പൂമുഖം LITERATUREലേഖനം മതേതരത്വം ഇന്ത്യയിൽ

മതേതരത്വം ഇന്ത്യയിൽ

1931 ലാണ് കോൺഗ്രസ് സെക്കുലർസ്റ്റേറ്റ് പ്രമേയം പാസ്സാക്കിയത് .എല്ലാ മതത്തിനും വിശ്വാസത്തിനും പൂർണ സ്വാതന്ത്ര്യമുള്ള ഒരു സ്വതന്ത്ര സെക്കുലർ സ്റ്റേറ്റ് ആണ് ലക്ഷ്യമെന്ന് നെഹ്‌റു അന്ന് പറഞ്ഞു .”ഇന്ത്യയിൽ മത നിരപേക്ഷ വീക്ഷണം രാഷ്ട്രീയത്തിലേക്ക് വ്യാപിച്ചത് നെഹ്‌റുവിലേക്കു രാഷ്ട്രീയ നേതൃത്വം മാറിയപ്പോഴാണ് .ഈ സാഹചര്യത്തിലാണ് 1950 ൽ നിലവിൽ വന്ന ഇന്ത്യൻ ഭരണഘടനയിൽ മതവിശ്വാസികൾക്കെന്ന പോലെ മതരഹിതർക്കും വിശ്വാസസ്വാതന്ത്ര്യം അനുവദിച്ചുകൊണ്ടുള്ള വ്യവസ്ഥ ചെയ്തത് .മന്ത്രിമാർ,എം എൽ എ മാർ തൊട്ടു ഭരണകൂടത്തിന്റെ ഏതു തലത്തിലും അധികാരമേൽക്കുന്നവർ ചെയ്യേണ്ടുന്ന സത്യപ്രതിജ്ഞയിൽ മത വിശ്വാസികൾക്ക് ഒന്നും മത രഹിതർക്കു മറ്റൊന്നും എന്ന് രണ്ടു പ്രതിജ്ഞാ വാചകങ്ങൾ എഴുതിവെച്ചതിനെ സൂചിപ്പിച്ചു കൊണ്ട് ഇ എം എസ തുടർന്നു ഇങ്ങനെ എഴുതി :

“ഹിന്ദു മുസ്ലിം ക്രിസ്ത്യൻ സിഖ് മുതലായ വ്യത്യാസമില്ലാതെ എല്ലാ മത വിശ്വാസികളും ദൈവത്തെ പിടിച്ചാണയിടുമ്പോൾ മത രഹിതർ ദൃഢപ്രതിജ്ഞ എടുക്കുകയാണ് ചെയ്യുന്നത്.വിവിധ മതങ്ങളിൽ വിശ്വസിക്കുന്നവർ തമ്മിൽ മാത്രമല്ല അവരും മത രഹിതരും തമ്മിലും പൂർണ സമത്വമുണ്ടെന്നാണല്ലോ ഇതിനർത്ഥം.സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന നെഹ്‌റു മതരഹിതർക്കുള്ള ദൃഢ പ്രതിജ്ഞയാണ് എടുത്തിരുന്നതെന്ന് ഇവിടെ എടുത്തു പറയേണ്ടതുണ്ട് “

മതേതരത്വം ഇന്ത്യയിൽ :

മതേതരത്വം എന്ന വാക്ക് അർത്ഥമാക്കുന്നത് മതപരമോ ആത്മീയമോ ആയ കാര്യങ്ങളിൽ യാതൊരു താല്പര്യവുമില്ലാത്തത് എന്നാണ് .മതവുമായി ബന്ധമില്ലാത്തതിനെയാണ് മതേതരത്വം സൂചിപ്പിക്കുന്നത് .1948 ഡിസംബർ 7 ന് ഭരണഘടനാ നിർമ്മാണസഭയിലെ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് ശ്രീ അയ്യങ്കാർ മതേതരത്വം എന്ന വാക്കിൻറെ അർഥം ഇങ്ങിനെ വ്യക്തമാക്കി.

“രാഷ്ട്രത്തെ മതേതരമാക്കാൻ നാം പ്രതിജ്ഞാബദ്ധമാണ് മതേതരം എന്ന വാക്കു കൊണ്ട് നാം ഒരു മതത്തിലും വിശ്വസിക്കുന്നില്ല എന്നോ നമ്മുടെ അനുദിന ജീവിതത്തിൽ അതുമായി ഒരു ബന്ധവുമില്ലെന്നോ ഞാനർത്ഥമാക്കുന്നില്ല.അത് അർത്ഥമാക്കുന്നത് രാഷ്ട്രത്തിന് ഒരു മതത്തെ സഹായിക്കാനോ ഒരു മതത്തിനെതിരായി മറ്റൊന്നിനു മുൻഗണന നൽകാനോ കഴിയില്ലെന്ന് മാത്രമാണ് “

ഇന്ത്യൻ മതേതരത്വത്തിന് മൂന്നു പ്രത്യേകതകളുണ്ട്
1 . ഇന്ത്യ ഹിന്ദുക്കൾക്ക് മുൻതൂക്കമുള്ള രാജ്യമാണെങ്കിലും മതപരമായ സമത്വവും സ്വാതന്ത്ര്യവും എല്ലാ ജനങ്ങൾക്കും ഉറപ്പു വരുത്തുന്നു.
2 . ഇന്ത്യൻ മതേതരത്വം നിരുപാധികമല്ല .ജനങ്ങളുടെ ആരോഗ്യം,സാന്മാർഗികത,പൊതുമര്യാദ എന്നിവക്ക് വിധേയമാണ് മത സ്വാതന്ത്ര്യം
3 .ഇന്ത്യൻ മതേതരത്വം ചലനാത്മകമാണ് .മതം രാഷ്ട്രീയത്തിലിടപെടുന്നത് മതേതരത്വം തടയുന്നു.അതെ സമയം ജനങ്ങളുടെ സാമൂഹ്യ ക്ഷേമത്തിനായി മതവുമായി ഇടപഴകുവാൻ രാഷ്ട്രീയത്തെ അനുവദിക്കുന്നു.ഒരു വശത്ത് ഇന്ത്യയുടെ ഭരണഘടനയിൽ പ്രസ്താവിച്ച മതേതരത്വം ഇന്ത്യയുടെ സവിശേഷ സാഹചര്യങ്ങൾക്കനുസൃതമായാണ് .ഇന്ത്യയിൽ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങൾ മതവിശ്വാസികളാണ്.മതരഹിതരും ഇവിടെയുണ്ട് “മതധ്വംസിയായ ഒരു നിയമ നിർമാണം ഇവിടെ കൊണ്ടുവരാൻ കഴിയില്ല .മതഭേദകലഹധ്വംസിയായ നിയമനിർമ്മാണമേ ഇവിടെ സാദ്ധ്യമാകൂ” .എന്ന് ശ്രീ സുകുമാർ അഴീക്കോട് പറഞ്ഞത് അർത്ഥപൂർണമാണ്. പടിഞ്ഞാറൻ യുറോപ്പിലെയോ അമേരിക്കയിലെയോ മതേതരത്വമല്ല ഇന്ത്യയിലുള്ളത്.

മതേതരത്വം അമേരിക്കയിൽ

ചരിത്രത്തിലാദ്യമായി മതവും രാഷ്ട്രീയവും തമ്മിലുള്ള വിയോജനം ഭരണഘടനാപരമായി ഉണ്ടാക്കിയത് അമേരിക്കയിലാണ് 1971 ലെ പ്രസിദ്ധമായ ഒന്നാം ഭരണഘടനാഭേദഗതിയിലൂടെയാണത് “.മതത്തിന്റെ ഒരു സ്ഥാപനം സംബന്ധിച്ചോ,അതിൻ്റെ സ്വതന്ത്രമായ അനുഷ്ഠാനം നിരോധിച്ചോ കോൺഗ്രസ് നിയമമുണ്ടാക്കുവാൻ പാടില്ല” {Congress shall make no law respecting an establishment of religion or prohibiting the free excercise thereof } ഈ വിയോജനത്തിൻ്റെ വിവക്ഷകളെപ്പറ്റിയുള്ള വിവാദങ്ങൾ ഇന്നും അവസാനിച്ചിട്ടില്ല ഒരു വശത്ത് സജീവമായി രാഷ്ട്രീയരംഗത്തുള്ള സഭകളും മത സംഘടനകളും; മറുവശത്ത് മതത്തതിൻ്റെ ഭാഷയിൽ നയങ്ങൾ വിശദീകരിക്കുകയും അവയ്ക്കു ധാർമിക പരിവേഷം നൽകുകയും ചെയ്യുന്ന ഭരണാധികാരികളും .രണ്ടു പേരും കൂടി മതത്തിനു പൊതുരംഗത്ത് സ്ഥിരപ്രതിഷ്ഠ നേടിക്കൊടുത്തു.(മതവും രാഷ്ട്രവും അമേരിക്കൻ ഐക്യനാടുകളിൽ -നൈനാൻ കോശി }
യൂറോപ്പിൽ സംഘടിതമതങ്ങളുടെ സാമൂഹിക ,സാമ്പത്തിക ,രാഷ്ട്രീയ അധികാരത്തോടും മതത്തോടുമുള്ള എതിർപ്രസ്ഥാനങ്ങളിൽ നിന്നാണ് സെക്യൂലറിസത്തിൻ്റെ ഉത്ഭവം .വിവിധ മതങ്ങളുള്ള സമൂഹങ്ങളിൽ രാഷ്ട്രത്തെ പള്ളിയിൽ നിന്നും വേർതിരിക്കേണ്ടതുണ്ടായിരുന്നു .ആ ആവശ്യത്തിൽ നിന്നാണ് സെക്കുലറിസം രൂപമെടുത്തത് .

ഭാരതത്തിൽ

പടിഞ്ഞാറൻ രാജ്യങ്ങളിൽ നിന്ന് വന്ന ഒരാദർശമാണ് ഇന്ത്യയുടെ സെക്യൂലറിസം. സ്വാതന്ത്ര്യപ്രസ്ഥാനകാലത്തു ഇവിടെയുണ്ടായ ഹിന്ദു-മുസ്ലിം സംഘട്ടനങ്ങളുടെ പശ്ചാത്തലത്തിൽ ഒരു രാഷ്ട്രീയ ആവശ്യമായിട്ടാണ് അത് സ്വീകരിച്ചത്. ഒരു ഏകീകൃത ഇന്ത്യയുടെ രൂപീകരണത്തിന് അത് മാത്രമേ മാർഗമുണ്ടായിരുന്നുള്ളൂ. ഇതിനെ കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും പ്രചാരത്തിലുണ്ട്
ആധുനിക പാശ്ചാത്യ പ്രബുദ്ധതയുടെ (Modern western enlightment )മൗലിക തത്വങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് സെക്യൂലർ സ്റ്റേറ്റ് .ഭാരതത്തിൽ പാശ്ചാത്യ പ്രബുദ്ധതയുടെ നല്ല പല ആശയങ്ങളും കടന്നുവന്നത് നെഹ്‌റുവിൽ കൂടിയാണ് എന്ന് ഡോ. പൗലോസ് മാർ ഗ്രിഗോറിയസ് ‘പാശ്ചാത്യ പ്രബുദ്ധതയുടെ മാറുന്ന മുഖങ്ങൾ ‘എന്ന ലേഖനത്തിൽ പറയുന്നു .രാജാവിൻ്റെ മതം ജനങ്ങളും സ്വീകരിക്കണമെന്ന് യൂറോപ്പിലുണ്ടായിരുന്ന തത്വത്തിൻ്റെ നിഷേധമായ, ഫ്രഞ്ച് വിപ്ലവത്തിൽ നിന്നുണ്ടായ സെക്കുലർ പ്രിൻസിപ്പിൾ അങ്ങനെയാണ് ഇവിടെ വന്നത് .എല്ലാ മതങ്ങളോടും സമാനമായ ആദരവ് പുലർത്തുന്ന എന്ന അർത്ഥത്തിൽ മതേതര സംസ്കാരം ഭാരതത്തിനു ചിരപരിചിതമാണ് അതിൻ്റെ ആവിഷ്കർത്താവ് ലേഖകൻ തെറ്റിദ്ധരിക്കുന്നതു പോലെ നെഹ്രുവല്ല,നെഹ്രുവിനു മുൻപും നെഹ്രുവിനു ശേഷവും ഈ മനോഭാവം ഭാരതീയരുടെ സംസ്കാരത്തിൻ്റെ ഭാഗമായിത്തന്നെ ഉള്ളതാണ് ,ഹിന്ദു ദർശനത്തിൻ്റെ സ്വഭാവമാണത് എന്ന വ്യത്യസ്തമായ ഒരഭിപ്രായമുണ്ട്.(ബുദ്ധ്യാതീതമായ സത്യ ദർശനം.-ലേഖനം. പി പരമേശ്വരൻ )മത നിരപേക്ഷത ഭരണഘടനയിൽ എഴുതി വെക്കപ്പെട്ട ഒരു വാക്കല്ലെന്നും സാമ്രാജ്യ ചരിത്രത്തിൽ നിന്നോ മറ്റേതെങ്കിലും ഭരണഘടനയിൽ നിന്നോ നമ്മൾ കടമെടുത്ത ഒരാശയമല്ലെന്നും മൂന്നു മൂന്നര പതിറ്റാണ്ടുകാലം ബ്രിട്ടീഷ് വിരുദ്ധമായി ഇന്ത്യയിലെ കോടാനുകോടി മനുഷ്യർ കൈ കോർത്ത് നിന്ന് ഉണ്ടാക്കിയെടുത്ത സമര വീര്യത്തിന്റെയും അത് നൽകിയ ഏകതാ ബോധത്തിന്റെയും അടിസ്ഥാനത്തിലാണ് വാസ്തവത്തിൽ മത നിരപേക്ഷത ഇന്ത്യയുടെ രാഷ്ട്രീയ ആദർശമായി തീർന്നതെന്നും അത് ഭരണ ഘടനാ മൂല്യമായി തീർന്നതെന്നും മറ്റൊരഭിപ്രായവും ഈയിടെ കാണുവാനിടയായി .

അതെന്തായാലും ഭരണഘടനാപരമായും നിയമപരമായും ഇന്ത്യ ഒരു മതേതര രാഷ്ട്രമാണെങ്കിലും മതേതരത്വം എന്നത് ജനസഞ്ചയത്തിൻ്റെ സ്വഭാവമായി തീർന്നിട്ടില്ല .ആ ആശയം ജനങ്ങൾ വേണ്ടത്ര ഉൾക്കൊണ്ടിട്ടില്ല.ഇന്ത്യൻ സമൂഹം മതേതരമല്ല.ജനങ്ങളുടെ സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ പ്രവർത്തനങ്ങളുടെ ചാലകശക്തിയായി തീർന്നിട്ടില്ല.

ഇന്ത്യയിലെ ബഹുജനങ്ങളെ വ്യത്യസ്ത വിഭാഗമായി യോജിപ്പിക്കുന്നതും വിഭജിക്കുന്നതും മത ജാതികളും പ്രാദേശികത്വവുമാണ് .രാഷ്ട്രീയ സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നതും ഗവണ്മെന്റിലും ബിസിനസ് സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതും വോട്ടുചെയ്യുന്നതും യോഗ്യതയുടെയോ നേട്ടങ്ങളുടെയോ അടിസ്ഥാനത്തിലല്ല .കൂടുതലും മതം ,ജാതി, പ്രാദേശിക പരിഗണനകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ബിസിനെസ്സ്, ഗവൺമെൻറ് ,രാഷ്ട്രീയം എന്നിവയിൽ ജാതിക്കും മതത്തിനും മുൻപ് അത്ര സ്വാധീനമില്ലായിരുന്നു.ഇന്ന് അതല്ല സ്ഥിതി .ഇന്ന് അവ രാജ്യത്തിൻ്റെ സാമ്പത്തികവും രാഷ്ട്രീയവുമായ ജീവിതത്തിൽ കണക്കിലെടുക്കേണ്ട പ്രധാന ശക്തിയായി തീർന്നിരിക്കയാണ്.ഇത് മതേതരത്വത്തിന് യോജിച്ചതല്ല. മതേതരത്വത്തിൻ്റെ നേരെ വിപരീതമാണത്.

മതേതരത്വം അഭിവുദ്ധിപ്പെടുത്തുവാൻ എന്ത് ചെയ്യണം ?

എല്ലാ മതങ്ങളും ഉറവിടത്തിൽ , തത്വത്തിൽ , ആത്യന്തികമായ മനുഷ്യനന്മയെ ലക്ഷ്യമാക്കുന്നതാണ്. എന്നാൽ മതം ഇന്ന് മനുഷ്യരുടെ ഇടയിൽ ഭിന്നതയും വിദ്വേഷവും സൃഷ്ടിക്കുന്ന ഒന്നായി പ്രവർത്തിക്കുന്നതാണ് കാണുന്നത് . മതാധിഷ്ഠിതമായ ഒരു സംസ്കാരം ഇന്ത്യയിൽ ഉണ്ട്.മതനിരപേക്ഷത എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു ആശയവും സമാന്തരമായി വളരുന്നുണ്ട് .രാഷ്ട്രീയ , സാമൂഹിക രംഗങ്ങളിൽ ഈ രണ്ടു ആശയ -വിശ്വാസങ്ങളുടെ സോദ്ദേശ സംഗമം ഉണ്ടാവണം .രാജ്യത്തിൻറെ സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവും ഭരണപരവുമായ എല്ലാ പ്രശ്നങ്ങൾക്കും മത നിരപേക്ഷമായ പരിഹാരം കാണുവാൻ ശ്രമിക്കുന്ന ഒരു പ്രസ്ഥാനം വളർത്തിയെടുക്കണം .

“മതനിരപേക്ഷത എന്ത് , എങ്ങിനെ?” എന്ന ലേഖനത്തിൽ ശ്രീ ഇ എം എസ് ഇങ്ങനെയെഴുതി.:

മാർക്സിസ്റ്റു കാരെപ്പോലെ തികച്ചും മതരഹിതരായവർ എല്ലാ മതങ്ങളിലും വിശ്വസിക്കുന്നവരെ ബഹുമാനിക്കുകയും അവരുടെ വികാരങ്ങൾക്ക് ക്ഷതമേല്പിക്കാതിരിക്കാൻ ബോധപൂർവം ശ്രദ്ധിക്കുകയും വേണം . നേരെ മറിച്ച്‌ വിവിധ മതവിശ്വാസികൾ തമ്മിൽത്തമ്മിലെന്ന പോലെ, മതവിശ്വാസികൾ തമ്മിലും മതരഹിതരും തമ്മിലും പൂർണമായ സഹകരണത്തിൻ്റെ അന്തരീക്ഷം സൃഷ്ടിക്കുവാൻ മതവിശ്വാസികളും ശ്രമിക്കണം .അതാണ് യഥാർത്ഥ മതനിരപേക്ഷത .ഇത് പ്രാവർത്തികമാക്കാൻ വലിയ വിഷമമൊന്നുമില്ല മതവിശ്വാസികളെന്നപോലെ മതരഹിതരും എതിരഭിപ്രായക്കാരെ ബഹുമാനിക്കുകയും അവരോടു വ്യാഖ്യാനിക്കാനുള്ള സഹിഷ്ണുതയോടെ പെരുമാറുകയും ചെയ്യണമെന്നേയുള്ളൂ “

രാജ്യത്തു മതേതരത്വം അഭിവൃദ്ധിപ്പെടുത്തുന്നതിനു ജാതിക്കും മതത്തിനും സ്വാധീനമില്ലാത്ത പൊതു താല്പര്യ ഗ്രൂപ്പുകളെ -ബിസിനെസ്സ്,പ്രവർത്തി,ജോലി .കായിക വിനോദം എന്നിങ്ങനെയുള്ള പൊതു താല്പര്യഗ്രൂപ്പുകളെ- വളർത്തിയെടുക്കണം .അങ്ങനെ
രാഷ്ട്രീയക്കാരെയും ഉടമകളെയും തൊഴിലാളികളേയും കൃഷിക്കാരെയും മറ്റും ജാതിയുടെയും മതത്തിന്റെയും സങ്കുചിത ചിന്തകളിൽ നിന്നകറ്റി യഥാർത്ഥ മതേതര മൂല്യങ്ങളിൽ വിശ്വസിക്കുന്നവരാക്കി തീർക്കണം. ഇന്ത്യൻ ഭരണഘടനയിൽ വിഭാവനം ചെയ്ത മതേതരത്വം ഫലവത്താകണമെങ്കിൽ,ഇവിടത്തെ സാഹചര്യങ്ങളിൽ , അത് പരമ്പരാഗതമായ മൂല്യങ്ങളുടെ തുടർച്ചയും അവയെ ശക്തിപ്പെടുത്തുന്നവയുമായിരിക്കണം.

19 ആം നൂറ്റാണ്ടിൽ ഇന്ത്യയിലുണ്ടായ മത-സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങൾക്ക് ചില പൊതു സ്വഭാവങ്ങളുണ്ടായിരുന്നു.അവ യുക്തിയിലും മനുഷ്യ സ്നേഹത്തിലും അധിഷ്ഠിതമായിരുന്നു.പൗരോഹിത്യ ത്തിന്റേയും കർമ്മാനുഷ്ഠാനങ്ങളുടെയും നേർക്കുള്ള പൊതുവായ ആക്രമണത്തിലും, മനുഷ്യ യുക്തിയുടെയും മനുഷ്യക്ഷേമത്തിന്റേയും വെളിച്ചത്തിൽ മതഗ്രന്ഥങ്ങളെ വ്യാഖ്യാനിക്കുവാനുള്ള വ്യക്തിയുടെ അവകാശത്തിന്മേൽ ഉള്ള ഊന്നലിലും മതപരിഷ്കരണ പ്രസ്ഥാനങ്ങളുടെ മാനുഷിക വശം പ്രകടമായിരുന്നു .ലൗകികവും മതേതരവുമായ ഒരു ദേശീയ വീക്ഷണം കരുപ്പിടിപ്പിക്കണമെന്നും പരിഷ്കരണ നേതാക്കൾ ജനങ്ങളെ ഉദ്‌ബോധിപ്പിച്ചു.ദേശീയ ബോധം വളർത്താൻ സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനം ഉപകരിച്ചു

എന്നാൽ മത സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങൾക്ക് ചില പോരായ്മകൾ കൂടിയുണ്ടായിരുന്നു ബഹുഭൂരിപക്ഷം വരുന്ന ഗ്രാമീണ ജനതയെ ഇതൊന്നും ബാധിച്ചില്ല നഗരവാസികളായ ഇടത്തരക്കാരെയാണ് ഇവ സ്വാധീനിച്ചത് .ഗ്രാമീണ ജനത പരമ്പരാഗതവും ആചാരനിബദ്ധവുമായ
പഴയ രീതികളിൽ തന്നെ അവരുടെ ജീവിതം തുടർന്നു പോന്നു .ഭൂതകാലത്തിൻ്റെ മഹത്വത്തെ താലോലിച്ചു .ആധുനിക ശാസ്ത്രത്തെ പൂർണമായി സ്വീകരിക്കുന്നതിന് മടി കാണിച്ചു .ഈ പ്രവണത ഹിന്ദുക്കളെയും മുസ്ലിങ്ങളെയും സിക്കുകാരെയും പാർസികളെയും ഭിന്നിപ്പിച്ചു തുടങ്ങി.അതുപോലെത്തന്നെ ഉയർന്ന ജാതിക്കാരായ ഹിന്ദുക്കളെയും താഴ്ന്ന ജാതിക്കാരായ ഹിന്ദുക്കളെയും ഭിന്നിപ്പിച്ചു.മത സാമൂഹ്യ പരിഷ്കർത്താക്കൾ തങ്ങളുടെ സാംസ്‌കാരിക പൈതൃകത്തിൻറെ മതപരവും ദാർശനികവുമായ വശങ്ങൾക്കു ഏകപക്ഷീയമായ പ്രാധാന്യമാണ് കൊടുത്തത് .ഈ വശങ്ങൾ എല്ലാ ജനങ്ങളുടേയും ഒരു പൊതു പൈതൃകമായിരുന്നില്ല.ഇതിൻ്റെയൊക്കെ ഫലമായി ദേശീയപ്രസ്ഥാനം കൂടുതൽ ശക്തി പ്രാപിച്ചപ്പോൾ ജനങ്ങളുടെയിടയിൽ വർഗീയബോധവും ഉയർന്നു വന്നു .

ദേശീയ പ്രസ്ഥാനത്തിന്റെ ഒരു നിർണായക ഘട്ടത്തിലാണ് ഖിലാഫത്ത്-നിസ്സഹകരണ പ്രസ്ഥാനം തുടങ്ങിയത്. പ്രസ്ഥാനകാലത്തു കോൺഗ്രസും ലീഗും തമ്മിൽ യോജിച്ചു പ്രവർത്തിച്ചു .ഗാന്ധിജി ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഒരു നേതാവായി തീർന്നു.ഖിലാഫത്ത് പ്രസ്ഥാനം അവസാനിച്ചപ്പോൾ കോൺഗ്രസ് -ലീഗ് ബന്ധവും ഹിന്ദു മുസ്ലിം മൈത്രിയും ശിഥിലമാവാൻ തുടങ്ങി.മുസ്ലിം ലീഗിന്റെ മതാത്മകരാഷ്ട്രീയത്തിന് അവിടന്നാണ്‌ തുടക്കം. അത് കഴിഞ്ഞു നാലു വർഷങ്ങൾക്കുള്ളിൽ ആർ.എസ്. എസ് ഉണ്ടായി. അത് ഇന്ത്യയുടെ വിഭജനത്തിലെത്തി.മുസ്‌ലിങ്ങളുടെ മതാത്മക രാഷ്ട്രീയത്തെയും ഹിന്ദുക്കളുടെ മതാത്മക സംഘാടനത്തേയും ഒരു മതേതര രാഷ്ട്രീയ പ്രബുദ്ധതയിലേക്ക് ഉയർത്തിക്കൊണ്ടുവരുന്നതിനു ദേശീയനേതാക്കൾക്കു കഴിഞ്ഞില്ല.മതത്തെയും രാഷ്ട്രീയത്തെയും കൂട്ടിക്കലർത്തിയതിനു ചില നേതാക്കൾ ഖിലാഫത്ത് സമരത്തെ വിമർശിച്ചു രാഷ്ട്രീയത്തിൽ വർഗീയതയെ ശക്തിപ്പെടുത്തി എന്നായിരുന്നു വിമർശനം. മതപരമായ ഒരു പ്രശ്നത്തിന് രാഷ്ട്രീയമായ പരിഹാരം നിർദേശിച്ചത് മതേതര സംസ്കാരത്തിന്റെ വളർച്ചക്ക് എതിരാവും എന്ന തിരിച്ചറിവ് ദേശീയ നേതാക്കൾക്കില്ലാതെ പോയി.

പുരോഗതിയുടെയും മാറ്റത്തിൻറെയും ജനാധിപത്യത്തിന്റെയും ദേശീയതയുടെയും മതേതരത്വത്തിന്റെയും ശത്രുവായ വർഗീയത ഇന്നും ഇന്ത്യയിൽ തുടരുന്നു.മതക്കൂട്ടായ്മയുടെ പേരിൽ നടത്തുന്ന രാഷ്ട്രീയ നീക്കമാണ് വർഗീയത .ഒരു പ്രത്യേക മതത്തോടുള്ള രാഷ്ട്രീയ ചായ്‌വാണത് .വിവിധ സമുദായങ്ങളുടെ മത – സാംസ്കാരിക വ്യത്യാസങ്ങളെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നതിലാണ് വർഗീയതയുടെ ഉറവിടം.മതവും രാഷ്ട്രീയവും തമ്മിലുള്ള അവിഹിത ബന്ധമാണ് വർഗീയതയ്ക്ക് വളം വെച്ചുകൊടുക്കുന്നത് .ജാതി രാഷ്ട്രീയ കക്ഷികളും രാഷ്ട്രീയ കൂട്ടുകെട്ടുകളും മതത്തിൽ വളരെയേറെ സാദ്ധ്യതകൾ കാണുന്നു .

വർഗീയത ബ്രിട്ടീഷ് നയത്തിന്റെ ഉല്പന്നമാണെന്നു പറയാം .ഹിന്ദുക്കളുടെയും മുസ്ലിങ്ങളുടെയും സംയുക്ത ശക്തിയെ നല്ലപോലെ അറിയാമായിരുന്ന അവർ എല്ലാ വിഭാഗങ്ങളെയും വിവിധ തട്ടുകളായി തിരിച്ചു വർഗീയതയുടെ വഴിയിൽ കൂടി’ വിഭജിച്ചു ഭരിക്കുക ‘എന്ന നയമാണ് ആരംഭം മുതലേ സ്വീകരിച്ചത്.ഒരു സമുദായത്തെ മറ്റൊന്നിനെതിരായി തിരിച്ചുകൊണ്ടുള്ള ഭരണഘടനാപരിഷ്കാരങ്ങളാണ് 1909 ലും 1919 ലും 1935 ലും അവർ നടപ്പാക്കിയത്.മുസ്ലിങ്ങൾക്ക് സംവരണവും പ്രത്യേക നിയോജകമണ്ഡലങ്ങളും വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ പരിഷ്‌കാരങ്ങൾ ഇന്ത്യയിൽ വിഭാഗീയതയെയും വർഗീയതയെയും പ്രോത്സാഹിപ്പിച്ചു.ദേശീയ ഐക്യത്തെ ദുർബലപ്പെടുത്തുക എന്നതായിരുന്നു
ലക്‌ഷ്യം .ഇന്ത്യൻ രാഷ്ട്രീയത്തിൽ വർഗീയതയുടെ വിഷം നിറച്ചതായിരുന്നു 1909 ലെ ഭരണഘടനാ പരിഷ്കാരത്തിലെ മുസ്ലിങ്ങൾക്ക് പ്രത്യേക നിയോജകമണ്ഡലം അനുവദിച്ച നടപടി എന്നാണ് നെഹ്‌റു അഭിപ്രായപ്പെട്ടത് . സിക്കുകാരും ഇന്ത്യൻ ക്രിസ്ത്യാനികളും ആംഗ്ലോ ഇന്ത്യക്കാരും യുറോപ്യന്മാരും പ്രത്യേകം നിയോജക മണ്ഡലങ്ങൾ ആവശ്യപ്പെട്ടു ശബ്ദം ഉയർത്തി.1919 ലേ യും 1935 ലേയും ഭരണഘടനാപരിഷ്കാരങ്ങളിൽ അത് നേടിയെടുത്തു.

ദേശീയ പ്രസ്ഥാനത്തിന്റെ ഒരു ഘട്ടത്തിൽ നെഹ്‌റു ഇങ്ങിനെ പറഞ്ഞു “ഒരു വർഗീയവാദം മറ്റൊരു വർഗീയ വാദത്തിനെ അവസാനിപ്പിക്കുന്നില്ല ഒരോന്നും പരസ്പരം പോഷിപ്പിക്കുകയും രണ്ടും തടിച്ചു കൊഴുക്കുകയും ചെയ്യുന്നു .”ഇന്ത്യയുടെ വിഭജനത്തിനു വഴിതെളിയിച്ചു വർഗീയതയുടെ വെല്ലുവിളി നേരിടുന്നതിൽ ദേശീയപ്രസ്ഥാനം പരാജയപ്പെടുകയാണുണ്ടായത് .

വഴിപിഴച്ചുപോകുന്ന മതാത്മകതയും മതാത്മക രാഷ്ട്രീയവും

ജനങ്ങളുടെ മത വിശ്വാസം വർദ്ധിച്ചു വരുന്നു എങ്കിലും മതാധിഷ്ടിതമൂല്യബോധം ജനങ്ങളിൽ വർദ്ധിച്ചു വരുന്നില്ല.ഇതിനു കാരണം തെറ്റായ മതാത്മകത പ്രചരിപ്പിക്കപ്പെട്ടതു കൊണ്ടാണ് .മതങ്ങളിലെ മാനുഷിക മൂല്യങ്ങൾ അവഗണിക്കപ്പെടുന്നു കർമ്മാനുഷ്ഠാനങ്ങൾക്കു ഊന്നൽ നൽകുന്നു. മതാധിഷ്ഠിത മൂല്യബോധം വളർത്തണമെന്നുണ്ടെങ്കിൽ പരമ്പരാഗത മതങ്ങളെയും മതഗ്രന്ഥങ്ങളെയും അനുഷ്ഠാനങ്ങളെയും ആ ലക്ഷ്യത്തോടെ പുനരാഖ്യാനം ചെയ്യേണ്ടിയിരിക്കുന്നു

നവഭാരതം കെട്ടിപ്പടുക്കുന്നതിനുള്ള കൂട്ടായ യജ്ഞത്തിൽ മത,ജാതി പരിഗണനകൾക്കതീതമായി മാനുഷിക മൂല്യങ്ങൾക്ക് വിലമതിക്കുന്ന സാർവലൗകിക മനുഷ്യത്വത്തെ പറ്റിയുള്ള ഒരു പുതിയ ദർശനം നമ്മുടെ രാജ്യത്തു ഉരുത്തിരിഞ്ഞു വരേണ്ടതുണ്ട്.ഇത് സാദ്ധ്യമാകുന്നതിനു വിവിധ മതങ്ങൾ മുൻകൈ എടുത്തു പ്രവർത്തിക്കണം. ഇന്ത്യൻ സാഹചര്യത്തിൽ മതങ്ങളുടെ സാന്നിദ്ധ്യം ഒഴിവാക്കാവുന്നതല്ല. ഭരണഘടനാപരമായ സ്ഥാപനങ്ങൾ -ഗവർമെന്റ് , കോടതികൾ മുതലായ സ്ഥാപനങ്ങളുടെ ഇടപെടലുകൾ ഉണ്ടാവണം.19 ആം നൂറ്റാണ്ടിലെ മത -സാമൂഹിക -നവീകരണ പരിഷ്കാരങ്ങളുട തുടർച്ചയായി മതേതരവും മാനവികവുമായ കാഴ്ചപ്പാടുകളുള്ള മറ്റൊരു സാമൂഹിക നവീകരണ പ്രസ്ഥാനം ഈ നൂറ്റാണ്ടിൽ തുടങ്ങണം .

കവർ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like