പൂമുഖം LITERATUREനിരൂപണം കഥാവാരം – ഭാഗം 31

കഥാവാരം – ഭാഗം 31

ഒരാൾ ജീവിക്കുന്ന കാലഘട്ടമാണ് മിക്കപ്പോഴും അയാളുടെ എഴുത്തുകളുടെ ഭൂമിക. അതിനാൽ കാലത്തോട് സംവദിക്കുന്നവയാകും പല നല്ല എഴുത്തുകളും. സാഹിത്യത്തിന്റെ എല്ലാവിധ സൗന്ദര്യവും ഉൾക്കൊള്ളുമ്പോൾ തന്നെ വിശാലാർത്ഥത്തിലുള്ള രാഷ്ട്രീയവും അത് കാഴ്ചപ്പെടുത്തും. കേവലാർത്ഥത്തിലുള്ള സാമുദായിക ഉദ്ധാരണം അല്ല ‘രാഷ്ട്രീയം’ എന്ന പദം കൊണ്ട് ഇവിടെ വിവക്ഷിക്കുന്നത്. സമൂഹത്തിന് നേരെ തുറന്നുവച്ച എഴുത്തുകാരന്റെ കണ്ണുകൾ വഴി വായനക്കാരന് സ്വായത്തമാക്കാൻ കഴിയുന്ന കാഴ്ചയും ഉൾക്കാഴ്ചയും ആണത്. വർത്തമാനകാലത്തിൽ നിന്നുകൊണ്ടുള്ള എഴുത്തുകൾ, ആ കാലത്തോടാണ് സംവദിക്കുന്നത്.

പക്ഷേ കഥകളെല്ലാം ഇത്തരത്തിലുള്ളതാകണമെന്ന് നിർബന്ധം പിടിക്കുന്നതിൽ അർത്ഥമില്ലെന്നു തോന്നുന്നു. ഫിക്ഷൻ എന്നത് ഒരു കലാരൂപമാണ്. അതിനാൽ വികാരത്തിനും പ്രസക്തിയുണ്ട്. ഭൂതകാലത്തിന്റെ ഭൂമികയിൽ നിന്നുകൊണ്ട് എഴുതുന്ന കഥകൾ അനുവാചകനെ സന്തോഷിപ്പിക്കുമെങ്കിൽ അതും നല്ല കഥയായി ഗണിക്കാവുന്നവ തന്നെ. നൂറു വർഷങ്ങൾക്കു മുൻപ് സംഭവിച്ചേക്കാമായിരുന്ന അല്ലെങ്കിൽ സംഭവിച്ചു കഴിഞ്ഞ ഏതെങ്കിലും ഒരു കാര്യത്തിൽ നിന്നുകൊണ്ട് കഥ സൃഷ്ടിക്കുമ്പോൾ, വായനക്കാരന്റെ ഗൃഹാതുരത്വത്തെ സ്പർശിക്കാം എന്ന വലിയ പ്ലസ് അതിനകത്തുണ്ട്. പക്ഷേ, മഹാരഥന്മാരായ കഥാകൃത്തുക്കൾ ജീവിച്ച കാലഘട്ടമാണത് എന്ന വമ്പൻ അപകടവും അവിടെ മലപോലെ ഉയർന്ന്‌ നിൽക്കുകയും ചെയ്യുന്നു. കാരൂർ, ബഷീർ, ദേവ്, തകഴി തുടങ്ങിയവർ നമുക്ക് തന്ന സുന്ദരമായ അനുഭൂതിയെ ഏതെങ്കിലും ഒരിടത്തെങ്കിലും കവച്ചുവെക്കുന്ന കഥയല്ലെങ്കിൽ സാഹിത്യ ചരിത്രത്തിൽ അവഗണിക്കപ്പെടുക എന്ന ദുർവിധി മാത്രമേ ആ കഥയ്ക്ക് ഉണ്ടാവുകയുള്ളൂ.

പോലീസ് ഫോട്ടോഗ്രാഫറായ സൗഭാഗ്യയുടെ കഥയാണ് ഇ പി ശ്രീകുമാർ മാതൃഭൂമിയിൽ എഴുതിയ ‘ജഡ ആൽബം’. പോലീസുകാർക്ക് വേണ്ടി ദുർമരണങ്ങളെല്ലാം തന്നെ ക്യാമറയിൽ ഒപ്പിയെടുക്കുന്ന കഥാനായികയെ മുന്നിൽ വച്ചുകൊണ്ട്, ഒരു അറു പഴഞ്ചൻ വിഷയം, അത്രതന്നെ പഴഞ്ചൻ രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു കഥാകൃത്ത്. ഉദ്യോഗത്തിൽ ചേരുന്നതിനായി സൗഭാഗ്യ ആദ്യമായി പോലീസ് സ്റ്റേഷനിലേക്ക് എത്തിച്ചേരുമ്പോൾ അവിടെയുള്ള രംഗം എഴുത്തുകാരൻ വിശദീകരിക്കുന്നുണ്ട്. അതോടുകൂടി കഥയുടെ, അതിന്റെ പുതുമയുടെ, അവതരണഭംഗിയുടെ എല്ലാ അവസ്ഥയും ഒരു ശരാശരി വായനക്കാരന് മനസ്സിലാകും.

ഇ പി ശ്രീകുമാർ

സ്ത്രീ മോഷ്ടാവിന്റെ ഉള്ളംകാലിൽ ചൂരൽ വടിക്ക് അടിച്ചുകൊണ്ട് ഇൻസ്പെക്ടർ ചോദ്യം ചെയ്യുകയായിരുന്നു അപ്പോൾ.

“എന്തിനാടി നീ കാശ് കട്ടത്? “

” വിശന്നിട്ടാ സാറേ”. ‘

വായനക്കാർ ഗംഭീരമായി ഞെട്ടി എന്നെനിക്ക് തോന്നുന്നു. ഇതിന്റെ ബാക്കിയും കൂടി വായിച്ചാൽ ഞെട്ടൽ അതിന്റെ പാരമ്യതയിലേക്ക് എത്തിച്ചേരും എന്ന് ഞാൻ പറയാം.

കഥയിൽ നമ്മെ പിടിച്ചുലക്കുന്നതോ, ഇരുത്തി വായിപ്പിക്കുന്നതോ പുതുമയുള്ളതോ ആയ യാതൊന്നും തന്നെയില്ല. കഷ്ടപ്പാടും ബുദ്ധിമുട്ടും ദുഃഖവും ഒക്കെ വാരിക്കോരി പറഞ്ഞ് വായനക്കാരനിൽ കഥാനായികയോട് ഒരു സഹാനുഭൂതി സൃഷ്ടിക്കാൻ ശ്രമിച്ച കഥാകൃത്തിനെ നമുക്ക് ഇവിടെ കാണാം. സൗഭാഗ്യയ്ക്ക് രണ്ടാമതും പെൺകുഞ്ഞ് പിറന്നതിനാൽ ഭർത്താവ് അകലുന്നു. കുഞ്ഞ് അപസ്മാരരോഗ ബാധിതയായിരിക്കുന്നു. ഒരു വയസ്സുകാരിയുടെ ബുദ്ധിവളർച്ച മാത്രമേ അവൾക്കുള്ളൂ.

ഇത്രയും മതിയാകുമോ സൗഭാഗ്യയോട് നമുക്കൊരു അറ്റാച്മെന്റ് തോന്നാൻ?

ഈ രണ്ട് പെൺമക്കൾക്കും ആശ്രയമായി സൗഭാഗ്യ മാത്രമേ ഉള്ളൂ. ഒരിക്കൽ ബുദ്ധി വളർച്ചയില്ലാത്ത ചെറിയ മകൾ അമ്മ വീട്ടിൽ ഇല്ലാത്ത സമയം വാതിൽ തുറന്ന് ഹൈവേയിൽ എത്തി റോഡ് മുഴുവനും ബ്ലോക്ക് ഉണ്ടാക്കിക്കളഞ്ഞു പോലും! അതിൽ പിന്നെ മൂത്തമകൾ വീട്ടിലില്ലാത്തപ്പോൾ ചെറിയ കുഞ്ഞിനെ കെട്ടിയിട്ടാണ് സൗഭാഗ്യ പുറത്തുപോകാറ്.

ഇതൊന്നുമല്ല കഥ. കഥാവസാനം പുഴയിൽ ഒഴുകിവന്ന ഒരു മധ്യവയസ്കന്റെ മൃതശരീരത്തിന്റെ ഫോട്ടോ എടുക്കാൻ വേണ്ടിയാണ് സൗഭാഗ്യ സ്റ്റേഷനിൽ എത്തുന്നത്. അവളോടൊപ്പം കുഞ്ഞുമുണ്ട്. ജഡത്തെ പുതപ്പിച്ചിരുന്ന തുണി മാറ്റിയപ്പോൾ കുഞ്ഞ് അതിനടുത്തേക്ക് ഓടിച്ചെന്ന് അതിനെ പിച്ചാനും മാന്താനും തുടങ്ങി. സൗഭാഗ്യക്കാണെങ്കിലോ, ജഡമുഖത്ത് നോക്കിയപ്പോൾ ഞെട്ടലുണ്ടായി. അതിന്റെ ഉൾത്തുടയിലെ അരിമ്പാറയിൽ അവളുടെ നോട്ടം തറച്ചു. ട്വിസ്റ്റ്. സസ്പെൻസ്. ഒരു ഇംഗ്ലീഷ് പദം കൂടി അതിനോട് ചേർത്ത് പറയാം. ട്രാഷ്.

നേരെ ചൊവ്വേ വായിക്കുമ്പോൾ, ഇത്രത്തോളം വിരസമായ കഥയിൽ ഘടനാപരമായ പാളിച്ചകൾ എമ്പാടുമുണ്ട്. ഉത്തമ പുരുഷാഖ്യാനമാണ് കഥ ( ഫസ്റ്റ് പേഴ്സൺ നരേറ്റീവ്). ഞാൻ ആണ് കഥ പറയുന്നയാൾ. പക്ഷേ ഈ ഞാൻ എന്ന ആഖ്യാതാവിന്, ചുറ്റുമുള്ള മനുഷ്യരെ മാത്രമല്ല കാണാൻ കഴിയുക. അവരുടെ മനസ്സിലുള്ളത് പോലും കവടി നിരത്താതെ കണ്ടുപിടിക്കാൻ കഴിയും.

ഉദാ: ‘ചരിഞ്ഞും മലർന്നു വിവിധ ആംഗിളുകളിൽ ചിത്രങ്ങൾ ക്യാമറയിൽ ശേഖരിക്കുമ്പോൾ സൗഭാഗ്യയുടെ മനസ്സിൽ മകൾ ചിത്രയായിരുന്നു’.

പമ്മനും രേണുകനും മുഖ്യ കഥാപാത്രങ്ങളായി വരുന്ന പൂട എന്ന കഥയാണ് മാധ്യമം ആഴ്ചപ്പതിപ്പിൽ ഇക്കുറി. കഥാകൃത്ത് രാഹുൽ പഴയന്നൂർ. തൂറ്റം കുണ്ടിൽ, അരകൻ നേന്ത്രവാഴക്കൃഷി ചെയ്യുന്ന രണ്ടു വരത്തന്മാർ. ( അരകൻ എന്നത് ഒരു തരം വാഴയാണെന്ന് തോന്നുന്നു). കഥ ആരംഭിക്കുമ്പോൾ ഏറുമാടത്തിന് മുകളിൽ കയറിയിരുന്ന് കാട്ടുമൃഗങ്ങളെ ഓടിക്കുന്ന അവസ്ഥയിലാണ് കഥാനായകരെ നമ്മൾ കാണുന്നത്. പതിനാലിൽ പരം പേജുകളിൽ നീണ്ടുനിൽക്കുന്ന കഥ ആരെ ഉദ്ദേശിച്ചുള്ളതാണ് എന്ന് ഒരു പിടിയും ഇല്ല. എളുപ്പത്തിൽ കഥയിലേക്ക് ഇറങ്ങിവരാനോ കഥയുടെ ഒഴുക്കിനനുസരിച്ച് നീങ്ങുവാനോ വായനക്കാരന് സാധിക്കാത്ത വണ്ണം സങ്കീർണ്ണമാണ് ആഖ്യാനം. ഇവരെ കൂടാതെ അനവധി കഥാപാത്രങ്ങൾ ഇനിയും വരുന്നുണ്ട്. പമ്മന്റെ പെങ്ങളുടെ സ്ഥാനത്തുള്ള രാജമ്മ. അവൾ പക്ഷേ രേണുകന്റെ കാമുകിയുമാണ്. രാജമ്മയുടെ അമ്മ ചെല്ലമ്മ. നാലഞ്ചു വർഷങ്ങൾക്ക് മുൻപ് അന്നാട്ടിൽ ഉണ്ടായിരുന്ന പ്രധാനപ്പെട്ട പരാക്രമിയായിരുന്ന പൂടരായപ്പനെ പാടത്തെ ചളിയിൽ ചവിട്ടിത്താഴ്ത്തി കൊന്നുകളഞ്ഞവരാണ് ഇവർ. ഒടിവിദ്യയും മറ്റും വശമുണ്ടായിരുന്ന ആളാണ് എന്ന് തോന്നുന്നു പൂടരായപ്പൻ. കഥാവസാനം തന്നോടൊപ്പം രതിയിൽ മുഴുകിയ രേണുകന്റെ കഴുത്തിൽ കൂർപ്പിച്ച മാൻകൊമ്പ് കുത്തിയാഴ്ത്തുന്നു ചെല്ല. അതാണ് കഥ.

രാഹുൽ പഴയന്നൂർ

തന്റെ മകൾ രാജമ്മയെ പ്രാപിച്ചത് കൊണ്ടോ, അഥവാ നാലു വർഷങ്ങൾക്കു മുൻപ് പൂട രായപ്പനെ കൊന്നുകളഞ്ഞത് കൊണ്ടോ, അതായത് ഒരു മകളോട് തോന്നുന്ന സ്വാഭാവികമായ കെയറിങ് കാരണമോ, ഒടിയന്റെ അതീന്ദ്രിയമായ ഇടപെടലുകൾ കാരണമോ ഉണ്ടായ പ്രതികാരക്കൊലയാണ് പൂട എന്ന് പറയാം. ഇത്രമാത്രമുള്ള ഒരു കഥയെ, അതീവ ദുസ്സഹങ്ങളായ വിവരണങ്ങൾ കൊണ്ട് പരമാവധി വിരസമാക്കിയിരിക്കുന്നു എന്നുള്ളതല്ലാതെ എന്ത് മേന്മയാണുള്ളത്?

മൊത്തത്തിൽ വിവരണങ്ങളാണ്. ഏറുമാടത്തിന്റെ നിർമിതിയുടേത്, വന്യജീവികൾ ആക്രമിക്കുന്നതിന്റെത്, അവയുടെ ആക്രമണത്തിൽ നിന്നും ഈ രണ്ടുപേർ എങ്ങനെ രക്ഷപ്പെട്ടു എന്നതിന്റെത്.. ചെറുകഥക്ക് ഒരുതരത്തിലും ചേരാത്ത വിധമുള്ള അവരുടെ പൂർവ്വ ജീവിതം. അവിടെ നിന്നും ഇവിടെ നിന്നും പെറുക്കിക്കൂട്ടിയ വേറെയും കഥാപാത്രങ്ങൾ. ഇടയ്ക്ക് ‘മുകളിലുള്ളവനും’ ഭാര്യയും കഥയിൽ ഇടപെടുന്നതിന്റെ പറച്ചിലും.

ഒരു സിനിമയാക്കി എടുക്കണം എന്ന താല്പര്യമൊന്ന് കൊണ്ടുമാത്രം എഴുതപ്പെട്ട കഥ. വർഷങ്ങൾക്ക് ശേഷം ചിലപ്പോൾ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്ക് പഠിക്കാൻ ഉണ്ടായേക്കാം ഇത്. പലതരം ചോദ്യങ്ങൾ പ്രതീക്ഷിക്കാം. ഒടിയൻ പൂടയും, ചുരുളിയെന്ന സിനിമയിലെ ഒടിയനും തമ്മിലുള്ള ബന്ധം ഒന്നര പുറത്തിൽ കവിയാതെ ഉപന്യസിക്കാൻ പറഞ്ഞേക്കാം. വിദ്യാർത്ഥികൾ വീണ്ടും വീണ്ടും വായിക്കട്ടെ. ആവശ്യമുള്ള അർത്ഥതലങ്ങൾ കണ്ടെത്തട്ടെ. എന്നെ സംബന്ധിച്ചിടത്തോളം ഈ കഥ അതിഭാഷണമാണ്. വാഗതിസാരം ആണ്. സാരമേറിയ വാക്കുകൾ എന്ന് വായനക്കാർ തെറ്റിദ്ധരിക്കരുത്. ‘വെർബൽ ഡയറിയ’ എന്ന് മാത്രമേ ഉദ്ദേശിച്ചുള്ളൂ.

ഈ കുറിപ്പിന്റെ തുടക്കത്തിൽ പറഞ്ഞതുപോലെ പത്തെൺപത് വർഷങ്ങൾക്കു മുൻപുള്ള കഥ ഇന്നത്തെ പരിസ്ഥിതിയിൽ എഴുതുമ്പോൾ, നമ്മൾ കാണാത്ത എന്നാൽ കേട്ട് പരിചയമുള്ള ഒരു കാര്യത്തെ പുനർമനനം ചെയ്യുമ്പോൾ എന്നതുപോലുള്ള ഒരുതരം ഗൃഹാതുരത്വത്തിന്റെ കൗതുകമാണ് വായിക്കുന്നവരിൽ ഉളവാകുക. ആ ഒരു നൊസ്റ്റാൾജിയ അനുഭവവേദ്യമാകണമെങ്കിൽ വായിച്ചതിനെ വീണ്ടും വായിപ്പിക്കുകയല്ല ചെയ്യേണ്ടത്. അതുകൊണ്ടുതന്നെ ചന്ദ്രൻ മുട്ടത്ത് സമകാലിക മലയാളം വാരികയിൽ എഴുതിയ ‘ഒരു ബ്ലാക്ക് & വൈറ്റ് പ്രസവ കഥ’ എന്നത് ആസ്വാദ്യകരമായ സൃഷ്ടിയല്ല തന്നെ.

ചന്ദ്രൻ മുട്ടത്ത്

പേറെടുക്കാൻ വന്ന പേറ്റിച്ചിയുടെ കഥ പറയുന്നു. ഇതിൽ പരാമർശിക്കൻ പറ്റുന്നത് കാലഘട്ടം എൺപത് വർഷങ്ങൾക്കു മുൻപുള്ളത് എന്നത് മാത്രം. പഴയകാലത്ത് പേറെടുക്കാൻ വരുന്നവർ നിറവയറായ ഗർഭിണികളെ ശുശ്രൂഷിച്ചിരുന്നത് എങ്ങനെ എന്നറിയാൻ ഈ കഥ വായിക്കാം. പ്രസവ വേദന വരുമ്പോൾ എങ്ങനെയാണ് ഗർഭപാത്രം തുറപ്പിച്ചിരുന്നത് എന്നും വേണമെങ്കിൽ അറിയാം. പ്രസവിച്ച പെണ്ണുങ്ങളെ കുളിപ്പിക്കുന്നതെങ്ങനെ എന്നറിയണോ, എങ്കിൽ ചന്ദ്രൻ മുട്ടത്ത് എഴുതിയ കഥ വായിക്കൂ.

പ്രസവശേഷം ആദ്യ മാസങ്ങളിൽ എന്തൊക്കെ ഭക്ഷണം കഴിക്കാം, എന്തൊക്കെ കഴിച്ചു കൂടാ ഇതൊക്കെ ഈ കഥയിൽ നിന്നും നമുക്ക് മനസ്സിലാകും. അതിനപ്പുറം കഥയുടെ, സാഹിത്യത്തിന്റെ, ഭാഷയുടെ സൗന്ദര്യം ആസ്വദിക്കുവാൻ വേണ്ടി ഈ കഥ തെരഞ്ഞെടുത്താൽ അത് സ്വന്തം റിസ്കിലാകണം.

കുറിച്യൻ, ബെൻ, ഷിംന എന്നീ മൂന്ന് സുഹൃത്തുക്കളെ ചുറ്റിപ്പറ്റിക്കൊണ്ടുള്ള കഥ, ‘നിരാസ’മെന്ന തലക്കെട്ടിൽ ദേശാഭിമാനിയിൽ എഴുതിയിരിക്കുന്നു രവി. സ്യൂഡോ ഇന്റലക്ച്വൽ ലിറ്ററേച്ചർ എന്നേ ഇതിനെക്കുറിച്ച് പറയാനുള്ളൂ. രാഷ്ട്രീയ ദാർശനിക സ്വഭാവമുള്ള എഴുത്തുകൾ കഥയായി അവതരിപ്പിക്കുന്ന പ്രതിഭകളെ നമ്മൾ കണ്ടിട്ടുണ്ട്. ഉദാഹരണങ്ങളായി നിരവധി കഥകളും നോവലുകളും മുമ്പിലുണ്ട്. കീഴാള ദളിത് പക്ഷത്ത് നിന്നുകൊണ്ടുള്ള, രാഷ്ട്രീയ പ്രഖ്യാപനങ്ങളുള്ള എഴുത്തുകൾക്ക്, കലയുടെ സൗന്ദര്യമോ കഥയുടെ അനുഭൂതിയോ പകരാൻ കഴിഞ്ഞില്ലെങ്കിൽ അവ ബൗദ്ധിക വ്യായാമം മാത്രമേ ആകുന്നുള്ളൂ.

നിരാസം എന്ന കഥയുടെ ഭാഷ വളരെ കൃത്രിമത്വമുള്ളതാണ്. കുറിച്യൻ എന്ന കേന്ദ്ര കഥാപാത്രം, അത്യാവശ്യം നല്ല നല്ല ഗുണങ്ങൾ ഉള്ള ഒരു വാർപ്പ് നായകനാണ്. വ്യവസ്ഥിതിയോടാണ് കലഹം. അതിനാൽ തന്നെ ഒന്നാന്തരം വിപ്ലവകാരി എന്ന് പറയാം. കല്യാണം കഴിഞ്ഞാൽ മാത്രമേ കാമുകിയെ പോലും സ്പർശിക്കുകയുള്ളൂ. നന്മയുടെ നിറകുടം. അറിവ് ആകാശത്തോളം. സംസ്കൃതത്തിലും വ്യുല്പത്തി. ആറ്റിങ്ങൽ കലാപവും കുറിച്യ വിപ്ലവവും മലബാർ കലാപവും ഓരോ നൂറ്റാണ്ട് ഇടവിട്ട് നടന്ന വിപ്ലവങ്ങളാണ് എന്ന് നമുക്ക് പറഞ്ഞുതരുന്നു ഈ കഥ. വേറെ എന്തുണ്ട് ഇതിൽ?

വായിച്ച് കഴിയുമ്പോൾ മനസ്സിൽ തട്ടി നിൽക്കുന്ന ഏതെങ്കിലും ഒരു വാചകം? ഏതെങ്കിലും ഒരു കഥാപാത്രം? മൂന്നു സുഹൃത്തുക്കൾ എവിടെ എന്തിന് എന്ത് സംസാരിച്ചു എന്നതിനെ കുറിച്ച് ഒരു ധാരണ? ഒന്നുമില്ല. വേണമെങ്കിൽ കഥാകൃത്ത് പുതിയ രീതിയിലുള്ള ആഖ്യാനശൈലി തുടങ്ങി എന്ന് പറയാം.

കർത്താവ്, കർമ്മം, ക്രിയ എന്ന ക്രമത്തിലാണ് നമ്മൾ പൊതുവേ വാചകങ്ങൾ പറയുക. ചില സവിശേഷ ഘട്ടങ്ങളിൽ ഏതെങ്കിലും ഒരു ഘടകത്തിന് ഊന്നൽ നൽകണമെങ്കിൽ അതിന്റെ ക്രമം ചിലപ്പോൾ കഥകളിൽ, സാഹിത്യത്തിൽ മാറ്റാറുണ്ട്. പ്രതിഭാധനരായ എഴുത്തുകാർ അതിന്റെ ഭംഗി വായനക്കാർക്ക് കാണിച്ചു തരും.

” ആ പൂവ് നീ എന്ത് ചെയ്തു? “

എന്ന വാക്യത്തെ,

” നീയാ പൂവിനെ എന്ത് ചെയ്തു? ” എന്ന് എഴുതിയാൽ ആദ്യത്തെ വാക്യത്തിന്റെ സൗന്ദര്യമോ നിസ്സഹായതയോ കാണാൻ കിട്ടുകയില്ല.

” അപ്പോൾ എനിക്ക് ആവാം അത് എന്നാണ് അല്ലേ?’ ഷിംന ചൊടിച്ചു.

ഈ വാക്യത്തിൽ എന്താണ് സൗന്ദര്യമുള്ളത് എന്ന് കഥാകൃത്ത് പറഞ്ഞു തരിക.

“പെട്ടെന്ന് എന്തൊരു ഐക്യമത്യം നമുക്ക് – അല്ലേ ബെൻ”

മിക്കവാറും എല്ലാ വാക്യങ്ങളും തന്നെ ഈ ക്രമത്തിലാണ് കഥയിലുള്ളതും. അതിനാൽ, ആശയമോ സൗന്ദര്യമോ വികാരമോ വായനയോടൊപ്പം വായനക്കാരനിലേക്ക് സംക്രമിക്കുന്നതേ ഇല്ല. രണ്ട് വാക്കുകൾ തമ്മിൽ യോജിപ്പിക്കേണ്ടിടത്ത് വെവ്വേറെ പറയുന്നതും, സംഭാഷണങ്ങളിൽ പ്രത്യേകിച്ചും ചിഹ്നങ്ങൾ ഒഴിവാക്കുന്നതും ചിലപ്പോൾ ശരിയായ അർത്ഥം തന്നെ പ്രതിഫലിപ്പിക്കുന്നതിന് വിഘാതം ഉണ്ടാക്കും.

‘റോസബെല്ല പറഞ്ഞതും പറയാത്തതും’ എന്ന കഥയാണ് ദേശാഭിമാനിയിൽ രണ്ടാമത്തേത്. ടി ജി അജിതയാണ് എഴുത്തുകാരി.

അജിത ടി ജി

‘ഏറ്റവും വിഷണ്ണനായ കാമുകനെപ്പോലെ വെയിൽ ചിരിക്കുന്ന ഒരു പകലിലാണ് സെമിത്തേരിക്കടത്തുള്ള തുരുമ്പ് പിടിച്ച ഗെയ്റ്റ് തള്ളിത്തുറന്ന് സിസ്റ്റർ ഫ്ലവർലെറ്റും റോസ ബെല്ലും പള്ളിമുറ്റത്തേക്ക് നടന്നത്. “

ഇതാണ് കഥയുടെ തുടക്കം. ഈ വാചകത്തിലെ ഉപമ ശ്രദ്ധിക്കുക. ഇതിനുശേഷം പറയുന്ന കഥയിൽ ആദ്യ വാക്യത്തെ സാധൂകരിക്കുന്ന എന്തെങ്കിലുമൊന്ന് കാണും എന്ന് നമ്മൾ വിചാരിക്കുന്നു. പക്ഷേ അതുമായി ബന്ധപ്പെട്ട യാതൊന്നും തന്നെ കഥയിൽ കാണാൻ കഴിയുന്നില്ല. അലങ്കാരങ്ങൾ ഉപയോഗിക്കേണ്ടത് അത്യാവശ്യത്തിന് മാത്രമാണ്. ചുമ്മാ ഇത്തിരി ഭംഗി കൂട്ടിക്കളയാം എന്ന ഉദ്ദേശത്തോടെ അസ്ഥാനത്ത് പ്രയോഗിക്കുന്ന അലങ്കാരങ്ങൾ കഥയ്ക്കൊന്നും സംഭാവന ചെയ്യുന്നില്ല എന്നെങ്കിലും ശ്രദ്ധിക്കുക. വെറുതെ വായിച്ചു പോകാവുന്ന കഥയിൽ അവസാനം മനസ്സിലാക്കാനാവുന്നത് റോസബെല്ലയുടെ മാറിൽ ഉണ്ടായിരുന്ന ചുവന്ന മറുക് പോലെയൊന്ന് അപ്പാപ്പന്റെയും ഡോക്ടറുടെയും മാറുകളിൽ ഉണ്ടായിരുന്നു എന്നാണ്. അപ്പാപ്പന്റെ വീട്ടിൽ വച്ച് അവളെ ആരും മോളെ എന്ന് കെട്ടിപ്പിടിച്ച് കരഞ്ഞില്ല എന്ന് നമുക്ക് ആശ്വസിക്കാം.

ഈയാഴ്ച ഇത്രയേറെ കഥകൾ ഉണ്ടായിട്ടും ഈ കുറിപ്പ് എഴുതിയതിനു ശേഷം എന്റെ മനസ്സിൽ ബാക്കി നിൽക്കുന്ന കഥ ഏതൊക്കെ എന്ന് ചോദിച്ചാൽ കുറച്ചു കഷ്ടപ്പെടേണ്ടി വരും. വായിച്ചതോടെ മറന്നുപോയ കഥയേത്, വായിച്ച ഉടനെ ഒരു ഗ്ലാസ് വെള്ളത്തോടൊപ്പം ഒരു പനഡോൾ റെഡ് കുടിപ്പിച്ച കഥയേത് എന്നൊക്കെ കുറിച്ച് വെക്കേണ്ടി വരും.

കവർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്

Comments
Print Friendly, PDF & Email

You may also like