പൂമുഖം LITERATUREകഥ ലോസ്റ്റ്‌ ആൻഡ്‌ സ്റ്റോലൻ ഡിപ്പാർട്മെന്റ്

ലോസ്റ്റ്‌ ആൻഡ്‌ സ്റ്റോലൻ ഡിപ്പാർട്മെന്റ്

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

എന്റെ മുൻ സുഹൃത്ത് കഴിഞ്ഞ ആഴ്ച മരിച്ചു.

യൂറോസ്റ്റാറിൽ പാരീസിൽ നിന്നും വരുന്ന വഴി നഷ്ടപ്പെട്ട പാസ്പോർട്ട്‌ അന്വേഷിക്കാൻ ലണ്ടനിലെ കിങ്‌സ് ക്രോസ്സ് സ്റ്റേഷനിൽ എത്തിയതായിരുന്നു ഞാൻ.
അനേകം ഇടനാഴികളിലൂടെ സഞ്ചരിച്ചു നിരനിരയായി വെളിച്ചവും ഇരുട്ടും മാറി മാറി നിഴലിക്കുന്ന ഓഫീസ് മുറികൾക്ക് പുറകിൽ കാർപാർക്കിന് ചേർന്നാണ് ലോസ്റ്റ്‌ ആൻഡ്‌ സ്റ്റോലൻ വിഭാഗത്തിന്റെ അധികമാരും എത്തിപ്പെടാത്ത, എന്നാൽ എത്തിപ്പെട്ടാൽ വിട്ടുപോവാത്ത ഓഫീസ് .

അവിടെ എനിക്ക് മുന്നെ വന്ന അറുപതു വയസ്സുകാരി നാനാ നിറത്തിലുള്ള കൊട്ടകളിൽ അടുക്കി വെച്ച നാനാ രാജ്യങ്ങളിൽ നിന്നുള്ള നാനാനിറത്തിലുള്ള പാസ്സ്പോർട്ടുകൾ ചികഞ്ഞു പരിശോധിക്കാൻ തുടങ്ങിയിട്ട് കുറേ നേരമായി.

ഊഴം കാത്തിരുന്ന എന്റെ ക്ഷമ കെടാൻ സമയമായി.

അവരുടെ വ്യഥ എനിക്ക് മനസ്സിലാവേണ്ടതാണ് .

വിദേശരാജ്യങ്ങളിൽ ജീവിക്കുന്നവർക്ക് ഭക്ഷണം, വസ്ത്രം ,പാർപ്പിടം എന്നീ അവശ്യവസ്തുക്കളുടെ ലിസ്റ്റിൽ പാസ്സ്പോർട്ടും പെടും.
അത് നഷ്ടപ്പെട്ടാൽ അനുഭവപ്പെടുന്ന വിഭ്രാന്തി എനിക്ക് മനസ്സിലാവേണ്ടതാണ്.

അവൾ തന്നെയാണ് ഞാനും.

ഉയർന്നു നേർക്കനേ മുടിയുള്ള ഇന്ത്യക്കാരിയായ ഞാൻ തന്നെയാണ് അത്ര ഉയരമില്ലാത്ത, ചുരുണ്ട മുടിക്കാരി അവൾ.നൈജീരിയൻ പാസ്സ്പോർട്ട് നഷ്ടപ്പെട്ട നൈജീരിയക്കാരി.

വിദേശികൾ.

പാസ്സ്പോർട്ട്‌ നഷ്ടപ്പെട്ടവർ.

അത് തിരിച്ചു കിട്ടാൻ സ്റ്റേഷനിൽ നിന്നും സ്റ്റേഷനിലേക്ക് പരക്കം പായുന്നവർ.

അവളുടെ ഊഴം കഴിയാൻ കാത്തു നിൽക്കെ വിരസത മാറ്റാൻ ഫേസ്ബുക് തുറന്നപ്പോഴാണ് സിസിലി മരിച്ച വാർത്ത അറിയുന്നത്

സിസിലി എന്റെ മുൻ സുഹൃത്ത് ആയതു ഞങ്ങൾ പിണങ്ങിയത് കൊണ്ടൊന്നുമല്ല
ഞങ്ങൾ അടുത്തത് മക്കൾ വഴിയായിരുന്നു, അകന്നതും മക്കൾ കാരണം തന്നെ.
മോനെ “ടംബിൾ ടോട്സ് “എന്ന ആക്ടിവിറ്റി ക്ലബ്ബിൽ ചേർക്കാൻ പോയപ്പോഴാണ് ,അവളുടെ തിളങ്ങുന്ന കണ്ണുകളും തിളക്കമാർന്ന ചിരിയും കണ്ടതും ഇഷ്ടപ്പെട്ടതും പരിചയപ്പെട്ടതും

ഒരുപക്ഷെ പരിചയപ്പെടുന്നതിനു മുമ്പ് ഇഷ്ടപ്പെട്ട ചുരുക്കം ചിലരിൽ ഒരാളാവണം സിസിലി.പിന്നീട് കുട്ടികളുടെ ക്ലബ്ബുകളിൽ വെച്ച് വീണ്ടും കണ്ടുമുട്ടുമ്പോൾ അവൾ അതേ തിളക്കമാർന്ന ചിരിയോടെ അവളുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചും ലണ്ടനിൽ മാസ്റ്റേഴ്സ് ചെയ്തതിനെക്കുറിച്ചും സംസാരിച്ചു.

Tiny tots ക്ലബ്ബിൽ വെച്ച് അടുത്ത മാസം കണ്ടപ്പോൾ അവളുടെ യോഗ്യതയ്ക്ക് യോജിച്ച ജോലി കിട്ടണമെങ്കിൽ ലണ്ടൻ സിറ്റിയിലേക്ക് യാത്ര ചെയ്യണമെന്നും, അങ്ങനെ ചെയ്യുമ്പോൾ കുട്ടികളുടെ കാര്യം നന്നായി നടക്കുമോ എന്നുള്ള ഭർത്താവിന്റെ ആശങ്കമൂലം അവൾ വീട്ടിൽ തന്നെ ഭരതനാട്യം ക്ലാസ്സ്‌ തുടങ്ങാനുദ്ദേശിക്കുന്നുവെന്നും പറഞ്ഞു എന്റെ കൈയ്യിൽ ഒരു ബിസിനസ്‌ കാർഡ് തന്നു, അറിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ പറയണമെന്ന്…

ചുരുണ്ട മുടിക്കാരി പാസ്പോർട്ട്‌ ലഭിക്കാതെ മടങ്ങി.
എന്റെ ഊഴമായി. എന്റെ വിവരങ്ങൾ അവർ കമ്പ്യൂട്ടറിൽ ഇട്ടു, ഒന്നുമേ വന്നില്ല വിവരങ്ങൾ. കമ്പ്യൂട്ടറിന് എന്നെപ്പറ്റി ഒന്നും അറിയില്ല.

ബോക്സർ ഫയലിൽ അടുക്കി വെച്ചിരിക്കുന്ന പാസ്സ്പോർട്ടുകളിൽ എല്ലാം തപ്പി.എവിടെയുമില്ല എന്റെ പാസ്സ്പോർട്ട്‌.

യൂറോസ്റ്ററിൽ പാരീസിലേക്ക് പോകുന്ന വഴിയാണ് പാസ്പോർട്ട്‌ നഷ്ടപ്പെട്ടതെങ്കിൽ അവരുടെ ഓഫീസിൽ പോയി അന്വേഷിച്ചു നോക്കുന്നോ എന്ന് കിങ്‌സ് ക്രോസ്സ് ഓഫീസിലെ സ്റ്റാഫ്‌ അഭിപ്രയപ്പെട്ടു.

കിങ്‌സ്ക്രോസ്സിൽ നിന്നും സെന്റ് പാൻക്രിസിൽ യൂറോസ്റ്റർ ഓഫീസിലേക്ക് നടക്കുമ്പോൾ സിസിലിയെ ടൈനി ട്രെഷേർസ് ക്ലബ്ബിൽ വെച്ച് കണ്ടത് ഓർത്തെടുത്തു.
ഭാരതനാട്യം ക്ലാസുകൾ വിചാരിച്ച പോലെ പുരോഗമിച്ചില്ലെന്നും തന്മൂലം പുതിയ ഒരു ചാർകോൾ പെയിന്റിംഗ് ക്ലാസ്സ്‌ തുടങ്ങിയെന്നും താല്പര്യം ഉള്ള ആരെങ്കിലും ഉണ്ടെങ്കിൽ അറിയിക്കണമെന്നും…..

യൂറോസ്റ്റാറിലിനു മുന്നിൽ ഫ്രാൻ‌സിലേക്കും ബ്രസ്സൽസിലേക്കും ആംസ്റ്റർഡാമിലേക്കും പോകാനുള്ള യാത്രക്കാരുടെ നീണ്ട നിരകൾ.

“ലോസ്റ്റ്‌ ആൻഡ്‌ സ്റ്റോലൻ” ഓഫീസിൽ എത്തിയപ്പോൾ അവിടെയും ഉണ്ടവൾ.ഒരു റുമാനിയക്കാരി.
ചെമ്പിച്ച മുടിയും, കരിനീലക്കണ്ണുകളും.

നിരയായി അടുക്കിയ കൊട്ടകളിൽ പാസ്സ്പോർട്ട്‌ തിരയുന്നു.

അവൾ തന്നെയല്ലേ ഞാൻ?

കറുത്ത മുടിയും, കറുത്ത കണ്ണുകളും ഉള്ള ഞാൻ?

അന്യദേശക്കാർ.

പാസ്പോർട്ട്‌ നഷ്ടപ്പെട്ടവർ.

നഷ്ടപ്പെട്ടത് തിരിച്ചെടുക്കാൻ പരക്കം പറയുന്നവർ.

യൂറോപ്പിലേക്ക് ഈഫൽ ടവർ കാണാനും ആംസ്റ്റർഡാ മിലെ ട്യൂളിപ്പുകൾ കാണാനും നിരനിരയായി നിൽക്കുന്ന യാത്രക്കാരുടെ ഇടയിലൂടെ തിക്കിത്തിരക്കി പുറത്തേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ സിസിലിയുടെ ജോലി അന്വേഷിച്ചുള്ള യാത്രകൾ ഓർമ്മകളിലൂടെ തിക്കിത്തിരക്കി വന്നു.

ജീവിതം അന്വേഷിച്ചുള്ള യാത്രയായിരുന്നോ അത്?

എന്റെ പാസ്സ്പോർട്ട്‌ ഒരു സ്റ്റേഷനിലും കിട്ടിയില്ല, ഒരു യൂറോസ്റ്റാറിലും കിട്ടിയില്ല, ഒരു ലോസ്റ്റ്‌ ആൻഡ്‌ സ്റ്റോലൻ ഡിപ്പാർട്മെന്റിലും കിട്ടിയില്ല.

അവൾക്കും കിട്ടിയില്ലേ അവളുടെ ജീവിതം എവിടെയും?

അവളുടെ ജീവിതം എപ്പോഴാണ് നഷ്ടപ്പെട്ടത്?

ആരാണ് മോഷ്ടിച്ചത്?

പല പല കൊട്ടകളിൽ ചികഞ്ഞിട്ട് കിട്ടാഞ്ഞിട്ടാണോ അവൾ സ്വന്തം വീട്ടിലെ മട്ടുപ്പാവിൽ നിന്നും ചാടി ആത്‍മഹത്യ ചെയ്തത്?

അവൾ തന്നെയാണോ ഞാൻ?

വര : വർഷ മേനോൻ

കവർ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like