ തുടക്കം. പക്ഷേ, പതുക്കെപ്പതുക്കെ അതിന്റെ അന്തരീക്ഷം മാറുന്നു. സൂചകങ്ങൾ കഥയുടെ ദിശയെ, അതിലെ ജീവിതത്തെ അപ്പാടെ മാറ്റി മറിക്കുന്നു.

മാർക്കോസിന്റെ കുടുംബത്തിലേക്ക് ദാമോദർ എന്ന പേരിൽ പുതിയ ഒരു പൂച്ച എത്തുന്നു. അതിനു തലേദിവസമാണ് താഴ് വാരത്തിൽ നിന്നും ഒരു പശുക്കിടാവിനെ കാണാതാകുന്നത്. പുലിയിറങ്ങിയതിന്റെ സൂചന. പിന്നീട്, ദുരൂഹമായ സാഹചര്യത്തിൽ, ഇത്തിരി രോമവും അഞ്ചാറു ചോരത്തുള്ളികളും അവശേഷിപ്പിച്ച് ഇടയ്ക്കിടെ മൃഗങ്ങൾ അപ്രത്യക്ഷമാകുന്നു. മാർക്കോസിന്റെ കൂടാരത്തിൽ ദാമോദർ എത്തിച്ചേർന്നതിനുശേഷം, ദിനേനയെന്നോണം അയാളുടെ പൂച്ചകൾ കൊല്ലപ്പെടുന്നു. ദാമോദർ മാത്രം ബാക്കിയാകുന്നു. ശത്രുക്കൾ ഏതു രൂപത്തിലും വരും എന്ന് മകളോട് പറഞ്ഞു കൊടുക്കുന്നു മാർക്കോസ്. “മാനായും മയിലായും പൂച്ചയായും പുലിയായും അവർ വരും”. അധികം താമസിയാതെ മാർക്കോസ് മരിക്കുന്നു. സ്വാഭാവികമരണമോ കൊലപാതകമോ ആകാം അത്. ദാമോദർ എന്ന പൂച്ച ഒത്ത ഒരു പുലിയായി മാറുന്നത് വായനക്കാർ കാണുന്നു. എലിസ ദാമോദറിനെ അലകിൽ കുത്തി തീക്കുണ്ഡത്തിലേക്ക് എറിയുന്നതോടെ കഥ തീരുന്നു.

പേരുകളും സൂചകങ്ങളും കൊണ്ട് ലക്ഷണമൊത്ത രാഷ്ട്രീയ കഥയാണിതെന്ന് മനസ്സിലാക്കാൻ പ്രയാസമില്ല. ഉപേക്ഷിക്കപ്പെടുന്ന പൂച്ചക്കുഞ്ഞുങ്ങൾ, അപരിചിതനായി വന്നു നേതാവാകുന്ന ദാമോദർ എന്ന പൂച്ച, കൊയ്ത്തരിവാളു പോലെ വളഞ്ഞ വാൽ, മറ്റു പൂച്ചകൾക്കൊപ്പം ചേരാതെ, ഇടക്ക് ഒന്നാം തരം കേഡർ സ്വഭാവത്തിൽ അറ്റൻഷനായും, ചിലപ്പോൾ ‘നമ്മുടെ രാജ്യത്തെ ലോകശക്തിയാക്കി മാറ്റാൻ ആലോചിക്കുന്നത് പോലെയും’ കാണപ്പെടുന്ന ദാമോദർ.

വളരെ കുറച്ച് മാത്രമേ കഥാകൃത്ത് പറയുന്നുള്ളൂ. താക്കോൽപഴുതിനപ്പുറം കാഴ്ചകൾ കാണേണ്ടത് വായനക്കാരൻ സ്വയം ആണ്. ഊഹങ്ങളും നിഗമനങ്ങളും കഥാകൃത്തിന്റെതല്ല. വായനക്കാരുടെ ഭാവനയാണ് പ്രവർത്തനക്ഷമമാകേണ്ടുന്നത്. കാടിനുള്ളിൽ അറിയാതെ കൊല ചെയ്യപ്പെടുന്ന പലർക്കും ചില രാഷ്ട്രീയ മേൽവിലാസമുണ്ടല്ലോ എന്ന് ചിന്തിക്കുമ്പോൾ കഥ വേറൊരു വിതാനത്തിലെത്തും. യഥാതഥത്വവും ഭ്രമകല്പനയും കൊണ്ട് മാജിക്കൽ റിയലിസത്തിലേക്ക് എത്തിച്ചേരാൻ പ്രാപ്തിയുള്ള നല്ല സൃഷ്ടിയായി അനുഭവപ്പെട്ടു ടി എൻ വിപിൻ ബോസ് എഴുതിയ ‘ചെ’.

പി കെ സുധി

സമകാലിക മലയാളം വാരികയിൽ പി കെ സുധി എഴുതിയ ‘ബാരാ ഇമിലി’ എന്ന കഥയാണ് ഈയാഴ്ച. നാല്പതു വർഷങ്ങൾക്ക് മുൻപ് രാഷ്ട്രീയ കാരണങ്ങളാൽ കൊല്ലത്തു നിന്നും നാടുവിട്ട് ഇപ്പോൾ യുപിയിലെ സത്നാംപൂരിൽ താമസിക്കുന്ന കഥാനായകന്റെ ചില ആത്മഗതങ്ങളും വീക്ഷണങ്ങളും ആണ് കഥയിൽ. സൂക്ഷിച്ചു വിശകലനം ചെയ്താൽ ഇന്ന് കാണുന്ന പല ചരിത്രങ്ങളും വെറും നിർമ്മിതിയാണ് എന്ന് സിദ്ധാന്തിക്കുന്നു ഇതിൽ. ചരിത്രം അധികാരത്തിന്റെ നിർമ്മിതിയാകുന്നു പലപ്പോഴും. ആഖ്യാതാവ് നാടുവിട്ടു പോകാനുള്ള രാഷ്ട്രീയകാരണം, അയാൾ ആർ എസ് പി ക്കാരൻ ആയതായിരുന്നു എന്ന് പറയുന്നു. ഇടതനും വലതനും കൂടെ കൂട്ടാത്ത ഈ പാർട്ടിയുടെ കൊടി കുത്തിയതിന്, അവന്മാർ കുറിയിട്ടതായി ഒരു ബന്ധു രഹസ്യമായി അറിയിക്കുന്നു. അന്ന് ബംഗാളിലേക്ക് എന്ന് പറഞ്ഞു തീവണ്ടി കയറി. വർഷങ്ങൾക്ക് ശേഷം നാട്ടിൽ തിരിച്ചെത്തുമ്പോൾ മനസ്സിലാകുന്നു, പണ്ട് കടിച്ചു കീറാൻ നിന്നിരുന്ന പാർട്ടിക്കാർ ഇപ്പോൾ ഒന്നായി എന്ന്.

രാഷ്ട്രീയത്തിൽ ശാശ്വത മിത്രങ്ങളോ ശാശ്വത ശത്രുക്കളോ ഇല്ല. ചിലപ്പോൾ രാഷ്ട്രീയം തന്നെ വമ്പൻ ഹിപ്പോക്രിസിയാണ്. ഇങ്ങനെയുള്ള രാഷ്ട്രവ്യവഹാര സംബന്ധിയായ നിരീക്ഷണങ്ങളാണ് കഥാകൃത്ത് ഈ കഥ വഴി പറയുന്നത്. ചരിത്രവും ചരിത്രത്തിന്റെ അനുബന്ധങ്ങളായി വരുന്ന സ്ഥലങ്ങളും പുനർ നിർമ്മിക്കപ്പെടുന്നു എന്ന വർത്തമാനകാല യാഥാർത്ഥ്യം വരച്ചുകാട്ടുന്നു കഥാകൃത്ത്. വളരെ നല്ല നിലപാട്. അതിലും നല്ല ഉൽബോധനം. പക്ഷേ സാഹിത്യത്തിൽ ഈയൊരു ലേഖനത്തിന് എന്ത് സ്ഥാനം എന്നറിഞ്ഞുകൂടാ.

ഷബിത

ദേശാഭിമാനി വരികയിൽ ഷബിത എഴുതിയ കഥ ‘മനശാസ്ത്രജ്ഞനോട് ചോദിക്കാം’ എന്ന പേരിൽ. സമത്വവാദിയും സ്വതന്ത്രവാദിയും ആയ, അതിനെക്കാൾ ഉറച്ച വ്യക്തിത്വവും ഉള്ള സ്തുതിയുടെ ഫെമിനിസ്റ്റ് സ്വഭാവത്തിൽ തനിക്കുള്ള ആധി, അവളുടെ അമ്മ നമ്മോട് പറയുന്നു. വളരെ സുദീർഘമായിത്തന്നെ. കഥ സ്വയമേവ വികസിക്കുകയല്ല ചെയ്യുന്നത്. ഒരു ആഖ്യാതാവ്, തുടർച്ചയായി സംഭവങ്ങൾ പറഞ്ഞു കൊണ്ടേയിരിക്കുന്നു. സമകാലിക സമൂഹത്തിൽ നമ്മൾ അനുഭവിക്കുന്നതോ കാണുന്നതോ ആയ ഒരു കാര്യം, നേരെ ചൊവ്വേ ഒരു കഥാപാത്രത്തെ കൊണ്ട് ഉദീരണം ചെയ്യിച്ചാൽ നല്ല ഒരു കഥയാകും എന്ന് പറയുക വയ്യ. വെറുതെ വായിച്ചു പോകാം എന്ന് മാത്രം.

Comments
Print Friendly, PDF & Email

You may also like