ഇതൾ 10
ഏതോ ഒരത്ഭുത ലോകത്ത് നിന്ന് പൊടുന്നനെ ആരോ വലിച്ചിട്ടതുപോലെ ഞെട്ടിയുണർന്നു. ഇന്നലെ എന്തൊക്കെയായിരുന്നു സംഭവിച്ചത് ? അതൊന്നും ഒരു സ്വപ്നം മിച്ചംവെച്ച കടങ്കഥയല്ലെന്ന് പാകത്തേക്കാൾ വലിയ റോസ് നിറത്തിലുള്ള ഉടുപ്പണിഞ്ഞ ചെറിയ പെൺകുട്ടിയുടെ “അക്കാ ഉങ്കളെ അമ്മാ വിളിച്ചു” എന്ന ശബ്ദം ബോധ്യപ്പെടുത്തി. കിടക്കയിൽ നിന്നെഴുന്നേറ്റ് അലസം അടുക്കളയിലേക്ക് നടക്കുമ്പോൾ ഒപ്പം അവളില്ലല്ലോ എന്ന് തിരിഞ്ഞുനോക്കി.
അവൾ, ഞാൻ കിടന്ന കിടക്ക കുടഞ്ഞ് വിരിക്കുകയായിരുന്നു. അൽപ്പം ശ്രമപ്പെട്ട് അവളത് ചെയ്യുന്നത് നോക്കിനിൽക്കുമ്പോഴാണ് അമ്മ അങ്ങോട്ടേക്ക് വന്നത്.
” ആഹാ ഇതുവരെ കഴിഞ്ഞില്ലേ? ഇക്കണക്കിന് നേരം ഉച്ചയായാലും നീ ഈ മടക്കല് കഴിയില്ലല്ലോ?”
പരിഭ്രമത്താൽ പിടയുന്ന അവളുടെ വലിയകണ്ണുകൾ അന്നോളം എനിക്കജ്ഞാതമായ ഏതോ ഭാഷയിൽ എന്റെ കണ്ണുകളുമായ് ഇടഞ്ഞു. ഏത് ഉൾപ്രേരണയാലെന്നറിയില്ല ഞാൻ അവളെനോക്കി കണ്ണുകളിറുക്കി പുഞ്ചിരിച്ചു. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം പിറന്ന ഏകമകളായ എന്നോട് അതിയായവാത്സല്യം കാട്ടാത്ത, ചിട്ടയും, വിവേകവുമുള്ള, ബുദ്ധിമതിയായ സ്ത്രീ ആയിരുന്നു എന്റെ അമ്മ. അച്ഛനും ഞാനുമായിരുന്നു അമ്മയുടെ ലോകം.
പതിയെപ്പതിയെ അവളും ഞങ്ങളുടെ വീട്ടിലെ ഒരംഗമായ് മാറി. ഒപ്പം, മനുഷ്യരെക്കുറിച്ചുള്ള എന്റെ വിചാരങ്ങൾ എത്ര തെറ്റായിരുന്നു എന്നുകൂടി ഞാൻ തിരിച്ചറിയുകയായിരുന്നു.
ശങ്കരി. അതായിരുന്നു അവളുടെ പേര്. ഒമ്പത് വയസ്സുള്ള ഒരു ചെറിയ പെൺക്കുട്ടി, കളിച്ചുനടക്കും എന്നായിരുന്നു ഞാൻ കരുതിയിരുന്നത്. പക്ഷേ ഇവിടെ, അവൾ ഒരു മുതിർന്ന സ്ത്രീ ചെയ്യുന്നതുപോലെ
മുറികൾ തുടയ്ക്കുകയും, പാത്രങ്ങൾ കഴുകുകയും, അമ്മയ്ക്കൊപ്പം അടുക്കള ജോലികൾ ചെയ്യുകയും, വീടിനടുത്തുള്ള കടയിൽപ്പോയി സാധനങ്ങൾ വാങ്ങിവരികയും ചെയ്യുന്നു.. “ചെയ്യുന്നു” എന്നതിനേക്കാൾ ചെയ്യിക്കുന്നു എന്ന് പറയുന്നതാവും ശരി.
സ്ക്കൂളിൽ പോകുക, പഠിക്കുക, ഭക്ഷണം കഴിക്കുക, വിളക്ക് കത്തിക്കുക എന്റെ “ജോലികൾ” ഇവയായിരുന്നു.

രാത്രികളിൽ ഞാൻ പാഠഭാഗങ്ങൾ പഠിച്ച് തീർത്ത് ഉറങ്ങാറാകുമ്പോഴേക്കും, വീട്ട് ജോലികൾ തീർത്ത് അവളും വരും. ഭാഷകളുടെ മതിലുകളെ നാണിപ്പിച്ച് ഞങ്ങൾ വിശേഷങ്ങൾ കൈമാറും. സ്ക്കൂളും, കൂട്ടുകാരും, അദ്ധ്യാപകരും, വഴക്കുകളും, തമാശകളും, എന്റെ വിശേഷങ്ങളാകുമ്പോൾ, അവൾ നാട്ടിലെ കൂട്ടുകാരെക്കുറിച്ചും സ്ക്കൂളിനെക്കുറിച്ചുമൊക്കെ പറയും.
കർപ്പകം, തമിഴ്ശെൽവി,കൂടെ ജ്ഞാനശങ്കരി എന്ന അവളും ചേർന്ന് നടത്തുന്ന വേപ്പുമരച്ചുവട്ടിലെ കടയിലെ, ചിരട്ട ത്രാസും അതിൽ തൂക്കി നൽകുന്ന മണ്ണ്, ഇല, കല്ല് തുടങ്ങിയ പലചരക്കുകളും, വേപ്പില കാശും…
അവളുടെ വീട്ടിലെ വയലറ്റ് കനകാംബരങ്ങളും… “രാമൂ” എന്ന നായ്ക്കുട്ടിയും…
കഥകൾകേട്ട് ഞാനുറങ്ങിപ്പോകുമ്പോഴും, അവൾ നിർത്താതെ പറഞ്ഞുകൊണ്ടേയിരിക്കുകയാവും…
എന്റെ സ്വപ്നങ്ങളിൽ വേപ്പുമരങ്ങളും, വയലറ്റുനിറത്തിലെ കനകാംബരവും, പൂച്ചെടികളും പൂത്തുനിൽക്കുന്ന വീടും, രാമു എന്ന നായ്ക്കുട്ടിയും പതിവായി .
അത്താഴത്തിന്, കുത്തരിക്കഞ്ഞിയിൽ നല്ല മധുരമുള്ള മാമ്പഴപ്പുളിശ്ശേരി ചേർത്ത് ആസ്വദിച്ച്
കഴിക്കുമ്പോഴാണ്..
“അമ്മാ, ശങ്കരിയെ നമ്മൾ അടുത്തവർഷം സ്ക്കൂളില് ചേർക്കുമ്പോൾ എന്റെ സ്ക്കൂളിൽ ചേർത്താൽ മതിയെന്ന് അച്ഛനോട് പറയണേ” എന്ന് അമ്മയോട് പറഞ്ഞത്
” ആ, നന്നായിപ്പോയ്! അവളേം
കുളിപ്പിച്ചൊരുക്കി സ്ക്കൂളില് വിട്ടിട്ട് ഞാനിവിടെ അവൾടെ വാല്യക്കാരിയായിട്ട് കൂടാം.. കഴിച്ചിട്ട് എഴുന്നേറ്റ്പോയി വല്ലോം പഠിക്കാൻ നോക്ക് കൊച്ചേ, കിന്നരിക്കാതെ..”
വലിയൊരു തമാശകേട്ടതുപോലെ അമ്മ പിന്നെയും പറഞ്ഞുകൊണ്ടേയിരുന്നു..
” തന്തക്കും തള്ളയ്ക്കും വേണ്ടാത്തതിനെയൊക്കെ രൂപാ രണ്ടായിരം എണ്ണിക്കൊടുത്ത് കൊണ്ട് വന്നിട്ട്, ഉണ്ണാനും ഉടുക്കാനും കൊടുത്തോണ്ടിരിക്കുമ്പോഴാ.. ഇനി സ്ക്കൂളിലും ചേർക്കാൻ… ഭേഷായി”
നെറുകയിൽക്കയറിയ മാമ്പഴപ്പുളിശ്ശേരിയുടെ എരിവ് ഏറെനേരം കണ്ണുകളെ നീറ്റിച്ച് നിന്നു.
എച്ചിൽപ്പാത്രം എടുക്കാൻ വന്ന ശങ്കരി നെറുകയിൽ തട്ടിയും, കുടിക്കുവാൻ ഗ്ളാസിൽ വെള്ളമൊഴിച്ചും എരിവാറ്റിത്തന്നു.
രാത്രിയിൽ, കണ്ണുകൾ ഇറുക്കിയടച്ചിട്ടും, തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വന്നതേയില്ല..
“തന്തക്കും തള്ളയ്ക്കും വേണ്ടാത്ത”
” രൂപാ രണ്ടായിരം എണ്ണിക്കൊടുത്ത് വാങ്ങിയ”
തൊട്ടാൽ പൊള്ളുന്ന തീയും, തൊടാതെ പൊള്ളിക്കുന്ന വാക്കുകളും!
“മാക്കാ…
എന്നോടെ അപ്പാവും അമ്മാവും രൊംഭ നല്ലത്, പണം അപ്പാവുക്ക് ഡാക്ടറെ പോകാൻ”
ഞാൻ മാത്രമല്ല അവളും ഉറങ്ങിയിരുന്നില്ലെന്ന്………..
“കരച്ചിൽ” എന്നാലെന്തെന്ന് അന്നാണ് അറിഞ്ഞത്.
അവളാണ് അതറിയിച്ചു തന്നത്!
വര : പ്രസാദ് കാനത്തുങ്കൽ
കവർ : സി പി ജോൺസൺ