പൂമുഖം LITERATUREകഥ നിയോഗം

നിയോഗം

ഉള്ളിലൊരു കഥാതന്തുവിന്റെ തുടിപ്പു സ്വയം ആസ്വദിച്ചുകൊണ്ടിരിക്കുമ്പോൾ
കോളിങ്ബെല്ലിന്റെ ശബ്ദം.അല്പം ഈർഷ്യയോടെ വാതിൽ തുറന്നു.മുന്നിൽ ജയദേവൻ.ചന്ദ്രിക ടീച്ചറിന്റെ ഇളയ മകൻ.

ആലിപ്പഴം വീണുകിട്ടിയ സന്തോഷം ഉള്ളിലൊതുക്കി.എന്നെ പരിചയമില്ലാത്ത ജയന് എൻ്റെ അതിസന്തോഷത്തിന്റെ കാരണം തിരിച്ചറിയാനാവില്ലല്ലോ.
അദ്ദേഹം സ്വയം പരിചയപ്പെടുത്താൻ കരുതിക്കൊ ണ്ടുവന്ന വരികൾ പറഞ്ഞു തുടങ്ങുമ്പോൾ ഞാൻ തടഞ്ഞു .
“വേണ്ട ജയൻ,എനിക്ക് ആളെ മനസ്സിലായി”.
അമ്പരപ്പു മറയ്ക്കാതെയെങ്കിലും മറുപടി ഒഴുകി വന്നു.
“അമ്മയുടെ ഫയലിൽ നിന്നുകിട്ടിയ വിലാസവും റോഡുമാപ്പും കൃത്യമായിരുന്നു. വീടു കണ്ടുപിടിക്കാനെളുപ്പമായി . പരിചയപ്പെടുത്താതെ എന്നെ തിരിച്ചറിഞ്ഞതു നന്നായി.സ്വയം പരിചയപ്പെടുത്തൽ എനിക്കത്ര ഇഷ്ടമല്ല.”

അകത്തേക്ക് ക്ഷണിച്ചുകൊണ്ട് ഞാൻ പറഞ്ഞു
“അമ്മ മക്കളെ കൃത്യമായി പരിചയപ്പെടുത്തിയിരുന്നു, ജയൻ. ഒരു പ്രത്യേക പ്രസാദം ആ മുഖത്തു വിരിഞ്ഞു. ചന്ദ്രികടീച്ചറാണ് മുന്നിൽ നില്ക്കുന്നത് എന്നുതോന്നിപ്പിക്കുന്ന സംസാരവും ഭാവവും.ആ ഓർമ്മ കൊണ്ടുവന്ന മൗനത്തിന്റെ ആവരണം തട്ടിമാറ്റി ഞാൻ പെട്ടെന്ന്പറഞ്ഞു.”ഇളയ ആളെത്തന്നെയാണ് കൂടുതൽ പരിചയം”.വീണ്ടും ആ പ്രകാശം മുഖത്തു മിന്നിമറഞ്ഞു.

അല്പം സ്വകാര്യസംഭാഷണങ്ങൾക്കു ശേഷം കയ്യിലെ ഫയൽനീട്ടി
“അമ്മ പോയ ശേഷമാണ് ഈ ഫയൽ കണ്ടത്.
ബാങ്ക് ഡെപ്പോസിറ്റുകളുടെ രസീതുകളാണ് . ഡെത്ത്ക്ലെയിം ശരിയാക്കാൻ വേണ്ടതു ചെയ്യണം.ഇതിവിടെത്തന്നെ ഏൽപ്പിക്കണമെന്നു അമ്മ കുറിച്ചിരുന്നു. തിരക്കില്ല, ഞാൻ പിന്നെ വന്നോളാം”.

ജയൻ യാത്രപറഞ്ഞു പടിയിറങ്ങുമ്പോൾ അമ്മയുടെ മകൻതന്നെയെന്ന് ഒരുവട്ടംകൂടി ഓർത്തു.

ഫയൽ കയ്യിൽ വച്ചുകൊണ്ട് കുറേനേരം ഇരുന്നു.പ്രഗത്ഭരായ മക്കൾക്ക്‌ നിഷ്പ്രയാസം ചെയ്യാവുന്ന കാര്യം എന്നെത്തന്നെ ഏല്പിക്കണമെന്ന്
കുറിച്ചുവച്ചതെന്തേ? അതും ഞാൻ ആ ശാഖയിലല്ല എന്നറിഞ്ഞിട്ടും.ഒന്നും ഉദ്ദേശിക്കാതെ ടീച്ചർ ഇങ്ങനെചെയ്യില്ല.ഓർമ്മകൾ
ശരവേഗത്തിൽ പിന്നിലേക്കോടി. ബാങ്കിനുള്ളിൽ
വച്ചു ടീച്ചറിനെ പരിചയപ്പെട്ട നാളുകൾ വ്യക്തമായി
തെളിഞ്ഞുവന്നു.

കാഷ്ക്യാബിനു മുന്നിലെ നല്ല തിരക്കിനിടയിലും കസ്റ്റമർലോഞ്ചിന്റെ അങ്ങേത്തലക്കൽ നിന്ന്
കൈവീശി വേഗതയിൽ നടന്നടുക്കുന്ന ചന്ദ്രികടീച്ചറെ ഒറ്റനോട്ടത്തിൽ തിരിച്ചറിയും.അത്രമേൽ പ്രിയപ്പെട്ടവരെ ഏതു ജനസഞ്ചയത്തിലും തിരിച്ചറിയുമല്ലോ.കാഴ്ചയിലും നടപ്പിലും തികച്ചും വ്യത്യസ്തയായ ടീച്ചറിനെ ഉറപ്പായും കാണും.വെളളിനിറം കടന്നുതുടങ്ങിയ ചുരുണ്ട മുടി.വെള്ളയിൽ പൂക്കൾ തുന്നിയ വേഷം. മുഖത്ത് സദാ പ്രസന്നത കലർന്ന ഗൗരവം.ഇംഗ്ലീഷ്സാഹിത്യത്തിൽ അസാമാന്യ അവഗാഹം .എന്നാലോ കണക്കിനോടും കണക്കുകൂട്ടലുകളോടും ഭയഭക്തിബഹുമാനത്തോടെ ഒരകലം.ഒരിക്കലുംതിരക്കു കൂട്ടിയോ പരിചയത്തിനെ മുതലെടുത്തോ സ്വന്തം കാര്യം നടത്താൻ
തയ്യാറാവത്തയാൾ.ഇതൊക്കെയാണ് പ്രൊഫസർ ചന്ദ്രികാമ്മ.

വൈജാത്യങ്ങൾക്കിടയിൽ നിന്നുകൊണ്ടു തന്നെ ഞങ്ങൾ വേഗം സൗഹൃദവലയത്തിലായി. സൗഹൃദം എന്നു പറയാനാവില്ല വലിയൊരു
ആദരവും കരുതലുമായിരുന്നു.
ഭാഷയും സാഹിത്യവും എന്നും ദൗർബല്യമായിരുന്ന എനിക്കു ടീച്ചർ ഗുരുവും സ്നേഹിതയും ചേച്ചിയുമായി. എന്നോടും ടീച്ചറിനു വലിയ വാത്സല്യമായിരുന്നു.വീട്ടിൽവച്ചുള്ള ട്യൂഷൻ
ക്ലാസ്സുകളിൽ ഞാനും പങ്കെടുത്തു.. വലിയ കോമ്പൗണ്ടിലെ വലിയവീട്ടിൽ തന്റെ ഏകാന്തത മുക്കികളയാൻ നടത്തുന്ന ക്ലാസുകൾ ശിഷ്യഗണങ്ങൾക്കിമ്പമുള്ളതായിരുന്നു.

മക്കളെല്ലാം ബൗദ്ധികമേഖലയിൽ നേട്ടങ്ങൾ കൊയ്യുമ്പോഴൊക്കെ ടീച്ചർ വലിയ അഭിമാനത്തോടെ അതു പങ്കുവയ്ക്കും.ആ നേരം മുഖത്ത് തെളിയുന്ന ഊർജം കാണേണ്ടതു തന്നെ.ടീച്ചർ നെഞ്ചിൽ പിശുക്കി സൂക്ഷിച്ച അളവില്ലാത്ത സ്നേഹമാണത്രേ അവരുടെ നേട്ടത്തിനു പിന്നിൽ. സ്നേഹം വാരിക്കോരി കൊടുത്തിരുന്നെങ്കിൽ അവർ രക്ഷപ്പെടില്ലായിരുന്നു എന്നു ടീച്ചർ വിശ്വസിച്ചു.
അക്കാലത്തെ മാതാപിതാക്കളുടെ പൊതുധാരണ അതായിരുന്നല്ലോ.മാത്രമല്ല അച്ഛൻ തുണയ്ക്കാനില്ലാത്ത ആൺമക്കളെ ബന്ധുക്കളുടെ സഹായമില്ലാതെ വളർത്താൻ ഈ ഗൗരവആവരണം സഹായിക്കുമെന്നു ടീച്ചർ വിശ്വസിച്ചു.മാതൃസഹജമായ വാത്സല്യത്തെ ചെപ്പിലടച്ചു.പിശുക്കി സമ്പാദിച്ചുകൂട്ടിയ സ്നേഹക്കലവറ തുറക്കാനുള്ള ശുഭമുഹൂർത്തം മക്കളെല്ലാം നേട്ടങ്ങളുടെ മുകളിലെത്തിയിട്ടേ വരൂ എന്ന തോന്നലിൽ തനിക്കും അവർക്കും വൈകാരികനഷടമുണ്ടായി എന്നു പോകെപ്പോകെ ടീച്ചർ മനസ്സിലാക്കിയിരുന്നെങ്കിലും മക്കളുടെ ഉയർച്ചക്കു തന്റെ ആ ത്യാഗമാണു കാരണം എന്നു ടീച്ചർ ആശ്വസിച്ചു .പാതിവഴിയിൽ ഒറ്റപ്പെടുത്തിപ്പോയ പ്രിയതമനെ കുറിച്ചു ഒന്നും പറയാൻ ഇഷ്ടമായിരുന്നില്ല. അയാൾ കാരണമാണ് തനിക്ക് ഭാരമുളള കവചം അണിയേണ്ടി വന്നതെന്ന് മാത്രം
പലവട്ടം പരിതപിച്ചിരുന്നു.മക്കളും പേരക്കുട്ടികളുമൊത്തുള്ള വരുംകാല ജീവിതമെന്ന സ്വപ്നത്തിലെത്തിനിൽക്കുന്ന ചർച്ചകൾ.

സ്നേഹക്കലവറയുടെ താക്കോലും പിടിച്ചുകൊണ്ടു മക്കളുടെ അവധികൾ
കാത്തിരുന്നു ടീച്ചർ.ജോലിയിലായിരിക്കുന്ന മക്കളെ മനസാ ലാളിച്ചുകൊണ്ട് ഇടക്ക് ഒറ്റയ്ക്ക് കലവറയിലെ സ്നേഹനിധിച്ചെപ്പു തുറന്നു. ഉള്ളിലെ വാത്സല്യക്കൂമ്പാരം പങ്കിടാനാവാതെ മനസ്സിന്റെ നെരിപ്പോട് പുകഞ്ഞുകൊണ്ടേയിരുന്നു. തഴുതിട്ട കതകിനു പുറത്തേക്ക് പുകമണം വ്യാപിപ്പിക്കാതെ.

സുഖദുഃഖചിറകുകൾ വീശി കാലം പറന്നു
കൊണ്ടേയിരുന്നു.ആകാംക്ഷയും അനാരോഗ്യവും
ടീച്ചറെ അലട്ടിയിരുന്ന കാലത്ത് ഞാനും അകലെ ഔദ്യോഗിക തിരക്കിലായി.ഇടക്കൊക്കെ വന്നു
കാണുമ്പോൾ നിധിച്ചെപ്പു തുറന്നു എന്റെവക നീക്കിയിരുപ്പു കണക്കുതീർത്തു തന്നിരുന്നു.താളംതെറ്റി മിടിക്കുന്ന ഹൃദയത്തെ കുറിച്ച് പരിഹാസരൂപത്തിൽ ടീച്ചർ പറയുമ്പോൾ ‘അങ്ങനെ രക്ഷപ്പെടില്ല, കുറെക്കൂടെ ചെയ്യാനുണ്ട് ‘ എന്നു ഞാനും പറയും.

പക്ഷെ ഒരു ഞായറാഴ്ച അലസതയിൽ മുങ്ങാങ്കുഴിയിട്ട് നൂറു വാർത്തകൾ കാണുമ്പോൾ ടീവീയിൽ ടീച്ചറിന്റെ മുഖം തെളിയുന്നു.കർമബന്ധങ്ങളുടെ കെട്ടു പൊട്ടിച്ചുകൊണ്ട് സമയരഥത്തിലേറി എന്റെ ടീച്ചർ. സ്ഥിരമായി എന്റെ കയ്യിലുണ്ടാവാറുള്ള റിമോട്ടു വീണുപോയി.ടീച്ചറിന്റെ മഹത്വങ്ങൾ എന്തൊക്കെയോ കേൾക്കുന്നുണ്ട്.നാട്ടിലെത്തി,പമ്പയുടെതീരത്തെ വലിയവീട്ടിലെക്കോടിയെതതി. ചില്ലുകൂട്ടിനുള്ളിൽ വെള്ളപുതച്ചു കിടക്കുമ്പോഴും പതിവു ഗൗരവം.പതിവിലേറെ മുഖപ്രസാദം.

തിരക്കും ബഹളവും അലർജിയായതു കൊണ്ട് ഉത്സവ നാളുകളിലൂം ഉത്രട്ടാതി വള്ളംകളിക്കും നാടുവിട്ടു
കളയുന്ന പതിവിനെ കുറിച്ച് ടീച്ചർ തമാശ
പറയാറുണ്ട്.ഇപ്പോൾ എന്തോ ചുറ്റുമുള്ള ആളും ബഹളവും ആസ്വദിക്കുംപോലെയൊരു ഭാവം !!!.
ചുറ്റും ഇരിക്കുന്ന പുത്രപൗത്രബന്ധുമിത്രാദികളെ എല്ലാവരെയും ഞാൻ തിരിച്ചറിഞ്ഞു,അവരെക്കുറിച്ചുളള വരകൾ അത്ര കൃതൃമായിരൂന്നല്ലോ.ഇടയ്ക്കു പഴയ ആൽബങ്ങൾ കാണിച്ചു തന്നിരുന്നു.സങ്കടക്കടലിൽ പെട്ട അവരുടെ സാമീപ്യം ടീച്ചർ ആസ്വദിക്കുന്ന പോലെ.എന്റെ മണ്ടൻ ചിന്തകൾ. ആത്മാവിന് സുഖദുഃഖങ്ങളോ ? വസ്ത്രം മാറുന്ന പോലെ ദേഹി പുതിയൊരു ദേഹം സ്വീകരിക്കണമെന്നും അടുത്ത ജന്മം എന്റെ ഇരട്ടസഹോദരിയായി ജനിക്കണമെന്നുംവല്ലാത്തൊരു മോഹം. ചില്ലുകൂടിനരികെനിന്ന് ചന്ദനത്തിരിയുടെ പുകപടലം എന്നിലേക്കടുത്തു വന്നു വട്ടം ചുറ്റി നിന്നു പിന്നെ മെല്ലെ അകന്നുപോയി.

“നിനക്കു തിരക്കല്ലേ പിന്നെ കാണാം. ഞാൻ എപ്പോഴും ഫ്രീ ആണേ”പതിവ് യാത്രാമൊഴി.”കാണാം,കാണണം” എന്ന സ്ഥിരംമറുപടി എന്റെ തൊണ്ടയിൽ കുരുങ്ങി.

ചുറ്റിലുമുള്ളവർക്ക് ഞാൻ വെറുമൊരു വിസിറ്റർ മാത്രം.അപരിചിതത്വത്തിന്റെ പുതപ്പിനുള്ളിൽത്തന്നെ ഞാൻ അല്പംകൂടെ ആ മുഖത്തേക്കു നോക്കിനിന്നു.
ചില്ലുകൂട്ടിലുറങ്ങൂന്ന ടീച്ചറിനരികെ അധികം നിൽക്കാനായില്ല.എന്റെ ടീച്ചർ എന്ന അഹങ്കാരം രക്തബന്ധങ്ങളുടെ വലയത്തിനുള്ളിലെത്താൻ ശക്തമല്ല എന്നൊരു നൊമ്പരം.എല്ലാ ദുഃഖവും പമ്പകടത്തുന്ന സാക്ഷാൽ പമ്പാ തീരത്തേക്ക് കാലുകൾ അറിയാതെ ചലിച്ചു.വീശിയടിക്കുന്നകാറ്റ്.കുഞ്ഞോളങ്ങൾ എന്നെപ്പോലെ പരവശതയിൽ.ആകാശത്തിൽ രൂപംമാറിവരുന്ന
മേഘശകലങ്ങളോടു സങ്കടം പങ്കിട്ടിരിക്കുമ്പോൾ പരിചിതമായ ഒരു ശബ്ദം കേട്ടപോലെ..
തിരിഞ്ഞുനോക്കി.പഴയതിലും പ്രസന്ന വദനയായ ടീച്ചർ.ഞങ്ങൾക്കൊപ്പം പായൽ പിടിച്ച പടവുകളിലൊന്നിൽ വന്നിരുന്നു ‘ഞാനും അവിടന്നു മുങ്ങി’യെന്നു പറയുംപോലെ. സ്നേഹക്കലവറ താനേ തുറന്നു ഇളംകാററായി എന്നെ തഴുകി ആകാശവീഥിയിലെത്താൻ വെമ്പുന്നപോലെ.ചന്ദനഗന്ധമുളള കാറ്റ് പമ്പയുടെ ഉള്ളിലും മുകളിലും മെല്ലെ കറങ്ങിനടക്കുന്നു.ഞാൻ എന്റെ കാലുകൾ പമ്പയിലേക്ക് ഇറക്കിവെച്ചു. തണുപ്പുകൊണ്ട് പമ്പ എന്നെ തലോടിഅശ്വസിപ്പിച്ചു.പുറമെ ചുറ്റിയടിച്ചു ചൂളംവിളിച്ച കാറ്റും സാന്ത്വനഗാനം പാടി.

പല്ലിയുടെ ഒച്ച ചിന്തകൾ മുറിച്ചു.
ഫയലിലെ പേജുകൾ മറിക്കുമ്പോൾ ടീച്ചറിന്റെ അടുത്തിരിക്കുമ്പോലെ.മക്കളെ എന്നെ ഏൽപ്പിക്കുമ്പോലെ. രക്തബന്ധത്തിന്റെ കെട്ടുപാടുകളുളളവർ അർപ്പിക്കുന്ന തിലോദകത്തെക്കാൾ വലിയൊരു നിയോഗം എനിക്കായി കരുതിയ ടീച്ചറമ്മക്കു എന്റെ ആത്മപ്രണാമം..

വര : പ്രസാദ് കാനത്തുങ്കൽ

കവർ : ജ്യോത്സ്ന വിത്സൺ

Comments
Print Friendly, PDF & Email

You may also like