കുറെ വര്‍ഷങ്ങള്‍ക്കു മുമ്പാണ്
കല്‍ക്കത്തയില്‍ നാലഞ്ച് നാള്‍ കറങ്ങി നടന്നിട്ട് ബേലൂര്‍ മഠത്തില്‍ നിന്ന് പുറത്തേക്കിറങ്ങുമ്പോള്‍ അവിചാരിതമായി വസുദേവ് ഓജയെ കണ്ടു.ഞങ്ങള്‍ ബോംബെയില്‍ ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്തവരാണ്.ഖോരഖ്പ്പൂരുകാരനായ ഓജ എന്നെക്കാള്‍ ഒത്തിരി മൂത്ത ആളാണ്.റിട്ടയര്‍ ചെയ്യാന്‍ ഭാഗ്യം ഉണ്ടായ ആളാണ്. എന്നെ കണ്ട സന്തോഷത്താലാണോ,അതോ ശ്രീരാമകൃഷ്ണ ദേവ ദര്‍ശനത്താലാണോ ഓജയുടെ കണ്ണുകള്‍ നനഞ്ഞു.ഞാനും ചെറുതായി കരയാന്‍ ഭാവിച്ചു.
രാധാ, നീയിവിടെ ? ഓജ വ്യാകുലപ്പെട്ടു.എന്നിട്ട് എന്നെയും വലിച്ചുകൊണ്ട് നദിക്കരയിലേക്ക് പോയി.ഗംഗ ഇവിടെ ഹുബ്ലിയായി ഒഴുകുകയാണ്.ശാന്തമായി ഒഴുകുന്ന നദിയെ പ്രണമിച്ചുകൊണ്ട് ഞങ്ങള്‍ കുശലങ്ങള്‍ പറഞ്ഞു.
ഓജ തീര്‍ഥാടനത്തിലാണ്.ഒറ്റയ്ക്ക്, ഭാര്യാദേവി സ്വര്‍ഗം പൂകി.ഇനി എത്ര നാള്‍ ഈ ജീവിതം? പുണ്യസ്ഥലങ്ങള്‍ കാണുക ഇനിയുള്ള കാലം
അദ്ദേഹം ഇപ്പോള്‍ വരുന്നത് കാശിയില്‍ നിന്നാണ്.തുടര്‍ന്ന് കാശിയിലെ നാല് ദിവസത്തെ ജീവിതത്തിന്‍റെ അഴകും സുഖവും പറഞ്ഞു പറഞ്ഞു ഓജ എന്‍റെയും അന്തരംഗത്തില്‍ കാശിയെ എടുത്തിരുത്തി.

ഞാന്‍ എന്‍റെ കല്‍ക്കത്ത ഇങ്ങനെ വര്‍ണ്ണിച്ചു. പെട്ടെന്നു തോന്നി വന്നതാണ്.ഹൌറയില്‍ ഒരു ചെറിയ ഹോട്ടലില്‍ താമസം.കിട്ടുന്ന സമയം കൊണ്ട് ചുറ്റിയടിച്ചു.ശ്രീരാമകൃഷ്ണ ദേവന്‍റെ കൊമാര്‍പുക്കൂറിലും ശാരദാദേവിയുടെ ജയരാം വാടിയിലും ഒക്കെപോയി കോസിപ്പൂര്‍ ശ്രീരാമകൃഷ്ണ ആശ്രമത്തിലും ദക്ഷിണേശ്വരിലും മൂന്നോ നാലോ തവണ പോയി.ഞാനും ഒറ്റക്കാണ് .
ഓജ ഇനി ഗൌഹാട്ടിയില്‍ കാമാഖ്യായിലേക്കാണ്.
ഞങ്ങള്‍ നെഞ്ചില്‍ മര്‍മ്മരങ്ങളുമായി പിരിയാന്‍ നില്‍ക്കുമ്പോള്‍ ഓജ എനിക്ക് സ്നേഹത്തോടെ പതിനൊന്നു രൂപ തന്നു. അതവരുടെ ഒരു ചടങ്ങാണെന്നു തോന്നുന്നു..
പിരിയുമ്പോഴും ഓജ കരഞ്ഞു. {അത് ഞങ്ങള്‍ തമ്മിലുള്ള അവസാന കൂടിക്കാഴ്ച്ച ആയിരുന്നു.}
ഞാന്‍ ബേലൂരില്‍ നിന്ന് ഹൌറയ്ക്ക് വരുമ്പോള്‍ വാരണാസിയായിരുന്നു മനസ്സ് നിറയെ.ഗംഗയുടെ ഓരങ്ങളില്‍ വരിവരിയായി കിടക്കുന്ന ഘാട്ടുകളുടെ മഹര്‍ഷിമുനകള്‍.
ശീതകാലമായതിനാല്‍, വിറപ്പിക്കുന്ന ബ്രാഹ്മ മുഹൂര്‍ത്തങ്ങളും ,വൈകി വരുന്ന സൂര്യന്‍റെ താപസ നിറവും ,എപ്പോഴും കാറ്റില്‍ ഒഴുകി വരുന്ന കാശിയുടെ മന്ത്രങ്ങളും അനുഭവിക്കാം.
ഹൌറ സ്റ്റേഷനില്‍ ബോംബെയ്ക്ക് ടിക്കറ്റ് എടുക്കാന്‍ നിന്ന ഞാന്‍ പെട്ടെന്ന് തീരുമാനം മാറ്റി വാരണാസിക്കാണ് ടിക്കറ്റ് കീറിച്ചത്.
ഒരു പതിമൂന്നു മണിക്കൂര്‍ യാത്ര കൊണ്ട് വാരണാസി എത്തും.
ബോംബെയ്ക്ക് മടങ്ങാന്‍ പോയ ഞാനിതാ വാരണാസിക്ക് പോകുന്നു.
അപ്പര്‍ ബര്‍ത്തില്‍കിടന്നു ഒന്നു നടു നിവര്‍ക്കുമ്പോള്‍ താഴെ ടി ടി യും ഒരു സുമുഖനും കൂടി സംസാരിച്ചു അയാളുടെ സീറ്റ് കാട്ടിക്കൊടുക്കുന്നു.
നോക്കുമ്പോള്‍ ബഹുരസം. ഗാബോ ആണ്. അതെ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് .
ഞാന്‍ പുള്ളിയെ നോക്കി പുഞ്ചിരിച്ചു. ഗാബോയും.
സാര്‍ അങ്ങയെ ഞാന്‍ അറിയും , ഞാന്‍ ഗാബോയോടായി പറഞ്ഞു.
അതെയോ ? ഗാബോ സന്തോഷവാനായി.
അങ്ങ് എവിടേയ്ക്കാണ് ?ഞാൻ ഗാബിയോട് ആരാഞ്ഞു.
ഞാന്‍ പാറ്റ്നക്കാണ്. ഇന്ത്യയിലെ പഴയകാല പത്രപ്രവര്‍ത്തകര്‍ പ്രവര്‍ത്തിച്ചിരുന്ന സേര്‍ച്ച് ലൈറ്റ് എന്ന പത്രം ഓഫീസിലേയ്ക്ക്. മാത്രവുമല്ല എനിക്ക് പലരും പറഞ്ഞു തന്ന ബീഹാര്‍ കാണണം. വൃത്തിയില്ലാത്ത സ്ഥലങ്ങള്‍ കാണുക എന്‍റെ ഒരു സ്വഭാവമാണ്. ഇന്ദിരാഗാന്ധിയുടെ സമയത്ത് ഫിദല്‍ കാസ്ട്രോയോടൊപ്പം ഞാനും വന്നിരുന്നു.ആരും അറിഞ്ഞില്ല ഇന്ദിരാ ഗാന്ധി അറിഞ്ഞിരുന്നു. ഞാന്‍ ഒളിച്ചു പോയത് ഡല്‍ഹിയിലെ ജി ബി റോഡിലും വൃത്തികെട്ട തെരുവുകളിലും ആയിരുന്നു.അതിലും വൃത്തികേടായിരിക്കാം ബീഹാര്‍.
“കഴിക്കുന്നത് വളരെ ശ്രദ്ധിക്കണം.ഒരു വിദേശിക്കു കഴിക്കാന്‍ പാകത്തില്‍ അവിടെ ഒന്നും കിട്ടാന്‍ പോണില്ല. പഴങ്ങള്‍ പോലും നല്ലപോലെ കഴുകി വേണം തിന്നാന്‍.കുടിവെള്ളത്തിലും ജാഗ്രത വേണം.”
ഞാന്‍ ഗാബോക്ക് ഒരു താക്കീതു കൊടുത്തു.
ഗാബോ കുലുങ്ങി ചിരിച്ചു.
നിങ്ങള്‍ എവിടെക്കാണ് ? ഗാബോ ചോദിച്ചു.
ഞാന്‍ വാരണാസിയിലേയ്ക്കാണ് . കാശി എന്നും ബനാറസ് എന്നും പറയും.
ഓ ഞാന്‍ കേട്ടിട്ടുണ്ട് ആ സ്ഥലത്തെപ്പറ്റി പാബ്ലോ ഒരിക്കല്‍ പറഞ്ഞിരുന്നു. ഗാബോ അറിയിച്ചു.
പിന്നെ ഗാബോ അധികം ഇടപെടാന്‍ വന്നില്ല.
സ്പാനിഷില്‍ ടൈപ്പ് ചെയ്ത ഒരു കെട്ടു പേപ്പര്‍ എടുത്തു വായിക്കാന്‍ തുടങ്ങി.ആ പേപ്പര്‍മുഖത്ത് ഇംഗ്ലീഷില്‍ ഇങ്ങനെ ടൈപ്പ് ചെയ്തിരിക്കുന്നു.
MEMORIES OF MY MELANCHOLY WHORES
ഗാബോ കയ്യെഴുത്ത് പ്രതി വായിക്കുകയും തനിയെ സംസാരിക്കയും ചെയ്യുന്നത് കാണാന്‍ നല്ല ചാരുത ഉണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് അദ്ദേഹം ടോയ്ലറ്റില്‍ പോയി. വരുമ്പോള്‍ സിഗരട്ട് മണവും കൊണ്ട് വന്നു.
ഫ്ലാസ്ക്കില്‍ കൊണ്ട് വന്ന കറുത്ത കോഫി ഒരു പേപ്പര്‍ ഗ്ലാസ്സില്‍ ഒഴിച്ച് കുടിച്ചു.അപ്പോഴും എനിക്ക് നേരെ നോക്കിയില്ല.പിശുക്കന്‍. നോക്കിയാല്‍ കോഫി ഓഫര്‍ ചെയ്യണമെങ്കിലോ എന്ന് കരുതി ആവാം.
ഏതു സ്റ്റേഷനില്‍ വണ്ടി നിര്‍ത്തുമ്പോഴും വായന നിര്‍ത്തി സാകൂതം നിരീക്ഷിക്കുന്നുണ്ടായിരുന്നു.കച്ചവടക്കാരെയും ഇറങ്ങുകയും കേറുകയും ചെയ്യുന്ന യാത്രക്കാരെയും.
ഭക്തിയാര്‍പൂര്‍ വണ്ടി എത്തുമ്പോഴേക്കും ഗാബോ പെട്ടിയെല്ലാം അടച്ചുപൂട്ടി പാറ്റ്നയില്‍ ഇറങ്ങാന്‍ തയ്യാറായി.
അധികം വൈകാതെ വണ്ടി പാറ്റ്ന ജങ്ങ്ഷനില്‍ വന്നു നിന്നു.
ഗാബോ എണീറ്റ് സീ യു പോലും പറയാതെ ഇറങ്ങിപ്പോയി.
അപ്പോഴും ഗാബോയുടെ മണം വണ്ടിക്കുള്ളില്‍ പറന്നു കളിക്കുന്നുണ്ടായിരുന്നു.
ഗാബോ പോയി കിട്ടിയപോള്‍ ഞാന്‍ പുറത്തേക്ക് നോക്കി.കടുകു പാടങ്ങളും ആമ്പല്‍ പാടങ്ങളും ഓടി മറയുകയാണ്.അരിഷ്ടിച്ചു വളര്‍ന്നു നില്‍ക്കുന്ന കുറ്റിക്കാടുകള്‍ സാരമില്ലാത്ത സങ്കടങ്ങള്‍ പോലെ മാറി മറിയുന്നു. സ്വസ്ഥതയില്ല ബീഹാറിലൂടെയുള്ള ട്രെയിന്‍ യാത്ര.ടിക്കറ്റ് എടുക്കാതെയും ആൾക്കാർ അവരവര്‍ക്കിഷ്ടമുള്ള ബോഗികളില്‍ കയറിക്കൂടും.തോന്നിയ സീറ്റില്‍ ബലമായി ഇരിക്കും.ആര്‍ക്കും ചോദ്യം ചെയ്യാനാവില്ല.
രഘുനാഥ്പ്പൂരില്‍ നിന്ന് ഒരു സംഘം കേറി.ഞാന്‍ അപ്പര്‍ ബര്‍ത്തില്‍ കിടപ്പായതുകൊണ്ട് രക്ഷ.കേറിയവരില്‍ ഭൂരിഭാഗവും പെണ്ണുങ്ങളാണ്.ചുഴലി പോലെ അതുങ്ങള്‍ ഓളമിട്ടു.കൊണ്ടിരുന്നു.രണ്ടു കരിനീലികളുടെ കണ്ണുകളില്‍ മാറി മാറി ഞാന്‍ കൊത്താന്‍ തുടങ്ങി.എനിക്കും വേണമല്ലോ ഒരു രസം.ഇതിനിടയില്‍ എന്‍റെ നെഞ്ചു പൊളിച്ചുകൊണ്ട് ഒരുത്തിയുടെ കണ്ണുകള്‍ ചോദിക്കുന്നു മോളില്‍ സ്ഥലമുണ്ടോ , കേറി വരട്ടെയെന്ന്.ഉടന്‍ ബുദ്ധിശാലിയായ എന്നിലെ യാത്രക്കാരന്‍ ഉറക്കം അഭിനയിച്ചു കിടന്നു കളഞ്ഞു.
ധുമ്രോനില്‍ അവര്‍ ഇറങ്ങും വരെ ഞാന്‍ തല പൊക്കിയില്ല.. ഇറങ്ങുമ്പോള്‍ ആ കരിനീലി എന്നെ ഒരു തട്ട് തട്ടി പ്രതിഷേധം അറിയിച്ചുകൊണ്ടാണ് പോയത്.
പിന്നെ ധില്‍ധാര്‍നഗറില്‍ നിന്ന് തീട്ടത്തിന്‍റെ പച്ച മണവുമായി കുറെ ഉണങ്ങിയ സന്യാസിമാരുടെ കൂട്ടമാണ് കയറിയത്.ആ മണം കാശി എത്തുംവരെ സഹിച്ചേ പറ്റൂ.ഞാന്‍ ബാഗ് തുറന്നു ആഫ്റ്റര്‍ ഷേവ് ലോഷന്‍ എടുത്തു മൂക്കിന്‍റെ ദ്വാരങ്ങളില്‍ തേച്ചു കൊണ്ട് അനങ്ങാതെ കിടന്നു.
കിടന്നതും മയക്കം വന്നു പിടികൂടി.
വാരണാസിയില്‍ വണ്ടി വന്നു നിന്ന യാത്രക്കാരുടെ തിടുക്കങ്ങളാണ് എന്നെ ശടപടേന്നു എണീപ്പിച്ചത്.
പുറത്തിറങ്ങുമ്പോഴേയ്ക്കും ഒരു വലിയ സഭ വന്നു കുന്നുകൂടി വളഞ്ഞു.റിക്ഷാവാലകളാണ്..ഞാനൊരു സൈക്കിള്‍ റിക്ഷാ പിടിച്ചു ലക്സായ്ക്ക് പോയി.

പിറ്റേന്ന് പ്രഭാതം കാറ്റും തണുപ്പും നിറഞ്ഞതായിരുന്നു.ലക്സായിലെ രാമകൃഷ്ണമിഷനിലെ ഒരു സ്വാമിജിയും ഉണ്ടായിരുന്നു എന്നോടൊപ്പം ദശാശ്വമേധ ഘാട്ടിലേക്ക്.മിഷന്‍റെ എതിര്‍വശത്താണ് ഞാന്‍ മുറിയെടുത്തിരുന്നത്.അതുകൊണ്ട് വെളുപ്പിലെയുള്ള ശ്രീരാമകൃഷ്ണ പൂജ തൊഴാന്‍ പോയി . അതും കഴിഞ്ഞു ഇറങ്ങിയപ്പോഴാണ് സ്വാമിജിയെ കണ്ടത്.ഹരിദ്വാര്‍ രാമകൃഷ്ണ മിഷനില്‍ വച്ച് പലപ്പോഴും കണ്ട പരിചയം ഉണ്ട്.
ഞങ്ങള്‍ തല വഴിയെ ഷാളും മൂടി തണുപ്പിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചുകൊണ്ട് ദശാശ്വമേധിലേക്ക് നടന്നു.
വിശ്വനാഥ ക്ഷേത്രത്തിനടുത്തെത്തിയ പ്പോള്‍ , ശരി പിന്നെ കാണാം ഞാന്‍ മണികര്‍ണികയിലേക്ക് പോവുന്നു എന്ന് പറഞ്ഞു സ്വാമിജി, നദിയുടെ ഇടതു വഴിയിലേക്ക് നടന്നു പോയി.
ഞാൻ, ദശാശ്വമേധില്‍, ഗംഗയിലേയ്ക്കുള്ള പടവുകളില്‍ നിന്നു.

കിഴക്ക് പ്രാണന്‍ പിടയുന്നു സൂര്യന്‍.. അതിന്‍റെ വേദനയായി ചാരവും നീലയും മഞ്ഞയും പൊട്ടി ഒഴുകാന്‍ തുടങ്ങുന്നു ആകാശത്തില്‍..നദി എന്തോ കാത്തു കിടക്കും പോലെ .നദിയുടെ ഓളപ്പാളികളില്‍ പൊന്തി കിടക്കുന്ന സൈബീരിയയില്‍ നിന്നു വന്ന പക്ഷികള്‍ ചിറകടിച്ചുയരുമ്പോള്‍ നദി കോരിത്തരിക്കുന്നു.അതോടൊപ്പം കുണുങ്ങി കുണുങ്ങി കിടക്കുന്ന വള്ളങ്ങള്‍.
ഈ മഞ്ഞിന്റെ തണുപ്പിലും ഫയല്‍വാന്മാര്‍ നദിക്കരയിലെ വീതിയുള്ള സിമന്റിട്ട നിലത്ത് കസര്‍ത്ത് തുടങ്ങിയിരിക്കുന്നു..ചുളുചുളാ കുത്തുന്ന തണുപ്പിന്‍റെ സൂചികള്‍ കാറ്റില്‍ പറന്നു വരുന്നു.
സൂര്യന്‍ പ്രകാശിക്കാന്‍ തുടങ്ങുമ്പോഴേയ്ക്കും നദിപ്പരപ്പില്‍ ഇറ്റു വീഴുന്ന സ്വര്‍ണ്ണ വെളിച്ചം, അതില്‍ പൊന്തി കിടക്കുന്ന സൈബീരിയന്‍ പക്ഷികളേയും ബാധിക്കുന്നതും നോക്കി നില്‍ക്കാന്‍ രസം തോന്നി.
ഹരിച്ചന്ദ്ര ഘാട്ടില്‍ പട്ടടകളില്‍ അഗ്നി ഉയരുകയായി. അതെ എല്ലാ ഘാട്ടുകളും സജീവമാവുകയാണ്.ബലിയിടീക്കാനുള്ള പുരോഹിതന്മാരുടെ കുടകള്‍ക്കു താഴെ മന്ത്രങ്ങളും മണിയൊച്ചകളും. അസ്ഥി വിസര്‍ജനത്തിനു വന്നവരേയും കാത്ത് പുരോഹിതന്മാര്‍ കണിശതയോടെ നോക്കി ഇരിക്കുന്നു.
ധ്യാനനിരതരായ സന്യാസികള്‍ക്ക് മേലെ ഇതാ സൂര്യന്‍ അനുഗ്രഹങ്ങള്‍ വര്‍ഷിക്കുന്നു.എത്ര പെട്ടെന്നാണ് ഘാട്ടുകളൊക്കെയും ഉണരുന്നത്…
നദിക്കര വിട്ട് മേലെ റോഡില്‍ കയറി ഗഹനമായ ഗലികളിലൂടെ കേദാര ഘാട്ടിലേക്ക് നടക്കുകയായി.ലോകത്ത് ഇത്രയും ഇടുങ്ങിയ ഗലികള്‍ അഥവാ വഴികള്‍ വേറെ കാണുമോ എന്ന് സംശയം തോന്നും.പശുക്കള്‍ അനാഥമായി അലഞ്ഞു നടക്കുന്ന ഗലികളില്‍ കൂടി കഷ്ടിച്ചു സൈക്കിള്‍ റിക്ഷാകളും പോവുന്നുണ്ട്.ഭാരമേറിയ പാല്‍പ്പാത്രവും പേറി ഭയ്യാമാര്‍ വേപ്പുമരകമ്പ് കൊണ്ട് പല്ലും തേയ്ച്ചാണ് നടത്തം.
ഗലികളിലെ ചില വീടുകളില്‍ നിന്ന് സംഗീതം കേള്‍ക്കാം. തബലയും സിത്താറും ഹിന്ദുസ്ഥാനി വായ്പ്പാട്ടുകളും. അലൌകിക നാദധാരകള്‍.
ഒപ്പം സംസ്കൃത മന്ത്രങ്ങളും.

ബംഗാളി തോലയില്‍ എത്തിയപ്പോഴേക്കും വീട് വീടാന്തരം സംഗീതം മൂർച്ഛിക്കാന്‍ തുടങ്ങി.ബംഗാളി വീടുകളാവാം അവിടെ നിറയെ.
പണ്ട് ബംഗാളില്‍ നിന്ന് വിധവകളെ കൊണ്ട് പാര്‍പ്പിക്കുന്ന സ്ഥലമാണ് ഇപ്പോള്‍ ബംഗാളി തോലയായി അറിയപ്പെടുന്നത്.
ഒരിക്കല്‍ വിധവകള്‍ പാര്‍ക്കുന്നിടം കാണാന്‍ പോയി.
വെളുത്ത വസ്ത്രങ്ങള്‍ ധരിച്ച മൊട്ടച്ചികള്‍. പുഷ്ട്ടിയുള്ള ശരീരiങ്ങളും വിടര്‍ന്ന കണ്ണുകളുമുള്ള കുറെ ചെറുപ്പക്കാരികളെ കണ്ടു.മനസ്സിലൊക്കെയും കാമം ചുര മാന്തി നില്‍ക്കും പോലെ.കീറി മുറിക്കും പോലെയുള്ള നോട്ടങ്ങളില്‍ അശരണതയും കുടിയിരുപ്പുണ്ട്.
വൃദ്ധരായ വിധവകള്‍ കാവി തുണി ചുറ്റിയ ഒരു മീറ്ററോളം നീളത്തിലുള്ള വടികളുമായി എവിടെക്കോ പുറപ്പെടുന്നു.ഗൊധോളിയ തെരുവിലേയ്ക്കാണന്നറിഞ്ഞു.
ഒരു ചായ കുടിക്കാന്‍ ധൃതിയായി.ഈറന്‍ കാറ്റ് ഗലിയിലൂടെ പാഞ്ഞു പോവുന്നുണ്ട്.
കേദാര ഘാട്ടില്‍ തമിഴരുടെ ചായക്കടകളുണ്ട്.കണ്ണന്‍ ദേവന്‍ തേയിലയിട്ട ചായ കിട്ടും.വൃത്തിയില്ലാത്ത പാത്രത്തില്‍ ഇഡ്ഡലിയും സാമ്പാറും കിട്ടും.കേദാരനാഥന്‍റെ ക്ഷേത്രത്തില്‍ തൊഴുതിട്ടു വേഗം ദശാശ്വമേധില്‍ മടങ്ങി എത്തണം.സൈബീരിയയില്‍ നിന്ന് ഇത്രയും ദൂരം പറന്നു വന്ന പക്ഷികളെ നോക്കി ഇരിക്കണം..

എന്നെ ആദ്യം ബനാറസ്സിലേയ്ക്ക് പറഞ്ഞയച്ചത് എം പി നാരായണപിള്ള എന്ന നാണപ്പേട്ടനായിരുന്നു.
ആ കഥകൾ അടുത്തതിൽ
കവർ : വിത്സൺ ശാരദാ ആനന്ദ്