പൂമുഖം LITERATUREവായന ജാതിസ്വത്വത്തിലേക്ക് ചുരുങ്ങിയ രചനാലോകം

ജാതിസ്വത്വത്തിലേക്ക് ചുരുങ്ങിയ രചനാലോകം

മലയാളത്തിലെ മഹാനായ എഴുത്തുകാരൻ മാത്രമല്ല ഏറ്റവും മികച്ച വായനക്കാരന്‍ കൂടിയാണ് എംടി. മലയാളത്തിലെ പുസതകങ്ങളേക്കാള്‍ തന്‍റെ വായനാലോകത്തെ സര്‍ഗാത്മകമാക്കുന്നത് ഇംഗ്ലീഷിലുള്ള പുസ്തകങ്ങളാണെന്ന് എംടി തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. ലോകസാഹിത്യത്തിന്‍റെ വെെവിദ്ധ്യമാർന്ന ഭാവനകളെ അടുത്തറിയുന്ന വായനാനുഭവമുള്ള ആളാണ് അദ്ദേഹം. ആ നിലക്ക് മനുഷ്യരുടെ സങ്കീര്‍ണമായ ജീവിതാനുഭവാവിഷ്ക്കാരങ്ങളിലൂടെ അദ്ദേഹം കടന്നു പോകുന്നുണ്ട്. എന്നാല്‍ വിശ്വാസാഹിത്യഭാവനയുടെ ഈ സര്‍ഗാത്മക വായനാലോകത്തില്‍ നിന്ന് എംടി തന്‍റെ കൃതികളിലേക്ക് എത്തുമ്പോള്‍ സ്വന്തം ജാതിസ്വത്വത്തിലേക്ക് ചുരുങ്ങുന്നത് കാണാം.

എംടീയുടെ രചനാലോകം കേരളീയ സമൂഹത്തെയൊ മലയാളീ സ്വത്വബോധത്തെയൊ അല്ല ഉയര്‍ത്തിപ്പി ടിക്കുന്നത്. പലപ്പോഴും അനുവാചക ലോകം അങ്ങനെ തെറ്റിദ്ധരിക്കുകയാണ്. നായര്‍-നമ്പൂതിരി ജീവിത പരിസരങ്ങളില്‍ ആവിഷ്ക്കരിക്കപ്പെട്ടിരിക്കുന്ന കേന്ദ്ര പ്രമേയവും ,കേന്ദ്ര കഥാപാത്രങ്ങളിലൂടെ ഭാവനചെയ്യുന്ന പ്രണയവും , വിശപ്പും ,വിപ്ലവവും മലയാളിയുടെ മുഴുവന്‍ സാമൂഹികാനുഭവമായി അനുവാചക ലോകം തെറ്റദ്ധരിക്കുകയായിരുന്നു. രണ്ടാമൂഴം, വടക്കന്‍ വീരഗാഥ, പെരുന്തച്ചൻ എന്നിവപോലുള്ള മിത്തുകളും ഇതിഹാസങ്ങളും ഇതിന് ഒരു അപവാദമായിരിക്കും. കാരണം മിത്തുകളുടേയും ,ഐതിഹ്യങ്ങളുടേയും സാമൂഹികസ്വത്വസ്ഥലങ്ങളെ മാറ്റി പ്രതിഷ്ഠിക്കാന്‍ എഴുത്തുകാരന്റെ അധികാരത്തിന് പരിമിതിയുണ്ട്. അതുകൊണ്ടാണ് മണ്ണില്‍ ജനിച്ചു ജീവിച്ചു മരിക്കുന്ന മനുഷ്യരുടെ വികാര വിചാരങ്ങളെ സവര്‍ണ അനുഭവങ്ങളാക്കി ആവിഷ്ക്കരിക്കൂന്ന എംടിയുടെ കഥാലോകത്തില്‍ നിന്നും മിത്തുകളെയും ഇതിഹാസങ്ങളേയും ഒഴിവാക്കി നിര്‍ത്തുന്നത്. ഇവ മാറ്റിനിർത്തിയാൽ കേന്ദ്രകഥയും കഥാപാത്രങ്ങളും സവര്‍ണ ജീവിതാനുഭവങ്ങളാല്‍ സമ്പുഷ്ടമായ എംടിയുടെ രചനാലോകം കേരളീയ സാമൂഹികതയെ പുറത്ത് നിര്‍ത്തിയ ജനാധിപത്യവിരുദ്ധലോകം കൂടിയാണ്.

സവര്‍ണ ജീവിതങ്ങളുടെ
ആവിഷ്ക്കരണമാണ് എംടിയില്‍ ഉള്ളതെന്ന് പറഞ്ഞാല്‍ അത് കേരളത്തില്‍ എല്ലാ സവര്‍ണരേയും പ്രതിനിധികരിച്ചതാണെന്ന തെറ്റിദ്ധാരണക്ക് കാണമാവും. വള്ളുവനാട് ഭൂമിശാസ്ത്ര പ്രദേശങ്ങളിലെ നായര്‍ തറവാടുകളാണ് എംടിയുടെ രചനാലോകപശ്ചാത്തലം. ഇന്ന് നായര്‍ എന്ന നിലയില്‍ പൊതുവില്‍ അറിയപ്പെടുന്ന സമുദായത്തിനകത്തു തന്നെ നിരവധി അവാന്തര ജാതി സ്വത്വങ്ങളുണ്ടെങ്കിലും അവയൊന്നും കേന്ദ്രപ്രമേയ പരിസരമായി എംടിയീല്‍ കടന്നു വരുന്നില്ല. നായരില്‍ത്തന്നെ ജാതി പതിത്വമുള്ള വെളുത്തേടത്ത് നായര്‍ പെണ്‍കുട്ടി കഥാപാത്രമായി വരുന്നത് എംടി കഥ എഴുതിയ “നീലത്താമര” എന്ന സിനിമയിലാണ്‌. അലക്കുതൊഴില്‍ ജാതി പാരമ്പര്യമുള്ള വെളുത്തേടത്തു നായര്‍ വിഭാഗത്തിന്‍റെ സാംസ്ക്കാരിക സാമൂഹിക ജീവിത പരിസരങ്ങളൊന്നും ഇവിടെ കഥക്ക് ആവശ്യമായി വരുന്നില്ല. നായരില്‍ത്തന്നെ ഉള്‍പ്പെടുമെങ്കിലും വെളുത്തേടത്ത് പെണ്‍കുട്ടികളോ സ്ത്രീകളോ സിനിമക്കും നോവലിനും ആവശ്യമായി വരുന്നത് അടിച്ചുതളിക്കും വീട്ടുപണിക്കും വേണ്ടി മാത്രമാണ്. അതിനപ്പുറമുള്ള അവരുടെ സാംസ്ക്കാരിക അസ്തിത്വം എന്നും സാഹിത്യ-സിനിമാ കഥാലോകത്തിന് പുറത്താണ്. നീലത്താമരയിൽ വീട്ടുജോലിക്ക് വരുന്ന വെളുത്തേടത്ത് പെണ്‍കുട്ടി ലെെംഗികമായി ചൂഷണം ചെയ്യപ്പെടുകയും ഒടുവില്‍ ഉപേക്ഷിക്കപ്പെടുകയുമാണ്. ഇത് എല്ലാ കാലത്തും മലയാള സിനിമ പിന്‍തുടരുന്ന രീതിയാണ്. മലയാള സിനിമയിലെ വലിയ ആഢ്യ തറവാടുകളില്‍ അടിച്ച് തളിക്കാനും വീട്ടുപണിയെടുക്കാനും വെളുത്തേടത്തുനായര്‍ സ്ത്രീകള്‍ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കില്‍ , അത് ലെെംഗികമായ ചൂഷണത്തിന് വി ധേയമാവുന്നതും ഗര്‍ഭാവസ്ഥയില്‍ കുളത്തില്‍ ചത്ത് പൊങ്ങുകയോ ,ജീവനോടെ കുഴിച്ച് മൂടപ്പെടുകയോ ചെയത് യക്ഷികളായ് പുനര്‍ അവതരിക്കുന്നതും ആയ പ്രമേയത്തിന്റെ ആവശ്യവുമായി ബന്ധപ്പെട്ടാവും. അതിനപ്പുറത്തേക്ക് നായരില്‍തന്നെ പിന്നോക്ക വിഭാഗങ്ങളായ വെളുത്തേടത്ത് വിളക്കിത്തലക്ക് പോലും മാന്യമായ ഒരു സാംസ്ക്കാരിക, സാമൂഹിക അടയാളപ്പെടുത്തല്‍ മലയാള സാഹിത്യവും ,സിനിമയും ചെയ്തിട്ടില്ല. പിന്നോക്ക നായരുടെ അവസ്ഥ ഇതാണെങ്കില്‍ താഴെയുള്ള സാമൂഹിക വിഭാഗങ്ങളുടെ ജീവിതങ്ങളോട് ഈ സാഹിത്യലോകം നീതി പുലര്‍ത്തിയോ എന്ന ചോദ്യം തന്നെ അപ്രസക്തമാവും.

എംടിയുടെ രചനാലോകം സാംസ്ക്കാരികമായി കേരളത്തിലെ മുഴുവന്‍ സവർണരുടെ പ്രതിനിധാനമായി മാറുന്നില്ലായെന്ന് ബോദ്ധ്യപ്പെടാന്‍ ശെെലീപരമായ സംസാരഭാഷ മാത്രം നോക്കിയാല്‍ മതി. ആ സംസാരഭാഷ വള്ളുവനാട് ഭൂശാസ്ത്രപ്രദേശങ്ങളിലെ സവര്‍ണ ജീവിതഭാഷയാണ്. സാഹിത്യത്തിലും സിനിമയിലും സാംസ്ക്കാരിക അധീശത്വമുള്ള വള്ളുവനാടന്‍ സംസാരശെെലി മാന്യതയുടെ അടയാളമായി മാറി ത്തീരുകയായിരുന്നു. ഈ സംസാരശെെലി അല്ല കേരളത്തിലെ തെക്കും വടക്കുമുള്ള സവർണരുടേത് . അത് തീര്‍ത്തും മറ്റൊന്നൊണ്.അതുകൊണ്ടാണ് കേരളത്തിലെ സവര്‍ണ ജീവിതവെെവി ദ്ധ്യങ്ങള്‍ തന്നെ എംടിസാഹിത്യത്തിനു കാഴ്ച്ചയായോ എന്ന് സംശയിക്കേണ്ടി വരുന്നത്. കേരളത്തിന്‍റെ സാമൂഹിക സംസ്ക്കാരിക അനുഭവമല്ല എം ടിയുടെ കഥാലോകം പ്രതിനിധാനം ചെയ്യുന്നത്. അതിസങ്കീര്‍ണമായ മനുഷ്യ അനുഭവങ്ങളെയെല്ലാം നായര്‍ സ്വത്വത്തിലൂടെ ആവിഷ്ക്കരിക്കുന്ന എംടിയുടെ കഥാലോകം കേരളത്തിലെ ഇതര സാമൂഹിക ഉള്ളടക്കങ്ങളെ പരിഗണിക്കാത്തതായിരുന്നു. പ്രണയം ,വിപ്ലവം ,വിശപ്പ് , സ്ത്രി ശാക്തീകരണം…. എന്തിനേറെ, ഭ്രാന്തായാല്‍ പോലും അത് നായര്‍സ്വത്വത്തിലൂടെയാണ്‌ എംടിയാൽ ആവിഷ്ക്കരിക്കപ്പെടുന്നത്. ഇത് ബോദ്ധ്യ പ്പെടാന്‍ എംടിയില്‍ നിന്ന് ബഷിറിലേക്ക് നോക്കിയാല്‍ മതി.

ബഷിറിന്‍റെ രചനാലോകം സാമൂഹികതയിലേക്ക് തുറക്കുന്നുണ്ട്. സമൂഹത്തിലെ വ്യത്യസ്ത സാമൂഹിക വിഭാഗങ്ങളും ,അസംഘടിതരും , യാചകരും ലെെംഗിക തൊഴിലാളികളും അടങ്ങുന്ന മനുഷ്യലോകം മാത്രമല്ല ബഷിറിലുള്ളത്. ആടും പാമ്പും പഴുതാരയും അടങ്ങുന്ന ജീവിലോകത്തെയും , പേരക്കയും ചാമ്പയും തുടങ്ങിയ സസ്യവെെദ്ധ്യങ്ങളെയും കൂടി ചേര്‍ത്തുനിര്‍ത്തുന്ന കേരളീയ സാമൂഹികതയുടെ പരിച്ഛേദം തന്നെ ബഷിർ കൃതികളില്‍ കാണാനാവും. എന്നാല്‍ എംടിയുടേ രചനാലോകം കേരളീയ പൊതുമണ്ഡലത്തിന് എതിരെ അടഞ്ഞിരിക്കുന്നതും ,സ്വന്തം ജാതിജീവിത സ്വത്വപരിസരങ്ങളിലേക്ക് ചുരുങ്ങിയതുമാണ്. നവതി ആഘോഷിക്കുന്ന എംടി 2021 ല്‍ എഴുതിക്കൊണ്ടിരിക്കുന്ന നോവല്‍ പ്രമേയവും നമ്പൂതിരി ഇല്ലത്ത് നിന്നും ഭൂമി പാട്ടത്തിന് എടുത്ത് കൃഷി ചെയ്ത് ജീവിക്കുന്ന ഒരു സാധുനായരുടെ കഥയാവുമ്പോളാണ് , വിശ്വസാഹിത്യം മുഴവന്‍ വായിച്ച എംടിയിലെ വായനക്കാരനും എഴുത്തുകാരനും തമ്മിലുള്ള irony ദൃശ്യമാവുന്നത്.

എന്തുകൊണ്ട് എംടി വീണ്ടും വീണ്ടും വായിക്കപ്പെടുന്നു എന്ന് പരിശോധിച്ചാല്‍ അതിലെ ഒരു ഘടകം തീര്‍ച്ചയായും സവര്‍ണസാംസ്ക്കാരിക മൂല്യപരിസരങ്ങളുടെ ആദര്‍ശാത്മകമായ അതിപ്രസരം തന്നെയാവും. സവര്‍ണ സാംസ്ക്കാരികതയുടെ അധീശ പരിസരങ്ങള്‍ എങ്ങനെയാണ് പ്രമേയത്തെ മറികടന്ന് അനുവാചകമനസ്സിനെ കീഴടക്കുന്നത് എന്ന് ബോദ്ധ്യ പ്പെടാന്‍ ‘നാലുകെട്ട് ‘ എന്ന നോവലിലെ ഒരു സന്ദര്‍ഭം മാത്രം പരിശോധിച്ചാല്‍ മതി.”ഈ നാല്കെട്ട് പൊളിക്കാന്‍ ഏര്‍പ്പാട് ചെയ്യണം ,ഇവിടെ കാറ്റും വെളിച്ചവും കടക്കുന്ന ഒരു ചെറിയ വീട് മതി”എന്ന അപ്പുണ്ണിയുടെ പ്രസ്താവനയോടെ ആണ് നോവല്‍ അവസാനിക്കുന്നത്.ഫ്യുഡല്‍കാലത്തെ മരുമക്കത്തായ അധികാരക്രമമുള്ള തറവാട്ടിലെ അപമാനകരമായ ജീവിതാനുഭവത്തിന്‍റെ ഓര്‍മ്മകളാണ് അപ്പുണ്ണിയെ അതിന് പ്രേരിപ്പിക്കുന്നത് .”പൊളിക്കേ..ഭഗവതി ഇരിക്കണ സ്ഥലമാണ് ”എന്ന് അമ്മയുടെ ഭയസാന്ദ്രമായ ചോദ്യം നിസ്സാരമായ ഒരു പൊട്ടിച്ചിരി മാത്രമാണ് അപ്പുണ്ണിയില്‍ ഉണ്ടാക്കുന്നത്.ഫ്യുഡല്‍ കാലഘട്ടത്തിന്റെ സാമൂഹിക അനുഭവമല്ല അപ്പുണ്ണിയെക്കൊണ്ടത് ചെയ്യിക്കുന്നത്.എങ്കിലും ഫ്യുഡൽ തറവാടുകള്‍ ആന്തരികമായി കടന്നുപോയ സംഘർഷങ്ങളുടെ ഭാഗമായി ഇരുട്ട് നിറഞ്ഞ നാലുകെട്ടിനു പകരം വെളിച്ചമുള്ള പുതിയ ജീവിതത്തെയാണ് നോവല്‍ മുന്നോട്ട് വെച്ചത്. സാമൂഹ്യ സമ്മർദ്ദമോ രാഷ്ട്രിയ പ്രക്ഷോഭമോ അല്ല നാലുകെട്ട് പൊളിക്കാന്‍ കാരണമായത്. ഫ്യുഡലിസ്റ്റ് കുടുംബ ബന്ധങ്ങളുുടെ ഉള്ളില്‍ നിന്നാണ് നാലുകെട്ടുകൾ പൊളിക്കപ്പെടേണ്ട മാതൃകകളായിതീരുന്നത്. വസ്തുത അതാണെങ്കിലും പരോക്ഷമായി ഫ്യുഡലിസത്തിന്‍റെ തകര്‍ച്ചതന്നെയാണ് നോവല്‍ മുന്നോട്ട് വെക്കുന്നത്.

ഇവിടെ മറ്റൊരു പ്രധാനപ്പെട്ട രാഷ്ട്രിയ ചോദ്യം ഉയര്‍ന്നുവരികയാണ്‌ .കഥയിലെ നായകന്‍ തറവാട് നിൽക്കുന്ന നാലുകെട്ട് പൊളിക്കാന്‍ പുരോഗമനപരമായ പ്രഖ്യാപനം നടത്തിയിട്ടും എതെങ്കിലും വായനക്കാരന്‍ അത് ശ്രദ്ധിച്ചിട്ടുണ്ടോയെന്നതാണ് അത്. നോവല്‍ വായിച്ച ഒരാളും നായകന്‍റെ വിപ്ലവാഹ്വാനം ഏറ്റെടുക്കാന്‍ ഒരു സാദ്ധ്യതയുമുണ്ടായില്ല എന്ന് മാത്രമല്ല നാലുകെട്ട് പൊളിക്കാന്‍ അല്ല അതുപോലെ ഒരു നാലുകെട്ട് പണിയാനുള്ള മോഹമായാണ് വായനക്കാരന്‍ തുടര്‍ന്ന് ജീവിക്കുക. നാലുകെട്ടുപോലെ ഒരു തറവാട്ടില്‍ ജീവിക്കാന്‍ കഴിയാത്ത ഇച്ഛാഭംഗമാണ് നോവല്‍ മലയാളിയില്‍ ബാക്കിയാക്കിയത്‌ . എന്തുകൊണ്ടാവും എംടിയിൽ ലോകത്തെ വിപ്ലവ പരമായ ആശയലോകമുണ്ടായിട്ടും അത് കെെയൊഴിയുകയും പകരം പരമ്പരാഗതഫ്യുഡല്‍ മൂല്യബോധത്തെ താലോലിക്കുന്ന അനുഭവമായി നോവല്‍ മാറുകയും ചെയ്തത്? അതിന് കാരണം , നാലുകെട്ട് പൊളിക്കാന്‍ ഉള്ള അപ്പുണ്ണി യുടെ പ്രഖ്യാപനത്തെ മുക്കിക്കളയുന്ന ഒരു സവര്‍ണജീവിതസൗന്ദര്യലോകം എംടിയുടെ രചനാലോകത്തില്‍ അടിമുടിയുണ്ട് എന്നതാണ്. അടിച്ചോടിച്ചിട്ടും തറവാട്ടിലേക്ക് അപ്പുണ്ണി തിരിച്ചു വരുന്നുണ്ട്.ആട്ടും തുപ്പം കൊണ്ട്, പരിഗണനകൾ ലഭിക്കാതെ വളരുന്ന അപ്പുണ്ണിയുടെ അപമാനിക്കപ്പെട്ട ജീവിതമാണ് തറവാട്ടില്‍ ബാക്കിയാവുന്നത്. അപ്പുണ്ണിയുടെ അപമാനിക്കപ്പെട്ട അനാഥ ജീവിതം വായനക്കാാരെ അലട്ടുന്നുണ്ടെങ്കിലും സ്വാധീനിക്കുന്നത് സവര്‍ണജീവിതത്തിന്‍റെ സാംസ്ക്കാരിക സാമൂഹിക പരിസരങ്ങളാണ്‌. വെളിച്ചം ചരിഞ്ഞ് വീഴുന്ന കുത്തഴികളുള്ള മുറികളും ഭഗവതി കുടിയിരിക്കുന്ന മച്ചും, ഇരുട്ട് പരക്കുന്ന തെക്കിനിയും, വടക്കിനികളും, തട്ടിന്‍പുറവും വലിയ മുറ്റവും കളപ്പുരയും പത്തായവുള്ള നാലുകെട്ടിൽ ഒരു ജീവിതം ജീവിക്കാനുള്ള മോഹമാണ് എംടി യുടെ രചനാലോകം വായനക്കാരില്‍ അവശേഷിപ്പിക്കുന്നത്. കവുങ്ങും തെങ്ങും വാഴകളും വലിയ മരങ്ങളും കൊണ്ട് ഇരുട്ടു പരന്ന് കിടക്കുന്ന പറമ്പിലും, അന്തിത്തിരിവെക്കുന്ന സര്‍പ്പക്കാവിലും ,കല്ലു പടുത്ത കുളക്കടവിലും കയറഴിഞ്ഞ പശുവിനെപ്പോലെ വായനക്കാരുടെ മനസ്സ് പിടിവിട്ട് അലയുകയാണ്. അടിമുടി സവര്‍ണഭൂമിശാസ്ത്രപരിസങ്ങളിലും സാംസ്ക്കാരിക മൂല്യങ്ങളിലും മയങ്ങി കിടക്കുന്ന വായനക്കാരുടെ മനസ്സാണ് പിന്നെയും പിന്നെയും എംടിയെ വായിപ്പിക്കുന്ന ഉത്തജക ഘടകം. പാറുക്കുട്ടിയെ പടിയടച്ച് പിണ്ഡം വക്കുന്ന , അപ്പുണ്ണിയെ തല്ലിയോടിക്കുന്ന ,പരസ്പരം പകയും ശത്രുതയും വെറുപ്പും ഉല്പാദിപ്പിക്കുന്ന തറവാട്ടിലെ മനുഷ്യപ്പെരുമാറ്റത്തിന്‍റെ ലോകം വായനക്കാരന്‍ അറിയുന്നുണ്ടങ്കിലും ,അനുഭവിക്കുന്നത് നാലുകെട്ടിനെ ചൂഴ്ന്ന് നില്‍ക്കുന്ന ഇരുട്ടിന്‍റെ നിഗൂഢ സൗന്ദര്യവും പോയ്മറയുന്ന പ്രൗഢിയുമാണ്. അതുകൊണ്ട് എംടി അപ്പുണ്ണിയിലൂടെ എത്ര ആശിച്ചാലും ,നാലുകെട്ട് പൊളിക്കാന്‍ അല്ല പുതിയതൊന്നു പണിത് മച്ചില്‍ ഭഗവതിയെ പുന:പ്രതിഷ്ഠിക്കാനാണ് മലയാളി ശ്രമിച്ചത്. എംടി മലയാളിയാൽ ആവര്‍ത്തിച്ച് വായിക്കപ്പെടുന്നതിന്റെ രഹസ്യവും അതാണ്.

കവർ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like